Saturday, September 20, 2014

നിഷ്കളങ്കൻ

കൊല്ലവർഷം രണ്ടായിരത്തിയാറ് : ബന്ദിപ്പുർ വനങ്ങളിൽ നിന്നും വയനാടൻ മലനിരകളിലേക്ക് ഒളിച്ചും പാത്തും തണുപ്പു കുടിയേറിക്കൊണ്ടിരിക്കുന്ന ഒരു മെയ്‌മാസപുലരിയിൽ നമ്മുടെ നിഷ്കളങ്കനായ കഥാനായകനും സുൽത്താൻ ബത്തേരി നിവാസികളായ ശ്രീജയൻ മാഷ്, കനകപ്രഭ  ദമ്പതികളുടെ ഇളയ സന്തതിയുമായ സജേഷ് ഒരു  കമ്പിളിപ്പുതപ്പും ദേഹത്ത് ചുറ്റി മഞ്ഞക്കളറുള്ള വെള്ളത്തോർത്ത് കൊണ്ട് ഒരു തലേക്കെട്ടും കെട്ടി വരാന്തയുടെ സൈഡിലൂടെ  മാർച്ച്‌ ചെയ്യുന്ന ഉറുമ്പുകളേയും  നോക്കി മുറ്റത്ത് നിന്ന് പഴുത്ത  മാവില ചവച്ചരച്ച് പല്ല് വൃത്തിയാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് ആ ശബ്ദം കേട്ടത്

"എക്സ്ക്യൂസ് മീ, സാർ "

എവിടുന്നാണാ ശബ്ദം? സജേഷ് തിരിഞ്ഞു നോക്കി.

അതാ മുറ്റത്തൊരു മൈ … സോറി, മൈനയല്ല  രണ്ടു പരിചയമില്ലാത്ത ചെറുപ്പക്കാർ.

ചിറിയിലൂടൊലിച്ചിറങ്ങിയ മംഗോ ലീഫ് പേസ്റ്റ് തിരിച്ചു വലിച്ച് വായിലാക്കി നാലുംകൂട്ടി മുറുക്കുന്ന ഒരു  വില്ലൻ കാരണവരെ പോലെ ചുണ്ടും കടിച്ചുപിടിച്ചു പുരികം ചുളിച്ച് "പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം?" എന്ന എക്സ്പ്രഷനും മുഖത്ത് ഫിറ്റ്‌ ചെയ്ത് സജേഷ് ആഗതരോടായി ചോദിച്ചു , " ങൂം ?"

"ഞങ്ങൾ 'ഒഎൻജിസി' ന്നു ബരുന്ന സേഫ്ടി ഇൻസ്പെക്റ്റേർസാ…. ഈ പ്രദേശത്തെ ഗ്യാസ് കണക്ഷനുള്ള വീടുകളിലെല്ലാം സേഫ്റ്റി ചെക്കപ്പിനു ബന്നതാ..."

വന്നവർ സിമ്പിളായി കാര്യം പറഞ്ഞു, സജേഷിനു ഒറ്റയടിക്ക് കാര്യം പിടികിട്ടി. വായിലുണ്ടായിരുന്ന ഇലയും പുല്ലുമെല്ലാം മുറ്റത്തൊരുകോണിലേക്ക് നീട്ടിത്തുപ്പി തോർത്തെടുത്ത് മുഖവും തുടച്ച് ടിയാൻ വീടിനകത്തേക്ക് പോയി. അമ്മയുടെ പെർമിഷനും മേടിച്ച് വന്നവരെ അടുക്കളയിലേക്ക് ആനയിച്ചു. ചെക്കപ്പൊക്കെ കഴിഞ്ഞ് 'ഒഎൻജിസി' ഉദ്യോഗസ്ഥർ "കുഴപ്പമൊന്നുമില്ല, ഒരു നാലു മാസം കഴിയുമ്പോഴേക്കും പച്ച പൈപ്പ് മാറ്റണം" എന്ന സജഷനും നൽകി അടുത്ത ഭവനം ലക്ഷ്യമാക്കി വിട്ടു.

