Wednesday, December 23, 2020

സൂപ്പി

അങ്ങനെ ഒരു വേനലവധി കഴിഞ്ഞ് പതിവ് പോലെ ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറന്നു. പുത്തൻ ബാഗും കുടയും യൂണിഫോമും ഷൂസുമൊക്കെയായി ഞങ്ങൾ ആവേശത്തോടെ വീണ്ടും ആ സ്കൂൾ ഗ്രൗണ്ടിൽ കാലുകുത്തി. അച്ഛൻ ഗൾഫിൽ നിന്നും പീപ്പിയുള്ള കുട കൊടുത്തയച്ചതിനാൽ വിപിൻ വേണു കുറച്ച് എക്സ്ട്രാ ആവേശം കയ്യിൽ കരുതിയിരുന്നു, ഹവ്വെവർ അതിനേക്കാൾ ആവേശഭരിതനായിട്ടായിരുന്നു ജിജേഷ് പി പി വന്നെത്തിയത്. കാരണം വേനലവധി പുള്ളി ചിലവഴിച്ചത് സ്വന്തം ബ്രദേഴ്സിനൊപ്പം അങ്ങ് ദുഫായിലായിരുന്നു. ബട്ട് ദുഫായ് കഥകൾ ഖാണ്ഡം ഖാണ്ഡമായി ചുരുളഴിക്കാൻ മുട്ടിനിന്നിരുന്ന ജിജേഷിന് ഒരവസരത്തിനായി ലഞ്ചവർ വരെ കാത്തുനിൽക്കേണ്ടിവരികയും ആ യജ്ഞത്തിൽ അവൻ്റെ മുന്നിൽ വളരെ യാദൃശ്ചികമായി പെട്ടുപോയ ഇരകളാവുകയുമായിരുന്നു ആന്ന് വിപിൻ വേണുവും ഞാനും.

പുതിയ ചട്ടമ്പികളെ പരിചയപ്പെടലും പഴയ ചട്ടമ്പികളോടൊപ്പം പരിചയം പുതുക്കലുമായി കേശവൻ വളരെ ബിസിയായിരുന്നു.  കമറുദ്ദീനും ദീപുവും അഭിജിത്തും അനസും സംതിങ് ഗൂഡാലോചനയിൽ മുഴുകിയിരിക്കുകയായിരുന്നു. ഇങ്ങൊരു മൂലയിൽ ഒന്നനങ്ങാൻ പോലും പറ്റാതെ ജോൺ ഹോനായിയുടെ പിടിയിലകപ്പെട്ട മഹാദേവനേയും അപ്പുക്കുട്ടനേയും പോലെ വിപിനും ഞാനും ജിജേഷിന്റെ കഥകളാൽ ബന്ധനസ്ഥനായിരിക്കേണ്ടി വന്നു എന്നതാണ് പരമമായ സത്യം..

കഥകൾ പലത് കഴിഞ്ഞു. ബെല്ലടിച്ചു. സുധർമ്മട്ടീച്ചർ വന്നു, ഹിന്ദി ക്ലാസ് കഴിഞ്ഞു. വീണ്ടും ബെല്ലടിച്ചു. ബോസ് സാറ്  വന്നു, മോറൽ സയൻസ് ക്‌ളാസ് കഴിഞ്ഞു. വീണ്ടും ബെല്ലടിച്ചു. അതിനിടയിൽ ജിജുവിന്റെ ഒരു മൂന്നാല് ഗൾഫ് കഥകളും കൂടി കഴിഞ്ഞു. വിനോദ് സാറ് വന്നു, കണക്ക് ക്‌ളാസ് നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ഗ്യാപ്പ് കിട്ടിയപ്പോ ജിജു വിപിനിനോട് 

"എടാ വിപിനേ, ഇഞ്ഞി എപ്പെങ്കിലും സൂപ്പി കഴിച്ചിക്കോ?"

"സൂപ്പിയോ? അതെന്ത്ന്നാ സാധനം?"

"എടാ, അതൊരു കുടിക്കുന്ന സാധനാ. രസം പോലത്തെ ഒരു സാധനാ. പക്ഷേ ഗ്ലാസിൽ കുടിക്കാൻ പറ്റൂല. സ്പൂണോണ്ട് കോരി കുടിക്കണം. ഭയങ്കര ടേസ്റ്റാ. ഗൾഫില് ഈ ചൈനീസ് ഹോട്ടലിലൊക്കെ കിട്ടും. മ്മള് വെയ്റ്ററോട് സൂപ്പി വേണംന്ന് പറഞ്ഞാ ഓര് ചോയിക്കും ചിക്കൻ വേണോ, മട്ടൻ വേണോ, വെജ്ജ് വേണോന്ന്. ഞാൻ ചിക്കാനാ പറഞ്ഞെ. അപ്പൊ മ്മക്ക് ഓരൊരു പിഞ്ഞാണത്തില് സൂപ്പി കൊണ്ടോന്നു തരും. അത് സ്പൂണോണ്ട് കോരി കുടിച്ച് കയ്യുംബ്ലേക്കും വയറ് നെറയും. സൂപ്പിയിണ്ടെ പിന്നെ പൊറോട്ടയും ചിക്കനോന്നും വേണ്ട മോനേ."

പിന്നങ്ങോട്ട് സൂപ്പിയുടെ ടേസ്‌റ്റും ഗുണഗണങ്ങളും കഥകളുമൊക്കെയായിരുന്നു. മൊത്തം ഒരു സൂപ്പിമയം. ജിജുവിന്റെ ബിൽഡപ്പിൽ സൂപ്പിയോട് ആകൃഷ്ടനായ വിപിൻ ഇത് നമ്മുടെ വടകരയിൽ എവിടെ കിട്ടുമെന്നായി.

"ഞാൻ സൂപ്പി കഴിച്ച സ്ഥലം ഒരു ചെറിയ ഹോട്ടലാ. ആടെ ഐസ്ക്രീമൊക്കെ കിട്ടും. ചിലപ്പോ ഐസ്ക്രീം പാർലറിലുണ്ടാവും. വല്ല്യ ഹോട്ടലിലൊക്കെ കിട്ടാൻ സാധ്യത കൊറവാ. ബ്ലൂ ഡയമണ്ടിലൊന്നും കിട്ടുംന്ന് തോന്നുന്നില്ല."

പക്ഷേ നിങ്ങളാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. വിപിനിൻറെ സൈഡിൽ ഇക്കഥകളൊക്കെ കേട്ട് സൂപ്പിയോട് ആരാധന മൂത്ത് വായിൽ ഒരു കപ്പലോടിക്കാനുള്ള വെള്ളവുമായി എങ്ങനെയെങ്കിലും സൂപ്പിയൊന്നു ട്രൈ ചെയ്യണം എന്ന് ശപഥം ചെയ്ത് ഒരു വികാരജീവിയിരിക്കുന്നുണ്ടായിരുന്നു. അത് മറ്റാരുമല്ല സൂർത്തുക്കളെ ഈ പാവം ഞ്യാനായിരുന്നു … ഞ്യാൻ. 

ആൻഡ് ദാറ്റ് ഈസ് ഹൌ ഇറ്റ് സ്റ്റാർട്ടഡ്  - ഓപ്പറേഷൻ സൂപ്പി 

ഓപ്പറേഷൻ സൂപ്പിയെന്ന എൻ്റെ ആ യജ്‌ഞം പൂവണിയാൻ പല ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. പക്ഷേ റൈറ്റ് തിങ്ങ്സ് ഹാപ്പൻ ഓൺ ദി റൈറ്റ് ഡേ അറ്റ് ദി റൈറ്റ് ടൈം എന്നാണല്ലോ ഭഗവാൻ കൃഷ്ണൻ പണ്ട് അർജ്ജുനനോട് ഗീതോപദേശത്തോലോ സാരോപദേശത്തിലോ മറ്റോ…. ങ്ഹാ വാട്ടെവർ, ഏതോരുപദേശത്തിൽ പറഞ്ഞത്. ഒരത്യാവിശ്യ ഘട്ടത്തിൽ എനിക്ക് എന്റെ ഇളയമ്മയോടൊപ്പം വടകര ടൗൺ വരെ പോകേണ്ടി വന്നു. ഐസ്ക്രീം എന്ന എൻ്റെ ആവശ്യം എളേമ്മയ്ക്ക് ഒരാനാവിശ്യമായി തോന്നാത്തത് കൊണ്ട്  ഓപ്പറേഷൻ സൂപ്പി  അന്ന്  പ്രാവർത്തികമാക്കാൻ ഞാൻ തീരുമാനിച്ചു.

ടൗണിൽ നിന്നും തിരിക്കുന്നതിന് മുന്നോടിയായി ഞങ്ങൾ വടകര നാഷണൽ ഹോട്ടലിന് പുറകുവശത്ത് അന്ന് സ്ഥിതി ചെയ്തിരുന്ന എയ്ഞ്ചൽ അക്വേറിയം ആൻഡ്  ഐസ്ക്രീം പാർലറിൽ കയറി. പക്ഷേ സൂപ്പി ഓഡർ ചെയ്യാൻ എനിക്കൊരു മടി, ഒരു ചെറിയ ഭയം, ഐ മീൻ ഈ സഭാ കമ്പം പോലൊരു സാധനം എന്നെ അതിൽ നിന്നും വീണ്ടും വീണ്ടും  പിന്തിരിപ്പിച്ചുകൊണ്ടേയിരുന്നു. 

ഹവ്വെവർ ബില്ല് കൊടുക്കാൻ നേരം ഞാൻ സകല ധൈര്യവും സംഭരിച്ച് കാഷിലിരുന്ന സുമുഖനായ ചേട്ടനോട് ചോദിച്ചു

"സൂപ്പിയുണ്ടോ ചേട്ടാ"

ഒരു ചെറു പുഞ്ചിരിയും ആശ്ചര്യവും മുഖത്ത് ഫിറ്റ്  ചെയ്ത്  പുള്ളി എന്നോട് "ഉണ്ടല്ലോ… "  എന്നിട്ട് അകത്തേക്ക് നോക്കി "സൂപ്പീ, എടാ സൂപ്പീ …." ഒരു രണ്ട് സെക്കൻഡ് കഴിഞ്ഞ് വീണ്ടും എന്നെ നോക്കിയിട്ട് "ഇപ്പൊ ഇവിടെ ഇണ്ടായിരുന്നു. സിഗരറ്റ് വലിക്കാൻ പുറത്ത് പോയതായിരിക്കും. സൂപ്പിയെ അറിയ്യോ?"

വീണ്ടും സകലതും ചോർന്ന് പോയ ഞാൻ "അതല്ല ചേട്ടാ, ഈ കുടിക്കുന്ന സൂപ്പി കിട്ട്വോ ഇവിടെ?"

"സൂപ്പാണോ ഉദ്ദേശിച്ചത്? അതിവിടെയില്ല. ചിലപ്പോ ബ്ലൂ ഡയമണ്ടിൽ കിട്ടുമായിരിക്കും" 

അങ്ങനെ ജീവിതത്തിലാദ്യമായി പരിചയമില്ലാത്ത ഒരാളുടെ മുന്നിൽ നാണംകെട്ടു. പരിചയമുള്ളവരുടെ മുൻപിൽ പലതവണ നാണംകെട്ടിട്ടുണ്ടെങ്കിലും ഇതൊരു വല്ലാത്ത വൃത്തികെട്ട ഫീലിങ്ങായിപ്പോയി. ബൈ ദ ബൈ അധികം നാണം കെടാൻ എന്നെ വിട്ടുനൽകാതെ എളേമ്മ എന്നെ ലോകനാർക്കാവിലേക്ക് വലിച്ചിഴച്ച് കൊണ്ടോയി.

മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം തിരക്കേറിയ ജീവിതത്തിനിടയിൽ സൂപ്പ് കുടിക്കാൻ അവസരം കിട്ടുമ്പോഴൊക്കെ മനസ്സിലേക്കോടിയെത്തുന്ന നൊസ്റ്റാൾജിക്ക് എലെമെന്റ്സാണ് ജിജേഷും വിപിനും നാലാം ക്‌ളാസും ഓപ്പറേഷൻ സൂപ്പിയും. പലകുറി പല സുഹൃത്തുക്കളോട് ഈക്കഥ ഓൾറെഡി പറഞ്ഞു കഴിഞ്ഞിരിക്കുന്നു. എനിവേയ്സ്, ഓപ്പറേഷൻ സൂപ്പിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ സന്ദർഭത്തിൽ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു.          

