വടകരയിൽ നിന്നും എട്ട് കിലോമീറ്റെര്‍ ദൂരെ കിഴക്ക്‌ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൗണ്ട് വെള്ളറാടിൻറെ ഉച്ചിയിലാണ് ഞാന്‍ പഠിച്ച സ്കൂള്‍ - വിദ്യാപ്രകാശ് പബ്ലിക്ക് സ്കൂള്‍.
സ്കൂളിന്റെ കെട്ടിടങ്ങളും ഗ്രൗണ്ടും കഴിച്ച് ബാക്കിയുള്ളതു മുഴുവന്‍ കശുവണ്ടിത്തോട്ടങ്ങളാണ്. ഏതോ ഒരു പ്രമുഖനായ വ്യക്തിയായിരുന്നിരിക്കണം ഈ തോട്ടങ്ങളുടെ മുതലാളി. സ്റ്റുഡന്റ്സ് ആരും തന്നെ കശുവണ്ടിയില്‍ തൊടരുതെന്നു മാത്രമല്ല നോക്കുകപോലും ചെയ്യരുതെന്ന ശക്തമായ നിയമം നിലനില്‍ക്കെ അധ്യാപകരുടെ കയ്യില്‍ നിന്നും അടികൊള്ളാന്‍ പേടിയില്ലാത്ത ഞങ്ങളില്‍ ചിലര്‍ കശുവണ്ടി സ്മഗ്ഗ്ളിംഗിനായി കച്ചകെട്ടി മുന്നോട്ടിറങ്ങി.
അഞ്ചാം ക്ലാസ്സു മുതല്‍ പത്തു വരെ ഞാന്‍ ഹോസ്റ്റലിലായിരുന്നു. ഹോസ്റ്റലിലായതിനു ശേഷമാണ് ഞാന്‍ ഈ ബിസിനസ്സിലേയ്ക്ക് കൂടുതല്‍ ശ്രദ്ധ തിരിച്ചത്. ഞായറാഴ്ചകളില്‍ കശുവണ്ടിത്തോപ്പുകളിലേയ്ക്കിറങ്ങിയാല്‍ ഒരു ലാറ്റിന്‍ അമേരിക്കന്‍ സ്റ്റെയില്‍ പടയോട്ടമാണ് .
ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന ഒന്നായിരുന്നില്ല ഈ കാഷ്യു സ്മഗ്ഗ്ളിംങ്. ആദ്യമായി നമ്മുക്ക് താത്വികമായ ഒരവലോകനം ആവശ്യമാണ്. അതുകഴിഞ്ഞു നമ്മൾ ഒരു കോസ്റ്റ് ബെനിഫിറ്റ് അനാലിസിസ് ചെയ്യണം, ടാക്ടിക്കൽ ബ്ലൂപ്രിന്റ്റ് ഉണ്ടാക്കണം, എക്സിറ്റ് പ്ലാൻ ഉണ്ടാക്കണം, അണ്ടി പെറുക്കാൻ കോൺട്രാക്ട് എടുത്ത കേളപ്പേട്ടന്റെ റൂട്ട് മാപ്പ് തയ്യാറാക്കണം, വിശ്വാസയോഗ്യരായ പാർട്ണർമാരെ കണ്ടെത്തണം, പാർട്ണർമാരുടെ ഇടയിൽ സുതാര്യത നിലനിർത്തണം, അങ്ങനെ അങ്ങനെ … അങ്ങനെ ഞാനും പാർട്ണര്ഷിപ്പ് അടിസ്ഥാനത്തിൽ മെല്ലെ മെല്ലെ ഈ പടയോട്ടത്തിന്റെ ഭാഗമായി മാറി. ഇതില്‍ ഏറ്റവും ബെസ്റ്റ് കൂട്ടുകെട്ട് ഞാനും ദീപുവുമായിരുന്നു. ഞാന്‍ നേരത്തെ സൂചിപ്പിച്ച വിപിന്‍ വേണുവിന്റെ കസിന്‍ ബ്രദറാണ് ദീപു. പിന്നീടുടലെടുത്ത മറ്റൊരു കൂട്ടുകെട്ട് ഞാനും വേളം പൂസ് എന്നറിയപ്പെടുന്ന സന്ദീപ് കണ്ണനുമാണ്.
