Thursday, November 27, 2014

കിസ് ഓഫ് ലവ്

വർഷാവർഷം വേനല്കാലം തുടങ്ങുമ്പോൾ ഞങ്ങളുടെ കമ്പനി (ഞങ്ങളുടെ എന്നല്ല കാനടയിലെ ഒട്ടുമുക്കാൽ കമ്പനികളും സ്ഥാപനങ്ങളും) നടത്തിപ്പോന്ന ഒരു  വേനല്കാല മഹോത്സവമാണ് " ആന്വൽ സമ്മർ ബാർബീക്യു പാർട്ടി".

ഏഴു മുതൽ  ഒൻപതു മാസം വരെ നീണ്ടു നില്കുന്ന അതിശൈത്യമേറിയ കൊടുംമഞ്ഞുകാലം തണുത്തിട്ട് പുറത്തിറങ്ങാനും വയ്യ ബോറടിച്ചിട്ട് അകത്തിരിക്കാനും വയ്യ എന്നവസ്ഥയിൽ ഗതികെട്ട്  വെറുപ്പോടെ തള്ളിനീക്കുന്ന ഇന്നാട്ടിലെ ഞാനുൾപ്പടെയുള്ള ജനങ്ങൾക്ക് വീണുകിട്ടുന്ന  അഞ്ചു മാസം ദൈർഖ്യമുള്ള ഓണക്കാലമാണ്  വേനല്കാലം. വേനൽക്കാലം അടിച്ചുപൊളിക്കാൻ സായിപ്പന്മാർ ഇടയ്ക്കിടെ ഒപ്പിക്കുന്ന ലളിതമായ ഒരു ഒത്തുകൂടലാണ് ബാർബീക്യു പാർട്ടികൾ.

ഞങ്ങളുടെ കമ്പനിയിൽ കാഫിറ്റീരിയ നടത്തുന്ന ഗ്രീക്ക് സായിപ്പ് ജോണും കുടുംബവും, പിന്നെ കമ്പനി മാനേജ്മെന്റും ഷെയറിട്ടു ലഞ്ച് ബ്രേക്കിൽ നടത്തുന്ന ലളിതമായ ഈ ബാർബീക്യു പാർട്ടിയിൽ അത്യാവിശ്യം ഭക്ഷണവും സോഫ്റ്റ് ഡ്രിങ്ക്‌സും പിന്നെ ഡങ്ക് ടാങ്ക് എന്ന ഒരുതരം കെനേടിയൻ  ഗോത്രവർഗ ഗയ്മും കാണും.

വളരെ രസമേറിയ ഒരു കളിയാണ്‌ ഡങ്ക് ടാങ്ക്. നാലഞ്ചടി പൊക്കമുള്ള വെള്ളം നിറച്ച ഒരു പ്ലാസ്റിക് ടാങ്കിനു മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഇരിപ്പടത്തിൽ ഒരാളെ ഇരുത്തുന്നു. ഓരോ ഡിപാർട്മെന്റിലേയും മാനേജർമാരെയാണു ഇതിനായി ഉപയോഗിച്ചുവരുന്നത്. സൈഡിൽ ഘടിപ്പിച്ചിരിക്കുന്ന പുഷ് ലിവറിൽ പന്ത് കൊണ്ട് എറിഞ്ഞുകൊള്ളിച്ചാൽ മുകളിരിക്കുന്ന വ്യക്തി വെള്ളത്തിലേക്ക് "ഡിം". മൂന്ന്  ഡോളർ കൊടുത്താൽ മൂന്നു തവണയും  അഞ്ച് ഡോളർ കൊടുത്താൽ ആറു തവണയും പന്തെറിയാനുള്ള ചാൻസ് കിട്ടും. ഇങ്ങനെ സ്വരൂപിയ്കുന്ന ഡോളേർസ് ഇവിടുത്തെ ഫുഡ് ബാങ്കിനോ അല്ലെങ്കിൽ ഏതെങ്കിലും ചാരിറ്റിക്കോ  മണിയോർടറയച്ചു കൊടുക്കാറാണ് പതിവ്.

    


 ഇത്തരം കളികൾ ഇന്ത്യയിലേക്കും വ്യാപിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം പ്രത്യേകിച്ചും മാനേജർമാരെ വെള്ളത്തിലാഴ്ത്തുന്ന കളികൾ. 

