ചിത്രദുര്‍ഗ! ലോകത്തിലെ എതു പട്ടണത്തെയും വെല്ലുന്ന അംബരചുംബികള്‍ തിങ്ങി നിറഞ്ഞ കര്‍ണാടകയിലെ ഒരു ചെറിയ മെട്രൊ പൊലിറ്റന്‍ സിറ്റി. കാളവണ്ടികൾക്ക് വേണ്ടി പ്രത്യേകം രൂപകല്ണന ചെയ്ത ടാറിടാത്ത റോഡുകളുള്ള ഒരു നൽകവലയും അതിനുചുറ്റും നാലോലമേഞ്ഞ പീടികമുറികളും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന അഞ്ചാറ് സിമൻറ് കെട്ടിടങ്ങളുമടങ്ങുന്നതാണ് ചിത്രദുര്‍ഗ ഡൌണ്‍ടൗണ്‍. ചിത്രദുര്‍ഗയിലെ പെട്രൊണാസ് ടവര്‍റാണ് എസ്ജെഎംഐറ്റി ( ശ്രീ ശ്രീ ശ്രീ ജഗദ്ഗുരു മല്ലികാര്‍ജുന മുരുകരാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ) എന്ന മൂന്നു നിലക്കെട്ടിടം - തന്നേക്കാള്‍ വലിയവന്‍ ആരുണ്ടെടാ എന്ന അഹങ്കാരത്തൊടെ ആകാശം നോക്കി നില്കുന്ന ഈ കോളേജിലും വലിയൊരു കെട്ടിടം ചിത്രദുര്‍ഗക്കാര്‍ അന്നുവരെ കണ്ടിട്ടില്ലത്രെ!
എന്റെ ബാല്യകാല സുഹ്രുത്ത് വിപിനും അവന്റെ സുഹ്രുത്ത് റിനീഷും തങ്ങളുടെ കലാലയ ജീവിതം തള്ളിനീക്കിയത് ഈ കോളേജിലും പരിസരത്തുമൊക്കെയാണ്. ബാല്യകാല സുഹ്രുത്തെന്നു പറയുമ്പോൾ രണ്ടാം ക്ലാസു മുതല്‍ പ്ലസ് റ്റു വരെ ഒരു സ്കൂളില്‍ ഒരേ ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍.
വിപിനെന്നു പറഞ്ഞാല്‍ മാത്രം പോര - വിപിന്‍ വേണു! - ഓർക്കാട്ടേരി പുന്നോർത്ത് വീട്ടിൽ വേണ്വേട്ടന്റെ പൊന്നിന്റെ മനസുള്ള പുത്രൻ വിപിന്‍ വേണു അഥവാ തല്ലുകൊള്ളിത്തരത്തിനു സ്വര്‍ണ മെഡലുകള്‍ വാങ്ങിയ വിപിൻ വേണു അതുമല്ലെങ്കിൽ ഞങ്ങൾ വിദ്യാപ്രകാശ് പബ്ലിക്ക് സ്കൂള്‍ രണ്ടായിരാമാണ്ട് ബാച്ച് വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായ നമ്മുടെ സ്വന്തം വിപിൻ വേണു. കോടീശ്വരനായ വേണുവേട്ടന്റെ രണ്ടു പുത്രന്മാരിൽ മൂത്തവനാണെന്നിരുന്നാലും ടിയാന്റെ ചിത്രദുര്‍ഗ ജീവിതം പട്ടിണിയും പരിവട്ടവും നിറഞ്ഞതായിരുന്നു.
