Friday, June 22, 2007

അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നതാണ്‌ !

എ.ഡി. 2003 നവമ്പർ മാസത്തിലായിരുന്നു  സ്വാശ്രയ കോളേജുകള്‍ക്ക്‌ കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി കലോത്സത്തില്‍ പങ്കെടുക്കുവാനുള്ള അനുമതി ലഭിച്ചത്‌. കലാബോധം എന്ന മൂന്നക്ഷരത്തെ പറ്റി വിവരമുള്ള അപൂര്‍വം ചിലരില്‍ ഞാനും മെമ്പറായിരുന്നു എന്ന് അഭിമാനപുരസ്സരം വിശ്വസിച്ചിരുന്ന ഞാൻ കോളേജ് ഫൈൻ ആർട്സ് സെക്രട്ടറി എന്ന പൊസിഷനിൽ ഇരുന്നു ധൃതകിതപുളകിതനായി ഞളിയുന്ന സമയത്ത്  കിട്ടിയ ആദ്യത്തെ എട്ടിന്റെ പണി… അതും പാലുംവെള്ളത്തിൽ. 

മുൻപത്തെപ്പോലെയായിരുന്നെങ്കിൽ ഒരു ആർട്സ് ഡേയും കോളേജ് ഡേയും മാത്രം ഒപ്പിച്ചാൽ മതിയായിരുന്നു. അഞ്ജലിയുടെ ഒരു ലളിതഗാനം, ഹംസയുടെയും റാഷിദിന്റേയും പ്രസംഗം, യുനൈസിന്റെ രണ്ടു മാപ്പിളപ്പാട്ട് , ആരിഫാ ആൻഡ്‌ ഗേർള്സിന്റെ  ഒപ്പന, സജിനയുടെ ഒരു കഥാപ്രസംഗം  മദ്രാസ് യൂനിവേർസിറ്റി പ്രീ ഡിഗ്രി പാസ്സ് ഔട്ട് സകീറിന്റെ വക ഒരു വിജയ്‌ അണ്ണൻ സ്റ്റൈൽ ലുങ്കിയുടുത്ത് ടപ്പാങ്കുത്ത്, -   ഒരു  കോളേജ് ഡേ  തകൃതിയാക്കാൻ ഇതൊക്കെ ധാരാളം.    

എന്തായാലും വിവരം നോട്ടീസ്‌ ബോര്‍ഡിലിടുന്നതിനു മുമ്പ്‌ ബി എ ഇംഗ്ലീഷിലെ വിദ്യാർത്ഥിയും കോളേജ് യുണിയൻ പ്രസിഡന്റുമായ  ഹംസ, 'ഗ്രഹിണി പിടിച്ചൊരു പയ്യന്‍ ചക്കക്കൂട്ടാന്‍ കണ്ടതു പോലെ' ഞങ്ങളുടെ ക്ലാസില്‍ ഓടിക്കയറി.

"ഒരു നോട്ടീസുണ്ടേ ….. ഞമ്മളെ കോളേജിന് കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി കലോത്സത്തില്‍ പങ്കെടുക്കുവാനുള്ള അനുമതി കിട്ടീക്കിണ്ട്. പത്തുപൈനഞ്ചു ദിവസം കൂടിയേ ഇള്ളു പരിപാടിക്ക്.  ഞമ്മളെ കോളേജിന്റെ പേര് കേരളനാട്‌ ഒട്ടാകെ മുയങ്ങി കേപ്പിക്കാൻ ഞമ്മക്ക്‌ ഇക്കൊല്ലം ബി സോണിന്‌ ഒരു നാടകം കൊണ്ട്വോണം. താല്‍പര്യള്ളോരെല്ലാം ബൈന്നേരം എന്നെ ബന്നു കണ്ടാ മതി. ഇതൊരു ബൻ ബിജയമാക്കാൻ എന്നാൽ കഴിയുന്നത് പോലെ ഒരുഗ്രൻ സംബിധായകനെ ഞാനേടുന്നെങ്കിലും ഒപ്പിക്കാം. "

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. വൈകുന്നേരം നാലു മണിയായപ്പോള്‍ ബി എ ഇംഗ്ലീഷിനു മുമ്പില്‍ ഒരു വലിയ ക്യൂ. പാമ്പ്‌ ജാഫറും, പുഷ്പന്‍ നിധീഷും, ബാലന്‍ ലിബീഷും, പുട്ടുനൈസും, മുക്രിവളപ്പില്‍ യുനൈസും, ജുമാഞ്ജി സുഫൈദും, ആസിഡ്  ലിനീഷും എന്നു വേണ്ട കോളേജിലെ തൊപ്പിവെയ്ക്കാത്ത രാജാക്കന്മാരെല്ലാം നാടകരംഗത്ത് ഒരു കൈ നോക്കാനും യൂനിവേഴ്സിറ്റി കലോത്സവത്തിൽ പയറ്റിത്തെളിഞ്ഞാൽ സീരിയൽ സിനിമാ രംഗത്ത് നിന്നും വന്നേക്കാവുന്ന ഓഫറുകളും സ്വപ്നം കണ്ട് അഹപൊഹയാ എന്നോണം അണിനിരന്നു.  