എനിവേയ്സ് പാർട്ടിയുടെയന്നു കാലത്ത് ഓഫീസ് ഡസ്കിലേയ്ക്ക് മുകളിലത്തെ നിലയിൽ  നിന്നും തൃശ്ശൂർ കാരൻ റയ്ഗണ്‍ കുരിയാക്കോസ്  വക ഫോണ്‍ കോൾ :

" എന്താ ഭായ് ?"

"ടാ..... നീ ബാർബീക്യു പാർട്ടിക്ക് പോണണ്ട്രാ?"

"പിന്നില്ലാതെ ... നിങ്ങള് വരുന്നില്ലേ?"

"ഹൈ, ബർഗറു തിന്നാൻല്ലേ? ചോറുണ്ണാണ്‍ വീട്ടിപ്പൂവ്വാണിഷ്ടാ ..."

" നിങ്ങള് വാന്നെ .... ഡങ്ക് ടാങ്ക് ഒക്കെ ഇല്ലേ "

"എന്തൂട്ട്ണാ ഈ ഡങ്ക് ടാങ്ക്?"  

ഡങ്ക് ടാങ്ക് എന്താണെന്നു എക്സ് പ്ലൈൻ ചെയ്തപ്പോ പുള്ളിക്കാരന്റെ മനസ്സിൽ  ലഡ്ഡു പൊട്ടി. 

" ങാ .... ഹാ ..... കൊള്ളാലോ ഈ വീഡിയോണ്‍.  ഡാ...  നമ്മടെ ഗെയിനില്ലേ... ഹൈ...എന്റെ ടീം മാനേജർ ഗെയിൻ ഹംഫ്രി .. അങ്ങോരെ ഞാനിന്ന് വെള്ളത്തിൽ തള്ളിയിടും ...ഷുവറാനിസ്റ്റാ ... "

"ശരിയളിയാ ..." എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. ഞങ്ങളുടെ കമ്പനിയിൽ  മലയാളികളായി ഞാനും റെയ്ഗണും പിന്നെ പ്രോജക്റ്റ് മാനേജർ അജിത്തും മാത്രമേയുള്ളൂ. ഈ സിറ്റിയിൽ തന്നെ ഏറെക്കുറെ മണ്ടരി ബാധിച്ച തെങ്ങിൻതോപ്പിൽ വിളവെടുപ്പ് നടത്തിയത്  പോലെയായിരുന്നു അന്നത്തെ മലയാളി പോപുലേഷൻ.

രണ്ടായിരത്തിപന്ത്രണ്ടിലെ  മഞ്ഞുരുകിത്തുടങ്ങിയ മെയ്മാസത്തിലാണ് റെയ്ഗണ്‍ പെട്ടിയും കിടക്കയുമായി റെജൈനയിലെത്തിയത്. ഒഴിവുസമയങ്ങളിൽ സഹമലയാളികളുമൊത്ത് ചീട്ട് കളി ഒരു ഹോബിയാക്കിയ ടിയാന് അറിയാവുന്ന കളി ഇരുപത്തെട്ട് മാത്രമയതിനാൽ ഭൂരിപക്ഷം വരുന്ന റമ്മി കളിക്കാരെ പാടേ പുച്ഛമായിരുന്നു. അതിന്റെ പരിണാമഫലമായി ഇരുപത്തെട്ട് കളിക്കുന്നവരുമായി സൌഹൃദത്തിനു താത്പര്യമൂണ്ടെന്നു പറഞ്ഞു സായിപ്പിന്റെ ഇംഗ്ലീഷുപത്രത്തിൽ ആദ്യമായി പരസ്യം കൊടുത്ത മലയാളിയെന്ന ബഹുമതിയും റെയ്ഗണ്‍ന്റെ പേരിൽ നിലനില്കുന്നു. ഇന്ന് ഇരുപത്തിയെട്ട് കളിയുടെ വെസ്റ്റേർണ്‍ കാനടയിലെ റീജ്യണൽ മാനേജർ കൂടിയാണ് ബഹുമാന്യനായ റെയ്ഗണ്‍ കുരിയാക്കോസ്. 