വിപിനും റിനീഷും പഠിക്കുന്നതു ഓട്ടോമൊബെയില്‍ എഞ്ജിനിയറിങ്ങിനായിരുന്നു. പഠന കാര്യങ്ങളില്‍ ഇത്രയും ശുഷ്കാന്തി പുലര്‍ത്തുന്ന രണ്ടു വിദ്യാർത്ഥികളെ തന്റെ നാല്പത്തിയഞ്ച് വർഷത്തെ അധ്യാപന ജീവിതത്തില്‍ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് കോളേജ് പ്രിൻസിപ്പൽ സുഭാഷ് ചന്ദ്ര വെങ്കിടാചലപതി വേണുവേട്ടനോട് ഒരു പി-ടി-എ മീറ്റിംഗിന് കണ്ടപ്പോ പറഞ്ഞത്. അങ്ങനെയെങ്കിലും നന്നായിക്കോട്ടേ എന്ന് ആ പാവം പ്രിസിപ്പൽ കരുതിക്കാണും.
വര്‍ഷത്തില്‍ 365 ദിവസമുള്ളതില്‍ 65 ദിവസം മാത്രം വിപിനിനും റിനീഷിനും അറ്റന്റന്‍സ് ഉണ്ടായിരുന്ന കാലം. അതില്‍ തന്നെ സമരവും, റാഗ്ഗിംഗും, ആര്‍ട്സ് ഡേയും സ്പോര്‍റ്റ്സ് ഡേയും കഴിച്ച് ബാക്കി അഞ്ച് ദിവസം ക്ലാസ്സിലിരുന്നാലായി. എന്തിരുന്നാലും കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെ സഹിച്ച് കാണം വിറ്റും ഓണം ഉണ്ണണം എന്ന ചിന്തയുമായി എല്ലാ ദിവസവും ഓണമാക്കി അവര്‍ തട്ടിയും മുട്ടിയും ജീവിച്ചു പോന്നു.
അങ്ങനെ കഴിഞ്ഞ ഓണക്കാലത്ത് ഒരു പണിയുമില്ലാത്ത ഒരു ശനിയാഴ്ച സന്ധ്യയ്ക്ക് പഹയന്മാര് ഈവിനിംഗ് വാക്ക് എന്ന വ്യാജേന പക്ഷി നിരീക്ഷണത്തിനായി നേരെ ചിത്രദുര്‍ഗ ബസ് സ്റ്റാന്‍ഡിലേയ്ക്ക് വച്ചു പിടിചു. വെറും ഒരു ബസ് സ്റ്റാന്‍ഡെന്നു ഒറ്റവാക്കിൽ ഒതുക്കാൻ പറ്റിയതല്ല നമ്മുടെ ചിത്രദുർഗ്ഗ ബസ് സ്റ്റാൻഡ്. കാക്കക്കാഷ്ടം പെയിന്റാക്കിയ നാല് തെങ്ങിൻതൂണുകൾ, ചിലന്തിവല കണക്ക് ദ്രവിച്ച ഓലമേഞ്ഞ മച്ച്, കൊല്ലത്തിലൊരിക്കൽ മാത്രം കുളിക്കുകയും പല്ലുതേക്കുകയും ചെയ്യുന്ന കുമാരദൊഡ്ഡണ്ണയുടെ ചായക്കട, മൻമോഹൻ സിങ്ങ് വായതുറക്കുംപോലെ വല്ലപ്പോഴും വന്നുപോകുന്ന തകരപ്പാട്ട ബസ്സുകൾ, ബ്രിട്ടീഷുകാരുടെ കാലംതൊട്ട് ആയിരക്കണക്കിനു ആസനങ്ങൾക്ക് ആശ്വാസം പകർന്നുകൊണ്ടിരിക്കുന്ന ഒരു പഴഞ്ചൻ ബെഞ്ച് , പിന്നെ പേരിനൊരു പൂക്കടയും പല്ലുകൊഴിഞ്ഞൊരു പൂക്കാരിച്ചേച്ചിയും അല്പംമാറി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറ് പോലെ മാനംനോക്കി നില്ക്കുന്ന കത്താത്തൊരു തെരുവുവിളക്കും. കേവലം ഒരു ബസ് സ്റ്റാന്റിനു അഭിമാനിക്കാൻ ഇതില്പരം മറ്റെന്തു വേണം?
വിപിനും റിനീഷും സമയം കൊല്ലാൻ സ്റ്റാന്‍ഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും കുറേ കറങ്ങിത്തിരിഞ്ഞു . ഒന്നിരിക്കണമെന്നു തോന്നിയപ്പോൾ രണ്ടു പേരും ബെഞ്ചിനടുത്തേക്ക് നീങ്ങി. പക്ഷേ ബെഞ്ച് വാസ് നോട്ട് ഫ്രീ. ബെഞ്ചിനു മുകളിൽ കഞ്ചാവുപുകപടലങ്ങൾ കൊണ്ടു മൂടി കാഷായവസ്ത്രധാരിയായ ഒരു താടിക്കാരൻ കാലിന്മേൽ കാലുംകയറ്റി ഏതോരു മലയാളം മാസികകയും കൈയ്യിൽ ചുരുട്ടിപ്പിടിച്ച് ചിന്താവിഷ്ടനായിരിക്കുന്നു.
"മലയാളിയാണെന്നു തോന്നുന്നു. ഒന്നു പരിചയപ്പെട്ടാലോ?" -വിപിന്‍
അല്പം ചമ്മലും സഭാ കമ്പവുമുള്ള റിനീഷ്, "വേണ്ട പുള്ളിയ്ക്ക് വല്ലതും തോന്നിയാലോ? "
കാട്ടുകോഴിയ്ക്കെന്തു സങ്ക്രാന്തി എന്നു ചോദിച്ചതുപോലെ വിപിന്നെന്തു ചമ്മല് ? ഒരു ചെറിയ പുഞ്ചിരി മുഖത്തു ഫിറ്റ് ചെയ്ത് കാല് രണ്ടും നിലത്തുറപ്പിച്ച് വിയറ്റ്നാം കോളനിയില്‍ കനകയോട് ഇന്നസെന്റ് ചോദിച്ചതു പോലെ ഒരൊറ്റ ചോദ്യം
" എന്താ പേര് ? "
" സുനില്‍ "
"ഇവിടെ എന്തുചെയ്യുന്നു? ബിസിനെസ്സാ?"
"അല്ല കുറച്ചു സ്ഥലം കാണാന്‍ വന്നതാ "
"ഓഹോ, ബ്രോക്കറാണല്ലേ "
" അല്ല ആർട്ടിസ്റ്റാ..... സിനിമാ ഫീൽടിലാണ് ...."
മോന്തയിൽ ചോദ്യചിഹ്നവും ആശ്ചര്യവും ഒരുമിച്ചു ഫിറ്റ് ചെയ്ത് മന്തനായി തന്നെ നോക്കി നിന്ന വിപിനിനോട് സുനിൽ കണ്ടിന്യൂട് ...... "സഹ സംവിധായകനാ.... പ്രിയപ്പെട്ട കുക്കു, ഗാന്ധാരി, ചന്ത - ഇതൊക്കെ ഞാന്‍ വർക്ക് ചെയ്ത സിനിമകളാ"
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. മടക്കിക്കുത്തിയ മുണ്ട് അഴിചിട്ട് വിപിന്‍ താടിക്കാരന്റെ കാലില്‍ വീണ് സാഷ്ടാംഗം പ്രണമിച്ചു!
"സാ.........ര്‍ ഞാനദ്യമായിട്ടാണു ഒരു സംവിധായകനെ നേരിട്ടു കാണുന്നത്.സാറിന്റെ സിനിമകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാം വളരെ നല്ല കിടിലൻ സിനിമകള്‍."
പിന്നെ കുറേ നേരം സിനിമകളെ കുറിച് ചര്‍ച്ചയായിരുന്നു. താടിക്കാരന് ബഞ്ചിലും പഹയന്മാര് തറയിലും.
