Saturday, October 18, 2014

നിഷ്കളങ്കൻ 2

ശനിയാഴ്ച കാലത്തെട്ടുമണിക്ക് ബിജുവേട്ടന്റെ ബേക്കറിയിൽ  നിന്നും വാങ്ങിക്കൊണ്ടുവന്ന മൈദ ബ്രഡ്ഡിൽ നിന്നും ആറു കഷ്ണം മുട്ടറോസ്റ്റുംകൂട്ടി തട്ടി ഒരു ഏമ്പക്കവും വിട്ട് ഉച്ചയൂണിനു ഇന്ന്  സാമ്പാർ എന്ന തെന്നിന്ത്യൻ വിഭവം തന്നെ മതി എന്ന് തീരുമാനിച്ച് അതിനായി  ക്യാരറ്റും വെണ്ടക്കയും നാലിഞ്ചു നീളത്തിൽ കഷ്ണങ്ങളാക്കിക്കൊണ്ടിരുന്ന സുൽത്താൻ ബത്തേരി  അംശംദേശം സർവേ നമ്പർ 1988/348-67 ശ്രീവിഹാർ ഭവനത്തിലെ ഇളയ അംഗവും ബാംഗളൂരിലെ എന്റെ സഹമുറിയനുമായ സജേഷിനോട് എന്റെ രണ്ടാം സഹമുറിയനും ലോകനാർക്കാവ് വാസിയുമായ ജിജേഷ് :

" ഇതെന്തിനാടാ ഇത്രയും വലിപ്പത്തിൽ പച്ചക്കറി അരിഞ്ഞിടുന്നത്? ഇഞ്ഞി സാമ്പാറ് തന്നെയല്ലേ ഇണ്ടാക്കുന്നത് ? "

" നീയൊന്നു പോയെ ചങ്ങായീ. വയനാട്ടിലൊക്കെ ഇങ്ങനെയാ പച്ചക്കറി മുറിക്കുന്നത് "

" ഇഞ്ഞി ഇൻറെ കയ്യൊന്നു കാണിച്ചേ ... "

"എന്തിനാ ? "

" വള്ളിയിൽ തൂങ്ങി ആടിയാടി പോയേൻറെ തഴമ്പുണ്ടോന്ന് കാണാനാഡാ വയനാടൻ ടാഴ്സാ  …"

എംടിയും, റിജേഷും , ജിതിനും, ശങ്കരനും പിന്നെ ഞാനുമടങ്ങുന്ന മൈദ ബ്രഡ്ഡിന്റെ മണമുള്ള കൂട്ടച്ചിരി….

വയനാട്ടിലെ ആദിവാസി സമൂഹംപോലും സ്മാർട്ട്‌ഫോണും വാട്സ്ആപ്പും ഉപയോഗിക്കുന്ന ഇക്കാലത്ത് അവർകിടയിൽ പൊട്ടിമുളച്ച ഒരു  പതിനെട്ടാം നൂറ്റാണ്ടിലെ നിഷ്കളങ്കനായ പരിഷ്കാരി - അതാണ് സജേഷ്. ബത്തേരി സെൻറ് മേരീസ് കോളേജിൽ നിന്ന് ബിരുദവും സോമശേഖരൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിടിപി ആൻഡ്‌ അപ്ലൈഡ് കംപ്യുട്ടർ സയൻസിൽ നിന്നും ഗ്രാഫിക് ഡിസൈനിംഗ് കോർസും കഴിഞ്ഞു ടിയാൻ തൊഴിൽതേടി  ബാംഗ്ലൂർക്ക്‌ വെച്ചു പിടിച്ചു. ഒടുക്കം സ്റ്റേപ്പിൾസിൽ ഗ്രാഫിക് ഡിസൈനറായി ജോലി കിട്ടുകയും കറങ്ങിത്തിരിഞ്ഞു ഞങ്ങളുടെ ഗുഹയിലെ ഒരങ്കമാവുകയും ചെയ്തു.

ഞങ്ങളുടെ സഹമുറിയനായതിനുശേഷമാണു സജേഷ് ജീവിതത്തിലാദ്യമായി പ്രഷർ കുക്കർ  കാണുന്നതത്രെ! രണ്ടാഴ്ചത്തെ കമ്പൽസറി പാത്രം കഴുകൽ ട്രെയിനിംഗിനിടെ  കുക്കറിൽ പറ്റിപ്പിടിച്ച ചൊറുവറ്റാണെന്നു കരുതി സേഫ്റ്റി വാൾവിലെ മെഴുകു കഷ്ണം തോണ്ടിക്കളയുകയും അക്കിടിപറ്റിയെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തതിരിക്കാനും പുതിയ വാൾവ് കടയിൽ പോയി മേടിക്കാനുള്ള മടി കാരണവും അന്ന് മുതൽ കുക്കർ അടുപ്പത്തു വെച്ചതിനു ശേഷം ന്യൂസ് പേപ്പറുകൊണ്ട് ഒരു റോക്കറ്റുണ്ടാക്കി  സേഫ്റ്റി വാൾവിലേക്ക് കുത്തിത്തിരുകി വെച്ച് കുക്കിംഗ് മാമാങ്കം തകൃതിയായി നടത്തിപ്പോന്നു.