ഞങ്ങളൊക്കെ ഈ ഫീല്‍ഡിലേയ്ക്ക് ഇറങ്ങുന്നതിന് വളരേ മുന്‍പ് തന്നെ ഇതില്‍ ആധിപത്യം സ്ഥാപിച്ച ഒരു മഹാനുണ്ടായിരുന്നു, അതും പരസഹായമില്ലതെ, പാർട്ണർഷിപ്പില്ലാതെ, അദ്ധ്യാപകരുടെ കണ്ണിൽ പെടാതെ, എന്തിനു പറയുന്നു, സ്വന്തം കാമുകി പോലുമറിയാതെ പത്തു വര്‍ഷം തുടര്‍ച്ചയായി ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് മേടിച്ച ദി മോസ്റ്റ് വാണ്ടഡ് സ്മഗ്ലർ - കുരുത്തക്കേടന്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഋഷികേശ് എച് കെ അഥവാ നമ്മുടെ സ്വന്തം കേശവൻ.
നാലാം ക്ലാസിന്റെ കൊല്ലപ്പരീക്ഷ നടക്കുന്ന സമയമായിരുന്നു. പരീക്ഷ പതിനൊന്നരയ്കു കഴിയുമെങ്കിലും ഓള്‍ റൗണ്ടര്‍ റിയാസേട്ടന്‍ ലോങ്ങ് ബെല്ലടിയ്ക്കാന്‍ ഒന്നരയാകും. റിയാസേട്ടന്‍ എന്നു പറയുന്നതു ഡ്രൈവര്‍ കം അറ്റന്‍ഡര്‍ കം പ്യൂണ്‍ കം… ചിലപ്പോള്‍ നേഴ്സറിയില്‍ ടീച്ചര്‍മാരില്ലെങ്കില്‍ കുട്ടികളെ നോക്കുന്നതും റിയസേട്ടന്‍ തന്നെ.
ഋഷികേശിന്റെ ആ വര്‍ഷത്തെ മൊത്തം കലക്ഷന്‍ നാലേമുക്കാല്‍ കിലോയും ചില്ലറയുമായിരുന്നു. ഏതാനും കശുവണ്ടികൾ കൂടെ വീട്ടിലേയ്ക്ക് കടത്തിയാല്‍ അഞ്ചുകിലോ തികയ്ക്കാം. അത് വിറ്റുകിട്ടണ കാശുകൊണ്ടു വേണം കേശവന് വിഷുവിന് പടക്കം വാങ്ങാന്‍.
സീന്‍ 1 :
സംഗതി മിഷന്‍ ഇമ്പോസ്സിബ്‌ള്‍ ആണ്. ഒന്നരയ്ക്ക് ക്ലാസ്സില്‍ നിന്നിറങ്ങുമ്പോൾ ക്ലാസ് ലീഡര്‍ വിനീത് ശിവദാസ് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവരുടേയും ബാഗ് പരിശോധിക്കും പോരാത്തതിന് ആൺപിള്ളേരുടെ കീശയും തപ്പും. കള്ളക്കടത്തിന്റെ കാര്യത്തില്‍ രവീന്ദ്രന്‍ സാറിന്റെ മുന്നില്‍ ആളാകന്‍ വേണ്ടി ഈ കാര്യത്തില്‍ വളരേ ശുഷ്കാന്തി പുലര്‍ത്തുന്ന വിനീതിനെ സോപ്പിടാന്‍ അന്നുവരെ തൻറെ കഴിവിൻറെ പരമാവധി പയറ്റിയിട്ടും കേശവന് പറ്റീട്ടില.
ടോം ക്രൂസിനെ പോലെ ഋഷികേശ് മിഷന്‍ ആരംഭിച്ചു. പതിനൊന്നുമണിക്ക് പരീക്ഷ കഴിഞ്ഞപ്പോള്‍ ഋഷികേശ് ആരും കാണാതെ ബാക്ക്ഗ്രൗന്‍ഡിലേയ്ക്ക് വിട്ടു. സീനിയേഴ്സിന്റെ പരീക്ഷ കഴിയാൻ പതിനൊന്നരയാകും. അവിടെ നിന്നും വിശാലമായി പരന്നുകിടക്കുന്ന കശുവണ്ടിത്തോപ്പിലേയ്ക്ക് പതിയെ മുങ്ങി. അഞ്ചാറ് കശുവണ്ടിയെടുത്തു ക്ലാസ്സിലേക്ക് മടങ്ങി, കാരണം ആരെങ്കിലും കീശ വീര്‍ത്തിരിക്കുന്നതു കണ്ടാല്‍ മിഷൻ ഫെയിൽഡ് - വില്ലനായ വിനീതിനെ മനസ്സില്‍ ശപിച്ചുകൊണ്ട് സാധനം ക്ലാസ്സിൽ ഒളിപ്പിച്ചുവെച്ചിട്ട് അടുത്ത റൗണ്ട് - മിഷന്‍ ഇമ്പോസ്സിബ്‌ള്‍ രണ്ടിനായി പിന്നെയും മുങ്ങി.
