"സംഗീതം അനന്തസാഗരമാണ്. അതിൽ ഗിറ്റാറാകുന്ന അറബിക്കടലിന്റെ തീരത്ത് വള്ളിട്രൗസറുമിട്ട് പട്ടംപറത്തിക്കളിക്കുന്ന വെറുമൊരു പീക്കിരിപ്പൈല് തന്നെടേ ഞാൻ "
- യൂജീൻ മാർട്ടിൻ, ഗിറ്റാറിസ്റ്റ്, 2012.
സ്വദേശം തിര്വന്തോരം! പാസ്പോർട്ടിൽ അച്ചടിച്ച പേര് യൂജീൻ മാർട്ടിൻ. മലയാളി സുഹൃത്തുകൾക്ക് ലവൻ ജാംഗോ, ഗുജറാത്തി സഹമുറിയൻമാർക്ക് അവൻ യൂജിയോ പട്ടേൽ, ബംഗാളികളുടെ ഇടയിൽ അവൻ യൂജൻ ഘോഷ്, മക് ഡൊണാൾഡ്സിലെ ഫിലിപ്പീനികൾക്ക് അവൻ യൂ... മാ..., മെക്സിക്കൻ സർകിളിൽ ലവൻ യൂഹാനിയോ പെരേര എന്നിങ്ങനെ പോകുന്നൂ കുഞ്ഞാടിന്റെ വിശേഷണങ്ങൾ. മൊത്തത്തിൽ ജഗദീഷിന്റെ ഒരു എച്ചുസ് മീ ലുക്കും, കണ്ണ് പറ്റാതിരിക്കാൻ ഒരു ഗ്രേ കളർ കോട്ടും പിങ്ക് ടൈയ്യും. തൊണ്ണൂറ്റിയൊമ്പതു രൂപാ തൊണ്ണൂറ്റിയഞ്ചു പൈസയുടെ ഒരു ബാറ്റാ ഷൂസും, കമ്പനി പെയിന്റിന് കോണ്‍ട്രാസ്റ്റായി തൂവെള്ള കളറുള്ള കോൾഗേറ്റ് പല്ലും, അതേ കളറുള്ള ഒരു വെള്ള ബെൽറ്റും, പൂച്ചയുമായി മല്പിടുത്തം നടത്തിയതുപോലുള്ള മാന്തിപ്പറഞ്ഞ ഒരു ജീന്സും, ഒരു പോളോ തൊപ്പിയും, പോരാത്തതിനു പുറത്തു തൂക്കിയിട്ടിരിക്കുന്ന തന്നോളം വലുപ്പമുള്ള ഒരു ഗിറ്റാറും, കയ്യിൽ എടുത്താൽ പൊന്താത്ത ഒരു ക്യാനണ്‍ ക്യാമറയും - ഒട്ടുമുക്കാൽ സമയത്തും ഇന്ത രൂപത്തിൽ കാണപ്പെടുന്ന യൂജീൻ മാർട്ടിൻ ആരെങ്കിലും ചാകാൻ കിടക്കുകയാണെങ്കിൽ പോലും, " ഡോണ്ട് വറി ബഡ്ഡി, വി വിൽ ഫിഗർ ഇറ്റ് ഔട്ട് " എന്ന ഒരു ഡയലോഗും കാച്ചി ഗിറ്റാർ വായനയിൽ മുഴുകിയിരിക്കും. ഈ ഗിറ്റാർ വായനയുടെ മഹത്വം ഒന്നുകൊണ്ടു മാത്രമാണ് കുറച്ചുകാലം തന്റെ സഹമുറിയനായ അജിത് മാത്യു അദ്ദേഹത്തിൻറെ മൊത്തം സമ്പാദ്യം മുഴുവനുമുപയോഗിച്ച് അതിനു മുകളിൽ കൊള്ളപ്പലിശയ്ക്ക് ലോണുമെടുത്ത് ഒരു വീടുമേടിച്ച് സ്വസ്ഥമായി അങ്ങോട്ട് താമസം മാറിയത്. യൂജീന്ന് എപ്പോ വേണമെങ്കിലും അജിത്തിന്റെ വീട്ടിൽ കയറിച്ചെല്ലാം, പക്ഷേ ആ ഭവനത്തിൽ യൂജീന്റെ ഗിറ്റാറിന് ആജീവനാന്ത കാലം വിലക്കുണ്ട്.
പാട്നയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നിന്ന് കുക്കറി ആൻഡ് ഫുഡ് മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ് ഇങ്ങ് കാനടയിലേക്ക് പറന്ന് ഈ പട്ടണത്തിലെ ഒരേയൊരു പഞ്ചനക്ഷത്ത്ര ഹോട്ടലായ ഡെൽറ്റാ ഹോട്ടലിൽ കയറിപ്പറ്റി നക്ഷത്രമെണ്ണിക്കൊണ്ടിരിക്കുകയാണ് കക്ഷിയുടെ തൊഴിൽ. ചീഫ് ഷെഫ് ആവണമെന്നുള്ള അതിയായ മോഹം ഉള്ളിലൊതുക്കി ജനറൽ ട്രെയിനിയായി ഒരു വർഷത്തെ പ്രൊബേഷൻ പീര്യഡും തള്ളിനീക്കി പ്രൊമോഷനു വേണ്ടി കാത്തിരിക്കവെ തന്റെ ആത്മാർത്ഥ സുഹൃത്തായ സുഭാഷിന്റെ വാക്കുകൾ മാനിച്ച് ആരും ഇല്ലാത്ത നേരം നോക്കി കിച്ചണിൽ കയറി ഒരു ഇറ്റാലിയൻ പാസ്താ ഡിഷ് ഉണ്ടാക്കി വെള്ളക്കാരൻ മാനേജർ ഇയാൻ ജോണ്‍സണ്ണു കൊടുത്തു - ഇംപ്രസ് ചെയ്യിക്കാൻ. പാസ്ത വായിൽ വെച്ചതും സായിപ്പു യൂജീൻനെ കെട്ടിപ്പിടിച്ച് അപ്പൊത്തന്നെ ബാങ്ക്വറ്റ് മാനേജർ തസ്തികയിലേക്ക് പ്രൊമോഷൻ ലെറ്റർ കൊടുത്തൂ, എന്നിട്ടൊരു താക്കീതും, "മേലാൽ കിച്ചണിന്റെ ഭാഗത്തൊന്നും കണ്ടുപോകരുത്." ഒടുവിൽ ഈ ഐഡിയ പറഞ്ഞുതന്ന സുഭാഷിനെ മനസ്സിൽ ധ്യാനിച്ച് കിച്ചണിലെ അടുപ്പിൻറെ ഖബറിൽ ഒരു പിടി പാസ്ത വാരിയിട്ട് യൂജീൻ ബാങ്ക്വറ്റ് ഹാളിലേക്ക് നടന്നകന്നു.
പശ്ചാത്ത്യ സംഗീതം സ്വല്പം ഹിന്ദുസ്ഥാനിയിൽ അരച്ചുകലക്കി അവിയൽ പരുവത്തിൽ മൂന്നു ടേബിൾസ്പൂണ്‍ വീതം നാലുനേരം സേവിച്ചിരുന്ന യൂജീനിനു ഒരു ന്യൂ ജെനറേഷൻ ബാൻഡ് തുടങ്ങണം എന്ന കലശമായ ആഗ്രഹം പണ്ട് പത്താം ക്ലാസ് കഴിഞ്ഞ് ഇനി പ്ലസ് ടൂവിനു പോണോ അതോ ഗൾഫിൽ പോകണോ അതോ എന്തെങ്കിലും ബിസിനെസ്സ് തുടങ്ങണോ എന്ന് ചിന്തിച്ച് കണ്‍ഫ്യുസ്ഡായി ശംഖുമുഖത്തുകൂടെ കപ്പലണ്ടി തിന്ന് തേരാപ്പാര നടക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ്. ആ ആഗ്രഹത്തിന്റെ കടയ്കലിൽ കിട്ടിയ ആദ്യത്തെ വെട്ടാണു കാനടയിലേക്കുള്ള വരവ്. ഇവിടെ വന്ന് സമനാഗ്രഹമുള്ള ഒന്നുരണ്ട് പൈലുകളെ പരിചയപ്പെട്ടപ്പൊ ആഗ്രഹസാക്ഷാത്കാരത്തിനു ഒന്നുകൂടെ പരിശ്രമിച്ചാൽ കൊള്ളാമെന്നു തോന്നി. കാലത്ത് ഒരു രണ്ട് മണിയോടുകൂടി നൈറ്റ് ഷിഫ്റ്റും കഴിഞ്ഞ് വിട്ടിലേക്ക് ഡ്രൈവ് ചെയ്യും വഴി ഏതെങ്കിലും കൊള്ളാവുന്ന ലോഹഗാനം(മെറ്റൽ സോങ്ങ്) റേഡിയൊയിൽ കേട്ടാൽ പിന്നെ വീട്ടിലെത്തിയപാടേ ഗിറ്റാറെടുത്ത് വായന തുടങ്ങും. അധികം വൈകാതെ ഗുജറാത്തി സഹമുറിയൻമാർ യുജീന്നേയും ഗിറ്റാറിനേയും ബാത്ത്‌റൂമിൽ പൂട്ടിയിടും. നേരം വെളുക്കുവോളം സ്ഥലകാല ബോധമില്ലാതെ യൂജീൻ അവിടിരുന്നു ഗിറ്റാർ വായിച്ചോളും. പിന്നൊരു രണ്ടു മാസം ഗിറ്റാറിനും സഹമുറിയൻമാർക്കും സ്വസ്ഥത. ഇതിങ്ങനെ ഇടയ്കിടെ ആവർത്തിച്ചുകൊണ്ടിരുന്നു. വല്ലപ്പോഴും മാത്രമായതു കൊണ്ട് ഗിറ്റാറുകൊണ്ട് തലക്കടിയേറ്റ് മരിച്ച വല്ല റോക്ക് ഗിറ്റാറിസ്റ്റിന്റെ ബാധകയറുന്നതാണോ എന്ന പേടിയും സഹമുറിയന്മാർക്ക് തോന്നിത്തുടങ്ങിയിരുന്നു.
അങ്ങനെയിരിക്കെയാണ് 2012 ക്രിസ്ത്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജോസേട്ടൻ ഇവിടുള്ള മലയാളികളേയൊക്കെ വിളിച്ച് ഒരു മീറ്റിങ്ങ് കൂടിയത്. വന്നവർകൊക്കെ ഓരോ പണി കിട്ടി, കൂട്ടത്തിൽ യൂജീനിനും - മലയാളത്തിൽ ഒരു ഗാനമേള ആൻഡ് ക്വയർ തട്ടിക്കൂട്ടണം - ചുരുക്കത്തിൽ പറഞ്ഞാൽ ഒരു മിനീ സംഗീതസംവിധാനം - ഒന്നിനു പുറകേ ഒന്നൊന്നായി യൂജീനിന്റെ മനസ്സിൽ പൊട്ടി, ഒരു പതിനഞ്ചെണ്ണം വീതം - മഞ്ഞയും ചോപ്പും ഓറഞ്ചും കളറുള്ള ലഡ്ഡു.
ക്രിത്യനിഷ്ഠയ്ക്ക് പേരുകേട്ട യൂജീൻ പിറ്റേന്ന് മുതൽ ജീവിതത്തിലാദ്യമായി കറക്റ്റ് സമയത്ത് പള്ളിയിലെത്തി. കൊച്ചുകുട്ടികളെ മുതൽ വലിയവരെ വരെ പങ്കെടുപ്പിച്ചു കൊണ്ട് തന്നാൽ കഴിയാവുന്ന രീതിയിൽ യൂജീൻ ഒരു ഗാനമേള തട്ടിക്കൂട്ടി - യൂജിസം - ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും ക്രിസ്ത്മസ് ഗാനങ്ങളുമൊക്കെ ഇടകലർത്തിക്കൊണ്ടൊരു ഗാനമേള - സംഭവം കരോക്കെയായിരുന്നുവെങ്കിലും സംഗീതത്തിന് മാറ്റുകൂട്ടാൻ സ്വന്തമായി രൂപകല്പന ചെയ്ത ചില പാശ്ചാത്യ ഗിറ്റാർ റ്റ്യൂണുകൾ പുള്ളി പുട്ടിനു തേങ്ങാപ്പീരയിടുന്നതുപോലെ ഇതിനിടയിൽ കുത്തിത്തിരുകി. പരിപാടിയ്ക്ക് ദിവസമടുക്കുംതോറും ഇവിടുത്തെ മലയാളി വികാരിയച്ഛൻമാരായ ജോർജച്ചനേയും ജോസച്ചനേയും പള്ളിയിൽ വന്നുപോകുന്നവരേയും രോമാഞ്ചകഞ്ചുകരാക്കികൊണ്ട് "യൂജീൻ ആൻഡ് ഗേൾസ്" ന്റെ സംഭവബഹുലമായ ഗാനമേള പ്രാക്റ്റീസ് തകൃതിയായി നടന്നുകൊണ്ടിരുന്നു.
അങ്ങനെ റെജൈനയിലെ മലയാളികൾ കാത്തിരുന്ന ആ സുദിനം വന്നെത്തി - യൂജീന്റെ ഗാനമേള കാണാൻ പുറത്തെ മൈനസ് മുപ്പത്തഞ്ചു ഡിഗ്രീ തണുപ്പുപോലും അവഗണിച്ച് മലയാളി സമൂഹം ഒന്നടങ്കം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിലേക്ക് ഇരമ്പിക്കയറി.
സമയം വൈകിട്ട് അഞ്ചേമുക്കാൽ. ജോർജച്ചന്റെ കുർബാനയോടുകൂടി പരിപാടി ആരംഭിച്ചു. കോട്ടും സൂട്ടുമിട്ട് മുന്നിൽ നിന്നിരുന്ന ജോസേട്ടൻ കുർബാനയിൽ ശ്രദ്ധ ചെലുത്താൻ പറ്റാതെ ഇടയ്കിടെ റ്റെൻഷനോടുകൂടി വാതിലിലേക്കും പിന്നെ ആൾകാരുടെ ഇടയിലേക്കും കണ്ണോടിച്ചുകൊണ്ടിരുന്നു. കാര്യമെന്താണെന്നറിയാതെ അമാന്തിച്ചുകൊണ്ടു ചിലർ ജോസേട്ടനിലേക്കും ശ്രദ്ധ തിരിച്ചു. കൊന്നത് ഭീമനെങ്കിൽ ചത്തത് കീചകൻ തന്നെ - കാത്തിരിക്കുന്നത് ജോസേട്ടനാണെങ്കിൽ അത് യൂജീനിനെ തന്നെ - കുർബാന തീരുന്നതോടുകൂടി ക്വയർ തുടങ്ങണം, പക്ഷേ യൂജീനിതുവരെ എത്തിയിട്ടില്ല. വൈകിട്ട് നാലുമണി മുതൽ ജോസേട്ടനും, വിജുവും, സുഭാഷും യൂജീന്റെ മൊബൈലിൽ മാറി മാറി വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ വോയിസ് മെയിലിൽ പോകുന്നതല്ലാതെ നോ റിപ്ലൈ. വളണ്ടിയർമാർ പള്ളിയങ്കണത്തിൽ യൂജീൻനേയും തപ്പിനടന്നു, പക്ഷേ പൊടിപോലുമില്ല കണ്ടുപിടിക്കാൻ! അവസാനം പാപ്പാനില്ലാത്ത ആനയെ പോലെയായി യൂജീനില്ലാത്ത ഗാനമേളയുടെ അവസ്ഥ. ജോസേട്ടന്റെ മുജ്ജന്മ സുകൃതം കാരണമാകാം കരോക്കെയുള്ളതുകൊണ്ട് ഗാനമേള തത്കാലം രക്ഷപെടുകയും കൈയ്യടി മേടിക്കുകയും ചെയ്തത്.
പരിപാടി തീരുന്നതിനു മുൻപ് തന്നെ വിനുവേട്ടന്റെ മേൽനോട്ടത്തിൽ ഉടലെടുത്ത കോയിബിരിയാണിയിൽ ലയിച്ചും, ബിന്ദിഷും കേശുവും എഴുതി സംവിധാനം ചെയ്തഭിനയിച്ച ഹാസ്യനാടകം കണ്ട് ചിരിച്ച് ധൃതകിതപുളകിതരാവുകയും ചെയ്ത ഇന്നാട്ടിലെ മലയാളി സമൂഹം ഗാനമേളയിൽ നിന്നും മുങ്ങിയ യൂജീനിനെ പാടെ മറന്നുതുടങ്ങിരുന്നു. ഗംഭീരമായ ഒരു പരിപാടി നടത്തിയ സംതൃപ്തിയിൽ ജോസേട്ടനും നല്ലൊരു പരിപാടി കണ്ട സംതൃപ്തിയിൽ മറ്റുള്ളവരും അന്നു രാത്രി ഉറക്കത്തിലേക്കാണ്ടു.