ഒരിക്കൽ ചെറുപയറുകറിയുണ്ടാക്കാൻ സജേഷ് അടുക്കളയിൽ  ചെന്നതിനു തൊട്ടുപിന്നാലെ ഒരു പൊട്ടിത്തെറി കേട്ട് ഞെട്ടി അടുക്കളയിലേക്കു കുതിച്ച ഞങ്ങൾ കണ്ടത് ഷോക്കടിച്ച പോലെ ഫ്രീസായി നില്കുന്ന സജേഷും നിലത്തു നിന്ന് ഡിസ്ക്കോ ഡാൻസ് കളിക്കുന്ന കുക്കറിന്റെ അടപ്പും അടുപ്പത്ത്  കാലിയായി കിടക്കുന്ന കുക്കറും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചെറുപയർ മണികളും. ചെറുപയറുകറിക്കിത്രയും ചെറുപയർ പോരല്ലോ എന്നമാന്തിച്ചു മേല്പോട്ടു നോക്കിയ ഞങ്ങളെ അമ്പരിപ്പിച്ചുകൊണ്ട്  സജേഷിന്റെ അത്ഭുതാജനകമായ കിച്ചണ്‍ ആർട്ട്‌ - കാൽച്ചട്ടി  മണലും സിമന്റും സമാസമം ചേർത്ത് അതിൽ  രണ്ട് കപ്പു വെള്ളവുമൊഴിച്ചു കുഴച്ച മിശ്രിതം കുഞ്ഞിരാമൻ മേസ്തിരി കത്തികൊണ്ട് മച്ചിലടിച്ചകണക്കെ  വെന്ത ചെറുപയറും മസാലയും അടുക്കളയുടെ സീലിങ്ങിൽ പറ്റിപ്പിടിചു കിടക്കുന്നു. അതിൽ നിന്നും ചന്ദ്രക്കലപോലെ തൂങ്ങിക്കിടക്കുന്ന ഉള്ളികഷ്ണങ്ങളിൽ അള്ളിപ്പിടിച്ചിരുന്ന് ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്ന   ചില വേവാത്ത ചെറുപയറിൻ കുഞ്ഞുങ്ങളും.

"സോറി, കുക്കറിന്റെ അടപ്പ്  ലോക്ക് ചെയ്യാൻ മറന്നു പോയി " നിഷ്കളങ്കതയിൽ പൊതിഞ്ഞ സജേഷിന്റെ ആ മറുപടിക്കെതിരെ ചെറുത്തുനിൽകാനാകതെ രണ്ടെണ്ണം പൊട്ടിക്കാനൊങ്ങിയ റിജേഷിന്റെ വലംകൈ ക്ഷണനേരം കൊണ്ട് റൂട്ടുമാറി ഷെൽഫിലെ ബിസ്കറ്റ് പാക്കറ്റ് ലക്ഷ്യമായി നീങ്ങി…

അന്ന് മുതൽ ഞങ്ങളവിടുന്നൊഴിഞ്ഞുപോകും വരെ അടുക്കളയ്കോരലങ്കാരമായി  ആ ചെറുപയർപുട്ടി മച്ചിൽ തന്നെ പറ്റിപിടിച്ചു കിടന്നു, അല്ലാതെ ഞങ്ങൾക്കത് വൃത്തിയാക്കാൻ മടിയുണ്ടായിട്ടൊന്നുമല്ല.

രണ്ടായിരത്തിയേഴ് രണ്ടായിരത്തിയെട്ട് കാലഘട്ടങ്ങളിൽ ബാംഗ്ലൂർ മലയാളികളുടെ ഇടയിൽ പടർന്നു പിടിച്ച ഒരു വൻ പകർച്ചവ്യാധിയുണ്ടായിരുന്നു - ആർഎംപി എന്ന നെറ്റ്‌വർക്ക് മാർകറ്റിങ്ങ് ബിസ്സിനസ്സ്. ആംവേ ബിസ്സിനസ്സിന്റെ ചുവടുപിടിച്ചു കയറിയ ആർഎംപി പെട്ടെന്ന് തന്നെ വളരുകയും അതിൽ മെമ്പർമാരായ മലയാളികൾ സഹമലയാളികളെ തങ്ങളുടെ വലയിലാക്കി കാശുണ്ടാക്കാൻ നെട്ടോട്ടമോടിത്തുടങ്ങിയ കാലം. വെറുതേ ഒന്ന് ചേർന്നു തന്നാൽ മതി, നിങ്ങളെ ഞാൻ കൊടീശ്വരനാക്കാം എന്ന് പോലുമായി ചില വമ്പൻ സ്രാവുകളുടെ വാഗ്ദാനം.

