Sunday, May 11, 2014

ടിവിഎസ് 50

ലോകനാർകാവ് ഭൂമി മലയാളത്തിലെ ഏക മനോരമ ഏജന്റായിരുന്നു ചിങ്ങപറമ്പത്ത് കുഞ്ഞികൃഷ്ണൻ നായർ അഥവാ ചിങ്ങാറമ്പത്ത് കുഞ്ഞീഷ്ണൻ നായർ അതുമല്ലെങ്കിൽ എഴുപതുകൾ മുതൽ ലോകനാർകാവ് നിവാസികൾ കണികണ്ടും കണികേട്ടുമുണരുന്ന നമ്മുടെ സ്വന്തം കുഞ്ഞീഷ്ണേട്ടൻ (മാതൃഭൂമി വരിക്കാർ ക്ഷമിക്കുക, നിങ്ങളെ ഇവിടെ ഉൾപെടുത്തിയിട്ടില്ല, നിങ്ങൾ പണ്ടേപോലെ മാതൃഭൂമി വേണ്വേട്ടനെ  കണികണ്ടും കണികേട്ടുമുണർന്നോളൂ…)

ഏഷ്യാനെറ്റും കൈരളിയും എന്തിനു ടീവി പോലും ഇല്ലാതിരുന്ന കാലം മുതൽകേ കുഞ്ഞീഷ്ണേട്ടനും, മുകളിൽ ബ്രാക്കറ്റിൽ സൂചിപ്പിച്ച വേണ്വേട്ടനും ഡെയിലി കൊണ്ടുത്തരുന്ന പത്രമായിരുന്നു ഈ നാട്ടിലെ   പി എസ് സി പരീക്ഷാർത്ഥികളുടേയും പിന്നെ ബാർബർ ഷോപ്പുകളിലും, ടെയ്ലർ ഷോപ്പുകളിലും, ചായക്കടകളിലും ചെന്ന് ആഗോള രാഷ്ട്രീയ കത്തികളടിക്കുന്ന ബുദ്ധിജീവികളുടേയും ഏക റഫറൻസ് മെറ്റീരിയൽസ്. ചുരുക്കിപ്പറഞ്ഞാൽ അക്കാലത്തെ ഗൂഗിളും വിക്കീപീടികയുമൊക്കെയായിരുന്നു  കുഞ്ഞീഷ്ണേട്ടനും വേണ്വേട്ടനും.

ആയിരത്തിതൊള്ളായിരത്തിയെണ്‍പത്തൊന്നിലെ ഇടവപ്പാതിക്ക്  കുഞ്ഞീഷ്ണേട്ടൻ തന്റെ സന്തതസഹചാരിയായ  ടിവിഎസ് 50 വാങ്ങുമ്പോൾ അത് പുതുപുത്തനായിരുന്നു. ആ വണ്ടിയുടെ മുരൾചയൊടുള്ള വരവും പിന്നെ മീങ്കാരൻ ഖാദർകാന്റെ "മീനേയ് …. കൂ….യ്" എന്ന  കൂവലുമായിരുന്നു  ലോകനാർകാവ് മേമുണ്ട നിവാസികൾക്ക് ഏറ്റവും സുപരിചിതമായ രണ്ട് ശബ്ദങ്ങൾ. 

രണ്ടായിരത്തിയഞ്ചോടുകൂടി ആ ചകടം ഓടുമ്പോൾ  ഹോണ്‍ ഒഴിച്ചു മറ്റെല്ലാ  ഭാഗത്തുനിന്നും ലോകനാർക്കാവിലുത്സവത്തിനു താള മേളങ്ങളോടെ ആനയെ എഴുന്നള്ളിക്കുന്ന വിധം ശബ്ദം വരാൻ തുടങ്ങുകയും ഞായറാഴ്ചയൊഴിച്ച് ബാക്കിയെല്ലാ ദിവസങ്ങളിലും  കോട്ടക്കുളങ്ങലരയിലെ എസ് ആർ വർക്ക്‌ഷോപ്പിലും പുഞ്ചിരിമിൽ ജംക്ഷനിലെ കണ്ണൻ ലെയ്ത് ആൻഡ്‌ ബോഡി വർക്സിൽ റസ്റ്റ്‌ എടുക്കുകയും ചെയ്തതോടുകൂടി പുതിയൊരെണ്ണവുമായി മാറ്റിവാങ്ങാൻ കുഞ്ഞീഷ്ണേട്ടൻ നമ്മടെ വണ്ടിയുമായി ടിവിഎസ് എക്സ്ചേഞ്ച് മേളയിൽ ചെന്നത്രേ! മാനേജർ ശിവരാമേട്ടന്റെ "ഇത് കോയിക്കോട് മ്യുസിയത്തിലോ മണിയൂർ എന്ജിനിയരിംഗ് കോളേജിലോ   കൊണ്ടോയ്കൊടുത്താൽ ബളർന്നുബരുന്ന മെക്കാനിക്കൽ ഇഞ്ചിനീരുമാർക്ക് കണ്ടുപഠിക്കാനൊരു സാധമാകും" എന്ന ഡയലോഗിൽ മനം നൊന്ത് വടകര നോർത്ത്‌ പാർകിന്റെ എതിർവശത്ത്‌ ഫാമിലിയായി തമ്പടിച്ചിരുന്ന  അക്ക്രിയണ്ണനു ഇരുന്നൂറ്റിയംപതുറുപ്യേം ഓട്ടോകൂലിയും എന്ന വമ്പൻ ഓഫറിനു കച്ചോടാക്കുകയും ടിവിഎസ്സുമായി ഇനിയൊരു ബന്ധമുണ്ടകില്ലെന്നും ശപഥം ചെയ്ത് ന്യൂസ്പേപർ തൊഴിലാളികളും മീൻകച്ചവടക്കാരും ആഗോളവ്യാപകമായി ഉപയോഗിച്ചുവന്നിരുന്ന അവരുടെ ദേശീയ ശകടമായ എംഐറ്റി പുത്തനൊരെണ്ണം റെഡി ക്യാഷിനു മേടിക്കുകയും ചെയ്തു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടിലെ മാർച്ച്‌ മാസത്തിൽ മൂന്നാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞു നിൽകുമ്പോൾ  മുതലാണ് മഹേഷ്, ലതായതു കുഞ്ഞീഷ്ണേട്ടന്റെ മൂത്തപുത്രൻ, ബാലരമ ഡിസ്ട്രിബ്യൂഷനിലൂടെ കന്നിയങ്കംകുറിച്ച്  ന്യൂസ്പേപർ ബിസിനസ്സിലേക്ക് കാലെടുത്തു കുത്തുന്നത്. അക്കലത്തോക്കെ  ബാലരമ ദ്വൈവാരികയായിരുന്നു. സ്കൂൾബാഗിൽ ബാലരമ നിറച്ച് പുറത്ത്തൂക്കി ഒരു നാടൻ സാന്റാ ക്ലോസിനെ പോലെ  രണ്ടാഴ്ചയിലൊരിക്കൽ വീടിന്റെ കോണിപ്പടികയറിവരുന്ന മഹേഷിനെ കാണുന്നത്  അക്കാലത്ത് ഒരു പ്രത്യേക സന്തോഷം തന്നെയായിരുന്നു. ബാലരമ വരുന്ന ദിവസം അമ്മയ്കും സന്തോഷമുള്ള ദിവസമാണ് - ഒരു നാല് മണിക്കൂർ നേരം കുരുത്തക്കേടൊന്നും ഒപ്പിക്കാതെ ഞാനേതെങ്കിലും മൂലയിൽ പോയിരുന്നോളും. എനിവേയ്സ്, തൊണ്ണൂറ്റിരണ്ടു മുതൽക്കുള്ള പരിചയമാണ് ഞങ്ങൾ തമ്മിൽ. ബാലരമ ബന്ധത്തിന് പുറമേ അന്നാട്ടിലെ പല പല കുട്ടിഗ്രൂപ്പുകൾ തമ്മിലുള്ള കണക്ഷൻ ലിങ്ക് കൂടിയായിരുന്നു  മഹേഷ് -  എല്ലാവരുമായി ബാലരമ ബന്ധത്തിൽ തുടങ്ങിയ പരിചയം.

പ്രായം കൂടും തോറും ബാലരമയ്ക്കു പുറമേ ന്യൂസ്പേപർ, വനിത, മനോരമ ആഴ്ച്ചപ്പതിപ്പ്  , കർഷകശ്രീ, ദി വീക്ക്  എന്നിങ്ങനെ  കൂടുതൽ റെസ്പോൻസിബിലിറ്റീസ് അച്ഛനിൽ നിന്നും എറ്റെടുക്കുകയും അതിനുപുറമേ തന്റെ മാർക്കറ്റിംഗ് ടാക്റ്റിക്സ് ഉപയോഗിച്ച് വർഷംതോറും പുതിയ വരിക്കാരേയും  ടിയാൻ കൂട്ടിക്കൊണ്ടിരുന്നു. അങ്ങനെ പത്താംക്ലാസ്സു പാസായപ്പോഴേക്കും റെസ്പോണ്സിബിലിറ്റീസിനോടൊപ്പം  കുഞ്ഞീഷ്ണേട്ടന്റെ ടിവിഎസ് അമ്പതും മഹേഷ് സ്വന്തമാക്കി. 

ഈ  ശകടത്തിനു പലപല ഗുണങ്ങളുണ്ടായിരുന്നു. മൂത്രവും വെള്ളവുമൊഴികെ  ബാക്കിയെന്തൊഴിച്ചാലും ആ വണ്ടിയോടുമായിരുന്നു. ഇനി അഥവാ ഇന്ധനം തീർന്നുപോയെങ്കിൽ തന്നെ സൈക്കിൾ പോലെ ചവിട്ടി സഞ്ചരിക്കാൻ പെടലുകളുണ്ട് - അതൊരു ദൈനംദിന വ്യയാമമായി കണക്കാക്കിയത് കൊണ്ട് ടിയാൻ തീരെ ബോതേർഡ്‌ അല്ലായിരുന്നു. ഇത് ചവിട്ടിച്ചവിട്ടിയാണു മഹേഷ്‌ തന്റെ  സിക്സ് പായ്ക്ക് ആബ്സ് നിലനിർത്തിയിരുന്നത്. ബ്രേക്ക് ഇല്ലാത്തതുകൊണ്ട് ഒരിക്കലും ബ്രേക്ക്ഡൌണാവില്ല, ശകടം നിർത്തണമെങ്കിൽ കാല് റോഡിൽകുത്തി എഴുന്നേറ്റ്നിന്നാൽ ചവിട്ടിയോടത്തു വണ്ടി നില്കും.  സ്റ്റാർട്ട്‌ചെയ്യാൻ താക്കോൽ വേണ്ട, വെറുതേ കയറിയിരുന്നു ചവിട്ടിയാൽ മതി. പിന്നെ ആകെക്കൂടെ ഒരു പ്രശ്നം മാത്രം - മഴപെയ്താൽ പെട്രോൾ ടാങ്കിന്റെ വായ  പ്ലാസ്റ്റിക്‌പേപ്പറും  റബ്ബർബാന്റുമിട്ടു  മൂടിക്കെട്ടണം ഇല്ലെങ്കിൽ വെള്ളം അകത്തേക്കു പോകും. ഇത്രയും ഫീചേർസ് ഉള്ള വണ്ടിയായതു കൊണ്ടു ലോക്ക് ചെയ്യേണ്ട, വല്ല തെങ്ങിലോ കലുങ്കിലോ മതിലിലോ ചാരി വെച്ചാൽ മതി, തലയ്‌ക്കോളമുള്ള ഒരുത്തനും കട്ടോണ്ട് പോകുമെന്ന് പേടിക്കേണ്ട. . ഇരട്ട ടയറിലും ഒറ്റട്ടയറിലും ടയറില്ലാതെയും വണ്ടിയോടിച്ചും അഭ്യാസം കളിച്ചും മേമുണ്ട ഹൈ സ്കൂളിലെ തരുണീർമണിഹൃദയങ്ങളിൽ ഒരു സൂപർസ്റ്റാർ സ്ഥാനം പിടിച്ചെടുക്കാൻ ഈ ടിവിഎസ് 50 കൊണ്ട് മഹേഷിനു കഴിഞ്ഞു. തടി മില്ലിലെ ഈർചവാളിന്റെ ശബ്ദമുള്ള എഞ്ചിനും അതിനു കോറസ്സായി ഇരട്ടത്തായമ്പാകമേളം കൊട്ടുന്ന ബോഡിപാർട്സുമുള്ള ആ ടിവിഎസ് 50യിൽ മഹേഷ് വരുന്ന വരവൊന്നു കാണണം - മേളഭൂഷാതികളൊടെ ടിപ്പുസുൽത്താൻ എഴുന്നള്ളുന്നത് പോലുള്ള ഒരു പ്രതീതിയായിരുന്നു.