 

Friday, July 24, 2020

മലവേടൻ

"എന്നും നന്മകൾ" എന്ന സത്യൻ അന്തിക്കാട് സിനിമയിലെ ഇന്നസെന്റ് അവതരിപ്പിച്ച തോറ്റ എംഎൽഎ എന്ന കഥാപാത്രത്തെപ്പോലെ ഒരു തോറ്റ പഞ്ചായത്ത് മെമ്പറായിരുന്നു എന്റെ അമ്മ, അതും വെറും നാല് വോട്ടിന് തോറ്റ പഞ്ചായത്ത് മെമ്പർ.

ബാലറ്റെണ്ണിയന്ന്  വൈകുന്നേരം തന്നെ വടകരയുടെ വലതുപക്ഷ വീരനായകൻ ചിങ്ങാറമ്പത്ത് രാധാകൃഷ്ണേട്ടനും ബോയ്സും സംഘടിപ്പിച്ച ജാഥ വിത്ത് കിട്ടിയ വോട്ടിന് സിന്ദാബാദ് വിളി ഒരു വൻ വിജയമാക്കാൻ തോറ്റ ഗ്രാമ  പഞ്ചായത്ത് മെമ്പറിന്റെ മകനായ ഞാനും തോറ്റ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പൊന്നറത്ത് ബാലകൃഷ്ണൻ മാഷിന്റെ മകനായ ലാലുവും മനസ്സില്ലാമനസ്സോടെ  അതിൻ്റെ ഭാഗമാകാമെന്നേറ്റു. തോറ്റ പഞ്ചായത്ത് മെമ്പറിന്റെ മകൻ എന്ന നിലയ്ക്ക്  അത്രയെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ മോശമല്ലേ?

മേമുണ്ട പ്രദേശത്തെ സകലലോക വലതുപക്ഷ അനുഭാവികളേയും മജീഷ്  ഞൊടിയിടകൊണ്ട് സംഘടിപ്പിക്കാമെന്നേറ്റു. എല്ലാവരും വൈകിട്ടൊരു ആറുമണിക്ക് മേമുണ്ട മഠം ക്ഷേത്രത്തിനു മുന്നിൽ ഒത്തുകൂടാമെന്നും അവിടുന്ന് ജാഥയായി മേമുണ്ട പള്ളിവരേയും പിന്നവിടുന്ന് വലത്തോട്ട് തിരിഞ്ഞ് കോഴിപ്പീടികയ്‌ക്ക്‌ മുന്നിലൂടെ മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളുവരേയും അവിടുന്ന് എബവ്‌ ടേൺ ചെയ്ത്  വന്ന അതേവഴി തിരിച്ച്  നടന്ന് മേമുണ്ട മഠം ക്ഷേത്രത്തിലെത്തി പിരിയാം എന്ന രാധാകൃഷ്ണേട്ടന്റെ മാസ്റ്റർ പ്ലാൻ പ്രകാരം ഞങ്ങൾ ആവേശഭരിതരായി മുന്നോട്ട് നീങ്ങി.

ഒടുക്കം ഞങ്ങളൊരു പതിനഞ്ചും മൂന്നും പതിനേഴു പേരും കൂടി മേൽപ്പറഞ്ഞ പ്ലാൻ പ്രകാരം മേമുണ്ട മഠം ക്ഷേത്രത്തിനു മുന്നിൽ കൃത്യം ആറ് മണിക്ക് ഒത്തുകൂടുകയും കൂടുതൽ പേർക്ക് വേണ്ടി ഒരരമണിക്കൂറുകൂടി കാത്തുനിൽക്കാമായിരുന്നെങ്കിലും ആരും വരില്ലെന്ന് നല്ല ഉറപ്പുള്ളതുകൊണ്ട് ഞങ്ങൾ ജാഥ ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ ഏതൊരു ജാഥ പോലെയും വളരെ സമാധാനപരമായിട്ടായിരുന്നു ഞങ്ങളുടെ ജാഥയുടേയും തുടക്കം. രാധാകൃഷ്ണേട്ടൻ പ്ലാൻ ചെയ്ത പോലെ ഞങ്ങൾ "ഇങ്ങനെയൊക്കെ ചെയ്യാമോ?" "നമ്മള് നാളേം കാണണ്ടേ?" "കിട്ടിയവോട്ടിന് സിന്ദാബാദ്" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ  ഒന്നിന് പുറകേ ഒന്നായി വിളിച്ചുകൊണ്ട് മേമുണ്ട പള്ളിവരേയും പിന്നവിടുന്ന് വലത്തോട്ട് തിരിഞ്ഞ് കോഴിപ്പീടികയ്‌ക്ക്‌ മുന്നിലൂടെ മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളുവരേയും ചെന്നെത്തി. 

സ്കൂളിന്റവിടന്ന് എബവ്‌ ടേൺ ചെയ്ത് തിരിച്ചുവരുന്ന വഴി കവലയിലെ ചായപ്പീടികയിൽ ചില തഴക്കം ചെന്ന കമ്മ്യുണിസ്റ്റുകാരേയും വളർന്നു വരുന്ന ചില ചീള് സഘാക്കളേയും കണ്ടപ്പോ ആരോഗ്യധ്യഢവാൻമാരായ പതിനാറുപേർ കൂടെയുണ്ടെന്ന ഓവർകോൺഫിഡൻസിൽ രാധാകൃഷ്ണേട്ടൻ ആവേശം കൊള്ളുകയും മുദ്രാവാക്യം ഒന്ന് മാറ്റിപ്പിടിച്ച് പുട്ടിന്  തേങ്ങാപ്പീരയെന്ന പോലെ  "ഞെട്ടിപ്പോയ് ഞെട്ടിപ്പോയ്…. ജോക്കറുമുഖ്യൻ  ഞെട്ടിപ്പോയ്" എന്നും കൂടെ കൂട്ടി വിളിച്ചു. സഖാവ് നായനാർ മുഖ്യമന്ത്രിയായിരിക്കുന്ന കാലമായിരുന്നത്. ഓരോ വിളി കഴിയുമ്പോഴും രാധാകൃഷ്ണേട്ടന്റേയും മറ്റ് പതിനഞ്ച് പേരുടേയും പിച്ച് കൂടുന്നതിനനുസരിച്ച് ജാഥ കഴിഞ്ഞ് കിട്ടുന്ന പഴംപൊരിയുടെ എണ്ണം കുറഞ്ഞുപോകേണ്ടെന്ന് കരുതി ഞാനും എന്റെ പിച്ച് കൂട്ടിക്കൊണ്ടേയിരുന്നു.

ഏകദേശം കോഴിപ്പീടിക കഴിഞ്ഞപ്പോഴേക്കും ഒരു മഴയുടെ ഇരമ്പൽ കേൾക്കുകയും, എന്താ ഇപ്പൊ ഇങ്ങനൊരു മഴ എന്ന് ചിന്തിച്ച് പുറകോട്ടു നോക്കിയ മജീഷ് "അയ്യോ ഓടിക്കോ" എന്നും പറഞ്ഞ് സിനിമേലെടുത്ത എൽദോനെപ്പോലെ ഓടുന്നത് കണ്ടിട്ട് ഞാനും ഒന്ന് തിരിഞ്ഞ് നോക്കിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം എനിക്കും പിടികിട്ടിയത്. കേട്ടത് മഴയുടെ ഇരമ്പലല്ല; മറിച്ച് ഇന്ദുചൂഡനെ സപ്പോർട്ട് ചെയ്യാനെത്തിയ നാട്ടുകാരെപ്പോലെ "അടിച്ച്കൊല്ലെടാ ആ ചെറ്റകളേ" എന്നുംപറഞ്ഞ് ഇരമ്പിക്കൊണ്ട് ഓടിയടുക്കുന്ന ഏകദേശം നൂറ്റമ്പതോളം വരുന്ന ഇടതുപക്ഷ അനുഭാവികളായിരുന്നു.

ജെറാർഡ് ബട്ലർ നായകനായ 300 എന്ന സിനിമയിറങ്ങുന്നതിന് മുൻപായിരുന്നു ഈ സംഭവം അരങ്ങേറിയത്. അല്ലെങ്കിൽ കാണാമായിരുന്നു രാധാകൃഷ്ണേട്ടൻ ആൻഡ്  ബോയ്സിന്റെ യുദ്ധമുറകൾ. ഹൗവ്വെവർ ആ സത്യം എനിക്കറിയാമായിരുന്നത് കൊണ്ട് മെജീഷ്യന്റെ പുറകേ.. സോറി മജീഷിന്റെ പുറകെ ഞാനും ഓടി. ഒരു നാനൂറ് മീറ്റർ ഓടിക്കഴിഞ്ഞു ഒന്ന് ശ്വാസമെടുക്കാനായി ഞങ്ങൾ ഒരു ഇടവഴിയിലേക്ക് തിരിഞ്ഞതും അത്രയും നേരം ഞങ്ങളോടൊപ്പം നിന്ന് തൊണ്ടകീറി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന രാധാകൃഷ്ണേട്ടൻ ഓപ്പോസിറ്റ് സൈഡിൽ നിന്നും തിരിച്ച് ഇങ്ങോട്ട് ഓടി വരുന്നു. ഹൌ, വെൻ, വാട്ട് , വേർ, ഞങ്ങളെക്കാൾ മുൻപ് ഇയാളെങ്ങനെ, എന്നാലും ഇതെപ്പോ എന്നൊക്കെ ചിന്തിക്കുന്നതിന് സമയം തരാതെ നന്ദനത്തിലെ കുമ്പിടിയെ പോലെ ഒരു ചിരി മുഖത്ത് ഫിറ്റ് ചെയ്ത് രാധാകൃഷ്ണേട്ടൻ നോളൻ സിനിമ കണ്ട് കിളിപോയപോലെ നിൽക്കുന്ന ഞങ്ങളോട് ഇങ്ങോട്ടൊരു ചോദ്യം "എല്ലാം കഴിഞ്ഞോ മക്കളേ?"  

ഇത്രയും നൈസായി മുങ്ങിയ മറ്റൊരാളെ ഞങ്ങൾ ജീവിതത്തിലിന്നുവരെ കണ്ടുകാണില്ലെന്ന് ചിന്തിച്ചുകൊണ്ട് ഞങ്ങൾ പതിയെ സംഭവസ്ഥലത്തേക്ക് നീങ്ങി. ആംബുലൻസ് വിളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനു മുൻപ് കണക്കെടുപ്പ് നടത്തണം എന്നതായിരുന്നു പ്രധാന ലക്‌ഷ്യം. അപ്പോഴേക്കും അടിക്കാൻ വന്നവർ കൈയ്യിൽ കിട്ടിയവന്മാരെയൊക്കെ തല്ലി റോഡിന് സൈഡിലൂടൊഴുകുന്ന തോട്ടിൽ തള്ളിയിട്ടിട്ട് വീണ്ടും കട്ടൻ ചായയും പരിപ്പുവടയും കഴിക്കാൻ പോയിക്കഴിഞ്ഞിരുന്നു . ഞങ്ങൾ എത്തിയ ഉടനെ കണക്കെടുപ്പും തുടങ്ങി. ആർക്കും സാരമായ പരിക്കുകൾ ഒന്നും ഇല്ലെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ്  ഞെട്ടിക്കുന്ന ആ സത്യം ഞങ്ങൾ മനസ്സിലാക്കുന്നത് - ലാലുവിനെ കാണാനില്ല.  

രാധാകൃഷ്ണേട്ടന്റെ ഉച്ചത്തിലുള്ള "ലാലൂ..."എന്ന വിളി കേൾക്കേണ്ട താമസം നരസിംഹത്തിൽ ലാലേട്ടൻ വെള്ളത്തിൽ നിന്നും പൊങ്ങി വരുന്ന പോലെ  കോഴിപ്പീടികയുടെ പിറകിലൂടൊഴുകുന്ന തോട്ടിൽനിന്നും അടികൊണ്ട് ചെരിഞ്ഞ തോളുമായി ലാലു വെള്ളത്തിൽ നിന്നും ചാടിയെഴുന്നേറ്റു. ഫോർ ദി സേക്ക് ഓഫ് ഐറണി, തലയിൽ മുഴുവൻ പറ്റിപ്പിടിച്ച കോഴിത്തൂവലുകളും കഴുത്തിന് ചുറ്റും ഉടയാഭരണമെന്ന പോലെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന രണ്ട് മൂന്ന് കോഴികുടലുകളുമായി ലാലു കുറ്റിചെടികളിൽ മുറുകെപ്പിടിച്ച് തോട്ടിൽ നിന്നും റോഡിലേക്ക് മെല്ലെ വലിഞ്ഞുകയറി.  