" സാര്‍, അടുത്ത സിനിമയേതാ "
"കലാഭവന്‍ മണിയെ വച്ച് ഒരു പ്രൊജക്റ്റ് ചെയ്യുന്നുണ്ട്. ബാംഗ്ലൂരില്‍ വെച്ചാ ഷൂട്ടിങ്. പാട്ട് സീനുകള്‍ ഇവിടെയാ ഷെഡ്യൂല്‍ ചെയ്തിരിക്കുന്നത് ".
ചര്‍ച്ച ഏകദേശം ഒരു മണിക്കൂറോളം വരെ നീണ്ടു. എവിടെനിന്നോ ഒരു പച്ച മാരുതി കാര്‍ സ്റ്റാന്റിനടുത്തുള്ള ബേക്കറിയ്ക്കു മുന്നില്‍ വന്നു നിന്നു. താടിക്കരന്‍ മെല്ലെ എഴുന്നേറ്റു.
" എന്നാല്‍ ഞാന്‍ പോട്ടേ? "
"സാര്‍ ഒരു മിനിട്ട്. ഓരു കാര്യം ചോദിച്ചോട്ടേ "
" ഉം "
"സാര്‍, ഒരു ചാന്‍സ് "
"ഏയ് അതൊന്നും തരാന്‍ പറ്റില്ല. ആർട്ടിസ്റ്റുകളെയൊക്കെ കാസ്റ്റു ചെയ്തു കഴിഞ്ഞു"
"സാര്‍... ഞാൻ നല്ലോണം അഭിനയിക്കും സാർ..... സ്കൂളിൽ എനിക്കായിരുന്നു സാർ എല്ലാ കൊല്ലവും മോണോ ആക്ടിൽ ഫസ്റ്റ്....... ഒരു വേദനിക്കുന്ന കലാകാരനെ പിന്നേയും വേദനിപ്പിക്കന്‍ പാടില്ല സാര്‍ ഒരു ചാന്‍സ് " വിപിണ്‍ ബെഞ്ചിലിരുന്നു കെഞ്ചി ....
"ശരി. നോക്കട്ടെ" താടിക്കരന്‍ വിപിന്‍ തന്റെ ഫോണ്‍ നമ്പര്‍ കൊടുത്തു. " നവമ്പറില്‍ ഒന്ന് വിളിയ്ക്ക്. ഞാന്‍ ബാംഗ്ലൂരില്‍ കാണും. എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നു നോക്കട്ടെ ".
" മതി സാര്‍ മതി. താന്‍ പാതി ദൈവം പാതി എന്നാണല്ലൊ സാറിനെ ഞാന്‍ ദൈവത്തിന്റെ സ്ഥാനത്താണു കാണുന്നത് "
താടിക്കരന്‍ പോയതും വിപിന്‍ ലുങ്കി മടക്കിക്കുത്തി. എൽദോനെ സിനിമേലെടുത്ത പോലെ തന്നേയും സിനിമേലെടുത്തു എന്ന് വിപിൻ ഉറപ്പിച്ചു.
" റിനീഷേ, നമ്മല് ഇനി മുതല്‍ സിനിമാ നടന്മാരാടാ. "
"പോടാ, അയാള്‍ നമ്മളെ അഭിനയിപ്പിക്കുകയൊന്നുമില്ല. "
"ഏയ് എനിക്ക് വിശ്വാസമുണ്ട്. നീ ഒരു സംഭവറിയ്യോ. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ രണ്ട് പ്രാവശ്യം മോണോ ആക്ടില്‍ സെകന്‍ഡ് കിട്ടീണ്ട്. മൂന്നിലും നാലിലും. ഞാനന്നേ വിചാരിച്ചതാ ഭാവീല് സിനിമാനടനാവൂന്ന്. പ്പം ന്തായീ "
റൂമിലേയ്ക്ക് നടക്കുമ്പോൾ സ്വല്പം വിശപ്പ് തോന്നിയതിനാല്‍ പോണ വഴിയ്ക്ക് ലൈറ്റായിട്ടു ഒരു പത്ത് പൊറോട്ടയും നാല് ബീഫ് ചില്ലിയും വീതം തട്ടി. റൂമിലെത്തിയതും നേരെ ടെറസിലേയ്ക്ക് വച്ചു പിടിച്ചു. സംഭവം അപ്പോഴേക്കും ഹോസ്റ്റലിൽ മുഴുവൻ പാട്ടായിക്കഴിഞ്ഞിരുന്നു.