പിറ്റേന്നു കാലത്ത്  അതേ സമയത്ത് അതേ കമ്പിളിപ്പുതപ്പും പുതച്ച് അതേ മഞ്ഞക്കളറിൻ വെള്ളത്തോർത്തുകൊണ്ടുള്ള തലേക്കെട്ടുമായി പല്ലുതേപ്പും കഴിഞ്ഞ് വരാന്തയിൽ  ഒരു കയ്യിൽ മാതൃഭൂമി പത്രവും മറുകൈയ്യിൽ ചായഗ്ലാസുമായിരുന്ന സജേഷ്  വെടികൊണ്ട പന്നിയെ പോലെ ഒരലർച്ചയോടുകൂടി ചാടിയെഴുന്നേറ്റു. ആറാം പേജിലെ പ്രാദേശികം കോളത്തിലെ ഞെട്ടിക്കുന്ന വാർത്ത‍ വായിച്ചതിന്റെ ആഫ്റ്ററിഫക്റ്റായിരുന്നു സജേഷിന്റെ കണ്ഠത്തിൽ നിന്നും ഉടലെടുത്ത ആ അലർച്ച. 

"
നഗരത്തെ ഞെട്ടിച്ച മോഷ്ടാവ്  പിടിയിൽ; അനുയായി രക്ഷപ്പെട്ടു


ബത്തേരി : കഴിഞ്ഞ കുറച്ചു നാളുകളായി നഗരത്തെ കിടുക്കിയ മോഷ്ടാവിനെ പോലീസ് നാടകീയമായി വലയിലാക്കി. അനുയായിയെന്നു കരുതപ്പെടുന്ന യുവാവിനെ പോലീസ് തിരയുന്നു. ഇയാൾകെതിരെ വലവിരിച്ചിട്ടുണ്ടെന്നു പോലീസ് വ്യക്തമാക്കി.

കുക്കിംഗ് ഗ്യാസ് സേഫ്റ്റി ഇൻസ്പെക്ടർമാർ എന്ന വ്യാജേന പകൽ സമയങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങി മോഷണത്തിനനുകൂലമായ വീടുകൾ കണ്ടുവെച്ച് രാത്രി കവർച്ച നടത്തുകയാണ് മോഷ്ടക്കളുടെ പ്രവർത്തന രീതി. തെളിവെടുപ്പിന് ശേഷം തിങ്കളാഴ്ച  ഇയാളെ കോഴിക്കോട് സബ്ജയിലിലേക്ക് മാറ്റുമെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.

"
      
വാർത്ത‍ വായിച്ചു തീരുന്നതിനു മുമ്പേ കമ്പിളിപ്പുതപ്പ് വലിച്ചെറിഞ്ഞു ഒരു ടീഷർട്ടും വലിച്ചുകയറ്റി "അമ്മേ, ഇപ്പൊ വരാം " എന്ന് പറഞ്ഞ് ഉടുത്തിരുന്ന ലുങ്കിയോടുകൂടി സജേഷ് മുറ്റത്തേയ്കെടുത്തുചാടി.  ചെക്കൻ ആകാശത്ത് വല്ല വിമാനവും കണ്ട് അതും നോക്കിനില്കുകയായിരിക്കുമെന്നും ഇപ്പൊ വരുമെന്നു കരുതി പുട്ട് ആൻഡ്‌ മുട്ടക്കറി മാനുഫാക്ച്വറിങ്ങിൽ മുഴുകിയിരുന്ന കനകേട്ത്തിക്ക് തെറ്റി. സമയം ഉച്ചതിരിഞ്ഞ് രണ്ട് മണി കഴിഞ്ഞിട്ടും കാലത്ത് മുങ്ങിയ തന്റെ ഇളയ സന്തതിയെ കാണാഞ്ഞ് പാവം കനകേട്ത്തി മുറ്റത്തേയ്ക്ക് കണ്ണും നട്ട് വരാന്തയിൽ മനോരമ ആഴ്ചപതിപ്പും വായിച്ചു റസ്റ്റ്‌ ഓഫ് ദി ഈവിനിങ്ങ് തള്ളി നീക്കി.

ശ്രീജയൻ മാഷ് വൈകിട്ട് സ്കൂൾ വിട്ട് വീട്ടിൽ വന്നുകയറിയപ്പൊ അയലോക്കക്കാരെല്ലം വീട്ടുമുറ്റത്ത് കൂട്ടം കൂടി നില്കുന്നു. ആകെമൊത്തം  ഒരു  ശോകമൂകാന്തരീക്ഷം. കാര്യങ്ങളുടെ കിടപ്പറിഞ്ഞ് റ്റെൻഷനടിച്ചെങ്കിലും ധൈര്യം സംഭരിച്ച് സജേഷ് പോകാൻ സാധ്യതയുള്ളടത്തോക്കെ ഫോണ്‍ ചെയ്തന്വേഷിക്കുകയും ഫോണില്ലാത്തോടത്ത് തിരക്കാൻ ആളെപ്പറഞ്ഞയക്കുകയും ചെയ്തു.