കണ്ടകശനി കൊണ്ടേ പോകൂ എന്നാണല്ലോ .ഏതോ ക്ണാപ്പന്റെ വലയിലായ എന്റെ സുഹൃത്ത് ഒടിയൻ എന്ന നവനീത് എന്നെ അവന്റെ വലയിലാക്കുകയും ഞാൻ മുഖേന എന്റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായ മഞ്ചുനാഥിനെ എന്റെ വലയിലാക്കുകയും ചെയ്തു. മഞ്ജുനാഥ് മുഖേന അവൻ ജോലി ചെയ്യുന്ന വിപ്രോ കമ്പനിനിയിലെ ആയിരക്കണക്കിനു വരുന്ന ജീവനക്കാരെ എന്റെ വലയിലാക്കിത്തരാം എന്നായി ഒടിയന്റെ സീനിയർ ജിത്തിന്റെ വാദം.          

എനിവേയ്സ് ശനിയാഴ്ച ഉച്ചയ്ക്ക് സജേഷിന്റെ സാമ്പാറും കൂട്ടി  ചോറുണ്ട് ഒരു സിനിമ കാണാൻ  തയാറെടുക്കുന്നതിനിടയിൽ ഒടിയനും ജിതിനും പപ്പുവും  വേറെ രണ്ട് കൂശ്മാണ്ടങ്ങളും വീട്ടിൽ  കയറി വന്നു - അവർക്ക് എന്റെ സഹമുറിയന്മാരെ ആർഎംപിയിൽ ചേർക്കണമത്രെ. സത്യത്തിൽ ഈ രക്തത്തിൽ എനിക്ക് പങ്കുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

"നിങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട ഒരരമണിക്കൂർ എനിക്കുവേണ്ടി മാറ്റിവെക്കൂ" എന്നപേക്ഷിച്ചു തുടങ്ങിയ ജിതിൻ അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ആർഎംപി ബിസ്സിനസ്സ് പ്ലാനും അത് ചെയ്യാനുള്ള ട്രിക്കുകളും ജിജേഷിനും, സജേഷിനും, ജിത്തുവിനും, എംടിക്കും വൃത്തിയായി വിശദീകരിച്ചു നല്കി. ഈ സമയം കൊണ്ട് വന്നവരാകട്ടെ ഒരു കലം ചായയും, നാല് പാക്കറ്റ് ബിസ്കറ്റും ജിജേഷ് നാട്ടിൽ  നിന്നും കൊണ്ടുവന്ന രണ്ടു കവർ ചിപ്സും രാവിലെ ബാക്കി വന്ന റൊട്ടിയും മുട്ട റോസ്റ്റും രാത്രിയിലേക്കും കൂടി കരുതി വെച്ചിരുന്ന ചോറും സാമ്പാറും അപ്രത്യക്ഷമാക്കി - പൊടിപോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ.

 ഹവ്വവർ, ബിസ്സിനസ്സ് പ്ലാൻ കേട്ട സജേഷ് ആവേശഭരിതനായി. ഈ ബിസ്സിനസ്സ് ഒരു വഴിത്തിരിവാകുമെന്നും ഇന്നുമുതൽ താൻ കോടീശ്വരനാകാൻ കഠിനപ്രയത്നം ചെയ്യുമെന്നും ശപഥം ചെയ്തു. ഒടിയനും ടീമും പോയിക്കഴിഞ്ഞുടനെ സജേഷ് പ്ലാൻ മെനയാൻ തുടങ്ങി

"എടാ ജിജേഷേ, ഞാൻ എന്റെ കൂടെ ജോലിചെയുന്ന ആ കന്നഡപെണ്‍കുട്ടികളടുത്ത് ഈ കാര്യം അവതരിപ്പിച്ചാലോ? അവർക്ക് കുറേ പേരെ അറിയുകയും ചെയ്യാം. "

"അത് ശെരിയാ, ഓര് പറഞ്ഞാൽ ആൾകാർ ബിസ്സിനസ്സിൽ ജോയിൻ ചെയ്തോളും. എന്തായാലും ഇഞ്ഞി  എടുത്തു ചാടി ഒന്നും പറയണ്ടാ. ജിതിൻ പറഞ്ഞത് പോലെ ഓരെ മീറ്റിങ്ങിനു ഇൻവൈറ്റ് ചെയ്‌താൽ മതി "

ക്ഷമാശീലം കുറവായ സജേഷ് എന്ന നിഷ്കളങ്കൻ  അപ്പോതന്നെ തന്റെ കൊളീഗ്സിലൊരുത്തിയെ ഫോണ്‍ ചെയ്തു. എന്നിട്ട് ഹലോ പോലും പറയുന്നതിന് മുൻപ് ആവേശം മൂത്ത് അങ്ങോട്ടു കയറി കാര്യം പറഞ്ഞു

"ഐ സ്റ്റാർടെഡ് എ എക്സൈറ്റിങ് ബിസ്സിനസ്സ്. ഐ വാണ്ട്‌ സം ഗേൾസ്‌. ആർ  യു ഇന്ററസ്റ്റഡ്?"

കന്നടഭാഷയിൽ ചീഞ്ഞുനാറിയ ഒരുതരം  ഭരണിപ്പാട്ടാണു സജേഷ് ആ ഫോണിലൂടെ  കേട്ടത്.  അതുപോലൊരെണ്ണം സജേഷ് അന്നുവരേയും അതിനുശേഷവും കേട്ടുകാണില്ല!