സമയം ഒരു എട്ടരയായിക്കാണും. നല്ല തണുപ്പുള്ള കാറ്റ്. വിപിന്‍ മെല്ലെ സിനിമാ മോഹങ്ങള്‍ അയവിറക്കിക്കൊണ്ടിരുന്നു. ഇടയ്ക്ക് 'ഒരു വടക്കന്‍ വീരഗാഥ' യിലെ ഒന്നുരണ്ട് സീനുകൾ സഹമുറിയൻമാർക്ക് അഭിനയിച്ചു കാണിക്കുകയും ചെയ്തു.
നേരത്തേ കിടന്നെങ്കിലും വിപിനിന് രാത്രി തീരെ ഉറക്കം വന്നില്ല. കണ്ട ഹിറ്റ് സിനിമകളിലൊക്കെ താനഭിനയിച്ചാല്‍ എങ്ങനെയിരിക്കുമെന്നു ചിന്തിച്ചുകൊണ്ടു കിടന്നു. എപ്പോഴാണെന്നറിയാതെ ഉറക്കത്തിലേക്ക് വീണ വിപിൻ കൃത്യം അഞ്ച് മണിയായപ്പോള്‍ ഞെട്ടിയെഴുന്നേറ്റ് റിനീഷിനെ കുത്തിയെഴുന്നേല്പിച്ചു.
"സിനിമയിലഭിനയിക്കുമ്പൊള്‍ നല്ല ഫിറ്റ് ബോഡി വേണം. നമുക്ക് എല്ലാസോം രാവിലെ ഓടാൻ പോയാലോ "
അന്നുമുതല്‍ രാവിലെ ഓടാമെന്നും അടുത്താഴ്ച്ച മുതല്‍ ജിമ്മില്‍ ചേരാമെന്നും മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിങ്ങിലെത്തി. റിനീഷ് ഒന്നും പറയാതെ എഴുന്നേറ്റ് മുഖം കഴുകി വന്നു. ട്രൗസറും ഷൂസുമൊന്നുമില്ല. ലുങ്കിയും ചെരുപ്പുമിട്ടോടി. അഞ്ചാറുവട്ടം ലുങ്കിയഴിഞ്ഞു. വിപിനാണെങ്കില്‍ ചെരുപ്പിന്റെ വള്ളിയൂരിപ്പോയവകയില്‍ മൂന്നാലുവട്ടം നില്കേണ്ടി വന്നു.
ഓട്ടമൊക്കെ കഴിഞ്ഞു തലശ്ശേരിക്കാരൻ ഗോവിന്ദേട്ടന്റെ ബേക്കറിയില്‍ നിന്നും ഓരോ ബദാം മില്‍ക്ക്` കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് 'യാ ആലീ... തൊ രെഹമാലീ.... യാ ആലീ' കാതില്‍ മുഴങ്ങിയത്. ലുങ്കിയുടെ അറ്റത്തു കെട്ടിയിട്ട സെൽഫോണെടുത്തു നോക്കിയപ്പോള്‍ ക്ലാസിലെ ഷഫീക്ക് . പഹയനെന്താ ഈ നേരത്ത് എന്നമാന്തിച്ചു ഫോണെടുത്തു......
