Thursday, July 3, 2014

രക്തസാക്ഷി

രക്തസാക്ഷി

-കടത്തനാടൻ
Mar 07, 2014

ശോഭാ മിസ്സ് അന്ന്   ക്ലാസ്സിലേക്ക് കയറി വന്നത്  ഇംഗ്ലീഷിൽ അപ്രതീക്ഷിതമായൊരു ചോദ്യവുമായാണ്  " ജൂലിയസ് സീസറിനെ പിന്നിൽ നിന്നും കുത്താൻ ബ്രൂട്ടസിനെ പ്രേരിപ്പിച്ചതാരാണ്?" എന്നിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ച് മൂന്നാം ബെഞ്ചിൽ ചിരിച്ചുകൊണ്ടിരുന്ന സന്ദീപ്‌ കണ്ണൻ അഥവാ കണ്ണീർ കണ്ണനു നേരേ ദൃഷ്ടിയുറപ്പിച്ചു. പണി പാലും വെള്ളത്തിൽ കിട്ടിയെന്നറിഞ്ഞ  സന്ദീപ്‌,  "സന്ദീപ്‌, ആൻസർ " എന്ന് കേട്ട പാതി കേൾകാത്ത പാതി ചാടിയെഴുന്നേറ്റ് ഉത്തരവും നൽകി " ക്യാപ്റ്റൻ പൂസ് ". എന്നിട്ടഭിമാനഭൂരിതനായി തൊട്ടടുത്തിരികുന്ന ജിജുവിനെ നോക്കി ഒരു ഇന്നസെന്റ് മോടലിൽ "എങ്ങനേണ്ട് എങ്ങനേണ്ട് " എന്ന് മൂളിക്കൊണ്ടൊരു നില്പും.

"നീ നന്നാവില്ലെഡാ" എന്ന എക്സ്പ്രഷൻ കലർന്ന സെക്കന്റുകളോളം നീണ്ട ശോഭാമിസ്സിന്റെ തുറിച്ചുനോട്ടം സന്ദീപിന്മേൽ പതിയുകയും    വിവരമുള്ള ചിലർ ചിരിച്ചു തുടങ്ങുകയും ചെയ്തപ്പോഴാണ് സന്ദീപടക്കം ബാക്കിയുള്ളവർക്ക് കാര്യം പിടികിട്ടിയത് - ഏഴാമത്തെ പാഠത്തിൽ നിന്നുള്ള ശോഭാ മിസ്സിന്റെ ചോദ്യത്തിനു സന്ദീപ്‌ മറുപടി കൊടുത്തത് മൂന്നാം പാഠത്തിലെ കഥാപാത്രത്തിൻറെ പേരാണത്രെ. അതോടെ സന്ദീപ്‌ ഫേമസായി. ആ ഉത്തരത്തിനു പിന്നിൽ ജിജുവാണെണു സന്ദീപ്  വാദിച്ചെങ്കിലും ഫലം കാണാതെ അന്ന് മുതൽ ക്യാപ്റ്റൻ പൂസ് എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു തുടങ്ങുകയും   ദിവസങ്ങൾക്കുള്ളിൽ തന്നെ ചില മഹാന്മാരെപ്പോലെ  സ്വന്തം നാട്ടുപേരു കൂടെ ചേർത്ത് ക്യാപ്റ്റൻ പൂസ് വേളം പൂസായി പരിണമിക്കുകയും ചെയ്തു . മറ്റുള്ളവർക്ക് ഇരട്ടപ്പേരിടാൻ ബഹുകേമനായ സന്ദീപിന് കിട്ടിയ ഈ ആജീവനാന്ത  ഇരട്ടപ്പേര് പലരുടേയും ഉള്ളിന്റെയുള്ളിൽ എന്തെന്നില്ലാത്ത സന്തോഷം വാരി വിതറി. തേച്ചാലും മാച്ചാലും പോവാതെ ജീവിതാവസാനം വരെ ഈ പേരും കൂടെയുണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട് കഥ തുടരുന്നു…  

കൊല്ലവർഷം രണ്ടായിരത്തിയൊന്നിലെ ഒരു ഡിസംബർ മാസം - ലതായതു പ്ലസ് ടൂ പരീക്ഷാച്ചൂട് തലയ്ക്ക് പിടിക്കുന്നതിന് ഒരു രണ്ട് മാസം മുൻപുള്ള ഒരു ശനിയാഴ്ച്ച, കെമിസ്ട്രി ടീച്ചർ സ്മിതാമിസ്സും ബയോളജി  ടീച്ചർ സിൽജാമിസ്സും ലാബ്‌വർക്ക് തീർകാൻ ഞങ്ങളുടെ ഒരു ശനിയാഴ്ച പങ്കിട്ടെടുത്തു -  കാലത്ത് ഒൻപതര മുതൽ പന്ത്രണ്ടര വരെ രസതന്ത്രവും ഒന്നര മുതൽ നാലര വരെ ആനിമൽ പ്ലാനറ്റും, ഐ മീൻ ജീവശാസ്ത്രവും. ലാബിലുള്ള പഠനം സ്വതവേ ബോറടി കുറവായതിനാൽ കൃത്യം ഒൻപതു മണിക്കുതന്നെ ഞങ്ങൾ നാല്പത്തിരണ്ടു പേരും വടകരപ്പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന  പ്രകൃതി രമണീയത തുളുമ്പി നില്കുന്ന മൗണ്ട് വെള്ളാറാടിൻറെ ഉച്ചിയിലുള്ള ഞങ്ങളുടെ സ്വന്തം വിദ്യപ്രകാശ്‌ പബ്ലിക് സ്കൂളിന്റെ വോളീബോൾ ഗ്രൗണ്ടിൽ ഒത്തുകൂടി കത്തിയടി തുടങ്ങി.

രസന്ത്രം ലാബ് വളരെ രസമുള്ളതായിരുന്നു. മെത്തനോളും(വ്യാജ മദ്യം) എത്തനോളും(ഭക്ഷ്യയോഗ്യമായ മദ്യം) തമ്മിൽ എങ്ങനെ തിരിച്ചറിയാം എന്ന പഠനത്തിൽ മുഴുകിയിരിക്കുകയായിരുന്നു നമ്മുടെ വിപിൻ വേണു. ഒരു ശരാശരി വിദ്യാർഥിക്കുണ്ടാകുന്നതിനേക്കാൾ ഒരു നാലു മൈലിനപ്പുറത്തുള്ള സംശയരോഗത്തിനുടമയായ  ദീപക്കണ്ണന്  പഴംപൊരിയുടെ റ്റേസ്റ്റുള്ള ശീതള പാനീയം കെമിക്കൽസ് കൊണ്ടുണ്ടാക്കാൻ പറ്റുമോ എന്നായിരുന്നു സംശയം.  കളറുള്ള കെമിക്കൽസ് തപ്പി നടന്ന് ആസിഫും, ഇടയ്കിടെ ഒരോ റ്റെസ്റ്യൂബ് പൊട്ടിച്ച് ജിജുവും , ക്ലോറോഫോമിന്റെ കുപ്പിയെ ചുറ്റിപ്പറ്റി നിന്ന് ദീപുവും, കോച്ച് കാർട്ടർ എന്ന ഇംഗ്ലീഷ് സിനിമയുടെ കഥ ശംശീദിന് പറഞ്ഞുകൊടുത്ത് അസ്നാസും ബഹ്റൈനിൽ നിന്നും വരുന്ന വഴി പ്ലെയ്നിൽ നിന്ന് മുന്തിരിക്കുല പറിച്ച കഥയുമായി സീനത്തും   സമയം പതിയെ തള്ളിനീക്കിക്കൊണ്ടിരുന്നു. ഒരു പതിനൊന്നേമുക്കാലായപ്പോഴേക്കും കേശവന്റെ  ബീക്കറിൽനിന്നും  പൊടുന്നനെ പുകവരാൻ തുടങ്ങി. സൾഫ്യൂരിക് ആസിഡും അസറ്റിക്ക് ആസിഡും ഒരു ബീക്കറിൽ മിക്സ് ചെയ്ത് അതിൽ ഓറഞ്ച് കളറുള്ള എന്തോ ഒന്ന് കേശവൻ ഉറ്റിച്ചപ്പോ "ശൂ.." എന്നൊരു ശബ്ദത്തോടുകൂടി കുവൈത്തിലെ എണ്ണപ്പാടത്ത് അമേരിക്ക ബോംബിട്ടത് പോലുള്ള കറുത്ത പുകയും അതിനു പുറമേ ഒരു വൃത്തികെട്ട നാറ്റവും ലാബാകെ പടർന്നു പന്തലിച്ചു. ഞൊടിയിടയിൽ എല്ലാവരേയും പുറത്താക്കി ലാബും അടച്ചുപൂട്ടി സ്മിതാമിസ്സ് "കന്നിനെ കയം കാണിക്കരുത്. ഇന്ന് ഞാനത് പഠിച്ചു " എന്നും പറഞ്ഞ് ലേഡീസ് ഹോസ്റൽ ലക്ഷ്യമാക്കി നടന്നകന്നു. അതോടെ രസതന്ത്രത്തിന് ഒരു തീരുമാനമായി.

ഉച്ചയ്ക്ക് ഊണിനു സ്കൂൾ ക്യന്റീനിൽ നിന്നും സാമ്പാറും മുട്ടക്കറിയും ചോറുമടങ്ങുന്ന ത്രീ കോഴ്സ് മീൽ വയറു നിറയെ വെട്ടിവിഴുങ്ങി. പ്രാതലായലും ഊണായാലും അത്താഴമായാലും സാമ്പാർ ഇല്ലാത്ത ഒരു പരിപാടി ക്യാന്റീനിലില്ല. ഈ സാമ്പാറാണു വിദ്യപ്രകാശ്‌ ക്യാന്റീനിനെ വേറിട്ടു നിർത്തുന്നത്. കടയില്‍ നിന്ന് വാങ്ങുന്ന അതേപരുവത്തിലുള്ള ഒരു പറ്റം  പരിപ്പിന്‍ കുഞ്ഞുങ്ങള്‍   തിങ്ങിനിറഞ്ഞ് നീന്തിത്തുടിക്കുന്ന ഒരു മഹാസമുദ്രം. അതിൽ മമ്മൂക്കയുടെ ഗ്യാങ്ങ്സ്റ്റർ സിനിമ കാണാനിരുന്നവരെപ്പോലെ അങ്ങിങ്ങായി കുറച്ച് വെണ്ടക്കായും മുരിങ്ങാക്കായും തക്കാളിയും  ചിന്നഭിന്നമായി  ഉറങ്ങിക്കിടക്കുന്നു. പോഷകസമൃദ്ധമായ ഈ സാമ്പാറും മുട്ടക്കറിയുമായിരുന്നു വിദ്യപ്രകാശിലെ വിദ്യാർത്ഥികളുടെ പ്രധാന പ്രോട്ടീൻ സോർസ്. യുദ്ധത്തിനു പോയ ഗ്രീക്ക് ഭടന്മാരെപ്പോലെ അംഗവൈകല്യം സംഭവിച്ച കുറേ പുഴുങ്ങിയ  മുട്ടകളെ  ഉരുളക്കിഴങ്ങ് കഷണങ്ങിളിട്ടു വാറ്റിയകണക്ക് തോന്നുമെങ്കിലും ഈ മുട്ടക്കറി ഈസ് വെരി  വെരി റ്റേസ്റ്റീ. അമിതമായി കഴിച്ചാൽ  വീട്ടിൽ സ്വന്തമായി ഒരു ബയോഗ്യാസ് പ്ലാന്റ് തുടങ്ങാം എന്നൊരു ഗുണവും മെച്ചം. എനിവേയ്സ്, ലഞ്ചും കഴിച്ച് നേരെ ബയോളജി ലാബിലേക്ക് വെച്ചുപിടിച്ചു.

ലാബിന്റെ ആദ്യപകുതി യൂറിൻ ടെസ്റ്റ്‌, രണ്ടാം പകുതി ബ്ലഡ് ടെസ്റ്റ്‌. സിമ്പിളായിട്ടു പറഞ്ഞാൽ, എല്ലാവരും സ്വന്തം മൂത്രത്തിന്റെ ഒരു സാമ്പിൾ റ്റെസ്റ്റ്യൂബിൽ എടുത്തിട്ടു അതിൽ ആൽബുമിൻ ഉണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്യുക. അത് കഴിഞ്ഞാൽ സ്വന്തം രക്തം ഒരു തുള്ളിയെടുത്ത്  സ്ലൈഡിൽ ഇട്ട് മൈക്രോസ്കോപ്പിലൂടെ നോക്കി അരുണരക്താണുക്കളേയും ശ്വേതരക്താണുക്കളേയും കണ്ടുപിടിക്കുക. ഇത്രേ ഉള്ളു കാര്യം. ഞങ്ങളെല്ലാവരും വാഷ്‌റൂമിൽ ചെന്ന് റ്റെസ്റ്റ്യൂബിൽ യൂറിൻ സാമ്പിൾ എടുത്തുവന്നു. ഒട്ടുമുക്കാൽ പേരും എസ്പെഷ്യലി പെൺപിള്ളേർ ഒരു ചമ്മലോടെയാണ് സാംപിളുമായി ലാബിലേക്ക് വന്നുകയറിയത് . അധികം വൈകാതെ ജാള്യതയൊക്കെ മറന്ന് എല്ലാവരും നിർദേശാനുസരണം ടെസ്റ്റ്‌ ആരംഭിച്ചു.

പഠിത്തതിനിടെ കല്യാണം കഴിച്ച നജ്മ ഹണിമൂണും കഴിഞ്ഞു ക്ലാസിൽ ആദ്യം വന്ന ദിവസമായിരുന്നു അന്ന്. യൂറിൻ സാമ്പിൾ പാതി നിറച്ച റ്റെസ്റ്റ്യൂബും വാനോളം ഉയർത്തിപ്പിടിച്ച് അതിലേക്ക് കണ്ണുംനട്ട് ഒന്നും  പിടികിട്ടാതെ സിൽജാമിസ്സിന്റെ അടുക്കലേക്ക് നടന്നുകൊണ്ടിരുന്ന നജ്മയോട് ദീപുവിന്റെ വകയൊരു ചോദ്യം - "എന്താ നജ്മേ, വല്ലോം തെളിഞ്ഞോ?". സാമ്പാറിന്റെ മണമുള്ള ഏമ്പക്കം വിട്ട് പാതിയുറക്കത്തിൽ മൂത്രം തിളപ്പിച്ചുകൊണ്ടിരുന്ന പുരുഷപ്രതാപികളും ഇതെങ്ങനെയെങ്കിലും തീർന്നുകിട്ടണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്ന സ്ത്രീജനങ്ങളും  ഒരു നിമിഷം ഒന്നടങ്കം ചിരിയിലാണ്ടു. ലജ്ജാവതിയായി തലതാഴ്ത്തി നജ്മയും എല്ലാവരേയും ഒന്ന് ചിരിപ്പിക്കാൻ കഴിഞ്ഞതിൽ കൃതാർത്ഥനായി  ദീപുവും ചിരിച്ചുഷാറായി. ഉറക്കപ്പിച്ചു പോയ ഞങ്ങൾ മെല്ലെ യൂറിൻ ടെസ്റ്റ്‌ പൂർത്തിയാക്കി ബ്ലഡ് ടെസ്റ്റിനു തയ്യാറായി നിന്നു.

"സൈലൻസ്…." സിൽജാ മിസ്സിന്റെ ആദ്യത്തെ ഉത്തരവ്.

"കീപ്‌ ദ സ്ലൈട്സ് റെഡി ഓണ്‍ ദ കൌണ്ടർടോപ്സ്". എല്ലാവരും സ്ലൈഡ് എടുത്ത്  മേശപ്പുറത്ത് തുറന്നു വെച്ചു.

"പ്രിക്ക് എനി ഓഫ് യുവർ ഫിംഗർ ടിപ് വിത്ത്‌ നീടില്സ്  പ്രൊവൈഡട്." പിന്നേ…,  ഇമ്മിണി പുളിക്കും … തന്നിരിക്കുന്ന സൂചി കൊണ്ട് സ്വന്തം വിരൽതുമ്പിൽ കുത്തി ചോര വരുത്താൻ. പറയാൻ എളുപ്പമാണ്, കുത്താൻ പേടിയുണ്ടായിട്ടല്ല, ഒരു ചെറിയ ഭയം. എത്ര ശ്രമിച്ചിട്ടും കുത്താൻ തോന്നുന്നില്ല. അവസാനം സിൽജാ മിസ്സു തന്നെ ഒരു പോംവഴി കണ്ടെത്തി -  എല്ലാവരും ഒരു പാർട്ട്‌ണറെ കണ്ടുപിടിക്കുക എന്നിട്ട് അന്യോന്യം പ്രിക്കി  സഹായിക്കുക. എല്ലാവരും സംഭവം ക്ലാപ്പടിച്ചു പാസാക്കി. സ്ത്രീജനങ്ങൾ പെട്ടന്നു തന്നെ അവരുടെ ഇടയിൽ നിന്നും ഓരോരുത്തരെ കണ്ടുപിടിച്ച് അന്യോന്യം പ്രിക്കി രക്തവുമെടുത്തു റ്റെസ്റ്റിങ്ങും തുടങ്ങി.

ഞങ്ങളുടെ ഇടയിൽ പക്ഷെ  കഥ മാറി. കുത്തിനോവിക്കൽ എന്നൊരു പ്രക്രിയയുടെ സാധ്യത മനസ്സിലാക്കിയ ചില ക്ണാപ്പന്മാർ അത് മുതലെടുത്ത് പരസ്പര സഹായം ഒരുതരം പകപോക്കലാക്കി മാറ്റി. പ്രിക്കാൻ ആസിഫിന് കൈ നീട്ടിക്കൊടുത്ത കേശവന്റെ നേർക്ക്‌ ചില സാമൂഹ്യദ്രോഹികൾ നടത്തിയ ആക്രമണത്തിന്റെ ഫലമായി തന്റെ അഞ്ചു വിരലുകളിൽ നിന്നും രക്തം പൊടിഞ്ഞു. ദർശാദിനും കിട്ടി കയ്യിലും കാലിലുമൊക്കെയായി ഒരു പത്തുപതിനഞ്ച് പ്രിക്ക്. വേളം പൂസിന് പാർട്ട്‌ണറായി കിട്ടിയത് ജിജുവിനെയാണ് - വേളം പൂസെന്ന പേര് സന്ദീപിന് വീണതിനു പിന്നിൽ താനാണെന്നുള്ള കാരണം കൊണ്ടാണോ എന്തോ എട്ടിന്റെ പണി കിട്ടുമെന്നുറപ്പായ ജിജേഷ് സൂചിയെടുത്ത് സ്വയം പ്രിക്കി വീരമൃത്യുവടയുകയും  വേളം പൂസിനെ നോക്കി ഒരു വളിച്ച ചിരിയും പാസാക്കി സ്വന്തം രക്തവുമായി നേരെ മൈക്രോസ്കോപ്പിനടുത്തേക്ക് വലിയുകയും ചെയ്തു. അല്പനേരം സ്വയം പ്രിക്കാൻ ശ്രമിച്ച് ഫലമില്ലാതെ വന്നപ്പോൾ ഇപ്പൊ വരാമെന്ന് പറഞ്ഞു വേളം പൂസ് സൂചിയുമെടുത്ത് പുറത്തേക്ക് നടന്നു.

ലാബ് ആവശ്യങ്ങൾകായി വച്ചിരുന്ന വെള്ളം കളയാൻ ബക്കറ്റുമായി സനൽ സുകുമാരാൻ പുറത്തിറങ്ങിയതിനു തൊട്ടു പിന്നാലെ വന്ന "പധക്കോം" ശബ്ദം കേട്ട്, വെള്ളം കളയുമ്പോൾ ഇത്രയും സൌണ്ട് ഉണ്ടാകേണ്ടതില്ലല്ലോ എന്ന് ചിന്തിക്കുകയും ഇനിയതല്ല സനൽ വെള്ളത്തിന്റെ കൂടെ ബക്കറ്റും എറിഞ്ഞുകാണും എന്ന് കരുതി പുറത്തിറങ്ങിയ ഞങ്ങൾ  കണ്ടത് ഞങ്ങൾക്കുണ്ടായിരുന്ന അതേ അമ്പരപ്പ് ഏഴടി നീളമുള്ള ആ ശരീരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന  കൊട്ടത്തേങ്ങ പോലുള്ള ആ  മുഖത്ത് ഫിറ്റ്‌ ചെയ്ത് ബക്കറ്റും വെള്ളവുമായി സനൽ ഞങ്ങളേയും നോക്കി നില്കുന്ന കാഴ്ച്ചയായിരുന്നു. ആ "പധക്കോം" ശബ്ദത്തിന്റെ ഉറവിടം അന്വേഷിച്ചു ചെന്ന ഞങ്ങളുടെ ശ്രദ്ധ ലാബിന്റെ പുറത്ത് വരാന്തയുടെ ഒരു മൂലയ്ക്ക് ക്യാന്റീനിൽ വിറക് കത്തിച്ചതിന്റെ ബാക്കി ചാരമിടുന്ന ഒരു കുഴിയിലേക്ക് തിരിഞ്ഞു. എന്തോ കനമുള്ള വസ്തു ഇട്ടതു പോലെ ചാരവും  പൊടിപടലങ്ങളും പുക പോലെ പുറത്തേക്ക് വമിച്ചുകൊണ്ടിരുന്നു. പൊടിപടലങ്ങളൊക്കെ ഒന്ന് സെറ്റില്ഡായപ്പൊ കണ്ട കാഴ്ച അപാരം തന്നെ!

വെട്ടിയിട്ട ചക്കപോലെ  ലാബിന്റെ മച്ചിൽ കണ്ണും നട്ട് ഇടത്തേ കൈയ്യും വലത്തേക്കാലും നോർത്തിലേക്കും ബാക്കിയുള്ളവ സൌത്ത് വെസ്റ്റിലേക്കും പോയിന്റ് ചെയ്ത്  ചാരക്കുഴിക്കുള്ളിൽ ചാരത്തിൽ കുളിച്ച് കിടക്കുന്നു നമ്മുടെ സ്വന്തം വേളം പൂസ്.

അബോധാവസ്ഥയിൽ "ഓ പോസിറ്റീവ്", "ഏ ബി നെഗറ്റീവ്" എന്ന് പുലമ്പിക്കൊണ്ടിരുന്ന വേളം പൂസിനെ ഉടൻതന്നെ  പൊടിതട്ടി ഗ്ലാമാറാക്കി സത്താർകാന്റെ വണ്ടിയിൽ വടകര ആശാ ഹോസ്പിറ്റലിൽ കൊണ്ടുത്തട്ടുകയും ചോദിച്ചവരോടൊക്കെ ഫാൻസി ഡ്രസ്സ് മത്സരത്തിൽ ഭസ്മം പൂശിയ ശിവനായി അഭിനയിച്ചോണ്ടിരുന്നപ്പൊ തലകറങ്ങിയതാണെന്ന് പറയുകയും    ഇരുപത്തിനാലു മണിക്കൂർ ഒബ്സർവേഷിനിൽ കിടത്തി പിറ്റേന്ന് വൈകിട്ട്  ഡിസ്ചാർജ്ജായതിനു ശേഷം  വീട്ടിൽ കൊണ്ടാക്കുകയും ചെയ്തു. ശേഷം    വീട്ടിൽ ഇളനീരും കുടിച്ച് ഒരാഴ്ച്ചത്തെ  ബെഡ് റസ്റ്റ്‌.

ചെറിയതോതിൽ  രക്തം കണ്ടാൽ തലച്ചുറ്റുന്ന അവസ്ഥയായ  ഹീമോഫോബിയയാണ്  വേളം പൂസിനെ അസ്വസ്ഥനാക്കി ലാബിന്റെ വരാന്തയിൽ കൊണ്ടെത്തിച്ചത്. സ്വൽപ്പം   ധൈര്യം സംഭരിച്ച് ടിയാൻ  വരാന്തയിലെ  തൂണും ചാരി നിന്ന് കണ്ണുമടച്ച് സൂചി കൊണ്ടു സ്വന്തം വിരൽ തുമ്പിൽ ഒരു ചെറിയ കുത്ത് കുത്തി - എല്ലാം ശുഭം - പക്ഷെ വിരലിൽ നിന്നും പൊടിഞ്ഞ ആ ഒരു തുള്ളി രക്തം കണ്ടപ്പൊ സംഭരിച്ചു വെച്ച ധൈര്യം എങ്ങോ പോയി, കൂടെ തന്റെ ബോധവും. കണ്ണു തുറന്നപ്പോൾ കാണുന്നത് തലയ്ക്കു മുകളിൽ കറങ്ങുന്ന ആശാ ഹോസ്പിറ്റലിലെ പൊടിപിടിച്ച വെള്ള ഫാനാണ്.

എന്തായാലും ഈ  സംഭവത്തോടുകൂടി വേളം പൂസ് വീണ്ടും  സ്കൂളിൽ ഫേമസായി. വേളം പൂസ് എന്ന പേരിനു പുറമേ സന്ദീപിന്റെ തൊപ്പിയിലെ ഒരു പൊൻതൂവൽ കൂടിയായി ഈ ബൊധക്കേടും ചാരക്കുഴിയും.  അതോടൊപ്പം "ഓടും പൂസ് ചാടും പൂസ് രക്തം കണ്ടാൽ നില്കും പൂസ് " പോലുള്ള കടംകഥകളും, " വേളം പൂസിനെ രക്തം കാണിച്ചു പേടിപ്പിക്കുന്നോ?" എന്നൊക്കെയുള്ള  പഴംചൊല്ലുകളും സംഭവത്തോടെ ഉടലെടുത്തു. അന്ന് മുതൽ ഇന്നുവരെ  ഞങ്ങളെല്ലാവരുടെയും  സ്കൂൾ ജീവിതത്തെ പറ്റിയുള്ള ചർച്ചകൾകിടയിൽ ഒരു സ്ഥിരം വിഷയമായി മാറി വേളം പൂസിന്റെ ചാരക്കുഴിയും ബോധക്കേടും.

വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം സിഇറ്റി എന്ജിനിയറിംഗ്  കോളേജിൽ അഡ്മിഷൻ കിട്ടിയ ദീപുവിന്റെ ഒരു കസിൻ കുശലാന്വേഷനത്തിനിടെ ദീപുവിനോട് ചോദിച്ചത്രെ " ദീപ്വേട്ടാ, ഇങ്ങളെ കൂടെ സ്കൂളിൽ പഠിച്ചതാണോ ഒരു സന്ദീപ്‌ കണ്ണൻ? ചങ്ങായി ഒരു ജാതി കച്ചറയാ. ജൂനിയേർസിനെ ഒക്കെ ഒടുക്കത്തെ റാഗ്ഗിങ്ങാ "

"ആര്, മ്മളെ വേളം പൂസോ? ഹാ ഹാ …. നീ പേടിക്കെണ്ട്രാ…. കൈ മുറിച്ച് കാണിച്ചാ മതി, ഓൻ ബോധം കെടും. "

വാൽകഷ്ണം - വിദ്യപ്രകാശ് പബ്ലിക്ക് സ്കൂളിലെ മഹത്തായ സാമ്പാറിനെ പറ്റി മുകളിലെഴുതിയിട്ടുണ്ടെങ്കിലും ഒരു ഗ്ലാസ് പാലും ഒരു കക്കിരിയും മാത്രം സേവിച്ച് ഉറങ്ങാൻ കിടന്നിരുന്ന പട്ടിണി നിറഞ്ഞ ബാംഗ്ലൂർ ജീവിതത്തിനിടയിൽ പല രാത്രികളിലും ആ സാമ്പാറിനെ ഞാൻ കൊതിയോടെ ഓർത്തുപോയിട്ടുണ്ട്.

-കടത്തനാടൻ
Mar 07, 2014

Tuesday, June 10, 2014

ഹാർലി ഡേവിഡ്സണ്‍

പുലർച്ചെ 5:30ന്  ഉറക്കത്തിൽ നിന്നും ഞെട്ടിയെണീപ്പിച്ചുകൊണ്ട് ഒടിയന്റെ ഫോണ്‍കോൾ. ഇവനെന്താ ഈ നേരത്തെന്നു അമാന്തിച്ച് ആൻസർ ചെയ്തു

" എന്താടാ ഒടിയാ ? " ഒരുറക്കപ്പിച്ചോടെ ഞാൻ ചോദിച്ചു.

" നീ ഉറങ്ങുകയായിരുന്നോ? "

" ഉം…"

"അവിടെയിപ്പൊ എത്രയാ സമയം ? "

" രാവിലെ അഞ്ചര " .