ഈ സംഭവത്തിന് ശേഷമാണത്രെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ലാലു "മലവേടൻ" എന്നപേരിൽ അറിയപ്പെട്ട് തുടങ്ങിയത്. 

Thursday, January 22, 2015

കുശവൻ

വടകരയിൽ നിന്നും ഒരു പത്തുപതിനഞ്ച് കിലോമീറ്റർ കിഴക്ക് കോട്ടപ്പള്ളി എന്ന ഗ്രാമപ്രദേശത്തിനടുത്തെവിടെയോ ആണ് എന്റെ അച്ഛമ്മയുടെ ചൈല്ഡ്ഹുഡ്ഡ് ദോസ്ത് കമലേട്ത്തിയുടെ വാസം. പ്രായത്തിൽ അച്ഛമ്മയേക്കാൾ വളരെ ഇളയതാണെങ്കിലും അവർ തമ്മിൽ എങ്ങനെ ദോസ്താനയായി എന്നെനിക്ക് മാലൂം നഹി. ഒന്നോ രണ്ടോ വർഷത്തിലൊരിക്കൽ മാത്രം  സംഭവിക്കുന്ന കമലേട്ത്തിയുടെ ലോകനാർക്കാവ് ക്ഷേത്രദർശനത്തിന്റെയും നാടുചുറ്റലിന്റേയും ഭാഗമായി എന്റെ വീട്ടിലൊന്നു കയറും, എല്ലാവരോടും കുശലാന്വേഷണം നടത്തും ലൈറ്റായിട്ട് ഒന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, ഫിർ  സ്കൂട്ടാവും. പിന്നെയിതുപോലൊരു കൂടിക്കാഴ്ച്ച  രണ്ട് വർഷം കഴിഞ്ഞ് പ്രതീക്ഷിച്ചാൽ മതി.

പത്രം വായനയും, ടീവി കാണലുമൊക്കെ  കമലേട്ത്തിയുടെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമല്ലാതിരുന്നതിനാൽ പൊതുവിജ്നാനത്തിന്റെ കാര്യത്തിൽ പുള്ളിക്കാരി സ്വല്പം പിന്നോക്കമായിരുന്നു. തൊന്നൂറ്റിയോന്നിലെ മെയ്‌മാസം ഇരുപത്തിരണ്ടാം തീയതി കാലത്ത് ഇതുപോലൊരു ക്ഷേത്രസന്ദർശനവും കഴിഞ്ഞ്   വീട്ടിൽ കയറിവന്ന കമലേട്ത്തി മുറ്റത്ത് താഴേപ്പുളിക്കൂൽ സന്തോഷേട്ടനുമായി കത്തിയടിച്ചുകൊണ്ടിരുന്ന  എന്റെ അച്ഛനോട് 

"എന്താ പ്രഭാകരാ, ഇനിക്കിന്ന്  പണിക്കൊന്നും പോണ്ടേ?"

" ഇന്ന് പൊതു അവധിയല്ലേ?, അതോണ്ട് പോണ്ട"

"ഉയീ, അതെന്തിനാ ഇന്ന് അവധി കൊടുത്തെ?"

 "രാജീവ് ഗാന്ധിയെ തമിഴ് പുലികൾ ബോംബ് വെച്ച് കൊന്നില്ലേ?"

"രാജീവ് ഗാന്ധിയോ? അതാരാ?"

"നമ്മളെ പ്രധാനമന്ത്രി! നിങ്ങളിതേത് ലോകത്താ ജീവിക്കുന്നേ?"

"അപ്പൊ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിൽ തോറ്റൊ?" 

"ഉണ്ണി ജനിച്ച് രണ്ട് മാസം കഴിഞ്ഞപ്പോ ഇന്ദിരാ ഗാന്ധിയെ വെടിവെച്ച് കൊന്നില്ലേ? അത് കഴിഞ്ഞിട്ടല്ലേ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്?"

അച്ഛൻ പറഞ്ഞത് കേട്ടാൽ തോന്നും ഇന്ദിരാഗാന്ധിയുടെ മരണത്തിനുത്തരവാദി ഞാനാണെന്ന്!

"ഉയ്യെന്റെ മുത്തപ്പാ, നല്ലൊരു പെണ്ണുങ്ങളായിനു ഇന്ദിരാ ഗാന്ധി. ഇതൊന്നും ഞാനറിഞ്ഞിക്കില്ലേ ... ഓറെയും കൊന്ന് ഓറെ മോനെയും കൊന്ന്. അയിന് ഇതിപ്പൊ മനിച്ചന്മാരാ കൊന്നേങ്കില് ഓരത്തൂക്കി കൊല്ലായിനു.    നാല് കാലിള്ള പുലികളെല്ലാം ഇക്കാലത്ത് ബോംബുമായിറ്റ് കൊല്ലാൻ നടന്നാൽ മനിച്ചന്മാരെ കാര്യം എന്താവും ശിവ ശിവാ.."

സഞ്ചിയിൽ സ്റ്റോക്ക്‌ ചെയ്തതിൽ നിന്നും  നല്ലത് നോക്കി   ഒരു ദീർഘനിശ്വാസം ഉമ്മറത്ത് വിതറി കമലേട്ത്തി അടുക്കളവാതിലിനെ ലക്ഷ്യമാക്കി നടന്നു.

*    *    *

രണ്ടായിരത്തിയെട്ടിൽ  ഇതുപോലെ വീട്ടിലെത്തിയ കമലേട്ത്തി അമ്മയ്ക്ക് ഗിഫ്റ്റായി കൊണ്ടുവന്ന സ്വന്തം പറമ്പിലുണ്ടായ രണ്ട് ശീമച്ചക്ക പടിക്കൽ  വെച്ച്   പുട്ടും കടലയും തട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ കിട്ടിയ ഒരു ചെറിയ ഗ്യാപ്പിൽ അടുക്കളയിൽ ചായ ആറ്റിക്കൊണ്ടിരുന്ന എന്റെ അമ്മയോട് എന്നെപ്പറ്റി ചോദിച്ചുവത്രെ!

"ടീച്ചറേ, ഇങ്ങളെ മോൻ ഉണ്ണിയിപ്പൊ ഇബടെയില്ലെ? ഓനെക്കണ്ടിറ്റ് തോനെയായല്ലൊ?"

"അവനിപ്പോ ബാംഗ്ലൂരിലാ.... ഇൻഫോസിസിലാ ജോലി. അതോണ്ട് മാസത്തിലൊരിക്കലേ വരൂ."

കാട്ടുകോഴിക്കെന്ത് സംക്രാന്തി എന്ന് ചോദിച്ചത് പോലെ കമലേട്ത്തിക്കെന്ത് ഇൻഫോസിസ്?

"ഓനാടെയെന്ത്ന്നാ പണി?"

"അവനവിടെ സിസ്റ്റംസ് അനലിസ്റ്റാ... അതായത് കമ്പ്യൂട്ടറിന്റെയൊക്കെ ഒരു മുന്തിയ തരം പണിയാ" ഇതിൽ കൂടുതൽ എക്സ്പ്ളയിൻ   ചെയ്യാനറിയാത്തതുകൊണ്ട് അമ്മയും കൂടുതലൊന്നും പറഞ്ഞില്ല.

കമലേട്ത്തി ചൈനീസ് ഭാഷ കേട്ട കണക്കെ മുഖത്ത് ആശ്ചര്യചിന്ഹം ഫിറ്റ്‌ ചെയ്ത് പുട്ടും കടലയേയും അമ്മയേയും മാറി മാറി നോക്കി. പണ്ട്  നാട്ടിലെവിടെയും ടിവിയില്ലാതിരുന്ന കാലത്ത്  പൊന്നാറത്ത് ബാലകൃഷ്ണൻ മാഷ്‌ പുത്തനൊരു ടിവിയും വീസിയാറും വാങ്ങിച്ചു എന്ന് കേട്ട് ഇതെന്താണ് സാധനം എന്നറിയാൻ വേണ്ടി കാണാൻ പോയ വകയിൽ അവിടെയിരുന്ന് ലാലേട്ടന്റെ 'രാജാവിന്റെ മകൻ' കാണുകയും അതിന്റടുത്താഴ്ച വീണ്ടും 'ഇരുപതാം നൂറ്റാണ്ട്' കണ്ടപ്പൊ  "ഇച്ചെക്കനല്ലേ  കയിഞായിച്ച ബെടിബെച്ചു കൊന്നത് " എന്ന് കരഞ്ഞ് കമന്റ് ചെയ്തയാളാണ് ഇപ്പറഞ്ഞ കമലേട്ത്തി.  

കമലേട്ത്തിയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി ചുറ്റും കണ്ണോടിച്ച  അമ്മയുടെ കണ്ണിൽ പെട്ടത് ഷോകേസിൽ നിരനിരയായി വെച്ച ഇൻഫോസിസിന്റെ പേരു പതിച്ച ടീ പോട്ടുകളും കോഫീ മഗ്ഗുകളുമാണ്. അതിലേക്ക് വിരൽ ചൂണ്ടി അമ്മ കമലേട്ത്തിയോട് പറഞ്ഞു "ആ പാത്രങ്ങളുടെ പേര് കണ്ടില്ലേ, അതാണ്‌ ഉണ്ണി ജോലി ചെയ്യുന്ന കമ്പനി. ഇതൊക്കെ അവനവിടുന്ന് ഗിഫ്റ്റ് കിട്ടിയതാ..."   

എല്ലാം മനസ്സിലായ കണക്കെ ശാന്തതയോടെ കമലേട്ത്തി പ്രാതൽ കഴിച്ച് മെല്ലെ എഴുന്നേറ്റു കൈ കഴുകി. കുറച്ചു നേരം കൂടി കുശലാന്വേഷണമായ നമ: പതിവുപോലെ സ്കൂട്ടായ നമ:

അത്താഴവും കഴിഞ്ഞ് ഇറയത്ത്‌ റസ്റ്റ് ചെയ്യുകയായിരുന്ന ഗോപാലേട്ടനോട്   സഹധർമിണിയായ കമലേട്ത്തി തന്റെ  നാടുകാണൽ വിശേഷങ്ങൾ പങ്കുവെക്കുന്നതിടെ

"ഞാനിന്ന് നമ്മളെ പുളിക്കൂലെ പ്രഭാരൻ നായരെ  പൊരേ കാരീക്കായിനു. ചായയെല്ലം കുടിച്ചപ്പാ ഓറോട് ഞാൻ ഒറെ മോൻ ഉണ്ണീനെപ്പറ്റി   ചൊയിച്ചത്. ഓനെക്കണ്ടിറ്റ് ഇപ്പൊ എത്തിരയായീ?"

" എന്നിറ്റ് ഓനിപ്പൊ ഏടിയാ കമലേ? ഓന് പണിയെല്ലം ശെരിയയിക്കോളീ?" 
  
"ഓനങ്ങ് കർണാടകത്തില് ഏതോ പാത്രങ്ങളെല്ലം ഇണ്ടാക്കുന്ന ഇംഗ്ലീഷ് സായിപ്പിന്റെ കമ്പനീലാ പോലും ജോലി. ആടെയിണ്ടാക്കുന്ന കൊറേ മുന്തിയ തരം ചായപ്പാത്രങ്ങളെല്ലം സമ്മാനായിറ്റ് കൊടുത്തിക്കത്രെ. നല്ല ശമ്പളെല്ലം ഉള്ള കൊശവനാന്നു തോന്ന്ന്ന്."

"ഉയീ, ഓനെ ഇത്രക്കാരം പഠിപ്പിച്ചത്  പാത്രണ്ടാക്കുന്ന കുശവനാവ്വ്വാനാ? ഓരോ കാലക്കേടേ?"   
                       