മാഹിയിലെ  കോൾഡ് ലീലാ വൈൻ ഷോപ്പിൽ മുപ്പത് രൂപയുടെ ഘടോൽകചൻ എന്ന ചാത്തൻ സാധനം റിലീസായന്നത്തെ പോലുള്ള ഒരു തിക്കും തിരക്കും സ്വന്തം ക്ലാസിന് മുന്നിൽ കണ്ടപ്പോ ഹംസയോന്ന് അമാന്തിച്ചെങ്കിലും ക്ഷണിച്ചുപോയില്ലേ എന്ന ഒറ്റക്കാരണത്താൽ വന്നവരുടെ പേര്‌ ഓരോന്നയി ഒരു പേപ്പറില്‍ എഴുതിയെടുത്തു. പിറ്റേന്ന് മുതൽ പണി നടന്നുകൊണ്ടിരിക്കുന്ന ബിൽഡിങ്ങിന്റെ പുതിയഭാഗത്ത് ഓരോരുത്തരേയായി കാസ്റ്റിംഗ് കോളിന് വിളിക്കാം എന്നുറപ്പു നൽകി വീട്ടിൽ പറഞ്ഞയച്ചു.

ഹവ്വെവർ, പിറ്റേന്ന്‌ ഹംസ പെരിങ്ങത്തൂരില്‍ നിന്നും വരുമ്പോള്‍ കരടിനെയ്യ് വിൽക്കുന്ന ലാടൻ ഒരു പ്രൂഫിന് വേണ്ടി കഞ്ഞിവെള്ളം കുടിക്കാത്ത ഒരു കരടിയെ കൊണ്ടുനടക്കുന്ന പോലെ എല്ലാവരേയും കാണിച്ചു വിശ്വസിപ്പിക്കാൻ ഒരു നാടകസംവിധായകനെ കൂടെ കൊണ്ടുവന്ന് അധ്യാപകർക്കും വിദ്യാർഥികൾക്കും പരിചയപ്പെടുത്തിക്കൊടുത്തു     - "ഇത് ഷാജി ഫ്രം പെരിങ്ങത്തൂർ... ബളരെ ബുദ്ധിമുട്ടീറ്റാണ് ഈറ്റാലൊരു  സാധനത്തിനെ ഞമ്മളൊപ്പിച്ചെടുത്തത്. ഞമ്മളുടെ ഉള്ളിലുള്ള എല്ലാ കയിവുകളേയും മുയുമനായി പുറത്തെടുക്കാൻ ഷാജിക്ക് കൈയ്യും. "
 
ഷാജി ലിസ്റ്റിലുള്ള എല്ലാവരേയും വിളിചുവരുത്തി ഒരു സ്ക്രീനിംഗ്‌ ടെസ്റ്റ്‌ നടത്തി. എല്ലാവരും കഴിവിന്റെ പരമാവധി ഉപയോഗിച്ചാണ്‌ സ്കീനിംഗ്‌ ടെസ്റ്റില്‍ പങ്കെടുത്തത്‌. പലരും പലതും അഭിനയിച്ചു കാണിച്ചു. ബാലനാണെങ്കില്‍ പൂച്ചേം കാക്കേമാണ്‌ അവതരിപ്പിച്ചത്‌. അത്‌ മിമിക്രിയായിരുന്നോ  മോണോ ആക്റ്റായിരുന്നോ എന്ന്‌ പുള്ളിക്ക്‌ നാളിതുവരേയും പിടികിട്ടിയിട്ടില്ല. ഹംസ കുഷ്ഠരോഗിയേയും പുഷ്പൻ ധൃഥരാഷ്ട്രാലിംഗനവും ജാഫർ  തന്റെ  സ്ഥിരം ഐറ്റം കൊച്ചിൻ ഹനീഫയേയും  അനുകരിച്ചു കാണിച്ചു.       