കറക്റ്റ് പതിനൊന്നരയ്ക്ക് പാർട്ടി തുടങ്ങി. ഞാനും റെയ്ഗണും ഡങ്ക് ടാങ്ക് ലക്ഷ്യമാക്കി നടന്നു. സ്വന്തം ടീം മാനേജർ ഗെയ്നിനെ വെള്ളത്തിൽ മുക്കണമെന്നുള്ള പ്രതീക്ഷിയോടെ റെയ്ഗൺ ആറുഡോളറിന്റെ ടിക്കറ്റുമെടുത്തു ഗെയിൻ ഡങ്ക് ടാങ്കിന്റെ  മുകളിരിക്കുന്നത് വരെ കാത്തിരുന്നു. കിളിയുടെ കണ്ണ് ലക്ഷ്യമാക്കി അമ്പെയ്ത അർജ്ജുനനെപ്പോലെ റെയ്ഗൺ പുഷ് ലിവറിനെ  ലക്ഷ്യമാക്കി തന്റെ ആവനാഴിയിൽ അവശേഷിച്ച ആറ് ബേസ്ബോളാസ്ത്രങ്ങളും പ്രയോഗിച്ചു. 

ഹവ്വെവർ ലക്ഷ്യസ്ഥാനം കാണാതെ റെയ്ഗൺന്റെ ബേസ്ബോളാസ്ത്രങ്ങൾ പലവഴിക്കായി പറന്നകന്നു. മനസ്സില്ലാമനസ്സോടെ റെയ്ഗണ്‍ പവലിയണിലേക്കു വിട വാങ്ങി. പക്ഷെ കൂടെ ജോലിചെയ്യുന്ന മാർവാടിയായ  രാജേന്ദ്രയുടെ ഉന്നം പിഴച്ചില്ല. രാജേന്ദ്ര തൊടുത്തുവിട്ട ബേസ്ബോൾ  പുഷ് ലിവറിനെ ഒന്നുതൊട്ടതും ഗെയിൻ  വെള്ളത്തിൽ വീണതും പെട്ടെന്നായിരുന്നു. കല്ലുരുട്ടിവിട്ട നാറാണത്തുഭ്രാന്തനെപ്പോലെ വിജയശ്രീലാളിതനായി രാജേന്ദ്ര ഫുഡ് കൌണ്ടർ ലക്ഷ്യമാക്കി ഓടിമറഞ്ഞു.

"ഞാനീ പത്തമ്പതടി ഉയരത്തിലുള്ള മാവിന്ന് കൂളായിട്ട് മാങ്ങയെറിഞ്ഞിടുന്നതാണിഷ്റ്റാ. ഈ പ്രാക്റ്റീസ്  ഇല്ലാത്തതുകൊണ്ട് ടച്ച് വിട്ടുപോയി" ,  "എന്തൂട്ട്ണ് ബോളാണീ ബേസ്ബോള് … വല്ല സ്റ്റിച്ച് ബോളായിരുന്നെങ്കിൽ ഗഡിയെപ്പോ വെള്ളത്തിൽ വീണെന്ന് ചോദിച്ചാമതിയിസ്റ്റാ" , "രാജേന്ദ്ര ആകാശത്തേയ്ക്ക് നോക്കിയെഞ്ഞപ്പോ ആ ലിവറീമ്മക്കൊണ്ടു.. അത്രേയുള്ളൂ" എന്നിങ്ങനെയുള്ള ഡയലോഗുകൾ കൊണ്ട് താൻ ശശിയാവതിരിക്കാൻ നിരാശാജനകനായ റെയ്ഗണ്‍ നല്ലോണം പാട് പെടുന്നുണ്ടായിരുന്നു.  