2002ഇൽ എടച്ചേരി ഏറാമല ഭാഗത്ത് ഒരു വീട്ടിനു നേരെ ബോംബേറ് നടന്നതത്രെ - ഏതോ രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായിരുന്നെന്ന് ഒരു കൂട്ടർ. ഉണ്ടാക്കിവെച്ച ബോംബ് എക്സ്പയറി ഡേറ്റ് കഴിഞ്ഞപ്പോ പൊട്ടുമോ എന്നറിയാൻ പൊട്ടിച്ചതാണെന്നു മറ്റൊരു കൂട്ടർ. രാത്രി ഇരുട്ടിന്റെ മറവിലയിരുന്നത് കൊണ്ട് പ്രതികളെ ആരും കണ്ടതുമില്ല അതിനാൽ പൊലീസിന് അവരെ പിടിക്കാനുമായില്ല. സംഭവം ഗുരുതരമായതിനാൽ പോലീസ് സമീപപ്രദേശങ്ങളിൽ രാവും പകലും റോന്തുചുറ്റൽ ആരംഭിച്ചു. മേമുണ്ട, ലോകനാർകാവ്, കുറുമ്പയിൽ, മാക്കൂൽപീടിക,  പുതിയാപ്പ് ഏരിയയിൽ നൈറ്റ്‌ഡ്യുട്ടി കിട്ടിയ എസ് ഐ മുകുന്ദേട്ടൻ  പുലർച്ചെ നാലരയ്ക്ക് ചല്ലിവയൽ ബസ്‌ സ്റ്റോപിൽനിന്നും സ്വല്പം മാറി ജീപ്പ് പാർക്ക്‌ ചെയ്ത് തന്നോടൊപ്പം ഡ്യുട്ടി കിട്ടിയ കോൻസ്റ്റബിൾ വസ്വേട്ടനോടും സുനിയോടും മോന്റെ ചോറൂണിനു ഗുരുവായൂര് പോയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറ്റാക്കൂരിരുട്ട്. പവർകട്ടായതിനാൽ സ്ട്രീറ്റ് ലൈറ്റും ഇല്ലഹ. എങ്ങുനിന്നോ കുറുക്കന്മാർ ഓളിയിടുന്ന ശബ്ദത്തിനു പുറമേ ഒരു വണ്ട്‌ പറക്കുന്നതു പോലൊരു ശബ്ദം - പയ്യെപ്പയ്യെ ആ ശബ്ദം അടുത്തു വന്നുകൊണ്ടേയിരുന്നു, ആ മൂളൽ ഒരു ഇരമ്പലായി മാറി, ഇരമ്പലിന് കോറസ്സായി ഒരു ബാൻഡ് മേളവും. പക്ഷെ എത്ര നോക്കിയിട്ടും ഒരു  വാഹനം വരുന്നതിന്റെ തെളിവായി വെളിച്ചമോന്നും കാണാനില്ല. മുകുന്ദേട്ടൻ പിന്നെ ഒന്നും നോക്കിയില്ല വാസ്വേട്ടനും സുനിയും അടുത്തുണ്ടെന്ന ധൈര്യത്തോടെ ജീപ്പ് സ്റ്റാർട്ട്‌ ചെയ്ത് ഹെഡ്ലൈറ്റിട്ടു . നോക്കുമ്പോൾ അതാ തൊട്ടു മുന്നിൽ പാതി പള്ളിയുറക്കപ്പിച്ചിൽ കോട്ടുവായിട്ടു പടപ്പുറപ്പാടിനായ് മങ്കിക്യാപ്പുമിട്ട് എഴുന്നള്ളുന്നൂ നമ്മുടെ ടിപ്പു സുൽത്താൻ.

വാസ്വേട്ടനും സുനിയും കൂടി ഒരിരയെ കിട്ടിയ സന്തോഷത്തിൽ ടിപ്പുവിനെയും കുതിരയേയും നിറുത്തിച്ചു.

"എന്താഡാ, ലൈറ്റിടാതെ  ഇരുട്ടത്ത് എങ്ങോട്ടാ? ഹെഡ്ലൈറ്റ് കത്തുന്നില്ലെങ്കിൽ വീട്ടിൽ ഊരിവെച്ചിട്ടു വന്നൂടായിരുന്നൊ?"

"സാർ ലൈറ്റ് കത്തും, പക്ഷേ സ്വിച്ച് വർക്ക് ചെയ്യുന്നില്ല"

"മുട്ടേന്നു വിരിയുന്നതിനു മുമ്പ് പോലീസുകാരോട് തർകുത്തരം പറയുന്നോടാ? ഇങ്ങോട്ടെറങ്ങടാ … നിന്ന നില്പിൽ നിന്നെ മുള്ളിക്കാൻ അറിയഞ്ഞിട്ടല്ല "

"അല്ല സർ, ഇന്നന്നെ നന്നാക്കാം"

"എങ്ങോട്ടാ, ഇത്ര രാവിലെ? "

"സാർ, പേപർ …."

 "...….?"

"..... "

ചോദ്യോത്തര വേള ഒരു പത്തു പതിനഞ്ചു മിനുറ്റു നീണ്ടു നിന്നു. വെറും കൈയ്യോടെ സ്റ്റേഷനിലേക്കു കയറിച്ചെല്ലുന്നത് മോശമല്ലേ എന്ന് കരുതി വാസ്വേട്ടൻ വണ്ടിക്കു ചുറ്റും നടന്ന് ഓരോ കമ്പ്ലൈന്റ് കണ്ടുപിടിക്കാൻ തുടങ്ങി.  സുനി റെസീറ്റ് ബുക്കെടുത്ത്‌ വാസ്വേട്ടൻ കണ്ടുപിടിക്കുന്ന ഒരോ കമ്പ്ലയിന്റിനും ഫൈൻ എഴുതാൻ തുടങ്ങി, ലൈസൻസ് ഇല്ല, ആർ സി ബുക്കും കരമടച്ച രസീതും ഇല്ല, ഹെഡ്ലൈറ്റ് ഇല്ല, ഇന്റികേറ്റർ നാലും ഇല്ല, ക്രാഷ് ഗാർഡ് ഇല്ല, മുൻപിലത്തെ മഡ്ഗാർഡും മിസ്സിംഗ്‌, വലത്തേ കണ്ണാടിയിൽ ചില്ലില്ല, ബ്രേക്കില്ല, ഹോർണില്ല, സൈഡ് സ്റ്റാന്റില്ല, ടയറിനു ഗ്രിപ്പില്ല, പെട്രോൾ ടാങ്കിനടപ്പില്ല - എല്ലാം കൂടെ എഴുതിവന്നപ്പോ ഒരു മൂവായിരത്തിയഞ്ഞൂറ് ക.

മഹേഷ് ഒന്നും മിണ്ടാതെ മെല്ലെ വണ്ടിയിൽനിന്നറങ്ങി, പോലീസ് ജീപിനരികിലേക്ക് ചെന്ന് തന്റെ ശകടം ജീപ്പിൽ ചാരി വെച്ചു. എന്നിട്ടൊരു ദീർഘനിശ്വാസം വിട്ട് മുൻസീറ്റിലിരിക്കുന്ന  മുകുന്ദേട്ടനോട്, "സാറെ, ഇത്ര  പൈശയൊന്നും ഞമ്മളേലില്ല. ഈ ബണ്ടി ഇങ്ങളെടുത്തോളീ …" എന്നും പറഞ്ഞു മുണ്ടും മടക്കിക്കുത്തി നേരെ പടിഞ്ഞാറോട്ടൊരു നടത്തം.

വെടികൊണ്ട പന്നിയെപ്പോലെ മുകുന്ദൻ എസ്‌ഐ നിന്ന നില്പിലോന്നു ഉറഞ്ഞുതുള്ളിയെങ്കിലും ക്ഷണനേരം കൊണ്ട് സംയമനം പാലിച്ച് മഹേഷിനെ തിരിച്ചുവിളിച്ച് കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു , "മോനെ, ഇപ്പ്രാവശ്യം ഞങ്ങൾ നിന്നെ വെറുതേ വിട്ടിരിക്കുന്നൂ. ഇത് നന്നാക്കാതെ റോഡിലേക്കെങ്ങാനും ഇറക്കിയെന്നു ഞങ്ങളറിഞ്ഞാൽ പിന്നെ നിനക്കെതിരെ കേസെടുക്കും. ഒരുമാസത്തിനുള്ളിൽ ലൈസെന്സ് എടുത്തോളണം, ഇല്ലെങ്കിൽ അതിനും കേസേടുകും." പ്രതികളെ കിടുകിടാ വിറപ്പിച്ചിരുന്ന മുകുന്ദേട്ടൻ ഒരു കുഞ്ഞാടിനെപ്പോലെ മഹേഷിനെ  ഇപ്രകാരം താക്കീതു ചെയ്തു വിട്ടതിനു പിന്നിൽ കുഞ്ഞീഷ്ണേട്ടൻ തന്റെ പരിചയക്കാരനായിരുന്നു എന്നതു കൊണ്ടും മഹേഷ് പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർഥി ആയതുകൊണ്ടും മാത്രമായിരുന്നു. അല്ലാതെ പുലർച്ചയ്ക്കു കിട്ടിയ ഈ ജാംബവാൻ വണ്ടി തനിക്കും ഡിപ്പാർട്ട്മെന്റിനും കുരിശാകുമല്ലോ എന്നോർത്തിട്ടല്ല!

Thursday, May 1, 2014

പ്രതിജ്ഞ

കുറച്ചുകാലമായി ഒന്ന് ബ്ലോഗണം എന്ന് വിചാരിക്കുന്നു. പക്ഷെ എന്തൂട്ടെടുത്തു ബ്ലോഗാനാ ? ഈയിടെയായി വിഷയദാരിദ്ര്യം വല്ലാതെ അലട്ടുന്നു - ഇല്ലത്തെന്നും കഷ്ട്ടപ്പാടും ബുദ്ധിമുട്ടും മാത്രം.

അങ്ങനെയിരിക്കെയൊരു ദിവസം  ഗർഭിണിയായ നമ്മുടെ അന്തർജനത്തിനു ഇന്ത്യൻ റെസ്റ്റൊറെന്റിൽ പോകാൻ ഒരു ത്വര. ആഗ്രഹസാക്ഷാത്കാരത്തിനു മുൻകൈയ്യെടുത്ത്‌ ഞാൻ നിന്ന നിൽപ്പിൽ ടീഷർട്ടും ജീൻസും ജാക്കറ്റും വലിച്ചു കേറ്റി, അന്തർജനത്തേയും കൊണ്ട് നമ്മുടെ സ്വന്തം സാന്റഫേ ശകടത്തിൽ ഡൌണ്‍ടൌണ്‍ ലക്ഷ്യമാക്കി വിട്ടു. മഞ്ഞുകാലം കഴിഞ്ഞു  എന്നാൽ വസന്തകാലം തുടങ്ങിയതുമില്ല എന്നൊരവസ്ഥയായിരുന്നു അന്നത്തെ കാലാവസ്ഥ. -40°C വരെയെത്തി നിൽക്കുന്ന തണുപ്പും ഏഴു മാസത്തോളം ദൈർഖ്യവുമുള്ള ഈ  വൃത്തികെട്ട മഞ്ഞുകാലം  എങ്ങനെയെങ്കിലും തള്ളിനീക്കി ഇവിടെയുള്ളവർ ഒന്നു  പുറത്തിറങ്ങാൻ തുടങ്ങുന്ന സമയം.

എന്തായാലും ലഞ്ചിനു പോകുന്നു. അതും ബഫ്ഫേ  എന്നാപ്പിന്നെ ഏതെങ്കിലും ഫ്രെണ്ട്സിനെ കൂടെ വിളിച്ചാലോ എന്നു  കരുതിയാണ് പോകും വഴി രാജുമോനേയും മഞ്ചുവിനേയും ഫോണ്‍  ചെയ്തത്.  ഞങ്ങളവിടെ എത്തുമ്പോഴേക്കും വരാമെന്നു സന്തോഷത്തോടെ തിരിച്ചും പറഞ്ഞു.

ഹൊവ്വെവർ, ഫോണിലൂടെയുണ്ടായിരുന്ന സന്തോഷം നേരിൽക്കണ്ടപ്പോഴില്ല. കടന്നലുകുത്തിയത്രയ്ക്കില്ലെങ്കിലും ചെറുതായി മുഖം വീർപ്പിച്ചു നിൽക്ക്ണൂ രണ്ടു പേരും.

"എന്താ മഞ്ചൂ  ഇങ്ങനെ വിജ്രംഭിച്ചു നില്കുന്നത്?"

"ഞങ്ങൾ കുറച്ചുകാലത്തേക്ക്  അരിഭക്ഷണം കഴിക്കുന്നില്ല എന്നൊരു പ്രതിജ്ഞ എടുത്തിട്ടുണ്ടായിരുന്നു. ഇവിടെ ഇപ്പൊ  റൈസ് ഐറ്റംസ് മാത്രമല്ലേ ഉള്ളൂ?"

ശരിയാണെന്ന ഭാവത്തിൽ രാജുമോനും തലയാട്ടി.

"എന്താ ഭായീ ഇത്? വെച്ചലക്കൂന്നെ, വല്ലപ്പോഴുമല്ലേ ?"

