പുലർച്ചെ 5:30ന് ഉറക്കത്തിൽ നിന്നും ഞെട്ടിയെണീപ്പിച്ചുകൊണ്ട് ഒടിയന്റെ ഫോണ്‍കോൾ. ഇവനെന്താ ഈ നേരത്തെന്നു അമാന്തിച്ച് ആൻസർ ചെയ്തു
" എന്താടാ ഒടിയാ ? " ഒരുറക്കപ്പിച്ചോടെ ഞാൻ ചോദിച്ചു.
" നീ ഉറങ്ങുകയായിരുന്നോ? "
" ഉം…"
"അവിടെയിപ്പൊ എത്രയാ സമയം ? "
" രാവിലെ അഞ്ചര " .
" സോറിയളിയാ, ഞാനറിഞ്ഞില്ല "
ആ ക്ണാപ്പനു സമയമറിയാഞ്ഞിട്ടല്ല. ഇൻഫോസിസിൽ അവനിരിക്കുന്ന ഡസ്കിനു മുൻപിൽ വലിയൊരു ഡിജിറ്റൽ ക്ലോക്കുണ്ട് - ഏതു കണ്ണുപൊട്ടനും കാണാൻ പാകത്തിലൊരെണ്ണം - ഞാനും അതിനുമുന്നിലിരുന്ന് ഒരു മൂന്നു വർഷം പയറ്റിയതാണെല്ലൊ? അതിൽ മുമ്മൂന്നു സെക്കൻറ് കഴിയുമ്പോഴും ചുവന്ന വലിയ അക്ഷരത്തിൽ എഴുതുക്കാണിക്കും - "ബാംഗ്ലൂർ, ഡൽഹി, മുംബൈ, ചെന്നൈ - 05:00 പി എം", "മോസ്കോവ് - 3:30 പിഎം", "പാരിസ്, ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട് - 01:30 പിഎം", " ലണ്ടൻ - 12:30 പിഎം" "യുഎസ്/കാനട സെൻട്രൽ റ്റൈം - 05:30 എ എം", "റിയോ ഡി ജെനേറോ - 08:30 എ എം ", "ടോകിയോ - 08:30 പിഎം" എന്നിങ്ങനെ. അകത്തൊന്നുമില്ലാത്ത ആ തലയൊന്നുയർത്തി അതിന്മേൽ ജന്മനാ ഫിറ്റ് ചെയ്‌തുവെച്ചിരിക്കുന്ന ജഗദീഷിന്റേതു പോലുള്ള ആ ഉണ്ടക്കണ്ണ് തുറന്ന് ആ ക്ലോക്കിലേക്ക് നോക്കിയാൽ ഇവിടുത്തെ സമയം കൃത്യമായറിയാം ആ കോപ്പന് പക്ഷേ ഇതിപ്പോ ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേൽപ്പിക്കാൻ തുനിഞ്ഞിറങ്ങിയതുകൊണ്ട് അനുഭവിച്ചല്ലേ മതിയാകൂ.
പണ്ടാരക്കാലാ, ഒരു പത്തു ദിവസം വയറിളക്കവും ചർദിയും വന്ന് ഉറക്കംകിട്ടാതെ നീ കഷ്ട്ടപ്പെടുമെടാ എന്ന് അവനെ മനസ്സിൽ ശപിച്ചുകൊണ്ട് ഞാൻ ഒടിയനോട് വിളിച്ചതിന്റെ ഉദ്ദേശം ആരാഞ്ഞു .
"എടാ ജയാ..., നീ മണ്ണുവിന്റെ ഫേസ്ബുക് പ്രൊഫൈൽ പിക്ചർ കണ്ടോ?"
"ഇല്ല.... എന്തേയ്?"
"യേയ് ഒന്നുമില്ല. നീ എഴുന്നേൽകുമ്പോൾ മണ്ണുവിന്റെ ഫേസ്ബുക് പ്രൊഫൈൽ പിക്ചർ നോക്ക്. എന്നിട്ടെന്നെ വിളിക്ക്"
"ശരി....."
ഫോണ്‍ കട്ടുചെയ്ത് ഞാൻ തിരിച്ച് പുതപ്പിനടിയിലേക്കു ചുരുണ്ടു.
പതിവുപോലെ ഞാൻ അന്നും വൈകിയാണ് എഴുന്നേറ്റത്, വൈകിയാണ് പല്ല് തേച്ചതും കുളിച്ചതും, വൈകിയാണ് ഓഫീസിലെത്തിയതും, വൈകിയാണ് മാനേജരുടെ വായിൽ നിന്നും തെറികേട്ടതും. അഭിമാനഭൂരിതമാകുന്ന ആ നിമിഷങ്ങൾ. എല്ലാ ഐറ്റി ജീവനക്കാരുടേയും ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും മാനേജെർമാരുടെ ഈ തെറിയിലാണെന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ? ആദ്യമൊക്കെ എനിക്ക് വലിയ വിഷമമായിരുന്നു. പിന്നെയൊരിക്കൽ ആകസ്മികമായി അയാളുടെ മാനേജർ അയാളെ പച്ചയ്ക്ക് തെറിവിളിക്കുന്നത് കേട്ടപ്പോൾ ഞാൻ നിന്നനിൽപ്പിൽ ധൃതകിതപുളകിതനായി. ആ സീൻ ഓർകുമ്പോൾ ഇന്നും മനസിനുള്ളിൽ എന്തെന്നെന്നില്ലാത്ത സന്തോഷം.
എനിവേസ്, ഉച്ചയ്ക്ക് ലഞ്ച്ബ്രേക്കിനു ഞാൻ മണ്ണുവിന്റെ ഫേസ്ബുക് പ്രൊഫൈലിൽ ഒന്ന് കയറി നോക്കി സംഭവം എന്താണെന്ന് പറയുന്നതിന് മുൻപ് ഒരു ചെറിയ ഫ്ലാഷ്ബാക്ക് (എല്ലാവരോടും ബ്ലാക് ആൻഡ് വൈറ്റിൽ വായിക്കാൻ വിനീതമായി അപേക്ഷിക്കുന്നു)
സുജിത്ത് മണ്ണുവായതെങ്ങെനെയെന്നറിയില്ല - അത് ഞാൻ വായനക്കാരുടെ ഭാവനയ്ക്ക് വിട്ടുതരുന്നു. ഇൻഫോസിസിൽ ഒരുമിച്ചു കയറിയതാണ് സനൂപും പുഷ്പനും ജേക്കബ്ബും ഞാനും മണ്ണുവും ഒടിയനും ജുബിത്തുമുൾപടെ മുപ്പതുപേർ. ട്രെയിനിംഗ് കഴിഞ്ഞ് ഓരോരുത്തരായി ഒരോ പ്രോജക്ടിലേക്ക് മാറി. ഓരോ മണിക്കൂറിലും രണ്ട് കോഫീ ബ്രേക്കിനെകിലും പോകുന്ന ഒടിയന് കമ്പനിക്ക് കൂടെപ്പോകുന്ന ഗൊളീഗ്സ് മാത്രമായിരുന്നില്ല ഞാനും മണ്ണുവും സനൂപും - ആത്മമിത്രങ്ങളായിരുന്നു ഞങ്ങൾ.
മണ്ണുവിന്റെ ആകെയുള്ളൊരു വീക്നെസ് ആണ് തായ് മസ്സാജ് - ലതായത് തായ്ലാൻഡിൽ തായ് സുന്ദരിമാർ ചെയ്യുന്ന മസ്സാജ് ഉൾപടെയുള്ള സുഖചികിത്സ. പക്ഷെ ജനിച്ചത് കണ്ണൂരിലായതുകൊണ്ട് വിശ്വം കുരിക്കളുടെ ചവിട്ടിയുഴിച്ചിൽ അനുഭവിക്കാനുള്ള യോഗം മാത്രമെ പുള്ളിക്കുണ്ടായിരുന്നുള്ളൂ. കുതിരക്കുളമ്പു പോലെ തഴമ്പിച്ച കാലുകൾ കൊണ്ട് വിശ്വം കുരിക്കൾ വർഷാവർഷം കർകിടക മാസത്തിൽ ചെയ്തുവരുന്ന ഉഴിച്ചിൽ ചികിത്സയെക്കാൾ നല്ലത് കേരളാ പോലീസിന്റെ ഉരുട്ടിതിരുമ്മലാണെന്നാണ് സുഖചികിത്സ കഴിഞ്ഞ് നടുവൊടിഞ്ഞ രോഗികൾ നാടാടെ പറഞ്ഞുപരത്തിയിരുന്നത്. ആ കാലുകളുടെ അടിയിൽ നിന്നും സ്വന്തം പുറം പാളീസായിക്കൊണ്ടിരിക്കുമ്പോഴും എന്നെങ്കിലുമൊരിക്കൽ തായ്ലാൻഡിലെത്തുമെന്നുള്ള വിശ്വാസത്തിൽ മണ്ണു വേദന കടിച്ചുപിടിച്ച് അലമുറയിട്ടുകരഞ്ഞു.
