"എന്നും നന്മകൾ" എന്ന സത്യൻ അന്തിക്കാട് സിനിമയിലെ ഇന്നസെന്റ് അവതരിപ്പിച്ച തോറ്റ എംഎൽഎ എന്ന കഥാപാത്രത്തെപ്പോലെ ഒരു തോറ്റ പഞ്ചായത്ത് മെമ്പറായിരുന്നു എന്റെ അമ്മ, അതും വെറും നാല് വോട്ടിന് തോറ്റ പഞ്ചായത്ത് മെമ്പർ.
ബാലറ്റെണ്ണിയന്ന് വൈകുന്നേരം തന്നെ വടകരയുടെ വലതുപക്ഷ വീരനായകൻ ചിങ്ങാറമ്പത്ത് രാധാകൃഷ്ണേട്ടനും ബോയ്സും സംഘടിപ്പിച്ച ജാഥ വിത്ത് കിട്ടിയ വോട്ടിന് സിന്ദാബാദ് വിളി ഒരു വൻ വിജയമാക്കാൻ തോറ്റ ഗ്രാമ പഞ്ചായത്ത് മെമ്പറിന്റെ മകനായ ഞാനും തോറ്റ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പൊന്നറത്ത് ബാലകൃഷ്ണൻ മാഷിന്റെ മകനായ ലാലുവും മനസ്സില്ലാമനസ്സോടെ അതിൻ്റെ ഭാഗമാകാമെന്നേറ്റു. തോറ്റ പഞ്ചായത്ത് മെമ്പറിന്റെ മകൻ എന്ന നിലയ്ക്ക് അത്രയെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ മോശമല്ലേ?
മേമുണ്ട പ്രദേശത്തെ സകലലോക വലതുപക്ഷ അനുഭാവികളേയും മജീഷ് ഞൊടിയിടകൊണ്ട് സംഘടിപ്പിക്കാമെന്നേറ്റു. എല്ലാവരും വൈകിട്ടൊരു ആറുമണിക്ക് മേമുണ്ട മഠം ക്ഷേത്രത്തിനു മുന്നിൽ ഒത്തുകൂടാമെന്നും അവിടുന്ന് ജാഥയായി മേമുണ്ട പള്ളിവരേയും പിന്നവിടുന്ന് വലത്തോട്ട് തിരിഞ്ഞ് കോഴിപ്പീടികയ്ക്ക് മുന്നിലൂടെ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളുവരേയും അവിടുന്ന് എബവ് ടേൺ ചെയ്ത് വന്ന അതേവഴി തിരിച്ച് നടന്ന് മേമുണ്ട മഠം ക്ഷേത്രത്തിലെത്തി പിരിയാം എന്ന രാധാകൃഷ്ണേട്ടന്റെ മാസ്റ്റർ പ്ലാൻ പ്രകാരം ഞങ്ങൾ ആവേശഭരിതരായി മുന്നോട്ട് നീങ്ങി.
ഒടുക്കം ഞങ്ങളൊരു പതിനഞ്ചും മൂന്നും പതിനേഴു പേരും കൂടി മേൽപ്പറഞ്ഞ പ്ലാൻ പ്രകാരം മേമുണ്ട മഠം ക്ഷേത്രത്തിനു മുന്നിൽ കൃത്യം ആറ് മണിക്ക് ഒത്തുകൂടുകയും കൂടുതൽ പേർക്ക് വേണ്ടി ഒരരമണിക്കൂറുകൂടി കാത്തുനിൽക്കാമായിരുന്നെങ്കിലും ആരും വരില്ലെന്ന് നല്ല ഉറപ്പുള്ളതുകൊണ്ട് ഞങ്ങൾ ജാഥ ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ ഏതൊരു ജാഥ പോലെയും വളരെ സമാധാനപരമായിട്ടായിരുന്നു ഞങ്ങളുടെ ജാഥയുടേയും തുടക്കം. രാധാകൃഷ്ണേട്ടൻ പ്ലാൻ ചെയ്ത പോലെ ഞങ്ങൾ "ഇങ്ങനെയൊക്കെ ചെയ്യാമോ?" "നമ്മള് നാളേം കാണണ്ടേ?" "കിട്ടിയവോട്ടിന് സിന്ദാബാദ്" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഒന്നിന് പുറകേ ഒന്നായി വിളിച്ചുകൊണ്ട് മേമുണ്ട പള്ളിവരേയും പിന്നവിടുന്ന് വലത്തോട്ട് തിരിഞ്ഞ് കോഴിപ്പീടികയ്ക്ക് മുന്നിലൂടെ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളുവരേയും ചെന്നെത്തി.
സ്കൂളിന്റവിടന്ന് എബവ് ടേൺ ചെയ്ത് തിരിച്ചുവരുന്ന വഴി കവലയിലെ ചായപ്പീടികയിൽ ചില തഴക്കം ചെന്ന കമ്മ്യുണിസ്റ്റുകാരേയും വളർന്നു വരുന്ന ചില ചീള് സഘാക്കളേയും കണ്ടപ്പോ ആരോഗ്യധ്യഢവാൻമാരായ പതിനാറുപേർ കൂടെയുണ്ടെന്ന ഓവർകോൺഫിഡൻസിൽ രാധാകൃഷ്ണേട്ടൻ ആവേശം കൊള്ളുകയും മുദ്രാവാക്യം ഒന്ന് മാറ്റിപ്പിടിച്ച് പുട്ടിന് തേങ്ങാപ്പീരയെന്ന പോലെ "ഞെട്ടിപ്പോയ് ഞെട്ടിപ്പോയ്…. ജോക്കറുമുഖ്യൻ ഞെട്ടിപ്പോയ്" എന്നും കൂടെ കൂട്ടി വിളിച്ചു. സഖാവ് നായനാർ മുഖ്യമന്ത്രിയായിരിക്കുന്ന കാലമായിരുന്നത്. ഓരോ വിളി കഴിയുമ്പോഴും രാധാകൃഷ്ണേട്ടന്റേയും മറ്റ് പതിനഞ്ച് പേരുടേയും പിച്ച് കൂടുന്നതിനനുസരിച്ച് ജാഥ കഴിഞ്ഞ് കിട്ടുന്ന പഴംപൊരിയുടെ എണ്ണം കുറഞ്ഞുപോകേണ്ടെന്ന് കരുതി ഞാനും എന്റെ പിച്ച് കൂട്ടിക്കൊണ്ടേയിരുന്നു.
ഏകദേശം കോഴിപ്പീടിക കഴിഞ്ഞപ്പോഴേക്കും ഒരു മഴയുടെ ഇരമ്പൽ കേൾക്കുകയും, എന്താ ഇപ്പൊ ഇങ്ങനൊരു മഴ എന്ന് ചിന്തിച്ച് പുറകോട്ടു നോക്കിയ മജീഷ് "അയ്യോ ഓടിക്കോ" എന്നും പറഞ്ഞ് സിനിമേലെടുത്ത എൽദോനെപ്പോലെ ഓടുന്നത് കണ്ടിട്ട് ഞാനും ഒന്ന് തിരിഞ്ഞ് നോക്കിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം എനിക്കും പിടികിട്ടിയത്. കേട്ടത് മഴയുടെ ഇരമ്പലല്ല; മറിച്ച് ഇന്ദുചൂഡനെ സപ്പോർട്ട് ചെയ്യാനെത്തിയ നാട്ടുകാരെപ്പോലെ "അടിച്ച്കൊല്ലെടാ ആ ചെറ്റകളേ" എന്നുംപറഞ്ഞ് ഇരമ്പിക്കൊണ്ട് ഓടിയടുക്കുന്ന ഏകദേശം നൂറ്റമ്പതോളം വരുന്ന ഇടതുപക്ഷ അനുഭാവികളായിരുന്നു.
ജെറാർഡ് ബട്ലർ നായകനായ 300 എന്ന സിനിമയിറങ്ങുന്നതിന് മുൻപായിരുന്നു ഈ സംഭവം അരങ്ങേറിയത്. അല്ലെങ്കിൽ കാണാമായിരുന്നു രാധാകൃഷ്ണേട്ടൻ ആൻഡ് ബോയ്സിന്റെ യുദ്ധമുറകൾ. ഹൗവ്വെവർ ആ സത്യം എനിക്കറിയാമായിരുന്നത് കൊണ്ട് മെജീഷ്യന്റെ പുറകേ.. സോറി മജീഷിന്റെ പുറകെ ഞാനും ഓടി. ഒരു നാനൂറ് മീറ്റർ ഓടിക്കഴിഞ്ഞു ഒന്ന് ശ്വാസമെടുക്കാനായി ഞങ്ങൾ ഒരു ഇടവഴിയിലേക്ക് തിരിഞ്ഞതും അത്രയും നേരം ഞങ്ങളോടൊപ്പം നിന്ന് തൊണ്ടകീറി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന രാധാകൃഷ്ണേട്ടൻ ഓപ്പോസിറ്റ് സൈഡിൽ നിന്നും തിരിച്ച് ഇങ്ങോട്ട് ഓടി വരുന്നു. ഹൌ, വെൻ, വാട്ട് , വേർ, ഞങ്ങളെക്കാൾ മുൻപ് ഇയാളെങ്ങനെ, എന്നാലും ഇതെപ്പോ എന്നൊക്കെ ചിന്തിക്കുന്നതിന് സമയം തരാതെ നന്ദനത്തിലെ കുമ്പിടിയെ പോലെ ഒരു ചിരി മുഖത്ത് ഫിറ്റ് ചെയ്ത് രാധാകൃഷ്ണേട്ടൻ നോളൻ സിനിമ കണ്ട് കിളിപോയപോലെ നിൽക്കുന്ന ഞങ്ങളോട് ഇങ്ങോട്ടൊരു ചോദ്യം "എല്ലാം കഴിഞ്ഞോ മക്കളേ?"
ഇത്രയും നൈസായി മുങ്ങിയ മറ്റൊരാളെ ഞങ്ങൾ ജീവിതത്തിലിന്നുവരെ കണ്ടുകാണില്ലെന്ന് ചിന്തിച്ചുകൊണ്ട് ഞങ്ങൾ പതിയെ സംഭവസ്ഥലത്തേക്ക് നീങ്ങി. ആംബുലൻസ് വിളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനു മുൻപ് കണക്കെടുപ്പ് നടത്തണം എന്നതായിരുന്നു പ്രധാന ലക്ഷ്യം. അപ്പോഴേക്കും അടിക്കാൻ വന്നവർ കൈയ്യിൽ കിട്ടിയവന്മാരെയൊക്കെ തല്ലി റോഡിന് സൈഡിലൂടൊഴുകുന്ന തോട്ടിൽ തള്ളിയിട്ടിട്ട് വീണ്ടും കട്ടൻ ചായയും പരിപ്പുവടയും കഴിക്കാൻ പോയിക്കഴിഞ്ഞിരുന്നു . ഞങ്ങൾ എത്തിയ ഉടനെ കണക്കെടുപ്പും തുടങ്ങി. ആർക്കും സാരമായ പരിക്കുകൾ ഒന്നും ഇല്ലെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ഞങ്ങൾ മനസ്സിലാക്കുന്നത് - ലാലുവിനെ കാണാനില്ല.
രാധാകൃഷ്ണേട്ടന്റെ ഉച്ചത്തിലുള്ള "ലാലൂ..."എന്ന വിളി കേൾക്കേണ്ട താമസം നരസിംഹത്തിൽ ലാലേട്ടൻ വെള്ളത്തിൽ നിന്നും പൊങ്ങി വരുന്ന പോലെ കോഴിപ്പീടികയുടെ പിറകിലൂടൊഴുകുന്ന തോട്ടിൽനിന്നും അടികൊണ്ട് ചെരിഞ്ഞ തോളുമായി ലാലു വെള്ളത്തിൽ നിന്നും ചാടിയെഴുന്നേറ്റു. ഫോർ ദി സേക്ക് ഓഫ് ഐറണി, തലയിൽ മുഴുവൻ പറ്റിപ്പിടിച്ച കോഴിത്തൂവലുകളും കഴുത്തിന് ചുറ്റും ഉടയാഭരണമെന്ന പോലെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന രണ്ട് മൂന്ന് കോഴികുടലുകളുമായി ലാലു കുറ്റിചെടികളിൽ മുറുകെപ്പിടിച്ച് തോട്ടിൽ നിന്നും റോഡിലേക്ക് മെല്ലെ വലിഞ്ഞുകയറി.
ഈ സംഭവത്തിന് ശേഷമാണത്രെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ലാലു "മലവേടൻ" എന്നപേരിൽ അറിയപ്പെട്ട് തുടങ്ങിയത്.
1 comment:
Nice story. Election stories are always good to hear. Expecting more from you.
Post a Comment