Friday, October 15, 2021

സൂക്ഷിച്ചാൽ ദുഖിക്കേണ്ട

പ്ലസ് ടു കഴിഞ്ഞ് ബീ ടെക്ക് എടുത്തില്ലെങ്കിൽ തൻറെ മകൻറെ ഭാവി അവതാളത്തിലാകുമെന്ന് മറ്റെല്ലാവരേയും പോലെ അടിയുറച്ച്  വിശ്വസിച്ചിരുന്ന പുതിയേടത്ത് ഭാസ്കരേട്ടൻ തൻറെ ഏക ആൺതരിയായ പി.ബി.ബിനീഷിനെ എങ്ങെനെയെങ്കിലും എൻജിനിയറിംഗ് കോളേജിൽ ചേർക്കണമെന്ന് ദൃഢപ്രതിജ്ഞയെടുക്കുകയും, അതിന്റെ ഭാഗമായി  നാട്ടുനടപ്പനുസരിച്ച്  വീട്ടിൽ നിന്നും പോയിവരത്തക്കവണ്ണം വടകര മണിയൂർ എൻജിനിയറിംഗ് കോളേജിൽ മകനെ ചേർക്കാനുള്ള നടപടികൾ അവൻറെ പ്ലസ് ടു റിസൾട് വരുന്നതിന് മുൻപേ തന്നെ ആരംഭിക്കുകയും ചെയ്തു. ഹവ്വെവർ ഭാസ്കരേട്ടനെ പോലെ തന്നെ സ്വന്തം മകൻറെ ഭാവിയെ പറ്റിയുള്ള  വ്യാകുലതയ്ക്ക് പുറമേ എന്ത് തന്നെ വന്നാലും ഒരു പത്ത് വർഷം കഴിഞ്ഞ് വിവാഹ കമ്പോളത്തിൽ ബിനീഷിൻറെ മൂല്യം ഉയർന്ന് തന്നെ നിൽക്കണമെന്ന്  ഭാസ്കരേട്ടൻറെ പത്‌നി ശ്രീമതി മേനകേട്ത്തി ശാഠ്യം പിടിച്ചതിൻറെ പരിണാമ ഫലമായി ഏതോ ഒരു പക്ഷിശാസ്തജ്ഞനെ കാണുകയും അയാളുടെ "നാട്ടിൽ നിന്നും ഒരു ആയത് വർഷക്കാലം മാറി താമസിച്ചില്ലെങ്കിൽ തൈപ്പറമ്പിൽ അശോകനെ പോലെ ബിനീഷിന്റെ ഭാവി തല്ലും പോലീസ് സ്റ്റേഷനുമായി മുരടിച്ചു പോകുമെന്നും ഒരു കൊലൈകാരനായി മാറാനുള്ള സന്ദർഭം വരെ ഇന്ത സീട്ടിൽ തെളിഞ്ഞിട്ടിറുക്ക്" എന്ന പ്രവചനം കണക്കിലെടുത്ത്  ദൂരെ എവിടെയെങ്കിലും പഠിക്കാൻ വിട്ടാൽ മതിയെന്നു കൗണ്ടർതീരുമാനമെടുക്കുകയും ചെയ്തു.

അങ്ങനെ ഭാസ്കരേട്ടൻ തൻറെ തീവ്രപ്രയത്നം മുഖാന്തരം ആലപ്പുഴയിലെ പുന്നപ്ര എൻജിനിയറിംഗ് കോളേജിൽ ഒരു സീറ്റ് ഒപ്പിക്കുകയും കിട്ടിയ ഓപ്പർച്യൂണിറ്റിയിൽ    കെട്ടും ഭാണ്ഡവുമായി ബിനീഷ് കുഞ്ഞാടിനെ വടകരയിൽ നിന്നും ആലപ്പുഴയിലേക്ക് നാടുകടത്തുകയും ചെയ്തു. വട്ടച്ചിലവിനുള്ള കാശ് കൃത്യ സമയത്ത് ബിനീഷിൻറെ കയ്യിലെത്തിക്കാൻ മാസത്തിലൊരിക്കൽ വടകരയിൽ നിന്നും മേനകേട്ത്തി രാത്രി ഉറക്കമുളഞ്ഞ് സ്വപുത്രന് വേണ്ടിയുണ്ടാക്കിയ നാരങ്ങ, മാങ്ങ, നെല്ലിക്ക, ബീഫ് ചെമ്മീൻ ഇത്യാദി അച്ചാറുകളും ഉണ്ണിയപ്പം, നെയ്യപ്പം, കുഴലപ്പം ഇത്യാദി  പലഹാരങ്ങളുമായി രാവിലെ ആറരയുടെ എക്സിക്യുട്ടിവിൽ  കയറുകയും കൊടുക്കാനുള്ളതൊക്കെ കൊടുത്ത് അന്ന് തന്നെ തിരിച്ച് വടകരയ്ക്ക് പോരുകയും പതിവാക്കി.

ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും ചില വർഷങ്ങളും കടന്നുപോയി. ബിനീഷ് പഠിച്ച് പഠിച്ച് നാലാം വർഷത്തിലേക്ക് അഥവാ ഏഴാം സെമസ്റ്ററിലേക്ക് കടന്നു. അതിനിടയിൽ നാല്‌ ഓണവും, മൂന്ന് വീതം ക്രിസ്മസ്സും വിഷുവും ബക്രീദും ലോകനാർക്കവുത്സവവും വന്ന് പോയി. ഇക്കാലയളവിൽ ബിനീഷ് പലതും പഠിച്ചു. സ്വാഭാവികം. പക്ഷേ അസ്വാഭാവികമായി പഠിച്ചത് ഭാസ്കരേട്ടനും  മേനകേട്ത്തിയുമായിരുന്നു. ഓർമ്മയില്ലാത്ത ഏതോ കൊല്ലം സ്‌കൂളിനോട് ഗുഡ് ബൈ പറഞ്ഞ മേനകേട്ത്തിയും ജീവിതഭാരം കാരണം പഠിത്തം നിർത്തി ജോലിക്ക് പോകേണ്ടി വന്ന ഭാസ്കരേട്ടനും ഇന്നാളുവരേയും പുതിയതെന്തെകിലും പഠിക്കും എന്ന് സ്വപ്നത്തിൽ പോലും ചന്തിച്ചിട്ടില്ലായിരുന്നു, ബട്ട് വിധിയുടെ വിളയാട്ടം കാരണമോ അതോ കോളേജിലെ സ്വന്തം വിളയാട്ടം കാരണമോ എന്നറിയില്ല നമ്മുടെ ബിനീഷ് കുഞ്ഞാട് അവരെ നല്ലോണം പഠിപ്പിച്ചു. 

പ്രാക്ടിക്കലായി പഠിച്ചതൊന്നും ഇവിടെ എഴുതുന്നില്ല ബട്ട് തിയറി, അതിവിടെ ഞാൻ സൂചിപ്പിക്കുന്നൂ:

സപ്പ്ളി: ഒരു വിദ്യാർത്ഥി(നി)  പരീക്ഷ എഴുതി വിജയിച്ചാൽ തന്നെ, മറ്റുള്ളവരെക്കാൾ കേമ(ൻ) ആണെന്ന് പ്രൊഫസർക്ക് തോന്നുകയാണെങ്കിൽ അവരവരുടെ കഴിവുതെളിയിക്കാൻ കുറച്ച് കൂടെ മൂന്തിയ പരീക്ഷ എഴുതാൻ റെക്കമെന്റ് ചെയ്യും. അങ്ങനെയുള്ള  ലെവൽ 2 അല്ലെങ്കിൽ ലെവൽ 3 പരീക്ഷയാണ് സപ്പ്ളി. സപ്പ്ളിയുടെ എണ്ണം കൂടുംതോറും വിദ്യാർത്ഥി(നി) വളരെ മികച്ചതാണ് എന്നാണർത്ഥം. പതിനാറ് സപ്പ്ളിയുമായി എഞ്ചിനിയറിങ്ങ് കഴിഞ്ഞിറങ്ങിയ ബിനീഷ് മേനകേട്ത്തിയുടെ കാഴ്ച്ചപ്പാടിൽ മഹാഭാരതത്തിലെ സഖാവ് അർജ്ജുനനായിരുന്നു.