സത്യപ്രതിജ്ഞ, ഭീഷ്മപ്രതിജ്ഞ, ധീരപ്രതിജ്ഞ എന്നിങ്ങനെ പലതരം പ്രതിജ്ഞകളുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി പുതുവത്സരപ്രതിജ്ഞയാണു ട്രെൻഡിൽ മുഖ്യൻ. ന്യുയിയർ കഴിഞ്ഞിട്ട് മൂന്നാലു മാസമായല്ലോ. ഇതിപ്പോ അതൊന്നുമായിരിക്കില്ല .

നല്ല പാല്പായസത്തിന്റെ നിറവും, പാലുംവെള്ളം പോലത്തെ മനസ്സും ആറടി പൊക്കമുള്ള പൂവൻവാഴത്തൈ പോലെ  ഉത്തമ   ശരീരത്തിനുടമയുമാണ്‌ നമ്മടെ രാജുമോൻ. പക്ഷെ ടിയാനെ ഈയിടെ പിടികൂടിയ കോഴിപ്പനി സ്വല്പമൊന്നു ക്ഷീണിപ്പിച്ചു കളഞ്ഞു. പാല്പായസത്തിൽ അങ്ങിങ്ങായി  ഒണക്കമുന്തിരിയിട്ടതുപോലെയായി ചിക്കൻപോക്സ് വന്നുപോയ ചരമ്മം . വാഴത്തൈ പോലത്തെ ശരീരം ഫാക്ടംഫോസിടാത്ത കമുകിൻതൈ പോലെയായി. അങ്ങനെ മൊത്തത്തിൽ ഒന്നു പുഷ്ടിപ്പെടുത്താനും പഴയ പ്രതാപം വീണ്ടെടുക്കാനും വേണ്ടി  പയറും മുതിരയുമിട്ടു പുഴുങ്ങിയ ഉലുവാക്കഞ്ഞി സ്ഥിരമായി  കഴിക്കണോ അതോ മനീഷ് മാത്യുവിന്റെ കൂടെ കൂടി ഡെയ്ലി ബിയറടിക്കണൊ അതോ  ടോണീടെ കടേന്നു ച്യവനപ്രാശം വാങ്ങിക്കഴിച്ചാൽ മതിയോ എന്നീ ചോയ്സുകളില്‍ ഒരു തീരുമാനമാവതെ നില്ക്കുന്ന  സമയം.

അതിനിടയിലാണ് പുതിയൊരു ഉൾഭയം. സുന്ദരിയും സുശീലയും കലാമണ്ഡലം നർത്തകിയും (ഈ സിറ്റിയിൽ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചുപ്പുടിയും കഥകളിയും കഥകും അത്യാവശ്യത്തിനു ഡപ്പാൻകുത്തും അറിയാവുന്ന ഏക മഹതി. പണ്ട് ഞാൻ ബംഗലൂരു ഇൻഫോസിസിൽ ഐറ്റി കൂലിപ്പണിക്കാരനായിരുന്ന കാലത്ത് ഒരു ഓണാഘോഷത്തിനു നിറപ്പകിട്ടേകാൻ ലങ്ങ്‌ ഡൽഹിയിൽ നിന്നും കഥകളിയാശനെ കൊണ്ടുവന്നു കഥകളി കളിച്ച കഥയില്ലാത്ത ഒരു വിദ്വിനിയാണു മേല്പ്പറഞ്ഞ മിസ്സിസ് മഞ്ചു രാജുമോണ്‍) എനിവേയ്സ്, ബാക്ക് റ്റു  ദി  പോയിൻറ്  - സുന്ദരിയും സുശീലയും കലാമണ്ഡലം നർത്തകിയും, പ്യുവർ വെജിറ്റേരിയനുമായ തന്റെ പ്രിയ പത്നി മഞ്ചു   പക്ഷേ രാത്രി  കഴിക്കുന്നത്‌ പാടത്ത് കൂലിപ്പണിക്കു പോയി പകലന്തിയോളം പണിയെടുത്തു  ക്ഷീണിച്ചവശയായ ലക്ഷംവീട്  രായമ്മ വെച്ചലക്കുംപോലെ രണ്ടിടങ്ങഴി ചോറും ഒന്നരഗ്ലാസ്സ് തൈരും പരിപ്പും നെയ്യും അച്ചാറുമടങ്ങുന്ന ഫൈവ് കോഴ്സ് ഡിന്നറാണെന്നുള്ള വസ്തുത ഏതൊരു ഭർത്താവിനേയുംപ്പോലെ രാജുമോനും  ഭയജനകമാക്കിയിരുന്നു. ലങ്ങനെയാണു സ്വന്തം ശരീരം പുഷ്ട്ടിപ്പെടുത്താനും, മൊത്തത്തിൽ ഒരു ലൈഫ് സ്റ്റൈൽ ചേഞ്ചിനും വേണ്ടി ജിമ്മിൽ പോകാൻ തിരുമാനിച്ചത്. എന്നിട്ടും തൃപ്തി പോരാഞ്ഞ്  ഭാര്യയെകൊണ്ട് അരിഭക്ഷണം നിറുത്താൻ  പ്രതിജ്ഞയെടുപ്പിച്ചു. ഒരു സപ്പോർട്ടിന് വേണ്ടി താനും  അരിഭക്ഷണം നിറുത്തിയതായി പ്രഖ്യാപിച്ചത്രേ!

കുശലാന്വേഷണങ്ങൾക്കൊടുവിൽ ഞങ്ങൾ മെല്ലെ ബഫ്ഫേ ലക്ഷ്യമായി നീങ്ങി. മനസ്സുമുഴുവൻ പുലാവും ആട്ടിൻകറിയുമായിരുന്നു. "ഡാ കറി ഹൗസിന്റെ" വരാന്തയിലൂടെ ഞാൻ  ആട്ടിൻകറിയുമായി ടേബിളിനടുത്തേക്കു നടന്നു. പിന്നെയങ്ങോട്ട് ഭക്ഷണവുമായി ഒരു മല്പിടിത്തമായിരുന്നു. ഇടയ്ക്ക് ഞാൻ തൊട്ടടുത്തിരിക്കുന്ന രാജുമോനെ  ഒന്നു നോക്കി - പുള്ളി  ഭക്ഷണത്തിൽ മുഴുകിയിരിക്കുന്നു.

പുലാവും, നാനും, ആട്ടിൻകറിയും, ബട്ടർ ചിക്കനും, പനീർ മട്ടറും, ദാൽ മഖിനിയും ഫിഷ്‌ പഗോരയും അതിനു മുകളിൽ സലാടും മതിയാവോളം കുത്തിക്കേറ്റി   കൈകഴുകി വന്ന്  ബാക്കിയുണ്ടായിരുന്ന സ്പേസ് നിറയ്ക്കാൻ പായസവും ഗുലാബ്ജാമുനും കഴിച്ച് ബില്ലിനു വേണ്ടി വെയിറ്റ് ചെയ്യുന്നതിനിടെ ഞാൻ രാജുമോനോട്  ചോദിച്ചു

"അരിഭക്ഷണം നിറുത്തിയിട്ടു കുറേ നാളായോ? എന്നാ അരിഭക്ഷണം നിറുത്തിയത്"?

ഒരു വളിച്ച പുഞ്ചിയോടെ രാജുമോൻ,  " ഇന്നു രാവിലെയാ നിറുത്തിയത്! "

Friday, July 12, 2013

രോമാഞ്ചിന്റെ വാച്ച്

കാറ്റഗറി : ഡിജിറ്റൽ വാച്ച്
മോഡൽ : കാസിയോ എസ് ഡബ്ലിയു 110
മോഡ്യൂൾ :512
ജല പ്രധിരോധന ശേഷി : 50 മീറ്റർ
നിറം :കറുപ്പ്
സവിശേഷതകൾ : ഡേറ്റ് ഡിസ്പ്ലേ , മൾട്ടി ടൈം സോണ്‍ , ടൈം സോണ്‍ ഡിസ്പ്ലേ, അലാറം, ക്രോണോഗ്രാഫ് , ലൈറ്റ്, ഡേ ലൈറ്റ്, ഡുവൽ ടൈം ഡിസ്പ്ലേ, കാൽകുലേറ്റർ, ഹവെർലി ടൈം സിഗ്നൽ, കലണ്ടർ, 30 ഡാറ്റ ബാങ്ക്, സ്റ്റോപ്പ്‌ വാച്ച്, റ്റൈമർ, ബ്രിക്ക് ഗേം ഇത്യാദി

മേൽപറഞ്ഞ വച്ചുകളിലോന്നിന്റെ ഉടമസ്ഥനായിരുന്നു എന്റെ സീനിയറും ഹോസ്റ്റൽമേറ്റുമായ ശ്രീമാൻ രോമാഞ്ച്. തൊണ്ണൂറ്റിയേഴ് തൊണ്ണൂറ്റിയെട്ട്  കാലഘട്ടങ്ങളിൽ ഇത്തരം ഒരു വാച്ചിനുടമസ്ഥനായ   ഒരു ഒമ്പതാം ക്ലാസ്സ്‌ വിദ്യാർഥിയുടെ സ്കൂളിലുള്ള സോഷ്യൽ സ്റ്റാറ്റസിന്റെ വലിപ്പം പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ? വിദ്യാപ്രകാശ് പബ്ലിക്ക് സ്കൂളിലെ ആണായ് പിറന്ന മങ്കന്മാരെല്ലവരുടേയും മനസ്സ് ഇത്തരത്തിലൊരു വാച്ച് സ്വന്തമാക്കാൻ തുടിച്ചു.   മുകളിൽ നിന്നും ഇഷ്ടിക വീഴുമ്പോൾ അത് അടുക്കി വെക്കുന്ന ഒരു ഗെയിമുണ്ടായിരുന്നു ഈ വാച്ചിൽ. ഇന്റെർവൽ ബെല്ലടിച്ചാൽ രോമാഞ്ച് ഇഷ്ടിക അടുക്കിവെക്കൽ കളി തുടങ്ങേണ്ട താമസം പാമ്പിനെ തച്ചു കൊല്ലാനെന്നോണം ഒരു പറ്റം പിള്ളേർ തടിച്ചുകൂടും, കളി കാണാൻ - നടുവിൽ രോമാഞ്ചകഞ്ചുകനായി രോമാഞ്ചും.

ഹൗവ്വെവെർ, ദിവസങ്ങളും മാസങ്ങളും കടന്നുപോകവെ രോമാഞ്ചിന് തന്റെ വാച്ചിനോടുള്ള കമ്പം കുറയുകയും ക്ലാസ്സിലിരിക്കുന്ന സമയവും ഞായറാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിൽ പിള്ളേർക്കുറങ്ങാൻ അനുവദിച്ച ഒന്നര മണിക്കൂർ സമയവുമൊഴിച്ചാൽ വാച്ച് കണ്ടവന്റെ കയ്യിലിരുന്നു ആർക്കോവേണ്ടി ഇഷ്ടിക ഇട്ടുകൊണ്ടിരിക്കും. പോരാത്തതിന് ഈ വാച്ച് അക്ഷയപാത്രം പോലെ അടുക്കിവെക്കുന്തോറും ഇഷ്ടിക നിറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഇഷ്ടികപ്പാത്രവും. കാലം ചെല്ലുന്തോറും ഹോസ്റ്റലിൽ ചിലർ വളരെ എക്സ്പീരിയൻസ്ഡ് ആയ ഇഷ്ടിക അടുക്കിവെപ്പുകാരായി മാറുകയും തങ്ങളുടെ കഴിവും പ്രാഗത്ഭ്യവും തെളിയിക്കുന്നതിന്റെ ഭാഗമായി രോമാഞ്ചിന്റെയും വാച്ചിന്റേയും ഡിമാന്റ്  ദിനംപ്രതി വർധിച്ചുകൊണ്ടേയിരുന്നു.

ദുഫായിൽ നിന്ന് ദിർഹം എണ്ണിക്കൊടുത്താണു വാങ്ങിയതെങ്കിലും ഈ വാച്ചിന്റെ ഉത്ഭവസ്ഥാനം ഏതോ ഒരു ചൈനീസ് ഷെയ്ഖിന്റെ  ഗരാജിലാണെന്നുള്ള സത്യം വളരെ വൈകാതെ ഞങ്ങൾക്കെല്ലാവർക്കും പിടികിട്ടി      -  ഉച്ചകഴിഞ്ഞ് ബിന്ദു മിസ്സിൻറെ കണക്കുക്ലാസ്സിൽ ഏയും ബീയും എക്സും വൈയ്യും ബോർഡിൽ സ്കൊയറും ക്യൂബും കൊണ്ട് സർക്കുസ്സുകളിച്ചുകൊണ്ടിരിക്കുകയും അതിൽ ചില കുട്ടിപിശാച്ചുക്കൾ തന്നെ ഉറക്കത്തിലേക്ക് തള്ളിയിടാൻ ശ്രമിക്കുമ്പോൾ അതിലൊന്നും ശ്രദ്ധകൊടുക്കാതെ വൈകിട്ട് ക്യന്റീനിൽ ശ്യാമളച്ചേച്ചി ഉണ്ടാക്കിവെക്കുന്ന പഴംപൊരിയും ആലോചിച്ചുവെള്ളമിറക്കി, സപ്പർടൈം കഴിഞ്ഞാൽ ഉറങ്ങുന്നതിനുമുൻപ് എന്തൊക്കെ ഊടായിപ്പുകൾ ഒപ്പിക്കാം എന്നൊക്കെ പ്ലാൻചെയ്തു ക്ലാസ്സിന്റെ മറുവശത്തിരിക്കുന്ന പെണ്‍പിള്ളേരുടെ മുഖത്ത് കളിയാടുന്ന ഭാവഭേദങ്ങളൊക്കെ ഞൊടിയിടയിൽ ഒന്ന് തിരിഞ്ഞുനോക്കി ഒപ്പിയെടുത്ത് ഒരു ചെറിയ മാനസംത്രിപ്തി കൈവരിച്ച് ബിന്ദു മിസ്സ്‌ തന്നെ ശ്രദ്ധിക്കുന്നിലെന്നു ഉറപ്പു വരുത്തിയ ശേഷം ജോസിൻ ജോസെഫ്‌  തൊട്ടടുത്തിരിക്കുന്ന നമ്മുടെ രോമാഞ്ചിന്റെ ചുമലിൽ തട്ടിയിട്ട്‌ ഒരു സിംപിൾ ചോദ്യം അങ്ങട് കാച്ചി " സമയമെത്രയായെടാ?"

