കശുമാങ്ങയുടെ അടിയില്‍ കശുവണ്ടി പറ്റിപ്പിടിചിരിക്കുന്നതു പോലെ ചിലർക്ക് ജന്മനാ ചില പിടിവാശികളും കൂടെയുണ്ടാവും. ആല്ലെങ്കില്‍പിന്നെ ബസ് സമരമുള്ള ദിവസം തന്നെ വടകരവാസിയും എന്റെ സഹമുറിയനുമായ ജിത്തുവിന് ബാംഗ്ലൂരിൽ നിന്ന് നാട്ടില്‍ പോകന്‍ തോന്നുമോ?
കക്കൂസില്‍ പോകുന്നതു പോലെ ഇടയ്കിടെ നാട്ടില്‍ പോകുന്ന സ്വഭാവമുള്ള ജിത്തുവിന് ഓരോ നാട്ടില്‍ പോക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാനകാത യാത്രകളായിരുന്നു. അതേപ്പറ്റിയോര്‍ത്ത് ദുഃഖത്തിലാഴുമ്പോഴായിരിക്കും അടുത്ത നാട്ടില്‍ പോക്ക്. അങ്ങനെയൊരിക്കല്‍ നാട്ടിലെത്തി തിരിച്ചു വരാതെ വടകരയില്‍ പുതുതായ്പണിത വീട്ടില്‍ മടിപിടിച്ചിരിക്കുമ്പോൾ തന്റെ മാനേജര്‍ക്ക് ഒരു ലീവ് ലെറ്റർ ഈമെയിലായി അയച്ചു - തന്റെ അച്ചാച്ചനും അമ്മമ്മയും ഒരു ബന്ധുവീട്ടില്‍ ബൈക്കില്‍ പോകവേ ആക്സിഡെന്റില്‍ പെട്ട് അത്യാസന്ന നിലയില്‍ വടകര ഗവ: ആസ്പത്രിയില്‍ കിടക്കുകയാണെന്ന്. മാത്രമല്ല അച്ചാച്ചന്‍ എന്തൂസിയാസത്തോടെ അണിഞ്ഞൊരുങ്ങി റെഡി ഫോര്‍ ഫയറിനായി കാത്തുനില്‍ക്കുകയാണത്രെ.
ഈമെയിലയച്ചത് ജിത്തുവയിരുന്നെങ്കിലും, അതിനു പിന്നിലുള്ള മാസ്റ്റര്‍ ബ്രെയിന്‍ ജിത്തുവിന്റെ കസിനും, എന്റെ സുഹ്രുത്തും, അ'പാര' ബുദ്ധിശാലിയുമായ ജിജേഷിന്റേതായിരുന്നു.
മാസത്തില്‍ ഒമ്പതു തവണ ബാംഗ്ലൂരില്‍ നിന്നും വടകരയിലേയ്ക്ക് മുങ്ങുന്ന ജിത്തു മൊത്തം എത്ര മണിക്കൂര്‍ ജോലി ചെയ്തെന്നു നോട്ട് ചെയ്ത് ഫൈനല്‍ ശമ്പളം കണക്ക്‌കൂട്ടിയെഴുതാന്‍ തന്നെ പത്ത് ദിവസം പിടിക്കും. അതിനിടയിലാന് ഇങ്ങനൊരു ഈ-മെയില്‍. മാനേജര്‍ തിരിച്ചൊരു മെയിലയച്ചു
" യൂ ആര്‍ ഫയേറ്‌ഡ് ".
ആങ്ങനെ ആ ജോലിയും പോയിക്കിട്ടി. ബാംഗ്ലൂരില്‍ ജോലി കിട്ടിയില്ലെങ്കില്‍ ലോകത്തെവിടെയും ജോലികിട്ടില്ലാ എന്നാണെല്ലോ പ്രമാണം. അതുകൊണ്ട് ജിത്തുവ്ന് ഇപ്പോഴും എപ്പോഴും ജോലികിട്ടിക്കൊണ്ടേയിരിക്കുന്നു.
2005 ഡിസമ്പര്‍ പതിനാറിന് ബംഗ്ലൂരിലെത്തിയ ജിത്തുവിന്റെ നാട്ടില്‍ പോക്ക് 2006 ഫെബ്രുവരി ഇരുപത്തെട്ടയപ്പോഴേയ്ക്കും എട്ടായി. അങ്ങനെയിരിക്കെയാണ് ബസ് സമരമുള്ള ദിവസം നാട്ടില്‍ പോകാന്‍ ജിത്തു ബാഗുമെടുത്തിറങ്ങിയത്. ഞാനും അസ്നാസും കരഞ്ഞുപറഞ്ഞൂ
"ജിത്തൂ ജിത്തൂ പോവല്ലേ,
അയ്യോ ജിത്തൂ പോവല്ലേ ! "
- കേട്ടില്ല. രാവിലെ ആറുമണിയുടെ തലശ്ശേരി ബസ്സ് തന്നെ പിടിചു.
മെജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ടു പായ്ക്കറ്റ് ഗുഡ് ഡേ ബിസ്ക്കറ്റും അരലിറ്റര്‍ സ്പ്രൈറ്റും മേടിച്ച് ഫ്രണ്ട് സീറ്റ് തന്നെ പിടിച്ചു. വടകര ബ്ലൂ ഡയമണ്ഡിലെ സ്പെഷ്യല്‍ വിഭവമായ പൊറോട്ടയും ബീഫ് ചില്ലിയേയും, കുമാരേട്ടന്റെ പെട്ടിക്കടയില്‍ നിന്നും പറ്റു പറഞ്ഞു മേടിക്കാന്‍ പോകുന്ന പാല്‍ സര്‍ബത്തിനേയും പറ്റി ചിന്തിച്ച് വായില്‍ വെള്ളമൂറിചുകൊണ്ട് യാത്ര തുടങ്ങി…. എല്ലാ ദിവസവും അതിരാവിലെ പത്തുമണിക്കെഴുന്നേല്‍കൂന്ന ജിത്തു അന്ന് നാലരയ്ക്കെഴുന്നേറ്റതാണ്. ഉറക്കത്തിന്റെ കാര്യത്തില്‍ കുംഭകര്‍ണനെപ്പോലും വെല്ലുന്ന ജിത്തു നാലഞ്ച് ബിസ്കറ്റും രണ്ട് സിപ്പ് സ്പ്രയിറ്റും അകത്താക്കി കണ്ട്രോള്‍ വിട്ട് ഉറക്കത്തിലേയ്ക്ക് അടി തെറ്റി വീണു.
….
കുമാരേട്ടന്‍ ഒരു ചെറുപുഞ്ചിരിയോടെ പെണ്ണുകാണാന്‍ വന്ന ചെക്കന്റെ മുന്നില്‍ ചായയുമായി വന്ന പെണ്ണിനെ പോലെ വലതുകയ്യില്‍ പാല്‍സര്‍ബത്തുമായി മുന്നില്‍ നില്‍ക്കുന്നു. പെട്ടെന്നാണതു സംഭവിച്ചത്. ഒരു ഞൊടിയിടകൊണ്ട് എല്ലാം ഇളകിമറിഞ്ഞു - "ഹെന്റമ്മേ ഭൂമികുലുക്കം........"
'സ്ഥലകാലബോധം വീണ്ടെടുത്തുകൊണ്ട് ജിത്തു ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. കര്‍ണാടക സ്റ്റേറ്റ് ബസ്സ് ബോർഡർ വിട്ട് കേരളത്തിലേക്ക് കടന്നിരിക്കുന്നു - ഇത്രയും പ്രതീക്ഷിച്ചില്ല."
കുറച്ചു കഴിഞ്ഞപ്പോള്‍ കുണ്ടും കുഴിയുമൊക്കെ സ്വൽപ്പം കുറഞ്ഞു. ശരീരത്തിന്റെ പല്‍പല ഭാഗങ്ങളില്‍ നിന്നും വേദന തോന്നി തുടങ്ങി. 'തിരുമ്മുകാരന്‍ ഗോപാലേട്ടന് ഇതൊരുപണിയാകുമൊ? ഈ നട്ടാപ്പകല് കര്‍ണാടക സ്റ്റേറ്റ് ബസ്സില്‍ തലശ്ശേരി ചുരമിറങ്ങി വന്ന എന്നെ വേണം തല്ലാന്‍. " എന്നൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ബസ്സ് പൊടുന്നനെ സഡന്‍ ബ്രേക്കിട്ടു.
ഒരു വളിച്ച ചിരിയൊടെ കണ്ഡക്ടര്‍ യാത്രക്കാരോട് അറിയാവുന്ന മലയാളത്തില്‍ പറഞ്ഞു "റോഡ് ബ്ലോക്കയിത്തു. മുമ്പോട്ട് പോകാന്‍ ശരിയാകൂല "
ജിത്തു മെല്ലെ റോഡിലേയ്ക്കിറങ്ങി. സമരക്കാര്‍ കല്ലും മരവുമൊക്കെ ഉപയോഗിച്ച് റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു. തലയൊന്നു തിരിച്ച് പുറകോട്ട് നോക്കി. പിന്നെ മുന്നോട്ട് നോക്കി. പൂച്ച ഉണക്കമീനും പച്ചമീനും കണ്ടതുപോലൊരു കണ്‍ഫ്‌യൂഷന്‍ - ബാംഗ്ലൂരേയ്ക്ക് നടക്കണോ തലശ്ശേരിയ്ക്ക് നടക്കണോ? ഉത്തരം കിട്ടാത്ത ചോദ്യം.
സമരത്തിന്റന്നു കേരളത്തില്‍ വണ്ടിയോടാനോ? അതും തലശ്ശേരിയില്‍. സമരത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം ലോകമെമ്പാടും അറിയപ്പെടുന്നതു തന്നെ ഈ പ്രത്യേക സാഹചര്യത്തില്‍ അങ്ങകലെ കാണുന്ന പച്ചപ്പ് ലാല്‍ ഭാഗല്ലേയെന്നു വരെ തോന്നിപ്പോയി. ബസ്സിപ്പോള്‍ ബാംഗ്ലൂരിലേയ്ക്ക് തിരിക്കും. ഈ ബസ്സില്‍ തന്നെയിരുന്നാല്‍ രാത്രിയാകുമ്പോഴേക്കും ബാംഗ്ലൂരെത്താം. ജിത്തു കീശയില്‍ നിന്നും ഒരു രൂപ നാണയമെടുത്തു. അച്ചാണെങ്കില്‍ ബാംഗ്ലൂര്‍, പുള്ളിയാണെങ്കില്‍ തലശ്ശേരി എന്നുറപ്പിച്ച് ടോസ്സ് ചെയ്തു. ടോസ്സ് വീണത് ബാംഗ്ലൂരിന്.
ബസ്സില്‍ നിന്നും ഒന്നുരണ്ടു പേര്‍ മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ ബാംഗ്ലൂരിലേയ്ക്ക്ക്ക് പോകാന്‍ റെഡിയായി ബസ്സില്‍ തന്നെയിരുന്നു. ജിത്തു വലങ്കാലെടുത്ത് ബസ്സിന്റെ പടിയില്‍ വെച്ചു.
ബ്ലൂ ഡയമണ്ഡിലെ പൊറോട്ടയും ബീഫ് ചില്ലിയും…
കുമാരേട്ടന്റെ പെട്ടിക്കടയിലേ പാല്‍ സര്‍ബത്ത്…..
ജിത്തു പിന്നെ അമാന്തിച്ചില്ല. പടിയില്‍ വെച്ച കാലെടുത്ത് തിരിച്ചു റോഡിലുറപ്പിച്ചു. രണ്ടും കല്‍പ്പിച്ചൊരു നടത്തമാണ് - ചലോ തലശ്ശേരി.
സ്ഥലമേതാണെന്നറിയില്ല. തലശ്ശേരിയ്ക്കെത്ര ദൂരമുണ്ടെന്നറിയില്ല. മനസ്സില്‍ നിറയെ പൊറോട്ടയും ബീഫ് ചില്ലിയും പാല്‍ സര്‍ബത്തും മാത്രം. ഒരു കാൽമണിക്കൂര്‍ നടന്നപ്പോഴാണ് ജിത്തുവിനൊരു വലിയ സത്യം മനസ്സിലായത് കൂടെയിറങ്ങിയവരുടെ വീടുകളൊക്കെ ആ പരിസരത്തു തന്നെയാണ്. അതിലൊരാളോട് ചോദിച്ചു
" ഇവിടുന്ന് തലശ്ശേരിയ്കെത്ത്ര ദൂരമുണ്ടാവും? "
"ദൂരമൊന്നും കൃത്യമായിട്ടറിയില്ല മോനേ. സുമാറൊരഞ്ചാറു മണിക്കൂര്‍ നടന്നാല്‍ തലശ്ശേരിയെത്തും."
വെട്ടിയിട്ട ചക്കപോലെ ദാ നിക്കുന്നു ജിത്തു. ഇടിവെട്ടേറ്റോന്റെ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴപെയ്തു എന്നുപറഞ്ഞതുപോലെയായി. കയ്യിലുണ്ടായിരുന്ന സ്പ്രൈറ്റ് മുഴുവന്‍ വായിലേയ്ക്ക് കമഴ്ത്തി ജിത്തു സമയം കളയാതെ നടത്തം ആരംഭിച്ചു. ഡിന്നറിന് വീട്ടിലെത്തണമെന്നൊരു ചിന്ത മാത്രമേയുണ്ടയിരുന്നുള്ളൂ.
എത്ര നടന്നെന്നൊരു നിശ്ചയവുമില്ല. റോഡരികില്‍ വീടുകളും മനുഷ്യരേയുമോക്കെ കാണാന്‍ തുടങ്ങിയപ്പോള്‍ ചെറിയൊരു സമാധാനം തോന്നിതുടങ്ങി. ഒരൊറ്റ വാഹനം പോലുമോടുന്നില്ല.
നടത്തത്തിന്റെ സ്പീഡ് കുറയുന്നുണ്ടോ എന്നൊരു സംശയം.
ഈശ്വരാ… ഡിന്നര്‍....
സ്പീഡ് താനേ കൂടി.
ജിത്തുവിന് പിന്നൊന്നും ഓര്‍മയില്ല. ഒന്നരയ്ക്ക് നടക്കാന്‍ തുടങ്ങിയതോര്‍മയുണ്ട്. വഴിയരികിൽ ഏതോ ഒരു വീട്ടില്‍ കയറി നിന്നും വെള്ളം കുടിച്ചതോര്‍മയുണ്ട്. അഞ്ചുമണിയ്ക്ക് മട്ടന്നൂരെത്തിയതും ഓര്‍മയുണ്ട്. വീട്ടിലെത്തി മത്തിക്കറി കൂട്ടി ചോറുണ്ട് കിടന്നുറങ്ങിയതുമോര്‍മയുണ്ട്. വേറൊന്നും ജിത്തുവിന്റെ മെമ്മറിയിലില്ല.
മട്ടന്നൂരില്‍ നിന്നണത്രെ തലശ്ശേരിയ്ക്ക് ജീപ്പ് കിട്ടിയത്. സാഹചര്യത്തെളിവുകള്‍ വെച്ചു നോക്കുമ്പോള്‍ ജിത്തു ഒരു 35-40 കിലോമീറ്റര്‍ നടന്നിട്ടുണ്ടാവണം. കാലിലെ വേദനയൊക്കെ മാറി എഴുന്നേറ്റ് നടക്കാന്‍ തന്നെ ഒരാഴ്ച വേണ്ടി വന്നു. തുടയില്‍ രൂപപ്പെട്ട മസിലുകള്‍ കണ്ടിട്ട് മിസ്റ്റര്‍ കേരളയ്ക്ക് അപേക്ഷ കൊടുത്താലോ എന്നുവരെ ചിന്തിച്ചു പോയി.
നാട്ടിലെത്തിയതിന്റെ മൂന്നാംനാള്‍ ബെഡ്രൂമില്‍ നിന്നും ബാത്ത്രൂമില്‍ പോകാന്‍ തന്നെ ജിത്തു ഇരുപത് മിനിറ്റെടുത്തത്രെ.
"സൗമ്യ സ്കൂള് ബിട്ട് ബരുന്ന നേരാണേപ്പോലും സമരേള്ള ദിവസം ബീട്ടീന്നിറങ്ങുന്ന പരിപാടിക്കിനി ഞാനില്ലേ "
എന്നാണത്ത്രെ കാലിലാണിയുള്ള മലയിലെ പോക്കര്‍ക്ക നടക്കുന്ന സ്റ്റൈയിലില്‍ ബാത്ത്രൂമിലേയ്ക്ക് നടക്കുമ്പോള്‍ ജിത്തു ജിജേഷിനോട് പറഞ്ഞത്
കഴിഞ്ഞ തവണ പറ്റിയതു പോലെ പറ്റാതിരിക്കാന്‍ ജിത്തു മാനേജര്‍ക്കൊരു എസ് എം എസ് അയച്ചു. " ബസ് സമരമായതിനാല്‍ 40 കിലോമീറ്റര്‍ നടക്കേണ്ടി വന്നു. കാലിന് തീരെ സുഖമില്ല. പത്തു ദിവസം അവധി തരണം" എന്നാണ് ഉദ്‌ദേശിച്ചത്.
പക്ഷെ അയച്ചത് ഇങ്ങനെയാണ് " In Kerala very big traffic jam. Walked 40 Kms. Leg is not in well. Need 10 days leave ".
വാൽ : ജിത്തിയിപ്പോ ലങ്ങ് ദുഫായിലാണു. ഗളുഫിൽ നിന്നും ഏറവും കൂടുതൽ തവണ നാട്ടിലേക്ക് പറന്ന വ്യക്തിയേതാണെന്നു 'നിങ്ങൾക്കുമാകാം കൊടീശ്വരനിൽ സുരേഷ് ഗോപി ചോദിച്ചാൽ ഉത്തരം പറയാൻ മറക്കേണ്ട !
വാൽ : ജിത്തിയിപ്പോ ലങ്ങ് ദുഫായിലാണു. ഗളുഫിൽ നിന്നും ഏറവും കൂടുതൽ തവണ നാട്ടിലേക്ക് പറന്ന വ്യക്തിയേതാണെന്നു 'നിങ്ങൾക്കുമാകാം കൊടീശ്വരനിൽ സുരേഷ് ഗോപി ചോദിച്ചാൽ ഉത്തരം പറയാൻ മറക്കേണ്ട !
1 comment:
koLLaam
Post a Comment