മുക്രിവളപ്പില്‍ മുട്ടു വിറയ്ക്കുന്നതു കൊണ്ടു പുറത്താവുകയും ബാല നടന്‌ റോളില്ലാത്തതു കൊണ്ട്‌ ബാലന്‌ നാടോടിനൃത്തം കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വരികയും കോല്‍ക്കളിയില്‍ കൂടുതല്‍ ശ്രദ്ധ തിരിക്കേണ്ടി വന്നതിനാല്‍ പുട്ടുനൈസിന്‌ നാടകരംഗത്തു നിന്നും വിട വാങ്ങേണ്ടിയും  വന്നു. നാട്ടിലെ അമ്പലത്തിൽ ഉത്സവമായതുകൊണ്ടു ഉജ്ജ്വലും പിൻവലിഞ്ഞു.

പന്ത്രണ്ട്‌ പേരെ സെലക്റ്റ്‌ ചെയ്ത ഷാജിയ്ക്ക്‌ നാല്‌ ദിവസം വേണ്ടി വന്നു  അറുപത്തിനാല്‌ പേജുള്ള സ്ക്രിപ്റ്റ്‌ തയ്യാറാക്കാന്‍. അഞ്ചാം ദിവസം കാലത്ത്‌ പന്ത്രണ്ടു പേരേയും കഥ പറയാൻ ക്ലാസ്സിൽ നിന്നിറക്കി കെമിസ്ട്രി ലാബിൽ കൊണ്ടുപോയി. എല്ലാവരും അങ്ങിങ്ങായി ഇരിപ്പുറച്ചു. എങ്ങും നിശബ്ദത. ഷാജി മെല്ലെ എഴുന്നേറ്റു നിന്ന് രാജ്യസ്നേഹം മൂത്ത് വികാരഭരിതനായി വിറയലാർന്ന കരങ്ങൾ ആകാശത്തേയ്ക്കുയർത്തി,

 "നാടകത്തിന്റെ പേര്‌...….."  എന്നിട്ടൊരലർച്ചയോടെ… " ഉത്തം സിംഗ്‌...….!"

"ജാലിയന്‍ വാലാ ബാഗ്‌ ദുരന്തത്തിനുത്തരവാദിയായ ജനറല്‍ ഡയറിനെ ഇംഗ്ലണ്ടില്‍ ചെന്നു വെടിവെച്ചു കൊന്ന മഹാനായ ഇന്ത്യാക്കാരന്‍.....", പ്രാണവേദനയോട്‌ കൂടെ ഒറ്റശ്വാസത്തിൽ ഷാജി കാറി.

ഒരു പത്തു നിമിഷത്തെ നിശബ്ദത.

ഷാജി : "എങ്ങനെയുണ്ട് ?"

എലാവരും ആവേശഭരിതരായി. അങ്ങനെ ഉദ്ധം സിംഗിന്റെ പ്രാക്ടീസിന് ഷാജി തിരികൊളുത്തി 
 
"സ്റ്റാര്‍ട്ട്‌ … ആക്ഷന്‍ … കട്ട്‌"

യൂനിവേഴ്സിറ്റി കലോത്സവത്തിനുള്ള കൗണ്ട്‌ ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു.

10...…9...…8...….7...…6...….5...

നാടകം അരങ്ങേറുന്നതിന്‌ 5 നാള്‍ ബാക്കി നില്‍ക്കെ തന്റെ അഭിനയമികവിൽ വിശ്വാസം നഷ്ട്ടപ്പെട്ട  ലിനീഷ്‌ റിഹേഴ്സലിനിടയില്‍  "ഇതു കൊളമാവുമെന്നാ തോന്നുന്നത്‌. ഞാനില്ല. ഇങ്ങളെല്ലാരും കൂടി എന്താന്നിച്ചാലങ്ങാക്കിയൂട്‌." എന്ന ഡയലോഗും കാച്ചി  ഷാജിയും ഹംസയുമടക്കം എല്ലാവരുടേയും നടകമോഹങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട്  ആമ തോടിനുള്ളിലേയ്ക്ക്‌ വലിയുന്നത്‌ പോലെ മുങ്ങി. ലിനീഷിനെ പിന്നെ കുറച്ച് നാളത്തേക്ക് പരിസരത്ത്‌ കണ്ടവരാരുമില്ല.
 
പിന്നെ പതിവുപോലെ എല്ലായിപ്പോഴും ശശിയാവാൻ ഞാനുള്ളത് കൊണ്ട് ഹംസയ്ക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. സംഭവത്തിന്റെ കിടപ്പ്‌ ഹംസ വിശദമായി പറഞ്ഞുതന്നു.

"ഞാനിപ്പൊ എന്തു ചെയ്യണം? "

"ഇഞ്ഞിയൊന്ന് ട്രൈ ചെയ്യ്‌. നാലാള്‍ക്ക്‌ ചെയ്യാന്‍ പറ്റിയ ഒരു നാടകം ഷാജീന്റെ കൈയ്യിലുണ്ട്‌. ഇഞ്ഞി ഒരു മൂന്നാളേം കുടി സംഘടിപ്പിച്ച്‌ എങ്ങനേങ്കിലും ഒന്നുശരിയാക്ക്‌. ഇതെന്റെ പ്രെസ്റ്റീജിന്റെ പ്രശ്നാ "

ഹംസയോടൊപ്പം ഞാന്‍ നേരെ ആളൊഴിഞ്ഞ ഒരു  ക്ലാസ്മുറിയില്‍ ഇരിക്കുകയായിരുന്ന ഷാജിയുടടുത്തേയ്ക്ക്‌ വച്ച്  പിടിച്ചു. ഞൊടിയിടയിൽ ഹംസ  പുഷ്പനേയും, സകീറിനേയും പിന്നെ നായികയായി ജെന്നിയേയും കാസ്റ്റ് ചെയ്തു. ഷാജി കുറച്ച്  നേരം ചിന്താകുലനായതിനു ശേഷം ഒരു പ്രിയദര്‍ശന്‍ ആങ്കിളില്‍ കഥ പറഞ്ഞു തന്നു.

"നാടകത്തിന്റെ പേര്‌ …. ജെന്നി!

ജഡ്ജ്‌മന്റ്‌ ഓഫ്‌ പാരീസ്‌ ഒന്നു മോഡിഫൈ ചെയ്ത്‌ ഒരു കോളേജ്‌ അന്തരീക്ഷത്തിലേയ്ക്ക്‌ മാറ്റി. ജെന്നിയെന്ന നാടക നടിയുടെ ഹൃദയം കവരാൻ  മാര്‍ട്ടിന്‍, ജിക്ക്‌സണ്‍ എന്ന രണ്ട്‌ നടന്മാർ തീവ്രശ്രമത്തിലാണ് - മൂന്നു പേരും ഒരേ  കോളേജിലെ  സ്റ്റുഡന്റ്സ്‌. രണ്ട് പേരും ജെന്നിയോട് പ്രണയാഭ്യർത്ഥന നടത്തുന്നൂ. ഇവരിൽ ഏറ്റവും കഴിവുള്ള നടനെ  ജെന്നി വിവാഹം കഴിക്കാം എന്ന് തീരുമാനിക്കുന്നു. അഭിനയത്തിൽ മാർട്ടിൻ കസറുന്നു. മാർട്ടിന്നെ കവച്ചുവെക്കാനുള്ള വഴിയാലോചിച്ച് ജിക്ക്സണ്‍ നാലാമത്തെ കഥാപാത്രമായ  ആരാച്ചാരെ കണ്ടുമുട്ടുന്നു. ആരാച്ചാർക്ക് വേണ്ടി അദ്ദേഹമായി വേഷം മാറി  ആത്മകഥ പറയാൻ ചെല്ലുന്ന  ജിക്ക്സണ്‍ പൊതുജനത്തിന്റെ മദ്ധ്യേ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കണം. പക്ഷേ ആരാച്ചാർ ഒറിജിനൽ വിഷം നല്കുന്നു, ജിക്ക്സണ്‍ വടിയാകുന്നു."
 
വണ്ടർഫുൾ സ്റ്റോറി.  
 
ആദ്യത്തെ സീന്‍ മാര്‍ട്ടിനായ ഞാനും ജിക്ക്സണായ പുഷ്പനും തമ്മില്‍ വാള്‍പയറ്റാണ്. അതു പ്രാക്റ്റീസ്‌ ചെയ്യാന്‍ ഇൻസ്ട്രക്ഷൻ തന്നതിന് ശേഷം ഷാജി സ്ക്രിപ്റ്റ് എഴുതാൻ വേണ്ടി തന്റെ വീട്ടിലെ കഞ്ചാവ് പുകപടലങ്ങൾക്കുള്ളിലേക്ക് അപ്രത്യക്ഷനായി.
 