ബെഞ്ചിലിരുന്ന രോമാഞ്ചിന്റെ നെഞ്ചു പഞ്ചറായി. അഞ്ചു വരയല്ലാതെ വാച്ചിൽ വേറൊന്നും കാണാനില്ല. തിരിച്ചും മറിച്ചുമൊക്കെ നോക്കി - നോ രക്ഷ, വാച്ചിനോരനക്കവുമില്ല.  അതിനിടയിൽ  ബിന്ദു മിസ്സിന്റെ "രോമാഞ്ച്, പേ അറ്റെൻഷെൻ" കൂടി കേട്ടപ്പോൾ ഉള്ളിൽ നിന്നും ഉയർത്തെഴുന്നേറ്റ ഫീലിങ്ങ്സ് തിരിച്ച് ഉള്ളിലേക്കുതന്നെ വിഴുങ്ങി ശ്വാസമടക്കിപ്പിടിച്ച്‌ റ്റെൻഷനോടെ ബാക്കി ഇരുപതു മിനിറ്റ് എങ്ങനെയൊക്കെയോ തള്ളി നീക്കി. ബെല്ലടിച്ചു ക്ലാസ്സീന്നു പുറത്തിറങ്ങി രണ്ടുമിനിറ്റായില്ല - രോമാഞ്ചിനു ചുറ്റും വിണ്ടും ജനപ്രവാഹം - ഓരോരുത്തരായി വാച്ച് കുലുക്കുന്നു, മറിക്കുന്നു, റീസെറ്റ് ചെയ്യുന്നു, ബാറ്റെറി ഊരുന്നു തിരിച്ചുടുന്നു എന്ന് വേണ്ട തങ്ങളാൽ കഴിയുന്ന എല്ലാവിധ റ്റെക്നിക്കൽ സപ്പോർട്ടും രോമാഞ്ചിന്റെ വാച്ചിനു സമർപ്പിക്കുകയായിരുന്നു ഒമ്പതാം ക്ലാസ്സു മുതൽ പ്ലസ് ടൂ വരെയുള്ള കുട്ടപ്പന്മാർ.

പക്ഷേ സത്യത്തിന്റെ മുഖം അന്നും ഇന്നും എന്നും വികൃതമാണെല്ലോ - വാച്ച് ഈസ്‌ ഡെഡ്. ഡെഡ് എന്ന് പറയുമ്പോൾ അങ്ങനെ പൂർണമായും ശ്വാസം നിലച്ചിട്ടൊന്നുമില്ല. ഒരു ചെറിയ മൃത്വിന്ജയ റിപ്പയർ ഹോമം നടത്തിയാൽ ആള്  കാലിയാവാതെ കൈച്ചിലാവം. ബട്ട്,  ആരെക്കൊണ്ട്‌ ചെയ്യിക്കും? വടകര കൃഷ്ണാ വാച്ചസ്സിൽ കൊടുക്കാമെന്നു വെച്ചാൽ കൈയ്യിൽ കാശില്ല. ആരെങ്കിലുമൊക്കെ സ്പോണ്‍സർ ചെയ്യുമെന്നു വിചാരിച്ചിരിക്കുമ്പോൾ ഇഷ്ടിക അടുക്കിവെപ്പുകാരായ ക്ണാപ്പന്മാർ കൈ മലർത്തി. ഇനിയിപ്പോ പുതിയതൊന്നു കിട്ടണമെങ്കിൽ ദുഫായീന്നു ഫാതർ വരണം. മുന്നിൽ വഴികളൊന്നും തെളിയുന്നുമില്ല. ക്യാന്റീനിലും ലൈബ്രറിയിലും ഗ്രൌണ്ടിലും വാഷ്രൂമിലും പ്രധാന ചർച്ചാവിഷയം പതിവുപോലെ ഇതൊക്കെത്തന്നെയായിരുന്നു. അതിനിടയിലാണ് ഒരു പുതിയ പ്രസ്താവനയുമായി ജോസിൻ രംഗത്തിറങ്ങിയത് - ഇഷ്ടിക ഗയിമിൽ തന്റെ സ്കോർ ഒരുലക്ഷത്തിമുപ്പത്തേഴായിരത്തിയഞ്ഞുറ്റിപ്പന്ത്രണ്ടാണെന്നും തന്റെ ഈ റെക്കോർഡ് ഭേദിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും ഇനി കഴിയുകയുമില്ലെന്നും അഥവാ കഴിഞ്ഞാൽ തന്നെ തന്റെ റെക്കോർഡ് പൊട്ടിക്കുന്നവന് വടകര ബ്ലൂ ഡയമണ്ടിൽ നിന്നും  ഒരു കോയിബിരിയാണി ഓഫ്ഫർ ചെയ്യുമെന്നും പരസ്യമായി വെല്ലുവിളിച്ചു.

വാട്ടെവർ ബീ ഇറ്റ്‌ , ഈ കഥയിൽ നകുലന് (രോമാഞ്ച് ) ഓജസ്സും തേജസ്സുമുള്ള ഗംഗ(വാച്ച്)യെ തിരിച്ചേൽപ്പിക്കാൻ ലങ്ങ്‌  ലമേരിക്കയിൽ നിന്നും വന്ന ആ മനശ്ശാസ്ത്രജ്ഞൻ സണ്ണിക്കുട്ടൻ  ലാരാണെന്നറിയാമോ ? ലവനാണ് ചന്ദ്രൻ  - വയനടാൻ കാടുകളുടെ പൊന്നോമന പുത്രൻ, നെടുംബിലാശ്ശേരി ചന്ദ്രൻ!

വണ്‍ ഫൈൻ സണ്ടേ ആഫ്റ്റർനൂണ്‍, ഉച്ചയൂണൊക്കെ കഴിഞ്ഞ്  എല്ലാവരും ഒരു ചെറിയ മയക്കത്തിന് മെല്ലെ ഡോർമെട്രിയിലേക്കു വലിഞ്ഞു. രാവിലെ കളിച്ച പോലീസും കള്ളന്റെയും ക്ഷീണവും, ഉച്ചച്ചൂടിന്റെ ഉഷ്മളതയിൽ ധ്രുതതാളത്തിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദവും, തുറന്നിട്ട ജനവാതിലുകലിൽകൂടി അംബിളിക്കുന്നിനെ തഴുകി ഒഴുകിയെത്തുന്ന പടിഞ്ഞാറൻ കാറ്റും, മനോജ് സാറിന്റെ മേൽനോട്ടത്തിൽ നിശബ്ദദപൂണ്ട അന്തരീക്ഷവുമെല്ലാം  ആസ്ബെറ്റോസ് ഷീറ്റി നടിയിൽ കിടക്കുന്ന നൂറോളം കുരുത്തംകെട്ട പിള്ളേരെ നിദ്രയിലാഴ്ത്തി. പോലീസും കള്ളനും കളിക്കുന്നേരത്തു ജെനറേറ്റർ റൂമിലെ നട്ടും ബോൾട്ടും എണ്ണാൻ  പോയതുകൊണ്ട്  ചന്ദ്രേട്ടന് മാത്രം  ക്ഷീണമുണ്ടായിരുന്നില്ല. സോ, ചന്ദ്രേട്ടനുറങ്ങിയതുമില്ല.  രോമാഞ്ചാണെങ്കിൽ ആസ് യൂ ഷ്വൽ, അണ്ടി പോയ അണ്ണാനെപ്പോലെ വാച്ചും നോക്കിയിരിപ്പായിരുന്നു .

"എടാ രോമാഞ്ചേ…"

"എന്താ ചന്ദ്രാ …."

"ഞമ്മളെ താമരശ്ശേരി ചൊരയില്ലേ? അതും കയറി ബത്തേരിയെത്തുമ്പോ ആടെയൊരു വാച്ചുകടയിണ്ട്. ഞങ്ങളെ നാട്ടിലെ ഒരു കുമാരൻ നടത്തുന്ന ഒരുഗ്രൻ പീടിക. ബയനാട്ടിലെ എല്ലാരും ബാച്ച് നന്നാക്കാൻ ആടെയാ പോലും കൊടുക്ക്വ .... ഞാൻ കയിഞ്ഞ ബെക്കേഷന് മുപ്പരുടെ അടുത്ത് ഒരു രണ്ടുമാസക്കാലം ഉണ്ടായിനു …. ഈ റിപ്പെയറു പണിയൊക്കെ പടിക്കാൻ... വേണേങ്കിൽ ഇന്റെ ബാച്ച് ഞാൻ റിപ്പെയറു ചെയ്തു നോക്കാം"

ഒരു നിമിഷം ചിന്തയിലാണ്ടു രോമാഞ്ച്.  ചന്ദ്രൻ പറഞ്ഞതിലും കാര്യമില്ലാതില്ല. എല്ലാദിവസവും കാലത്ത് അഞ്ചരയ്ക്ക്  ജനറേറ്റർ ഓണ്‍ ചെയ്യുന്നത്  ചന്ദ്രൻ. എല്ലാദിവസവും രാത്രി പതിനൊന്നു മണിക്കു  ജനറേറ്റർ ഓഫ്  ചെയ്യുന്നതും  ചന്ദ്രൻ. ഹോസ്റ്റലിലും സ്‌കൂളിലും അടിച്ചുപോയ ബൾബുകൾ മാറ്റുന്നതും ചന്ദ്രൻ, ഫ്യുസായ ട്യൂബ്ലൈറ്റ് മാറ്റുന്നതും ചന്ദ്രൻ, ഫാൻ കേടായാൽ ആദ്യം വിളിക്കുന്നതും ചന്ദ്രനെത്തന്നെ. നൂറുനൂറ്റിപ്പത്തു ചെക്കന്മാരുള്ള ഹോസ്റ്റലിൽ എന്തുകൊണ്ട്   പ്രിൻസിപ്പലും രവീന്ദ്രൻ സാറും ഈ അവകാശം ചന്ദ്രനു  മാത്രം തീറെഴുതിക്കൊടുത്തൂ? മേയ് ബീ ചന്ദ്രന് വാച്ചു റിപ്പെയറുചെയ്യാൻ പറ്റുമായിരിക്കും. മാത്രമല്ല! ചന്ദ്രൻ ബടായിയടിക്കാറില്ല. സൊ, വാച്ചുകടയുടെ കഥയും സത്യമായിരിക്കാം.

"എന്നാലും, അത് ശെരിയകുമോ?"

"ഒരു ഗ്യരണ്ടിയുമില്ല, ചെയ്തു നോക്കാം. ഇനിക്ക്  മാണേങ്കി മതി "

മനസ്സില്ലാമനസ്സോടെ രോമാഞ്ച് തന്റെ വാച്ച് ചന്ദ്രന് കൊടുത്തു. ചന്ദ്രൻ മെല്ലെ കട്ടിലിൽ നിന്നിറങ്ങി മനോജ്‌ സാറിന്റെ ഉറക്കത്തിന്റെ ആഴമളന്നു ഇപ്പോഴൊന്നും എഴുന്നേല്കില്ലെന്നു ഉറപ്പുവരുത്തി തിരികെ കട്ടിലിൽ കയറിയിരുന്നു. സൈഡിലുള്ള ബാഗിൽ നിന്നും  ഒരു ന്യൂസ്പേപ്പർ കട്ടിലിൽ വിരിച്ച്, രോമാഞ്ചിന്റെ വാച്ചെടുത്ത്‌ അതിൽ വെച്ചു. തലയണയുടെ അടിയിൽ ഒളിപ്പിച്ചുവെച്ച ഒരു ചെറിയ പെൻസിൽ ബോക്സ്‌ എടുത്തു തുറന്നു. അതിനകത്തു പല സയിസിലുള്ള തുരുമ്പിച്ച കുറേ സ്ക്രൂഡ്രൈവറുകൾ. പറ്റിയ ഒരെണ്ണം തിരഞ്ഞെടുത്ത് ചന്ദ്രൻ തന്റെ കർത്തവ്യനിർവാഹകണം ആരംഭിച്ചു.

************************************************

സമയം നാലുമണിയോടടുക്കുന്നു. ചായക്കുള്ള സമയമായി. ഇപ്പോചെന്നില്ലെങ്കിൽ ശ്യാമളചേച്ചിയുടെ സ്‌പെഷ്യൽ പഴംപൊരിയും  അഞ്ച്  മണിയാകുമ്പോഴേക്കും കുളിച്ചുറെഡിയായി ലൈബ്രറിയിലെത്തിയില്ലെങ്കിൽ - ദൂരദർശനിലെ സിനിമയും മിസ്സാകും എന്ന നഗ്നസത്യം മനസ്സിലാക്കിയ ചന്ദ്രൻ  നെറ്റിയിലൂടോഴുകിവന്ന വിയർപ്പുതുടച്ച്  ചുറ്റും കൂടിനിന്നവരെ നോക്കിയൊരു നെടുവിർപ്പുമിട്ടു  അതീവ ജാഗ്രതയോടെ  ഊരിവെച്ച  എല്ലാ പാർട്സും  അതിന്റെതായ സ്ഥാനത്തുവെച്ച്, സ്ക്രൂകൾ ഓരോന്നായി തിരിചിടാൻ തുടങ്ങി. ഹവ്വെവർ, വാച്ചിൽനിന്നൂരിയ അഞ്ചാറു സാധനങ്ങൾ(രണ്ടുമൂന്ന് സ്ക്രൂ, ഒന്നുരണ്ട് പ്ലാസ്ടിക് കഷ്ണങ്ങൾ, ചിപ്പുകൾ ഇത്യാദി) ന്യൂസ്പേപ്പറിൽ അങ്ങിങ്ങായി ബാക്കികിടന്നു.

ഒരു വളിഞ്ഞ ചിരിയോടെ രോമാഞ്ചിനെ നോക്കി ചന്ദ്രൻ  - " ഇപ്പാണ്  സംഗതി പിടികിട്ടിയത്. ഇതൊന്നും ആവശ്യമില്ലാത്ത സാധനങ്ങളാണ്.  ഇത്രയും സാധനങ്ങൾ ഈന്റുള്ളിൽ  അനാവിശ്യമായി കാസിയോ കമ്പനി ഫിറ്റ്‌ ചെയ്തതാണ് കൊയപ്പം. ഇതൊന്നുമില്ലെങ്കിൽ വാച്ച്  അടിപൊളിയായിറ്റ് ഓടും" എന്ന് പറഞ്ഞ്  ആ സാധനങ്ങൾ പേപ്പറോടുകൂടി ചുരുട്ടിവലിച്ചൊരൊറ്റയേറ്. വാച്ച് ഓണ്‍ ചെയ്തു നോക്കുക പോലും ചെയ്യാതെ രോമാഞ്ചിന്റെ കയ്യിൽ  വെച്ച് കൊടുത്തിട്ടു ചന്ദ്രൻ  ക്യാന്റീനും ലക്ഷ്യമാക്കി ഒറ്റ നടത്തം.

വിദ്യാപ്രകാശ്‌ പബ്ലിക്‌ സ്കൂളിന്റെ ക്യാമ്പസിൽ ഇന്നും  ആ  വാച്ചിന്റെ ആത്മാവ് അലഞ്ഞുതിരിഞ്ഞു നടക്കുന്നു  - ആത്മശാന്തിക്കായി!


Friday, March 22, 2013

ചീഫ് ഷെഫ്



ഊടായിപ്പിന്റെ "വി" വെച്ചുള്ള പര്യായമാണു വിപിൻ.

ഓർകാട്ടേരി പുന്നോർത്ത് വീട്ടിൽ വേണ്വേട്ടന്റെ പൊന്നിന്റെ മനസുള്ള പുത്രൻ, അഥവാ  തള്ളന്താനത്തെ തള്ളിയിടാൻ കെൽപ്പുള്ള തള്ള് രാജാവ്, അഥവാ ഞാൻ മുമ്പ് പോസ്റ്റിയ "സിനിമാനടൻ"ലെ കഥാനായകൻ, ഇനിയൊരു അഥവാ കൂടി ഫിറ്റ്‌ ചെയ്തു പറഞ്ഞാൽ  ഞങ്ങൾ വിദ്യാപ്രകാശ്‌ പബ്ലിക്ക്‌ സ്കൂള്‍ രണ്ടായിരാമാണ്ട് ബാച്ച് വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായ നമ്മുടെ സ്വന്തം വിപിൻ വേണു.

കൊല്ലവർഷം 1179,   മനസ്സിനെ കോരിത്തരിപ്പിച്ചു കോരിച്ചൊരിയുന്ന മഴയുള്ള ഒരു കർകിടകമാസം, ലതായതു എ.ഡി. 2004 റെയ്നീ സീസണ്‍ -  വിപിനും റിനീഷും ചിത്രദുർഗയിൽ ശ്രീ ശ്രീ ശ്രീ ജഗദ്ഗുരു മല്ലികാര്‍ജുന മുരുകരാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജിയിൽ ഓട്ടോമൊബെയില്‍ എഞ്ചിനിയറിങ്ങിനു  പഠിക്കുന്ന കാലം. ഒന്നാം വർഷം കഴിഞ്ഞാൽ ഹോസ്റ്റലിൽ നില്കുന്നത് ആണായിപ്പിറന്ന മങ്കന്മാർക്ക് ചേർന്നതല്ല എന്ന വസ്തുത നിലനിൽക്കേ, വിപിനും റിനീഷും പിന്നെ വേറെ രണ്ടു പഹയന്മാരും കൂടി പറ്റിയ ഒരു വീട് കണ്ടുപിടിച്ച് അങ്ങോട്ട് താമസമാരംഭിച്ചു.

സംഭവം ശുഭം. ഇവിടം കൊണ്ടവസാനിക്കേണ്ടിയിയിരുന്ന ഹോസ്റ്റലിലെ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും പക്ഷേ വിപിനിന്റെ ജിവിതത്തിൽ തുടങ്ങിയതേയുള്ളൂ. താനൊരു തെറ്റില്ലാത്ത കുക്കാണെന്നും, അത്യാവിശ്യം ചിക്കനും ബീഫും മട്ടനുമൊക്കെ കേരളിയ തനിമയോടുകൂടി ഉണ്ടാക്കാനറിയാമെന്നും  സ്കൂളിൽ നിന്നും  ക്യാമ്പിങ്ങിനു പോകുമ്പോൾ ഫുഡ് ഗ്രൂപ്പിന്റെ ലീഡർ താനാണെന്നും അങ്ങനെ തന്റെ മേൽനോട്ടത്തിൽനിന്നും ഉത്ഭവിക്കുന്ന നെയ്ച്ചോറും കോയിക്കറിയും കഴിക്കാൻ വീണ, മീന, സലീന, ജിസ്ന, ശബാന, പ്രസീത, അനുശ്രീ എന്നിവർ ഉൾപെടുന്ന  ശാലീനസുന്ദരിമാരും ക്ലാസിലെ ആണ്‍പിറന്ന ഗജപോക്കിരികളും ക്യൂ നിൽകാറുണ്ടെന്നും ഒരിക്കൽ അച്ഛനും സുഹൃത്തും ഗൾഫിൽ നിന്നും വന്നപ്പോൾ താൻ നയ്മീൻ പൊള്ളിച്ചതുണ്ടാക്കി അവരെ ഞെട്ടിച്ചു കളഞ്ഞെന്നും പിന്നൊരിക്കൽ ഒരു കല്യാണവീട്ടിൽ പോയപ്പോൾ ബിരിയാണിയുടെ മണം പിടിച്ച് അതിൽ ഉപ്പ് പോരെന്നു റിപ്പോർട്ടു ചെയ്ത് അവിടുത്തെ കുക്കായ  ബിരിയാണി മൊയ്തൂക്കാന്റെ കയ്യിൽ  നിന്നും പാരിതോഷികം വാങ്ങിച്ചെന്നുമുള്ള കഥകൾ  ചിത്രദുർഗയിലെ കോളേജുക്യാന്റീനിൽ നിന്ന് കടിച്ചാലും വലിച്ചാലും മുറിയാത്ത പൊറോട്ട നഖം കൊണ്ട് നുള്ളിപ്പെറുക്കിതിന്നുനതിനിടയിൽ വിട്ട മുഖ്യബഡായികളിൽ ചിലതു മാത്രം!

ഇക്കണ്ട കഥകളൊക്കെ കേട്ട് വിപിനിനെ റൂംമേറ്റായി കിട്ടാൻ ചിത്രദുർഗയിലെ മലയാളികളും അല്ലാത്തതുമായ പുരുഷപ്രതാപികൾ  ഒന്നടങ്കം ആഗ്രഹിച്ചതിലും അതിനായി മുട്ടുകുത്തി പ്രാർത്ഥിച്ചതിലും വലിയ തെറ്റൊന്നും കാണാനില്ല. ഹൊവ്വെവർ വിപിണ്‍ വേണു വീണു. ഇനിയിപ്പോ സഹമുറിയൻമാർക്ക് ഭക്ഷണമുണ്ടാക്കികൊടുക്കണം, അതും സ്വാദിഷ്ട്ടമായത്. ഒന്നും രണ്ടും കാരണങ്ങൾ പറഞ്ഞ് കുക്കിങ്ങിൽ നിന്നും തലയൂരാൻ ആവതും ശ്രമിച്ചു - ഒരു രക്ഷയുമില്ല. അങ്ങനെ അവസാനം സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി വരും ദിവസങ്ങളിൽ അടുക്കളസാധനങ്ങളും പാത്രങ്ങളും വാങ്ങാമെന്നും വരുന്ന രണ്ടാംശനിയാഴ്ച്ച നെയ്ച്ചോറും ബീഫ് കറിയുമുണ്ടാക്കാമെന്നേറ്റു. പിന്നിടങ്ങോട്ടുള്ള രാത്രികൾ വിപിനിനു കാളരാത്രികളായിരുന്നു. കണ്ണടച്ചാൽ മനസ്സിൽ നെയ്ച്ചോറും മൂരിയും മാത്രം. ചൂടുവെള്ളം നിറച്ച ബിരിയാണിച്ചെമ്പിൽ മുങ്ങിത്താഴുന്നതും പല്ലു വെച്ചൊരു ചിരവ ഓടിവന്നു തന്നെ കടിക്കുന്നതും  പോലുള്ള ദുർസ്വപ്നങ്ങൾ കണ്ടു ഞെട്ടിയെണീക്കുന്നതും  പതിവായത്രെ.

എനിവേസ്, സംഭവദിവസം രാവിലെ റിനീഷിന്റെ സ്പ്ലെണ്ടറിൽ പതിനഞ്ചു രൂപയ്ക്ക് പെട്രോളുമടിച്ച് പത്തിരിപതു മിനിറ്റ് ദൂരെ ബസവേശ്വര നഗറിലെ ഒരു ഇന്റർനെറ്റ് കഫെയിൽ കയറി ഗൂഗിൾ മുഖാന്തരം കാണാൻ തെറ്റില്ലാത്ത ഒരു കേരളാ ബീഫ് കറിയുടെ റെസിപ്പി ഒരുവിധം തപ്പിപ്പിടിച്ചു ബൈഹാർട്ടാക്കി. തിരിച്ചു വീട്ടിലെത്തിയപ്പൊഴേക്കും ബീഫും, ബസുമതിയരിയും ഒക്കെ മേടിച്ചു കുക്കിനു വേണ്ടി കണ്ണിൽ നെയ്യൊഴിച്ചു വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു   റിനീഷും സഹമുറിയന്മാരും പിന്നെ വേറെ രണ്ടുമൂന്നു സുഹൃത്തുക്കളും.

ഒരു രണ്ടു മണിയോടുകൂടി വിപിൻ ഡിന്നറിനുള്ള പുറപ്പാടാരംഭിച്ചു.  അടുക്കളയിൽ ആരും കയറിപ്പോകരുതെന്നുള്ള വിപിനിന്റെ ശക്തമായ നിർദേശം  മാനിച്ച്  റിനീഷും പിള്ളേരും  കുറച്ചുനേരം റമ്മിയും പന്നിമലത്തുമൊക്കെ കളിച്ച് ക്ഷീണിച്ച് ലാപ്ടോപ്പിൽ കല്യാണരാമൻ കാണാൻതുടങ്ങി.