പ്ലേസ്മെൻറ്: ഐടി കമ്പനികൾ തുച്ഛമായ ശമ്പളം ഓഫർ ചെയ്ത് വിദ്യാർത്ഥികളെ ജോലിക്കെടുക്കുന്ന പരിപാടി. പ്ലേസ്മെൻറ് കിട്ടിയവർ ഐ ടി കമ്പനികളിൽ ജീവിതം ഹോമിച്ച് തീർക്കും, കിട്ടാത്തവരാണ് യഥാർത്ഥ എൻജിനിയർമാർ. (നമ്മുടെ തെക്കേതിലെ ശാന്തേട്ത്തിയെ കെട്ടികൊണ്ടോയ ബിർളയിൽ ജോലിയുള്ള എൻജിനിയർ ഗോവിന്ദ് രാജിനെപ്പോലെ).

സ്റ്റഡി ടൂർ ഇൻഡസ്ട്രിയൽ വിസിറ്റ് : ജീവിതാനുഭവങ്ങൾ നേരിട്ട് പഠിക്കാനുള്ള അവസരം. ഗോവയിലും, ബാംഗ്ലൂരിലും പോണ്ടിച്ചേരിയിലുമൊക്കെ ജോലി ചെയ്യുന്ന മഹാന്മാരായ പല എഞ്ചിനിയർമാരെ കാണാനും പരിചയപ്പെടാനുമുള്ള അവസരം. മിസ്സായാൽ ജീവിതം കട്ടപ്പൊഹ.

ഇതിൻ്റെയൊക്കെ പുറമേ മൂന്ന് മാസം കൂടുമ്പോൾ മാറുന്ന സിലബസ്സ് ഫീസ്, ടൈം ടേബിൾ ഫീസ്, പീരിയോഡിക് ടേബിൾ ഫീസ്, ലോഗരിതം ബുക്ക് ഫീസ്, മെസ് ഫീസ്, ലാബ് ഫീസ്, ഇന്റർനെറ്റ് കണക്ഷൻ ഫീസ്, സ്പോർട്സ് ഫീസ്, ആർട്സ് ഫീസ്, ആസ്ട്രോണമി ഫീസ്, ആസ്‌ട്രോളജി ഫീസ്, കെമിസ്ട്രി ലാബ് ഇന്റർക്കണക്റ്റിവിറ്റി ഫീസ്, ലൈബ്രറി ഫീസ്, സ്റ്റുഡന്റ്റ്സ് ക്ലബ് ഫീസ്, വാഷ് ബേസിൻ ഫീസ്, ടാറ്റാ സിമന്റ്, ബിർളാ സിമന്റ്, ശങ്കർ സിമന്റ് എസിസി സിമന്റ് എന്ന് വേണ്ട കണ്ണിൽ കണ്ട എല്ലാ വാക്കിൻ്റവസാനം ഫീസ് കൂട്ടിച്ചേർത്ത് അപ്പനപ്പൂപ്പന്മാരായിയുണ്ടാക്കിയ സ്വത്ത് മുഴുവൻ ഊറ്റിമാറ്റുന്ന കാര്യത്തിൽ അതുല്യനായി പരിണമിച്ച് കഴിഞ്ഞിരുന്നു പുതിയേടത്ത് ഭാസ്കരേട്ടൻറെ ഏക ആൺതരിയായ പി.ബി.ബിനീഷ്. 

അങ്ങനെയൊരിക്കൽ ഏതോരു കർക്കിടകമാസത്തിലെ മഴയൊഴിഞ്ഞ ഒരു ശനിയാഴ്ച്ച കാലത്ത് ഭാസ്കരേട്ടൻ പതിവ് പോലെ ആറരയുടെ എക്സിക്യുട്ടിവിൽ ബിനീഷിനെ കാണാൻ ആലപ്പുഴയിലേക്ക് തിരിക്കുകയും യാദൃശ്ചികമായി തൊട്ട് മുന്നിലത്തെ സീറ്റിൽ ടിയാൻറെ ബാല്യകാല സുഹൃത്തും ഇപ്പൊ പരവൂരിൽ ജൗളിക്കട നടത്തുന്ന കുന്നുമ്മൽ  ഗോപിയും  ഭാര്യ ഹേമലതയുമിരിക്കുന്നു. പിന്നീടവിടുന്നങ്ങോട്ട് സിക്സ്റ്റീസ് കിഡ്സിന്റെ കുശലാന്വേഷണ പരമ്പരയായിരുന്നു. അതിനിടയിലെവിടുന്നോ ടോപ്പിക്ക് മാറി ബിനീഷിൽ വന്ന് പതിച്ചു 

"ഓൻ ഹോസ്റ്റലിലാ?"

"അല്ല സെക്കൻറ് ഇയറായപ്പോ ഫ്രെണ്ട്സിനെ കൂടെ ഒരു വീട് വാടകയ്‌ക്കെടുത്ത് മാറി"

"അതെന്താ ഹോസ്റ്റലില് സൗകര്യമൊന്നുമില്ലേ?"

"പഠിക്കാൻ സുഖം ഇങ്ങനെയാ പോലും. പിന്നെ ഭക്ഷണം സ്വന്തം ഉണ്ടാക്കുന്നതാ ഒനിഷ്ടം"

"വാടകയ്‌ക്കെടുത്ത വീട് കോളേജിനടുത്തായിരിക്കും…"

"അല്ല, അത് ടൗണിലാ. ഓനും ഫ്രണ്ട്സും ബൈക്കിലാ കോളേജിൽ പോക്ക്"

"അയ് ശരി. ഇങ്ങള് പറയുന്നോണ്ടോന്നും തോന്നറ്. ആടെ കൊറേ ബലാല് ചെക്കന്മാരെ കൊണ്ട് ഭയങ്കര ശല്ല്യ… എൻറെ പീടികയിൽ ജോലി ചെയ്യുന്ന പെൺകുട്ടികളെയൊക്കെ വഴീന്ന് കമന്റടിക്കൽ  പതിവാക്കിയ ചെക്കന്മാരൊക്കെയുണ്ട്. ആവശ്യത്തിന് തല്ലും ഗുണ്ടായിസമൊക്കെയുണ്ട്.  അവന്മാരെ കൂടെയൊന്നും ഇടപഴകേണ്ടാന്ന് പറയണം ബിനീഷിനോട്"

"ഇവിടുത്തെ അലമ്പന്മാരോട് കൂട്ട്കൂടേണ്ട എന്ന് കരുതിയാണ് ആലപ്പുഴ പഠിക്കാൻ വിട്ടത്"  

"വൈന്നേരമായാൽ ചെക്കന്മാരൊക്കെ കള്ള് ഷാപ്പിൽ പോയി ഇരിക്കും. എല്ലാത്തിനും ഇരുപതും ഇരുപത്തഞ്ചും വയസൊക്കെയാ. ഭയങ്കര കച്ചറയാ. കള്ളും മീൻകറിയുമൊക്കെയായി രാത്രിവരെ ഇരിക്കും. അതിലൊരുത്തനുണ്ട്, തലയ്ക്ക് പിടിക്കാൻ വേണ്ടി മീഞ്ചാറ് കള്ളിൽ ഒഴിച്ച് കുടിക്കും. ചിലപ്പോ മുളകുപൊടി കള്ളിൽ കലക്കി കുടിക്കും. "

പിന്നെ കുറേ നേരം ടോപ്പിക്ക് മുളകുപൊടി കലക്കിയ കള്ളിനെപ്പറ്റിയും തലതെറിച്ച യുവാക്കളെ പറ്റിയുമായിരുന്നു. അതും ഇതും പറഞ്ഞിരുന്ന് തീവണ്ടിയോടൊപ്പം സമയവും ഓടിയോടി ആലപ്പുഴയിലെത്തി.

തീവണ്ടിയിൽ നിന്നിറങ്ങി  ഗോപിയേട്ടനും ഹേമലതേട്ത്തിയും ഭാസ്കരേട്ടനോടൊപ്പം പുറത്തേക്ക് നടന്നു. പെട്ടെന്ന് എന്തോകണ്ട് ഞെട്ടിയ ഗോപിയേട്ടൻ ഭാസ്കരേട്ടൻറ്റടുത്തേക്ക്  നീങ്ങി മെല്ല സ്വകാര്യമായി താഴ്ന്ന സ്വരത്തിൽ പറഞ്ഞു "ഭാസ്കരാ, ആ വരുന്നതാണ് ഞാൻ നേരത്തെ പറഞ്ഞ മുളകുപൊടി കള്ളിൽ കലക്കികുടുക്കുന്ന പഹയൻ." 

ഭാസ്കരേട്ടൻ നോക്കുമ്പോ കീറിയ ജീൻസും പെപ്പെ ടീഷർട്ടുമിട്ട് ഒരു ജൂവാവ് അവരുടെ നേർക്ക് ചിരിച്ചുകൊണ്ട് നടന്ന് വരുന്നു. മേൽപ്പറഞ്ഞ യുവാവ്  അടുത്തെത്തിയപ്പോ ഭാസ്കരേട്ടൻ ഗോപിയേട്ടനോട് കുറച്ചുച്ചത്തിൽ തന്നെ "ഗോപീ, ഇതാണെൻറെ മകൻ ബിനീഷ്" എന്ന് പരിചയപ്പെടുത്തിയത് ഗോപിയേട്ടനെ ഹഠാതെഞെട്ടിച്ചുകളഞ്ഞു.

ജാള്യതയും അമ്പരപ്പും സമാസമം കൂട്ടിയോജിപ്പിച്ച ഒരു വളിഞ്ഞ മന്ദഹാസം മുഖത്ത് ഫിറ്റ് ചെയ്ത് ഗോപിയേട്ടൻ ബിനീഷിനെ നോക്കി ഒന്ന് "കണ്ടതിൽ സന്തോഷം" എന്ന ഭാവേന തലകുലുക്കുകയും പിന്നെ ഭാസ്കരേട്ടനെ നോക്കി "ഇപ്പൊ പോയില്ലെങ്കിൽ പറവൂരിലേക്കുള്ള സൂപ്പർ ഫാസ്റ്റ് മിസ്സാകും എന്ന എക്സ്ക്യൂസും തട്ടിവിട്ട് അവിടുന്ന് തടിതപ്പുകയും ചെയ്തു.

ഭാസ്കരേട്ടൻ മിണ്ടാതെ, ഉരിയാടാതെ കയ്യിലിരുന്ന ബിഗ് ഷോപ്പർ ബിനീഷിന്റെ കയ്യിലേൽപ്പിച്ച് നേരെ കേസാർട്ടീസി സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നകന്നു, ഇതെന്ത് കൂത്ത് എന്നമാന്തിച്ച് ബിനീഷ് വീട്ടിലേക്കും…

ഒരു പത്ത് മിനിറ്റുകഴിഞ്ഞ് ബിനീഷിൻറെ ഫോണിലേക്ക് ഭാസ്കരേട്ടന്റെ കോള് വരികയും അതെടുത്ത ബിനീഷ് ആകെ കേട്ടത് ഇത്രമാത്രവുമായിരുന്നു "എടാ തന്തയ്ക്ക് പിറക്കാത്തവനെ, നിനക്ക് മുളകുപൊടിയിട്ട് കള്ളുംകുറിച്ച് നാട്ടുകാരുടെ നെഞ്ചത്തേക്ക് കയറാതെ ഉറക്കം വരില്ല അല്ലേടാ…. സ്വന്തം അച്ഛനെ നാണം കെടുത്താതെ ചത്തൂടെടാ…"

"അതുപിന്നെ…..അച്‌ഛാ . ഞാൻ മാത്രമല്ല … അവരെല്ലാവരും …ഞാൻ കള്ള് കുടിക്കാറില്ലാ… അവര്‌... ബെറ്റ് വെച്ചപ്പോ വെറുതെ തമാശയ്ക്ക്" എന്ന് പറഞ്ഞത് ഭാസ്കരേട്ടൻ കേട്ടോ ഇല്ലയോ എന്ന് ബിനീഷിന് ഇന്നും നിശ്ചയമില്ല.

കോഴ്സ് തീരാൻ ബാക്കിയുണ്ടായിരുന്ന ആ ഒന്നര വർഷത്തിനിടയിൽ കുന്നുമ്മൽ ഗോപിയേട്ടൻ ബിനീഷിൻറെ മുന്നിൽ വന്നുപെടാതിരുന്നത്  എല്ലാ വ്യാഴാഴ്ച്ചയും ലോകനാർക്കാവിലമ്മയ്ക്ക് മേനകേട്ത്തി ഓഫർ ചെയ്തിരുന്ന പാൽപായസം കാരണമൊന്നുകൊണ്ട് മാത്രമായിരുന്നു, മറിച്ചായിരുന്നെങ്കിൽ കുഞ്ഞാട് ശരിക്കുമൊരു കൊലൈകാരനായി മാറിയേനേ.