ഞാനും പുഷ്പനും അന്തിയോളം വാള്‍പയറ്റ്‌ പ്രാക്റ്റീസ്‌ ചെയ്യാന്‍ തുടങ്ങി. കടത്തനാടിന്റെ മണ്ണില്‍ ജനിച്ച എന്നെ ഒരു വലിയ അഭ്യാസിയാക്കണമെന്ന്‌ എന്റെ അച്ഛന്റെ ഒരാഗ്രഹമായിരുന്നു. അതിന്റെ ഭാഗമായാണ്‌ എന്നെ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴേ കളരിയില്‍ ചേര്‍ത്തത്‌. വേണ്ടായിരുന്നു എന്ന്‌ പിന്നീട്‌ അച്ഛന്‌ പലവട്ടം തോന്നിയിരുന്നെങ്കിലും അതുകൊണ്ട്‌ ആകെ ഒരുപകാരമുണ്ടയത്‌ വാള്‍പയറ്റ്‌ പ്രാക്റ്റീസ്‌ ചെയ്തപ്പൊഴാണ്‌ . ജീവിതത്തിലാദ്യമായാണ്‌ പഠിച്ച വിദ്യകൊണ്ട്‌ ഒരുപകാരമുണ്ടാവുന്നത്‌ .

കോടഞ്ചേരിയില്‍ വെച്ചായിരുന്നു കലോത്സവം. നാടകം അരങ്ങേറുന്നതിന്റന്ന് രാവിലേ തന്നെ ഞങ്ങൾ കോളേജില്‍ അണിനിരന്നു. കോടഞ്ചേരിയിലേയ്ക്ക്‌ പോകാന്‍ കോളേജ്‌ പടിയിറങ്ങുമ്പോഴാണ്‌ ഷാജിക്ക് വിട്ടുപോയ ഭാഗം പൂരിപ്പിക്കാനുള്ള ഓർമ്മ കിട്ടിബോധിച്ചത്.

"അയ്യൊ, നാടകത്തിന്‌ ബാക്ക്‌ഗ്രൗന്‍ഡ്‌ മ്യുസിക്കില്ല. ഞാനാക്കാര്യം മറന്നു പോയി "

ഉപ്പുമാവിന്‌ ഉപ്പിടാന്‍ മറന്നു പോയി എന്നു പറഞ്ഞതുപോലെയായി സംഗതി. അല്ലെങ്കില്‍ തന്നെ മനുഷ്യന്‌ റ്റെന്‍ഷനടിച്ചിട്ട്‌ നിവര്‍ത്തിയില്ല; പുറത്തു കാണിക്കുന്നില്ലെന്നു മാത്രം. അതിനിടയിലാണ്‌ ബാക്ക്‌ഗ്രൗന്‍ഡ്‌ മ്യുസിക്കെന്ന പുലിവാല്‌. വടകരയെത്തിയപ്പൊ അടക്കാത്തെരുവിലുള്ള  ഒരു കാസറ്റുകടയിൽ കയറി.  ബാക്ക്‌ഗ്രൗന്‍ഡായി എന്തു മ്യുസിക്കിടും എന്നു ചിന്തിക്കവെ ഷാജി അടുത്തിടെ കണ്ട ഇംഗ്ലീഷ്‌ സിനിമകള്‍ മനസിലൂടെ ഒന്ന്‌ പ്ലേബാക്ക്‌ ചെയ്യുകയും, അങ്ങനെ  ഗ്ലാഡിയേറ്ററിന്റെ ക്ലൈമാക്സ്‌ മ്യുസിക്‌ ഒരു കാസെറ്റില്‍ റെകോര്‍ഡ്‌ ചെയ്ത്‌ നേരെ തെക്കോട്ട്‌ വിട്ടു -  കോടഞ്ചേരി.

ബസ്സിലിരിക്കുമ്പോള്‍ ഭയങ്കര റ്റെന്‍ഷെനായിരുന്നു. ബസ്സ്‌ കൊയിലാണ്ടി എത്തിയപ്പോഴേക്കും ഉള്ള റ്റെന്‍ഷെനെല്ലാം ഉരുണ്ടുകൂടി വയറിനകത്തേയ്ക്കു കടന്നു. നാടകാവശ്യങ്ങള്‍ക്കായി ഷോപ്പിങ്ങുണ്ടെന്നു പറഞ്ഞ്‌ എല്ലാവരേയും കോടഞ്ചേരി ബസ്സില്‍ കയറ്റി വിട്ടിട്ട്‌ ഞാനും ഷാജിയും കൊയിലാണ്ടി ബസ്സ്‌സ്റ്റാന്റില്‍ തന്നെ നിന്നു. വയറിനകത്ത്‌ അപ്പോള്‍ ഒരു നാലാം പാനിപത്ത്‌ യുദ്ധം നടക്കുന്നു. എതു നിമിഷവും എന്തും സംഭവിക്കാം.ഒന്നുകില്‍ അക്ബര്‍ ജയിക്കും അല്ലെങ്കില്‍ ജോര്‍ജ്ജ്‌ ബുഷ്‌ അക്ബറിനെ കിഡ്നാപ്പ്‌ ചെയ്യും. ഇതൊന്നുമല്ലെങ്കില്‍ ഹിറ്റ്ലര്‍ രാജിവെയ്ക്കും. ചിന്തിയ്ക്കാന്‍ സമയമുണ്ടായിരുന്നില്ല. കൊയിലാണ്ടി ബസ്സ്‌സ്റ്റാന്റിലെ പ്രീ പെയിഡ്‌ കക്കൂസില്‍ അഭയം പ്രാപിക്കേണ്ടി വന്നു. ആധികം സമയം വേണ്ടി വന്നില്ല. ഒന്നിനേക്കാൾ സ്പീഡിൽ രണ്ട് പോകുമ്പോൾ സെകൻഡുകൾ കൊണ്ട് പരിപാടി തീർത്തു?  കക്കൂസിന്റെ മാനേജിംഗ്‌ ഡയറക്റ്റര്‍ക്ക്‌ റെന്റല്‍ ഫീസായി രണ്ട്‌ രൂപയും ടിപ്പായി അമ്പത്‌ പൈസയും കൊടുത്ത്‌ മുന്നില്‍ കണ്ട ചായക്കടയില്‍ കയറി ഓരോ സുലൈമാനിയുമടിച്ച്‌ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

വൈകിട്ട്‌ അഞ്ച്‌ മണിയയപ്പോഴേയ്ക്കും നെഞ്ചത്തൊട്ടിയ്ക്കേണ്ട നമ്പറ്‌ കിട്ടി- അമ്പത്തിയാറ്‌. അതായത്‌ തട്ടേക്കേറുമ്പോഴേക്കും രാത്രി ഒന്നരയാകും. ഒരഞ്ചരയ്ക്ക്‌ നാടകത്തിന്റെ മര്‍മ്മപ്രധാനമായ പോയിന്റ്സുകള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കവേ  ഞാന്‍ ചോദിച്ചു

" വാളെവിടെ "

ഷാജി വാ പൊളിച്ചു

"സ്ക്രിപ്റ്റെഴുതുമ്പോള്‍ വെള്ളമടിച്ചു വെച്ച വാളിന്റെ കാര്യമല്ല ചോദിച്ചത്‌ . ഫസ്റ്റ്‌ സീന്‍ വാള്‍പയറ്റാണ്‌ അതിനുള്ള വാളെവിടെ ?"

ഷാജി അമാന്തിച്ചില്ല. പുള്ളി എഴുന്നേറ്റ്‌ നിന്ന്‌ " ഫോളോ മീ " എന്ന ഡയലോഗും കാച്ചി നേരെ ഗ്രൗണ്ടിന് മറുവശത്തേക്ക്    നടന്നു. കോടഞ്ചേരി ഗവ കോലേജിനടുത്തുള്ള കാട്ടുപ്രദേശത്തു നിന്നും മൂന്നടി നീളമുള്ള രണ്ട്‌ ഉണക്ക വടിയൊപ്പിച്ചുകൊണ്ട്‌ ഷാജി യുദ്ധം ജയിച്ച നെപോളിയൻ രാജാവിനെ പോലെ ഞങ്ങളെ നോക്കി വളിച്ച ചിരി ചിരിച്ചു.
 
"നാടകത്തിന്റെ സ്ക്രിപ്റ്റ്‌ മാറ്റിയിരിക്കുന്നു. വാള്‍പ്പയറ്റിനു പകരം വടിപ്പയറ്റ്‌ -ബ്രസീലിയന്‍ സ്റ്റെയില്‍. "
 

* * *

ക്‌റ്‌ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍...….." അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നതാണ്‌! "

സ്റ്റേജ്‌ കുലുങ്ങുന്നുണ്ടോ എന്നൊരു സംശയം. അല്ല അതു തെറ്റാണെന്നും മറിച്ച് ഞാനാണ്‌ വിറയ്ക്കുന്നത്‌ എന്ന സത്യം മനസ്സിലാക്കാന്‍ അധികം നേരമെടുത്തില്ല. അപ്പോള്‍ പുഷ്പനും സകീറും ജെന്നിയുമൊ? അവരും വിറയ്ക്കുന്നുണ്ടായിരിക്കാം.

ക്‌റ്‌ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍...…..

തുണിപൊക്കി !

മുമ്പിലിരിക്കുന്ന ജനങ്ങളെ കണ്ടപ്പോള്‍ ഞനൊന്നു ഞെട്ടിയെങ്കിലും ധൈര്യം സംഭരിച്ച്‌ ഞാനും പുഷ്പനും വാള്(‍വടി)പ്പയറ്റിന്റെ പോസില്‍ അനങ്ങാതെ നിന്നു. റാം ജി റാവു  സ്പീക്കിങ്ങിലെ ഇന്നസെന്റിനെപ്പോലെ ഷാജി എന്തൊ ഇണ്ട്രൊഡക്ഷന്‍ ഡയലോഗ്‌ പറഞ്ഞു.

പറഞ്ഞു തീര്‍ന്നതിനു പിന്നാലെ പാറപ്പുറത്ത്‌ ചിരട്ടയുരയ്ക്കുന്ന മാതിരി അതിഭയാനകമായ ഒരു  സൌണ്ട് കോടഞ്ചേരിപ്രദേശത്തെ കുലുക്കിമറിച്ചു‌ - ഹംസ ബാക്ക്‌ഗ്രൗന്‍ഡ്‌ മ്യുസിക് ഓണ്‍ ചെയ്തതായിരുന്നു. അടുത്ത സെകന്റില്‍ തന്നെ അതോഫാക്കുകയും ചെയ്തു. കാസറ്റ് കടക്കാരൻറെ പിതാവിനെ സ്മരിച്ച നിമിഷങ്ങൾ. പിന്നീട്‌ മനസ്സിലായി അത്‌ കാസറ്റിന്റെ കുഴപ്പമല്ല മറിച്ച്‌ ഷാജിയുടെ പ്ലേയറിന്റെ തലയിലെ  പൂപ്പലായിരുന്നു കാരണമെന്ന്‌.

ബാക്ക്‌ഗ്രൗന്‍ഡ്‌ മ്യുസിക്കില്ലാത്ത നാടകം മാങ്ങയിടാത്ത മാംഗോ ഷെയിക്ക്‌ പോലെ കാണികള്‍ ആസ്വദിച്ചു. പല രംഗങ്ങളിലും  ഞാൻ ഒരു ബഞ്ചിനുമുകളിൽ ചാടിക്കയറി ചടുലതയോടെ ഡയലോഗുകൾ പറയണം. പക്ഷേ ഒരു ബ്യൂട്ടിക്ക്‌ വേണ്ടി ഷാജി ആ ബഞ്ച്   ഒരു നേര്‍ത്ത പിങ്ക് തുണിയിട്ടുമൂടിയതിനാൽ  അതില്‍ ചാടിക്കയറുമ്പോള്‍ ഒന്നുരണ്ടുവട്ടം ഞാന്‍ തെന്നി വീഴാനോങ്ങി. കാണികളിൽ പലരും  വിളിച്ചുപറഞ്ഞു " ഇപ്പൊ വീണേനേ!.."

കാണികളെ വിരള്‍ ചൂണ്ടി സംസാരിക്കുന്നതിനിടയില്‍ സക്കീറിന്റെ കൈ വിറയ്കുന്നത്‌ കണ്ടു. നാടകശേഷം അവന്‍ പറഞത് അത്‌ ഭാവാഭിനയമായിരുന്നെന്നാണ്. ആവോ ആര്‍ക്കറിയാം?

അടുത്തത്‌ ഞാന്‍ ഒറ്റയ്ക്ക്‌ അഞ്ചു മിനിറ്റ്‌ നീളുന്ന ഒരു ഡയലോഗ്‌ അവതരിപ്പിക്കണം. അതിന്റെ അവസാനം കൈകള്‍ രണ്ടും മേപ്പോട്ടുയര്‍ത്തി ദൈവത്തെ വിളിചു കരയുന്ന രംഗമണ്‌. പ്രസ്തുത രംഗം അവസാനിക്കാറായപോള്‍ കാണികളിലൊരു കശ്മലന്‍(അവനെങ്ങനതു കണ്ടെന്നറിഞ്ഞുകൂടാ) എഴുന്നേറ്റ്‌ നിന്നു സര്‍വശക്തിയുമെടുത്ത്‌ വിളിച്ചുപറഞ്ഞു
 
" മാര്‍ട്ടിനേ….. സിപ്പിടെടാ …."
 
ഉറക്കം തൂങ്ങിയിരിക്കുന്ന ജഡ്ജിമാര്‍ ഉണര്‍ന്ന്‌ ഉഷാറായി. പത്തുപതിനായിരം പേരടങ്ങുന്ന കാണികള്‍ എന്നെ നോക്കി ആര്‍ത്തുചിരിക്കുന്നു. ഞാന്‍ എങ്ങനേയൊക്കയോ ഡയലോഗ്‌ പറഞ്ഞുതീര്‍ത്തിട്ട്‌ കര്‍ട്ടന്നു പിന്നില്‍ ചെന്നു നോക്കിയപ്പോള്‍ സംഗതി ശരിയാണ്‌.
 
'ശ്ശൊ നാണക്കേടായി. ഞാനെനിയെങ്ങനെ പുറത്തിറങ്ങി നടക്കും? ഈശ്വരാ, എന്റെ ചാരിത്ര്യം? …'
 
ഞാന്‍ സ്റ്റേജിൽ നിന്നും വിടപറയുമ്പോൾ ഒരു കത്തുന്ന തീപ്പന്തവുമായി കാണികളെ കോരിത്തരിപ്പിക്കാൻ സ്റ്റേജിലേക്ക് കയറി അടുത്ത അഞ്ചുമിനിറ്റ് ഡയലോഗ് പറയേണ്ട   പുഷ്പന്‍ ദാ നില്‍കുന്നു എന്റെ മുമ്പില്‍.
 
'ങേ!,  ഇവനിതുവരെ പോയില്ലേ?'

നോക്കുമ്പോള്‍ ഷാജിയും ഹംസയുമിരുന്ന്‌ പന്തം കത്തിക്കാനുള്ള തത്രപ്പാടിലാണ്‌. ബട്ട്‌ പുള്ളിക്കാരന്‍ കത്തുകയില്ലെന്ന പിടിവാശിക്കരനായിപ്പോയി. സ്റ്റേജിലാണെങ്കില്‍ ആരുമില്ല. കാണികളുടെ പരിഹാസം കലർന്ന ബഹളം കൂടിയപ്പോൾ നിവര്‍ത്തിയില്ലാതെ പുഷ്പന്‍ മനസ്സില്ലാമനസ്സോടെ ചന്ദനത്തിരിയില്‍ നിന്നും പുകപോകുന്നതുപോലുള്ള കത്താത്ത പന്തവുമായി കാണികളുടെ മുന്നിലേയ്ക്ക്‌ ഡയലോഗുമായി  
 
"ദൈവമേ..., ഈ കത്തുന്ന തീപ്പന്തം സാക്ഷിനിര്‍ത്തി ഞാന്‍ സത്യം ചെയ്യുന്നൂ…. "

അങ്ങനെ ഒരു കണക്കിനു നാടകം തീര്‍ത്തു. ഗ്രൗണ്ടിനുപുറത്തുള്ള പെട്ടിക്കടയില്‍ നിന്നും രാത്രി മൂന്നു മണിയ്ക്ക്‌ ഞങ്ങൾ  ഓംപ്ലെറ്റും ചായയും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ചായക്കടക്കാരന്‍ വാസുവേട്ടന്റെ വക ലാസ്റ്റ്‌ ഡയലോഗ്‌

" മോനെ മാര്‍ട്ടിനേ, നീയ്യാ സിപ്പിതുവരെയിട്ടില്ലേ ?"


വാല്‍ 1 : ഒരു ദിവസംകൂടി എനിക്കവിടെ തങ്ങേണ്ടി വന്നു. പിറ്റേന്നു വീട്ടിലെത്തി പത്രമെടുത്ത്  നോക്കിയപ്പോൾ കലോത്സവ വിശേഷങ്ങള്‍ നാലാം പേജില്‍. കറുത്ത ഷര്‍ട്ടും നീല ജീന്‍സും ധരിച്‌ തലയില്‍ തോര്‍ത്തുമിട്ടിരിക്കുന്ന ഒരാളെ ഞാന്‍ ഒരു ഫോട്ടോയില്‍ കണ്ടു. അത്‌ ഞാന്‍ തന്നെയയിരുന്നെന്ന്‌ തിരിച്ചറിഞ്ഞത്‌ വളരെ പെട്ടെന്നയിരുന്നു.
 
വാല്‍ 2: ഹംസ ആഗ്രഹിച്ചത് പോലെയല്ലെങ്കിലും ഞമ്മളെ കോളേജിന്റെ പേര് കേരളനാട്‌ ഒട്ടാകെ മുയങ്ങി കേപ്പിക്കാൻ ഞമ്മക്ക്‌ കയിഞ്ഞു. 


No comments: