Friday, July 12, 2013

രോമാഞ്ചിന്റെ വാച്ച്

കാറ്റഗറി : ഡിജിറ്റൽ വാച്ച്
മോഡൽ : കാസിയോ എസ് ഡബ്ലിയു 110
മോഡ്യൂൾ :512
ജല പ്രധിരോധന ശേഷി : 50 മീറ്റർ
നിറം :കറുപ്പ്
സവിശേഷതകൾ : ഡേറ്റ് ഡിസ്പ്ലേ , മൾട്ടി ടൈം സോണ്‍ , ടൈം സോണ്‍ ഡിസ്പ്ലേ, അലാറം, ക്രോണോഗ്രാഫ് , ലൈറ്റ്, ഡേ ലൈറ്റ്, ഡുവൽ ടൈം ഡിസ്പ്ലേ, കാൽകുലേറ്റർ, ഹവെർലി ടൈം സിഗ്നൽ, കലണ്ടർ, 30 ഡാറ്റ ബാങ്ക്, സ്റ്റോപ്പ്‌ വാച്ച്, റ്റൈമർ, ബ്രിക്ക് ഗേം ഇത്യാദി

മേൽപറഞ്ഞ വച്ചുകളിലോന്നിന്റെ ഉടമസ്ഥനായിരുന്നു എന്റെ സീനിയറും ഹോസ്റ്റൽമേറ്റുമായ ശ്രീമാൻ രോമാഞ്ച്. തൊണ്ണൂറ്റിയേഴ് തൊണ്ണൂറ്റിയെട്ട്  കാലഘട്ടങ്ങളിൽ ഇത്തരം ഒരു വാച്ചിനുടമസ്ഥനായ   ഒരു ഒമ്പതാം ക്ലാസ്സ്‌ വിദ്യാർഥിയുടെ സ്കൂളിലുള്ള സോഷ്യൽ സ്റ്റാറ്റസിന്റെ വലിപ്പം പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ? വിദ്യാപ്രകാശ് പബ്ലിക്ക് സ്കൂളിലെ ആണായ് പിറന്ന മങ്കന്മാരെല്ലവരുടേയും മനസ്സ് ഇത്തരത്തിലൊരു വാച്ച് സ്വന്തമാക്കാൻ തുടിച്ചു.   മുകളിൽ നിന്നും ഇഷ്ടിക വീഴുമ്പോൾ അത് അടുക്കി വെക്കുന്ന ഒരു ഗെയിമുണ്ടായിരുന്നു ഈ വാച്ചിൽ. ഇന്റെർവൽ ബെല്ലടിച്ചാൽ രോമാഞ്ച് ഇഷ്ടിക അടുക്കിവെക്കൽ കളി തുടങ്ങേണ്ട താമസം പാമ്പിനെ തച്ചു കൊല്ലാനെന്നോണം ഒരു പറ്റം പിള്ളേർ തടിച്ചുകൂടും, കളി കാണാൻ - നടുവിൽ രോമാഞ്ചകഞ്ചുകനായി രോമാഞ്ചും.

ഹൗവ്വെവെർ, ദിവസങ്ങളും മാസങ്ങളും കടന്നുപോകവെ രോമാഞ്ചിന് തന്റെ വാച്ചിനോടുള്ള കമ്പം കുറയുകയും ക്ലാസ്സിലിരിക്കുന്ന സമയവും ഞായറാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിൽ പിള്ളേർക്കുറങ്ങാൻ അനുവദിച്ച ഒന്നര മണിക്കൂർ സമയവുമൊഴിച്ചാൽ വാച്ച് കണ്ടവന്റെ കയ്യിലിരുന്നു ആർക്കോവേണ്ടി ഇഷ്ടിക ഇട്ടുകൊണ്ടിരിക്കും. പോരാത്തതിന് ഈ വാച്ച് അക്ഷയപാത്രം പോലെ അടുക്കിവെക്കുന്തോറും ഇഷ്ടിക നിറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഇഷ്ടികപ്പാത്രവും. കാലം ചെല്ലുന്തോറും ഹോസ്റ്റലിൽ ചിലർ വളരെ എക്സ്പീരിയൻസ്ഡ് ആയ ഇഷ്ടിക അടുക്കിവെപ്പുകാരായി മാറുകയും തങ്ങളുടെ കഴിവും പ്രാഗത്ഭ്യവും തെളിയിക്കുന്നതിന്റെ ഭാഗമായി രോമാഞ്ചിന്റെയും വാച്ചിന്റേയും ഡിമാന്റ്  ദിനംപ്രതി വർധിച്ചുകൊണ്ടേയിരുന്നു.

ദുഫായിൽ നിന്ന് ദിർഹം എണ്ണിക്കൊടുത്താണു വാങ്ങിയതെങ്കിലും ഈ വാച്ചിന്റെ ഉത്ഭവസ്ഥാനം ഏതോ ഒരു ചൈനീസ് ഷെയ്ഖിന്റെ  ഗരാജിലാണെന്നുള്ള സത്യം വളരെ വൈകാതെ ഞങ്ങൾക്കെല്ലാവർക്കും പിടികിട്ടി      -  ഉച്ചകഴിഞ്ഞ് ബിന്ദു മിസ്സിൻറെ കണക്കുക്ലാസ്സിൽ ഏയും ബീയും എക്സും വൈയ്യും ബോർഡിൽ സ്കൊയറും ക്യൂബും കൊണ്ട് സർക്കുസ്സുകളിച്ചുകൊണ്ടിരിക്കുകയും അതിൽ ചില കുട്ടിപിശാച്ചുക്കൾ തന്നെ ഉറക്കത്തിലേക്ക് തള്ളിയിടാൻ ശ്രമിക്കുമ്പോൾ അതിലൊന്നും ശ്രദ്ധകൊടുക്കാതെ വൈകിട്ട് ക്യന്റീനിൽ ശ്യാമളച്ചേച്ചി ഉണ്ടാക്കിവെക്കുന്ന പഴംപൊരിയും ആലോചിച്ചുവെള്ളമിറക്കി, സപ്പർടൈം കഴിഞ്ഞാൽ ഉറങ്ങുന്നതിനുമുൻപ് എന്തൊക്കെ ഊടായിപ്പുകൾ ഒപ്പിക്കാം എന്നൊക്കെ പ്ലാൻചെയ്തു ക്ലാസ്സിന്റെ മറുവശത്തിരിക്കുന്ന പെണ്‍പിള്ളേരുടെ മുഖത്ത് കളിയാടുന്ന ഭാവഭേദങ്ങളൊക്കെ ഞൊടിയിടയിൽ ഒന്ന് തിരിഞ്ഞുനോക്കി ഒപ്പിയെടുത്ത് ഒരു ചെറിയ മാനസംത്രിപ്തി കൈവരിച്ച് ബിന്ദു മിസ്സ്‌ തന്നെ ശ്രദ്ധിക്കുന്നിലെന്നു ഉറപ്പു വരുത്തിയ ശേഷം ജോസിൻ ജോസെഫ്‌  തൊട്ടടുത്തിരിക്കുന്ന നമ്മുടെ രോമാഞ്ചിന്റെ ചുമലിൽ തട്ടിയിട്ട്‌ ഒരു സിംപിൾ ചോദ്യം അങ്ങട് കാച്ചി " സമയമെത്രയായെടാ?"

ബെഞ്ചിലിരുന്ന രോമാഞ്ചിന്റെ നെഞ്ചു പഞ്ചറായി. അഞ്ചു വരയല്ലാതെ വാച്ചിൽ വേറൊന്നും കാണാനില്ല. തിരിച്ചും മറിച്ചുമൊക്കെ നോക്കി - നോ രക്ഷ, വാച്ചിനോരനക്കവുമില്ല.  അതിനിടയിൽ  ബിന്ദു മിസ്സിന്റെ "രോമാഞ്ച്, പേ അറ്റെൻഷെൻ" കൂടി കേട്ടപ്പോൾ ഉള്ളിൽ നിന്നും ഉയർത്തെഴുന്നേറ്റ ഫീലിങ്ങ്സ് തിരിച്ച് ഉള്ളിലേക്കുതന്നെ വിഴുങ്ങി ശ്വാസമടക്കിപ്പിടിച്ച്‌ റ്റെൻഷനോടെ ബാക്കി ഇരുപതു മിനിറ്റ് എങ്ങനെയൊക്കെയോ തള്ളി നീക്കി. ബെല്ലടിച്ചു ക്ലാസ്സീന്നു പുറത്തിറങ്ങി രണ്ടുമിനിറ്റായില്ല - രോമാഞ്ചിനു ചുറ്റും വിണ്ടും ജനപ്രവാഹം - ഓരോരുത്തരായി വാച്ച് കുലുക്കുന്നു, മറിക്കുന്നു, റീസെറ്റ് ചെയ്യുന്നു, ബാറ്റെറി ഊരുന്നു തിരിച്ചുടുന്നു എന്ന് വേണ്ട തങ്ങളാൽ കഴിയുന്ന എല്ലാവിധ റ്റെക്നിക്കൽ സപ്പോർട്ടും രോമാഞ്ചിന്റെ വാച്ചിനു സമർപ്പിക്കുകയായിരുന്നു ഒമ്പതാം ക്ലാസ്സു മുതൽ പ്ലസ് ടൂ വരെയുള്ള കുട്ടപ്പന്മാർ.

പക്ഷേ സത്യത്തിന്റെ മുഖം അന്നും ഇന്നും എന്നും വികൃതമാണെല്ലോ - വാച്ച് ഈസ്‌ ഡെഡ്. ഡെഡ് എന്ന് പറയുമ്പോൾ അങ്ങനെ പൂർണമായും ശ്വാസം നിലച്ചിട്ടൊന്നുമില്ല. ഒരു ചെറിയ മൃത്വിന്ജയ റിപ്പയർ ഹോമം നടത്തിയാൽ ആള്  കാലിയാവാതെ കൈച്ചിലാവം. ബട്ട്,  ആരെക്കൊണ്ട്‌ ചെയ്യിക്കും? വടകര കൃഷ്ണാ വാച്ചസ്സിൽ കൊടുക്കാമെന്നു വെച്ചാൽ കൈയ്യിൽ കാശില്ല. ആരെങ്കിലുമൊക്കെ സ്പോണ്‍സർ ചെയ്യുമെന്നു വിചാരിച്ചിരിക്കുമ്പോൾ ഇഷ്ടിക അടുക്കിവെപ്പുകാരായ ക്ണാപ്പന്മാർ കൈ മലർത്തി. ഇനിയിപ്പോ പുതിയതൊന്നു കിട്ടണമെങ്കിൽ ദുഫായീന്നു ഫാതർ വരണം. മുന്നിൽ വഴികളൊന്നും തെളിയുന്നുമില്ല. ക്യാന്റീനിലും ലൈബ്രറിയിലും ഗ്രൌണ്ടിലും വാഷ്രൂമിലും പ്രധാന ചർച്ചാവിഷയം പതിവുപോലെ ഇതൊക്കെത്തന്നെയായിരുന്നു. അതിനിടയിലാണ് ഒരു പുതിയ പ്രസ്താവനയുമായി ജോസിൻ രംഗത്തിറങ്ങിയത് - ഇഷ്ടിക ഗയിമിൽ തന്റെ സ്കോർ ഒരുലക്ഷത്തിമുപ്പത്തേഴായിരത്തിയഞ്ഞുറ്റിപ്പന്ത്രണ്ടാണെന്നും തന്റെ ഈ റെക്കോർഡ് ഭേദിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും ഇനി കഴിയുകയുമില്ലെന്നും അഥവാ കഴിഞ്ഞാൽ തന്നെ തന്റെ റെക്കോർഡ് പൊട്ടിക്കുന്നവന് വടകര ബ്ലൂ ഡയമണ്ടിൽ നിന്നും  ഒരു കോയിബിരിയാണി ഓഫ്ഫർ ചെയ്യുമെന്നും പരസ്യമായി വെല്ലുവിളിച്ചു.

വാട്ടെവർ ബീ ഇറ്റ്‌ , ഈ കഥയിൽ നകുലന് (രോമാഞ്ച് ) ഓജസ്സും തേജസ്സുമുള്ള ഗംഗ(വാച്ച്)യെ തിരിച്ചേൽപ്പിക്കാൻ ലങ്ങ്‌  ലമേരിക്കയിൽ നിന്നും വന്ന ആ മനശ്ശാസ്ത്രജ്ഞൻ സണ്ണിക്കുട്ടൻ  ലാരാണെന്നറിയാമോ ? ലവനാണ് ചന്ദ്രൻ  - വയനടാൻ കാടുകളുടെ പൊന്നോമന പുത്രൻ, നെടുംബിലാശ്ശേരി ചന്ദ്രൻ!

