മനുഷ്യ ശരീരത്തിലെ ഡിഎൻഎ ഘടകങ്ങളായ ഇരുപത്തിമൂന്നു ജോടി ക്രോമൊസോമുകളും ഡീകോട് ചെയ്ത്, അതിൽ ഒന്നും രണ്ടും മൂന്നും ജീനുകൾ കുരുത്തക്കേടിന്റേയും നാലും അഞ്ചും ജീനുകൾ ഊഡായിപ്പിന്റേതുമാണ് കിട്ടുന്നതെങ്കിൽ അതിൽ യാതോരു സംശയവും വേണ്ട, ആ ഡിഎൻഎ നമ്മുടെ എംടി എന്നറിയപ്പെടുന്ന എന്റെ ബംഗ്ലൂർ സഹമുറിയൻമാരിൽ മൂന്നാമനായ എംടി വിനീത് നമ്പ്യാരുടേത് തന്നെയായിരിക്കും.
ഇങ്ങനൊരു ജനിതിക ഘടകം ഉള്ളതുകൊണ്ട് മാത്രമാണ് ബംഗ്ലൂർ എൻടിടിഎഫ്ഫിൽ മൂന്നാം വർഷ വിദ്യാർഥിയായ എംടിയെ തന്റെ സഹപാഠിയും സുഹൃത്തുമായ റിജേഷിനോടൊപ്പം തലശ്ശേരി എൻടിടിഎഫ്ഫിലേക്ക് ഡീപ്രൊമോഷനോടുകൂടി ട്രാൻസ്ഫർ ചെയ്തതത്രെ!
നന്നാവാൻ തീരുമാനിച്ച കുഞ്ഞാട് പിന്നീട് പഠിത്തത്തിൽ ശ്രദ്ധ ചെലുത്തുകയും പഠിത്തമൊഴിഞ്ഞ സന്ദർഭങ്ങളിൽ ക്രിക്കറ്റ്, ഫുട്ബോൾ എന്നീ കായികവിനോദങ്ങളിൽ മാത്രം ഏർപ്പെടുകയും ചെയ്തു. അല്പം ലോങ് സൈറ്റെഡ്നെസ്സ് (ദീർഖവീക്ഷണം) കൂടുതലുള്ളതിനാൽ പഠിത്തം കഴിഞ്ഞു ജോലി ചെയ്തുതുടങ്ങുതിനോടൊപ്പം ഒരു കുടുംബജീവിതം കൂടെ കെട്ടിപ്പൊക്കണമെന്ന മോഹം മനസ്സിലുദിച്ചതിന്റെ ഭാഗമായി എംടിക്ക് സുന്ദരിയും സുശീലയും വിനീതയും തന്റെ സഹപാഠിയുമായ ജോജ്നയോട് അനുരാഗം തോന്നുകയും അതൊരു പ്രേമലേഖനത്തിൽ കലാശിക്കുകയും ചെയ്തു.
പക്ഷേ പ്രേമലേഖനം കിട്ടിയപാതി കിട്ടാത്തപാതി വായിച്ചുപോലും നോക്കാതെ ജോജ്ന ആ കത്ത് ചുരുട്ടിക്കൂട്ടി എംടിയുടെ മുഖത്തെറിഞ്ഞ് " ഗെറ്റ് ലോസ്റ്റ്, യൂ ബ്ലഡീ ഫൂൾ " എന്ന് പറയുകയും പോരാത്തതിന് ആ സീൻ ഒന്നുകൂടെ സംഭവബഹുലമാക്കുവാൻ പരീക്ഷാ റിസൾട്ട് വരുമ്പോൾ കരയാന് വേണ്ടി കരുതി വച്ചിരുന്ന പുത്തൻ സ്റ്റോക്കില് നിന്ന് നല്ലത് നോക്കി ഒരു മൂന്ന് നാലു ഐറ്റം എടുത്ത് ആവശ്യത്തിന് കണ്ണീരും മിക്സ് ചെയ്ത് വൃത്തിയായിട്ട് ഒരലക്കലക്കുകയും ചെയ്തത്രെ!
ജോജ്നയുടെ ഈ അപ്രതീക്ഷിതമായ പൊട്ടിത്തെറിയുടെ ആഖാതത്തിൽ എംടിയുടെ ഹൃദയം ബിജുവേട്ടന്റെ ബേക്കറിയിലെ ജ്യൂസ് മെഷീനിലിട്ട മുസംബി പോലെ ചിന്നഭിന്നമായി. ചില ഓഞ്ഞ സാഹപാഠികളുടെ സഹതാപവും മറ്റു ചിലരുടെ അപഹാസവും എംടിയെ കൊണ്ടെത്തിച്ചത് റിജേഷിന്റെ റൂമിലെ അടുക്കളയിലേക്കായിരുന്നു. മുകളിലത്തെ ഷെൽഫിൽ പഞ്ചാരട്ടിന്നിന്റെ പുറകിൽ ഒളിപ്പിച്ചുവെച്ച ട്രിപ്പിൾ എക്സ് റമ്മ് ഒറ്റവലിക്കു കുടിച്ച് സ്വല്പം അച്ചാറും നക്കി ജോജ്നയുടെ ഓർമ്മകൾ അയവിറക്കി എംടി മെല്ലെ ഉറക്കത്തിലേക്കാണ്ടു. അന്നുമുതൽ റിജേഷിന്റെ അടുക്കളയും പഞ്ചാരട്ടിന്നും എംടിക്ക് ഒരു പതിവ് പരിപാടിയായി.