വിപിൻ ആദ്യം  ബീഫിൽ വെള്ളമൊഴിച്ചു, പിന്നെ  മസാലയിട്ടു, അത് കഴിഞ്ഞ് ഉപ്പിട്ടു, ഉപ്പു കൂടിപ്പോയതിനു കുറച്ചു സവാളയും ഉരുളക്കിഴങ്ങുമിട്ടു, അത് കൂടിപ്പോയതിനു വിണ്ടും മസാലയിട്ടു, വീണ്ടും  വെള്ളമൊഴിച്ചു…..  അങ്ങനെ കുറേനേരത്തെ പയറ്റിനൊടുവിൽ എല്ലാം ഒന്ന് വരുതിക്ക് വന്നെന്നു തോന്നിയപ്പോൾ അതിലേക്ക് കുറേ മല്ലിയിലയും കറിവേപ്പിലയും പൊതിനയിലയും വാരിയിട്ടു. അതുകഴിഞ്ഞു ടിയാൻ തന്റെ സർവ്വേശ്വരനായ തീറ്ററപ്പായിയെ മനസ്സിൽ ധ്യാനിച്ച് നെയ്‌ച്ചോറിന്റെ പണിപ്പുരയിലേക്ക് കടന്നു.  എന്തായാലും സിനിമ കഴിഞ്ഞപ്പോഴേക്കും ഡിന്നർ റെഡിയായി.

ലഞ്ച് കഴിക്കാതെ നെയ്ച്ചോറും ബീഫും സ്വപ്നം കണ്ട് വയറ് പഞ്ചറായ  ഓരോരുത്തരും അടുക്കളയിൽ വന്നു ഭക്ഷണം രുചിച്ചു നോക്കാൻ തുടങ്ങി. നെയ്ചോറിൽ ഉപ്പില്ല. പക്ഷെ ആ കുറവ് നികത്താൻ വിപിൻ   ഒരു രണ്ടര  ടിന്നോളം നെയ്യ് ചേർത്തിട്ടുണ്ട്. ബീഫ്കറിയും കൂടി ടേസ്റ്റ് ചെയ്ത് ഉഗ്രൻ എന്നമട്ടിൽ എല്ലാവരും ഒന്ന് തലയാട്ടി. സംതൃപ്തിയുടെ അലകൾ വിപിനിനെ രോമാഞ്ചകഞ്ചുകനാക്കി. വിപിനൊഴിച്ച് മറ്റെല്ലാവരുടെയും മുഖത്ത് കളിയാടിക്കൊണ്ടിരിക്കുകയായിരുന്നത് വിശപ്പെന്ന ആഗോളഭാവം മാത്രം . ലഞ്ച് കഴിക്കാത്തതുകൊണ്ട് വയറ്റിനകത്തുള്ള കൊക്കോപുഴുക്കൾ അലമുറയിട്ടു കുത്തിനോവിക്കാൻ തുടങ്ങിയപ്പോൾ   സാലടിനു തൈര് വാങ്ങാൻ വേണ്ടി വിപിനിനെ റിനീഷ് ദിനേശണ്ണന്റെ കടയിലേക്ക് പറഞ്ഞുവിട്ടു.

വിപിൻ പോയ ആ ഗ്യാപ്പിൽ  റിനീഷിന്റെ മേൽനോട്ടത്തിൽ എല്ലാവരുംകൂടി ഞൊടിയിടയിൽ ആ ബീഫ്  കറി  പച്ചവെള്ളത്തിൽ നല്ലവണ്ണം കഴുകിവൃത്തിയാക്കി വിണ്ടും കറിവെച്ചപ്പോഴാണ് ഒന്ന് കഴിക്കാൻ പാകമായതത്രെ.

വാൽ 1: ബീഫ് കറിയുടെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു തന്ന ലോനപ്പേട്ടനെ മനസ്സിൽ ധ്യാനിച്ച് റിനീഷ് നെയ്ചോറിന്റെ ഖബറിടത്തിൽ ഒരു പിടി ബീഫ്  കഷണങ്ങൾ വാരിയിട്ട്  നടന്നകന്നു, ഇന്നും തീരാത്ത പ്രവാസം. സബരോ കീ സിന്ദഗീ ജോ കഭീ നഹീം ഖതം ഹോ ജാത്തീ ഹേം. അന്നു  മുതൽ റിനീഷിനു നെയ്ചോറ്  അലർജിയായിരുന്നത്രെ !

വാൽ 2: തലേന്നത്തെ ആരും തൊടാതെ വെച്ച ആ നെയ്ക്കഞ്ഞി  കാടിവെള്ളത്തിൽ മിക്സ് ചെയ്തത് ആർത്തിയോടെ കഴിച്ച അടുത്ത വീട്ടിലെ രാഘവേന്ദ്ര ദൊഡ്ഡണ്ണയുടെ കാള, ബീഫിനു പോലും പറ്റാത്ത അവസ്ഥയിൽ വയറിളക്കം വന്നു ഇഹലോകവാസം വെടിഞ്ഞ കഥ ചിത്രദുർഗയിലെ പുൽക്കൊടികൾക്കു പോലും മനഃപ്പാഠമാണ്.

വാൽ  3: ഒരിക്കൽ ചായയുണ്ടാക്കാൻ അടുക്കളയിൽ  കയറിയ വിപിൻ പ്രെഷർ കുക്കറും  കയ്യിലേന്തി  അടുക്കളവാതിലിൽ നിന്നും പുറത്തേക്ക് തലയിട്ട് റിനിഷിനോട് ചോദിച്ചത്രെ , " എടാ, ചായക്കെത്ര വിസിലാ " ? 

കടപ്പാട് - റിനീഷ്, ഏതോ ഗുദാമിലെ ഓട്ടോമൊബൈൽ ഇഞ്ചിനീര്.


-കടത്തനാടൻ
March 22, 2013

Saturday, September 22, 2012

ഞണ്ടു തെറി

മനുഷ്യ ശരീരത്തിലെ ഡിഎൻഎ ഘടകങ്ങളായ  ഇരുപത്തിമൂന്നു ജോടി ക്രോമൊസോമുകളും ഡീകോട് ചെയ്ത്, അതിൽ ഒന്നും രണ്ടും മൂന്നും ജീനുകൾ കുരുത്തക്കേടിന്റേയും നാലും അഞ്ചും ജീനുകൾ ഊഡായിപ്പിന്റേതുമാണ് കിട്ടുന്നതെങ്കിൽ അതിൽ യാതോരു സംശയവും വേണ്ട, ആ ഡിഎൻഎ നമ്മുടെ എംടി എന്നറിയപ്പെടുന്ന എന്റെ ബംഗ്ലൂർ സഹമുറിയൻമാരിൽ മൂന്നാമനായ  എംടി വിനീത് നമ്പ്യാരുടേത് തന്നെയായിരിക്കും.

ഇങ്ങനൊരു ജനിതിക ഘടകം ഉള്ളതുകൊണ്ട് മാത്രമാണ് ബംഗ്ലൂർ എൻടിടിഎഫ്ഫിൽ മൂന്നാം വർഷ വിദ്യാർഥിയായ എംടിയെ തന്റെ സഹപാഠിയും സുഹൃത്തുമായ റിജേഷിനോടൊപ്പം തലശ്ശേരി എൻടിടിഎഫ്ഫിലേക്ക് ഡീപ്രൊമോഷനോടുകൂടി ട്രാൻസ്ഫർ ചെയ്തതത്രെ! 

നന്നാവാൻ തീരുമാനിച്ച കുഞ്ഞാട് പിന്നീട് പഠിത്തത്തിൽ ശ്രദ്ധ ചെലുത്തുകയും പഠിത്തമൊഴിഞ്ഞ സന്ദർഭങ്ങളിൽ ക്രിക്കറ്റ്, ഫുട്ബോൾ എന്നീ കായികവിനോദങ്ങളിൽ മാത്രം ഏർപ്പെടുകയും ചെയ്തു. അല്പം ലോങ് സൈറ്റെഡ്‌നെസ്സ് (ദീർഖവീക്ഷണം) കൂടുതലുള്ളതിനാൽ പഠിത്തം കഴിഞ്ഞു ജോലി ചെയ്തുതുടങ്ങുതിനോടൊപ്പം ഒരു കുടുംബജീവിതം കൂടെ  കെട്ടിപ്പൊക്കണമെന്ന മോഹം മനസ്സിലുദിച്ചതിന്റെ ഭാഗമായി എംടിക്ക്  സുന്ദരിയും സുശീലയും വിനീതയും തന്റെ സഹപാഠിയുമായ ജോജ്നയോട് അനുരാഗം തോന്നുകയും അതൊരു പ്രേമലേഖനത്തിൽ കലാശിക്കുകയും ചെയ്തു.

പക്ഷേ പ്രേമലേഖനം കിട്ടിയപാതി കിട്ടാത്തപാതി വായിച്ചുപോലും നോക്കാതെ  ജോജ്ന ആ കത്ത് ചുരുട്ടിക്കൂട്ടി എംടിയുടെ മുഖത്തെറിഞ്ഞ് " ഗെറ്റ് ലോസ്റ്റ്‌, യൂ ബ്ലഡീ ഫൂൾ " എന്ന് പറയുകയും പോരാത്തതിന് ആ സീൻ ഒന്നുകൂടെ  സംഭവബഹുലമാക്കുവാൻ പരീക്ഷാ റിസൾട്ട് വരുമ്പോൾ കരയാന്‍ വേണ്ടി  കരുതി വച്ചിരുന്ന പുത്തൻ സ്റ്റോക്കില്‍ നിന്ന് നല്ലത്‌ നോക്കി ഒരു മൂന്ന് നാലു ഐറ്റം എടുത്ത്‌ ആവശ്യത്തിന്‌   കണ്ണീരും മിക്സ് ചെയ്ത്  വൃത്തിയായിട്ട്  ഒരലക്കലക്കുകയും ചെയ്തത്രെ!

ജോജ്നയുടെ ഈ അപ്രതീക്ഷിതമായ പൊട്ടിത്തെറിയുടെ ആഖാതത്തിൽ എംടിയുടെ ഹൃദയം ബിജുവേട്ടന്റെ ബേക്കറിയിലെ ജ്യൂസ് മെഷീനിലിട്ട മുസംബി പോലെ ചിന്നഭിന്നമായി. ചില ഓഞ്ഞ സാഹപാഠികളുടെ  സഹതാപവും മറ്റു ചിലരുടെ അപഹാസവും എംടിയെ കൊണ്ടെത്തിച്ചത് റിജേഷിന്റെ റൂമിലെ അടുക്കളയിലേക്കായിരുന്നു. മുകളിലത്തെ ഷെൽഫിൽ പഞ്ചാരട്ടിന്നിന്റെ പുറകിൽ ഒളിപ്പിച്ചുവെച്ച ട്രിപ്പിൾ എക്സ് റമ്മ് ഒറ്റവലിക്കു കുടിച്ച് സ്വല്പം അച്ചാറും നക്കി ജോജ്നയുടെ ഓർമ്മകൾ അയവിറക്കി എംടി മെല്ലെ ഉറക്കത്തിലേക്കാണ്ടു.  അന്നുമുതൽ റിജേഷിന്റെ അടുക്കളയും പഞ്ചാരട്ടിന്നും എംടിക്ക് ഒരു പതിവ് പരിപാടിയായി.


*     *     *     *     *      

വർഷങ്ങൾക്കു ശേഷം മൈക്രോലാൻഡി ൽ ജോലികിട്ടി ബംഗ്ലൂരിലേക്ക് ചേക്കേറിയ എംടി ബംഗ്ലൂർ ജീവിതവുമായി പൊരുത്തപ്പെട്ടു വരുന്നതിനിടയിലാണറിഞ്ഞത്  ജോജ്നയ്ക്ക്  ഇൻഫോസിസിൽ ജോലി കിട്ടിയെന്നും  ഹൈദെരാബാദിലേക്കു ട്രാൻസ്ഫറായെന്നും. ജോലി കിട്ടിയ വകയിൽ കണ്‍ഗ്രാജുലേറ്റ് ചെയ്യാനും ട്രാൻസ്ഫറായ വകയിൽ ഗുഡ് ബൈ പറയാനും എംടി ജോജ്നയെ ഫോണിൽ വിളിച്ചു. വിധിയുടെ വിളയാട്ടമെന്നു പറയട്ടെ ആ ഫോൺ  കോളിൽ ജോജ്ന വീണു.

അവിടുന്നങ്ങോട്ട്‌ എംടി യുടെ ലൈഫ് കളർഫുളായിരുന്നു. ജോജ്നയുമായി ഫോണിളുള്ള സല്ലാപവും, സഹമുറിയന്മാരുമായിട്ടു ആഴ്ചയിൽ ഒരിക്കലുള്ള പാർട്ടിയും, ഷോപ്പിങ്ങും, ചുറ്റിക്കറക്കവും, സിനിമകാണലും, ക്രിക്കറ്റുകളിയുമൊക്കെയായി അടിച്ചുപൊളിക്കുന്ന സമ്പൽസമൃദ്ധമായ കാലം. ആയിടയിലാണു മൈക്രോലാൻഡിന്റെ പത്താം വാർഷികഘോഷം നടത്താൻ കമ്പനി തീരുമാനിച്ചത്. പരിപാടികൾ നടക്കുന്നതാകട്ടെ  ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള മണിപ്പാൽ കൗണ്ടി റിസോർട്ടിലും. ഫ്രീയായ് ഫൂഡ്ഡും ഡ്രിങ്ക്സും ഉള്ളതിനാൽ എംടിയുടേയും റിജേഷിന്റേയും ക്ഷണം സ്വീകരിച്ച് ഞങ്ങൾ (ജിജേഷ്, ജിത്തു, ശങ്കരൻ, സിഗേഷ്, സജേഷ്, ഞാൻ) പോകാൻ തീരുമാനിച്ചു.