എനിവേയ്സ്, അധികം വൈകാതെ മീത്തലെ ഗോവിന്ദനാശാരിയുടെ മകൻ പ്രമോദ് വന്ന് ഹോട്ട് ന്യൂസ് പറഞ്ഞപ്പോൾ കാര്യങ്ങൾക്കൊരു തീരുമാനമായെങ്കിലും മാഷിന്റെ ടെൻഷൻ പിഎസ്‌എൽവി പിടിച്ച് അങ്ങ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ വരെയെത്തി - സജേഷ് പോലീസ് സ്റ്റേഷനിലാണത്രെ! കാലത്ത് തന്നേയും കൂട്ടി പോലീസ് സ്റ്റേഷൻ വെച്ചു പിടിച്ച സജേഷ് തന്നെ പുറത്തു നിറുത്തി അകത്തു കയറുകയും നാലഞ്ചു മണിക്കൂർ കുട്ടേട്ടന്റെ കടയിൽ കണ്ണിൽ സോഡയുമോഴിച്ച്   കാത്തിരുന്നിട്ടും ആളെ കാണാനില്ലാത്തതുകൊണ്ട് താൻ തിരിച്ച് പോരുകയുമാണുണ്ടായത്.   കേട്ട പാതി കേൾകത്ത പാതി ശോകമൂകാന്തരീക്ഷം ഇടിയോടു കൂടിയ മഴയെന്ന പോലെ കൂട്ടക്കരച്ചിലായി പരിണമിച്ചു.

സമയം പാഴാക്കാതെ പോലീസ് സ്റ്റേഷനിൽ എത്തിയ മാഷും കൂട്ടാളികളും കണ്ട കാഴ്ച പ്രതീക്ഷിച്ചത്ര ഭയാജനകമായിരുന്നില്ല. ഹെഡ് കോണ്‍സ്റ്റബളിന്റെ മേശയില്നിന്നല്പം മാറി ചുമരിനോട് ചേർന്നിരുന്ന കസേരയിൽ ഓക്സൻബേർഗിന്റെ റ്റീഷർട്ടും പുള്ളി ലുങ്കിയുമുടുത്ത്  നിഷ്കളങ്കനായി സജേഷ് പോലീസുകാരോട് കുശലം പറഞ്ഞിരുന്ന് കട്ടൻചായ കുടിക്കുന്നു. മാഷിന്റെ സാനിധ്യവും മനയ്കലെ പീതാംബരനെന്ന പൊതുപ്രവർത്തകന്റെ  അതിശക്തമായ ഇടപെടലും കാരണം പോലീസുകാർ ഒരു മടിയും കൂടാതെ സജേഷിനെ സന്തോഷപൂർവ്വം വിട്ടയച്ചത്രെ.

രാത്രി അത്താഴവും കഴിഞ്ഞ് മുറ്റത്ത് ഉലാത്തുകയായിരുന്ന മാഷിനോട് വരാന്തയിലിരിക്കുകയായിരുന്ന കനകേട്ത്തി ഒരു നെടുവീർപോടെ , "എന്നാലും ഒന്നും ചെയ്യാത്ത എന്റെ മോനെ പോലീസു എന്തിനാണാവോ പിടിച്ചുവെച്ചത്?"  എന്ന ചോദ്യം കേട്ടു ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി വെച്ചിരുന്ന ശ്രീജയൻ മാഷ് പൊട്ടിത്തെറിച്ചു

"വെളുപ്പാങ്കാലത്ത് പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് 'ഇന്നലെ നിങ്ങൾ അറസ്റ്റ് ചെയ്ത മോഷണ കേസിലെ പ്രതിയില്ലേ? ഞാനയാളെ കാണാൻ വന്നതാ' എന്ന് പറഞ്ഞാൽ പോലീസുകാർ രണ്ട് ഉമ്മ കൊടുത്തു പറഞ്ഞയക്കുമായിരിക്കും. അല്ല പിന്നെ! "

ഇവൻ തന്നെയാണോ അവൻ എന്ന് തിരിച്ചറിയാനും അഥവാ ആണെങ്കിൽ തന്റെ വീടും നോട്ടമിട്ടുവെച്ചിട്ടുണ്ട് എന്ന് പോലീസിൽ പരാതി കൊടുക്കാൻ പോയ നിഷ്കളങ്കൻ അങ്ങനെയാണത്രെ  പോലീസ് കസ്റ്റടിയിലായത്. 

No comments: