രാത്രി അസമയത്തെഴുന്നേറ്റ് മൂത്രമൊഴിക്കാനോ അല്ലെങ്കിൽ തൂറാനോ വേണമെങ്കില്‍ വെറുതെ നടക്കാനോ അതുമല്ലെകിൽ ഫുഡ്ബാളു കളിക്കാനോ പോകാം. പക്ഷേ ഒച്ചയുണ്ടാക്കാനോ ലൈറ്റിടാനോ പാടില്ല. ഇതായിരുന്നു വിദ്യാപ്രകാശ് പുബ്ലിക്ക് സ്കൂളില്‍ ഞാന്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ പൊതുവേ നിലനിന്നിരുന്ന നിയമങ്ങളിൽ പ്രധാനം.
അറിയാതെയെങ്ങാനും ഒച്ചയുണ്ടാക്കിപ്പോയാൽ ശരിക്കും പെടാപ്പാടുപെടും. ബംഗാളിയായ സുജിത് ബൗമിക്കോ ആസാമിയായ ഗൗതം ഖാരയോ അതുമല്ല മലയാളിയായ നോബിൻ ഭാസ്കരാനോ ഉറക്കമുണര്‍ന്നെന്നാല്‍ അവരോരുടെ മാതൃഭാഷയിൽ നല്ല പുളിച്ച തെറിയുറപ്പാണ്. ഇനി അഥവാ രാത്രി ലൈറ്റിടുക്കയാണെങ്കിൽ സ്വിച്ച് ബോര്‍ഡിന്റെ അപ്പുറവും ഇപ്പുറവും കിടക്കുന്ന നന്ദുവിന്റേയും ബിദേശിന്റേയും തൊഴിയഭിഷേകം. കിട്ടിയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. കര്‍ണന്‍ ഗുരുക്കളടുത്ത് പൊയി ഉഴിച്ചില്‍ നടത്തണം, കിഴി വെക്കണം ചികിത്‌സയൊക്കെക്കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ക്ലാസു കുറേ മിസ്സാകും. അതുകൊണ്ടാരും ഇതുമാതിരിയുള്ള സാഹസത്തിനു മുതിരാതെ നേരം വെളുക്കും വരെ മൂത്രം പിടിച്ചിരിക്കും അല്ലെങ്കില്‍ ഒച്ചയുണ്ടാക്കാതെ അതീവ്ര ജാഗ്രതയോടെ കാര്യം സാധിച്ചു വരും.
ഇനി ഇതു രണ്ടുമല്ല വാര്‍ഡന്‍ കം ലൈബ്രറേറിയന്‍ തോമസ് സാറോ അസിസ്റ്റന്റ് വാര്‍ഡന്‍ കം ഹിസ്റ്ററി അധ്യാപകന്‍ ജോണ്‍ സാറോ ഉറക്കം ഞെട്ടിയാല്‍ പിന്നെ നോ അതര്‍ ഓപ്ഷന്‍, കിട്ടുന്നത് ചൂടോടെ മേടിച്ച് ചന്തിയും തടവി കിടന്നുറങ്ങണം. അതല്ല പണ്ട് വേളം സന്ദീപ് "തോമസ് സാര്‍ ഞാന്‍ സന്ദീപല്ല നന്ദുവാണ്" എന്നെങ്ങാനും പറഞ്ഞാല്‍ തീര്‍ന്നു, എള്ളുണ്ടയിൽ മ്യാരകമായ ബോംബ് ഒളിപ്പിച്ചുവെച്ചു പാകിസ്താന്‍ പട്ടാളക്യാമ്പിലേക്ക് വില്‍ക്കാന്‍ പോയ വിപിന്‍ വേണുവിന്റെ കേണേലമ്മാവന്റെ ഗതിയാകും (കട: വിപിന്‍ വേണു, ഒരു പഴയകാല കത്തി ).