ഞങ്ങളവിടെ എത്തുമ്പോൾ എംടി നല്ല ഫോമിലായിരുന്നു. കുറച്ചു നേരം ഞങ്ങൾകും കമ്പനി തന്ന് എംടി മെല്ലെ കൊളീഗ്സിന്റെ ഇടയിൽ അപ്രത്യക്ഷനായി. ജിജേഷും ജിത്തുവും ഞാനും ഞങ്ങളുടെ സ്ഥിരം ഹോബിയായ പക്ഷിനിരീക്ഷണത്തിൽ ലയിച്ചിരുന്നു. അപ്പോഴേക്കും സജേഷും ശങ്കരനും സിഗേഷും വയനാടൻ കഥകൾ പങ്കുവെയ്കാൻ തുടങ്ങിയിരുന്നു.

സ്വല്പനേരം കഴിഞ്ഞപ്പോൾ ഒരു സൈഡിൽ നിന്നൊരു ബളഹം. സ്ഥിരം വെള്ളമടി പ്രശ്നമെന്തെങ്കിലുമായിരിക്കുമെന്നു ഞങ്ങൾ അങ്ങൊട്ട് ശ്രദ്ധിച്ചില്ല. പക്ഷേ സംഭവം ഒരു പത്തുമിനിറ്റ് നീണ്ടുനിൽക്കുകയും ബഹളത്തിൻറെ അന്തർധാരയിലെവിടെയോ മലയാളവും ഇംഗ്ളീഷും കന്നടയും ശ്രവിക്കുകയും ചെയ്തതോടെ എന്തോ പന്തികേട് തോന്നി ഞങ്ങളങ്ങോട്ട് ചെന്നു. ചെന്നപ്പോ കാണുന്നത് ഒരു സെക്യൂരിറ്റി ഗാർഡ് എംടിയെ കൈകൾ കൊണ്ട് ധൃതരാഷ്ട്രാലിങ്കനം ചെയ്തു കന്നടയിൽ എന്തോ പറയുകയും അയാളുടെ ശക്തമായ കൈകളിൽ നിന്നും കുതറിമാറാൻ  ശ്രമിച്ചുകൊണ്ട് അയാൾകും ഞങ്ങൾകും മനസ്സിലാകാത്ത ഒരുതരം മലയാളം കലർന്ന കന്നടയിൽ എന്തോ പുലമ്പിക്കൊണ്ട് കയ്യിലൊരു ഫോർക്കുമായി എംടി കുതറാൻ ശ്രമിക്കുകയും ഇതിനിടയിൽ പ്രശ്നം എന്തെന്നറിയാനും അത് തീർകാനും ശ്രമിച്ചുകൊണ്ട് ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും കന്നടയിലും മാറി മാറി ഡയലോഗ് കാച്ചിക്കൊണ്ടിരുന്ന  റിജേഷിനേയുമായിരുന്നു.   ഞങ്ങൾ അടുത്തെത്തുമ്പോഴെക്കും ഒരു മുന്നൂറ് സോറി പറഞ്ഞ് റിജേഷ് എംടിയെ സ്വതന്ത്രനാക്കിയിരുന്നു.

കാര്യമന്വേഷിച്ചപ്പോൾ സെക്യുരിറ്റി ഗാർഡ് കന്നടയിൽ പറഞ്ഞതിന്റെ തർജമ ഇങ്ങനെ " ഈ സാറ്  കയ്യിലുള്ള ഫോർക്കുമായി അക്വേറിയത്തിലെ  ഞണ്ടിനെ കുത്തിക്കൊല്ലാൻ നോക്കുന്നു. ഞാൻ സമയത്ത് പിടിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ ആ പാവം ജീവി ചത്തുപോയേനെ."

അമ്പരപ്പ് മാത്രം നിറഞ്ഞു നിന്ന ഞങ്ങൾ എംടിയെ മെല്ലെ റിസോർട്ടിന്റെ മറ്റൊരു വശത്തേക്ക് കൊണ്ടുപോയി. രോഷാകുലനായി നിന്നിരുന്ന എംടിയോട്  പിന്നേയും കാര്യമെന്തെന്ന് ആരാഞ്ഞു. ചോദിച്ചുതീർന്നില്ല, എംടി പിന്നേയും ആ ഫോർക്കും  പൊക്കിപ്പിടിച്ച് "കുത്തിക്കൊല്ലുമെടാ നായീന്റെ മോനേ " എന്ന് പറഞ്ഞുകൊണ്ട് ആ സെക്യുരിറ്റി ഗാർഡിനെ ലക്ഷ്യമാക്കി കുതിച്ചു. പുറകെ ഓടിയ റിജേഷ് ഒരു കണക്കിന് എംടിയോടൊപ്പമെത്തുകയും   തന്റെ കാരിരുമ്പിന്റെ ശക്തിയുള്ള ഈട്ടി കൊണ്ട് കടഞ്ഞെടുത്തത് പോലുള്ള കരങ്ങളാൽ എംടിയെ ബന്ധനസ്ഥനാക്കുകയും   വാതിലിനടുത്തേക്ക് ഒരുവിധത്തിൽ ഡിസ്പ്ലേസ് ചെയ്യുകയും ചെയ്തു.

പിന്നെ അമാന്തിച്ചില്ല. കാര്യങ്ങൾ വഷളാകുന്നതിനു മുന്നേ ഞങ്ങൾ എംടിയേയും കൊണ്ട് പുറത്തിറങ്ങി വീട് ലക്ഷ്യമാക്കി നടന്നു.

പോകും വഴി ജിജേഷ് എംടിയോട്  "എടാ എംടീ, ആക്ച്വലി എന്താണു പ്രശ്നം?"

"ആ നായിന്റെ മോൻ എന്നെ ഒരു കാര്യവുമില്ലാതെ മിഡിൽ ഫിംഗർ പൊക്കിക്കാണിച്ചു. കൊല്ലണ്ടേ അവനെ?"

"ആര്? ആ സെക്യുരിറ്റി ഗാർഡോ?"

" അല്ലെഡാ…  ആ അക്വേറിയത്തിലെ  ഞണ്ട് "

കാട്ടുകോഴിക്കെന്തു സംക്രാന്തി എന്ന് ചോദിച്ചത് പോലെ ഞണ്ടിനെന്ത് മിഡിൽ ഫിംഗർ?  വീടെത്തും വരെ ആരും ഒന്നും ഉരിയാടിയില്ല. പഞ്ചാരട്ടിന്നിന് പിന്നിൽ ഒളിപ്പിച്ചുവെച്ച റമ്മും മോന്തി ഞങ്ങൾ ഉറക്കത്തിലേക്ക് ഡൈവ് ചെയ്തു വീണു.


വാൽ : പിറ്റേന്നു കാലത്തു ജോജ്നയുടെ മിസ്സ്ഡ് കോൾ കേട്ട് ഉറക്കമുണർന്ന എംടി ഞങ്ങളുടെ ബെഡ്റൂമിൽ വന്ന് ശങ്കരനെ വിളിച്ചുണർത്തിയിട്ടൊരു ചോദ്യം, "ഡാ ശങ്കരാ… ഇന്നലെ എപ്പാഡാ  തിരിച്ച് വന്നേ ?"


Tuesday, April 12, 2011

ശങ്കരനും തെങ്ങും

ശങ്കരൻ പണ്ടത്തെപ്പോലെ തെങ്ങുമ്മത്തന്നെ!

ഒരു ശരാശരി മലയാളിയുടെ ദൈനംദിന ഗോസ്സിപ്പിങ്ങിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു സാധനമാണ് മേല്പറഞ്ഞ ശങ്കരനും തെങ്ങും. ഒരുപക്ഷേ ഇതെടുത്തു പ്രയോഗിക്കാത്ത മലയാളികൾ ചുരുക്കവുമായിരിക്കും.

കാജാ ബീഡിയോട് ഉപമിക്കാവുന്ന ശരീരവും, പെയിന്റർ മണിയുടെ ജപ്പാന്‍ ബ്ലാക്കുമുക്കിയ എഴുപത്തഞ്ച് ശതമാനം നാരു പോയ ബ്രഷു  പോലുള്ള താടിയും കരിമ്പൻ കമ്പിളിപ്പുതപ്പിന്റെ പോലത്തെ കള്ളികളുള്ള ഷർട്ടും മൈദപ്പശയിൽ ഉള്ളിച്ചാക്ക് മുക്കിയപോലുള്ള ഒരു ജീന്സും പാണ്ടിലോറിയിടിച്ച മാരുതിക്കാറ് കണക്കെ രണ്ട് ഷൂസും പിന്നെ നെഞ്ചത്തൊരു ഐബീഎമ്മിന്റെ ഐഡന്റിറ്റി കാർഡും  - ഇതാണു ബംഗ്ലൂരിലെ നമ്മുടെ സഹമുറിയൻമാരിലൊരുവൻ  സാക്ഷാൽ ശങ്കരൻ. തിങ്കൾ മുതൽ വെള്ളി വരെ കാലത്തും വൈകിട്ടും രാത്രിയും മുട്ടപപ്സും ചായയും മാത്രം ഭോജനം. ശനിയും ഞായറും നാലുനേരം ബീഫും കൂട്ടി റമ്മും. നെഞ്ചത്തൊട്ടിച്ചേക്കണ  ഐഡന്റിറ്റി കാർഡിൽ പേര് ശങ്കരൻ എന്നാണെങ്കിലും ടിയാൻ സ്വയം വിശേഷിപ്പിക്കുന്നത് ശങ്കർദാസ്‌ എന്നാണ്. ഐബീഎമ്മിലെ കുറച്ചു ബംഗാളികളും പഞ്ചാബികളുമല്ലാതെ വേറാരും ആപ്പേരു വിളിക്കാറുമില്ലത്രെ.

എവിടെയെങ്കിലും എന്തെങ്കിലും കണ്ടാൽ പിന്നെ ആ കാഴ്ച തീരും വരെ അവിടെയങ്ങു നിന്നോളും - അതാണു ശങ്കരന്റെ വീക്നസ്. അടി, കുത്ത്, കൊല, വഴക്ക്, തെറിവിളി, മദ്യപിച്ചുള്ള പ്രകടനം, ജാഥ, രാഷ്ട്രീയ സംഖർഷം, വാഹനാപകടം, തെരുവുനാടകം, തെരുവുപ്രസംഗം, കടയുത്‌ഘാടനം, കോലം കത്തിക്കൽ, കരിംകൊടി കാട്ടൽ, സൈക്കിൾ യജ്ഞം, ഖരാവൊ, ഉത്സവം, പള്ളിപ്പെരുന്നാൾ എന്നുവേണ്ട വഴിയിലുള്ള വിശേഷങ്ങൾ എന്തുമായിക്കൊള്ളട്ടെ, കലണ്ടർ മനോരമ തന്നെ - ഛെ! സോറി  - അത് കാണാൻ ശങ്കരൻ ഉണ്ടാവും അഥവാ അത് ശ്രദ്ധിക്കാതെ സ്വന്തം പണി നോക്കി പോകാൻ ശങ്കരനെക്കൊണ്ട് സാധിക്കില്ല.

തൊണ്ണൂറുകളുടെ ആദ്യപകുതിയിലെ ഏതോ ഒരു  കർകിടകപ്പുലരിയിൽ    ഇരുപത്തഞ്ച് പൈസയുടെ സിപ്പപ്പും വലിച്ചുനുണഞ്ഞ്  സ്കൂളിൽ പോകും വഴി ബീഡിരാജപ്പനും തെക്കേടത്തെ ശാന്തമ്മേടത്തിയും എന്തോ കാര്യത്തിനു കവലയിൽ  നിന്നും തെറികൾ കൊണ്ട്  ടെന്നീസ് കളിക്കുന്നത്  കണ്ടുനിന്നത് കൊണ്ട്  രണ്ടാം പീര്യട് തുടങ്ങിയതിന് ശേഷം  ക്ലാസ്സിലെത്തുകയും  അതിന്റെ പരിണാമഫലമായി  രമണിട്ടീച്ചറുടെ കയ്യിൽനിന്നും  നിന്നും കിട്ടിയ  'ഗെറ്റ് ഔട്ട്‌' സന്തോഷത്തോടെ മേടിച്ച് വീണ്ടും ബീഡിരാജപ്പൻ Vs ശാന്തമ്മ ടെന്നീസ് കളിയുടെ രണ്ടാം പകുതി കാണാൻ കവലയിലേക്കോടിയ ആ കുട്ടിട്രൗസറുകാരൻ ശങ്കരനെ കൂർകഞ്ചേരി  ഗവ. എൽ പി സ്കൂളിലെ  പ്രിൻസിപ്പൽ കരുണാകരൻ മാഷ്‌ വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ഓർക്കുന്നു.