" സോറിയളിയാ, ഞാനറിഞ്ഞില്ല "

ആ ക്ണാപ്പനു സമയമറിയാഞ്ഞിട്ടല്ല. ഇൻഫോസിസിൽ അവനിരിക്കുന്ന ഡസ്കിനു മുൻപിൽ വലിയൊരു ഡിജിറ്റൽ ക്ലോക്കുണ്ട് - ഏതു കണ്ണുപൊട്ടനും കാണാൻ പാകത്തിലൊരെണ്ണം - ഞാനും അതിനുമുന്നിലിരുന്ന് ഒരു മൂന്നു വർഷം പയറ്റിയതാണെല്ലൊ? അതിൽ മുമ്മൂന്നു സെക്കൻറ് കഴിയുമ്പോഴും ചുവന്ന വലിയ അക്ഷരത്തിൽ എഴുതുക്കാണിക്കും - "ബാംഗ്ലൂർ, ഡൽഹി, മുംബൈ, ചെന്നൈ - 05:00 പി എം", "മോസ്കോവ് - 3:30 പിഎം", "പാരിസ്, ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട് - 01:30 പിഎം", " ലണ്ടൻ - 12:30 പിഎം" "യുഎസ്/കാനട സെൻട്രൽ റ്റൈം - 05:30 എ എം", "റിയോ ഡി ജെനേറോ - 08:30 എ എം ", "ടോകിയോ - 08:30 പിഎം" എന്നിങ്ങനെ. അകത്തൊന്നുമില്ലാത്ത ആ തലയൊന്നുയർത്തി അതിന്മേൽ ജന്മനാ ഫിറ്റ് ചെയ്‌തുവെച്ചിരിക്കുന്ന  ജഗദീഷിന്റേതു പോലുള്ള ആ ഉണ്ടക്കണ്ണ്  തുറന്ന്  ആ ക്ലോക്കിലേക്ക് നോക്കിയാൽ ഇവിടുത്തെ സമയം കൃത്യമായറിയാം ആ കോപ്പന് പക്ഷേ ഇതിപ്പോ  ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേൽപ്പിക്കാൻ തുനിഞ്ഞിറങ്ങിയതുകൊണ്ട് അനുഭവിച്ചല്ലേ മതിയാകൂ.

പണ്ടാരക്കാലാ, ഒരു പത്തു ദിവസം വയറിളക്കവും ചർദിയും വന്ന് ഉറക്കംകിട്ടാതെ നീ കഷ്ട്ടപ്പെടുമെടാ എന്ന് അവനെ മനസ്സിൽ  ശപിച്ചുകൊണ്ട് ഞാൻ ഒടിയനോട് വിളിച്ചതിന്റെ ഉദ്ദേശം ആരാഞ്ഞു .

"എടാ ജയാ...,  നീ മണ്ണുവിന്റെ ഫേസ്ബുക് പ്രൊഫൈൽ പിക്ചർ കണ്ടോ?"

"ഇല്ല.... എന്തേയ്?"

"യേയ് ഒന്നുമില്ല. നീ എഴുന്നേൽകുമ്പോൾ മണ്ണുവിന്റെ ഫേസ്ബുക് പ്രൊഫൈൽ പിക്ചർ നോക്ക്. എന്നിട്ടെന്നെ വിളിക്ക്"

"ശരി....."

ഫോണ്‍ കട്ടുചെയ്ത് ഞാൻ  തിരിച്ച് പുതപ്പിനടിയിലേക്കു ചുരുണ്ടു.

പതിവുപോലെ ഞാൻ അന്നും വൈകിയാണ് എഴുന്നേറ്റത്, വൈകിയാണ് പല്ല് തേച്ചതും കുളിച്ചതും, വൈകിയാണ് ഓഫീസിലെത്തിയതും, വൈകിയാണ് മാനേജരുടെ വായിൽ നിന്നും തെറികേട്ടതും. അഭിമാനഭൂരിതമാകുന്ന ആ നിമിഷങ്ങൾ. എല്ലാ ഐറ്റി ജീവനക്കാരുടേയും ദിവസം തുടങ്ങുന്നതും  അവസാനിക്കുന്നതും മാനേജെർമാരുടെ ഈ തെറിയിലാണെന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ? ആദ്യമൊക്കെ എനിക്ക് വലിയ വിഷമമായിരുന്നു. പിന്നെയൊരിക്കൽ ആകസ്മികമായി അയാളുടെ മാനേജർ അയാളെ പച്ചയ്ക്ക് തെറിവിളിക്കുന്നത് കേട്ടപ്പോൾ ഞാൻ നിന്നനിൽപ്പിൽ  ധൃതകിതപുളകിതനായി. ആ സീൻ ഓർകുമ്പോൾ ഇന്നും മനസിനുള്ളിൽ എന്തെന്നെന്നില്ലാത്ത സന്തോഷം.

എനിവേസ്, ഉച്ചയ്ക്ക് ലഞ്ച്ബ്രേക്കിനു ഞാൻ മണ്ണുവിന്റെ  ഫേസ്ബുക് പ്രൊഫൈലിൽ ഒന്ന് കയറി നോക്കി സംഭവം എന്താണെന്ന് പറയുന്നതിന്  മുൻപ് ഒരു ചെറിയ ഫ്ലാഷ്ബാക്ക് (എല്ലാവരോടും  ബ്ലാക് ആൻഡ്‌ വൈറ്റിൽ വായിക്കാൻ വിനീതമായി അപേക്ഷിക്കുന്നു)

സുജിത്ത് മണ്ണുവായതെങ്ങെനെയെന്നറിയില്ല - അത് ഞാൻ വായനക്കാരുടെ ഭാവനയ്ക്ക് വിട്ടുതരുന്നു.  ഇൻഫോസിസിൽ ഒരുമിച്ചു കയറിയതാണ് സനൂപും പുഷ്പനും ജേക്കബ്ബും ഞാനും മണ്ണുവും ഒടിയനും ജുബിത്തുമുൾപടെ  മുപ്പതുപേർ. ട്രെയിനിംഗ് കഴിഞ്ഞ് ഓരോരുത്തരായി ഒരോ പ്രോജക്ടിലേക്ക് മാറി. ഓരോ മണിക്കൂറിലും രണ്ട് കോഫീ ബ്രേക്കിനെകിലും പോകുന്ന ഒടിയന് കമ്പനിക്ക് കൂടെപ്പോകുന്ന ഗൊളീഗ്സ് മാത്രമായിരുന്നില്ല ഞാനും മണ്ണുവും സനൂപും  - ആത്മമിത്രങ്ങളായിരുന്നു ഞങ്ങൾ.

മണ്ണുവിന്റെ ആകെയുള്ളൊരു വീക്നെസ് ആണ് തായ്‌ മസ്സാജ് - ലതായത് തായ്ലാൻഡിൽ തായ് സുന്ദരിമാർ ചെയ്യുന്ന മസ്സാജ് ഉൾപടെയുള്ള സുഖചികിത്സ. പക്ഷെ ജനിച്ചത് കണ്ണൂരിലായതുകൊണ്ട് വിശ്വം കുരിക്കളുടെ ചവിട്ടിയുഴിച്ചിൽ അനുഭവിക്കാനുള്ള യോഗം മാത്രമെ പുള്ളിക്കുണ്ടായിരുന്നുള്ളൂ. കുതിരക്കുളമ്പു പോലെ തഴമ്പിച്ച കാലുകൾ കൊണ്ട് വിശ്വം കുരിക്കൾ വർഷാവർഷം കർകിടക മാസത്തിൽ ചെയ്തുവരുന്ന ഉഴിച്ചിൽ ചികിത്സയെക്കാൾ നല്ലത് കേരളാ പോലീസിന്റെ ഉരുട്ടിതിരുമ്മലാണെന്നാണ്   സുഖചികിത്സ കഴിഞ്ഞ് നടുവൊടിഞ്ഞ  രോഗികൾ നാടാടെ പറഞ്ഞുപരത്തിയിരുന്നത്. ആ കാലുകളുടെ അടിയിൽ നിന്നും സ്വന്തം പുറം പാളീസായിക്കൊണ്ടിരിക്കുമ്പോഴും എന്നെങ്കിലുമൊരിക്കൽ തായ്ലാൻഡിലെത്തുമെന്നുള്ള വിശ്വാസത്തിൽ മണ്ണു വേദന കടിച്ചുപിടിച്ച് അലമുറയിട്ടുകരഞ്ഞു.

ആയിടയിലാണു എനിക്ക് കാനടയിലേക്ക് വിസ കിട്ടുന്നത്. എല്ലാവരേയും പോലെ ഒരു നാല് പെഗ്ഗിൻമേൽ ഗുഡ്ബയ് പറഞ്ഞ് ഞാനിങ്ങ് കയറി. തായ് വിസയ്ക്കു കാത്തിരിക്കുകയായിരുന്ന മണ്ണു തായ്ലാൻഡിൽ പോകാനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു - പാവാടയുടുത്ത് ഫുട്ബാൾ കളിക്കാനും, മുട്ടുകുത്തിയിരുന്നു വെള്ളേപ്പം കഴിക്കാനും, ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ജ്യൂസ് കുടിക്കാനുമൊക്കെ സെല്ഫ് ട്രെയിൻ ചെയ്യുകയും ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എന്നോണം ബാംകോക്ക് യൂനിവേർസിറ്റിയുടെ 'മുപ്പതു ദിവസംകൊണ്ട് തായ്‌ ഭാഷ പഠിക്കൂ' എന്ന പുസ്തകം വിമാനമാർഗം പറത്തിവരുത്തി മനസ്സിരുത്തി പഠിക്കാനും മറന്നില്ല. നിലം തൊടാതെയുള്ള കുങ്ഫൂ അഭ്യാസവും പഠിക്കണമെന്നുണ്ടായിരുന്നു - അതിനിറങ്ങിപ്പുറപ്പെട്ട് അവസാനം പത്തു ദിവസം നിലം തൊടാതെ ആശുപത്രിയിലും കിടന്നത്രെ. കാത്തിരുന്ന് കാത്തിരുന്ന് അവസാനം വിസയടിച്ചു വന്നപ്പോ അത് അമേരിക്കയിലേക്കുള്ളതായിരുന്നു. തായ്‌ വിസ തായോ എന്ന് പറഞ്ഞു പ്രോജക്റ്റ് മനേജരുടെ ഓഫീസിൽ നിന്നും കരഞ്ഞുകൊണ്ടിറങ്ങിയ മണ്ണുവിനെ തായ്‌ മസ്സാജ് തായ്ലാൻഡിൽ നിന്നും അന്യം നിന്നു പോകുന്ന ഒരു കലയാണെന്നും അതിപ്പോൾ അമേരിക്കയിലാണ് കൂടുതൽ സുലഭമെന്നും ഒടിയൻ പറഞ്ഞാശ്വസിപ്പിച്ചതിന്റെ ഫലമായി പിറ്റേന്നു തന്നെ അമേരിക്കൻ തായ്‌ മസ്സാജ് സ്വപ്നം കണ്ട് ചിക്കാഗോയിലേക്ക് കമ്പനിച്ചിലവിൽ  വണ്ടി കയറി. ആ വകുപ്പിലും കിട്ടി ഒടിയനു നാല് പെഗ്ഗും പിന്നെ ചിരിച്ച കോഴിയും പിച്ചാത്തിയും(പൊരിച്ച കോഴിയും ചപ്പാത്തിയും).

ഇനി കളറിൽ വായിച്ചോളൂ -    ഫ്ലാഷ്ബാക്ക് തീർന്നു

ഫേസ്ബുക്കിൽ കയറി മണ്ണുവിന്റെ പ്രൊഫൈൽ പിക്ചർ നോക്കിയപ്പോ സത്യത്തിലൊന്ന് ഞെട്ടി - ലഡ്ഡുവിൽ ഉണക്കമുന്തിരി വെച്ചമാതിരി മണ്ണു  ഒരു ഹാർലി ഡേവിഡ്സണ്‍ മോട്ടോർസൈക്കിളിൽ  ഞെളിഞ്ഞിരിക്കുന്നു - ചീനമണ്ണ് പാത്രത്തിൽ രണ്ട് നെയ്യപ്പം വെച്ചപോലെ ഒരു കൂളിംഗ് ഗ്ലാസും മുഖത്ത് ഫിറ്റ്‌ ചെയ്ത്  'വെള്ളാനകളുടെ നാട്ടിൽ' എന്ന സിനിമയിൽ പപ്പു റോഡ്‌ റോളറിൽ ഇരിക്കുന്ന അതെ പോസിൽ.  പിന്നെ ഒടിയനെ ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേല്പിച്ച് ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലായത് - മണ്ണുവും അവന്റെ അമേരിക്കൻ ഫ്രെണ്ട്സും ചിക്കാഗോയ്ക്കടുത്ത് മിൽവാക്കിയിൽ ഹാർലി ഡേവിഡ്സണ്‍  മ്യുസിയം കാണാൻ പോയപ്പൊ  മ്യൂസിയത്തിലെ സ്റ്റുഡിയോവിൽ കയറി എടുത്തതാണത്ത്രെ മേല്പറഞ്ഞ ഫോട്ടോ. അത് രണ്ടീസം കഴിഞ്ഞപ്പോ അവർ അവനു ഇമെയിൽ ചെയ്തു കൊടുത്തത്രെ. നാട്ടിലുണ്ടായിരുന്നപ്പോ എന്റെ സ്വന്തം ബുള്ളറ്റിൽ ഞാൻ പറക്കുന്ന എന്റെ ഫേസ്ബുക് പ്രൊഫൈൽ പിക്ചറിന്  മണ്ണുവിന്റെ ഹാർലി ഡേവിഡ്സണ്‍ ഫോട്ടോ സ്വല്പം മങ്ങലേല്പിച്ചോ എന്ന ചിന്ത എന്നെ കടന്നാക്രമിച്ചു.

പിന്നെ ഒട്ടും ആലോചിച്ചില്ല. അപ്പൊത്തന്നെ ഇന്റർനെറ്റ് ഫോണെടുത്ത് മണ്ണുവിന്റെ സെൽഫോണിൽ ഒരു വിളി.

"ഹലോ "

"മേ ഐ സ്പീക് റ്റു  സുജിത്ത് ?"