പേടിയുള്ളവര്‍ക്കും പേടിപ്പിയ്ക്കുന്നവര്‍ക്കും പുറമേ കലക്കവെള്ളത്തില്‍ മീന്‍ പിടിത്തം സ്വഭാവമാക്കിയ വേളം സന്ദീപിനെ പോലുള്ള ചിലര്‍ രാത്രി, നടക്കുന്ന വഴിയില്‍ ബക്കറ്റ് വെയ്ക്കുക, വഴിയ്ക്ക് കുറുകേ നൂലു കെട്ടുക എന്ന സൂത്രങ്ങളൊപ്പിച്ചുവെച്ച് കലാപരിപാടികളാസ്വദിക്കാറുമുണ്ട് . ഇത്തരം ചിട്ടകള്‍കിടയില്‍ ഞങ്ങളെല്ലാവരും ഒരു വിധം പാടു പെട്ടു ജീവിച്ചു പോന്നു.
അങ്ങിനെയൊരിക്കല്‍ ഒരു പരീക്ഷക്കാലത്ത് എന്റെ സീനിയര്‍ ഷിബിന്‍ പി.വി. തന്റെ മുന്‍ പരീക്ഷകളുടെ പ്രോഗ്രസ് കാർഡിലുള്ള ഒറ്റസന്ഖ്യകൾ എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ പതിനൊന്നിൽ താഴെയുള്ള ഒരിരട്ട സംഖ്യ കിട്ടുകയും അതിൽ മനം നൊന്ത് ആ പ്രോഗ്രസ്സ് കാർഡ് കയ്യില്‍ ചുരുട്ടിപ്പിടിച്ച് ഏവരേയും ഞെട്ടിച്ചുകൊണ്ട് വരുന്ന തിങ്കളാഴ്ച്ച മുതല്‍ താൻ എല്ലാ ദിവസവും രാവിലെ നാലുമണിക്കെഴുന്നേല്‍ക്കുമെന്നും ക്ലാസ്സില്‍ ഫസ്റ്റ് മേടിക്കാന്‍ കഠിനപ്രയത്നം ചെയ്യുമെന്നും പ്രതിജ്‌ഞ്ഞയെടുത്തു. പലരും "നോം ഇതെത്രെ കണ്ടിരിക്ക്‌ണൂ?", "ഓന്തോടിയാല്‍ എവിടെവരെയോടും?, വേലിവരെ" എന്നൊക്കെ പറഞ്ഞ് പുച്‌ഛിയ്ക്കുകയാണുണ്ടായത്. പക്ഷേ ഇതുകൊണ്ടൊന്നും ഷിബിന്‍ പിന്‍തിരിഞ്ഞില്ല - അതൊരൊടുക്കത്തെ പ്രതിജ്ഞയായിരുന്നു.
ഞായറാഴ്‌ച്ച ഉച്ച ഒരു മൂന്ന് മൂന്നര മണികഴിഞ്ഞ് കപ്പയും മീനും കൂട്ടി ഡിന്നര്‍ കഴിക്കന്‍ അറബിക്കടലിലേയ്ക്ക് പരക്കമ്പായുന്ന മിസ്റ്റര്‍ സണ്ണിച്ചനേയും നോക്കി, ക്യാമ്പസ്സിന്റെ ഒത്ത നടുക്ക് നില്‍കുന്ന പാലമരത്തിന്റെ നിഴല്‍ " ഞാന്‍ വളരുകയല്ലെ, മമ്മീ " എന്നു പറഞ്ഞ് കിഴക്കോട്ടോടുന്ന നേരത്ത്, അതിന്റെ ചുവട്ടിലിരുന്ന് ഞാനും അസ്‌നാസും ക്യാന്റീനില്‍ നിന്നും പഴം പൊരിയും പാല്‍പൊടിയും എങ്ങനെ ആരും കാണതെ നന്ദുവിന്റെ പെട്ടിയിലേയ്ക്ക് മാറ്റാം എന്നതിനെ പറ്റി കൂലംകഷമായി ചര്‍ച്ച ചെയ്യുന്നതിനിടയില്‍, എവിടെനിന്നോ ഒരു ടൈംപീസും ഒപ്പിച്ചുകൊണ്ട് ഷിബിന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു (വടകര ക്രിഷ്ണ വാച്ചസില്‍ നിന്നും അടിച്ചുമാറ്റിയയതാണെന്ന അഭ്യൂഹം ഇന്നും നിലനില്‍ക്കുന്നു). " ഹാ ഹാ ഹാ ഗോപാലാ! നാളെ മുതൽ ഞാൻ നാലുമണിക്കെഴുന്നേൽക്കും!"