കാലം ചെല്ലുന്തോറും ശങ്കരനോടൊപ്പം ശങ്കരന്റെ ഈ ത്വരയും വളർന്നു. ചുരുക്കിപ്പറഞ്ഞാൽ ശങ്കരൻ ഇപ്പോഴും  തെങ്ങുമ്മത്തന്നെ! ഒരിക്കൽ ഞങ്ങളുടെ ഒരു മുൻസഹമുറിയനും ജോലികിട്ടി മദിരാശിയിലേക്ക് കുടിയേറിപ്പാർതവനുമായ കമ്പി വിപിൻ ഞങ്ങളോടൊപ്പം വീകെന്റ്റ് ചിലവഴിക്കാൻ(വെള്ളമടിക്കാൻ) വരുന്നത് പ്രമാണിച്ച് ശങ്കരനും ഉടപ്പിറന്ന സുഹൃത്ത് സഫീറും ഹൊസ്‌റോഡു മാർകറ്റിൽ കോഴിഫ്രൈയ്ക്കുള്ള സാധനസാമഗ്രികൾ വാങ്ങാൻ ചെന്നു. അവിടെയെത്തിയപ്പോൾ കണ്ടതോ?, മാനാഞ്ചിറ മൈദാനത്തു അറ്റമില്ലാത്തെ ആൾകൂട്ടം(കട: സീദീ ഹാജി) കണക്കെ വൻപിച്ച  ജനാവലി. പോരാത്തതിനു ചുറ്റുഭാഗത്തു നിന്നും വാൻ ജനപ്രവാഹവും. അറിയാവുന്ന കന്നഡയിൽ ഇരുവരും കാര്യം തിരക്കി.

 ഹൊസ്‌റോഡിലെ ഒരു കടയിൽ ഒരു ചില്ലറ മോഷണം നടന്നത്ത്രെ - ആരോ പവർകട്ടില്ലാത്ത നേരം നോക്കി പുറത്ത് വെച്ചിരുന്ന ഒരു ജെനറേറ്റർ അടിച്ചുമാറ്റി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് രണ്ടു ട്രാന്സ്ജെന്ഡേഴ്സിനെ തലേ ദിവസം അറസ്റ്റു ചെയ്തു. അറസ്റ്റിൽ പ്രതിഷേദിച്ചു ഒരു മുന്നൂറോളം പേർ  ഹൊസ്‌റോഡിൽ എത്തി സംഘടിക്കുകയും ഈ സംഭവം അക്രമാസക്തമാകാതിരിക്കാൻ സ്ഥലത്തെത്തിയ പോലീസുകാരെ  തെറിയഭിഷേകവും ചെയ്യാൻ തുടങ്ങിയതോടെ സംഗതി ആഗോളപ്രശ്നമായി മാറി.

ശങ്കരനും സഫീറിനും സുഖമായി പലചരക്കു കടയിൽ ചെന്ന് സാധനങ്ങൾ മേടിച്ചു തിരിച്ച് പോരാമായിരുന്നു. പക്ഷേ ശങ്കരന്റെ ഉള്ളിൽ  ഉറങ്ങിക്കിടന്നിരുന്ന ആ വൃത്തികെട്ട ത്വരജീവി ഇരുവരേയും ആൾക്കൂട്ടത്തിനിടയിലൂടെ പോലീസ്ബസ്സിന്റെ സൈഡിലെത്തിച്ചു. തെറിയഭിഷേകം കൊണ്ട് ചീഞ്ഞുനാറി  മനംനൊന്ത ബാംഗ്ലൂർ പോലീസ് ഏറുകൊണ്ട കടന്നൽകൂട്ടത്തെ പോലെ  തിരിച്ചാക്രമിച്ചു. പിന്നവിടെ നടന്നത് സംഭവബഹുലമായ ലാത്തിചാർജ് മാമാങ്കമായിരുന്നു. തലങ്ങുംവിലങ്ങും ലാത്തി വീശി പോലീസുകാരും അടിയിൽനിന്നൊഴിഞ്ഞുമാറി തെറിവിളിച്ചു കൊണ്ടോടുന്ന പ്രതിഷേധക്കാരും. ചുറ്റും കൂടിനിന്ന ജനങ്ങൾ മെല്ലെ പുറകോട്ട് വലിഞ്ഞത് ലാത്തിചാർജ് ആസ്വാദനത്തിനിടെ ശങ്കരനും സഫീറും ശ്രദ്ധിച്ചില്ല. ഇതൊക്കെ കാണാനുള്ള ഭാഗ്യം പ്രദാനം ചെയ്ത കമ്പി വിപിനിന് മനസ്സിൽ  ഒരായിരം അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ശങ്കരനും സഫീറും   ഒരുചെറു മന്ദഹാസത്തോടെ ടോം ആൻഡ്‌ ജെറിയിലെ ടോം പൂച്ചയും അളിയൻ പൂച്ചയേയും പോലെ പൂരപ്പറമ്പിലെ  പോലീസ് ബസ്സും ചാരി പമ്മി പമ്മി നിന്നു.

ഹൊവ്വെവർ, ഓർക്കാപ്പുറത്തായിരുന്നു അത് സംഭവിച്ചത്.  അവിടുന്നിങ്ങോട്ടുള്ള ശങ്കരന്റെ  ജീവിതത്തിൽ നടുക്കത്തിന്റെ ഓർമ്മകൾ മാത്രം സമ്മാനിച്ച ആ നിമിഷം - എവിടുന്നെന്നില്ലാതെ ട്രാന്സ്ജെന്ഡേഴ്സിലൊരെണ്ണം ശങ്കരന്റെ മുന്നിൽ  പ്രത്യക്ഷപ്പെട്ടു. അത് അവനാണോ അതോ അവളാണോ എന്ന് ചിന്തിക്കാൻ പോലും സമയം കിട്ടുന്നതിനു മുൻപ് "ഒയെ സാലേ, ക്യാ ദേഖ്നേ ഖടെ രഹേ ഹോ ഡാഷേ, ഡാഷ് കേ  ഡാഷേ?" എന്ന ചോദ്യവും  വയറും മുന്നോട്ടുന്തി ഉടുത്തിരുന്ന മഞ്ഞ സാരി പൊക്കിക്കാണിക്കലും ഒന്നിച്ചായിരുന്നു.

പൂർവികർ ചെയ്ത ഏതെങ്കിലും പുണ്യപ്രവൃത്തി മൂലമാകാം, എങ്ങോട്ടോ നോക്കി നിന്ന  സഫീർ സംഭവം  കണ്ടില്ല, പക്ഷേ പറഞ്ഞ തെറി വള്ളിപുള്ളി വിടാതെ  കേട്ടത്രെ.

ഷോക്കടിച്ചു വീണ കാക്കയെപ്പോലെയായി ശങ്കരൻ. ഭാവഭേദങ്ങളൊന്നുമില്ലാതെ വിളറിവെളുത്ത മുഖത്തോടുകൂടിയ ശങ്കരനെ സഫീർ വീട്ടിലെത്തിച്ചു. ചോദിച്ചവരോടൊക്കെ ഒരേ ഉത്തരം - എന്തോ കണ്ട് പേടിച്ചതാ.

രാത്രി വെള്ളമടിപ്പാർട്ടിയിൽ പലതവണ കൂട്ടച്ചിരിക്കു വകയുണ്ടാക്കിയെങ്കിലും ശങ്കരന്റെ ഞെട്ടലിനു ശമനമുണ്ടായില്ല. ഷോക്കടിച്ച മുഖവുമായി റിജേഷിന്റെ ടെറസ്സിൽ ഇരുട്ടിന്റെ ഏകാന്തതയിലേക്ക് കണ്ണും നട്ടിരുന്ന ശങ്കരനോട് എം ടി വിനീത് , " എടാ ശങ്കരാ, നീ ശെരിക്കും വല്ലതും കണ്ടാ ? " വീണ്ടും കൂട്ടച്ചിരി.

വാൽകഷ്ണം : ഹോസ്റോഡിൻറെ പരിസരത്തുള്ള മലയാളികളുടെ ഇടയിൽ ഇപ്പോഴും ഒരു പഴംചൊല്ല് നിലനില്കുന്നു - " മാർക്കറ്റിൽ പോകുന്നതൊക്കെ കൊള്ളം പക്ഷെ ശങ്കരനെപ്പോലെ വല്ലോടത്തും നോക്കിനില്കാതെ പെട്ടന്ന് വന്നോളണം "





Thursday, October 8, 2009

ഒരു കുട്ടിക്കഥ

" ചേട്ടാ, ചേട്ടന് ലൈനുണ്ടോ? "

തെക്കേക്കോലായിലെ തിണ്ണയിലിരുന്ന് മുറ്റത്തു പരതിനടക്കുന്ന കോഴിക്കുഞ്ഞുങ്ങളേയും നോക്കി ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്ന എന്റെ ഉച്ചിയിൽ ചായകയറി ഞാനൊന്നു ചുമച്ചു.

തെക്കുംകര  അരവിന്ദാക്ഷൻ പിള്ള എന്നറിയപ്പെടുന്ന അല്ലെങ്കിൽ അരവിന്ദമാമൻ എന്ന് ഞാൻ വിളിക്കുന്ന എന്റെ മൂത്ത അമ്മാവന്റെ മുട്ടയിൽനിന്നും വിരിയാത്ത നാലാം ക്ലാസ്സിൽ പഠിക്കുന്ന പുത്രൻ ശ്രീമാൻ ഗോകുൽ  അരവിന്ദാക്ഷൻ പിള്ളയുടെ വകയായിരുന്നു ആ ചോദ്യം.

നവരസങ്ങൾക്കു പുറമേ ഞാൻ സ്വന്തമായി വാർത്തെടുത്ത എന്റെ നാലാമത്തെ രസം(രസം നമ്പർ 13) ഞാൻ മുഖത്തുചാലിച്ച് അവനെ ഒന്ന് നോക്കി. അവന്റെ ചോദ്യത്തെ സപ്പോർട്ട്   ചെയ്യാൻ ദേ ഒരുപറ്റം കുട്ടിപ്പിശാച്ചുക്കൾ ചോദ്യചിഹ്നം(?) മുഖത്തു ഫിറ്റ്‌ ചെയ്തു എന്നെത്തന്നെ തുറിച്ചു നോക്കിനില്കുന്നു.(ബൈ ദ വേ, ഈ കസിന്സ് എന്ന് പറയുന്ന സാധനം ദൈവം സഹായിച്ച്  ഒരു പത്തുപതിനാറെണ്ണം ഉണ്ടെനിക്ക്)

ചോദ്യത്തിന്റെ പ്രസക്തി എനിക്ക് ശരിക്കങ്ങട് കത്തിയില്ല. ഇനിയിപ്പോ പ്രീതി നായരുടെ പുറകേ നടക്കുന്ന വിവരമെങ്ങാനും ഇവരരിഞ്ഞൊ? അതിനു വഴിയില്ല, കാരണം, അവൾക്കു തന്നെ അറിയില്ല ഞാൻ അവളുടെ പിന്നാലെ നടക്കുന്നത്. പിന്നെയാ ഒരു പത്തെണ്ണൂറു കിലോമീറ്റർ തെക്കുള്ള ഈ പീക്കിരി പിള്ളേർ.

ഒന്നും ഉരിയാടുന്നതിനു മുൻപ് തന്നെ ചുറ്റുമുള്ള ലട്കാസ് ആൻഡ്‌ ലട്കീസ് സംഭവം പ്രസന്റ് ചെയ്തു. നാല് ഡിയിൽ പഠിക്കുന്ന മേൽ പറഞ്ഞ ചെക്കന് അതേ സ്കൂളിൽ ഒന്ന് ബിയിലുള്ള വീണയുമായി പ്രേമമാണത്ത്രെ. ഈ കാര്യം പ്ലസ് ടൂവിൽ  പഠിക്കുന്നവനും സ്കൂളിലെ ഏക സെൽ ഫോണ്‍ ഉടമസ്ഥനുമായ അവളുടെ സഹോദരനോട് ഒരു കാരണവരുടെ സ്ഥാനത്തുനിന്ന് ഞാൻ കാര്യം അവതരിപ്പിച്ച് സമ്മതം വാങ്ങികൊടുക്കണം പോലും.

വീണ്ടും ഉരിയാടാൻ പറ്റുന്നതിനു മുൻപ് കുഞ്ഞമ്മ വന്ന് പിള്ളേരെല്ലാവരെയും കൂട്ടി  കശുവണ്ടി പെറുക്കാൻ തൊടിയിലേക്ക്‌ പോയി.

കാലം പോയൊരു പോക്കേ? മുത്തശ്ശികഥകളും മായാവിയും ഡിങ്കനും കപീഷും തീപ്പെട്ടിചിത്രശേഖരണങ്ങളുമൊക്കെ മറന്ന് മലയാളിയുടെ ബാല്യം ഇന്ന് ഗേൾഫ്രെണ്ട്സിന്റേയും ഫ്രഞ്ച്മുത്തങ്ങളുടേയും സെൽഫോണിന്റേയും  സൈബർമാമാങ്കങ്ങളുടേയും  ലോകത്തേയ്ക്ക് ചേക്കേറിയിരിക്കുന്നു.

എന്റെ ശ്രദ്ധ വീണ്ടും ചായകുടിയിലേക്കും കോഴിക്കുഞ്ഞുങ്ങളിലേക്കും പ്രീതി നായരുടെ ഓർമകളിലേക്കും വഴുതി വീണു.