* * * * *
വർഷങ്ങൾക്കു ശേഷം മൈക്രോലാൻഡി ൽ ജോലികിട്ടി ബംഗ്ലൂരിലേക്ക് ചേക്കേറിയ എംടി ബംഗ്ലൂർ ജീവിതവുമായി പൊരുത്തപ്പെട്ടു വരുന്നതിനിടയിലാണറിഞ്ഞത് ജോജ്നയ്ക്ക് ഇൻഫോസിസിൽ ജോലി കിട്ടിയെന്നും ഹൈദെരാബാദിലേക്കു ട്രാൻസ്ഫറായെന്നും. ജോലി കിട്ടിയ വകയിൽ കണ്ഗ്രാജുലേറ്റ് ചെയ്യാനും ട്രാൻസ്ഫറായ വകയിൽ ഗുഡ് ബൈ പറയാനും എംടി ജോജ്നയെ ഫോണിൽ വിളിച്ചു. വിധിയുടെ വിളയാട്ടമെന്നു പറയട്ടെ ആ ഫോൺ കോളിൽ ജോജ്ന വീണു.
അവിടുന്നങ്ങോട്ട് എംടി യുടെ ലൈഫ് കളർഫുളായിരുന്നു. ജോജ്നയുമായി ഫോണിളുള്ള സല്ലാപവും, സഹമുറിയന്മാരുമായിട്ടു ആഴ്ചയിൽ ഒരിക്കലുള്ള പാർട്ടിയും, ഷോപ്പിങ്ങും, ചുറ്റിക്കറക്കവും, സിനിമകാണലും, ക്രിക്കറ്റുകളിയുമൊക്കെയായി അടിച്ചുപൊളിക്കുന്ന സമ്പൽസമൃദ്ധമായ കാലം. ആയിടയിലാണു മൈക്രോലാൻഡിന്റെ പത്താം വാർഷികഘോഷം നടത്താൻ കമ്പനി തീരുമാനിച്ചത്. പരിപാടികൾ നടക്കുന്നതാകട്ടെ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള മണിപ്പാൽ കൗണ്ടി റിസോർട്ടിലും. ഫ്രീയായ് ഫൂഡ്ഡും ഡ്രിങ്ക്സും ഉള്ളതിനാൽ എംടിയുടേയും റിജേഷിന്റേയും ക്ഷണം സ്വീകരിച്ച് ഞങ്ങൾ (ജിജേഷ്, ജിത്തു, ശങ്കരൻ, സിഗേഷ്, സജേഷ്, ഞാൻ) പോകാൻ തീരുമാനിച്ചു.
ഞങ്ങളവിടെ എത്തുമ്പോൾ എംടി നല്ല ഫോമിലായിരുന്നു. കുറച്ചു നേരം ഞങ്ങൾകും കമ്പനി തന്ന് എംടി മെല്ലെ കൊളീഗ്സിന്റെ ഇടയിൽ അപ്രത്യക്ഷനായി. ജിജേഷും ജിത്തുവും ഞാനും ഞങ്ങളുടെ സ്ഥിരം ഹോബിയായ പക്ഷിനിരീക്ഷണത്തിൽ ലയിച്ചിരുന്നു. അപ്പോഴേക്കും സജേഷും ശങ്കരനും സിഗേഷും വയനാടൻ കഥകൾ പങ്കുവെയ്കാൻ തുടങ്ങിയിരുന്നു.
സ്വല്പനേരം കഴിഞ്ഞപ്പോൾ ഒരു സൈഡിൽ നിന്നൊരു ബളഹം. സ്ഥിരം വെള്ളമടി പ്രശ്നമെന്തെങ്കിലുമായിരിക്കുമെന്നു ഞങ്ങൾ അങ്ങൊട്ട് ശ്രദ്ധിച്ചില്ല. പക്ഷേ സംഭവം ഒരു പത്തുമിനിറ്റ് നീണ്ടുനിൽക്കുകയും ബഹളത്തിൻറെ അന്തർധാരയിലെവിടെയോ മലയാളവും ഇംഗ്ളീഷും കന്നടയും ശ്രവിക്കുകയും ചെയ്തതോടെ എന്തോ പന്തികേട് തോന്നി ഞങ്ങളങ്ങോട്ട് ചെന്നു. ചെന്നപ്പോ കാണുന്നത് ഒരു സെക്യൂരിറ്റി ഗാർഡ് എംടിയെ കൈകൾ കൊണ്ട് ധൃതരാഷ്ട്രാലിങ്കനം ചെയ്തു കന്നടയിൽ എന്തോ പറയുകയും അയാളുടെ ശക്തമായ കൈകളിൽ നിന്നും കുതറിമാറാൻ ശ്രമിച്ചുകൊണ്ട് അയാൾകും ഞങ്ങൾകും മനസ്സിലാകാത്ത ഒരുതരം മലയാളം കലർന്ന കന്നടയിൽ എന്തോ പുലമ്പിക്കൊണ്ട് കയ്യിലൊരു ഫോർക്കുമായി എംടി കുതറാൻ ശ്രമിക്കുകയും ഇതിനിടയിൽ പ്രശ്നം എന്തെന്നറിയാനും അത് തീർകാനും ശ്രമിച്ചുകൊണ്ട് ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും കന്നടയിലും മാറി മാറി ഡയലോഗ് കാച്ചിക്കൊണ്ടിരുന്ന റിജേഷിനേയുമായിരുന്നു. ഞങ്ങൾ അടുത്തെത്തുമ്പോഴെക്കും ഒരു മുന്നൂറ് സോറി പറഞ്ഞ് റിജേഷ് എംടിയെ സ്വതന്ത്രനാക്കിയിരുന്നു.
കാര്യമന്വേഷിച്ചപ്പോൾ സെക്യുരിറ്റി ഗാർഡ് കന്നടയിൽ പറഞ്ഞതിന്റെ തർജമ ഇങ്ങനെ " ഈ സാറ് കയ്യിലുള്ള ഫോർക്കുമായി അക്വേറിയത്തിലെ ഞണ്ടിനെ കുത്തിക്കൊല്ലാൻ നോക്കുന്നു. ഞാൻ സമയത്ത് പിടിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ ആ പാവം ജീവി ചത്തുപോയേനെ."
അമ്പരപ്പ് മാത്രം നിറഞ്ഞു നിന്ന ഞങ്ങൾ എംടിയെ മെല്ലെ റിസോർട്ടിന്റെ മറ്റൊരു വശത്തേക്ക് കൊണ്ടുപോയി. രോഷാകുലനായി നിന്നിരുന്ന എംടിയോട് പിന്നേയും കാര്യമെന്തെന്ന് ആരാഞ്ഞു. ചോദിച്ചുതീർന്നില്ല, എംടി പിന്നേയും ആ ഫോർക്കും പൊക്കിപ്പിടിച്ച് "കുത്തിക്കൊല്ലുമെടാ നായീന്റെ മോനേ " എന്ന് പറഞ്ഞുകൊണ്ട് ആ സെക്യുരിറ്റി ഗാർഡിനെ ലക്ഷ്യമാക്കി കുതിച്ചു. പുറകെ ഓടിയ റിജേഷ് ഒരു കണക്കിന് എംടിയോടൊപ്പമെത്തുകയും തന്റെ കാരിരുമ്പിന്റെ ശക്തിയുള്ള ഈട്ടി കൊണ്ട് കടഞ്ഞെടുത്തത് പോലുള്ള കരങ്ങളാൽ എംടിയെ ബന്ധനസ്ഥനാക്കുകയും വാതിലിനടുത്തേക്ക് ഒരുവിധത്തിൽ ഡിസ്പ്ലേസ് ചെയ്യുകയും ചെയ്തു.
പിന്നെ അമാന്തിച്ചില്ല. കാര്യങ്ങൾ വഷളാകുന്നതിനു മുന്നേ ഞങ്ങൾ എംടിയേയും കൊണ്ട് പുറത്തിറങ്ങി വീട് ലക്ഷ്യമാക്കി നടന്നു.
പോകും വഴി ജിജേഷ് എംടിയോട് "എടാ എംടീ, ആക്ച്വലി എന്താണു പ്രശ്നം?"
"ആ നായിന്റെ മോൻ എന്നെ ഒരു കാര്യവുമില്ലാതെ മിഡിൽ ഫിംഗർ പൊക്കിക്കാണിച്ചു. കൊല്ലണ്ടേ അവനെ?"
"ആര്? ആ സെക്യുരിറ്റി ഗാർഡോ?"
" അല്ലെഡാ… ആ അക്വേറിയത്തിലെ ഞണ്ട് "
കാട്ടുകോഴിക്കെന്തു സംക്രാന്തി എന്ന് ചോദിച്ചത് പോലെ ഞണ്ടിനെന്ത് മിഡിൽ ഫിംഗർ? വീടെത്തും വരെ ആരും ഒന്നും ഉരിയാടിയില്ല. പഞ്ചാരട്ടിന്നിന് പിന്നിൽ ഒളിപ്പിച്ചുവെച്ച റമ്മും മോന്തി ഞങ്ങൾ ഉറക്കത്തിലേക്ക് ഡൈവ് ചെയ്തു വീണു.
വാൽ : പിറ്റേന്നു കാലത്തു ജോജ്നയുടെ മിസ്സ്ഡ് കോൾ കേട്ട് ഉറക്കമുണർന്ന എംടി ഞങ്ങളുടെ ബെഡ്റൂമിൽ വന്ന് ശങ്കരനെ വിളിച്ചുണർത്തിയിട്ടൊരു ചോദ്യം, "ഡാ ശങ്കരാ… ഇന്നലെ എപ്പാഡാ തിരിച്ച് വന്നേ ?"