അന്നു രാത്രി അറ്റ് എറൗണ്ട് പത്തുമണിക്ക്, കാലത്ത് നാലിന് അലാറം വെച്ചുകൊണ്ട് ഷിബിന്‍ സുഖനിദ്രയിലേക്ക് ട്രിപ്പിള്‍ ഡൈവ് ചെയ്തു.
ഹവ്വെവര്‍, കാലത്ത് നാലുമണിക്ക് അലാറം കേട്ടുകൊണ്ടല്ല മറിച്ച് ഗൗതമിന്റെ വായില്‍ നിന്നും പുളിച്ച തെറി കേട്ടുകൊണ്ടാണ് ഷിബിന്‍ ചാടിയെഴുന്നേറ്റത് "സാലാ ബദ്മാശ് കബൂത്തർ … ഓഫ് കരോ തേരാ വോ രോനേ വാലാ ചീസ് "
തൊട്ടപ്പുറത്ത് കട്ടിലില്‍ ബിദേശ് ഒരു മൂളലോട് കൂടി തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ടതും ഷിബിന്റെ നെഞ്ചിടിപ്പ് കൂടി. ഇനി വൈകിയാല്‍ കാല്‍പെരുമാറ്റം ഉറപ്പിക്കാം. സമയം കളയാതെ ടിയാൻ തലയാണയുടെ അടിയില്‍ നിന്നും അലാറം കൈയ്യിലെടുത്തു. ഹവ്വെവര്‍, ഇടിവെട്ടേറ്റവന്റെ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തെന്നു പറഞ്ഞകണക്കായി ഷിബിന്റെ അവസ്ഥ. ആ ഞെട്ടിപ്പിക്കുന്ന സത്യത്തിന്റെ തീക്ഷ്ണതയിൽ ഷിബിനിന്റെ മൂത്രസഞ്ചിയുടെ വാള്വ്വ് വരെ തുറന്നുപോയി. അലാറം ഓഫ് ചെയ്യാനുള്ള ബട്ടണ്‍ കണാനില്ല. കണ്ണുതിരുമ്മി ഞൊടിയിടയില്‍ ടൈം പീസ് മുഴുവന്‍ പരതി. നോ വേ, ഓഫ് ബട്ടണ്‍ മാത്രം കാണാനില്ല. " ഇനി ഇതുണ്ടാക്കിയ കമ്പനി അലാറം ഓഫ് ചെയ്യുന്ന ബട്ടണ്‍ ഫിറ്റ് ചെയ്യാന്‍ മറന്നു കാണുമോ? "
ചിന്തിയ്ക്കാന്‍ പോലും സമയമില്ല. തെറിയുടെ സോര്‍സിപ്പോള്‍ നാലഞ്ചെണ്ണമായി. ലൈറ്റിട്ടപ്പോള്‍ ഷിബിന് ഒരുകാര്യം ഉറപ്പായി - കണ്ട്ണ്ടകശനി കൊണ്ടേ പോകൂ - കറണ്ടില്ല. ഡോര്‍മെട്രിയുടെ അങ്ങേത്തലയ്ക്കല്‍ നിന്നും ജോണ്‍ സാറിന്റെ "സയലന്‍സ് " കൂടെ കേട്ടപ്പോള്‍ ഷിബിന്റെ പാതി ജീവന്‍ പമ്പ അതിര്‍ത്തിയിലേക്ക് ബ്രിട്ടീഷ് എയര്‍വേസിന്റെ ബോയിംഗ് 747 ഫ്ലൈറ്റ് പിടിച്ച് വിട്ടു.
കണ്ണു ചിമ്മുന്ന നേരംക്കൊണ്ട് ഷിബിന്‍ അലാറവുമായി ലഗ്ഗേജ് വെയ്ക്കുന്ന ക്യാബിനിലേക്ക് പറപറന്നു. അലാറത്തിന്റെ ഫ്രീക്വന്‍സി മെല്ലെ മെല്ലെ കുറഞ്ഞു വന്നു. ജോണ്‍ സാര്‍ ക്രിയേറ്റ് ചെയ്ത നിശബ്ദതയില്‍ ഞങ്ങള്‍ ഗ്രാജ്വലി മയക്കത്തിലേയ്ക്ക് വഴുതി വീണു.
ആറു മണിക്ക് തോമാസ് സാറിന്റെ സ്ഥിരം "ഗെറ്റപ്പ് ബോയ്സ്, ഗെറ്റപ്പ്" കേട്ടാണ് ഞങ്ങള്‍ ഉറക്കത്തില്‍ നിന്നും ക്രാഷ് ലാന്‍ഡ് ചെയ്തത്. കട്ടിലില്‍ നിന്നും ആദ്യം തറയിലിറങ്ങിയത് സുന്ദരനാണ്. ഒരു ചീറ്റപ്പുലി സ്റ്റെയിലില്‍ നീണ്ടുഞെളിഞ്ഞ് ബോണ്‍സായ് മരം കണക്കെ അഞ്ചടി മൂന്നിഞ്ച് ഉയരവും നല്ലോണം മെലിഞ്ഞ് ശോഷിച്ച തന്റെ ശരീരം കൊണ്ട് സുന്ദരൻ ഫറോക്കിലെ ഓട് കമ്പനിയിൽ നിന്നും പുറത്തുവരുന്ന പോലെ നാല് ദിക്കും കിടുങ്ങുമാറാകും വിധം ശബ്ദവിസ്ഫോടനത്തോടെ ഒരു കോട്ടുവായിട്ടു. പതിയെ ടൂത്ത്ബ്രഷ്ഷെടുക്കാനായി ക്യാബിനിലേക്ക് നീങ്ങി. ക്യാബിനില്‍ നിന്നും "എന്റമ്മേ…., ഷിബിന്‍" എന്ന സുന്ദരന്റെ ദയനീയതയും ഭയവും മിക്സ് ചെയ്ത അലര്‍ച്ച കേട്ട പാതി കേള്‍കാത്ത പാതി അങ്ങോട്ടോടിയ ഞങ്ങൾ കണ്ട കാഴ്ച്ച വളരേ പരിതാപകരമായിരുന്നു.
എംആർഎ ബേക്കറിയിലെ ചിക്കൻ റോൾ പോലെ ചുരുട്ടിവെച്ച കിടക്കയില്‍ രണ്ടു കാലും രണ്ട് കൈയും ഇരുവശത്തേയ്ക്ക് സ്ട്രെച്ച് ചെയ്തിരുന്ന് ഷിബിന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. കെടഞ്ഞോത്തെ അനി പണ്ട് വെള്ളമടിച്ച് വെളിവുകെട്ട് കനാലിന്റെ വക്കത്തിരുന്നുറങ്ങിയ അതേ പോസ് - പുവര്‍ ബോയ്. സുന്ദരന്‍ മെല്ലെ ഷിബിനെ തട്ടിയുണര്‍ത്തി. വായില്‍നിന്നൂര്‍ന്നിറങ്ങിയ ഉമിനീര്‍ വലിച്ചിറക്കി ഒരു മൂളലോടെ ഷിബിന്‍ എഴുന്നേറ്റു. ചുറ്റും കൂടി നില്‍കുന്ന വന്‍പിച്ച ജനാവലിയെ കണ്ടതും ടി യാൻ ചാടിയെഴുന്നേറ്റ് ഒരു പരുങ്ങലോടെ മെല്ലെ ബക്കറ്റും മഗ്ഗുമെടുത്ത് കുളിക്കാനെന്നോണം ബാത്ത്‌റൂം ലക്ഷ്യമാക്കി നടന്നകന്നു.
എന്തോ പന്തികേട് തോന്നിയ ഞങ്ങള്‍ മെല്ലെ ആ ചുരുട്ടിവെച്ച കിടക്ക നിവര്‍ത്തി നോക്കി. അതിനകത്ത് ഒരു ചെറിയ സൂട്ട്കേസ് പൊതിഞ്ഞുവെച്ചിരിക്കുന്നു. സൂട്ട്കേസ് തുറന്നു നോക്കിയ ഞങ്ങളെ അമ്പരിപ്പിച്ചുകൊണ്ട് ദേ, അതിനകത്തിരിക്കുന്നൂ 'പിപിപിപീ' എന്നു പൊട്ടിച്ചിരിച്ചുകൊണ്ട് ഷിബിന്റെ അലാറം!
No comments:
Post a Comment