സീന്‍ 2 :
ഉരുളക്കിഴങ്ങും പരിപ്പുമിട്ടു വാറ്റിയ സാമ്പാറും കൂട്ടി ഊണും കഴിച്ച് സ്റ്റാഫ് റൂമിലേയ്ക്ക് മന്ദം മന്ദം നടന്നു നീങ്ങുകയായിരുന്ന അജയ് സാറ് വടകര മീന്‍ മാര്‍കറ്റിനെ അനുസ്മരിപ്പിക്കും വിധം കലപില നിറഞ്ഞ ബഹളം കേൾക്കുകയും അതിൻറെ ഉറവിടം നാലാം ക്ലാസ്സില്‍ നിന്നാനെന്നറിയുകയും ചെയ്തപ്പോൾ നിന്ന നിൽപ്പിൽ കലിതുള്ളുകയും പാൻറ്സിൻറെ ബെൽറ്റോന്ന് ലൂസാക്കി ഞങ്ങടെ നാലാം ക്‌ളാസിനു നേരെ കൊടിമരത്തിനടുത്തേക്ക് ഓടിവരുന്ന വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളി പാഞ്ഞുവന്നു. മൂപ്പർക്ക് ഞങ്ങടെ ക്ലാസിലെ ആൺപിള്ളേരെ കണ്ണെടുത്തൽ കണ്ടുടാ എന്നുള്ളത് ഒരു വസ്തുതയായി നിലനിൽക്കുന്നതാണെങ്കിലും അത് മാഷിൻറെ കുഴപ്പമല്ലെന്നും മറിച്ച് മാഷന്മാരെ വെറുപ്പിക്കുന്ന കാര്യത്തിൽ ഞങ്ങളെപ്പോഴും ഒരുപിടി മുന്നിലായിരുന്നു എന്ന സത്യം ഞങ്ങളെ പോലെ തന്നെ വിദ്യാപ്രകാശ് പബ്ലിക്ക് സ്കൂള്‍ ഗ്രൗണ്ടിലെ ഓരോ പുൽക്കൊടിക്ക് പോലും സുപരിചിതമായിരുന്നു. ഉറഞ്ഞുതുള്ളിക്കൊണ്ട് ക്ളാസിലേക്ക് തള്ളിക്കയറിയ അജയ് സാർ ചെല്ലപ്പനാശാരി സ്ഥിരം കക്ഷത്ത് വെച്ച് കൊണ്ട് നടക്കുന്ന കൊത്തുളി പോലെ വേണ്ടോടത്തും വേണ്ടാത്തോടത്തും പെരുമാറാൻ സ്റ്റോക്ക് ചെയ്തുവെച്ചിരുന്ന സ്ഥിരം ക്ളീഷേ ഡയലോഗും തന്റെ ഘനഗംഭീര ശബ്ദവും സമാസമം കൂട്ടിച്ചേർത്ത് ആഞ്ഞലറി
" സയലന്‍സ്. ഡൂ യൂ തിങ്ക് ദിസ് ഈസ് മാര്‍കെറ്റ്? "
തീയറ്ററില്‍ ഹൊറര്‍ സീന്‍ കഴിഞ്ഞതു പോലുള്ള ശാന്തത. ശാന്ത സമുദ്രത്തിനു പോലും ഇത്രയും ശാന്തത കാണില്ല. പൂച്ച പോയിട്ട് ഒരീച്ച പോലും അനങ്ങുന്നില്ല. അജയ് സാറ് വന്ന് കസേരയിലിരുന്നു. അജയ് സാറിന്റെ പ്രസൻസിൽ ഉടലെടുത്ത ആ ശാന്തത കാരണം ആരൊക്കെയോ പിറുപിറുക്കുന്നതൊഴിച്ചാല്‍, മറ്റോരു ശബ്ദവും കേള്‍കാനില്ലായിരുന്നു. ഒരു പൊടിക്ക് എനർജി കൂട്ടി അലറിയതിനാലാണോ അതോ വേനല്‍കാലമായതിനാലാണോ എന്നറിയില്ല പുള്ളിക്കാരന് പതിയെ ചെറിയ ദാഹം തോന്നിത്തുടങ്ങി. കാന്റീനില്‍ പോയി വെള്ളം കുടിയ്ക്കാമെന്നു വെച്ചല്‍ ഞങ്ങൾ കുരുത്തംകെട്ട പിള്ളേര്‍ ബഹളമുണ്ടാക്കും എന്ന് നന്നായി അറിയാമായിരുന്ന അജയ്‌സാർ ചുറ്റുവട്ടത്തുള്ള ജലസ്രോതസ്സ് തപ്പുകയും അതിന്റെ പരിണാമഫലമായി രണ്ടാമത്തെ ബെഞ്ചില്‍ തൂക്കിയിട്ടിരിക്കുന്ന ആ വാട്ടര്‍ ബോട്ടില്‍ പുള്ളിയുടെ കണ്ണില്‍ പെടുകയും ചെയ്തത് - യെസ്, കാപ്പിയും ക്രീമും കളറുള്ള ആ വാട്ടര്‍ ബോട്ടില്‍. ആ വാട്ടർ ബോട്ടിലാണ് മൈ ഡിയർ സൂർത്തുക്കളേ, തത്സമയം അണ്ടിപെറുക്കാൻ കാട്ടിൽ പോയ കേശവനെ വേൾഡ് ഫെയ്മസാക്കിയ ആ വാട്ടർ ബോട്ടിൽ. സത്യത്തിൽ ആ വാട്ടർ ബോട്ടിലാണ് സൂർത്തുക്കളേ ഈ കഥയിലെ രാജകുമാരൻ!
"ദീപൂ, ഗെറ്റ് മീ ദാറ്റ് വാട്ടര്‍ ബോട്ടില്‍".
ദീപു ആ വാട്ടര്‍ ബോട്ടിലെടുത്ത് അജയ് സാറിന് കൊടുത്തു. ദാഹത്തിന്റെ അളവ് കുറച്ച് കൂടിയതിനാലാണോ എന്തോ വാട്ടര്‍ ബോട്ടില്‍ തുറന്ന് മുന്നും പിന്നും നോക്കാതെ അജയ് സാറ് തൻറെ വായിലേയ്ക്ക് കമഴ്ത്തുകയും, വെള്ളത്തിന് പകരം വായിലേക്ക് വേറെ എന്തോ വീഴുകയും, അതിന്റെ ഞെട്ടലിൽ ഞങ്ങളാരും അന്ന് വരേയും അതിനു ശേഷവും കേട്ടിട്ടില്ലാത്ത ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും, സർവ്വാധികം ശക്തിയുമെടുത്ത് ആഞ്ഞൊരു തുപ്പ് തുപ്പുകയും ചെയ്തു. സംഭവം ലൈവായി കണ്ടുകൊണ്ടിരുന്ന മുപ്പത്തിരണ്ടും മുപ്പത്തിരണ്ടും അറുപത്തിനാല് കണ്ണുകളും കണ്ട കാഴ്ച്ച അജയ് സാറിന്റെ വായിൽ നിന്നും വെടിയുണ്ട കണക്ക് ചീറിപാഞ്ഞ് അനസിന്റെ മുഖത്ത് പതിച്ച രണ്ട് കശുവണ്ടികളായിരുന്നു. തൊട്ടടുത്തിരുന്ന കമറുദ്ദീനെ ചൊറിഞ്ഞുകൊണ്ടിരുന്ന അനസ് തന്റെ കർത്തവ്യനിർവഹണത്തിൽ ഭംഗം വരുത്തിയതാരാടാ എന്ന മട്ടിൽ ചുറ്റും നോക്കുകയും, കശുവണ്ടി വെടിയുടെ ഉത്ഭവം അജയ് സാറാണെന്ന് അറിയുകയും ചെയ്തപ്പോ അത് പെറുക്കി മെല്ലെ മേശപ്പുറത്ത് കൊണ്ട് വെച്ചു. ചോരക്കണ്ണുകൾ മുഖത്ത് ഫിറ്റ് ചെയ്ത ഒരു ഭീകര സത്വത്തെപ്പോലെ അജയ് സാറ് വാട്ടര്‍ ബോട്ടിലില്‍ ബാക്കിയുണ്ടായിരുന്ന അഞ്ചാറ് കശുവണ്ടിയും എടുത്ത് മേശപ്പുറത്ത് വെച്ചു.
അജയ് സാറ് വീണ്ടും തന്റെ ഘനഗംഭീര ശബ്ദം മിക്സ് ചെയ്ത് ആഞ്ഞലറി "ഹൂസ് വാട്ടര്‍ ബോട്ടില്‍ ഈസ് ദിസ്? "
ഋഷികേശിന്റെ വാട്ടര്‍ ബോട്ടിലാണെന്നറിയാമായിരുന്നിട്ടും, ആരും മിണ്ടിയില്ല. അജയ് സാര്‍ ചോദ്യം ആവര്‍ത്തിച്ചു. കേട്ട പാതി കേള്‍കാത്ത പാതി ജിജു എഴുന്നേറ്റു നിന്നു.
ജിജു എന്നാല്‍ ജിജേഷ് പി പി അഥവാ ... അല്ലെങ്കി വേണ്ട അഥവാ ഇപ്പൊ വെക്കുന്നില്ല ടിയാന്റെ കഥകൾ ഇഷ്ടംപോലുണ്ട്. അത് വഴിയേ പറയാം. ജിജു എഴുന്നേറ്റു നില്‍കാന്‍ രണ്ടു കാരണങ്ങളാണ്.
1. അന്ന് ക്ലാസില്‍ രണ്ടു ഗാങ്ങുകളാണുണ്ടായിരുന്നത് - ജിജുവിന്റെ ഗാങ്ങും ദീപുവിന്റെ ഗാങ്ങും. ഒരേ സമയം രണ്ടു ഗാങ്ങിലും നിന്ന് അങ്ങോട്ടും ഇങ്ങോട്ടും പാരവെയ്ക്ക്ക്കുന്ന ഋഷികേശിനിട്ടു തിരിച്ചോരു പാര വെയ്ക്കാൻ ഒരു ചാൻസിനു വേണ്ടി കുറച്ചു കാലമായി ടിയാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു .
2 കണക്കു പരീക്ഷയില്‍ മാര്‍ക് കുറഞ്ഞു പോവുകയാണെങ്കില്‍ ഇതിന്റെ പേരില്‍ അടി രണ്ടെണ്ണം കുറയുമെല്ലോ എന്ന തോന്നലാണു രണ്ടാമത്തെ കാരണം.
"ദിസ് ഈസ് ഋഷികേശ്‌സ് വാട്ടര്‍ ബോട്ടില്‍. ഹി ഈസ് ടേകിംഗ് സോ മെനി അണ്ടീസ് ടു ഹോം ഡെയിലി" അണ്ണാൻ കുഞ്ഞും തന്നായലായത് എന്ന് പറഞ്ഞ പോലെ തന്നെക്കൊണ്ടാകുന്ന വിധം ജിജു പറഞ്ഞൊപ്പിച്ചു.
"കോള്‍ ഋഷികേശ് ", അജയ് സാര്‍ ആജ്ഞാപിച്ചു.
പറഞ്ഞുതീര്‍ന്നില്ല ജിജൂന്റെ ഗാങ്ങിലിള്ള പ്രമുഖര്‍ ഋഷികേശിനെ തപ്പിയോടി. ജിജു കശുവണ്ടിത്തോപ്പിലേയ്കും, അസീര്‍ ഓഫീസിന്റെ ഭാഗത്തേയ്കും, ഘനശ്യാം ഗ്രൗണ്ടിലേയ്കും, വിപിന്‍ വേണു ക്യാന്റീനിലേയ്ക്കും പറന്നു. ക്ഷണ നേരം കൊണ്ട് ഋഷികേശിനെ അജയ് സാറിനു മുമ്പില്‍ ഹാജരാക്കി.
ഒരു നിമിഷത്തെ നിശബ്ദത
" പ്പ്‌ഠേ "
വിഷുവിന് പൊട്ടേണ്ടത് നേരത്തേ പൊട്ടി. അതും കേശവന്റെ കവിളത്ത്!
-കടത്തനാടൻ
May 20, 2007