"ഏടാ ഷഫീക്കേ, ഞാന്‍ സിനിമയിലഭിനയിക്കാന്‍ പോവ്വ്വാടാ".
"അതു പറ്യാന്‍ തന്ന്യാ നിന്നെ ബിളിച്ചത്. ഇഞ്ഞി ഇന്നലെ ഒരു സംബിദായകനെ കണ്ടിക്കില്ലേ. ഓറ് ഇപ്പം ഞാളെ റൂമിലാ. "
വിപിനിന് പെട്ടെന്നൊന്നും ഓടീല.
"ഞാള് രാത്രി മുയ്മന്‍ അന്നെ പറ്റി പറഞ്ഞ് ചിരിക്വായിനു. കയിഞ്ഞ മാസം ഞാന്‍ ഓറെ പരിചയപ്പെടുംബൊ ഓറ് ബക്കീലാറ്ന്ന്. ഞമ്മളെ അസ്നാസ് ഓറെ കാണുംബൊ ഓറ്ക്ക് കൊഞ്ചിന്റെ എക്സ്പോര്‍ട്ടാ. ഓറ്ക്ക് ഇങ്ങനെ കാണുന്നോര്യെല്ലം ബെറുതേ പറ്റിക്കലാ പണി. ജസ്റ്റ് ഫോർ ഹൊറർ . ഓറെ ശരിക്കുംള്ള പേര് കരീംന്നാ. കൊപ്രക്കച്ചോടക്കാരനാ. ഇന്നെ ശരിക്കും പറ്റിച്ചു, ല്ലേ? "
പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇതു കേട്ടു നിന്ന വിപിന്‍ ഗോവിന്ദേട്ടന്റെ ബേക്കറിയിലെ കോള്‍ഡ് ബദാം മില്‍ക് പോലെയായി. കിട്ടിയ പണി ചെറുതല്ലെന്നു മനസ്സിലാക്കിയ ഇരുവരും ആളൊഴിഞ്ഞ ഉത്സവപ്പറമ്പിലെ കാറ്റൊഴിഞ്ഞ ബലൂണുകളെപോലെ മാനം നോക്കിനിന്നു!
വാൽ : വർഷം പലതു കഴിഞ്ഞിട്ടും ഇന്നും വിപിൻ സിനിമാമോഹങ്ങൾ പാടേ ഉപേക്ഷിച്ചിട്ടില്ല!
വാൽ : വർഷം പലതു കഴിഞ്ഞിട്ടും ഇന്നും വിപിൻ സിനിമാമോഹങ്ങൾ പാടേ ഉപേക്ഷിച്ചിട്ടില്ല!
3 comments:
കൊള്ളാം ട്ടോ.. രസിച്ചു..
ആ ലിങ്കി അഴിഞ്ഞതും, ചെരുപ്പിന്റെ വള്ളി ഊരിയതും ഒക്കെ ചിരിപ്പിച്ചു
ബൈജു,
“എന്റെ ബാല്യകാല സുഹ്രുത്ത് വിപിനും അവന്റെ സുഹ്രുത്ത് റിനീഷും കഴിഞ്ഞ നാലഞ്ചു വര്ഷക്കാലമയി ഈ കോളേജിലും പരിസരത്തുമൊക്കെയാണു ജീവിചുകൊണ്ടിരിക്കുന്നത്.......“
മാറിനിന്നുള്ള ഈ കഥ പറച്ചില് അത്ര ഏറ്റോ?
-നല്ലശ്രമം, എഴുതിക്കൊണ്ടിരിക്കുക!
കണ്ട ഹിറ്റ് സിനിമകളിലൊക്കെ താനഭിനയിച്ചാല്‍ എങ്ങനെയിരിക്കുമെന്നു ചിന്തിച്ചുകൊണ്ടു കിടന്നു. !!!
കൊല്ലമെടൊ !!! കലക്കി
Post a Comment