" ചേട്ടാ, ചേട്ടന് ലൈനുണ്ടോ? "
തെക്കേക്കോലായിലെ തിണ്ണയിലിരുന്ന് മുറ്റത്തു പരതിനടക്കുന്ന കോഴിക്കുഞ്ഞുങ്ങളേയും നോക്കി ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്ന എന്റെ ഉച്ചിയിൽ ചായകയറി ഞാനൊന്നു ചുമച്ചു.
തെക്കുംകര അരവിന്ദാക്ഷൻ പിള്ള എന്നറിയപ്പെടുന്ന അല്ലെങ്കിൽ അരവിന്ദമാമൻ എന്ന് ഞാൻ വിളിക്കുന്ന എന്റെ മൂത്ത അമ്മാവന്റെ മുട്ടയിൽനിന്നും വിരിയാത്ത നാലാം ക്ലാസ്സിൽ പഠിക്കുന്ന പുത്രൻ ശ്രീമാൻ ഗോകുൽ അരവിന്ദാക്ഷൻ പിള്ളയുടെ വകയായിരുന്നു ആ ചോദ്യം.
നവരസങ്ങൾക്കു പുറമേ ഞാൻ സ്വന്തമായി വാർത്തെടുത്ത എന്റെ നാലാമത്തെ രസം(രസം നമ്പർ 13) ഞാൻ മുഖത്തുചാലിച്ച് അവനെ ഒന്ന് നോക്കി. അവന്റെ ചോദ്യത്തെ സപ്പോർട്ട് ചെയ്യാൻ ദേ ഒരുപറ്റം കുട്ടിപ്പിശാച്ചുക്കൾ ചോദ്യചിഹ്നം(?) മുഖത്തു ഫിറ്റ് ചെയ്തു എന്നെത്തന്നെ തുറിച്ചു നോക്കിനില്കുന്നു.(ബൈ ദ വേ, ഈ കസിന്സ് എന്ന് പറയുന്ന സാധനം ദൈവം സഹായിച്ച് ഒരു പത്തുപതിനാറെണ്ണം ഉണ്ടെനിക്ക്)
ചോദ്യത്തിന്റെ പ്രസക്തി എനിക്ക് ശരിക്കങ്ങട് കത്തിയില്ല. ഇനിയിപ്പോ പ്രീതി നായരുടെ പുറകേ നടക്കുന്ന വിവരമെങ്ങാനും ഇവരരിഞ്ഞൊ? അതിനു വഴിയില്ല, കാരണം, അവൾക്കു തന്നെ അറിയില്ല ഞാൻ അവളുടെ പിന്നാലെ നടക്കുന്നത്. പിന്നെയാ ഒരു പത്തെണ്ണൂറു കിലോമീറ്റർ തെക്കുള്ള ഈ പീക്കിരി പിള്ളേർ.
ഒന്നും ഉരിയാടുന്നതിനു മുൻപ് തന്നെ ചുറ്റുമുള്ള ലട്കാസ് ആൻഡ് ലട്കീസ് സംഭവം പ്രസന്റ് ചെയ്തു. നാല് ഡിയിൽ പഠിക്കുന്ന മേൽ പറഞ്ഞ ചെക്കന് അതേ സ്കൂളിൽ ഒന്ന് ബിയിലുള്ള വീണയുമായി പ്രേമമാണത്ത്രെ. ഈ കാര്യം പ്ലസ് ടൂവിൽ പഠിക്കുന്നവനും സ്കൂളിലെ ഏക സെൽ ഫോണ് ഉടമസ്ഥനുമായ അവളുടെ സഹോദരനോട് ഒരു കാരണവരുടെ സ്ഥാനത്തുനിന്ന് ഞാൻ കാര്യം അവതരിപ്പിച്ച് സമ്മതം വാങ്ങികൊടുക്കണം പോലും.
വീണ്ടും ഉരിയാടാൻ പറ്റുന്നതിനു മുൻപ് കുഞ്ഞമ്മ വന്ന് പിള്ളേരെല്ലാവരെയും കൂട്ടി കശുവണ്ടി പെറുക്കാൻ തൊടിയിലേക്ക് പോയി.
കാലം പോയൊരു പോക്കേ? മുത്തശ്ശികഥകളും മായാവിയും ഡിങ്കനും കപീഷും തീപ്പെട്ടിചിത്രശേഖരണങ്ങളുമൊക്കെ മറന്ന് മലയാളിയുടെ ബാല്യം ഇന്ന് ഗേൾഫ്രെണ്ട്സിന്റേയും ഫ്രഞ്ച്മുത്തങ്ങളുടേയും സെൽഫോണിന്റേയും സൈബർമാമാങ്കങ്ങളുടേയും ലോകത്തേയ്ക്ക് ചേക്കേറിയിരിക്കുന്നു.
എന്റെ ശ്രദ്ധ വീണ്ടും ചായകുടിയിലേക്കും കോഴിക്കുഞ്ഞുങ്ങളിലേക്കും പ്രീതി നായരുടെ ഓർമകളിലേക്കും വഴുതി വീണു.