Wednesday, December 24, 2014

വീക്ക്നസ്സ്

ചൊട്ടയിലെ ശീലം ചുടല വരെ എന്നാണെല്ലോ! ഇപ്പറഞ്ഞ ശീലം നല്ലതല്ലെങ്കിൽ ചൊട്ട മുതൽ ചുടല വരെ പണികിട്ടിക്കൊണ്ടേയിരിക്കും.  ചിലർ  അങ്ങനെയാണ്  -  ജന്മനാ സിദ്ധിച്ച  ചില ശീലങ്ങളോ  വീക്നസ്സോ കാരണം  ചെറുതും വലുതുമായി  പണികൾ ആജീവനാന്തം   കിട്ടിക്കൊണ്ടേയിരിക്കും.

കുഞ്ഞ്യേരിയിലെ  കമ്മൾടെ രണ്ടാമത്തെ സന്തതി വിജയന് ഇതുപോലെ ഒരു വീക്നെസ്സുണ്ട് - പരിചയക്കാരെ വഴിയിൽ കണ്ടാൽ  തടഞ്ഞുനിർത്തി കുശാലാന്വേഷണം നടത്തുക.  ലോകനാർകാവമ്പലത്തിൽ നിന്നും ചല്ലിവയലിൽ  നിന്നും  മേമുണ്ടയിൽ നിന്നുമൊക്കെ വീട്ടിലെത്താനുള്ള റോഡുകൾ   ടാറിടാത്തതിനാലും  അധികം  ട്രാഫിക്കില്ലാത്തതിനാലും  ആ വഴി പോകുന്ന യാത്രക്കാരിൽ  മിക്കവരും പരിച്ചയക്കാരായതിനാലും  വഴിയിൽ  വെച്ച്  ഏതെങ്കിലും വാഹനം വരുന്നത് കണ്ടാൽ  റോഡിലേക്ക്  കയറി  നിന്ന്  ആ  വാഹനം തടഞ്ഞുവെച്ച് അതിലുള്ളവരോട് എന്തെങ്കിലും കുശലാന്വേഷണം നടത്താതെ പുള്ളിക്ക് ഒരു സ്വസ്ഥതയുമില്ലാ! വഴിയാത്രക്കാർക്ക്  ഇതൊരു ബുദ്ധിമുട്ടാണെങ്കിലും ഇതിന്റെ പേരിൽ കമ്മളെ പലചരക്കുപീടികയിൽ നിന്നും സാധനം വാങ്ങുമ്പോൾ എക്സ്പയറി കഴിഞ്ഞതും ചീഞ്ഞ മുട്ടയും  കിട്ടണ്ടല്ലോ എന്ന് കരുതി ആരും മറുത്തൊന്നും പറയാറില്ലെന്നുമാത്രം .

വടകര പഴയ ബസ് സ്റ്റാന്റിനു സമീപം നാഷണൽ ഹോട്ടലിനു പുറകിലുള്ള ഏടുവഴി  അറിയപ്പെടുന്നത്  വടകരയിലെ സലാലാ  എന്നാണ് . ചെറുകച്ചവടക്കാർ നടത്തുന്ന അങ്ങാടിപ്പീടികകളുടെ ഇടയിലൂടെ നീണ്ടുനിവർന്ന്കിടക്കുന്ന പത്തടി വീതിയുള്ള ഈ ചെറിയ കുടുസുവഴിയുടെ ഇരുവശത്തും മൈലുകൾക്കപ്പുറം വരെ മണമെത്തുന്ന നല്ല ജാസ്മിൻ പെർഫ്യൂമടിച്ച് അലക്കിത്തേച്ച മുണ്ടും ഷർട്ടുമിട്ട് കുട്ടപ്പന്മാരായി വരിവരിയായി നിരനിരയായി നില്കുന്ന  തൊഴിൽരഹിതരായ അനേകം മധ്യവയസ്കരെ കാണാം . സത്യത്തിൽ ഇവർ തൊഴിൽരഹിതരല്ല, മറിച്ച്   കേരള സർകാരിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഡ്യൂട്ടീ  ഫ്രീ കുടിൽ വ്യവസായ  പദ്ധതിയുടെ ഭാഗമായി "സഞ്ചരിക്കുന്ന ഡ്യൂട്ടീ  ഫ്രീ ഷോപ്പ്" എന്ന ആശയം കണ്ടെത്തി സ്വയം തൊഴിൽ    ചെയ്തദ്ധ്വാനിക്കുന്ന  വിയർപ്പിന്റെ അസുഖമുള്ള ഒരുപറ്റം ചുള്ളൻ മധ്യവയസ്കരാണ്. നാട്ടിൽ വരുന്ന പ്രവാസികളുടെ കയ്യിൽ നിന്നും ഫോറിൻ സാധനങ്ങളും കറൻസികളുംയും വിലകുറച്ച് വാങ്ങുകയും ആവശ്യക്കാർക്ക്  വിലകൂട്ടി വിൽക്കുകയും ചെയ്യുന്ന അധ്വാനശീലം തീണ്ടുതൊടാത്ത പാവപ്പെട്ട  ഒരു ചെറിയ ജനവിഭാഗം. ഫോറിൻ പെർഫ്യൂമുകൾ, ക്രീമുകൾ, ടോയ്സ്, തുണിത്തരങ്ങൾ, അത്യാധുനിക ഇലക്ട്രോണിക് ഗാഡ്ജറ്റ്സ്  എന്നുവേണ്ട ഗൾഫിൽ നിന്നും കേരളത്തിലേക്ക് എത്തിക്കാൻ പറ്റുന്ന എന്ത് സാധനവും ഇവരുടെ കയ്യിൽ സ്റ്റോക്ക്ക്ക്ഡ് ആണ്. പണ്ട് ഫസ്റ് നൈറ്റിലിടാൻ ഒരു ഫോറിൻ ഷഡ്‌ഡി അന്വേഷിച്ചുപോയ പാക്കയിലെ സുകുമാരനോട്  ഇപ്പൊ കൊണ്ടോരാം എന്ന് പറഞ്ഞ്  തൊട്ടടുത്ത പീടികയിലൂടെ പിന്നാംപാറത്ത് പോയി ഇട്ടോണ്ടിരുന്ന ഷഡ്ജം ഊരിക്കൊടുത്ത ഒരു പഹയന്റെ കഥ വടകര അങ്ങാടിയിൽ പാണൻ പാടി നടന്ന അനേകായിരം കഥകളിൽ വെറും ഒരെണ്ണം മാത്രം. ഇത്രയും ആത്മാർഥതയുള്ള ഒരു മാപ്പിളയെ ഈ ഭൂമിമലയാളത്തിൽ മഷിയിട്ടുനോക്കിയാൽ കാണുമോ? 

എനിവേയ്സ് ഇവരുടെ കൂട്ടത്തിലെ  ഒരു നാടൻ ഷെയ്ക്കായിരുന്നു നമ്മുടെ വിജയേട്ടൻ - ഷെയ്ക്ക് അൽ ബിൻ കുഞ്ഞ്യേരി വിജയൻ കമ്മൾ.

ഒരിക്കൽ കച്ചോടമൊക്കെ കഴിഞ്ഞ്  ചല്ലിവയലിൽ  നിന്നും വീട്ടിലേക്കുള്ള അരി, പരിപ്പ്, പച്ചക്കറികൾ,  മത്സ്യം ഇത്യാദി  സാധനങ്ങളും  വാങ്ങി അമ്പത് പൈസയുടെ മൂന്ന്നാല് പ്ലാസ്റ്റിക് സഞ്ചികളിൽ കുത്തിനിറച്ച് ഇരുകൈകളിലും തൂക്കി ക്ഷീണിതനായി ആടിയാടി  വരുന്ന വഴിക്കാണ് അങ്ങ് ദൂരെ നിന്നും ചിങ്ങാറമ്പത്തെ ഗംഗാധരേട്ടന്റെ ഇളയ പുത്രൻ ഷിജു അവനേക്കാൾ  വലിയൊരു ഹെർകുലിസ് സൈക്കിളിൽ ഏന്തിനിന്ന്  ആഞ്ഞു ചവിട്ടി വരുന്നത് കണ്ടത്. ഷിജുവാണെന്ന്  തിരിച്ചറിഞ്ഞതും വിജയേട്ടൻ  റോഡിലേക്ക് കയറി നിന്നതും ഒരുമിച്ചായിരുന്നു. 

"വിജയേട്ടാ, മാറിക്കോ, സൈക്കിളിന്  ബ്രേക്കില്ലാ ….", ദൂരെ നിന്നും ഷിജു പറ്റാവുന്നത്ര  ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 

"ഇഞ്ഞി അങ്ങനെയെന്നെ പറ്റിക്കെണ്ടടാ. വണ്ടി നിർത്ത്, ഒരു കാര്യം പറയാനിണ്ട്"

ഷിജു സൈക്കിളിനെ  റോഡിന്റെ വലതുവശത്തേക്ക് സ്റ്റീർ ചെയ്തു. അതിനനുസരിച്ച് വിജയേട്ടനും ആ വശത്തേക്ക്  നീങ്ങി. അപ്പൊ ഷിജു ഇടതുഭാഗത്തേക്ക് നീങ്ങി, ഒപ്പം വിജയേട്ടനും. ഒരു മുപ്പതുവാര അകലെയെത്തിയപ്പോ  "വിജയേട്ടാ , ഇങ്ങള് കളിക്കല്ലേ!", എന്ന് പരിഭ്രാന്തിയോടെ പറഞ്ഞുകൊണ്ട്   ഷിജു  സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു.  വിജയേട്ടനും വിട്ടുകൊടുത്തില്ല. മൈക്കൾ ജാക്സണ്‍ മൂണ്‍വോക്ക് ചെയ്യുന്നത് പോലെ വിജയേട്ടനും റോഡിന്റെ കുറുകനെ അങ്ങോട്ടും ഇങ്ങോട്ടും ഷിഫ്റ്റ്‌ ചെയ്ത്കൊണ്ടിരുന്നു   

അവസാനം  ആംഗ്രീ  ബേർഡ്സിലെ പക്ഷി കണക്കെ ഷിജുവും സൈക്കിളും വിജയേട്ടനിൽ പോയി പതിച്ചു. വീട്ടിൽ വന്നൊരതിഥിയെ സൽകരിക്കാൻ ബേക്കറിയിയിലേക്ക് ധൃതിയിൽ പോവുകയായിരുന്ന ഷിജു    വീണോടത്തു നിന്നും ഞൊടിയിടയിൽ സൈക്കിളുമെടുത്ത് പൊടിപാറ്റിച്ചു കൊണ്ട്   അപ്രത്യക്ഷനായി .

ടാറിടാത്ത റോഡിനുനടുവിൽ   ചിതറിക്കിടക്കുന്ന പരിപ്പിന്റേയും കയമയരിയുടേയുമിടയിൽ  പത്ത് മത്തിക്കുഞ്ഞുങ്ങളോടൊപ്പമിരുന്ന് വിജയേട്ടൻ  അങ്ങ് വിദൂരതയിലേക്ക്  മാഞ്ഞുപോകുന്ന ഷിജുവിനേയും  നോക്കി ഒരു നെടുവീർപ്പോടെ ആത്മഗതം ചെയ്തു … "വേണ്ടീരുന്നില്ല!" 


Monday, December 22, 2014

കുറുപ്പാൾടെ കുളം

വടക്കൻ മലബാറിലെ മുൻ തലമുറയിലെ ഈഴവർ "എടോ" എന്ന പദത്തിനു ബദലായി ഉപയോഗിച്ചിരുന്ന പദമാണ്‌ "ഓളി". ഉദാഹരണത്തിന് "എന്താ ഓളീ, ഇഞ്ഞീന്ന് പണിക്ക് പോന്നില്ലേ?", "ആ ചെക്കനേതാ ഓളീ?" എന്നിങ്ങനെ. ഇന്നും ഈ പ്രയോഗം പലരും ഉപയോഗിച്ചുവരുന്നു. നോട്ട് ദിസ്  പോയിന്റ് - അവസാനം കഥ മുഴുവൻ വായിച്ചതിന് ശേഷം മനസ്സിലായില്ല എന്ന് പരാതി പറയരുത്.

മുപ്രത്തെ കുറുപ്പാൾക്ക് ഒരു കിടിലൻ കുളമുണ്ട്. വീടിന്റെ മുൻവശത്ത് അദ്ദേഹത്തിന്റെ കാരണവർ ചെത്തി മിനുക്കിയ നല്ല മുന്തിയ ഇനം ചെങ്കല്ല് കൊണ്ട് ചുറ്റി കെട്ടിപ്പോക്കിയ അത്യാവിശ്യം വിസ്തീർണമുള്ള ഒരു സ്വയമ്പൻ കുളം.  ചളിയും പായലും പൂപ്പലുമൊക്കെ കമ്മിയായയതുകോണ്ട് എപ്പോഴും വെട്ടിത്തിളങ്ങുന്ന വെള്ളമുള്ള അടിപൊളി  കുളം. കാണുന്നവർക്കൊക്കെ ഇറങ്ങിക്കുളിക്കാനൊരു ത്വരയുണ്ടാകുന്ന എ വണ്ടർഫുൾ   കുളം എന്നിങ്ങനെ പോകുന്നു കുറുപ്പാൾടെ കുളത്തിന്റെ വിശേഷണങ്ങൾ. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് കന്നട ഭടന്മാർ നോട്ടമിട്ടു വെച്ചിരുന്നതാണ് ഈ കുളത്തെ. കുളം കട്ടോണ്ട് പോകാൻ അന്നും ഇന്നും റ്റെക്നോളജി ഇല്ലാത്തത്കൊണ്ട് ഇപ്പോഴും കുറുപ്പാൾടെ പിൻഗാമികൾക്ക് കുളിക്കാൻ ഒരു കുളം നിലനിൽകുന്നു.

അയിത്ത സമ്പ്രദായം നിലനിൽക്കുന്ന കാലമല്ലായിരുന്നിട്ടും   തന്റെ കുടുംബാംഗങ്ങൾക്കും  ചുറ്റുവട്ടത്തുള്ള ചില കുറുപ്പന്മാർക്കുമല്ലാതെ മറ്റാർക്കും  ഈ  കുളത്തിൽ നോ എൻട്രി.  ഒന്നാമത് ഈ കുളം പേർസണൽ പ്രോപ്പർട്ടി,  അതിനു പുറമെ  കണ്ടവന്മാരൊക്കെ കുളിച്ച് ഈ കുളം കുളമാക്കണ്ട എന്ന ശക്തമായ ആഗ്രഹവും കാരണം കുറുപ്പാൾ കുളത്തിൽ കുളിക്കാനുള്ള  സ്വാതന്ത്രം ആർക്കും കൊടുത്തില്ല.

കുറുപ്പാൾടെ പറമ്പിൽ കാലാകാലങ്ങളായി കെളയ്ക്കലും  തടമെടുക്കലുമുൾപടെ  കൃഷി സംബന്ധിതമായ എല്ലാ പണികളും ചെയ്തു വരുന്ന വിശ്വസ്ഥനായ കൂലിപ്പണിക്കാരനായിരുന്നു അരിമീത്തലെ  ചാത്തുണ്ണ്യേട്ടൻ. അപ്പറമ്പിൽ പണിയെടുക്കാൻ തുടങ്ങിയ കാലം തൊട്ടേ ചാത്തുണ്ണ്യേട്ടന്റെ മനസ്സിൽ കയറിക്കൂടിയതാണ് കുറുപ്പാൾടെ കുളത്തിൽ ഒന്ന് വിശാലമായി മുങ്ങിക്കുളിക്കണമെന്നുള്ള കലശമായ ആഗ്രഹം. കുളി പോയിട്ട് ആ കുളത്തിലെ വെള്ളം തൊടാൻ പോലും കിട്ടിയില്ല ചാത്തുണ്ണ്യേട്ടന്, കാരണം തരം കിട്ടിയാൽ ചാത്തുണ്ണ്യേട്ടൻ കുളത്തിളിറങ്ങും എന്നറിയാവുന്ന കുറുപ്പാൾ തന്നെ പണി കഴിഞ്ഞ് കൈയും കാലും മുഖവും കഴുകാനുമൊക്കെയുള്ള വെള്ളം , മുന്നേകൂട്ടി കിണറ്റിൽ നിന്നും കോരി ബക്കറ്റിലാക്കി ഉമ്മറത്ത് വെയ്ക്കും.      കഠിനഹൃദയനായ കുറുപ്പാളോട് ഇക്കാര്യം സൂചിപ്പിക്കാനുള്ള മടി കാരണവും ഇനി അഥവാ സൂചിപ്പിച്ചാൽ തന്നെ തന്റെ പണി പോകുമോ എന്ന ഭയം കാരണവും ചാത്തുണ്ണ്യേട്ടൻ തന്റെ ഈ ആഗ്രഹം വർഷങ്ങളോളം മനസ്സിന്റെ നെല്ലിപ്പലകയിൽ ഫ്രേം ചെയ്ത് വെച്ചു.

അക്കാലത്ത് സോഷ്യൽ മീഡിയാ നെറ്റ് വർക്കിങ്ങും വാട്സാപ്പ് സർവീസും ഏറ്റവും   സുലഭമായി ലഭിച്ചിരുന്നത് കേളപ്പേട്ടന്റെ ചായക്കടയിലായിരുന്നത്രെ. പേരെടുത്ത ഒരു ഫിസിക്കൽ ചാറ്റ്റൂം തന്നെയായിരുന്നു ഓലമേഞ്ഞ, ചാണകം മെഴുകിയ  ആ എഴുന്നൂറ് സ്ക്വയർ ഫീറ്റ്‌ കെട്ടിടം. കേളപ്പേട്ടന്റെ ഈ ചായക്കടയും ചല്ലിവയലിലെ കള്ളുഷാപ്പുമായിരുന്നു നമ്മുടെ കഥാനായകാൻ ചാത്തുണ്ണ്യേട്ടനുൾപടെ ഇന്നാട്ടിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിൽ ഒരു വലിയ പങ്ക് ജോലികഴിഞ്ഞുള്ള സായാഹ്നങ്ങളിൽ സോഷ്യലൈസ് ചെയ്യാൻ ചേക്കേറുന്ന മെയിൻ സ്പോട്ടുകൾ. അങ്ങനെയൊരിക്കൽ കസ്റ്റമേർസൊന്നും  ഇല്ലാതിരുന്ന ഒരു കർകിടകമാസദിനത്തിലെ   നല്ല ചന്നം പിന്നം മഴപെയ്യുന്ന ഉച്ചസമയത്ത്  മൂക്കുമുട്ടെ ഉപ്പുമാവും കടലക്കറിയും തട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ചാത്തുണ്ണ്യേട്ടൻ കേളപ്പേട്ടന്റെ മുൻപിൽ ഹനുമാൻ ശ്രീരാമന് നെഞ്ചു പിളർന്ന്  കാണിച്ചത് പോലെ തന്റെ ഹൃദയത്തിൽ ആണിയടിച്ച് വെച്ചിരുന്ന ചിരകാലാഭിലാഷം നെഞ്ച് പിളർത്തി കാണിച്ചുകൊടുത്തു.

"ന്റെ ചാത്തുണ്യേ, ഇത്രേ ഇള്ളു കാര്യം? ഇഞ്ഞി പോലർച്ചെ കുറുപ്പാളെണീക്കുന്നതിനു  മുന്നെ കോളത്തിലിറങ്ങി കുളിച്ചോളീ"

"ഉയീ... ഓറെങ്ങാനും ഒച്ച കേട്ട് ബന്നാലോ?"

"അല്ലോളീ ... അയിന് ഇരുട്ടത്ത് കുറുപ്പാൾക്ക് ആളാരന്ന് തിരിയ്യ്വല്ലെടോ. ആളാരാന്ന് തിരിഞ്ഞാലല്ലെ കൊയപ്പള്ളൂ? ഇനിയിപ്പോ ഓറ് ആരാന്ന് ചോയിച്ചാത്തന്നെ ഇഞ്ഞി 'ഞാനാ കുറുപ്പാളാ..' എന്നങ്ങ് പറഞ്ഞാപ്പോരെ? അങ്ങട്ടേലെയെങ്ങാനും ഏതെങ്കിലും കുറുപ്പാന്ന് ബിചാരിച്ചോളും. ഇതെല്ലം ഞാൻ പറഞ്ഞുതരണോ ചാത്തുണ്ണ്യേ? ഒന്നുല്ലേകിലും ഇഞ്ഞി നാലാം ക്ലാസ്സ് പാസായതല്ലേ?"

ഒരു വാഴയിലയും തലയ്ക്ക് മുകളിൽ പിടിച്ച് ചാറ്റൽ മഴയത്ത് വീട്ടിലേക്ക് പോകും വഴി ചാത്തുണ്ണ്യേട്ടന്റെ മനസ്സിൽ കേളപ്പേട്ടന്റെ വാക്കുകളായിരുന്നു. സംഭവം ഒരു നല്ല ഐഡിയ തന്നെ. നേരം വെളുക്കന്നതിനു മുൻപ് തന്നെ  കുറുപ്പാളുടെ പറമ്പിലെത്തുക, കുറുപ്പാളെഴുന്നേൽക്കുന്നതിനു മുൻപ് കുളത്തിലിറങ്ങി നല്ലോണം ഒന്ന് മുങ്ങിക്കുളിക്കുക, പറ്റിയാലൊരു നാല് വാര അങ്ങോട്ടുമിങ്ങോട്ടും നീന്തുക, കരയ്ക്ക് കയറുക, തോർത്തുക, ആരും കാണാതെ സ്ഥലം വിടുക, കേളപ്പേട്ടന്റെ കടയിൽ പോയി ഉഷാറായി ഒരുകുറ്റി പുട്ടും മുട്ടക്കറിയും തട്ടുക, എട്ടു മണിയാകുമ്പോൾ ആസ് യൂഷ്വൽ കുറുപ്പാൾടെ പറമ്പിൽ പണിക്കു വേണ്ടി ഹാജരാവുക. ഇനിയിപ്പോ കുറുപ്പാളെങ്ങാനും നേരത്തെയെണീറ്റ് കണ്ടെന്നിരിക്കട്ടേ, താൻ കുറുപ്പാണെന്നു പറയുക. വല്ലപ്പോഴും ആ ഏരിയയിലെ ചില നായന്മാരും കുറുപ്പന്മാരും കുളിക്കാൻ വരാറുള്ളതുകൊണ്ട് അവരാരെങ്കിലുമായിരിക്കുമെന്നു കരുതിക്കൊള്ളും. " വാവ്!......വാട്ട് എ  വണ്ടർഫുൾ ഐഡിയ" ചാത്തുണ്ണ്യേട്ടന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.

പ്ലാനിംഗ് ഒക്കെ കഴിഞ്ഞ് പറ്റിയൊരു ദിവസത്തിനായുള്ള ചാത്തുണ്ണ്യേട്ടന്റെ കാത്തിരിപ്പ് കർകടവും കഴിഞ്ഞ് ചിങ്ങത്തിലേക്ക് നീങ്ങി. അങ്ങനേയിരിക്കെ ഓണത്തിനോടടുത്ത്  ഒരു ദിവസം ഹമാരാ കുറുപ്പാൾ കുടുംബസമേതം കൊയിലാണ്ടിയിൽ ഒരു കല്യാണത്തിന് പോയി തിരിച്ചു വരും വഴിയാണ്  ചല്ലിവയലിലെ കള്ള്ഷാപ്പിൽ നിന്നും തലയിൽ തോർത്ത്‌മുണ്ട് ചുറ്റി പമ്മി പമ്മി വരുന്ന ചാത്തുണ്ണ്യേട്ടൻ മുന്നിൽ വന്നുചാടിയത്,

"എന്താ ചാത്തുണ്ണീ തലേല്  തോർത്ത്‌മുണ്ട് ചുറ്റി കള്ളുഷാപ്പിന്റെ ബൈയ്യേപ്പർത്ത്   കൂടെ ഒളിച്ച് നടക്കുന്നത്? ഇതൊക്കെ ബലിച്ചുബാരി മോന്തീറ്റാണോ രാവിലെ പണിക്ക് ബരുന്നത്.?"