ആയിടയിലാണു എനിക്ക് കാനടയിലേക്ക് വിസ കിട്ടുന്നത്. എല്ലാവരേയും പോലെ ഒരു നാല് പെഗ്ഗിൻമേൽ ഗുഡ്ബയ് പറഞ്ഞ് ഞാനിങ്ങ് കയറി. തായ് വിസയ്ക്കു കാത്തിരിക്കുകയായിരുന്ന മണ്ണു തായ്ലാൻഡിൽ പോകാനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു - പാവാടയുടുത്ത് ഫുട്ബാൾ കളിക്കാനും, മുട്ടുകുത്തിയിരുന്നു വെള്ളേപ്പം കഴിക്കാനും, ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ജ്യൂസ് കുടിക്കാനുമൊക്കെ സെല്ഫ് ട്രെയിൻ ചെയ്യുകയും ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എന്നോണം ബാംകോക്ക് യൂനിവേർസിറ്റിയുടെ 'മുപ്പതു ദിവസംകൊണ്ട് തായ് ഭാഷ പഠിക്കൂ' എന്ന പുസ്തകം വിമാനമാർഗം പറത്തിവരുത്തി മനസ്സിരുത്തി പഠിക്കാനും മറന്നില്ല. നിലം തൊടാതെയുള്ള കുങ്ഫൂ അഭ്യാസവും പഠിക്കണമെന്നുണ്ടായിരുന്നു - അതിനിറങ്ങിപ്പുറപ്പെട്ട് അവസാനം പത്തു ദിവസം നിലം തൊടാതെ ആശുപത്രിയിലും കിടന്നത്രെ. കാത്തിരുന്ന് കാത്തിരുന്ന് അവസാനം വിസയടിച്ചു വന്നപ്പോ അത് അമേരിക്കയിലേക്കുള്ളതായിരുന്നു. തായ് വിസ തായോ എന്ന് പറഞ്ഞു പ്രോജക്റ്റ് മനേജരുടെ ഓഫീസിൽ നിന്നും കരഞ്ഞുകൊണ്ടിറങ്ങിയ മണ്ണുവിനെ തായ് മസ്സാജ് തായ്ലാൻഡിൽ നിന്നും അന്യം നിന്നു പോകുന്ന ഒരു കലയാണെന്നും അതിപ്പോൾ അമേരിക്കയിലാണ് കൂടുതൽ സുലഭമെന്നും ഒടിയൻ പറഞ്ഞാശ്വസിപ്പിച്ചതിന്റെ ഫലമായി പിറ്റേന്നു തന്നെ അമേരിക്കൻ തായ് മസ്സാജ് സ്വപ്നം കണ്ട് ചിക്കാഗോയിലേക്ക് കമ്പനിച്ചിലവിൽ വണ്ടി കയറി. ആ വകുപ്പിലും കിട്ടി ഒടിയനു നാല് പെഗ്ഗും പിന്നെ ചിരിച്ച കോഴിയും പിച്ചാത്തിയും(പൊരിച്ച കോഴിയും ചപ്പാത്തിയും).
ഇനി കളറിൽ വായിച്ചോളൂ - ഫ്ലാഷ്ബാക്ക് തീർന്നു
ഫേസ്ബുക്കിൽ കയറി മണ്ണുവിന്റെ പ്രൊഫൈൽ പിക്ചർ നോക്കിയപ്പോ സത്യത്തിലൊന്ന് ഞെട്ടി - ലഡ്ഡുവിൽ ഉണക്കമുന്തിരി വെച്ചമാതിരി മണ്ണു ഒരു ഹാർലി ഡേവിഡ്സണ്‍ മോട്ടോർസൈക്കിളിൽ ഞെളിഞ്ഞിരിക്കുന്നു - ചീനമണ്ണ് പാത്രത്തിൽ രണ്ട് നെയ്യപ്പം വെച്ചപോലെ ഒരു കൂളിംഗ് ഗ്ലാസും മുഖത്ത് ഫിറ്റ് ചെയ്ത് 'വെള്ളാനകളുടെ നാട്ടിൽ' എന്ന സിനിമയിൽ പപ്പു റോഡ് റോളറിൽ ഇരിക്കുന്ന അതെ പോസിൽ. പിന്നെ ഒടിയനെ ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേല്പിച്ച് ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലായത് - മണ്ണുവും അവന്റെ അമേരിക്കൻ ഫ്രെണ്ട്സും ചിക്കാഗോയ്ക്കടുത്ത് മിൽവാക്കിയിൽ ഹാർലി ഡേവിഡ്സണ്‍ മ്യുസിയം കാണാൻ പോയപ്പൊ മ്യൂസിയത്തിലെ സ്റ്റുഡിയോവിൽ കയറി എടുത്തതാണത്ത്രെ മേല്പറഞ്ഞ ഫോട്ടോ. അത് രണ്ടീസം കഴിഞ്ഞപ്പോ അവർ അവനു ഇമെയിൽ ചെയ്തു കൊടുത്തത്രെ. നാട്ടിലുണ്ടായിരുന്നപ്പോ എന്റെ സ്വന്തം ബുള്ളറ്റിൽ ഞാൻ പറക്കുന്ന എന്റെ ഫേസ്ബുക് പ്രൊഫൈൽ പിക്ചറിന് മണ്ണുവിന്റെ ഹാർലി ഡേവിഡ്സണ്‍ ഫോട്ടോ സ്വല്പം മങ്ങലേല്പിച്ചോ എന്ന ചിന്ത എന്നെ കടന്നാക്രമിച്ചു.
പിന്നെ ഒട്ടും ആലോചിച്ചില്ല. അപ്പൊത്തന്നെ ഇന്റർനെറ്റ് ഫോണെടുത്ത് മണ്ണുവിന്റെ സെൽഫോണിൽ ഒരു വിളി.
"ഹലോ "
"മേ ഐ സ്പീക് റ്റു സുജിത്ത് ?"
"യാാ .... ദിസ് ഈസ് ഹീ .... യാാ സുജിത്ത് "
"സുജിത്ത്, ഗുഡ് അഫ്റ്റർനൂണ്‍. ദിസ് ഈസ് പോൾ സെർബിയ ഫ്രം ഹാർലി ഡേവിഡ്സണ്‍ "
പറ്റാവുന്നതുപോലെ അല്പം യുറോപ്പിയൻ ശൈലി ഇടകലർത്തിയ ഇംഗ്ലീഷിൽ ഞാൻ ഹാർലി ഡേവിഡ്സണ്‍ മ്യൂസിയത്തിൽ നിന്നും പോൾ സെർബിയയാണെന്നും. അവിടെ സന്ദർശിച്ചതിനു നന്ദി പറയാൻ വിളിച്ചതാണെന്നും, അടുത്ത വർഷം റിലീസ് ചെയ്യാനിരിക്കുന്ന പുതിയ 1200 സിസി ഹാർലി ഡേവിഡ്സണ്‍ ബൈക്കിലോരെണ്ണം കമ്പനി നറുക്കെടുപ്പിലൂടെ ഫാൻസിനു സമ്മാനമായി നല്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആ നറുക്കെടുപ്പിൽ സുജിത്തിന്റെ പേര് ചേർത്തിട്ടുണ്ടെന്നും സന്തോഷപൂർവം അറിയിച്ചു. ഞങ്ങൾ നിങ്ങൾക്ക് അയച്ചുതന്ന ഫോട്ടോയുടെ കോപ്പിറൈറ്റ് ഹാർലി ഡേവിഡ്സണ്‍ കമ്പനിയുടേതാണെന്നും അതിനാൽ ഇന്ടലെക്ച്ച്വൽ പ്രോപ്പർട്ടി റൈറ്റ്സിനെ മാനിച്ച് ആ ഫോട്ടോ ആവശ്യാനുസരണം സുജിത്തിന് പ്രിൻറ് ചെയ്യാൻ അവകാശമുണ്ടെന്നും പക്ഷേ ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ അപ്-ലോഡ് ചെയ്യരുതെന്നും അപേക്ഷിച്ചു. മ്യൂസിയം സന്ദർശിച്ചതിനു വീണ്ടും നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഫോണ്‍ വെച്ചു, കുറേ 'യാ യാ' യും താങ്ക്യുവും പറഞ്ഞുകൊണ്ട് മണ്ണുവും.
പിറ്റേന്ന് കാലത്ത് ദേ വരുന്നു ഒടിയന്റെ ഫോണ്‍.
" നീയാണോ ഈ പോൾ സെർബിയ ? "
" മണ്ണു വിളിച്ചു, ല്ലേ? എങ്ങെനുണ്ട് ? "
" അവനോടിതു വേണ്ടായിരുന്നു. അവനിതറിഞ്ഞാൽ നിന്നെ തല്ലിക്കൊല്ലും "
മണ്ണു ഒടിയനെ വിളിച്ച് വള്ളിപുള്ളി വിടാതെ പോൾ സെർബിയ ഫോണിൽ പറഞ്ഞതു മുഴുവൻ ചർദിച്ചത്രെ. ഹാർലി ഡേവിഡ്സണ്‍ ബൈക്കിലിരിക്കുന്ന ഫോട്ടോയുടെ ഒരു കോപ്പി മണ്ണു ഒടിയന് അയച്ചുകൊടുത്തിരുന്നു. അത് ഫേസ്ബുക്കിലിടരുതെന്ന അപേക്ഷയോടൊപ്പം ഒരു ഡയലോഗും - " ആ ബൈക്ക് എനിക്ക് തന്നെ കിട്ടുമൊടിയാ ….. ഞാൻ മുത്തപ്പന് രണ്ട് കുപ്പി കള്ള് നേർന്നിട്ടുണ്ട് "
മണ്ണു ഫേസ്ബുക് പ്രൊഫൈൽ പിക്ചർ മാറ്റി പകരം ഏതോ അലവലാതി റെസ്റ്റോറെന്റിൽ കുറേ സായിപ്പന്മാരോടൊപ്പമിരുന്ന് വായിൽ കൊള്ളാത്ത ഒരു ആനബർഗറും കടിച്ചിരിക്കുന്ന ഒരു ഫോട്ടോ അപ് ലോഡ് ചെയ്യുകയും മിൽവാക്കി ട്രിപ്പിന്റെ മൊത്തം ആൽബം ഫേസ്ബുക്കിൽ നിന്ന് ഡിലീറ്റ് ചെയ്യുകയും തന്റെ ജീവിതാഭിലാഷമായ തായ് മസ്സാജിനു വെച്ചിരുന്ന നാനൂറു ഡോളറിനു ഹാർലി ഡേവിഡ്സണ്‍റ്റെ ഒരു ഓറഞ്ചു ലെതർ ജാക്കറ്റും റേയ് ബാൻ കൂളിംഗ് ഗ്ലാസ്സ് മേടിക്കുകയും എല്ലാ മാസവും ഇരുപതു ഡോളർ ഫീസ് കൊടുത്ത് ചികാഗോ മോട്ടോർസൈക്കിൾ റൈഡേർസ് ക്ലബ്ബിന്റെ പ്രീമിയം മെമ്പർഷിപ്പുമെടുക്കുകയും ചെയ്തു. അതിനിടയിൽ അമേരിക്കൻ ടൂ വീലർ ലൈസന്സും ഒപ്പിച്ചുവത്രെ. എട്ടോടിക്കുമ്പോൾ പോലും ആ പാവമറിഞ്ഞില്ല, കിട്ടിയത് എട്ടിന്റെ പണിയാണെന്ന്.
എന്നും കാലത്ത് ഹാർലി ഡേവിഡ്സണ്‍ ഇന്ന് കിട്ടും നാളെ കിട്ടും എന്ന പ്രതീക്ഷയോടുകൂടി പോൾ സെർബിയയുടെ ഫോണ്‍കോളും കാത്ത് അങ്ങ് ചിക്കാഗോയിലെ അപ്പാർട്ട്മെന്റിലെ ഭിത്തിയിൽ ഒട്ടിച്ചുവെച്ച തന്റെ ആ ജാംഗ് ഫോട്ടോയും കണികണ്ടുണർന്നുകൊണ്ടിരിക്കുന്നു നമ്മുടെ പാവം മണ്ണു. ജീവിതത്തിലേക്ക് ഹാർലിയെ വരവേല്കാനുള്ള മണ്ണുവിന്റെ തയാറെടുപ്പുകൾ ഇവിടെയൊന്നുംക്കൊണ്ടവസാനിക്കുന്നില്ല.
വാൽ : ഇത് പോസ്റ്റുന്നതോടൊപ്പം മണ്ണുവിന്റേയും ഒടിയന്റേയും തെറിയോടുകൂടിയുള്ള ഫോണ്‍കോൾ ഉടനടി പ്രതീക്ഷിച്ചുകൊണ്ട് ഞാനിവിടെ ഇരിക്കുന്നു!!!