വണ്‍ ഫൈൻ സണ്ടേ ആഫ്റ്റർനൂണ്‍, ഉച്ചയൂണൊക്കെ കഴിഞ്ഞ്  എല്ലാവരും ഒരു ചെറിയ മയക്കത്തിന് മെല്ലെ ഡോർമെട്രിയിലേക്കു വലിഞ്ഞു. രാവിലെ കളിച്ച പോലീസും കള്ളന്റെയും ക്ഷീണവും, ഉച്ചച്ചൂടിന്റെ ഉഷ്മളതയിൽ ധ്രുതതാളത്തിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദവും, തുറന്നിട്ട ജനവാതിലുകലിൽകൂടി അംബിളിക്കുന്നിനെ തഴുകി ഒഴുകിയെത്തുന്ന പടിഞ്ഞാറൻ കാറ്റും, മനോജ് സാറിന്റെ മേൽനോട്ടത്തിൽ നിശബ്ദദപൂണ്ട അന്തരീക്ഷവുമെല്ലാം  ആസ്ബെറ്റോസ് ഷീറ്റി നടിയിൽ കിടക്കുന്ന നൂറോളം കുരുത്തംകെട്ട പിള്ളേരെ നിദ്രയിലാഴ്ത്തി. പോലീസും കള്ളനും കളിക്കുന്നേരത്തു ജെനറേറ്റർ റൂമിലെ നട്ടും ബോൾട്ടും എണ്ണാൻ  പോയതുകൊണ്ട്  ചന്ദ്രേട്ടന് മാത്രം  ക്ഷീണമുണ്ടായിരുന്നില്ല. സോ, ചന്ദ്രേട്ടനുറങ്ങിയതുമില്ല.  രോമാഞ്ചാണെങ്കിൽ ആസ് യൂ ഷ്വൽ, അണ്ടി പോയ അണ്ണാനെപ്പോലെ വാച്ചും നോക്കിയിരിപ്പായിരുന്നു .

"എടാ രോമാഞ്ചേ…"

"എന്താ ചന്ദ്രാ …."

"ഞമ്മളെ താമരശ്ശേരി ചൊരയില്ലേ? അതും കയറി ബത്തേരിയെത്തുമ്പോ ആടെയൊരു വാച്ചുകടയിണ്ട്. ഞങ്ങളെ നാട്ടിലെ ഒരു കുമാരൻ നടത്തുന്ന ഒരുഗ്രൻ പീടിക. ബയനാട്ടിലെ എല്ലാരും ബാച്ച് നന്നാക്കാൻ ആടെയാ പോലും കൊടുക്ക്വ .... ഞാൻ കയിഞ്ഞ ബെക്കേഷന് മുപ്പരുടെ അടുത്ത് ഒരു രണ്ടുമാസക്കാലം ഉണ്ടായിനു …. ഈ റിപ്പെയറു പണിയൊക്കെ പടിക്കാൻ... വേണേങ്കിൽ ഇന്റെ ബാച്ച് ഞാൻ റിപ്പെയറു ചെയ്തു നോക്കാം"

ഒരു നിമിഷം ചിന്തയിലാണ്ടു രോമാഞ്ച്.  ചന്ദ്രൻ പറഞ്ഞതിലും കാര്യമില്ലാതില്ല. എല്ലാദിവസവും കാലത്ത് അഞ്ചരയ്ക്ക്  ജനറേറ്റർ ഓണ്‍ ചെയ്യുന്നത്  ചന്ദ്രൻ. എല്ലാദിവസവും രാത്രി പതിനൊന്നു മണിക്കു  ജനറേറ്റർ ഓഫ്  ചെയ്യുന്നതും  ചന്ദ്രൻ. ഹോസ്റ്റലിലും സ്‌കൂളിലും അടിച്ചുപോയ ബൾബുകൾ മാറ്റുന്നതും ചന്ദ്രൻ, ഫ്യുസായ ട്യൂബ്ലൈറ്റ് മാറ്റുന്നതും ചന്ദ്രൻ, ഫാൻ കേടായാൽ ആദ്യം വിളിക്കുന്നതും ചന്ദ്രനെത്തന്നെ. നൂറുനൂറ്റിപ്പത്തു ചെക്കന്മാരുള്ള ഹോസ്റ്റലിൽ എന്തുകൊണ്ട്   പ്രിൻസിപ്പലും രവീന്ദ്രൻ സാറും ഈ അവകാശം ചന്ദ്രനു  മാത്രം തീറെഴുതിക്കൊടുത്തൂ? മേയ് ബീ ചന്ദ്രന് വാച്ചു റിപ്പെയറുചെയ്യാൻ പറ്റുമായിരിക്കും. മാത്രമല്ല! ചന്ദ്രൻ ബടായിയടിക്കാറില്ല. സൊ, വാച്ചുകടയുടെ കഥയും സത്യമായിരിക്കാം.

"എന്നാലും, അത് ശെരിയകുമോ?"

"ഒരു ഗ്യരണ്ടിയുമില്ല, ചെയ്തു നോക്കാം. ഇനിക്ക്  മാണേങ്കി മതി "

മനസ്സില്ലാമനസ്സോടെ രോമാഞ്ച് തന്റെ വാച്ച് ചന്ദ്രന് കൊടുത്തു. ചന്ദ്രൻ മെല്ലെ കട്ടിലിൽ നിന്നിറങ്ങി മനോജ്‌ സാറിന്റെ ഉറക്കത്തിന്റെ ആഴമളന്നു ഇപ്പോഴൊന്നും എഴുന്നേല്കില്ലെന്നു ഉറപ്പുവരുത്തി തിരികെ കട്ടിലിൽ കയറിയിരുന്നു. സൈഡിലുള്ള ബാഗിൽ നിന്നും  ഒരു ന്യൂസ്പേപ്പർ കട്ടിലിൽ വിരിച്ച്, രോമാഞ്ചിന്റെ വാച്ചെടുത്ത്‌ അതിൽ വെച്ചു. തലയണയുടെ അടിയിൽ ഒളിപ്പിച്ചുവെച്ച ഒരു ചെറിയ പെൻസിൽ ബോക്സ്‌ എടുത്തു തുറന്നു. അതിനകത്തു പല സയിസിലുള്ള തുരുമ്പിച്ച കുറേ സ്ക്രൂഡ്രൈവറുകൾ. പറ്റിയ ഒരെണ്ണം തിരഞ്ഞെടുത്ത് ചന്ദ്രൻ തന്റെ കർത്തവ്യനിർവാഹകണം ആരംഭിച്ചു.

************************************************

സമയം നാലുമണിയോടടുക്കുന്നു. ചായക്കുള്ള സമയമായി. ഇപ്പോചെന്നില്ലെങ്കിൽ ശ്യാമളചേച്ചിയുടെ സ്‌പെഷ്യൽ പഴംപൊരിയും  അഞ്ച്  മണിയാകുമ്പോഴേക്കും കുളിച്ചുറെഡിയായി ലൈബ്രറിയിലെത്തിയില്ലെങ്കിൽ - ദൂരദർശനിലെ സിനിമയും മിസ്സാകും എന്ന നഗ്നസത്യം മനസ്സിലാക്കിയ ചന്ദ്രൻ  നെറ്റിയിലൂടോഴുകിവന്ന വിയർപ്പുതുടച്ച്  ചുറ്റും കൂടിനിന്നവരെ നോക്കിയൊരു നെടുവിർപ്പുമിട്ടു  അതീവ ജാഗ്രതയോടെ  ഊരിവെച്ച  എല്ലാ പാർട്സും  അതിന്റെതായ സ്ഥാനത്തുവെച്ച്, സ്ക്രൂകൾ ഓരോന്നായി തിരിചിടാൻ തുടങ്ങി. ഹവ്വെവർ, വാച്ചിൽനിന്നൂരിയ അഞ്ചാറു സാധനങ്ങൾ(രണ്ടുമൂന്ന് സ്ക്രൂ, ഒന്നുരണ്ട് പ്ലാസ്ടിക് കഷ്ണങ്ങൾ, ചിപ്പുകൾ ഇത്യാദി) ന്യൂസ്പേപ്പറിൽ അങ്ങിങ്ങായി ബാക്കികിടന്നു.

ഒരു വളിഞ്ഞ ചിരിയോടെ രോമാഞ്ചിനെ നോക്കി ചന്ദ്രൻ  - " ഇപ്പാണ്  സംഗതി പിടികിട്ടിയത്. ഇതൊന്നും ആവശ്യമില്ലാത്ത സാധനങ്ങളാണ്.  ഇത്രയും സാധനങ്ങൾ ഈന്റുള്ളിൽ  അനാവിശ്യമായി കാസിയോ കമ്പനി ഫിറ്റ്‌ ചെയ്തതാണ് കൊയപ്പം. ഇതൊന്നുമില്ലെങ്കിൽ വാച്ച്  അടിപൊളിയായിറ്റ് ഓടും" എന്ന് പറഞ്ഞ്  ആ സാധനങ്ങൾ പേപ്പറോടുകൂടി ചുരുട്ടിവലിച്ചൊരൊറ്റയേറ്. വാച്ച് ഓണ്‍ ചെയ്തു നോക്കുക പോലും ചെയ്യാതെ രോമാഞ്ചിന്റെ കയ്യിൽ  വെച്ച് കൊടുത്തിട്ടു ചന്ദ്രൻ  ക്യാന്റീനും ലക്ഷ്യമാക്കി ഒറ്റ നടത്തം.

വിദ്യാപ്രകാശ്‌ പബ്ലിക്‌ സ്കൂളിന്റെ ക്യാമ്പസിൽ ഇന്നും  ആ  വാച്ചിന്റെ ആത്മാവ് അലഞ്ഞുതിരിഞ്ഞു നടക്കുന്നു  - ആത്മശാന്തിക്കായി!


Friday, March 22, 2013

ചീഫ് ഷെഫ്



ഊടായിപ്പിന്റെ "വി" വെച്ചുള്ള പര്യായമാണു വിപിൻ.

ഓർകാട്ടേരി പുന്നോർത്ത് വീട്ടിൽ വേണ്വേട്ടന്റെ പൊന്നിന്റെ മനസുള്ള പുത്രൻ, അഥവാ  തള്ളന്താനത്തെ തള്ളിയിടാൻ കെൽപ്പുള്ള തള്ള് രാജാവ്, അഥവാ ഞാൻ മുമ്പ് പോസ്റ്റിയ "സിനിമാനടൻ"ലെ കഥാനായകൻ, ഇനിയൊരു അഥവാ കൂടി ഫിറ്റ്‌ ചെയ്തു പറഞ്ഞാൽ  ഞങ്ങൾ വിദ്യാപ്രകാശ്‌ പബ്ലിക്ക്‌ സ്കൂള്‍ രണ്ടായിരാമാണ്ട് ബാച്ച് വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായ നമ്മുടെ സ്വന്തം വിപിൻ വേണു.

കൊല്ലവർഷം 1179,   മനസ്സിനെ കോരിത്തരിപ്പിച്ചു കോരിച്ചൊരിയുന്ന മഴയുള്ള ഒരു കർകിടകമാസം, ലതായതു എ.ഡി. 2004 റെയ്നീ സീസണ്‍ -  വിപിനും റിനീഷും ചിത്രദുർഗയിൽ ശ്രീ ശ്രീ ശ്രീ ജഗദ്ഗുരു മല്ലികാര്‍ജുന മുരുകരാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജിയിൽ ഓട്ടോമൊബെയില്‍ എഞ്ചിനിയറിങ്ങിനു  പഠിക്കുന്ന കാലം. ഒന്നാം വർഷം കഴിഞ്ഞാൽ ഹോസ്റ്റലിൽ നില്കുന്നത് ആണായിപ്പിറന്ന മങ്കന്മാർക്ക് ചേർന്നതല്ല എന്ന വസ്തുത നിലനിൽക്കേ, വിപിനും റിനീഷും പിന്നെ വേറെ രണ്ടു പഹയന്മാരും കൂടി പറ്റിയ ഒരു വീട് കണ്ടുപിടിച്ച് അങ്ങോട്ട് താമസമാരംഭിച്ചു.

സംഭവം ശുഭം. ഇവിടം കൊണ്ടവസാനിക്കേണ്ടിയിയിരുന്ന ഹോസ്റ്റലിലെ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും പക്ഷേ വിപിനിന്റെ ജിവിതത്തിൽ തുടങ്ങിയതേയുള്ളൂ. താനൊരു തെറ്റില്ലാത്ത കുക്കാണെന്നും, അത്യാവിശ്യം ചിക്കനും ബീഫും മട്ടനുമൊക്കെ കേരളിയ തനിമയോടുകൂടി ഉണ്ടാക്കാനറിയാമെന്നും  സ്കൂളിൽ നിന്നും  ക്യാമ്പിങ്ങിനു പോകുമ്പോൾ ഫുഡ് ഗ്രൂപ്പിന്റെ ലീഡർ താനാണെന്നും അങ്ങനെ തന്റെ മേൽനോട്ടത്തിൽനിന്നും ഉത്ഭവിക്കുന്ന നെയ്ച്ചോറും കോയിക്കറിയും കഴിക്കാൻ വീണ, മീന, സലീന, ജിസ്ന, ശബാന, പ്രസീത, അനുശ്രീ എന്നിവർ ഉൾപെടുന്ന  ശാലീനസുന്ദരിമാരും ക്ലാസിലെ ആണ്‍പിറന്ന ഗജപോക്കിരികളും ക്യൂ നിൽകാറുണ്ടെന്നും ഒരിക്കൽ അച്ഛനും സുഹൃത്തും ഗൾഫിൽ നിന്നും വന്നപ്പോൾ താൻ നയ്മീൻ പൊള്ളിച്ചതുണ്ടാക്കി അവരെ ഞെട്ടിച്ചു കളഞ്ഞെന്നും പിന്നൊരിക്കൽ ഒരു കല്യാണവീട്ടിൽ പോയപ്പോൾ ബിരിയാണിയുടെ മണം പിടിച്ച് അതിൽ ഉപ്പ് പോരെന്നു റിപ്പോർട്ടു ചെയ്ത് അവിടുത്തെ കുക്കായ  ബിരിയാണി മൊയ്തൂക്കാന്റെ കയ്യിൽ  നിന്നും പാരിതോഷികം വാങ്ങിച്ചെന്നുമുള്ള കഥകൾ  ചിത്രദുർഗയിലെ കോളേജുക്യാന്റീനിൽ നിന്ന് കടിച്ചാലും വലിച്ചാലും മുറിയാത്ത പൊറോട്ട നഖം കൊണ്ട് നുള്ളിപ്പെറുക്കിതിന്നുനതിനിടയിൽ വിട്ട മുഖ്യബഡായികളിൽ ചിലതു മാത്രം!

ഇക്കണ്ട കഥകളൊക്കെ കേട്ട് വിപിനിനെ റൂംമേറ്റായി കിട്ടാൻ ചിത്രദുർഗയിലെ മലയാളികളും അല്ലാത്തതുമായ പുരുഷപ്രതാപികൾ  ഒന്നടങ്കം ആഗ്രഹിച്ചതിലും അതിനായി മുട്ടുകുത്തി പ്രാർത്ഥിച്ചതിലും വലിയ തെറ്റൊന്നും കാണാനില്ല. ഹൊവ്വെവർ വിപിണ്‍ വേണു വീണു. ഇനിയിപ്പോ സഹമുറിയൻമാർക്ക് ഭക്ഷണമുണ്ടാക്കികൊടുക്കണം, അതും സ്വാദിഷ്ട്ടമായത്. ഒന്നും രണ്ടും കാരണങ്ങൾ പറഞ്ഞ് കുക്കിങ്ങിൽ നിന്നും തലയൂരാൻ ആവതും ശ്രമിച്ചു - ഒരു രക്ഷയുമില്ല. അങ്ങനെ അവസാനം സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി വരും ദിവസങ്ങളിൽ അടുക്കളസാധനങ്ങളും പാത്രങ്ങളും വാങ്ങാമെന്നും വരുന്ന രണ്ടാംശനിയാഴ്ച്ച നെയ്ച്ചോറും ബീഫ് കറിയുമുണ്ടാക്കാമെന്നേറ്റു. പിന്നിടങ്ങോട്ടുള്ള രാത്രികൾ വിപിനിനു കാളരാത്രികളായിരുന്നു. കണ്ണടച്ചാൽ മനസ്സിൽ നെയ്ച്ചോറും മൂരിയും മാത്രം. ചൂടുവെള്ളം നിറച്ച ബിരിയാണിച്ചെമ്പിൽ മുങ്ങിത്താഴുന്നതും പല്ലു വെച്ചൊരു ചിരവ ഓടിവന്നു തന്നെ കടിക്കുന്നതും  പോലുള്ള ദുർസ്വപ്നങ്ങൾ കണ്ടു ഞെട്ടിയെണീക്കുന്നതും  പതിവായത്രെ.

എനിവേസ്, സംഭവദിവസം രാവിലെ റിനീഷിന്റെ സ്പ്ലെണ്ടറിൽ പതിനഞ്ചു രൂപയ്ക്ക് പെട്രോളുമടിച്ച് പത്തിരിപതു മിനിറ്റ് ദൂരെ ബസവേശ്വര നഗറിലെ ഒരു ഇന്റർനെറ്റ് കഫെയിൽ കയറി ഗൂഗിൾ മുഖാന്തരം കാണാൻ തെറ്റില്ലാത്ത ഒരു കേരളാ ബീഫ് കറിയുടെ റെസിപ്പി ഒരുവിധം തപ്പിപ്പിടിച്ചു ബൈഹാർട്ടാക്കി. തിരിച്ചു വീട്ടിലെത്തിയപ്പൊഴേക്കും ബീഫും, ബസുമതിയരിയും ഒക്കെ മേടിച്ചു കുക്കിനു വേണ്ടി കണ്ണിൽ നെയ്യൊഴിച്ചു വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു   റിനീഷും സഹമുറിയന്മാരും പിന്നെ വേറെ രണ്ടുമൂന്നു സുഹൃത്തുക്കളും.

ഒരു രണ്ടു മണിയോടുകൂടി വിപിൻ ഡിന്നറിനുള്ള പുറപ്പാടാരംഭിച്ചു.  അടുക്കളയിൽ ആരും കയറിപ്പോകരുതെന്നുള്ള വിപിനിന്റെ ശക്തമായ നിർദേശം  മാനിച്ച്  റിനീഷും പിള്ളേരും  കുറച്ചുനേരം റമ്മിയും പന്നിമലത്തുമൊക്കെ കളിച്ച് ക്ഷീണിച്ച് ലാപ്ടോപ്പിൽ കല്യാണരാമൻ കാണാൻതുടങ്ങി.

വിപിൻ ആദ്യം  ബീഫിൽ വെള്ളമൊഴിച്ചു, പിന്നെ  മസാലയിട്ടു, അത് കഴിഞ്ഞ് ഉപ്പിട്ടു, ഉപ്പു കൂടിപ്പോയതിനു കുറച്ചു സവാളയും ഉരുളക്കിഴങ്ങുമിട്ടു, അത് കൂടിപ്പോയതിനു വിണ്ടും മസാലയിട്ടു, വീണ്ടും  വെള്ളമൊഴിച്ചു…..  അങ്ങനെ കുറേനേരത്തെ പയറ്റിനൊടുവിൽ എല്ലാം ഒന്ന് വരുതിക്ക് വന്നെന്നു തോന്നിയപ്പോൾ അതിലേക്ക് കുറേ മല്ലിയിലയും കറിവേപ്പിലയും പൊതിനയിലയും വാരിയിട്ടു. അതുകഴിഞ്ഞു ടിയാൻ തന്റെ സർവ്വേശ്വരനായ തീറ്ററപ്പായിയെ മനസ്സിൽ ധ്യാനിച്ച് നെയ്‌ച്ചോറിന്റെ പണിപ്പുരയിലേക്ക് കടന്നു.  എന്തായാലും സിനിമ കഴിഞ്ഞപ്പോഴേക്കും ഡിന്നർ റെഡിയായി.

ലഞ്ച് കഴിക്കാതെ നെയ്ച്ചോറും ബീഫും സ്വപ്നം കണ്ട് വയറ് പഞ്ചറായ  ഓരോരുത്തരും അടുക്കളയിൽ വന്നു ഭക്ഷണം രുചിച്ചു നോക്കാൻ തുടങ്ങി. നെയ്ചോറിൽ ഉപ്പില്ല. പക്ഷെ ആ കുറവ് നികത്താൻ വിപിൻ   ഒരു രണ്ടര  ടിന്നോളം നെയ്യ് ചേർത്തിട്ടുണ്ട്. ബീഫ്കറിയും കൂടി ടേസ്റ്റ് ചെയ്ത് ഉഗ്രൻ എന്നമട്ടിൽ എല്ലാവരും ഒന്ന് തലയാട്ടി. സംതൃപ്തിയുടെ അലകൾ വിപിനിനെ രോമാഞ്ചകഞ്ചുകനാക്കി. വിപിനൊഴിച്ച് മറ്റെല്ലാവരുടെയും മുഖത്ത് കളിയാടിക്കൊണ്ടിരിക്കുകയായിരുന്നത് വിശപ്പെന്ന ആഗോളഭാവം മാത്രം . ലഞ്ച് കഴിക്കാത്തതുകൊണ്ട് വയറ്റിനകത്തുള്ള കൊക്കോപുഴുക്കൾ അലമുറയിട്ടു കുത്തിനോവിക്കാൻ തുടങ്ങിയപ്പോൾ   സാലടിനു തൈര് വാങ്ങാൻ വേണ്ടി വിപിനിനെ റിനീഷ് ദിനേശണ്ണന്റെ കടയിലേക്ക് പറഞ്ഞുവിട്ടു.

വിപിൻ പോയ ആ ഗ്യാപ്പിൽ  റിനീഷിന്റെ മേൽനോട്ടത്തിൽ എല്ലാവരുംകൂടി ഞൊടിയിടയിൽ ആ ബീഫ്  കറി  പച്ചവെള്ളത്തിൽ നല്ലവണ്ണം കഴുകിവൃത്തിയാക്കി വിണ്ടും കറിവെച്ചപ്പോഴാണ് ഒന്ന് കഴിക്കാൻ പാകമായതത്രെ.

വാൽ 1: ബീഫ് കറിയുടെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു തന്ന ലോനപ്പേട്ടനെ മനസ്സിൽ ധ്യാനിച്ച് റിനീഷ് നെയ്ചോറിന്റെ ഖബറിടത്തിൽ ഒരു പിടി ബീഫ്  കഷണങ്ങൾ വാരിയിട്ട്  നടന്നകന്നു, ഇന്നും തീരാത്ത പ്രവാസം. സബരോ കീ സിന്ദഗീ ജോ കഭീ നഹീം ഖതം ഹോ ജാത്തീ ഹേം. അന്നു  മുതൽ റിനീഷിനു നെയ്ചോറ്  അലർജിയായിരുന്നത്രെ !

വാൽ 2: തലേന്നത്തെ ആരും തൊടാതെ വെച്ച ആ നെയ്ക്കഞ്ഞി  കാടിവെള്ളത്തിൽ മിക്സ് ചെയ്തത് ആർത്തിയോടെ കഴിച്ച അടുത്ത വീട്ടിലെ രാഘവേന്ദ്ര ദൊഡ്ഡണ്ണയുടെ കാള, ബീഫിനു പോലും പറ്റാത്ത അവസ്ഥയിൽ വയറിളക്കം വന്നു ഇഹലോകവാസം വെടിഞ്ഞ കഥ ചിത്രദുർഗയിലെ പുൽക്കൊടികൾക്കു പോലും മനഃപ്പാഠമാണ്.

വാൽ  3: ഒരിക്കൽ ചായയുണ്ടാക്കാൻ അടുക്കളയിൽ  കയറിയ വിപിൻ പ്രെഷർ കുക്കറും  കയ്യിലേന്തി  അടുക്കളവാതിലിൽ നിന്നും പുറത്തേക്ക് തലയിട്ട് റിനിഷിനോട് ചോദിച്ചത്രെ , " എടാ, ചായക്കെത്ര വിസിലാ " ? 

കടപ്പാട് - റിനീഷ്, ഏതോ ഗുദാമിലെ ഓട്ടോമൊബൈൽ ഇഞ്ചിനീര്.


-കടത്തനാടൻ
March 22, 2013

Saturday, September 22, 2012

ഞണ്ടു തെറി

മനുഷ്യ ശരീരത്തിലെ ഡിഎൻഎ ഘടകങ്ങളായ  ഇരുപത്തിമൂന്നു ജോടി ക്രോമൊസോമുകളും ഡീകോട് ചെയ്ത്, അതിൽ ഒന്നും രണ്ടും മൂന്നും ജീനുകൾ കുരുത്തക്കേടിന്റേയും നാലും അഞ്ചും ജീനുകൾ ഊഡായിപ്പിന്റേതുമാണ് കിട്ടുന്നതെങ്കിൽ അതിൽ യാതോരു സംശയവും വേണ്ട, ആ ഡിഎൻഎ നമ്മുടെ എംടി എന്നറിയപ്പെടുന്ന എന്റെ ബംഗ്ലൂർ സഹമുറിയൻമാരിൽ മൂന്നാമനായ  എംടി വിനീത് നമ്പ്യാരുടേത് തന്നെയായിരിക്കും.

ഇങ്ങനൊരു ജനിതിക ഘടകം ഉള്ളതുകൊണ്ട് മാത്രമാണ് ബംഗ്ലൂർ എൻടിടിഎഫ്ഫിൽ മൂന്നാം വർഷ വിദ്യാർഥിയായ എംടിയെ തന്റെ സഹപാഠിയും സുഹൃത്തുമായ റിജേഷിനോടൊപ്പം തലശ്ശേരി എൻടിടിഎഫ്ഫിലേക്ക് ഡീപ്രൊമോഷനോടുകൂടി ട്രാൻസ്ഫർ ചെയ്തതത്രെ! 

നന്നാവാൻ തീരുമാനിച്ച കുഞ്ഞാട് പിന്നീട് പഠിത്തത്തിൽ ശ്രദ്ധ ചെലുത്തുകയും പഠിത്തമൊഴിഞ്ഞ സന്ദർഭങ്ങളിൽ ക്രിക്കറ്റ്, ഫുട്ബോൾ എന്നീ കായികവിനോദങ്ങളിൽ മാത്രം ഏർപ്പെടുകയും ചെയ്തു. അല്പം ലോങ് സൈറ്റെഡ്‌നെസ്സ് (ദീർഖവീക്ഷണം) കൂടുതലുള്ളതിനാൽ പഠിത്തം കഴിഞ്ഞു ജോലി ചെയ്തുതുടങ്ങുതിനോടൊപ്പം ഒരു കുടുംബജീവിതം കൂടെ  കെട്ടിപ്പൊക്കണമെന്ന മോഹം മനസ്സിലുദിച്ചതിന്റെ ഭാഗമായി എംടിക്ക്  സുന്ദരിയും സുശീലയും വിനീതയും തന്റെ സഹപാഠിയുമായ ജോജ്നയോട് അനുരാഗം തോന്നുകയും അതൊരു പ്രേമലേഖനത്തിൽ കലാശിക്കുകയും ചെയ്തു.

പക്ഷേ പ്രേമലേഖനം കിട്ടിയപാതി കിട്ടാത്തപാതി വായിച്ചുപോലും നോക്കാതെ  ജോജ്ന ആ കത്ത് ചുരുട്ടിക്കൂട്ടി എംടിയുടെ മുഖത്തെറിഞ്ഞ് " ഗെറ്റ് ലോസ്റ്റ്‌, യൂ ബ്ലഡീ ഫൂൾ " എന്ന് പറയുകയും പോരാത്തതിന് ആ സീൻ ഒന്നുകൂടെ  സംഭവബഹുലമാക്കുവാൻ പരീക്ഷാ റിസൾട്ട് വരുമ്പോൾ കരയാന്‍ വേണ്ടി  കരുതി വച്ചിരുന്ന പുത്തൻ സ്റ്റോക്കില്‍ നിന്ന് നല്ലത്‌ നോക്കി ഒരു മൂന്ന് നാലു ഐറ്റം എടുത്ത്‌ ആവശ്യത്തിന്‌   കണ്ണീരും മിക്സ് ചെയ്ത്  വൃത്തിയായിട്ട്  ഒരലക്കലക്കുകയും ചെയ്തത്രെ!

ജോജ്നയുടെ ഈ അപ്രതീക്ഷിതമായ പൊട്ടിത്തെറിയുടെ ആഖാതത്തിൽ എംടിയുടെ ഹൃദയം ബിജുവേട്ടന്റെ ബേക്കറിയിലെ ജ്യൂസ് മെഷീനിലിട്ട മുസംബി പോലെ ചിന്നഭിന്നമായി. ചില ഓഞ്ഞ സാഹപാഠികളുടെ  സഹതാപവും മറ്റു ചിലരുടെ അപഹാസവും എംടിയെ കൊണ്ടെത്തിച്ചത് റിജേഷിന്റെ റൂമിലെ അടുക്കളയിലേക്കായിരുന്നു. മുകളിലത്തെ ഷെൽഫിൽ പഞ്ചാരട്ടിന്നിന്റെ പുറകിൽ ഒളിപ്പിച്ചുവെച്ച ട്രിപ്പിൾ എക്സ് റമ്മ് ഒറ്റവലിക്കു കുടിച്ച് സ്വല്പം അച്ചാറും നക്കി ജോജ്നയുടെ ഓർമ്മകൾ അയവിറക്കി എംടി മെല്ലെ ഉറക്കത്തിലേക്കാണ്ടു.  അന്നുമുതൽ റിജേഷിന്റെ അടുക്കളയും പഞ്ചാരട്ടിന്നും എംടിക്ക് ഒരു പതിവ് പരിപാടിയായി.


*     *     *     *     *      

വർഷങ്ങൾക്കു ശേഷം മൈക്രോലാൻഡി ൽ ജോലികിട്ടി ബംഗ്ലൂരിലേക്ക് ചേക്കേറിയ എംടി ബംഗ്ലൂർ ജീവിതവുമായി പൊരുത്തപ്പെട്ടു വരുന്നതിനിടയിലാണറിഞ്ഞത്  ജോജ്നയ്ക്ക്  ഇൻഫോസിസിൽ ജോലി കിട്ടിയെന്നും  ഹൈദെരാബാദിലേക്കു ട്രാൻസ്ഫറായെന്നും. ജോലി കിട്ടിയ വകയിൽ കണ്‍ഗ്രാജുലേറ്റ് ചെയ്യാനും ട്രാൻസ്ഫറായ വകയിൽ ഗുഡ് ബൈ പറയാനും എംടി ജോജ്നയെ ഫോണിൽ വിളിച്ചു. വിധിയുടെ വിളയാട്ടമെന്നു പറയട്ടെ ആ ഫോൺ  കോളിൽ ജോജ്ന വീണു.

അവിടുന്നങ്ങോട്ട്‌ എംടി യുടെ ലൈഫ് കളർഫുളായിരുന്നു. ജോജ്നയുമായി ഫോണിളുള്ള സല്ലാപവും, സഹമുറിയന്മാരുമായിട്ടു ആഴ്ചയിൽ ഒരിക്കലുള്ള പാർട്ടിയും, ഷോപ്പിങ്ങും, ചുറ്റിക്കറക്കവും, സിനിമകാണലും, ക്രിക്കറ്റുകളിയുമൊക്കെയായി അടിച്ചുപൊളിക്കുന്ന സമ്പൽസമൃദ്ധമായ കാലം. ആയിടയിലാണു മൈക്രോലാൻഡിന്റെ പത്താം വാർഷികഘോഷം നടത്താൻ കമ്പനി തീരുമാനിച്ചത്. പരിപാടികൾ നടക്കുന്നതാകട്ടെ  ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള മണിപ്പാൽ കൗണ്ടി റിസോർട്ടിലും. ഫ്രീയായ് ഫൂഡ്ഡും ഡ്രിങ്ക്സും ഉള്ളതിനാൽ എംടിയുടേയും റിജേഷിന്റേയും ക്ഷണം സ്വീകരിച്ച് ഞങ്ങൾ (ജിജേഷ്, ജിത്തു, ശങ്കരൻ, സിഗേഷ്, സജേഷ്, ഞാൻ) പോകാൻ തീരുമാനിച്ചു.

ഞങ്ങളവിടെ എത്തുമ്പോൾ എംടി നല്ല ഫോമിലായിരുന്നു. കുറച്ചു നേരം ഞങ്ങൾകും കമ്പനി തന്ന് എംടി മെല്ലെ കൊളീഗ്സിന്റെ ഇടയിൽ അപ്രത്യക്ഷനായി. ജിജേഷും ജിത്തുവും ഞാനും ഞങ്ങളുടെ സ്ഥിരം ഹോബിയായ പക്ഷിനിരീക്ഷണത്തിൽ ലയിച്ചിരുന്നു. അപ്പോഴേക്കും സജേഷും ശങ്കരനും സിഗേഷും വയനാടൻ കഥകൾ പങ്കുവെയ്കാൻ തുടങ്ങിയിരുന്നു.

സ്വല്പനേരം കഴിഞ്ഞപ്പോൾ ഒരു സൈഡിൽ നിന്നൊരു ബളഹം. സ്ഥിരം വെള്ളമടി പ്രശ്നമെന്തെങ്കിലുമായിരിക്കുമെന്നു ഞങ്ങൾ അങ്ങൊട്ട് ശ്രദ്ധിച്ചില്ല. പക്ഷേ സംഭവം ഒരു പത്തുമിനിറ്റ് നീണ്ടുനിൽക്കുകയും ബഹളത്തിൻറെ അന്തർധാരയിലെവിടെയോ മലയാളവും ഇംഗ്ളീഷും കന്നടയും ശ്രവിക്കുകയും ചെയ്തതോടെ എന്തോ പന്തികേട് തോന്നി ഞങ്ങളങ്ങോട്ട് ചെന്നു. ചെന്നപ്പോ കാണുന്നത് ഒരു സെക്യൂരിറ്റി ഗാർഡ് എംടിയെ കൈകൾ കൊണ്ട് ധൃതരാഷ്ട്രാലിങ്കനം ചെയ്തു കന്നടയിൽ എന്തോ പറയുകയും അയാളുടെ ശക്തമായ കൈകളിൽ നിന്നും കുതറിമാറാൻ  ശ്രമിച്ചുകൊണ്ട് അയാൾകും ഞങ്ങൾകും മനസ്സിലാകാത്ത ഒരുതരം മലയാളം കലർന്ന കന്നടയിൽ എന്തോ പുലമ്പിക്കൊണ്ട് കയ്യിലൊരു ഫോർക്കുമായി എംടി കുതറാൻ ശ്രമിക്കുകയും ഇതിനിടയിൽ പ്രശ്നം എന്തെന്നറിയാനും അത് തീർകാനും ശ്രമിച്ചുകൊണ്ട് ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും കന്നടയിലും മാറി മാറി ഡയലോഗ് കാച്ചിക്കൊണ്ടിരുന്ന  റിജേഷിനേയുമായിരുന്നു.   ഞങ്ങൾ അടുത്തെത്തുമ്പോഴെക്കും ഒരു മുന്നൂറ് സോറി പറഞ്ഞ് റിജേഷ് എംടിയെ സ്വതന്ത്രനാക്കിയിരുന്നു.

കാര്യമന്വേഷിച്ചപ്പോൾ സെക്യുരിറ്റി ഗാർഡ് കന്നടയിൽ പറഞ്ഞതിന്റെ തർജമ ഇങ്ങനെ " ഈ സാറ്  കയ്യിലുള്ള ഫോർക്കുമായി അക്വേറിയത്തിലെ  ഞണ്ടിനെ കുത്തിക്കൊല്ലാൻ നോക്കുന്നു. ഞാൻ സമയത്ത് പിടിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ ആ പാവം ജീവി ചത്തുപോയേനെ."

അമ്പരപ്പ് മാത്രം നിറഞ്ഞു നിന്ന ഞങ്ങൾ എംടിയെ മെല്ലെ റിസോർട്ടിന്റെ മറ്റൊരു വശത്തേക്ക് കൊണ്ടുപോയി. രോഷാകുലനായി നിന്നിരുന്ന എംടിയോട്  പിന്നേയും കാര്യമെന്തെന്ന് ആരാഞ്ഞു. ചോദിച്ചുതീർന്നില്ല, എംടി പിന്നേയും ആ ഫോർക്കും  പൊക്കിപ്പിടിച്ച് "കുത്തിക്കൊല്ലുമെടാ നായീന്റെ മോനേ " എന്ന് പറഞ്ഞുകൊണ്ട് ആ സെക്യുരിറ്റി ഗാർഡിനെ ലക്ഷ്യമാക്കി കുതിച്ചു. പുറകെ ഓടിയ റിജേഷ് ഒരു കണക്കിന് എംടിയോടൊപ്പമെത്തുകയും   തന്റെ കാരിരുമ്പിന്റെ ശക്തിയുള്ള ഈട്ടി കൊണ്ട് കടഞ്ഞെടുത്തത് പോലുള്ള കരങ്ങളാൽ എംടിയെ ബന്ധനസ്ഥനാക്കുകയും   വാതിലിനടുത്തേക്ക് ഒരുവിധത്തിൽ ഡിസ്പ്ലേസ് ചെയ്യുകയും ചെയ്തു.

പിന്നെ അമാന്തിച്ചില്ല. കാര്യങ്ങൾ വഷളാകുന്നതിനു മുന്നേ ഞങ്ങൾ എംടിയേയും കൊണ്ട് പുറത്തിറങ്ങി വീട് ലക്ഷ്യമാക്കി നടന്നു.

പോകും വഴി ജിജേഷ് എംടിയോട്  "എടാ എംടീ, ആക്ച്വലി എന്താണു പ്രശ്നം?"

"ആ നായിന്റെ മോൻ എന്നെ ഒരു കാര്യവുമില്ലാതെ മിഡിൽ ഫിംഗർ പൊക്കിക്കാണിച്ചു. കൊല്ലണ്ടേ അവനെ?"

"ആര്? ആ സെക്യുരിറ്റി ഗാർഡോ?"

" അല്ലെഡാ…  ആ അക്വേറിയത്തിലെ  ഞണ്ട് "

കാട്ടുകോഴിക്കെന്തു സംക്രാന്തി എന്ന് ചോദിച്ചത് പോലെ ഞണ്ടിനെന്ത് മിഡിൽ ഫിംഗർ?  വീടെത്തും വരെ ആരും ഒന്നും ഉരിയാടിയില്ല. പഞ്ചാരട്ടിന്നിന് പിന്നിൽ ഒളിപ്പിച്ചുവെച്ച റമ്മും മോന്തി ഞങ്ങൾ ഉറക്കത്തിലേക്ക് ഡൈവ് ചെയ്തു വീണു.


വാൽ : പിറ്റേന്നു കാലത്തു ജോജ്നയുടെ മിസ്സ്ഡ് കോൾ കേട്ട് ഉറക്കമുണർന്ന എംടി ഞങ്ങളുടെ ബെഡ്റൂമിൽ വന്ന് ശങ്കരനെ വിളിച്ചുണർത്തിയിട്ടൊരു ചോദ്യം, "ഡാ ശങ്കരാ… ഇന്നലെ എപ്പാഡാ  തിരിച്ച് വന്നേ ?"


Tuesday, April 12, 2011

ശങ്കരനും തെങ്ങും

ശങ്കരൻ പണ്ടത്തെപ്പോലെ തെങ്ങുമ്മത്തന്നെ!

ഒരു ശരാശരി മലയാളിയുടെ ദൈനംദിന ഗോസ്സിപ്പിങ്ങിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു സാധനമാണ് മേല്പറഞ്ഞ ശങ്കരനും തെങ്ങും. ഒരുപക്ഷേ ഇതെടുത്തു പ്രയോഗിക്കാത്ത മലയാളികൾ ചുരുക്കവുമായിരിക്കും.

കാജാ ബീഡിയോട് ഉപമിക്കാവുന്ന ശരീരവും, പെയിന്റർ മണിയുടെ ജപ്പാന്‍ ബ്ലാക്കുമുക്കിയ എഴുപത്തഞ്ച് ശതമാനം നാരു പോയ ബ്രഷു  പോലുള്ള താടിയും കരിമ്പൻ കമ്പിളിപ്പുതപ്പിന്റെ പോലത്തെ കള്ളികളുള്ള ഷർട്ടും മൈദപ്പശയിൽ ഉള്ളിച്ചാക്ക് മുക്കിയപോലുള്ള ഒരു ജീന്സും പാണ്ടിലോറിയിടിച്ച മാരുതിക്കാറ് കണക്കെ രണ്ട് ഷൂസും പിന്നെ നെഞ്ചത്തൊരു ഐബീഎമ്മിന്റെ ഐഡന്റിറ്റി കാർഡും  - ഇതാണു ബംഗ്ലൂരിലെ നമ്മുടെ സഹമുറിയൻമാരിലൊരുവൻ  സാക്ഷാൽ ശങ്കരൻ. തിങ്കൾ മുതൽ വെള്ളി വരെ കാലത്തും വൈകിട്ടും രാത്രിയും മുട്ടപപ്സും ചായയും മാത്രം ഭോജനം. ശനിയും ഞായറും നാലുനേരം ബീഫും കൂട്ടി റമ്മും. നെഞ്ചത്തൊട്ടിച്ചേക്കണ  ഐഡന്റിറ്റി കാർഡിൽ പേര് ശങ്കരൻ എന്നാണെങ്കിലും ടിയാൻ സ്വയം വിശേഷിപ്പിക്കുന്നത് ശങ്കർദാസ്‌ എന്നാണ്. ഐബീഎമ്മിലെ കുറച്ചു ബംഗാളികളും പഞ്ചാബികളുമല്ലാതെ വേറാരും ആപ്പേരു വിളിക്കാറുമില്ലത്രെ.

എവിടെയെങ്കിലും എന്തെങ്കിലും കണ്ടാൽ പിന്നെ ആ കാഴ്ച തീരും വരെ അവിടെയങ്ങു നിന്നോളും - അതാണു ശങ്കരന്റെ വീക്നസ്. അടി, കുത്ത്, കൊല, വഴക്ക്, തെറിവിളി, മദ്യപിച്ചുള്ള പ്രകടനം, ജാഥ, രാഷ്ട്രീയ സംഖർഷം, വാഹനാപകടം, തെരുവുനാടകം, തെരുവുപ്രസംഗം, കടയുത്‌ഘാടനം, കോലം കത്തിക്കൽ, കരിംകൊടി കാട്ടൽ, സൈക്കിൾ യജ്ഞം, ഖരാവൊ, ഉത്സവം, പള്ളിപ്പെരുന്നാൾ എന്നുവേണ്ട വഴിയിലുള്ള വിശേഷങ്ങൾ എന്തുമായിക്കൊള്ളട്ടെ, കലണ്ടർ മനോരമ തന്നെ - ഛെ! സോറി  - അത് കാണാൻ ശങ്കരൻ ഉണ്ടാവും അഥവാ അത് ശ്രദ്ധിക്കാതെ സ്വന്തം പണി നോക്കി പോകാൻ ശങ്കരനെക്കൊണ്ട് സാധിക്കില്ല.

തൊണ്ണൂറുകളുടെ ആദ്യപകുതിയിലെ ഏതോ ഒരു  കർകിടകപ്പുലരിയിൽ    ഇരുപത്തഞ്ച് പൈസയുടെ സിപ്പപ്പും വലിച്ചുനുണഞ്ഞ്  സ്കൂളിൽ പോകും വഴി ബീഡിരാജപ്പനും തെക്കേടത്തെ ശാന്തമ്മേടത്തിയും എന്തോ കാര്യത്തിനു കവലയിൽ  നിന്നും തെറികൾ കൊണ്ട്  ടെന്നീസ് കളിക്കുന്നത്  കണ്ടുനിന്നത് കൊണ്ട്  രണ്ടാം പീര്യട് തുടങ്ങിയതിന് ശേഷം  ക്ലാസ്സിലെത്തുകയും  അതിന്റെ പരിണാമഫലമായി  രമണിട്ടീച്ചറുടെ കയ്യിൽനിന്നും  നിന്നും കിട്ടിയ  'ഗെറ്റ് ഔട്ട്‌' സന്തോഷത്തോടെ മേടിച്ച് വീണ്ടും ബീഡിരാജപ്പൻ Vs ശാന്തമ്മ ടെന്നീസ് കളിയുടെ രണ്ടാം പകുതി കാണാൻ കവലയിലേക്കോടിയ ആ കുട്ടിട്രൗസറുകാരൻ ശങ്കരനെ കൂർകഞ്ചേരി  ഗവ. എൽ പി സ്കൂളിലെ  പ്രിൻസിപ്പൽ കരുണാകരൻ മാഷ്‌ വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ഓർക്കുന്നു.

കാലം ചെല്ലുന്തോറും ശങ്കരനോടൊപ്പം ശങ്കരന്റെ ഈ ത്വരയും വളർന്നു. ചുരുക്കിപ്പറഞ്ഞാൽ ശങ്കരൻ ഇപ്പോഴും  തെങ്ങുമ്മത്തന്നെ! ഒരിക്കൽ ഞങ്ങളുടെ ഒരു മുൻസഹമുറിയനും ജോലികിട്ടി മദിരാശിയിലേക്ക് കുടിയേറിപ്പാർതവനുമായ കമ്പി വിപിൻ ഞങ്ങളോടൊപ്പം വീകെന്റ്റ് ചിലവഴിക്കാൻ(വെള്ളമടിക്കാൻ) വരുന്നത് പ്രമാണിച്ച് ശങ്കരനും ഉടപ്പിറന്ന സുഹൃത്ത് സഫീറും ഹൊസ്‌റോഡു മാർകറ്റിൽ കോഴിഫ്രൈയ്ക്കുള്ള സാധനസാമഗ്രികൾ വാങ്ങാൻ ചെന്നു. അവിടെയെത്തിയപ്പോൾ കണ്ടതോ?, മാനാഞ്ചിറ മൈദാനത്തു അറ്റമില്ലാത്തെ ആൾകൂട്ടം(കട: സീദീ ഹാജി) കണക്കെ വൻപിച്ച  ജനാവലി. പോരാത്തതിനു ചുറ്റുഭാഗത്തു നിന്നും വാൻ ജനപ്രവാഹവും. അറിയാവുന്ന കന്നഡയിൽ ഇരുവരും കാര്യം തിരക്കി.

 ഹൊസ്‌റോഡിലെ ഒരു കടയിൽ ഒരു ചില്ലറ മോഷണം നടന്നത്ത്രെ - ആരോ പവർകട്ടില്ലാത്ത നേരം നോക്കി പുറത്ത് വെച്ചിരുന്ന ഒരു ജെനറേറ്റർ അടിച്ചുമാറ്റി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് രണ്ടു ട്രാന്സ്ജെന്ഡേഴ്സിനെ തലേ ദിവസം അറസ്റ്റു ചെയ്തു. അറസ്റ്റിൽ പ്രതിഷേദിച്ചു ഒരു മുന്നൂറോളം പേർ  ഹൊസ്‌റോഡിൽ എത്തി സംഘടിക്കുകയും ഈ സംഭവം അക്രമാസക്തമാകാതിരിക്കാൻ സ്ഥലത്തെത്തിയ പോലീസുകാരെ  തെറിയഭിഷേകവും ചെയ്യാൻ തുടങ്ങിയതോടെ സംഗതി ആഗോളപ്രശ്നമായി മാറി.

ശങ്കരനും സഫീറിനും സുഖമായി പലചരക്കു കടയിൽ ചെന്ന് സാധനങ്ങൾ മേടിച്ചു തിരിച്ച് പോരാമായിരുന്നു. പക്ഷേ ശങ്കരന്റെ ഉള്ളിൽ  ഉറങ്ങിക്കിടന്നിരുന്ന ആ വൃത്തികെട്ട ത്വരജീവി ഇരുവരേയും ആൾക്കൂട്ടത്തിനിടയിലൂടെ പോലീസ്ബസ്സിന്റെ സൈഡിലെത്തിച്ചു. തെറിയഭിഷേകം കൊണ്ട് ചീഞ്ഞുനാറി  മനംനൊന്ത ബാംഗ്ലൂർ പോലീസ് ഏറുകൊണ്ട കടന്നൽകൂട്ടത്തെ പോലെ  തിരിച്ചാക്രമിച്ചു. പിന്നവിടെ നടന്നത് സംഭവബഹുലമായ ലാത്തിചാർജ് മാമാങ്കമായിരുന്നു. തലങ്ങുംവിലങ്ങും ലാത്തി വീശി പോലീസുകാരും അടിയിൽനിന്നൊഴിഞ്ഞുമാറി തെറിവിളിച്ചു കൊണ്ടോടുന്ന പ്രതിഷേധക്കാരും. ചുറ്റും കൂടിനിന്ന ജനങ്ങൾ മെല്ലെ പുറകോട്ട് വലിഞ്ഞത് ലാത്തിചാർജ് ആസ്വാദനത്തിനിടെ ശങ്കരനും സഫീറും ശ്രദ്ധിച്ചില്ല. ഇതൊക്കെ കാണാനുള്ള ഭാഗ്യം പ്രദാനം ചെയ്ത കമ്പി വിപിനിന് മനസ്സിൽ  ഒരായിരം അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ശങ്കരനും സഫീറും   ഒരുചെറു മന്ദഹാസത്തോടെ ടോം ആൻഡ്‌ ജെറിയിലെ ടോം പൂച്ചയും അളിയൻ പൂച്ചയേയും പോലെ പൂരപ്പറമ്പിലെ  പോലീസ് ബസ്സും ചാരി പമ്മി പമ്മി നിന്നു.

ഹൊവ്വെവർ, ഓർക്കാപ്പുറത്തായിരുന്നു അത് സംഭവിച്ചത്.  അവിടുന്നിങ്ങോട്ടുള്ള ശങ്കരന്റെ  ജീവിതത്തിൽ നടുക്കത്തിന്റെ ഓർമ്മകൾ മാത്രം സമ്മാനിച്ച ആ നിമിഷം - എവിടുന്നെന്നില്ലാതെ ട്രാന്സ്ജെന്ഡേഴ്സിലൊരെണ്ണം ശങ്കരന്റെ മുന്നിൽ  പ്രത്യക്ഷപ്പെട്ടു. അത് അവനാണോ അതോ അവളാണോ എന്ന് ചിന്തിക്കാൻ പോലും സമയം കിട്ടുന്നതിനു മുൻപ് "ഒയെ സാലേ, ക്യാ ദേഖ്നേ ഖടെ രഹേ ഹോ ഡാഷേ, ഡാഷ് കേ  ഡാഷേ?" എന്ന ചോദ്യവും  വയറും മുന്നോട്ടുന്തി ഉടുത്തിരുന്ന മഞ്ഞ സാരി പൊക്കിക്കാണിക്കലും ഒന്നിച്ചായിരുന്നു.

പൂർവികർ ചെയ്ത ഏതെങ്കിലും പുണ്യപ്രവൃത്തി മൂലമാകാം, എങ്ങോട്ടോ നോക്കി നിന്ന  സഫീർ സംഭവം  കണ്ടില്ല, പക്ഷേ പറഞ്ഞ തെറി വള്ളിപുള്ളി വിടാതെ  കേട്ടത്രെ.

ഷോക്കടിച്ചു വീണ കാക്കയെപ്പോലെയായി ശങ്കരൻ. ഭാവഭേദങ്ങളൊന്നുമില്ലാതെ വിളറിവെളുത്ത മുഖത്തോടുകൂടിയ ശങ്കരനെ സഫീർ വീട്ടിലെത്തിച്ചു. ചോദിച്ചവരോടൊക്കെ ഒരേ ഉത്തരം - എന്തോ കണ്ട് പേടിച്ചതാ.

രാത്രി വെള്ളമടിപ്പാർട്ടിയിൽ പലതവണ കൂട്ടച്ചിരിക്കു വകയുണ്ടാക്കിയെങ്കിലും ശങ്കരന്റെ ഞെട്ടലിനു ശമനമുണ്ടായില്ല. ഷോക്കടിച്ച മുഖവുമായി റിജേഷിന്റെ ടെറസ്സിൽ ഇരുട്ടിന്റെ ഏകാന്തതയിലേക്ക് കണ്ണും നട്ടിരുന്ന ശങ്കരനോട് എം ടി വിനീത് , " എടാ ശങ്കരാ, നീ ശെരിക്കും വല്ലതും കണ്ടാ ? " വീണ്ടും കൂട്ടച്ചിരി.

വാൽകഷ്ണം : ഹോസ്റോഡിൻറെ പരിസരത്തുള്ള മലയാളികളുടെ ഇടയിൽ ഇപ്പോഴും ഒരു പഴംചൊല്ല് നിലനില്കുന്നു - " മാർക്കറ്റിൽ പോകുന്നതൊക്കെ കൊള്ളം പക്ഷെ ശങ്കരനെപ്പോലെ വല്ലോടത്തും നോക്കിനില്കാതെ പെട്ടന്ന് വന്നോളണം "





Thursday, October 8, 2009

ഒരു കുട്ടിക്കഥ

" ചേട്ടാ, ചേട്ടന് ലൈനുണ്ടോ? "

തെക്കേക്കോലായിലെ തിണ്ണയിലിരുന്ന് മുറ്റത്തു പരതിനടക്കുന്ന കോഴിക്കുഞ്ഞുങ്ങളേയും നോക്കി ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്ന എന്റെ ഉച്ചിയിൽ ചായകയറി ഞാനൊന്നു ചുമച്ചു.

തെക്കുംകര  അരവിന്ദാക്ഷൻ പിള്ള എന്നറിയപ്പെടുന്ന അല്ലെങ്കിൽ അരവിന്ദമാമൻ എന്ന് ഞാൻ വിളിക്കുന്ന എന്റെ മൂത്ത അമ്മാവന്റെ മുട്ടയിൽനിന്നും വിരിയാത്ത നാലാം ക്ലാസ്സിൽ പഠിക്കുന്ന പുത്രൻ ശ്രീമാൻ ഗോകുൽ  അരവിന്ദാക്ഷൻ പിള്ളയുടെ വകയായിരുന്നു ആ ചോദ്യം.

നവരസങ്ങൾക്കു പുറമേ ഞാൻ സ്വന്തമായി വാർത്തെടുത്ത എന്റെ നാലാമത്തെ രസം(രസം നമ്പർ 13) ഞാൻ മുഖത്തുചാലിച്ച് അവനെ ഒന്ന് നോക്കി. അവന്റെ ചോദ്യത്തെ സപ്പോർട്ട്   ചെയ്യാൻ ദേ ഒരുപറ്റം കുട്ടിപ്പിശാച്ചുക്കൾ ചോദ്യചിഹ്നം(?) മുഖത്തു ഫിറ്റ്‌ ചെയ്തു എന്നെത്തന്നെ തുറിച്ചു നോക്കിനില്കുന്നു.(ബൈ ദ വേ, ഈ കസിന്സ് എന്ന് പറയുന്ന സാധനം ദൈവം സഹായിച്ച്  ഒരു പത്തുപതിനാറെണ്ണം ഉണ്ടെനിക്ക്)

ചോദ്യത്തിന്റെ പ്രസക്തി എനിക്ക് ശരിക്കങ്ങട് കത്തിയില്ല. ഇനിയിപ്പോ പ്രീതി നായരുടെ പുറകേ നടക്കുന്ന വിവരമെങ്ങാനും ഇവരരിഞ്ഞൊ? അതിനു വഴിയില്ല, കാരണം, അവൾക്കു തന്നെ അറിയില്ല ഞാൻ അവളുടെ പിന്നാലെ നടക്കുന്നത്. പിന്നെയാ ഒരു പത്തെണ്ണൂറു കിലോമീറ്റർ തെക്കുള്ള ഈ പീക്കിരി പിള്ളേർ.

ഒന്നും ഉരിയാടുന്നതിനു മുൻപ് തന്നെ ചുറ്റുമുള്ള ലട്കാസ് ആൻഡ്‌ ലട്കീസ് സംഭവം പ്രസന്റ് ചെയ്തു. നാല് ഡിയിൽ പഠിക്കുന്ന മേൽ പറഞ്ഞ ചെക്കന് അതേ സ്കൂളിൽ ഒന്ന് ബിയിലുള്ള വീണയുമായി പ്രേമമാണത്ത്രെ. ഈ കാര്യം പ്ലസ് ടൂവിൽ  പഠിക്കുന്നവനും സ്കൂളിലെ ഏക സെൽ ഫോണ്‍ ഉടമസ്ഥനുമായ അവളുടെ സഹോദരനോട് ഒരു കാരണവരുടെ സ്ഥാനത്തുനിന്ന് ഞാൻ കാര്യം അവതരിപ്പിച്ച് സമ്മതം വാങ്ങികൊടുക്കണം പോലും.

വീണ്ടും ഉരിയാടാൻ പറ്റുന്നതിനു മുൻപ് കുഞ്ഞമ്മ വന്ന് പിള്ളേരെല്ലാവരെയും കൂട്ടി  കശുവണ്ടി പെറുക്കാൻ തൊടിയിലേക്ക്‌ പോയി.

കാലം പോയൊരു പോക്കേ? മുത്തശ്ശികഥകളും മായാവിയും ഡിങ്കനും കപീഷും തീപ്പെട്ടിചിത്രശേഖരണങ്ങളുമൊക്കെ മറന്ന് മലയാളിയുടെ ബാല്യം ഇന്ന് ഗേൾഫ്രെണ്ട്സിന്റേയും ഫ്രഞ്ച്മുത്തങ്ങളുടേയും സെൽഫോണിന്റേയും  സൈബർമാമാങ്കങ്ങളുടേയും  ലോകത്തേയ്ക്ക് ചേക്കേറിയിരിക്കുന്നു.

എന്റെ ശ്രദ്ധ വീണ്ടും ചായകുടിയിലേക്കും കോഴിക്കുഞ്ഞുങ്ങളിലേക്കും പ്രീതി നായരുടെ ഓർമകളിലേക്കും വഴുതി വീണു.

Tuesday, February 19, 2008

അലാറം

രാത്രി അസമയത്തെഴുന്നേറ്റ്‌ മൂത്രമൊഴിക്കാനോ അല്ലെങ്കിൽ തൂറാനോ വേണമെങ്കില്‍ വെറുതെ നടക്കാനോ അതുമല്ലെകിൽ ഫുഡ്ബാളു കളിക്കാനോ   പോകാം. പക്ഷേ ഒച്ചയുണ്ടാക്കാനോ ലൈറ്റിടാനോ പാടില്ല. ഇതായിരുന്നു വിദ്യാപ്രകാശ്‌ പുബ്ലിക്ക്‌ സ്കൂളില്‍ ഞാന്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ പൊതുവേ നിലനിന്നിരുന്ന നിയമങ്ങളിൽ പ്രധാനം.

അറിയാതെയെങ്ങാനും ഒച്ചയുണ്ടാക്കിപ്പോയാൽ ശരിക്കും പെടാപ്പാടുപെടും. ബംഗാളിയായ  സുജിത്‌ ബൗമിക്കോ ആസാമിയായ ഗൗതം ഖാരയോ അതുമല്ല മലയാളിയായ നോബിൻ ഭാസ്കരാനോ ഉറക്കമുണര്‍ന്നെന്നാല്‍ അവരോരുടെ മാതൃഭാഷയിൽ നല്ല പുളിച്ച തെറിയുറപ്പാണ്. ഇനി അഥവാ രാത്രി ലൈറ്റിടുക്കയാണെങ്കിൽ  സ്വിച്ച്‌ ബോര്‍ഡിന്റെ അപ്പുറവും ഇപ്പുറവും കിടക്കുന്ന നന്ദുവിന്റേയും ബിദേശിന്റേയും തൊഴിയഭിഷേകം. കിട്ടിയാല്‍ പിന്നെ പറഞ്ഞിട്ട്‌ കാര്യമില്ല. കര്‍ണന്‍ ഗുരുക്കളടുത്ത്‌ പൊയി ഉഴിച്ചില്‍ നടത്തണം, കിഴി വെക്കണം ചികിത്‌സയൊക്കെക്കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോഴേക്കും ക്ലാസു കുറേ മിസ്സാകും. അതുകൊണ്ടാരും ഇതുമാതിരിയുള്ള സാഹസത്തിനു മുതിരാതെ നേരം വെളുക്കും വരെ മൂത്രം പിടിച്ചിരിക്കും അല്ലെങ്കില്‍ ഒച്ചയുണ്ടാക്കാതെ അതീവ്ര ജാഗ്രതയോടെ  കാര്യം സാധിച്ചു വരും.

ഇനി ഇതു രണ്ടുമല്ല വാര്‍ഡന്‍ കം ലൈബ്രറേറിയന്‍ തോമസ് സാറോ  അസിസ്റ്റന്റ്‌ വാര്‍ഡന്‍ കം ഹിസ്റ്ററി അധ്യാപകന്‍ ജോണ്‍ സാറോ ഉറക്കം ഞെട്ടിയാല്‍ പിന്നെ നോ അതര്‍ ഓപ്ഷന്‍, കിട്ടുന്നത്‌ ചൂടോടെ മേടിച്ച്‌ ചന്തിയും തടവി കിടന്നുറങ്ങണം. അതല്ല പണ്ട്‌ വേളം സന്ദീപ്‌ "തോമസ്‌ സാര്‍ ഞാന്‍ സന്ദീപല്ല നന്ദുവാണ്‌" എന്നെങ്ങാനും പറഞ്ഞാല്‍ തീര്‍ന്നു, എള്ളുണ്ടയിൽ മ്യാരകമായ ബോംബ് ഒളിപ്പിച്ചുവെച്ചു പാകിസ്താന്‍ പട്ടാളക്യാമ്പിലേക്ക്‌ വില്‍ക്കാന്‍ പോയ വിപിന്‍ വേണുവിന്റെ കേണേലമ്മാവന്റെ ഗതിയാകും (കട: വിപിന്‍ വേണു, ഒരു പഴയകാല കത്തി ).

പേടിയുള്ളവര്‍ക്കും പേടിപ്പിയ്ക്കുന്നവര്‍ക്കും പുറമേ കലക്കവെള്ളത്തില്‍ മീന്‍ പിടിത്തം സ്വഭാവമാക്കിയ വേളം സന്ദീപിനെ പോലുള്ള ചിലര്‍ രാത്രി, നടക്കുന്ന വഴിയില്‍ ബക്കറ്റ്‌ വെയ്ക്കുക, വഴിയ്ക്ക്‌ കുറുകേ നൂലു കെട്ടുക എന്ന സൂത്രങ്ങളൊപ്പിച്ചുവെച്ച്‌ കലാപരിപാടികളാസ്വദിക്കാറുമുണ്ട്‌ . ഇത്തരം ചിട്ടകള്‍കിടയില്‍ ഞങ്ങളെല്ലാവരും ഒരു വിധം പാടു പെട്ടു ജീവിച്ചു പോന്നു.

അങ്ങിനെയൊരിക്കല്‍ ഒരു പരീക്ഷക്കാലത്ത്‌ എന്റെ സീനിയര്‍ ഷിബിന്‍ പി.വി. തന്റെ മുന്‍ പരീക്ഷകളുടെ പ്രോഗ്രസ്‌ കാർഡിലുള്ള ഒറ്റസന്ഖ്യകൾ എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ പതിനൊന്നിൽ താഴെയുള്ള ഒരിരട്ട സംഖ്യ കിട്ടുകയും അതിൽ മനം നൊന്ത് ആ പ്രോഗ്രസ്സ് കാർഡ്    കയ്യില്‍ ചുരുട്ടിപ്പിടിച്ച്‌ ഏവരേയും ഞെട്ടിച്ചുകൊണ്ട്  വരുന്ന തിങ്കളാഴ്ച്ച മുതല്‍ താൻ എല്ലാ ദിവസവും  രാവിലെ നാലുമണിക്കെഴുന്നേല്‍ക്കുമെന്നും ക്ലാസ്സില്‍ ഫസ്റ്റ്‌ മേടിക്കാന്‍ കഠിനപ്രയത്നം ചെയ്യുമെന്നും പ്രതിജ്‌ഞ്ഞയെടുത്തു. പലരും "നോം ഇതെത്രെ കണ്ടിരിക്ക്‌ണൂ?", "ഓന്തോടിയാല്‍ എവിടെവരെയോടും?, വേലിവരെ" എന്നൊക്കെ  പറഞ്ഞ്‌ പുച്‌ഛിയ്ക്കുകയാണുണ്ടായത്‌. പക്ഷേ ഇതുകൊണ്ടൊന്നും ഷിബിന്‍ പിന്‍തിരിഞ്ഞില്ല - അതൊരൊടുക്കത്തെ പ്രതിജ്ഞയായിരുന്നു. 

ഞായറാഴ്‌ച്ച ഉച്ച  ഒരു മൂന്ന്‌ മൂന്നര മണികഴിഞ്ഞ്‌ കപ്പയും മീനും കൂട്ടി ഡിന്നര്‍ കഴിക്കന്‍ അറബിക്കടലിലേയ്ക്ക്‌ പരക്കമ്പായുന്ന മിസ്റ്റര്‍ സണ്ണിച്ചനേയും നോക്കി, ക്യാമ്പസ്സിന്റെ ഒത്ത നടുക്ക് നില്‍കുന്ന പാലമരത്തിന്റെ നിഴല്‍ " ഞാന്‍ വളരുകയല്ലെ, മമ്മീ " എന്നു പറഞ്ഞ്‌ കിഴക്കോട്ടോടുന്ന നേരത്ത്‌, അതിന്റെ ചുവട്ടിലിരുന്ന്‌ ഞാനും അസ്‌നാസും ക്യാന്റീനില്‍ നിന്നും പഴം പൊരിയും പാല്‍പൊടിയും എങ്ങനെ ആരും കാണതെ നന്ദുവിന്റെ പെട്ടിയിലേയ്ക്ക്‌ മാറ്റാം എന്നതിനെ പറ്റി കൂലംകഷമായി ചര്‍ച്ച ചെയ്യുന്നതിനിടയില്‍, എവിടെനിന്നോ ഒരു ടൈംപീസും ഒപ്പിച്ചുകൊണ്ട്‌ ഷിബിന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു (വടകര ക്രിഷ്ണ വാച്ചസില്‍ നിന്നും അടിച്ചുമാറ്റിയയതാണെന്ന അഭ്യൂഹം ഇന്നും നിലനില്‍ക്കുന്നു). " ഹാ ഹാ ഹാ ഗോപാലാ! നാളെ മുതൽ ഞാൻ നാലുമണിക്കെഴുന്നേൽക്കും!"

അന്നു രാത്രി അറ്റ്‌ എറൗണ്ട്‌ പത്തുമണിക്ക്‌, കാലത്ത്‌ നാലിന്‌ അലാറം വെച്ചുകൊണ്ട്‌ ഷിബിന്‍ സുഖനിദ്രയിലേക്ക്‌ ട്രിപ്പിള്‍ ഡൈവ്‌ ചെയ്തു.

ഹവ്വെവര്‍, കാലത്ത്‌ നാലുമണിക്ക്‌ അലാറം കേട്ടുകൊണ്ടല്ല മറിച്ച്‌ ഗൗതമിന്റെ വായില്‍ നിന്നും പുളിച്ച തെറി കേട്ടുകൊണ്ടാണ്‌ ഷിബിന്‍ ചാടിയെഴുന്നേറ്റത്‌ "സാലാ ബദ്മാശ്‌ കബൂത്തർ … ഓഫ്‌ കരോ തേരാ വോ രോനേ വാലാ ചീസ്‌ "

തൊട്ടപ്പുറത്ത്‌ കട്ടിലില്‍ ബിദേശ്‌ ഒരു മൂളലോട്‌ കൂടി തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്‌ കണ്ടതും ഷിബിന്റെ നെഞ്ചിടിപ്പ്‌ കൂടി. ഇനി വൈകിയാല്‍ കാല്‍പെരുമാറ്റം ഉറപ്പിക്കാം. സമയം കളയാതെ ടിയാൻ  തലയാണയുടെ അടിയില്‍ നിന്നും അലാറം കൈയ്യിലെടുത്തു. ഹവ്വെവര്‍, ഇടിവെട്ടേറ്റവന്റെ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തെന്നു പറഞ്ഞകണക്കായി ഷിബിന്റെ അവസ്ഥ. ആ ഞെട്ടിപ്പിക്കുന്ന സത്യത്തിന്റെ തീക്ഷ്ണതയിൽ ഷിബിനിന്റെ മൂത്രസഞ്ചിയുടെ വാള്വ്വ് വരെ തുറന്നുപോയി. അലാറം ഓഫ്‌ ചെയ്യാനുള്ള ബട്ടണ്‍ കണാനില്ല. കണ്ണുതിരുമ്മി ഞൊടിയിടയില്‍ ടൈം പീസ്‌ മുഴുവന്‍ പരതി. നോ വേ, ഓഫ് ബട്ടണ്‍ മാത്രം കാണാനില്ല. " ഇനി ഇതുണ്ടാക്കിയ കമ്പനി അലാറം ഓഫ്‌ ചെയ്യുന്ന ബട്ടണ്‍ ഫിറ്റ്‌ ചെയ്യാന്‍ മറന്നു കാണുമോ? "

ചിന്തിയ്ക്കാന്‍ പോലും സമയമില്ല. തെറിയുടെ സോര്‍സിപ്പോള്‍ നാലഞ്ചെണ്ണമായി. ലൈറ്റിട്ടപ്പോള്‍ ഷിബിന്‌ ഒരുകാര്യം ഉറപ്പായി - കണ്ട്ണ്ടകശനി കൊണ്ടേ പോകൂ - കറണ്ടില്ല. ഡോര്‍മെട്രിയുടെ അങ്ങേത്തലയ്ക്കല്‍ നിന്നും ജോണ്‍ സാറിന്റെ "സയലന്‍സ്‌ " കൂടെ കേട്ടപ്പോള്‍ ഷിബിന്റെ പാതി ജീവന്‍ പമ്പ അതിര്‍ത്തിയിലേക്ക്‌ ബ്രിട്ടീഷ്‌ എയര്‍വേസിന്റെ ബോയിംഗ്‌ 747 ഫ്ലൈറ്റ്‌ പിടിച്ച്‌ വിട്ടു.

കണ്ണു ചിമ്മുന്ന നേരംക്കൊണ്ട്‌ ഷിബിന്‍ അലാറവുമായി ലഗ്ഗേജ്‌ വെയ്ക്കുന്ന ക്യാബിനിലേക്ക്‌ പറപറന്നു. അലാറത്തിന്റെ ഫ്രീക്വന്‍സി മെല്ലെ മെല്ലെ കുറഞ്ഞു വന്നു. ജോണ്‍ സാര്‍ ക്രിയേറ്റ്‌ ചെയ്ത നിശബ്ദതയില്‍ ഞങ്ങള്‍ ഗ്രാജ്വലി മയക്കത്തിലേയ്ക്ക്‌ വഴുതി വീണു.

ആറു മണിക്ക്‌ തോമാസ് സാറിന്റെ സ്ഥിരം  "ഗെറ്റപ്പ്‌ ബോയ്സ്‌, ഗെറ്റപ്പ്‌" കേട്ടാണ്‌ ഞങ്ങള്‍ ഉറക്കത്തില്‍ നിന്നും ക്രാഷ്‌ ലാന്‍ഡ്‌ ചെയ്തത്‌. കട്ടിലില്‍ നിന്നും ആദ്യം തറയിലിറങ്ങിയത്‌ സുന്ദരനാണ്‌. ഒരു ചീറ്റപ്പുലി  സ്റ്റെയിലില്‍ നീണ്ടുഞെളിഞ്ഞ്‌ ബോണ്‍സായ് മരം കണക്കെ അഞ്ചടി മൂന്നിഞ്ച് ഉയരവും   നല്ലോണം മെലിഞ്ഞ് ശോഷിച്ച തന്റെ ശരീരം കൊണ്ട്  സുന്ദരൻ  ഫറോക്കിലെ ഓട് കമ്പനിയിൽ നിന്നും പുറത്തുവരുന്ന പോലെ  നാല് ദിക്കും കിടുങ്ങുമാറാകും വിധം ശബ്ദവിസ്ഫോടനത്തോടെ  ഒരു കോട്ടുവായിട്ടു. പതിയെ ടൂത്ത്ബ്രഷ്ഷെടുക്കാനായി ക്യാബിനിലേക്ക്‌ നീങ്ങി. ക്യാബിനില്‍ നിന്നും "എന്റമ്മേ…., ഷിബിന്‍" എന്ന സുന്ദരന്റെ ദയനീയതയും ഭയവും മിക്സ് ചെയ്ത അലര്‍ച്ച കേട്ട പാതി കേള്‍കാത്ത പാതി അങ്ങോട്ടോടിയ ഞങ്ങൾ കണ്ട കാഴ്ച്ച വളരേ പരിതാപകരമായിരുന്നു.

എംആർഎ ബേക്കറിയിലെ ചിക്കൻ റോൾ പോലെ ചുരുട്ടിവെച്ച കിടക്കയില്‍ രണ്ടു കാലും രണ്ട് കൈയും ഇരുവശത്തേയ്ക്ക്‌ സ്ട്രെച്ച്‌ ചെയ്തിരുന്ന്‌ ഷിബിന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. കെടഞ്ഞോത്തെ അനി പണ്ട്‌ വെള്ളമടിച്ച്‌ വെളിവുകെട്ട്‌ കനാലിന്റെ വക്കത്തിരുന്നുറങ്ങിയ അതേ പോസ്‌ - പുവര്‍ ബോയ്‌. സുന്ദരന്‍ മെല്ലെ ഷിബിനെ തട്ടിയുണര്‍ത്തി. വായില്‍നിന്നൂര്‍ന്നിറങ്ങിയ ഉമിനീര്‍ വലിച്ചിറക്കി ഒരു മൂളലോടെ ഷിബിന്‍ എഴുന്നേറ്റു. ചുറ്റും കൂടി നില്‍കുന്ന വന്‍പിച്ച ജനാവലിയെ കണ്ടതും ടി യാൻ ചാടിയെഴുന്നേറ്റ്‌ ഒരു പരുങ്ങലോടെ മെല്ലെ ബക്കറ്റും മഗ്ഗുമെടുത്ത്‌ കുളിക്കാനെന്നോണം ബാത്ത്‌റൂം ലക്ഷ്യമാക്കി നടന്നകന്നു.

എന്തോ പന്തികേട്‌ തോന്നിയ ഞങ്ങള്‍ മെല്ലെ ആ ചുരുട്ടിവെച്ച കിടക്ക നിവര്‍ത്തി നോക്കി. അതിനകത്ത്‌ ഒരു ചെറിയ സൂട്ട്കേസ്‌ പൊതിഞ്ഞുവെച്ചിരിക്കുന്നു. സൂട്ട്കേസ്‌ തുറന്നു നോക്കിയ ഞങ്ങളെ അമ്പരിപ്പിച്ചുകൊണ്ട്‌ ദേ, അതിനകത്തിരിക്കുന്നൂ 'പിപിപിപീ' എന്നു പൊട്ടിച്ചിരിച്ചുകൊണ്ട്‌ ഷിബിന്റെ അലാറം!

Friday, August 24, 2007

ബാലന്‍ പിടിച്ച പുലി(പൂച്ച)വാല്‌

വരുത്താനായ കണ്ടന്‍ പൂച്ചയുമായുള്ള പ്രേമനൈരാശ്യമാണത്രെ കിങ്ങിണിപ്പൂച്ച കിണറ്റില്‍ ചാടി ആത്മഹത്യാശ്രമം നടത്താന്‍ കാരണം. സംഭവം നടന്നത്‌ 2005 ജൂണ്‍ പത്താം തീയതി, സമയം വൈകിട്ട്‌ ഒരഞ്ചുമണിയ്ക്ക്‌. തന്റെ പ്രാണനാഥനായ കണ്ടനേയും കാത്ത്‌ ചാറ്റല്‍ മഴയത്ത്‌ തണുപ്പും സഹിച്ച്‌ വടക്കേടത്ത്‌ ബാലന്റെ വീട്ടുമുറ്റത്ത്‌ നില്‍കുകയായിരുന്നു കിങ്ങിണിപ്പൂച്ച. കണ്ടേട്ടനേയും കാത്ത്‌ ഈ നില്‍പ്പ്‌ തുടങ്ങിയിട്ട്‌ ഏകദേശം ഒരാഴ്ച്ചയാകാറായി.

"കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചയ്ക്ക്‌ മീന്‍ക്കാരന്‍ ഖാദര്‍ക്കാന്റെ പിന്നാലെ പോയ പോക്കാണ്‌ ഇതുവരെ തിരിച്ചെത്തിയില്ല. ഇനിവല്ല അപകടവും സംഭവിച്ചു കാണുമൊ? എന്റെ കാവിലമ്മേ.. കാത്തോളണേ........"

തന്റെ ഉടപ്പിറന്നോള്‍ നങ്ങേലിപ്പൂച്ച മീത്തലെ കണ്ണേട്ടന്റെ വീട്ടില്‍ നിന്നും ലഞ്ചിന്‌ ഫിഷ്‌ കറി മീല്‍സും കഴിച്ച്‌ തിരിച്ച്‌ പോകും വഴിയാണ്‌ ചാറ്റല്‍മഴയത്ത്‌ പ്രാണനാഥനെ കാത്തുനില്‍കുന്ന കിങ്ങിണിപ്പുച്ചയെ കണ്ടത്‌. ഏതോ ഒരു  പ്രമുഖ  മഞ്ഞപ്പത്രത്തിന്റെ ലോകല്‍ സെൻസേഷണൽ റിപ്പോര്‍ട്ടര്‍ കൂടിയായ നങ്ങേലി കിങ്ങിണിപ്പുച്ചയെ കണ്ടപ്പോള്‍ കണക്കിനങ്ങു തേച്ചു:

"എന്താടീ, ഇന്റെ കണ്ടേട്ടനെ ഒരാഴ്ചയായല്ലോ കണ്ടിട്ട്... ചന്ദ്രേട്ടന്റെ പൊരേലെ മണിക്കുട്ടിപ്പൂച്ചേനേം കാണ്വാനില്ലാന്ന് കേട്ടിക്കല്ലോ. ഇനിയിപ്പോ ഓര് രണ്ടാളും കൂടി ഒളിച്ചോടി പോയോളീ?"

കഴിഞ്ഞ മൂന്ന് വർഷം മുടങ്ങാതെ അഞ്ചും ആറും വീതം   കണ്ടേട്ടന്റെ ചോരയിലുണ്ടായതുങ്ങളെ പെറ്റിട്ട കിങ്ങിണി,   ഞെട്ടിക്കുന്ന ഈ വാര്‍ത്ത കേട്ട്‌ ഹൃദയം പൊട്ടി മുന്നും പിന്നും നോക്കാതെ ബാലേട്ടന്റെ കിണറ്റിലേയ്കെടുത്തു ചാടുകയായിരുന്നതത്രെ!

ഡിന്നറിന്‌ ഫോര്‍ കോഴ്‌സ്‌ മീല്‍ റെഡിയാക്കുന്നതിന്റെ തിരക്കിനിടലാണ്‌ ബാലേട്ടന്റെ പ്രിയ പത്നി നാരായണിയേട്‌ത്തി അസാധാരണമായ "ബ്ലും" ശബ്ദം കേട്ടത്‌. വീണത്‌ തേങ്ങയാണെന്നു കരുതി കിണറ്റിലേയ്കെത്തിനോക്കിയ നാരായണിയേട്‌ത്തി കണ്ടത്‌ ഇയാന്‍ തോര്‍പിനെ പോലെ നീന്തിത്തിമിര്‍ക്കുന്ന കിങ്ങിണിപ്പൂച്ചയെയാണ്‌ .

കിണറ്റിലേയ്ക്ക്‌ നോക്കി "പുവര്‍ ക്യാറ്റ്‌" എന്നു പറയുകയല്ലാതെ പൂച്ചയെ രക്ഷിക്കാനുള്ള വഴി നാരായണിയേട്‌ത്തി ചിന്തിയ്ക്കാന്‍ തുനിഞ്ഞില്ല. മനോരമ ആഴ്ചപ്പതിപ്പിലെ പാചകവിധിയില്‍ മിസിസ്സ്‌ കെ എം മാത്യു എഴുതിയ കരിമീന്‍ മോളി മത്തികൊണ്ട്‌ പരീക്ഷിക്കുന്നതിനിടെ പൂച്ചയെ രക്ഷിക്കാനെവിടെ സമയം? അവസാനം മത്തി മോളി വായില്‍ വെക്കാന്‍ പറ്റാത്ത പരുവമായപ്പോഴാണ്‌ പൂച്ച കിണറ്റിലാണെന്നുള്ള ബോധമുണ്ടായത്‌.

ബാലേട്ടന്‍ വീട്ടിലെത്താറായില്ല. ഫോണ്‍ ചെയ്യാമെന്നു വെച്ചാല്‍ പുള്ളിക്കാരന്റെ കയ്യില്‍ മൊബൈലുമില്ല. കാശില്ലാഞ്ഞിട്ടല്ല - അംബാനി മാമന്‍ അഞ്ഞൂറു രൂപയ്ക്ക്‌ മൊബൈല്‍ കൊടുത്തപ്പോള്‍ പോലും പുള്ളി വാങ്ങീല്ല - സാള്‍ട്ട്‌ മാങ്ങോ ട്രീയില്‍ സാള്‍ട്ടില്ലെന്നു പറയുമ്പോലെ വീട്ടിലും പറമ്പിലും  റേയ്ഞ്ചില്ല. കാശുകൊടുത്ത്‌ മേടിച്ചിട്ടെന്തു കാര്യം? 

ഒരു ബാര്‍ബറാണെന്നുള്ള അഹങ്കാരമില്ലാത്തത് കൊണ്ടും ആ റ്റൈറ്റില്‍ തന്റെ ഡിഗ്നിറ്റിയെ ബാധിക്കും എന്ന തോന്നലുകൊണ്ടുമാകാം ലോകനാർക്കാവിൽ നിന്നും സ്വല്പം അകലെ സ്വന്തം നാട്ടുകാർക്ക് കൈയും കണ്ണുമെത്താത്ത യേതോരു പട്ടിക്കാട്ടിൽ ഒരു കട തുടങ്ങി ബാലേട്ടൻ ഡെയ്‌ലി പോയിവരും. പണിക്ക് പോകുന്നതും വരുന്നതും നാട്ടുകാരൊട്ട് കാണാറുമില്ല. നാരായണിയേട്‌ത്തിയാണെങ്കിൽ ഒരു എക്സ്ട്രാ ഫൈനാൻഷ്യൽ സപ്പോർട്ടിന്   വല്ലപ്പോഴും മണ്ണു ചുമക്കാനും കൃഷിപ്പണിക്കും പോവുകയും ചെയ്യും.

എനിവേയ്‌സ്, നാരായണിയേട്‌ത്തി തൊട്ടടുത്ത വീട്ടിലെ കുമാരേട്ടനോട് പൂച്ച കിണറ്റിൽ വീണ കാര്യം പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ കുമാരേട്ടന്‍ അധികം ചിന്തിക്കാന്‍ നിക്കാതെ കിണറ്റിലിറങ്ങി പൂച്ചയെ ഒരുകണക്കിന്‌ കരയ്ക്കെത്തിച്ചു.

കിങ്ങിണിപ്പൂച്ച കുറച്ചു നേരം റേഞ്ചുകിട്ടാതെ മൂക്കും ചീറ്റി നടന്നെങ്കിലും, മത്തിമോളിയുടെ സ്മെല്ലു പിടിച്ച്‌ പിന്നാമ്പുറത്തേക്ക്‌ വലിഞ്ഞു. ഈ കിങ്ങിണിപ്പൂച്ച കാരണമാണത്രെ സ്ഥലത്തെ ഷിറ്റായിരുന്ന നോര്‍ത്തേടത്ത്‌ ബാലന്‍ അതായത്‌ വടക്കേടത്ത്‌ ബാലന്‍ ഹിറ്റായി മാറിയത്‌. ബാലേട്ടന്‍ വീട്ടില്‍ വന്നുകയറിയയുടന്‍ തന്നെ നടന്ന സംഭവം വള്ളിപുള്ളി വിടാതെ പറയുകയും പൂച്ചയെ കരയ്ക്കെത്തിക്കാന്‍ താനെടുത്ത അതിപ്രഗല്‍ഭമായ തീരുമാനത്തില്‍ സന്തോഷവാനായി തനിക്ക്‌ പോക്കറ്റ്‌ മണി തരുമെന്ന പ്രതീക്ഷയില്‍ ബാലേട്ടന്റെ മുഖത്തു നോക്കിയിരുന്ന നാരായണിയേട്‌ത്തി അപ്രതീക്ഷിതമായി മുഖത്ത്‌ കിട്ടിയ പെടയിലും പുറകേ വന്ന തെറിയിലും മനം നൊന്ത്‌ പൊട്ടിപ്പൊട്ടിക്കരഞ്ഞു. നാട്ടുകാരുടെ മുന്നില്‍ വച്ച്‌ തന്റെ കിണറ്റിലിറങ്ങി പൂച്ചയെ രക്ഷിച്ച്‌ കുമാരന്‍ സ്റ്റാറായതിന്റെ അമര്‍ഷമാണ്‌ ഇപ്പോള്‍ കിട്ടിയ പെടയെന്നു പാവം നാരായണിയേട്‌ത്തിക്ക്‌ മനസ്സിലായില്ല .

രാത്രി മത്തി മോളി കൂട്ടി കഞ്ഞി കുടിയ്കവെ ബാലന്‍ ആത്മഗദം ചെയ്തു
"പൂച്ച ഇനിയും കിണറ്റില്‍ ചാടും. അന്ന്‌ നാട്ടുക്കാര്‍ക്ക്‌ ഞാനാരാണെന്നു കാണിച്ചു കൊടുക്കാം."

കണിയാന്‍ കണാരന്‍ പോലും ഇത്രയും കറക്റ്റായിട്ട്‌ കാര്യങ്ങള്‍ പറഞ്ഞുകാണില്ല . പിറ്റേന്ന്‌ രാവിലെ പല്ലുതേച്ച്‌ ഈര്‍കില്‍കൊണ്ട്‌ നാക്കുവടിയ്ക്കുന്നതിനിടെ ഒരു "ബ്ലും" ശബ്ദം കേട്ട്‌ കിണറ്റിലേയ്കെത്തിനോക്കിയ ബാലേട്ടന്റെ മുഖം ലോകനാര്‍ക്കാവുത്സവത്തിനു വഴിയോരത്ത്‌ കെട്ടിവെച്ച റ്റ്യുബ്‌ലൈറ്റ്‌ പോലെ വെട്ടിത്തിളങ്ങി. കൈകാല്‍ കുഴഞ്ഞ കിങ്ങിണിപ്പൂച്ച വെള്ളത്തില്‍ മുങ്ങിത്താണ്‌ വായിട്ടലയ്ക്കുന്നു " സേവ്‌ മി ബാലേട്ടാ..... സേവ്‌ മീ...... "

ചായയ്ക്ക്‌ പാലടുപ്പത്തു വെച്ച് വെള്ളം കോരാന്‍ നാരായണിയേട്‌ത്തി കിണറ്റിങ്കരയിലെത്തിയപ്പോള്‍ തൊട്ടിയും കയറും കണാനില്ല. ഒന്നുകൂടെ ചുറ്റും നോക്കിയപ്പോള്‍ കയറിന്റെ ഒരറ്റം കിണറിനോട്‌ ചേര്‍ന്നു കിടക്കുന്ന തെങ്ങിനോട്‌ കെട്ടിയിട്ടിരിയ്ക്കുന്നു. മറ്റേയറ്റം കിണറ്റിലേയ്ക്ക്‌ വീണു കിടക്കുന്നത്‌ കണ്ട്‌ കിണറ്റിലേയ്ക്ക്‌ നോക്കാനൊരുങ്ങുമ്പോള്‍ കിണറ്റില്‍ നിന്ന്‌ ബാലെട്ടന്റെ വോയിസ് 

"നാരായണീ, ഇഞ്ഞി കൂടേന്ന്‌ ആ പുതീയ കൊട്ടയിങ്ങെട്‌ത്തോ…. "

കാര്യമെന്താണെന്നറിയാതെ അമാന്തിച്ചു നിന്ന നാരായണിയേട്‌ത്തിയോട്‌ ബാലേട്ടനലറി:

"ഇനിക്കെന്താണേ  ചെവി കേട്ടൂടേ?"

കേട്ട പാതി കേള്‍ക്കാത്ത പാതി തലേന്ന്‌ കവിളത്ത്‌ കിട്ടിയതിന്റെ പാടും തടവിക്കൊണ്ട്‌ നാരായണിയേട്‌ത്തി കൊട്ടയെടുത്ത്‌ കയറിന്റെ അറ്റത്ത്‌ കെട്ടി കിണറ്റിലേയ്കിട്ടു കൊടുത്തു.

അങ്ങനെ അധികം വൈകാതെ കൊട്ടയോടൊപ്പം പൂച്ച കരയ്കെത്തി. പക്ഷെ സമയം കുറേ വൈകിയിട്ടും ബാലേട്ടൻ  കരയ്ക്കെത്തിയില്ല.

നാരായണിയേട്‌ത്തി റ്റെന്‍ഷനടിച്ചു തുടങ്ങി. രണ്ട്‌ രണ്ടര മണിക്കൂറ്‌ മുമ്പ്‌ കിണറ്റിലിറങ്ങിയ ബാലേട്ടന്‍ കരയ്ക്ക്‌ കയറുന്നില്ല.

" ബാലേട്ടാ ഇങ്ങള്‌ കാരുന്നില്ലേ ? "

"ഒരു ചെറിയ പണിയിണ്ട്‌. ഇഞ്ഞി ഗിരീന്റെ പൊരക്ക്‌ പോയിറ്റ്‌ റീജിത്തിന്റട്‌ത്ത്‌ ഈട്‌ത്തം ബരെ ഒന്ന്‌ ബരാന്‍ പറ. ഓനാടെ ഇന്ന് ഓട് മാറ്റിവെക്കുന്ന പണിയിലാ.."

എന്തോ പന്തികേടുണ്ടെന്ന്‌ മനസ്സിലാക്കിയ നാരായണിയേട്‌ത്തി സമയം കളയാതെ ഗിരിയേട്ടന്റെ വീട്ടിലേയ്ക്കോടി. ഓടിളക്കി മാറ്റിവെയ്ക്കുന്ന പണിത്തിരക്കിലായിരുന്ന റീജിത്ത്‌. ബാലേട്ടന്‍ വിളിയ്ക്കുന്നെന്ന്‌ കേട്ടപ്പോള്‍ പണികഴിഞ്ഞ്‌ വരാമെന്നു പറഞ്ഞു. തിരിച്ചുചെന്ന്‌ മെസ്സേജ്‌ കൊടുത്ത നാരായണിയേട്‌ത്തിക്ക്‌ ബാലേട്ടന്റെ വായില്‍ നിന്നും കണക്കിന്‌ കിട്ടി.

" !#$%^&*<>? ഇഞ്ഞി റീജിത്തിനോട്‌ അത്യാവിശ്യമാണെന്ന്‌ പറ. ഓന്‍ ബരും"

നാരായണിയേട്‌ത്തി പിന്നേയും വന്നു വിളിച്ചപ്പോള്‍ റീജിത്തിന്‌ സംശയമായി. കാര്യങ്ങളുടെ കിടപ്പ്‌ മനസ്സിലാക്കിയ റീജിത്ത്‌ പണി നിറുത്തിവെച്ച്‌ രണ്ട്മൂന്നാളേയും കൂട്ടി ബാലേട്ടന്റെ വീട്‌ വെച്ചുപിടിച്ചു. ക്ഷണനേരം കൊണ്ട്‌ സംഭവം നാട്ടില്‍ പാട്ടായി.

'പൂച്ചയെ  രക്ഷിക്കാൻ കിണറ്റിലിറങ്ങി ഹീറോയാകാന്‍ ശ്രമിച്ച നോര്‍ത്തേടത്ത്‌ ബാലന്‍ കരയ്ക്ക്‌ കയറാന്‍ വയ്യാതെ തണുത്ത്‌ മരവിച്ച്‌ സീറോയായി കിണറ്റിലിരുന്ന് വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണത്രെ!'

മീനവിയൽ, ബാലേട്ടന്റെ വീട്‌ നാട്ടുകാരെ കൊണ്ട്‌ പൊതിഞ്ഞു.

അങ്ങനെ കുമാരേട്ടനും, റീജിത്തും നാട്ടുകാരും ചേര്‍ന്നുത്സാഹിച്ച്‌ ഒരു കസേര കയറില്‍ കെട്ടിത്താഴ്ത്തി ബാലേട്ടനെ ഒരു വിധം കരയ്ക്കെത്തിച്ചു.

രാത്രി ഒരു പത്ത്‌ പത്തര വരെ വിസിറ്റേറ്‌സ്‌ കാരണം ബാലേട്ടന്‍ വളരെ ബിസിയായിരുന്നു. എല്ലാവരും പോയ്ക്കഴിഞ്ഞപ്പോള്‍ ദേഷ്യവും സങ്കടവും മാനക്കേടും സഹിക്കവയ്യാതെ നാരായണിയേട്‌ത്തി പൊട്ടിത്തെറിച്ചു

"ഇങ്ങക്ക്‌ ബല്ല കാര്യവുമുണ്ടായിനോ  മനുഷ്യാ  ബെറുതെ നടന്ന പൂച്ചയെ പിടിച്ച്‌ കിണറ്റിലിടാന്‍ ?"

വാല്‍1 : പൂച്ച കിണറ്റില്‍ വീണതാണോ അതോ ബാലേട്ടന്‍ സ്റ്റാറാവാന്‍ പൂച്ചയെ കിണറ്റിലേയ്കിട്ടതാണോ എന്ന്‌ നാരായണിയേട്‌ത്തിക്ക്‌ ഇന്നും നിശ്ചയമില്ല .

വാല്‍2 : അക്കാലത്ത് ലോകനാര്‍ക്കാവ്‌ വാസികളും മേമുണ്ടവാസികളും ബാലനെ കണ്ടാലുടൻ  സ്ഥിരമായി ഒരു മൂളിപ്പാട്ടു പാടാറുണ്ടായിരുന്നത്രെ, "വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനേ…യ് . സത്യത്തിലാരും തിരിച്ചറിഞ്ഞീലാ….."