ഏതാനും ദിവസങ്ങൾക്ക് ശേഷം ഒരു തണുത്ത സായാഹ്നത്തിൽ വെറും യാദൃശ്ചികമായാണ് ടിം ഹോർട്ടൻസിൽ വെച്ച് കാപ്പി കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന യൂജീനിനെ ജോസേട്ടൻ കാണാനിടയായത്.
ജോസേട്ടനെ കണ്ടപ്പോൾ മുഖത്ത് ഉടലെടുത്ത ജാള്യത ഗ്രേ കോട്ടിന്റെ പോകറ്റിലോളിപ്പിച്ച് ഒരു ഇളി പാസാക്കി യൂജീൻ : " ജോസേട്ടാ, ഹവ് ആർ യൂ? "
ജോസേട്ടൻ : " ഗോയിങ്ങ് ഗുഡ്. എന്താ അന്ന് പരിപാടിക്ക് വെരാതിരുന്നത്? സംതിങ്ങ് റോങ് " ?
യൂജീൻ : " അത് ജൊസേട്ടാ, ഒരു പ്രശ്നം പറ്റി "
കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയിട്ടാണോ എന്തോ (അന്ന് ഇവിടുണ്ടായിരുന്ന എല്ലാ യുവാക്കളുടേയും പ്രശ്നം ഇമിഗ്രേഷൻ സംബന്ധിതമായിരുന്നു), ജോസേട്ടൻ വികാരഭരിതനായി : " ഓ ഗോഡ് , എന്താ യൂജീനേ പ്രശ്നം? എന്താണെങ്കിലും പറയു. നമുക്ക് പരിഹാരമുണ്ടാക്കാം.....", പറഞ്ഞുതീരുന്നതിനു മുൻപുതന്നെ ജോസേട്ടൻ തന്റെ സെൽ ഫോണിൽ ഇൻഡോ കനഡിയൻ അസോസിയേഷൻ സെക്രട്ടറിയുടെ ഫോണ്‍ നമ്പർ തപ്പി റെഡിയാക്കി വെച്ചു. എങ്ങാനും വിളിക്കേണ്ടി വന്നാലോ?
യൂജീൻ : " അത് പിന്നെ ജോസേട്ടാ…., ഞാനന്ന് ഉറങ്ങിപ്പോയി ! "
പഞ്ചസാരയും ക്രീമുമിടാത്ത ബ്രൂ ചെയ്ത ആ കയ്പേറിയ കാപ്പി ഒരു രണ്ട് സിപ്പ് കൂടിച്ച് ജോസേട്ടൻ ടിം ഹോർട്ടൻസിൽ നിന്നും പുറത്തിറങ്ങി നേരെ സൂപ്പർസ്റ്റോർ ലക്ഷ്യമാക്കി നടന്നകന്നു. സമയം ഒട്ടും വേസ്റ്റ് ചെയ്യാൻ കൂട്ടാക്കാതെ കാലത്തെട്ടുമണിക്ക് മേടിച്ച ആ തണുത്ത കാപ്പിയിൽ നിന്നും ഒരു സിപ്പെടുത്ത് ഇയർ ഫോണ്‍ തിരിച്ച് ചെവിയിൽ കുത്തി സെൽഫോണിൽ പ്ലേ ചെയ്തുകൊണ്ടിരുന്ന ഏതോ കൂതറ കൊറിയൻ ലോഹബാന്റിന്റെ പൊട്ടിത്തെറിക്കുന്ന പാട്ടിന്റെ ഈണത്തോടൊത്ത് മൂളിപ്പാട്ടും പാസാക്കി തലയാട്ടാൻ തുടങ്ങിയിരുന്നു നമ്മുടെ സ്വന്തം ഗിറ്റാറിസ്റ്റ്.
No comments:
Post a Comment