ഞങ്ങളും പതിയെ ഫുഡ് കൌണ്ടറിനടുത്തേക്കു പോയി. സീസർ സാലഡ്, പാസ്ത സലാഡ്, ബീഫ് ബർഗർ, ഇറ്റാലിയൻ ഹോട്ട് ഡോഗ്, ഗാർളിക്ക് ബ്രഡ്ഡ് എന്നിവയടങ്ങുന്ന ലഞ്ച് ആവശ്യാനുസരണമെടുത്ത് അറുപതു വാട്ടിന്റെ ബൾബിനു ചുറ്റും പാറിപ്പറക്കുന്ന ഈയാംപാറ്റകളെപ്പോലെ, ചുട്ടുപൊള്ളുന്ന ആ വെയിലത്ത് തടിച്ചു കൂടിയ അല്പവസ്ത്രധാരികളയ മദാമ്മമാരുടേയും പിത്തം വന്ന സായിപ്പുമാരുടേയും ഇടയിലിരുന്ന്   അവരോട് ഗോഡ്സ് ഓണ്‍ കണ്ട്രിയിലെ വിശേഷങ്ങൾ പങ്കുവെച്ച്  ഞങ്ങൾ മെല്ലെ കഴിക്കാൻ തുടങ്ങി. അങ്ങിങ്ങായി പറന്നുകളിക്കുന്ന തേനീച്ചകളുടെ ശല്ല്യമൊഴിച്ചാൽ " പ്രശാന്തസുന്ദര നട്ടുച്ച, നല്ല ഭക്ഷണം "   

കൂൾ ഡ്രിങ്ക്സ് ഫ്രീയായതിനാൽ (ഓഫീസ് റ്റൈമിനിടയിലുള്ള ലഞ്ച് ബ്രേക്കായതിനാൽ നോ അൽകഹോൾ) ഞങ്ങളെല്ലാവരും ഓരോ പ്ലാച്ചിമടയുമെടുത്ത് സിപ്പ് ചെയ്ത്  മാനേജർമാർ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് രസിക്കാൻ വീണ്ടും ഡങ്ക് ടാങ്കിനടുത്തേക്ക് നീങ്ങി. ഒരു ചെയ്ഞ്ചിനു വേണ്ടി സ്ഥിരം കഴിക്കുന്ന കൊക്കോ-കോളയ്ക്ക് പകരം ഇന്ന് ഗ്രേപ്പ്ജ്യൂസാവാം എന്ന തീരുമാനം എത് ഉൾപ്രേരണ മൂലമാണെന്നറിയില്ലെങ്കിലും തന്റെ ആ ഡിസിഷൻ മരിച്ചാലും റെയ്ഗണ്‍ മറക്കില്ല.             
    
ഗ്രേപ്പ്ജ്യൂസിന്റെ ക്യാൻ പൊട്ടിച്ച് ഒറ്റ സിപ്പ് എടുത്തതേ റെയ്ഗണോർമ്മയുള്ളൂ, സൈഡിലൂടെ നാസ വിട്ട റോക്കറ്റുപോലെ  എങ്ങോ  അലക്ഷ്യമായി പോയ്കൊണ്ടിരുന്ന ഒരു തേനീച്ച ടിയാൻ പൊട്ടിച്ച ജ്യൂസിന്റെ സ്മെല്ലടിച്ച്‌ മുന്തിരിയാണെന്നു കരുതി റൂട്ടുമാറിവന്ന് ഗഡിയുടെ മോന്തായത്തിനു ചുറ്റും വട്ടമിട്ട് പറന്ന് ഒരു ഡീറ്റെയിൽഡ് സ്കാൻ ഒക്കെ ചെയ്ത് അത് ഒർജിനൽ മുന്തിരിയല്ലെന്നു മനസ്സിലായപ്പോ തന്റെ വിലപ്പെട്ട സമയം മെനക്കെടുത്തിയതിനു ആവനാഴിയിൽ സ്റ്റോർ ചെയ്തു വെച്ചിരുന്ന ആയുധങ്ങളിൽ നിന്നും നല്ല മൂത്ത് പരുവമായ ഒരു മേനക്കാസ്ത്രമെടുത്ത് പൂർവാധികം ശക്തിയോടെ  റെയ്ഗണ്‍ന്റെ മേൽചുണ്ടിൽ ആഞ്ഞൊരു കുത്ത് കൊടുത്ത് അത് അതിന്റെ പാട്ടിന് പോയി….

….ചൂടേറിയ ആ ചുംബനത്തിന്റെ പാർശ്വഫലമായി മേൽച്ചുണ്ട്  വീർത്ത്  മേയ്കപ്പില്ലാതെ തന്നെ കല്യാണസൌഗന്ധികം ബാലേയിലെ ഹനുമാനായി മാറിയ  റെയ്ഗണ്‍ ഹാഫ് ഡേ ലീവെടുത്ത്  തന്റെ വീട്ടിലേക്കും….