"അത് കുറുപ്പാളേ… മ്മളെ കുനീലെ സുഗതന് ഒരു നാലപ്തുറുപ്പ്യ ബായ്പ്പം കൊടുത്തിക്കായിനു. ഓനത് ഞമ്മക്ക് തിരിച്ച് തരാണ്ട് ഇങ്ങനെ മുങ്ങി നടക്ക്വാൻ തൊടങ്ങീറ്റ് രണ്ട് മാസായി. ഓനാടെ ഇണ്ടോന്ന് നോക്ക്വാൻ പോയതാ. ഇങ്ങള് ബിചാരിക്കുംപോലെ  ഞമ്മള് കള്ളൊന്നും കുടിച്ചിക്കില്ലേ..", വയറ്റിൽ നിന്നും പുറത്തേക്കെടുത്തു ചാടിയ നല്ല പുളിച്ച കള്ളിന്റെ മണമുള്ള സ്വയമ്പൻ ഏമ്പക്കം ചുണ്ടുകൾ കോണ്ട് ശക്തമായി വായടച്ചു പിടിച്ച് തുള്ളിപോലും പുറത്തു പോകാതെ അകത്തേക്കു തന്നെ തിരിച്ച് വിഴുങ്ങി ചാത്തുണ്ണ്യേട്ടൻ ഒരു കണക്കിന് പറഞ്ഞൊപ്പിച്ചു.
         
ചാത്തുണ്ണ്യേട്ടനും കുറുപ്പാൾടെ കൂടെ വീടുവരെ കൂടി. കുറുപ്പാൾടെ നാലുകട്ട ബാറ്ററിയിട്ട ടോർച്ചിനോടൊപ്പം  ചാത്തുണ്ണ്യേട്ടന്റെ ഓലച്ചൂട്ടും കൂടിയായപ്പോ കുറുപ്പും കുടുംബവും പെട്ടെന്ന് തന്നെ വീടു പിടിച്ചു.    രാത്രി വളരെ വൈകിയതിനാൽ  കുറുപ്പ് രാവിലെ എഴുന്നേൽക്കാനും വൈകും എന്ന് നിശ്ചയമുള്ളത്കൊണ്ട് പിറ്റേന്ന് കാലത്ത് തന്റെ ആഗ്രഹം സഫലീകരിക്കാൻ ചാത്തുണ്ണ്യേട്ടൻ - അല്ല, ചാത്തുണ്ണ്യേട്ടന്റെ വയറ്റിൽനിന്നും മസിലുപെരുപ്പിച്ചുകൊണ്ടിരുന്ന തെങ്ങിൻ കള്ള് ചാത്തുണ്ണ്യേട്ടനെ കൊണ്ട് തീരുമാനിപ്പിച്ചു .

എനിവേയ്സ് കാലത്തഞ്ചുമണിക്ക് മുന്പ് തന്നെ ചാത്തുണ്ണ്യേട്ടൻ കുളക്കടവിലെത്തി. പ്ലാൻ ചെയ്ത പോലെ  ആരും എഴുന്നേറ്റിട്ടില്ലെന്ന് ഉറപ്പുവരുത്തി. തലേക്കെട്ടിയ തോർത്തും ഉടുത്തിരുന്ന കള്ളിലുങ്കിയും ചോക്കലേറ്റ് കളറുള്ള വെള്ളക്കോണകവും കല്പടവിലഴിച്ചു വെച്ച് വെള്ളത്തിലേക്കെടുത്ത് ചാടി. ഒരു കുളക്കോഴിയെപ്പോലെ പത്ത് മിനിറ്റിനുള്ളിൽ മതിയാവോളം നീന്തിത്തിമിർത്ത് കടവിലേക്ക് കയറി തോർത്തുന്നതിനിടയിൽ  മുറ്റത്തൊരനക്കം കേട്ട് ഏന്തി നോക്കിയപ്പോ ഉമ്മറത്ത് കെട്ടിത്തൂക്കിയ നാല്പത് വാട്ട് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ  കണ്ട കാഴ്ചയിൽ  ചാത്തുണ്ണ്യേട്ടന്റെ ചിപ്പ്സെറ്റ് അടിച്ചുപോയി. ഒരു കുട്ടിത്തോർത്തുമുടുത്ത് നമ്മുടെ കുറുപ്പാൾ ഈർകിൽ കൊണ്ട് നാക്ക് വടിക്കുന്നു. ഒരു നിമിഷം താനാരാണെന്നും എവിടെയാണെന്നും മറന്നു പോയ ചാത്തുണ്ണ്യേട്ടൻ ധൈര്യം സംഭരിച്ച് കോണകവും കൈലിയും ഞൊടിയിടയിൽ ചുറ്റിക്കെട്ടി തോർത്ത്‌ കോണ്ട് തല മൂടി  മെല്ലെ സ്കൂട്ടാവുന്നതിനിടെ ഉമ്മറത്ത് നിന്നും കുറുപ്പാൾടെ വക നീട്ടിയൊരു ചോദ്യം 

"ആരോടോ കുളക്കടവിൽ ?"

"ഞാനാ ഓളീ കുറുപ്പാളാ ...."

പണ്ട് കുറുപ്പാൾടെ സഹധർമിണി സരസ്വതിയമ്മ  നടുവേദന വന്ന് കിടപ്പിലായപ്പൊ പരിചരിക്കാനും ഭക്ഷണം പാകം ചെയ്യാനും  ചാത്തുണ്ണ്യ്യേട്ടന്റെ ഭാര്യ ജാനുവേടത്തി മുൻകൈയ്യെടുത്തു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചാത്തുണ്ണ്യേട്ടന്റെ പണി പോയില്ല!                   
       
           

Friday, December 5, 2014

ശാസ്ത്രജ്ഞൻ

നാല് വയസ്സ് തികയുന്നതിനു മുൻപ് തന്നെ അടുക്കളയിൽ തുറന്നു വെച്ചിരിക്കുന്ന പഞ്ചാരട്ടിൻ ലക്ഷ്യമാക്കിയാണ് ഉറുമ്പുകൾ വരുന്നതെന്ന് കണ്ടുപിടിച്ചപ്പോൾ അമ്മയും, മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ നമ്പൂതിരിമാരെ ഉണക്കിപ്പൊടിച്ചുണ്ടാക്കി മാർകറ്റിലിറക്കുന്ന സാധനമാണ് നമ്പൂതിരിപ്പൊടിയെന്ന് കണ്ടുപിടിച്ചപ്പോൾ ശ്രീധരൻ മാഷും പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ നീതുവിന്റെ കാണാതായ കോമ്പസ്സ് സക്കീറിന്റെ ഇൻസ്റ്റ്രുമെന്റ് ബോക്സിൽ നിന്നും കണ്ടൂപിടിച്ചപ്പോൾ പരവതാനി രാജേഷും കോളേജിൽ പഠിക്കുമ്പോൾ ഒടിയനു തടി വെക്കാത്തത് വയറ്റിലുള്ള കൊക്കോ പുഴു കാരണമാണെന്ന് കണ്ടുപിടിച്ചപ്പൊ മണ്ണുവും ഒരേ സ്വരത്തിൽ പറഞ്ഞത് "എടാ ജുബിത്തേ നീ ഒരു ശാസ്ത്രജ്ഞൻ ആകുമെടഡാ …"  എന്നായിരുന്നു. എന്തും കണ്ടുപിടിക്കാനുള്ള ജന്മനാ ഉള്ള ഒരു ത്വരയും അതിനു വേണ്ടി എത്ര സമയം ചിലവഴിക്കാനുള്ള മടിയില്ലായ്മയും ജുബിത്തിനെ തന്റെ സുഹ്രുത്തുക്കളുടെ ഇടയിലെ ശാസ്ത്രജ്ഞനാക്കി മാറ്റി.

കോളേജ് പഠന കാലത്ത് തന്റെ സുഹൃത്തും അത്യാവിശ്യത്തിലധികം തടിയുള്ള ശരീരത്തിനുടമാകൂടിയായ അരുണ്‍ ജേക്കബ് തന്നെ അലട്ടുന്ന ഒരു പ്രശ്ന പരിഹാരത്തിനായി ജുബിത്തിനെ സമീപിച്ചു - "പെട്ടന്ന് തടി കുറയ്കണം. അതും നാട്ടിൽ വെക്കേഷനിനു പോകുന്ന ഒരാഴ്ച്ച കൊണ്ട്."

ഒന്ന് ചിന്തിക്കുകപോലും ചെയ്യാതെ തന്നെ  ഒരു പ്രൊഫഷണൽ ഡയറ്റീഷ്യനെന്നോണം  ജുബിത്ത് പോംവഴി നിർദേശിച്ചു , "നല്ലോണം പഴുത്ത ചക്ക തിന്നാൽ മതി" എന്നിട്ട് ചക്ക കൊണ്ട് തടി കുറക്കാനുള്ള രീതിയും ഒരു കടലാസിൽ കുറിച്ചുകൊടുത്തത്രെ.

"ചക്കയിൽ ഷുഗറില്ലേ, അതു കഴിച്ചാൽ തടി കൂടുകയല്ലേ ഉള്ളൂ?"

"ആദ്യം വിവരമുള്ളവർ പറയുന്നതനുസരിക്കാൻ പഠിക്ക്. നോ മോർ ക്വസ്റ്റ്യൻസ്"

ജുബിത്തിന്റെ വാക്കും കേട്ട് നാട്ടിലെത്തിയ താരം  കാലത്തും ഉച്ചയ്കും വൈകിട്ടും വയറു നിറയെ പഴംചക്ക തിന്നുകയും അതിന് പുറമേ  അന്നാഹാരം ത്യജിച്ച് ചക്കപ്പുഴുക്കും ചക്കതോരനും ചക്കയടയും  ചക്കവരട്ടിയതും ചക്കവറുത്തതും കഴിക്കുകയും ചെയ്തതിന്റെ  പാർശ്വഫലമായി  പണ്ടേതോ ഒരു കർക്കിടകമാസത്തിൽ വയറ്  വൃത്തിയാക്കാൻ മുക്കാൽ ലിറ്റർ ആവണക്കെണ്ണ സേവിച്ച വിശ്വം കുരിക്കളെപ്പോലെ ഒന്നിന് പോകുമ്പോൾ അതിനേക്കാൾ സ്പീഡിൽ പുറകിലൂടെ രണ്ട് പോവുകയും ചക്കയുൾപടെ കഴിച്ച മൊത്തം സാധനങ്ങളേയും ആമാശയം  ചക്കപ്പായസമാക്കി പുറത്തേക്ക് വിടുകയും ചെയ്തതിന്റെ ഭാഗമായി മൂന്നു ദിവസം വീട്ടിലും രണ്ടു ദിവസം  ആശുപത്രിയിലും വളരെ ബിസിയായി ചിലവഴിച്ച് ഒറ്റയടിക്കു പന്ത്രണ്ട് കിലോ കുറഞ്ഞ് ചുള്ളിക്കമ്പ് പോലെയായി.

ഒരാഴ്ചത്തെ അവധി കഴിഞ്ഞു കോളേജിലെത്തിയ അരുണ്‍ ജേക്കബിനെ വരവേറ്റത്   പെണ്‍പിള്ളേരുടെ വക   "ചുള്ളനായീണ്ട് ട്ടാ", "അടിപൊളി, ഇതെങ്ങനെ സാധിച്ചു?"       എന്നൊക്കെയുള്ള ഒരു മാതിരി ആക്കിയ  കമന്റുകളായിരുന്നത്രെ. അതിന്  നന്ദി സൂചകമായിട്ടും തന്റെ ഈ ഗ്രഹിണി പിടിച്ച കോലത്തിനുത്തരവാദിയായത്‌ കൊണ്ടും അരുണിന്  ജുബിത്തിനെ തല്ലിക്കൊല്ലണമെന്നുണ്ടായിരുന്നു പക്ഷെ ക്ഷീണം കാരണം കൈയും കാലും അനക്കാൻ പറ്റാത്തതുകൊണ്ട്  അന്നവൻ ജുബിത്തിനെ താത്കാലികമായി വെറുതെ വിടുകയായിരുന്നു.

**   **   **   **   **

രണ്ടായിരത്തിയെട്ടിലെ  ഒരു തണുത്ത ഡിസംബർ മാസ സായാഹ്നം - തിരക്കിട്ട് എതോ റിപ്പോർട്ട് തയാറാക്കുന്നതിനിടയിലാണ് ഒടിയന്റെ ഫോണ്‍ വന്നത്

"എടാ നീ ഒരു ചായ കുടിക്കനിറങ്ങുന്നോ? പുഷ്പനും മണ്ണുവും കമ്പിയും ജുബിത്തും സനൂപുമുണ്ട് "

 "ഒരു പത്തുമിനിറ്റ്, ഞാനിതായെത്തി! "

ഒടിയനും പുഷ്പനും മണ്ണുവും കമ്പിയും ജുബിത്തും സനൂപും ഞാനുമൊക്കെ ഒരേ ബാച്ചിൽ ജോലിക്ക് കയറിയതാണ്. ട്രെയ്നിംഗ് ഒക്കെ കഴിഞ്ഞ് ഞങ്ങൾ പല പല പ്രോജക്റ്റിലായി മാറിയതുകൊണ്ടും  പല ഷിഫ്റ്റിലായതുകൊണ്ടും അക്കാലത്ത് ഒരുമിച്ചു കാണുന്നത് തന്നെ അപൂർവമാണ്.

ഫൂഡ് കോർട്ടിൽ പോയി ചായയും മസാലാചാറ്റും കത്തിയടിയുമൊക്കെ തകൃതിയായ് നടത്തി ഞങ്ങൾ കാമ്പസ്സിന്റെ ഒരു മൂലയിലേക്ക് മെല്ലെ നടന്നു നീങ്ങി. എല്ലാവരും തമ്മിൽ കണ്ടത്തിൽ വലിയ സന്തോഷത്തിലായിരുന്നു. പക്ഷേ ജുബിത്ത് മാത്രം അധികമൊന്നും വർത്താനം പറയാതെ  എന്തോ കൂലംകഷമായ ചിന്തയിൽ മുഴികിയിരിക്കുകയായിരുന്നു. കാര്യമെന്തെന്ന് തിരക്കിയപ്പോ "ഏയ്‌, ഒന്നുമില്ല!" എന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ നല്ലവണ്ണം നിർബന്ധിച്ചു. വല്ല പ്രേമമോ കോപ്പോ ആയിരുന്നെങ്കിൽ ജുബിത്തിനെ വാരിയലക്കാൻ  ഒരു വിഷയമായല്ലൊ എന്ന് കരുതിയിരുന്ന ഞങ്ങളോട് ജൂബിത്ത് വളരെ സീരിയസ് ആയി  തന്റെ സങ്കീർണമായ  പ്രശ്നത്തിനെ ചുരുളുകളഴിച്ചു

"ഞാൻ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ റൂമിലെ ലൈറ്റ് ഓഫാക്കിയിടും. പക്ഷെ എന്നും രാവിലെ അഞ്ച് മണിക്ക് ഞാൻ എഴുന്നേൽകുമ്പോൾ ആ ലൈറ്റ് ഓണായിരിക്കും. സഹമുറിയന്മാർ രണ്ടെണ്ണവും നൈറ്റ് ഷിഫ്റ്റിലായതുകൊണ്ട് അവരല്ല. വേറാരും റൂമില്ലില്ലതാനും. ഇതെങ്ങെനെ സംഭവിക്കുന്നു എന്ന് കണ്ടുപിടിക്കാൻ പറ്റുന്നില്ല. കഴിഞ്ഞ ശനിയാഴ്ച്ച  രാത്രി മുഴുവൻ ഞാൻ ലൈറ്റ് ഓഫാക്കി ഉണർന്നിരുന്നു, പക്ഷെ അന്ന് ലൈറ്റ് ഓണായില്ല."

ഞങ്ങളുടെ മുഖത്ത് ആശ്ചര്യം. ആദ്യമായിട്ടാണ് ഇങ്ങനൊരു പ്രശ്നത്തിലിടപെടുന്നത്. ഐ മീൻ ഒരദൃശ്യശക്തിയുമായി ഇത്രയും അടുത്തെത്തിയതിന്റെ ഭയവും കൌതുകവും ഒരുമിച്ചു ചേർന്ന ഒരു ഫീലിംഗ്.   ഒന്നും പറയാനാകാതെ ജുബിത്തിന്റെ മുഖത്ത് കണ്ണും നട്ടിരുന്ന ഞങ്ങളുടെ സൈലൻസ് ബ്രേക്ക് ചെയ്തത് ഒടിയനാണ്

 "എത്രകാലമായി ഇത് തുടങ്ങിയിട്ട്? "

 "ഏകദേശം ഒരു മാസമായി. "

 "എന്നിട്ട് നീ റൂം മേറ്റ്സിനോട് പറഞ്ഞോ? "

"അവന്മാര് ഒടുക്കത്തെ പേടിത്തൊണ്ടന്മാരാ. അവരോടു പറഞ്ഞാൽ അവന്മാര് റൂം ഒഴിഞ്ഞ് പോകും. പിന്നെ വാടക ഞാൻ ഒറ്റയ്ക്ക് കൊടുക്കേണ്ടി വരും. "

പൊടുന്നനെ മണ്ണുവിന്റെ വക കമെന്റ്  "എടാ കേട്ടടത്തോളം ഇതൊരു പ്രശ്നമുള്ള കേസാ. വല്ല ബാധയുമായിരിക്കും. ഞാനെനി നിന്റെ വീടിന്റെ പരിസരത്തു പോലും വരുന്നില്ല. എനിക്ക് പേടിയൊന്നുമുണ്ടായിട്ടല്ല , പക്ഷെ ഇതുപോലുള്ള ശക്തികളെ നമ്മൾ പരീക്ഷിക്കരുത്. ഞങ്ങടെ നാട്ടിൽ ഇതുപോലെ പണ്ടൊരിക്കൽ … "

"നിങ്ങടെ നാട്ടിൽ പണ്ടൊരിക്കൽ ഒലക്കേടെ മൂട്!" മണ്ണു പറയുന്നതിനിടയിൽ സനൂപ് ഇടപെട്ടു, "ഒരുത്തനിന്നു രാത്രി ആ റൂമിലേക്ക് തന്നെ കയറിപ്പോണ്ടതാ. അപ്പോഴാ അവന്റെയൊരു ഓലക്കേലെ കഥ. നിന്റെ ബ്രേക്ക് റ്റൈം കഴിയാറായില്ലെ. വൈകിയാ നിന്റെ മാനേജറിന്റെ വായീന്ന് തെറികേൾക്കും. പിന്നെ നാളെ മുതൽ അതാവും കഥ! "

അങ്ങനെ ഓരോരുത്തരായി അവരവരുടെ ഓഫീസിലേക്ക് വലിഞ്ഞു. എല്ലാവരുടേയും മനസ്സിൽ ജുബിത്തിന്റെ വാക്കുകളിൽ പൊതിഞ്ഞ  പ്രശ്നം തന്നെയായിരുന്നു. അവൻ പറയുന്നത് സത്യമാണെങ്കിൽ ഭയപ്പെടുത്തുന്ന ഒരുത്തരമായിരിക്കും ഇതിന്റെ ഒടുവിൽ എന്ന് എല്ലാവരും വിശ്വസിച്ചു . പേടിയില്ല എന്ന് പുറത്ത് കാണിക്കുന്നുണ്ടെകിലും ജുബിത്തിന്  നല്ല ഉൾഭയമുണ്ടായിരുന്നു. മണ്ണുവിന്റെ കാര്യം പിന്നെ പറയണ്ട -  ഒടുക്കത്തെ പേടിയും പോരാത്തതിനു ഓരോ കഥകൾ പറഞ്ഞ് ബാക്കിയുള്ളവരെക്കൂടി പേടിപ്പിക്കാനുള്ള ശ്രമവും.

എനിവേയ്സ് അന്ന് മുതൽ എല്ലാ ദിവസവും ഞങ്ങൾ ജുബിത്തിനെ വിളിച്ച് കാര്യമന്വേഷിക്കാൻ തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോ പുതിയൊരു ഡെവലപ്മെന്റ് - കാലത്ത് ആറുമണിക്ക് ശേഷം എഴുന്നേൽകുന്ന ദിവസങ്ങളിൽ ലൈറ്റ് ഓണാവാറില്ല. ഇനിയിപ്പോ ഒരു പക്ഷെ ലൈറ്റ് ഓണാക്കുന്ന  അദൃശ്യശക്തി    പിന്നീട് ഒരാറു മാണിയോടടുക്കുമ്പോ  ലൈറ്റ് ഓഫാക്കുന്നതാണെങ്കിലോ എന്ന് പോലും ഞങ്ങൾ വിശ്വസിച്ചു തുടങ്ങി. പലയിടത്തുനിന്നും വിശ്വസനീയമായ ബാധക്കഥകൾ കേട്ടുതഴമ്പിച്ചതിനാൽ ഇതും അതുപോലൊരെണ്ണമാണെന്ന് വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല. 

ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങളുടെ മനസ്സിൽ  ഭയത്തിന്റെ നിഴലുകൾ സാൽസാഡാൻസ് കളിച്ചുതുടങ്ങിയിരുന്നു . ഇന്ന് ജുബിത്തിന്റെ വീട്ടിൽ നടക്കുന്നത് നാളെ ഞങ്ങളിലൊരളുടെ  വീട്ടിലും സംഭവിച്ചുകൂടെന്നില്ല. ജുബിത്ത് ഉറങ്ങിക്കിടക്കുമ്പോൾ ലൈറ്റ് ഇടുന്നത് ഒരു സ്ത്രീയുടെ ആത്മാവായിരിക്കുമെന്നും ജുബിത്തിന്റെ ശരീര സൌന്ദര്യം കണ്ടാസ്വദിക്കാനായിരിക്കും  ഉറങ്ങുമ്പോൾ ലൈറ്റ്  ഇടുന്നതെന്നുമാണ് കമ്പിയുടെ ഇന്റർപ്രറ്റേഷൻ. കമ്പിപ്പുസ്തകങ്ങൾ വായിച്ചുതഴമ്പിച്ച കമ്പിയുടെ വായിൽ നിന്നും ഇതുപോലൊരെണ്ണം കേട്ടില്ലെങ്കിലേ അത്ഭുതമുള്ളു.

ഹൌസ്‌ ഓണറെ അറിയിച്ച് ഒരു ഗണപതി ഹോമം നടത്താൻ മണ്ണു നിർദേശിച്ചു, എന്നിട്ട് ഫലമുണ്ടായില്ലെങ്കിൽ വല്ല മാന്ത്രികനേയും കൊണ്ടുവന്ന് ചുട്ടകോഴിയെ പറപ്പിക്കുകയോ മറ്റോ ചെയ്യാമെന്നായി. കാര്യങ്ങൾ കൈവിട്ടുപോകാതിരികാൻ പോംവഴികൾ ചർച്ച ചെയ്യുന്നത് തകൃതിയായി എല്ലാദിവസവും വീഴ്ച്ചയില്ലാതെ ഗ്രൂപ്പ് ചാറ്റിലൂടേയും കോണ്ഫറന്സ് കോൾ മുഖേനെയും നടന്നു പോകുന്നതിനിടയിൽ  ഒരു ദിവസം ജുബിത്തിന്റെ വക ടെക്സ്റ്റ് മെസ്സേജ്,  "യുറേക്കാ  …. യുറേക്കാ…. കണ്ടുപിടിച്ചേ …. പ്രോബ്ലം  സോൾവ്ഡ് "

കാര്യങ്ങൾ വിശദമായി അറിയാൻ ഫോണ്‍ ചെയ്തെങ്കിലും ജുബിത്ത് വളരെ ബിസിയായിരുന്നു. അതിനാൽ   വൈകിട്ട് ജുബിത്തിന്റെ ഷിഫ്റ്റ്‌ തീരാൻ വേണ്ടി ഞങ്ങൾ അവന്റെ ഓഫീസിനു പുറത്തെ കാഫിറ്റീരിയയിൽ കാത്തിരുന്നു. നൂറ്റിയിരുപത് വാട്ടിന്റെ ബൾബ് കണക്കെ വെട്ടിത്തിളങ്ങുന്ന ചിരിയോടു കൂടി ജുബിത്ത് വന്നതും എല്ലാവരും ഒരേസ്വരത്തിൽ അവനുനേരെ ചാടി,  " എടാ പറയെടാ… എന്താണ് മച്ചാ സംഭവം? "

കാഫിറ്റീരിയയിൽ സ്ഥാപിച്ചിട്ടുള്ള കമ്പനി വക  കോഫി മഷീനിൽ നിന്നും ഓസിനു  കിട്ടുന്ന കാപ്പിച്ചീനൊ പ്ലാസ്റ്റിക്ക് സ്ട്രോ കൊണ്ട് നല്ലോണം ഇളക്കി ഒരു സിപ്പെടുത്തിട്ട് ഞങ്ങളെ നോക്കി ഒരു വളിച്ച ചിരിയോടെ ജുബിത്ത് "അത് പിന്നേ …. എന്റെ അലാറം സെൽ ഫോണിൽ സെറ്റ് ചെയ്തേക്കുന്നത് നാലേ അമ്പത്തിയഞ്ചിനാണ്. അലാറം അടിച്ചാലുടൻ അത് അഞ്ച് മിനിറ്റ് സ്നൂസ് ചെയ്ത് അഞ്ച് മണിക്കെഴുന്നേൽക്കുമെന്ന് ഉറപ്പാക്കാൻ  വേണ്ടി ഉറക്കപ്പിച്ചിൽ ഞാൻ തന്നെ കട്ടിലിന്റെ സൈഡിലുള്ള ടു വേ സ്വിച്ച് ഓണ്‍ ചെയ്യുന്നതാണ്. അതുപക്ഷേ എഴുന്നേൽക്കുമ്പോഴേക്കും ഞാൻ മറന്നുപോകും" 

സഹതാപത്തിന്റെ അലകൾ കൊണ്ട് പുളകിതമായ അഞ്ചും അഞ്ചും പത്ത് കണ്ണുകളുടെ ദൃഷ്ടി ജുബിത്തിനുമേൽ പതിഞ്ഞു, കൂട്ടത്തിൽ പുഷ്പന്റെ ബലിഷ്ടമായ കരങ്ങൾ ഒരു ഇടിവെട്ട് പഞ്ചോടെ ജുബിത്തിന്റെ നെഞ്ചത്തും.



Tuesday, December 2, 2014

കൊളോക്കിയലി കൊളമാക്കി!

രണ്ടായിരത്തിനാല് ഒക്ടോബർ പതിനെട്ടാം തീയതി ഞങ്ങളുടെ കോളേജ് മാഗസീൻ വർക്കിന്റെ ഭാഗമായി  ഫാറൂഖ് കോളേജിലെ പ്രൊഫസ്സറായിരുന്ന കാരശ്ശേരി മാഷിനെ ഇന്റർവ്യൂ ചെയ്യാനാണ്  യൂണിയൻ എഡിറ്ററും എന്റെ സഹപാഠിയും അതിലുപരി എംഎസ്എഫ്ഫിനു സ്റ്റഡി ക്ലാസ്സുകളൊക്കെയെടുക്കുന്ന ഒരു രാഷ്ട്രീയ ബുദ്ധിജീവിയും  ജുമാന്ജി അഥവാ കൊച്ചുണ്ടാപ്പി എന്ന പേരിൽ അറിയപ്പെട്ടിരുന്ന എളമ്പിലാവിൽ സുഫൈദ് എന്നേയും കൂട്ടി കാലത്ത് റെയിൽവേ സ്റ്റേഷിനിലെത്തിയത്. സുഫൈദിനു നോമ്പായതിനാലും വൈകിട്ട് അവന്റെ വീട്ടിലെ നോമ്പ് തുറയ്ക്ക് ഞാനും ഒരു ക്ഷണിക്കപ്പെട്ട അതിഥിയായതിനാൽ   ഒരു മോറൽ സപ്പോർട്ടിന് ഞാനും നോമ്പെടുത്തിരുന്നു.

തമ്മിൽ കാണുമ്പോൾ എന്നോട് അൽപസ്വല്പം നമ്പൂതിരി ഭാഷയിൽ സംസാരിക്കാറുള്ള ബബീഷ് അന്നെന്നെ വടകര റെയിൽവേ സ്റ്റേഷിനിൽ വെച്ച് കണ്ടപ്പൊ പതിവ് പോലെ , "ഹൈ തിരുമേനി എങ്ങോട്ടാണാവൊ ഇത്ര കാലത്ത് ഭാണ്ടക്കെട്ടുമായി? കാലത്ത് എന്തായിരുന്നു ഭോജനത്തിന്? "

"നോമിനിന്നു നോമ്പാണ്‌ പഹയാ. സൂര്യാസ്തമനസമയം  സന്ധ്യാദീപവും കൊളുത്തി  പള്ളീലെ ബാങ്കും കഴിഞ്ഞ് കാരക്കയും ഭോജിച്ച് നോമ്പ് മുറിക്കാതെ നോം ജലപാനം ചെയ്യില്ല ന്റെ ബബീഷ് നമ്പൂതിരീ "

ഒരു ചിരിയോടെ ബബീഷും ഞാനും സുഫൈദും രാവിലെ അഞ്ചേമുക്കാലിനു വരാനിരിക്കുന്ന കണ്ണൂർ ആലപ്പുഴ എക്സിക്യുട്ടീവ്‌ എക്സ്പ്രസ്സും കാത്ത് പുലർക്കാലക്കത്തിയുമടിച്ചിരുന്നു.

തീയതി ഇത്ര കൃത്യമായി ഓർക്കാൻ ഒരു കാരണമുണ്ട്. തീവണ്ടി ഏകദേശം പയ്യോളി എത്തിക്കാണും, വാതിലിന്റെ അരികിൽ കാറ്റുകൊണ്ട് പ്രകൃതിരമണീയതയൊക്കെ ആസ്വദിച്ച് വൈകിട്ട് നോമ്പ്തുറയ്ക്ക് കിട്ടാൻ പോകുന്ന വിഭവങ്ങളേയും സ്വപ്നം കണ്ട് നിൽകുകയായിരുന്ന എന്റടുത്തേയ്കു കുതിച്ചെത്തിയ സുഫൈദ്   "എടാ, വീരപ്പൻ ചത്തെഡാ …"

"ങേ ... ചത്തൂന്നൊ?"

"ഐ മീൻ കൊന്നെടാ ….. ബെടിബെച്ചു കൊന്നു. പേപ്പറിലുണ്ട്. പസ്റ്റ് പേജിൽ" 

ഏതോ യാത്രക്കാരന്റെ കയ്യിൽ നിന്നും പത്രം കടം വാങ്ങി ഫസ്റ്റ് പേജ്  കാണിച്ചുതന്നു.  സംഭവം ശെരിയാണ്‌. ബന്ദിപ്പൂർ കാടുകളെ കിടുകിടാ വിറപ്പിച്ച - പോലീസുകാരടക്കം  ഇരുന്നൂറോളം പേരെ വോട്ടർ പട്ടികയിൽ നിന്നും പേരെടുത്ത് കളയിപ്പിച്ച - പീഢനവീരന്മാരായ ആനപ്പാപ്പാന്മാർക്ക് വിട്ടുകൊടുക്കാതെ ഇരുന്നൂറ്റിയമ്പതിൽ പരം കൊലകൊമ്പന്മാരെ സ്വന്തം കൈയ്യാൽ ബലികഴിപ്പിച്ച -  തന്റെ കുടുംബത്തിനു ഒരു നേരത്തെ അന്നത്തിനു വേണ്ടി വെറും തുച്ഛമായ ഇരുപത്തിയാറ് ലക്ഷത്തിൽപരം   ഡോളർ വിലവരുന്ന ആനക്കൊമ്പും രണ്ട് കോടി ഇരുപത്തിരണ്ട് ലക്ഷത്തിൽപരം   ഡോളർ വിലവരുന്ന ചന്ദനവും കടത്തിയ  വീരശൂരപരാക്രമിയുമായ വീരപ്പൻ വെടിയുണ്ട കൊണ്ട് സൈഡ് തകർന്ന തലയുമായി മാതൃഭൂമിയുടെ  ഫ്രണ്ട് പേജിൽ  നിറഞ്ഞുകവിഞ്ഞു ഉറങ്ങിക്കിടക്കുന്നു.   

അവധിയായിരുന്ന ഇന്ന് വീട്ടിലിരുന്നെങ്കിൽ നാരായണൻകുട്ടിയുടെ തയ്യൽകടയിൽ നിന്നും ജിജേഷിന്റേയും, നക്കോന്തന്റേയും ബാക്കി വിശിഷ്ടാവശിഷ്ടങ്ങളുടേയും വായിൽ നിന്നും വീരപ്പകഥകളും വീരപ്പകത്തികളും  കേൾക്കാമായിരുന്നു. ഇനിയിപ്പോ വൈകിട്ടോ നാളെയോ  ചെന്നാൽ ഇന്നത്തെ  കത്തികളുടെ ഹൈലൈറ്റ്സ് കേൾക്കാം എന്നൊക്കെ മനസ്സിൽ ആലോചിച്ച് ഞാൻ വീണ്ടും പ്രകൃതിരമണീയതയിലേക്കലിഞ്ഞു.  

അങ്ങനെ വീരപ്പന്റെ വീരകൃത്യങ്ങളും ചർച്ച ചെയ്തു ഫറോക്കിൽ ചെന്ന് പോയ കാര്യം സാധിച്ച് ഇന്റർവ്യൂ ചെയ്ത ആ മഹത് വ്യക്തിയുടെ കയ്യിൽ  നിന്നും സമ്മാനമായി കിട്ടിയ ചില പുസ്തകങ്ങളും കയ്യിലേന്തി  ഞങ്ങൾ ഉച്ചയായപ്പോഴേക്കും തിരിച്ചു കോയിക്കോട്ടെത്തി.

ഒരു ബാക്ക്പാക്ക് ഉണ്ടായിരുന്നതിനാൽ ഞാൻ എനിക്ക് കിട്ടിയ പുസ്തകങ്ങൾ അതിൽ വെച്ചു. പുസ്തകങ്ങൾ കയ്യിലേന്തി നടന്നവശനായ സുഫൈദ് മിഠായിത്തെരുവിലെത്തിയപ്പോഴേക്കും  "ഇനി ബയ്യ,  പുസ്തകങ്ങൾ ഇടാൻ ഒരു കവറെങ്ങാനും കിട്ട്വോന്ന് നോക്കീറ്റ് ബരാം" എന്ന് പറഞ്ഞ്  മുന്നിലുണ്ടായിരുന്ന ഒരു കടയിൽ കയറി.

അഞ്ചുപത്തുമിനിറ്റായിട്ടും സഞ്ചി വാങ്ങാൻ പോയ സുഫൈദിനെ കാണാഞ്ഞിട്ട് അവൻ വല്ല ഷോപ്പിങ്ങിലും ആയിരിക്കുമെന്നും വിശന്ന് പൊരിഞ്ഞ് ഈ പൊരിവെയിലത്ത് നിൽകണ്ടല്ലൊ എന്നും  കരുതി ഞാനും അതേ കടയിലേക്ക് കയറി.

സ്ത്രീകൾ മാത്രം ജോലിചെയ്യുന്ന ഒരു ലേഡീസ് ഫാഷൻ ആക്സസ്സറീസ് കടയായിരുന്നു അത്. ഞാൻ അകത്തു കയറിയപ്പോ കണ്ടത് തരുണീർമണികളായ ഒരഞ്ചാറു പെണ്‍കുട്ടികൾ  കൂട്ടച്ചിരിയോ ചിരി. നടുവിൽ ഒരു വളിച്ച ചിരിയും മുഖത്ത് ഫിറ്റ്‌ ചെയ്ത് ശശിയായി സുഫൈദും.

കാര്യമറിഞ്ഞ എനിക്കും ചിരിയടക്കാനായില്ല. നാദാപുരം ഭാഷാ ശൈലിക്ക് ഉടമസ്ഥനായ സുഫൈദ് ആ കുട്ടിയോട് "ഒരു ഉറ തര്വോ?"  എന്ന് ചോദിച്ചത്രെ!
വളരെ നാണിച്ച് മുഖം താഴ്ത്തി അവൾ തിരിച്ചു ചോദിച്ചു "കോഹിനൂർ വേണോ?, മൂഡ്സ് വേണോ? സാധാരണ എല്ലാവരും ഇത്  മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങുന്നതുകൊണ്ട് ഇവിടെ അധികം സ്റ്റോക്കില്ല."

"അള്ളോ! അതല്ല! ഈ പുസ്തകം ബെക്കാനൊരു  ഒറയാ മാണ്ട്യേത്….. ഐ മീൻ സഞ്ചി!"