വാൽകഷ്ണം : "ചുംബന സമരം സിന്ദാബാദ്, എന്നാലും ഇതുപോലൊരെണ്ണം ശത്രുക്കൾക്ക് പോലും കിട്ടരുതേ ! " എന്നാണ് ആ പാവം ഗഡി മൂവന്തിയോളം പ്രാർത്ഥിച്ചത്.

Saturday, November 8, 2014

തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സ്

"അന്നൊരു കറുത്ത വാവായിരുന്നു. സമയം അർദ്ധരാത്രി! . . . . . . . . കുറ്റാക്കൂരിരുട്ട്! . . . . . . .  സൂചിവീണാൽ കിടുങ്ങുമാറാകും വിധം എങ്ങും നിശബ്ദത!. . . . . . . .  ഒരീച്ചപോലുമനങ്ങുന്നില്ല. . . . . . . . . ഭയമെന്ന വികാരത്തിൽ ലയിച്ച് ചീവീടുകൾ പോലും നിശബ്ദരായിരിക്കെ അങ്ങകലെയെങ്ങുനിന്നോ ഒരു ചെന്നായ് ഓരിയിട്ടു. . . . . . . . . . . തലയോട്ടിപ്പാറയിലെ രക്തദാഹികളായ രക്ഷസ്സുകളുടെ കഥകൾ കുട്ടിക്കാലം മുതൽകേ കേട്ടുതഴമ്പിച്ച ശശിയണ്ണൻ കട്ടിലിനടിയിൽ നിന്നും വന്ന ഝിൽ . . ഝിൽ . . ശബ്ദം കേട്ട് രാത്രിയുടെ മൂന്നാം യാമത്തിൽ ഞെട്ടിയെഴുന്നേറ്റു! "

ഏകദേശം  ഇങ്ങനെയായിരുന്നു ആ കഥയുടെ തുടക്കം - ഞാനെന്റെ ജീവിതത്തിൽ രചിച്ച അല്ലെങ്കിൽ രചിക്കാൻ ശ്രമിച്ച  ആദ്യത്തെ കൃതി - "തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സ്" എന്ന ഹൊറർ കം ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ - റഷ്യൻ നോവലിസ്റ്റ് ഡോസ്റ്റോയവസ്കിയുടെ പടമുള്ള  സോവിയത് മാഗസീൻ കവർകൊണ്ട് പൊതിഞ്ഞ ഒരു ഇരുന്നൂറു പേജ് നോട്ട്ബുക്കിൽ ഈ കഥയിങ്ങനെ നിറഞ്ഞു കവിഞ്ഞു നിന്നു. സ്വന്തം കൃതി വീണ്ടും വീണ്ടും വായിച്ച് രോമാഞ്ചകഞ്ചുകനായ ഞാനെന്ന ആറാം ക്ലാസ്സുകാരൻ ഈ നോവൽ ഒന്ന് റിവ്യൂ ചെയ്യാൻ എന്റെ സ്വന്തം മാതാശ്രീയും മലയാളം അദ്ധ്യാപികയും സ്വല്പം ലൈറ്റായിട്ടു സാഹിത്യം വാരിവിതറാനറിയുകയുമായിരുന്ന ശ്രീമതി വരദായിനിയമ്മയുടെ കയ്യിലേല്പിച്ചു. വായിച്ച ക്ഷീണം കൊണ്ടാണോ അതോ പ്രൊഫഷണൽ ജെലസി കൊണ്ടാണോ എന്നറിയില്ല, അമ്മ ആ പുസ്തകം പറമ്പിലെ ഒരു മൂലയ്ക്ക് കത്തിക്കൊണ്ടിരുന്ന  കരിയിലക്കൂമ്പാരത്തിലേക്ക് ഒരൊറ്റയേറു.  തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സിനെ അങ്ങനെ അഗ്നികൂപങ്ങൾ ഇഞ്ചിഞ്ചായി വിഴുങ്ങിത്തുടങ്ങി. ബാലസാഹിത്യ പുരസ്കാരമൊന്നും കിട്ടിയില്ലെങ്കിലും അറ്റ്ലീസ്റ്റ് ബാലരമയിലെങ്കിലും അച്ചടിച്ചു വരുമെന്നുള്ള പ്രത്യാശയുണ്ടായിരുന്നതിനാൽ ഞാനെന്ന ബാലനോവലിസ്റ്റും ഇഞ്ചിഞ്ചായി  ആ  അഗ്നിക്കിരയായി. അഗ്നിശമനസേനയായി ഒരു ചാറ്റൽ മഴ വന്നെങ്കിലും ഞൊടിയിടയിൽ തന്നെ മഴ അതിന്റെ വഴിക്ക് ബംഗാൾ ലക്ഷ്യമാക്കി സ്കൂട്ടായി. മഴയ്കും തോന്നിക്കാണും ഈ നോവൽ കത്തിത്തീരാനുള്ളതാണെന്ന്.       

പക്ഷെ ഇതുകൊണ്ടൊന്നും തീർന്നില്ല. മമ്മൂട്ടി പണ്ട് പറഞ്ഞതുപോലെ 'സംടൈംസ് ട്രൂത്ത്‌ ഇസ് സ്ട്രേഞ്ചർ താൻ ഫിക്ഷൻ' - കത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ നോവലിന്റെ ഒന്നുരണ്ടു  പേജ് കാറ്റുകോണ്ട്  പാറിപ്പറന്നു സ്വല്പം മാറി ഒരു മുരിക്കിൻതൈയ്യുടെ മൂട്ടിൽ ചെന്ന് ലാൻഡ്‌ ചെയ്തു. പിറ്റേന്നു വൈകിട്ട് കുരുമുളകു പറിക്കാൻ പോകുന്ന വഴിയിൽ മുരിക്കിൻതൈയ്യുടെ ചുവട്ടിൽ അസാധാരണമായി കാണാനിടയായ സൈഡ് കത്തിയ ഒരു പേപർ വെറുതേ  ഒരു രസത്തിന് എടുത്ത് വായിച്ചുനോക്കിയ എൻറെ  പിതാശ്രീ ശ്രീ പുളിക്കൂൽ പ്രഭാകരാൻ നായർ കുരുമുളകു സഞ്ചിയും കത്തിയുമെല്ലാം താഴെയിട്ട്  ചിരിച്ച് ചിരിച്ച്  കോമടി സഹിക്കാൻ വയ്യാതെ അടുക്കളയിൽ മീൻ കഴുകിക്കൊണ്ടിരിക്കുകയായിരുന്ന അമ്മയുടെ കയ്യിൽ കൊണ്ടുക്കൊടുത്തു.

"ങ്ഹേ, ഇതുഞാനിന്നലെ കത്തിച്ചുകളഞ്ഞതല്ലേ?"

"ഓഹോ, നീയിതു വായിച്ചോ? ഞാൻ വിചാരിച്ചു ഇത് അവൻതന്നെ കത്തിച്ചതാണെന്ന്… നന്നായി . . . . . എന്തായാലും ഈ പേജ് കളയണ്ട. ഒരോർമക്കായി ഇരിക്കട്ടെ! "

അങ്ങനെ തലയോട്ടിപ്പാറയിലെ രക്തരക്ഷസ്സിന്റെ  ഇന്ട്രോടക്ഷൻ വരദട്ടീച്ചറുടെ പുസ്തകശേഖരത്തിലെ ഏതോ പുസ്തകത്താളുകൾകിടയിൽ ഇന്നും ഉറങ്ങിക്കുടക്കുന്നു. ഏതാനും മാസങ്ങൾകുള്ളിൽ രക്ഷസ്സിനെ ആവാഹിച്ചുതളച്ചതിന്റെ പതിനഞ്ചാം വർഷം തികയുകയായി - ആ കൃതിയെങ്ങാനും മറ്റാരുടേയെങ്കിലും ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിൽ സിലസില, സന്തോഷ് പണ്ഡിറ്റ്‌ ശ്രേണിയിൽ തെറിവിളി കേൾക്കാൻ ഒരു യുവ  നോവലിസ്റ്റ് കൂടിപ്പിറന്നേനേ!