"യാാ .... ദിസ്‌ ഈസ്‌ ഹീ .... യാാ സുജിത്ത് "

"സുജിത്ത്, ഗുഡ് അഫ്റ്റർനൂണ്‍. ദിസ്‌ ഈസ്‌ പോൾ സെർബിയ ഫ്രം ഹാർലി ഡേവിഡ്സണ്‍ "

പറ്റാവുന്നതുപോലെ അല്പം യുറോപ്പിയൻ ശൈലി ഇടകലർത്തിയ ഇംഗ്ലീഷിൽ   ഞാൻ ഹാർലി ഡേവിഡ്സണ്‍ മ്യൂസിയത്തിൽ നിന്നും പോൾ സെർബിയയാണെന്നും. അവിടെ സന്ദർശിച്ചതിനു നന്ദി പറയാൻ വിളിച്ചതാണെന്നും, അടുത്ത വർഷം റിലീസ് ചെയ്യാനിരിക്കുന്ന പുതിയ 1200 സിസി ഹാർലി ഡേവിഡ്സണ്‍ ബൈക്കിലോരെണ്ണം കമ്പനി നറുക്കെടുപ്പിലൂടെ ഫാൻസിനു സമ്മാനമായി നല്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആ നറുക്കെടുപ്പിൽ സുജിത്തിന്റെ പേര് ചേർത്തിട്ടുണ്ടെന്നും സന്തോഷപൂർവം അറിയിച്ചു. ഞങ്ങൾ നിങ്ങൾക്ക് അയച്ചുതന്ന ഫോട്ടോയുടെ കോപ്പിറൈറ്റ് ഹാർലി ഡേവിഡ്സണ്‍ കമ്പനിയുടേതാണെന്നും അതിനാൽ ഇന്ടലെക്ച്ച്വൽ പ്രോപ്പർട്ടി റൈറ്റ്സിനെ മാനിച്ച് ആ ഫോട്ടോ ആവശ്യാനുസരണം സുജിത്തിന് പ്രിൻറ് ചെയ്യാൻ അവകാശമുണ്ടെന്നും പക്ഷേ ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ അപ്-ലോഡ് ചെയ്യരുതെന്നും അപേക്ഷിച്ചു. മ്യൂസിയം സന്ദർശിച്ചതിനു വീണ്ടും നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഫോണ്‍  വെച്ചു, കുറേ 'യാ യാ' യും താങ്ക്യുവും പറഞ്ഞുകൊണ്ട് മണ്ണുവും.                 

 പിറ്റേന്ന് കാലത്ത്  ദേ വരുന്നു ഒടിയന്റെ ഫോണ്‍.

" നീയാണോ ഈ പോൾ സെർബിയ ? "

" മണ്ണു വിളിച്ചു, ല്ലേ? എങ്ങെനുണ്ട് ? "

" അവനോടിതു വേണ്ടായിരുന്നു. അവനിതറിഞ്ഞാൽ നിന്നെ തല്ലിക്കൊല്ലും "

മണ്ണു ഒടിയനെ വിളിച്ച് വള്ളിപുള്ളി വിടാതെ പോൾ സെർബിയ ഫോണിൽ പറഞ്ഞതു മുഴുവൻ ചർദിച്ചത്രെ. ഹാർലി ഡേവിഡ്സണ്‍ ബൈക്കിലിരിക്കുന്ന ഫോട്ടോയുടെ ഒരു കോപ്പി മണ്ണു ഒടിയന്  അയച്ചുകൊടുത്തിരുന്നു. അത് ഫേസ്ബുക്കിലിടരുതെന്ന അപേക്ഷയോടൊപ്പം ഒരു ഡയലോഗും - " ആ ബൈക്ക് എനിക്ക് തന്നെ കിട്ടുമൊടിയാ ….. ഞാൻ മുത്തപ്പന് രണ്ട് കുപ്പി കള്ള് നേർന്നിട്ടുണ്ട് "

മണ്ണു ഫേസ്ബുക് പ്രൊഫൈൽ പിക്ചർ മാറ്റി പകരം ഏതോ അലവലാതി റെസ്റ്റോറെന്റിൽ കുറേ സായിപ്പന്മാരോടൊപ്പമിരുന്ന് വായിൽ കൊള്ളാത്ത ഒരു ആനബർഗറും കടിച്ചിരിക്കുന്ന ഒരു ഫോട്ടോ അപ് ലോഡ് ചെയ്യുകയും  മിൽവാക്കി ട്രിപ്പിന്റെ മൊത്തം ആൽബം ഫേസ്ബുക്കിൽ നിന്ന് ഡിലീറ്റ് ചെയ്യുകയും തന്റെ ജീവിതാഭിലാഷമായ തായ്‌ മസ്സാജിനു വെച്ചിരുന്ന നാനൂറു ഡോളറിനു ഹാർലി ഡേവിഡ്സണ്‍റ്റെ ഒരു ഓറഞ്ചു ലെതർ ജാക്കറ്റും റേയ് ബാൻ കൂളിംഗ് ഗ്ലാസ്സ് മേടിക്കുകയും എല്ലാ മാസവും ഇരുപതു ഡോളർ ഫീസ്‌ കൊടുത്ത് ചികാഗോ മോട്ടോർസൈക്കിൾ  റൈഡേർസ് ക്ലബ്ബിന്റെ പ്രീമിയം മെമ്പർഷിപ്പുമെടുക്കുകയും ചെയ്തു. അതിനിടയിൽ അമേരിക്കൻ ടൂ വീലർ ലൈസന്സും ഒപ്പിച്ചുവത്രെ. എട്ടോടിക്കുമ്പോൾ പോലും ആ പാവമറിഞ്ഞില്ല, കിട്ടിയത് എട്ടിന്റെ പണിയാണെന്ന്.      

എന്നും കാലത്ത് ഹാർലി ഡേവിഡ്സണ്‍ ഇന്ന് കിട്ടും നാളെ കിട്ടും എന്ന  പ്രതീക്ഷയോടുകൂടി പോൾ സെർബിയയുടെ ഫോണ്‍കോളും കാത്ത്  അങ്ങ് ചിക്കാഗോയിലെ അപ്പാർട്ട്മെന്റിലെ  ഭിത്തിയിൽ ഒട്ടിച്ചുവെച്ച തന്റെ ആ ജാംഗ് ഫോട്ടോയും കണികണ്ടുണർന്നുകൊണ്ടിരിക്കുന്നു   നമ്മുടെ പാവം മണ്ണു. ജീവിതത്തിലേക്ക് ഹാർലിയെ വരവേല്കാനുള്ള മണ്ണുവിന്റെ തയാറെടുപ്പുകൾ ഇവിടെയൊന്നുംക്കൊണ്ടവസാനിക്കുന്നില്ല.    
    

വാൽ  : ഇത് പോസ്റ്റുന്നതോടൊപ്പം മണ്ണുവിന്റേയും ഒടിയന്റേയും തെറിയോടുകൂടിയുള്ള ഫോണ്‍കോൾ ഉടനടി  പ്രതീക്ഷിച്ചുകൊണ്ട് ഞാനിവിടെ ഇരിക്കുന്നു!!!      

Thursday, June 5, 2014

ഗിറ്റാറിസ്റ്റ്

"സംഗീതം അനന്തസാഗരമാണ്. അതിൽ ഗിറ്റാറാകുന്ന അറബിക്കടലിന്റെ തീരത്ത് വള്ളിട്രൗസറുമിട്ട്  പട്ടംപറത്തിക്കളിക്കുന്ന വെറുമൊരു  പീക്കിരിപ്പൈല് തന്നെടേ  ഞാൻ "

- യൂജീൻ മാർട്ടിൻ, ഗിറ്റാറിസ്റ്റ്, 2012.


സ്വദേശം തിര്വന്തോരം! പാസ്പോർട്ടിൽ അച്ചടിച്ച പേര് യൂജീൻ മാർട്ടിൻ. മലയാളി സുഹൃത്തുകൾക്ക് ലവൻ ജാംഗോ, ഗുജറാത്തി സഹമുറിയൻമാർക്ക്‌ അവൻ യൂജിയോ പട്ടേൽ, ബംഗാളികളുടെ ഇടയിൽ അവൻ യൂജൻ ഘോഷ്, മക് ഡൊണാൾഡ്സിലെ ഫിലിപ്പീനികൾക്ക് അവൻ യൂ... മാ..., മെക്സിക്കൻ സർകിളിൽ ലവൻ യൂഹാനിയോ പെരേര എന്നിങ്ങനെ പോകുന്നൂ കുഞ്ഞാടിന്റെ വിശേഷണങ്ങൾ. മൊത്തത്തിൽ ജഗദീഷിന്റെ ഒരു എച്ചുസ് മീ ലുക്കും, കണ്ണ് പറ്റാതിരിക്കാൻ ഒരു ഗ്രേ കളർ കോട്ടും പിങ്ക് ടൈയ്യും. തൊണ്ണൂറ്റിയൊമ്പതു രൂപാ തൊണ്ണൂറ്റിയഞ്ചു പൈസയുടെ ഒരു ബാറ്റാ ഷൂസും, കമ്പനി പെയിന്റിന് കോണ്‍ട്രാസ്റ്റായി തൂവെള്ള കളറുള്ള കോൾഗേറ്റ് പല്ലും, അതേ കളറുള്ള ഒരു വെള്ള ബെൽറ്റും, പൂച്ചയുമായി മല്പിടുത്തം നടത്തിയതുപോലുള്ള മാന്തിപ്പറഞ്ഞ ഒരു ജീന്സും, ഒരു പോളോ തൊപ്പിയും, പോരാത്തതിനു പുറത്തു തൂക്കിയിട്ടിരിക്കുന്ന  തന്നോളം വലുപ്പമുള്ള ഒരു ഗിറ്റാറും, കയ്യിൽ എടുത്താൽ പൊന്താത്ത ഒരു ക്യാനണ്‍ ക്യാമറയും - ഒട്ടുമുക്കാൽ സമയത്തും ഇന്ത രൂപത്തിൽ കാണപ്പെടുന്ന യൂജീൻ മാർട്ടിൻ ആരെങ്കിലും ചാകാൻ കിടക്കുകയാണെങ്കിൽ പോലും, " ഡോണ്ട് വറി ബഡ്ഡി, വി വിൽ ഫിഗർ ഇറ്റ്‌ ഔട്ട് " എന്ന ഒരു ഡയലോഗും കാച്ചി ഗിറ്റാർ വായനയിൽ മുഴുകിയിരിക്കും. ഈ  ഗിറ്റാർ വായനയുടെ മഹത്വം ഒന്നുകൊണ്ടു മാത്രമാണ് കുറച്ചുകാലം തന്റെ സഹമുറിയനായ അജിത്‌ മാത്യു അദ്ദേഹത്തിൻറെ മൊത്തം സമ്പാദ്യം മുഴുവനുമുപയോഗിച്ച് അതിനു മുകളിൽ കൊള്ളപ്പലിശയ്ക്ക് ലോണുമെടുത്ത് ഒരു വീടുമേടിച്ച് സ്വസ്ഥമായി അങ്ങോട്ട് താമസം മാറിയത്. യൂജീന്ന് എപ്പോ വേണമെങ്കിലും അജിത്തിന്റെ വീട്ടിൽ കയറിച്ചെല്ലാം, പക്ഷേ ആ ഭവനത്തിൽ യൂജീന്റെ ഗിറ്റാറിന് ആജീവനാന്ത കാലം വിലക്കുണ്ട്.

പാട്നയിലെ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നിന്ന് കുക്കറി ആൻഡ്‌ ഫുഡ് മാനേജ്മെന്റ്  കോഴ്സ് കഴിഞ്ഞ് ഇങ്ങ് കാനടയിലേക്ക് പറന്ന് ഈ പട്ടണത്തിലെ  ഒരേയൊരു പഞ്ചനക്ഷത്ത്ര ഹോട്ടലായ ഡെൽറ്റാ ഹോട്ടലിൽ കയറിപ്പറ്റി നക്ഷത്രമെണ്ണിക്കൊണ്ടിരിക്കുകയാണ് കക്ഷിയുടെ തൊഴിൽ. ചീഫ് ഷെഫ് ആവണമെന്നുള്ള അതിയായ മോഹം ഉള്ളിലൊതുക്കി  ജനറൽ ട്രെയിനിയായി  ഒരു വർഷത്തെ പ്രൊബേഷൻ പീര്യഡും  തള്ളിനീക്കി  പ്രൊമോഷനു വേണ്ടി കാത്തിരിക്കവെ തന്റെ ആത്മാർത്ഥ സുഹൃത്തായ സുഭാഷിന്റെ വാക്കുകൾ മാനിച്ച് ആരും ഇല്ലാത്ത നേരം നോക്കി കിച്ചണിൽ കയറി ഒരു ഇറ്റാലിയൻ പാസ്താ ഡിഷ്‌  ഉണ്ടാക്കി വെള്ളക്കാരൻ മാനേജർ ഇയാൻ ജോണ്‍സണ്ണു കൊടുത്തു - ഇംപ്രസ് ചെയ്യിക്കാൻ. പാസ്ത വായിൽ വെച്ചതും സായിപ്പു യൂജീൻനെ കെട്ടിപ്പിടിച്ച് അപ്പൊത്തന്നെ ബാങ്ക്വറ്റ് മാനേജർ തസ്തികയിലേക്ക് പ്രൊമോഷൻ ലെറ്റർ കൊടുത്തൂ, എന്നിട്ടൊരു താക്കീതും, "മേലാൽ കിച്ചണിന്റെ ഭാഗത്തൊന്നും കണ്ടുപോകരുത്."  ഒടുവിൽ ഈ ഐഡിയ പറഞ്ഞുതന്ന സുഭാഷിനെ മനസ്സിൽ ധ്യാനിച്ച്  കിച്ചണിലെ അടുപ്പിൻറെ ഖബറിൽ  ഒരു പിടി പാസ്ത വാരിയിട്ട് യൂജീൻ ബാങ്ക്വറ്റ് ഹാളിലേക്ക് നടന്നകന്നു.

പശ്ചാത്ത്യ സംഗീതം സ്വല്പം ഹിന്ദുസ്ഥാനിയിൽ അരച്ചുകലക്കി   അവിയൽ പരുവത്തിൽ മൂന്നു ടേബിൾസ്പൂണ്‍ വീതം നാലുനേരം സേവിച്ചിരുന്ന യൂജീനിനു ഒരു ന്യൂ ജെനറേഷൻ ബാൻഡ് തുടങ്ങണം എന്ന കലശമായ ആഗ്രഹം പണ്ട് പത്താം ക്ലാസ് കഴിഞ്ഞ് ഇനി പ്ലസ് ടൂവിനു പോണോ അതോ ഗൾഫിൽ പോകണോ അതോ എന്തെങ്കിലും ബിസിനെസ്സ് തുടങ്ങണോ എന്ന് ചിന്തിച്ച് കണ്‍ഫ്യുസ്ഡായി ശംഖുമുഖത്തുകൂടെ കപ്പലണ്ടി തിന്ന് തേരാപ്പാര നടക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ്. ആ ആഗ്രഹത്തിന്റെ കടയ്കലിൽ കിട്ടിയ ആദ്യത്തെ വെട്ടാണു കാനടയിലേക്കുള്ള വരവ്. ഇവിടെ വന്ന് സമനാഗ്രഹമുള്ള ഒന്നുരണ്ട് പൈലുകളെ പരിചയപ്പെട്ടപ്പൊ ആഗ്രഹസാക്ഷാത്കാരത്തിനു ഒന്നുകൂടെ പരിശ്രമിച്ചാൽ കൊള്ളാമെന്നു തോന്നി. കാലത്ത് ഒരു രണ്ട് മണിയോടുകൂടി നൈറ്റ് ഷിഫ്റ്റും കഴിഞ്ഞ് വിട്ടിലേക്ക്‌ ഡ്രൈവ് ചെയ്യും വഴി ഏതെങ്കിലും കൊള്ളാവുന്ന ലോഹഗാനം(മെറ്റൽ സോങ്ങ്) റേഡിയൊയിൽ കേട്ടാൽ പിന്നെ വീട്ടിലെത്തിയപാടേ ഗിറ്റാറെടുത്ത് വായന തുടങ്ങും. അധികം വൈകാതെ ഗുജറാത്തി സഹമുറിയൻമാർ യുജീന്നേയും ഗിറ്റാറിനേയും ബാത്ത്‌റൂമിൽ  പൂട്ടിയിടും. നേരം വെളുക്കുവോളം സ്ഥലകാല ബോധമില്ലാതെ യൂജീൻ അവിടിരുന്നു ഗിറ്റാർ വായിച്ചോളും. പിന്നൊരു  രണ്ടു മാസം ഗിറ്റാറിനും സഹമുറിയൻമാർക്കും സ്വസ്ഥത. ഇതിങ്ങനെ ഇടയ്കിടെ ആവർത്തിച്ചുകൊണ്ടിരുന്നു. വല്ലപ്പോഴും മാത്രമായതു കൊണ്ട് ഗിറ്റാറുകൊണ്ട് തലക്കടിയേറ്റ് മരിച്ച വല്ല റോക്ക് ഗിറ്റാറിസ്റ്റിന്റെ  ബാധകയറുന്നതാണോ എന്ന പേടിയും സഹമുറിയന്മാർക്ക് തോന്നിത്തുടങ്ങിയിരുന്നു.
                     
അങ്ങനെയിരിക്കെയാണ് 2012  ക്രിസ്ത്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജോസേട്ടൻ ഇവിടുള്ള മലയാളികളേയൊക്കെ വിളിച്ച് ഒരു മീറ്റിങ്ങ് കൂടിയത്. വന്നവർകൊക്കെ ഓരോ പണി കിട്ടി, കൂട്ടത്തിൽ യൂജീനിനും - മലയാളത്തിൽ ഒരു ഗാനമേള ആൻഡ്‌ ക്വയർ തട്ടിക്കൂട്ടണം - ചുരുക്കത്തിൽ പറഞ്ഞാൽ ഒരു മിനീ സംഗീതസംവിധാനം - ഒന്നിനു പുറകേ ഒന്നൊന്നായി യൂജീനിന്റെ മനസ്സിൽ പൊട്ടി, ഒരു പതിനഞ്ചെണ്ണം വീതം - മഞ്ഞയും ചോപ്പും ഓറഞ്ചും കളറുള്ള ലഡ്ഡു. 

ക്രിത്യനിഷ്ഠയ്ക്ക് പേരുകേട്ട യൂജീൻ പിറ്റേന്ന് മുതൽ ജീവിതത്തിലാദ്യമായി  കറക്റ്റ് സമയത്ത് പള്ളിയിലെത്തി. കൊച്ചുകുട്ടികളെ  മുതൽ വലിയവരെ  വരെ പങ്കെടുപ്പിച്ചു കൊണ്ട്  തന്നാൽ കഴിയാവുന്ന രീതിയിൽ യൂജീൻ ഒരു ഗാനമേള തട്ടിക്കൂട്ടി - യൂജിസം - ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും ക്രിസ്ത്മസ് ഗാനങ്ങളുമൊക്കെ ഇടകലർത്തിക്കൊണ്ടൊരു ഗാനമേള - സംഭവം കരോക്കെയായിരുന്നുവെങ്കിലും സംഗീതത്തിന് മാറ്റുകൂട്ടാൻ സ്വന്തമായി രൂപകല്പന ചെയ്ത ചില പാശ്ചാത്യ ഗിറ്റാർ റ്റ്യൂണുകൾ പുള്ളി പുട്ടിനു തേങ്ങാപ്പീരയിടുന്നതുപോലെ ഇതിനിടയിൽ കുത്തിത്തിരുകി. പരിപാടിയ്ക്ക് ദിവസമടുക്കുംതോറും ഇവിടുത്തെ മലയാളി വികാരിയച്ഛൻമാരായ  ജോർജച്ചനേയും ജോസച്ചനേയും പള്ളിയിൽ വന്നുപോകുന്നവരേയും രോമാഞ്ചകഞ്ചുകരാക്കികൊണ്ട് "യൂജീൻ ആൻഡ്‌ ഗേൾസ്" ന്റെ  സംഭവബഹുലമായ ഗാനമേള  പ്രാക്റ്റീസ് തകൃതിയായി  നടന്നുകൊണ്ടിരുന്നു.

അങ്ങനെ റെജൈനയിലെ മലയാളികൾ കാത്തിരുന്ന ആ സുദിനം വന്നെത്തി - യൂജീന്റെ ഗാനമേള കാണാൻ പുറത്തെ മൈനസ് മുപ്പത്തഞ്ചു ഡിഗ്രീ തണുപ്പുപോലും അവഗണിച്ച് മലയാളി സമൂഹം ഒന്നടങ്കം  ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിലേക്ക് ഇരമ്പിക്കയറി.

സമയം വൈകിട്ട് അഞ്ചേമുക്കാൽ. ജോർജച്ചന്റെ കുർബാനയോടുകൂടി പരിപാടി ആരംഭിച്ചു. കോട്ടും സൂട്ടുമിട്ട് മുന്നിൽ നിന്നിരുന്ന ജോസേട്ടൻ കുർബാനയിൽ ശ്രദ്ധ ചെലുത്താൻ പറ്റാതെ ഇടയ്കിടെ റ്റെൻഷനോടുകൂടി വാതിലിലേക്കും പിന്നെ ആൾകാരുടെ ഇടയിലേക്കും കണ്ണോടിച്ചുകൊണ്ടിരുന്നു. കാര്യമെന്താണെന്നറിയാതെ അമാന്തിച്ചുകൊണ്ടു ചിലർ ജോസേട്ടനിലേക്കും ശ്രദ്ധ തിരിച്ചു. കൊന്നത് ഭീമനെങ്കിൽ ചത്തത് കീചകൻ തന്നെ - കാത്തിരിക്കുന്നത് ജോസേട്ടനാണെങ്കിൽ അത് യൂജീനിനെ തന്നെ -  കുർബാന തീരുന്നതോടുകൂടി ക്വയർ തുടങ്ങണം, പക്ഷേ യൂജീനിതുവരെ എത്തിയിട്ടില്ല. വൈകിട്ട് നാലുമണി മുതൽ ജോസേട്ടനും, വിജുവും, സുഭാഷും യൂജീന്റെ മൊബൈലിൽ മാറി മാറി വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ വോയിസ് മെയിലിൽ പോകുന്നതല്ലാതെ നോ റിപ്ലൈ. വളണ്ടിയർമാർ പള്ളിയങ്കണത്തിൽ യൂജീൻനേയും തപ്പിനടന്നു, പക്ഷേ പൊടിപോലുമില്ല കണ്ടുപിടിക്കാൻ! അവസാനം പാപ്പാനില്ലാത്ത ആനയെ പോലെയായി യൂജീനില്ലാത്ത ഗാനമേളയുടെ അവസ്ഥ. ജോസേട്ടന്റെ മുജ്ജന്മ സുകൃതം കാരണമാകാം കരോക്കെയുള്ളതുകൊണ്ട് ഗാനമേള തത്കാലം രക്ഷപെടുകയും കൈയ്യടി മേടിക്കുകയും ചെയ്തത്.

പരിപാടി തീരുന്നതിനു മുൻപ് തന്നെ വിനുവേട്ടന്റെ മേൽനോട്ടത്തിൽ ഉടലെടുത്ത കോയിബിരിയാണിയിൽ ലയിച്ചും, ബിന്ദിഷും കേശുവും എഴുതി സംവിധാനം ചെയ്തഭിനയിച്ച  ഹാസ്യനാടകം കണ്ട് ചിരിച്ച് ധൃതകിതപുളകിതരാവുകയും ചെയ്ത ഇന്നാട്ടിലെ മലയാളി സമൂഹം   ഗാനമേളയിൽ നിന്നും മുങ്ങിയ യൂജീനിനെ പാടെ മറന്നുതുടങ്ങിരുന്നു. ഗംഭീരമായ ഒരു  പരിപാടി നടത്തിയ സംതൃപ്തിയിൽ ജോസേട്ടനും നല്ലൊരു പരിപാടി കണ്ട സംതൃപ്തിയിൽ മറ്റുള്ളവരും അന്നു രാത്രി ഉറക്കത്തിലേക്കാണ്ടു.

ഏതാനും ദിവസങ്ങൾക്ക് ശേഷം ഒരു തണുത്ത സായാഹ്നത്തിൽ  വെറും യാദൃശ്ചികമായാണ്  ടിം ഹോർട്ടൻസിൽ വെച്ച് കാപ്പി കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന യൂജീനിനെ ജോസേട്ടൻ കാണാനിടയായത്.

ജോസേട്ടനെ കണ്ടപ്പോൾ മുഖത്ത് ഉടലെടുത്ത ജാള്യത ഗ്രേ കോട്ടിന്റെ പോകറ്റിലോളിപ്പിച്ച് ഒരു ഇളി പാസാക്കി യൂജീൻ : " ജോസേട്ടാ, ഹവ് ആർ  യൂ? "

ജോസേട്ടൻ : " ഗോയിങ്ങ് ഗുഡ്. എന്താ അന്ന് പരിപാടിക്ക് വെരാതിരുന്നത്? സംതിങ്ങ് റോങ് " ?

യൂജീൻ : " അത് ജൊസേട്ടാ, ഒരു പ്രശ്നം പറ്റി "

കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയിട്ടാണോ എന്തോ (അന്ന് ഇവിടുണ്ടായിരുന്ന എല്ലാ യുവാക്കളുടേയും പ്രശ്നം ഇമിഗ്രേഷൻ  സംബന്ധിതമായിരുന്നു),  ജോസേട്ടൻ വികാരഭരിതനായി  : " ഓ ഗോഡ് , എന്താ യൂജീനേ പ്രശ്നം? എന്താണെങ്കിലും പറയു. നമുക്ക് പരിഹാരമുണ്ടാക്കാം.....", പറഞ്ഞുതീരുന്നതിനു മുൻപുതന്നെ ജോസേട്ടൻ തന്റെ സെൽ ഫോണിൽ ഇൻഡോ കനഡിയൻ അസോസിയേഷൻ സെക്രട്ടറിയുടെ ഫോണ്‍ നമ്പർ തപ്പി റെഡിയാക്കി വെച്ചു. എങ്ങാനും വിളിക്കേണ്ടി വന്നാലോ?     

യൂജീൻ : " അത് പിന്നെ ജോസേട്ടാ…., ഞാനന്ന് ഉറങ്ങിപ്പോയി ! "

പഞ്ചസാരയും ക്രീമുമിടാത്ത ബ്രൂ ചെയ്ത ആ കയ്പേറിയ കാപ്പി ഒരു രണ്ട് സിപ്പ് കൂടിച്ച് ജോസേട്ടൻ ടിം ഹോർട്ടൻസിൽ നിന്നും പുറത്തിറങ്ങി നേരെ സൂപ്പർസ്റ്റോർ ലക്ഷ്യമാക്കി നടന്നകന്നു. സമയം ഒട്ടും വേസ്റ്റ് ചെയ്യാൻ കൂട്ടാക്കാതെ കാലത്തെട്ടുമണിക്ക് മേടിച്ച ആ തണുത്ത കാപ്പിയിൽ നിന്നും ഒരു സിപ്പെടുത്ത് ഇയർ ഫോണ്‍  തിരിച്ച് ചെവിയിൽ കുത്തി സെൽഫോണിൽ പ്ലേ ചെയ്തുകൊണ്ടിരുന്ന ഏതോ കൂതറ കൊറിയൻ ലോഹബാന്റിന്റെ പൊട്ടിത്തെറിക്കുന്ന പാട്ടിന്റെ ഈണത്തോടൊത്ത് മൂളിപ്പാട്ടും പാസാക്കി  തലയാട്ടാൻ തുടങ്ങിയിരുന്നു നമ്മുടെ സ്വന്തം ഗിറ്റാറിസ്റ്റ്. 


Sunday, May 11, 2014

ടിവിഎസ് 50

ലോകനാർകാവ് ഭൂമി മലയാളത്തിലെ ഏക മനോരമ ഏജന്റായിരുന്നു ചിങ്ങപറമ്പത്ത് കുഞ്ഞികൃഷ്ണൻ നായർ അഥവാ ചിങ്ങാറമ്പത്ത് കുഞ്ഞീഷ്ണൻ നായർ അതുമല്ലെങ്കിൽ എഴുപതുകൾ മുതൽ ലോകനാർകാവ് നിവാസികൾ കണികണ്ടും കണികേട്ടുമുണരുന്ന നമ്മുടെ സ്വന്തം കുഞ്ഞീഷ്ണേട്ടൻ (മാതൃഭൂമി വരിക്കാർ ക്ഷമിക്കുക, നിങ്ങളെ ഇവിടെ ഉൾപെടുത്തിയിട്ടില്ല, നിങ്ങൾ പണ്ടേപോലെ മാതൃഭൂമി വേണ്വേട്ടനെ  കണികണ്ടും കണികേട്ടുമുണർന്നോളൂ…)

ഏഷ്യാനെറ്റും കൈരളിയും എന്തിനു ടീവി പോലും ഇല്ലാതിരുന്ന കാലം മുതൽകേ കുഞ്ഞീഷ്ണേട്ടനും, മുകളിൽ ബ്രാക്കറ്റിൽ സൂചിപ്പിച്ച വേണ്വേട്ടനും ഡെയിലി കൊണ്ടുത്തരുന്ന പത്രമായിരുന്നു ഈ നാട്ടിലെ   പി എസ് സി പരീക്ഷാർത്ഥികളുടേയും പിന്നെ ബാർബർ ഷോപ്പുകളിലും, ടെയ്ലർ ഷോപ്പുകളിലും, ചായക്കടകളിലും ചെന്ന് ആഗോള രാഷ്ട്രീയ കത്തികളടിക്കുന്ന ബുദ്ധിജീവികളുടേയും ഏക റഫറൻസ് മെറ്റീരിയൽസ്. ചുരുക്കിപ്പറഞ്ഞാൽ അക്കാലത്തെ ഗൂഗിളും വിക്കീപീടികയുമൊക്കെയായിരുന്നു  കുഞ്ഞീഷ്ണേട്ടനും വേണ്വേട്ടനും.

ആയിരത്തിതൊള്ളായിരത്തിയെണ്‍പത്തൊന്നിലെ ഇടവപ്പാതിക്ക്  കുഞ്ഞീഷ്ണേട്ടൻ തന്റെ സന്തതസഹചാരിയായ  ടിവിഎസ് 50 വാങ്ങുമ്പോൾ അത് പുതുപുത്തനായിരുന്നു. ആ വണ്ടിയുടെ മുരൾചയൊടുള്ള വരവും പിന്നെ മീങ്കാരൻ ഖാദർകാന്റെ "മീനേയ് …. കൂ….യ്" എന്ന  കൂവലുമായിരുന്നു  ലോകനാർകാവ് മേമുണ്ട നിവാസികൾക്ക് ഏറ്റവും സുപരിചിതമായ രണ്ട് ശബ്ദങ്ങൾ. 

രണ്ടായിരത്തിയഞ്ചോടുകൂടി ആ ചകടം ഓടുമ്പോൾ  ഹോണ്‍ ഒഴിച്ചു മറ്റെല്ലാ  ഭാഗത്തുനിന്നും ലോകനാർക്കാവിലുത്സവത്തിനു താള മേളങ്ങളോടെ ആനയെ എഴുന്നള്ളിക്കുന്ന വിധം ശബ്ദം വരാൻ തുടങ്ങുകയും ഞായറാഴ്ചയൊഴിച്ച് ബാക്കിയെല്ലാ ദിവസങ്ങളിലും  കോട്ടക്കുളങ്ങലരയിലെ എസ് ആർ വർക്ക്‌ഷോപ്പിലും പുഞ്ചിരിമിൽ ജംക്ഷനിലെ കണ്ണൻ ലെയ്ത് ആൻഡ്‌ ബോഡി വർക്സിൽ റസ്റ്റ്‌ എടുക്കുകയും ചെയ്തതോടുകൂടി പുതിയൊരെണ്ണവുമായി മാറ്റിവാങ്ങാൻ കുഞ്ഞീഷ്ണേട്ടൻ നമ്മടെ വണ്ടിയുമായി ടിവിഎസ് എക്സ്ചേഞ്ച് മേളയിൽ ചെന്നത്രേ! മാനേജർ ശിവരാമേട്ടന്റെ "ഇത് കോയിക്കോട് മ്യുസിയത്തിലോ മണിയൂർ എന്ജിനിയരിംഗ് കോളേജിലോ   കൊണ്ടോയ്കൊടുത്താൽ ബളർന്നുബരുന്ന മെക്കാനിക്കൽ ഇഞ്ചിനീരുമാർക്ക് കണ്ടുപഠിക്കാനൊരു സാധമാകും" എന്ന ഡയലോഗിൽ മനം നൊന്ത് വടകര നോർത്ത്‌ പാർകിന്റെ എതിർവശത്ത്‌ ഫാമിലിയായി തമ്പടിച്ചിരുന്ന  അക്ക്രിയണ്ണനു ഇരുന്നൂറ്റിയംപതുറുപ്യേം ഓട്ടോകൂലിയും എന്ന വമ്പൻ ഓഫറിനു കച്ചോടാക്കുകയും ടിവിഎസ്സുമായി ഇനിയൊരു ബന്ധമുണ്ടകില്ലെന്നും ശപഥം ചെയ്ത് ന്യൂസ്പേപർ തൊഴിലാളികളും മീൻകച്ചവടക്കാരും ആഗോളവ്യാപകമായി ഉപയോഗിച്ചുവന്നിരുന്ന അവരുടെ ദേശീയ ശകടമായ എംഐറ്റി പുത്തനൊരെണ്ണം റെഡി ക്യാഷിനു മേടിക്കുകയും ചെയ്തു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടിലെ മാർച്ച്‌ മാസത്തിൽ മൂന്നാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞു നിൽകുമ്പോൾ  മുതലാണ് മഹേഷ്, ലതായതു കുഞ്ഞീഷ്ണേട്ടന്റെ മൂത്തപുത്രൻ, ബാലരമ ഡിസ്ട്രിബ്യൂഷനിലൂടെ കന്നിയങ്കംകുറിച്ച്  ന്യൂസ്പേപർ ബിസിനസ്സിലേക്ക് കാലെടുത്തു കുത്തുന്നത്. അക്കലത്തോക്കെ  ബാലരമ ദ്വൈവാരികയായിരുന്നു. സ്കൂൾബാഗിൽ ബാലരമ നിറച്ച് പുറത്ത്തൂക്കി ഒരു നാടൻ സാന്റാ ക്ലോസിനെ പോലെ  രണ്ടാഴ്ചയിലൊരിക്കൽ വീടിന്റെ കോണിപ്പടികയറിവരുന്ന മഹേഷിനെ കാണുന്നത്  അക്കാലത്ത് ഒരു പ്രത്യേക സന്തോഷം തന്നെയായിരുന്നു. ബാലരമ വരുന്ന ദിവസം അമ്മയ്കും സന്തോഷമുള്ള ദിവസമാണ് - ഒരു നാല് മണിക്കൂർ നേരം കുരുത്തക്കേടൊന്നും ഒപ്പിക്കാതെ ഞാനേതെങ്കിലും മൂലയിൽ പോയിരുന്നോളും. എനിവേയ്സ്, തൊണ്ണൂറ്റിരണ്ടു മുതൽക്കുള്ള പരിചയമാണ് ഞങ്ങൾ തമ്മിൽ. ബാലരമ ബന്ധത്തിന് പുറമേ അന്നാട്ടിലെ പല പല കുട്ടിഗ്രൂപ്പുകൾ തമ്മിലുള്ള കണക്ഷൻ ലിങ്ക് കൂടിയായിരുന്നു  മഹേഷ് -  എല്ലാവരുമായി ബാലരമ ബന്ധത്തിൽ തുടങ്ങിയ പരിചയം.

പ്രായം കൂടും തോറും ബാലരമയ്ക്കു പുറമേ ന്യൂസ്പേപർ, വനിത, മനോരമ ആഴ്ച്ചപ്പതിപ്പ്  , കർഷകശ്രീ, ദി വീക്ക്  എന്നിങ്ങനെ  കൂടുതൽ റെസ്പോൻസിബിലിറ്റീസ് അച്ഛനിൽ നിന്നും എറ്റെടുക്കുകയും അതിനുപുറമേ തന്റെ മാർക്കറ്റിംഗ് ടാക്റ്റിക്സ് ഉപയോഗിച്ച് വർഷംതോറും പുതിയ വരിക്കാരേയും  ടിയാൻ കൂട്ടിക്കൊണ്ടിരുന്നു. അങ്ങനെ പത്താംക്ലാസ്സു പാസായപ്പോഴേക്കും റെസ്പോണ്സിബിലിറ്റീസിനോടൊപ്പം  കുഞ്ഞീഷ്ണേട്ടന്റെ ടിവിഎസ് അമ്പതും മഹേഷ് സ്വന്തമാക്കി. 

ഈ  ശകടത്തിനു പലപല ഗുണങ്ങളുണ്ടായിരുന്നു. മൂത്രവും വെള്ളവുമൊഴികെ  ബാക്കിയെന്തൊഴിച്ചാലും ആ വണ്ടിയോടുമായിരുന്നു. ഇനി അഥവാ ഇന്ധനം തീർന്നുപോയെങ്കിൽ തന്നെ സൈക്കിൾ പോലെ ചവിട്ടി സഞ്ചരിക്കാൻ പെടലുകളുണ്ട് - അതൊരു ദൈനംദിന വ്യയാമമായി കണക്കാക്കിയത് കൊണ്ട് ടിയാൻ തീരെ ബോതേർഡ്‌ അല്ലായിരുന്നു. ഇത് ചവിട്ടിച്ചവിട്ടിയാണു മഹേഷ്‌ തന്റെ  സിക്സ് പായ്ക്ക് ആബ്സ് നിലനിർത്തിയിരുന്നത്. ബ്രേക്ക് ഇല്ലാത്തതുകൊണ്ട് ഒരിക്കലും ബ്രേക്ക്ഡൌണാവില്ല, ശകടം നിർത്തണമെങ്കിൽ കാല് റോഡിൽകുത്തി എഴുന്നേറ്റ്നിന്നാൽ ചവിട്ടിയോടത്തു വണ്ടി നില്കും.  സ്റ്റാർട്ട്‌ചെയ്യാൻ താക്കോൽ വേണ്ട, വെറുതേ കയറിയിരുന്നു ചവിട്ടിയാൽ മതി. പിന്നെ ആകെക്കൂടെ ഒരു പ്രശ്നം മാത്രം - മഴപെയ്താൽ പെട്രോൾ ടാങ്കിന്റെ വായ  പ്ലാസ്റ്റിക്‌പേപ്പറും  റബ്ബർബാന്റുമിട്ടു  മൂടിക്കെട്ടണം ഇല്ലെങ്കിൽ വെള്ളം അകത്തേക്കു പോകും. ഇത്രയും ഫീചേർസ് ഉള്ള വണ്ടിയായതു കൊണ്ടു ലോക്ക് ചെയ്യേണ്ട, വല്ല തെങ്ങിലോ കലുങ്കിലോ മതിലിലോ ചാരി വെച്ചാൽ മതി, തലയ്‌ക്കോളമുള്ള ഒരുത്തനും കട്ടോണ്ട് പോകുമെന്ന് പേടിക്കേണ്ട. . ഇരട്ട ടയറിലും ഒറ്റട്ടയറിലും ടയറില്ലാതെയും വണ്ടിയോടിച്ചും അഭ്യാസം കളിച്ചും മേമുണ്ട ഹൈ സ്കൂളിലെ തരുണീർമണിഹൃദയങ്ങളിൽ ഒരു സൂപർസ്റ്റാർ സ്ഥാനം പിടിച്ചെടുക്കാൻ ഈ ടിവിഎസ് 50 കൊണ്ട് മഹേഷിനു കഴിഞ്ഞു. തടി മില്ലിലെ ഈർചവാളിന്റെ ശബ്ദമുള്ള എഞ്ചിനും അതിനു കോറസ്സായി ഇരട്ടത്തായമ്പാകമേളം കൊട്ടുന്ന ബോഡിപാർട്സുമുള്ള ആ ടിവിഎസ് 50യിൽ മഹേഷ് വരുന്ന വരവൊന്നു കാണണം - മേളഭൂഷാതികളൊടെ ടിപ്പുസുൽത്താൻ എഴുന്നള്ളുന്നത് പോലുള്ള ഒരു പ്രതീതിയായിരുന്നു.

2002ഇൽ എടച്ചേരി ഏറാമല ഭാഗത്ത് ഒരു വീട്ടിനു നേരെ ബോംബേറ് നടന്നതത്രെ - ഏതോ രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായിരുന്നെന്ന് ഒരു കൂട്ടർ. ഉണ്ടാക്കിവെച്ച ബോംബ് എക്സ്പയറി ഡേറ്റ് കഴിഞ്ഞപ്പോ പൊട്ടുമോ എന്നറിയാൻ പൊട്ടിച്ചതാണെന്നു മറ്റൊരു കൂട്ടർ. രാത്രി ഇരുട്ടിന്റെ മറവിലയിരുന്നത് കൊണ്ട് പ്രതികളെ ആരും കണ്ടതുമില്ല അതിനാൽ പൊലീസിന് അവരെ പിടിക്കാനുമായില്ല. സംഭവം ഗുരുതരമായതിനാൽ പോലീസ് സമീപപ്രദേശങ്ങളിൽ രാവും പകലും റോന്തുചുറ്റൽ ആരംഭിച്ചു. മേമുണ്ട, ലോകനാർകാവ്, കുറുമ്പയിൽ, മാക്കൂൽപീടിക,  പുതിയാപ്പ് ഏരിയയിൽ നൈറ്റ്‌ഡ്യുട്ടി കിട്ടിയ എസ് ഐ മുകുന്ദേട്ടൻ  പുലർച്ചെ നാലരയ്ക്ക് ചല്ലിവയൽ ബസ്‌ സ്റ്റോപിൽനിന്നും സ്വല്പം മാറി ജീപ്പ് പാർക്ക്‌ ചെയ്ത് തന്നോടൊപ്പം ഡ്യുട്ടി കിട്ടിയ കോൻസ്റ്റബിൾ വസ്വേട്ടനോടും സുനിയോടും മോന്റെ ചോറൂണിനു ഗുരുവായൂര് പോയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറ്റാക്കൂരിരുട്ട്. പവർകട്ടായതിനാൽ സ്ട്രീറ്റ് ലൈറ്റും ഇല്ലഹ. എങ്ങുനിന്നോ കുറുക്കന്മാർ ഓളിയിടുന്ന ശബ്ദത്തിനു പുറമേ ഒരു വണ്ട്‌ പറക്കുന്നതു പോലൊരു ശബ്ദം - പയ്യെപ്പയ്യെ ആ ശബ്ദം അടുത്തു വന്നുകൊണ്ടേയിരുന്നു, ആ മൂളൽ ഒരു ഇരമ്പലായി മാറി, ഇരമ്പലിന് കോറസ്സായി ഒരു ബാൻഡ് മേളവും. പക്ഷെ എത്ര നോക്കിയിട്ടും ഒരു  വാഹനം വരുന്നതിന്റെ തെളിവായി വെളിച്ചമോന്നും കാണാനില്ല. മുകുന്ദേട്ടൻ പിന്നെ ഒന്നും നോക്കിയില്ല വാസ്വേട്ടനും സുനിയും അടുത്തുണ്ടെന്ന ധൈര്യത്തോടെ ജീപ്പ് സ്റ്റാർട്ട്‌ ചെയ്ത് ഹെഡ്ലൈറ്റിട്ടു . നോക്കുമ്പോൾ അതാ തൊട്ടു മുന്നിൽ പാതി പള്ളിയുറക്കപ്പിച്ചിൽ കോട്ടുവായിട്ടു പടപ്പുറപ്പാടിനായ് മങ്കിക്യാപ്പുമിട്ട് എഴുന്നള്ളുന്നൂ നമ്മുടെ ടിപ്പു സുൽത്താൻ.

വാസ്വേട്ടനും സുനിയും കൂടി ഒരിരയെ കിട്ടിയ സന്തോഷത്തിൽ ടിപ്പുവിനെയും കുതിരയേയും നിറുത്തിച്ചു.

"എന്താഡാ, ലൈറ്റിടാതെ  ഇരുട്ടത്ത് എങ്ങോട്ടാ? ഹെഡ്ലൈറ്റ് കത്തുന്നില്ലെങ്കിൽ വീട്ടിൽ ഊരിവെച്ചിട്ടു വന്നൂടായിരുന്നൊ?"

"സാർ ലൈറ്റ് കത്തും, പക്ഷേ സ്വിച്ച് വർക്ക് ചെയ്യുന്നില്ല"

"മുട്ടേന്നു വിരിയുന്നതിനു മുമ്പ് പോലീസുകാരോട് തർകുത്തരം പറയുന്നോടാ? ഇങ്ങോട്ടെറങ്ങടാ … നിന്ന നില്പിൽ നിന്നെ മുള്ളിക്കാൻ അറിയഞ്ഞിട്ടല്ല "

"അല്ല സർ, ഇന്നന്നെ നന്നാക്കാം"

"എങ്ങോട്ടാ, ഇത്ര രാവിലെ? "

"സാർ, പേപർ …."

 "...….?"

"..... "

ചോദ്യോത്തര വേള ഒരു പത്തു പതിനഞ്ചു മിനുറ്റു നീണ്ടു നിന്നു. വെറും കൈയ്യോടെ സ്റ്റേഷനിലേക്കു കയറിച്ചെല്ലുന്നത് മോശമല്ലേ എന്ന് കരുതി വാസ്വേട്ടൻ വണ്ടിക്കു ചുറ്റും നടന്ന് ഓരോ കമ്പ്ലൈന്റ് കണ്ടുപിടിക്കാൻ തുടങ്ങി.  സുനി റെസീറ്റ് ബുക്കെടുത്ത്‌ വാസ്വേട്ടൻ കണ്ടുപിടിക്കുന്ന ഒരോ കമ്പ്ലയിന്റിനും ഫൈൻ എഴുതാൻ തുടങ്ങി, ലൈസൻസ് ഇല്ല, ആർ സി ബുക്കും കരമടച്ച രസീതും ഇല്ല, ഹെഡ്ലൈറ്റ് ഇല്ല, ഇന്റികേറ്റർ നാലും ഇല്ല, ക്രാഷ് ഗാർഡ് ഇല്ല, മുൻപിലത്തെ മഡ്ഗാർഡും മിസ്സിംഗ്‌, വലത്തേ കണ്ണാടിയിൽ ചില്ലില്ല, ബ്രേക്കില്ല, ഹോർണില്ല, സൈഡ് സ്റ്റാന്റില്ല, ടയറിനു ഗ്രിപ്പില്ല, പെട്രോൾ ടാങ്കിനടപ്പില്ല - എല്ലാം കൂടെ എഴുതിവന്നപ്പോ ഒരു മൂവായിരത്തിയഞ്ഞൂറ് ക.

മഹേഷ് ഒന്നും മിണ്ടാതെ മെല്ലെ വണ്ടിയിൽനിന്നറങ്ങി, പോലീസ് ജീപിനരികിലേക്ക് ചെന്ന് തന്റെ ശകടം ജീപ്പിൽ ചാരി വെച്ചു. എന്നിട്ടൊരു ദീർഘനിശ്വാസം വിട്ട് മുൻസീറ്റിലിരിക്കുന്ന  മുകുന്ദേട്ടനോട്, "സാറെ, ഇത്ര  പൈശയൊന്നും ഞമ്മളേലില്ല. ഈ ബണ്ടി ഇങ്ങളെടുത്തോളീ …" എന്നും പറഞ്ഞു മുണ്ടും മടക്കിക്കുത്തി നേരെ പടിഞ്ഞാറോട്ടൊരു നടത്തം.

വെടികൊണ്ട പന്നിയെപ്പോലെ മുകുന്ദൻ എസ്‌ഐ നിന്ന നില്പിലോന്നു ഉറഞ്ഞുതുള്ളിയെങ്കിലും ക്ഷണനേരം കൊണ്ട് സംയമനം പാലിച്ച് മഹേഷിനെ തിരിച്ചുവിളിച്ച് കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു , "മോനെ, ഇപ്പ്രാവശ്യം ഞങ്ങൾ നിന്നെ വെറുതേ വിട്ടിരിക്കുന്നൂ. ഇത് നന്നാക്കാതെ റോഡിലേക്കെങ്ങാനും ഇറക്കിയെന്നു ഞങ്ങളറിഞ്ഞാൽ പിന്നെ നിനക്കെതിരെ കേസെടുക്കും. ഒരുമാസത്തിനുള്ളിൽ ലൈസെന്സ് എടുത്തോളണം, ഇല്ലെങ്കിൽ അതിനും കേസേടുകും." പ്രതികളെ കിടുകിടാ വിറപ്പിച്ചിരുന്ന മുകുന്ദേട്ടൻ ഒരു കുഞ്ഞാടിനെപ്പോലെ മഹേഷിനെ  ഇപ്രകാരം താക്കീതു ചെയ്തു വിട്ടതിനു പിന്നിൽ കുഞ്ഞീഷ്ണേട്ടൻ തന്റെ പരിചയക്കാരനായിരുന്നു എന്നതു കൊണ്ടും മഹേഷ് പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർഥി ആയതുകൊണ്ടും മാത്രമായിരുന്നു. അല്ലാതെ പുലർച്ചയ്ക്കു കിട്ടിയ ഈ ജാംബവാൻ വണ്ടി തനിക്കും ഡിപ്പാർട്ട്മെന്റിനും കുരിശാകുമല്ലോ എന്നോർത്തിട്ടല്ല!

Thursday, May 1, 2014

പ്രതിജ്ഞ

കുറച്ചുകാലമായി ഒന്ന് ബ്ലോഗണം എന്ന് വിചാരിക്കുന്നു. പക്ഷെ എന്തൂട്ടെടുത്തു ബ്ലോഗാനാ ? ഈയിടെയായി വിഷയദാരിദ്ര്യം വല്ലാതെ അലട്ടുന്നു - ഇല്ലത്തെന്നും കഷ്ട്ടപ്പാടും ബുദ്ധിമുട്ടും മാത്രം.

അങ്ങനെയിരിക്കെയൊരു ദിവസം  ഗർഭിണിയായ നമ്മുടെ അന്തർജനത്തിനു ഇന്ത്യൻ റെസ്റ്റൊറെന്റിൽ പോകാൻ ഒരു ത്വര. ആഗ്രഹസാക്ഷാത്കാരത്തിനു മുൻകൈയ്യെടുത്ത്‌ ഞാൻ നിന്ന നിൽപ്പിൽ ടീഷർട്ടും ജീൻസും ജാക്കറ്റും വലിച്ചു കേറ്റി, അന്തർജനത്തേയും കൊണ്ട് നമ്മുടെ സ്വന്തം സാന്റഫേ ശകടത്തിൽ ഡൌണ്‍ടൌണ്‍ ലക്ഷ്യമാക്കി വിട്ടു. മഞ്ഞുകാലം കഴിഞ്ഞു  എന്നാൽ വസന്തകാലം തുടങ്ങിയതുമില്ല എന്നൊരവസ്ഥയായിരുന്നു അന്നത്തെ കാലാവസ്ഥ. -40°C വരെയെത്തി നിൽക്കുന്ന തണുപ്പും ഏഴു മാസത്തോളം ദൈർഖ്യവുമുള്ള ഈ  വൃത്തികെട്ട മഞ്ഞുകാലം  എങ്ങനെയെങ്കിലും തള്ളിനീക്കി ഇവിടെയുള്ളവർ ഒന്നു  പുറത്തിറങ്ങാൻ തുടങ്ങുന്ന സമയം.

എന്തായാലും ലഞ്ചിനു പോകുന്നു. അതും ബഫ്ഫേ  എന്നാപ്പിന്നെ ഏതെങ്കിലും ഫ്രെണ്ട്സിനെ കൂടെ വിളിച്ചാലോ എന്നു  കരുതിയാണ് പോകും വഴി രാജുമോനേയും മഞ്ചുവിനേയും ഫോണ്‍  ചെയ്തത്.  ഞങ്ങളവിടെ എത്തുമ്പോഴേക്കും വരാമെന്നു സന്തോഷത്തോടെ തിരിച്ചും പറഞ്ഞു.

ഹൊവ്വെവർ, ഫോണിലൂടെയുണ്ടായിരുന്ന സന്തോഷം നേരിൽക്കണ്ടപ്പോഴില്ല. കടന്നലുകുത്തിയത്രയ്ക്കില്ലെങ്കിലും ചെറുതായി മുഖം വീർപ്പിച്ചു നിൽക്ക്ണൂ രണ്ടു പേരും.

"എന്താ മഞ്ചൂ  ഇങ്ങനെ വിജ്രംഭിച്ചു നില്കുന്നത്?"

"ഞങ്ങൾ കുറച്ചുകാലത്തേക്ക്  അരിഭക്ഷണം കഴിക്കുന്നില്ല എന്നൊരു പ്രതിജ്ഞ എടുത്തിട്ടുണ്ടായിരുന്നു. ഇവിടെ ഇപ്പൊ  റൈസ് ഐറ്റംസ് മാത്രമല്ലേ ഉള്ളൂ?"

ശരിയാണെന്ന ഭാവത്തിൽ രാജുമോനും തലയാട്ടി.

"എന്താ ഭായീ ഇത്? വെച്ചലക്കൂന്നെ, വല്ലപ്പോഴുമല്ലേ ?"

സത്യപ്രതിജ്ഞ, ഭീഷ്മപ്രതിജ്ഞ, ധീരപ്രതിജ്ഞ എന്നിങ്ങനെ പലതരം പ്രതിജ്ഞകളുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി പുതുവത്സരപ്രതിജ്ഞയാണു ട്രെൻഡിൽ മുഖ്യൻ. ന്യുയിയർ കഴിഞ്ഞിട്ട് മൂന്നാലു മാസമായല്ലോ. ഇതിപ്പോ അതൊന്നുമായിരിക്കില്ല .

നല്ല പാല്പായസത്തിന്റെ നിറവും, പാലുംവെള്ളം പോലത്തെ മനസ്സും ആറടി പൊക്കമുള്ള പൂവൻവാഴത്തൈ പോലെ  ഉത്തമ   ശരീരത്തിനുടമയുമാണ്‌ നമ്മടെ രാജുമോൻ. പക്ഷെ ടിയാനെ ഈയിടെ പിടികൂടിയ കോഴിപ്പനി സ്വല്പമൊന്നു ക്ഷീണിപ്പിച്ചു കളഞ്ഞു. പാല്പായസത്തിൽ അങ്ങിങ്ങായി  ഒണക്കമുന്തിരിയിട്ടതുപോലെയായി ചിക്കൻപോക്സ് വന്നുപോയ ചരമ്മം . വാഴത്തൈ പോലത്തെ ശരീരം ഫാക്ടംഫോസിടാത്ത കമുകിൻതൈ പോലെയായി. അങ്ങനെ മൊത്തത്തിൽ ഒന്നു പുഷ്ടിപ്പെടുത്താനും പഴയ പ്രതാപം വീണ്ടെടുക്കാനും വേണ്ടി  പയറും മുതിരയുമിട്ടു പുഴുങ്ങിയ ഉലുവാക്കഞ്ഞി സ്ഥിരമായി  കഴിക്കണോ അതോ മനീഷ് മാത്യുവിന്റെ കൂടെ കൂടി ഡെയ്ലി ബിയറടിക്കണൊ അതോ  ടോണീടെ കടേന്നു ച്യവനപ്രാശം വാങ്ങിക്കഴിച്ചാൽ മതിയോ എന്നീ ചോയ്സുകളില്‍ ഒരു തീരുമാനമാവതെ നില്ക്കുന്ന  സമയം.

അതിനിടയിലാണ് പുതിയൊരു ഉൾഭയം. സുന്ദരിയും സുശീലയും കലാമണ്ഡലം നർത്തകിയും (ഈ സിറ്റിയിൽ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചുപ്പുടിയും കഥകളിയും കഥകും അത്യാവശ്യത്തിനു ഡപ്പാൻകുത്തും അറിയാവുന്ന ഏക മഹതി. പണ്ട് ഞാൻ ബംഗലൂരു ഇൻഫോസിസിൽ ഐറ്റി കൂലിപ്പണിക്കാരനായിരുന്ന കാലത്ത് ഒരു ഓണാഘോഷത്തിനു നിറപ്പകിട്ടേകാൻ ലങ്ങ്‌ ഡൽഹിയിൽ നിന്നും കഥകളിയാശനെ കൊണ്ടുവന്നു കഥകളി കളിച്ച കഥയില്ലാത്ത ഒരു വിദ്വിനിയാണു മേല്പ്പറഞ്ഞ മിസ്സിസ് മഞ്ചു രാജുമോണ്‍) എനിവേയ്സ്, ബാക്ക് റ്റു  ദി  പോയിൻറ്  - സുന്ദരിയും സുശീലയും കലാമണ്ഡലം നർത്തകിയും, പ്യുവർ വെജിറ്റേരിയനുമായ തന്റെ പ്രിയ പത്നി മഞ്ചു   പക്ഷേ രാത്രി  കഴിക്കുന്നത്‌ പാടത്ത് കൂലിപ്പണിക്കു പോയി പകലന്തിയോളം പണിയെടുത്തു  ക്ഷീണിച്ചവശയായ ലക്ഷംവീട്  രായമ്മ വെച്ചലക്കുംപോലെ രണ്ടിടങ്ങഴി ചോറും ഒന്നരഗ്ലാസ്സ് തൈരും പരിപ്പും നെയ്യും അച്ചാറുമടങ്ങുന്ന ഫൈവ് കോഴ്സ് ഡിന്നറാണെന്നുള്ള വസ്തുത ഏതൊരു ഭർത്താവിനേയുംപ്പോലെ രാജുമോനും  ഭയജനകമാക്കിയിരുന്നു. ലങ്ങനെയാണു സ്വന്തം ശരീരം പുഷ്ട്ടിപ്പെടുത്താനും, മൊത്തത്തിൽ ഒരു ലൈഫ് സ്റ്റൈൽ ചേഞ്ചിനും വേണ്ടി ജിമ്മിൽ പോകാൻ തിരുമാനിച്ചത്. എന്നിട്ടും തൃപ്തി പോരാഞ്ഞ്  ഭാര്യയെകൊണ്ട് അരിഭക്ഷണം നിറുത്താൻ  പ്രതിജ്ഞയെടുപ്പിച്ചു. ഒരു സപ്പോർട്ടിന് വേണ്ടി താനും  അരിഭക്ഷണം നിറുത്തിയതായി പ്രഖ്യാപിച്ചത്രേ!

കുശലാന്വേഷണങ്ങൾക്കൊടുവിൽ ഞങ്ങൾ മെല്ലെ ബഫ്ഫേ ലക്ഷ്യമായി നീങ്ങി. മനസ്സുമുഴുവൻ പുലാവും ആട്ടിൻകറിയുമായിരുന്നു. "ഡാ കറി ഹൗസിന്റെ" വരാന്തയിലൂടെ ഞാൻ  ആട്ടിൻകറിയുമായി ടേബിളിനടുത്തേക്കു നടന്നു. പിന്നെയങ്ങോട്ട് ഭക്ഷണവുമായി ഒരു മല്പിടിത്തമായിരുന്നു. ഇടയ്ക്ക് ഞാൻ തൊട്ടടുത്തിരിക്കുന്ന രാജുമോനെ  ഒന്നു നോക്കി - പുള്ളി  ഭക്ഷണത്തിൽ മുഴുകിയിരിക്കുന്നു.

പുലാവും, നാനും, ആട്ടിൻകറിയും, ബട്ടർ ചിക്കനും, പനീർ മട്ടറും, ദാൽ മഖിനിയും ഫിഷ്‌ പഗോരയും അതിനു മുകളിൽ സലാടും മതിയാവോളം കുത്തിക്കേറ്റി   കൈകഴുകി വന്ന്  ബാക്കിയുണ്ടായിരുന്ന സ്പേസ് നിറയ്ക്കാൻ പായസവും ഗുലാബ്ജാമുനും കഴിച്ച് ബില്ലിനു വേണ്ടി വെയിറ്റ് ചെയ്യുന്നതിനിടെ ഞാൻ രാജുമോനോട്  ചോദിച്ചു

"അരിഭക്ഷണം നിറുത്തിയിട്ടു കുറേ നാളായോ? എന്നാ അരിഭക്ഷണം നിറുത്തിയത്"?

ഒരു വളിച്ച പുഞ്ചിയോടെ രാജുമോൻ,  " ഇന്നു രാവിലെയാ നിറുത്തിയത്! "

Friday, July 12, 2013

രോമാഞ്ചിന്റെ വാച്ച്

കാറ്റഗറി : ഡിജിറ്റൽ വാച്ച്
മോഡൽ : കാസിയോ എസ് ഡബ്ലിയു 110
മോഡ്യൂൾ :512
ജല പ്രധിരോധന ശേഷി : 50 മീറ്റർ
നിറം :കറുപ്പ്
സവിശേഷതകൾ : ഡേറ്റ് ഡിസ്പ്ലേ , മൾട്ടി ടൈം സോണ്‍ , ടൈം സോണ്‍ ഡിസ്പ്ലേ, അലാറം, ക്രോണോഗ്രാഫ് , ലൈറ്റ്, ഡേ ലൈറ്റ്, ഡുവൽ ടൈം ഡിസ്പ്ലേ, കാൽകുലേറ്റർ, ഹവെർലി ടൈം സിഗ്നൽ, കലണ്ടർ, 30 ഡാറ്റ ബാങ്ക്, സ്റ്റോപ്പ്‌ വാച്ച്, റ്റൈമർ, ബ്രിക്ക് ഗേം ഇത്യാദി

മേൽപറഞ്ഞ വച്ചുകളിലോന്നിന്റെ ഉടമസ്ഥനായിരുന്നു എന്റെ സീനിയറും ഹോസ്റ്റൽമേറ്റുമായ ശ്രീമാൻ രോമാഞ്ച്. തൊണ്ണൂറ്റിയേഴ് തൊണ്ണൂറ്റിയെട്ട്  കാലഘട്ടങ്ങളിൽ ഇത്തരം ഒരു വാച്ചിനുടമസ്ഥനായ   ഒരു ഒമ്പതാം ക്ലാസ്സ്‌ വിദ്യാർഥിയുടെ സ്കൂളിലുള്ള സോഷ്യൽ സ്റ്റാറ്റസിന്റെ വലിപ്പം പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ? വിദ്യാപ്രകാശ് പബ്ലിക്ക് സ്കൂളിലെ ആണായ് പിറന്ന മങ്കന്മാരെല്ലവരുടേയും മനസ്സ് ഇത്തരത്തിലൊരു വാച്ച് സ്വന്തമാക്കാൻ തുടിച്ചു.   മുകളിൽ നിന്നും ഇഷ്ടിക വീഴുമ്പോൾ അത് അടുക്കി വെക്കുന്ന ഒരു ഗെയിമുണ്ടായിരുന്നു ഈ വാച്ചിൽ. ഇന്റെർവൽ ബെല്ലടിച്ചാൽ രോമാഞ്ച് ഇഷ്ടിക അടുക്കിവെക്കൽ കളി തുടങ്ങേണ്ട താമസം പാമ്പിനെ തച്ചു കൊല്ലാനെന്നോണം ഒരു പറ്റം പിള്ളേർ തടിച്ചുകൂടും, കളി കാണാൻ - നടുവിൽ രോമാഞ്ചകഞ്ചുകനായി രോമാഞ്ചും.

ഹൗവ്വെവെർ, ദിവസങ്ങളും മാസങ്ങളും കടന്നുപോകവെ രോമാഞ്ചിന് തന്റെ വാച്ചിനോടുള്ള കമ്പം കുറയുകയും ക്ലാസ്സിലിരിക്കുന്ന സമയവും ഞായറാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിൽ പിള്ളേർക്കുറങ്ങാൻ അനുവദിച്ച ഒന്നര മണിക്കൂർ സമയവുമൊഴിച്ചാൽ വാച്ച് കണ്ടവന്റെ കയ്യിലിരുന്നു ആർക്കോവേണ്ടി ഇഷ്ടിക ഇട്ടുകൊണ്ടിരിക്കും. പോരാത്തതിന് ഈ വാച്ച് അക്ഷയപാത്രം പോലെ അടുക്കിവെക്കുന്തോറും ഇഷ്ടിക നിറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഇഷ്ടികപ്പാത്രവും. കാലം ചെല്ലുന്തോറും ഹോസ്റ്റലിൽ ചിലർ വളരെ എക്സ്പീരിയൻസ്ഡ് ആയ ഇഷ്ടിക അടുക്കിവെപ്പുകാരായി മാറുകയും തങ്ങളുടെ കഴിവും പ്രാഗത്ഭ്യവും തെളിയിക്കുന്നതിന്റെ ഭാഗമായി രോമാഞ്ചിന്റെയും വാച്ചിന്റേയും ഡിമാന്റ്  ദിനംപ്രതി വർധിച്ചുകൊണ്ടേയിരുന്നു.

ദുഫായിൽ നിന്ന് ദിർഹം എണ്ണിക്കൊടുത്താണു വാങ്ങിയതെങ്കിലും ഈ വാച്ചിന്റെ ഉത്ഭവസ്ഥാനം ഏതോ ഒരു ചൈനീസ് ഷെയ്ഖിന്റെ  ഗരാജിലാണെന്നുള്ള സത്യം വളരെ വൈകാതെ ഞങ്ങൾക്കെല്ലാവർക്കും പിടികിട്ടി      -  ഉച്ചകഴിഞ്ഞ് ബിന്ദു മിസ്സിൻറെ കണക്കുക്ലാസ്സിൽ ഏയും ബീയും എക്സും വൈയ്യും ബോർഡിൽ സ്കൊയറും ക്യൂബും കൊണ്ട് സർക്കുസ്സുകളിച്ചുകൊണ്ടിരിക്കുകയും അതിൽ ചില കുട്ടിപിശാച്ചുക്കൾ തന്നെ ഉറക്കത്തിലേക്ക് തള്ളിയിടാൻ ശ്രമിക്കുമ്പോൾ അതിലൊന്നും ശ്രദ്ധകൊടുക്കാതെ വൈകിട്ട് ക്യന്റീനിൽ ശ്യാമളച്ചേച്ചി ഉണ്ടാക്കിവെക്കുന്ന പഴംപൊരിയും ആലോചിച്ചുവെള്ളമിറക്കി, സപ്പർടൈം കഴിഞ്ഞാൽ ഉറങ്ങുന്നതിനുമുൻപ് എന്തൊക്കെ ഊടായിപ്പുകൾ ഒപ്പിക്കാം എന്നൊക്കെ പ്ലാൻചെയ്തു ക്ലാസ്സിന്റെ മറുവശത്തിരിക്കുന്ന പെണ്‍പിള്ളേരുടെ മുഖത്ത് കളിയാടുന്ന ഭാവഭേദങ്ങളൊക്കെ ഞൊടിയിടയിൽ ഒന്ന് തിരിഞ്ഞുനോക്കി ഒപ്പിയെടുത്ത് ഒരു ചെറിയ മാനസംത്രിപ്തി കൈവരിച്ച് ബിന്ദു മിസ്സ്‌ തന്നെ ശ്രദ്ധിക്കുന്നിലെന്നു ഉറപ്പു വരുത്തിയ ശേഷം ജോസിൻ ജോസെഫ്‌  തൊട്ടടുത്തിരിക്കുന്ന നമ്മുടെ രോമാഞ്ചിന്റെ ചുമലിൽ തട്ടിയിട്ട്‌ ഒരു സിംപിൾ ചോദ്യം അങ്ങട് കാച്ചി " സമയമെത്രയായെടാ?"

ബെഞ്ചിലിരുന്ന രോമാഞ്ചിന്റെ നെഞ്ചു പഞ്ചറായി. അഞ്ചു വരയല്ലാതെ വാച്ചിൽ വേറൊന്നും കാണാനില്ല. തിരിച്ചും മറിച്ചുമൊക്കെ നോക്കി - നോ രക്ഷ, വാച്ചിനോരനക്കവുമില്ല.  അതിനിടയിൽ  ബിന്ദു മിസ്സിന്റെ "രോമാഞ്ച്, പേ അറ്റെൻഷെൻ" കൂടി കേട്ടപ്പോൾ ഉള്ളിൽ നിന്നും ഉയർത്തെഴുന്നേറ്റ ഫീലിങ്ങ്സ് തിരിച്ച് ഉള്ളിലേക്കുതന്നെ വിഴുങ്ങി ശ്വാസമടക്കിപ്പിടിച്ച്‌ റ്റെൻഷനോടെ ബാക്കി ഇരുപതു മിനിറ്റ് എങ്ങനെയൊക്കെയോ തള്ളി നീക്കി. ബെല്ലടിച്ചു ക്ലാസ്സീന്നു പുറത്തിറങ്ങി രണ്ടുമിനിറ്റായില്ല - രോമാഞ്ചിനു ചുറ്റും വിണ്ടും ജനപ്രവാഹം - ഓരോരുത്തരായി വാച്ച് കുലുക്കുന്നു, മറിക്കുന്നു, റീസെറ്റ് ചെയ്യുന്നു, ബാറ്റെറി ഊരുന്നു തിരിച്ചുടുന്നു എന്ന് വേണ്ട തങ്ങളാൽ കഴിയുന്ന എല്ലാവിധ റ്റെക്നിക്കൽ സപ്പോർട്ടും രോമാഞ്ചിന്റെ വാച്ചിനു സമർപ്പിക്കുകയായിരുന്നു ഒമ്പതാം ക്ലാസ്സു മുതൽ പ്ലസ് ടൂ വരെയുള്ള കുട്ടപ്പന്മാർ.

പക്ഷേ സത്യത്തിന്റെ മുഖം അന്നും ഇന്നും എന്നും വികൃതമാണെല്ലോ - വാച്ച് ഈസ്‌ ഡെഡ്. ഡെഡ് എന്ന് പറയുമ്പോൾ അങ്ങനെ പൂർണമായും ശ്വാസം നിലച്ചിട്ടൊന്നുമില്ല. ഒരു ചെറിയ മൃത്വിന്ജയ റിപ്പയർ ഹോമം നടത്തിയാൽ ആള്  കാലിയാവാതെ കൈച്ചിലാവം. ബട്ട്,  ആരെക്കൊണ്ട്‌ ചെയ്യിക്കും? വടകര കൃഷ്ണാ വാച്ചസ്സിൽ കൊടുക്കാമെന്നു വെച്ചാൽ കൈയ്യിൽ കാശില്ല. ആരെങ്കിലുമൊക്കെ സ്പോണ്‍സർ ചെയ്യുമെന്നു വിചാരിച്ചിരിക്കുമ്പോൾ ഇഷ്ടിക അടുക്കിവെപ്പുകാരായ ക്ണാപ്പന്മാർ കൈ മലർത്തി. ഇനിയിപ്പോ പുതിയതൊന്നു കിട്ടണമെങ്കിൽ ദുഫായീന്നു ഫാതർ വരണം. മുന്നിൽ വഴികളൊന്നും തെളിയുന്നുമില്ല. ക്യാന്റീനിലും ലൈബ്രറിയിലും ഗ്രൌണ്ടിലും വാഷ്രൂമിലും പ്രധാന ചർച്ചാവിഷയം പതിവുപോലെ ഇതൊക്കെത്തന്നെയായിരുന്നു. അതിനിടയിലാണ് ഒരു പുതിയ പ്രസ്താവനയുമായി ജോസിൻ രംഗത്തിറങ്ങിയത് - ഇഷ്ടിക ഗയിമിൽ തന്റെ സ്കോർ ഒരുലക്ഷത്തിമുപ്പത്തേഴായിരത്തിയഞ്ഞുറ്റിപ്പന്ത്രണ്ടാണെന്നും തന്റെ ഈ റെക്കോർഡ് ഭേദിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും ഇനി കഴിയുകയുമില്ലെന്നും അഥവാ കഴിഞ്ഞാൽ തന്നെ തന്റെ റെക്കോർഡ് പൊട്ടിക്കുന്നവന് വടകര ബ്ലൂ ഡയമണ്ടിൽ നിന്നും  ഒരു കോയിബിരിയാണി ഓഫ്ഫർ ചെയ്യുമെന്നും പരസ്യമായി വെല്ലുവിളിച്ചു.

വാട്ടെവർ ബീ ഇറ്റ്‌ , ഈ കഥയിൽ നകുലന് (രോമാഞ്ച് ) ഓജസ്സും തേജസ്സുമുള്ള ഗംഗ(വാച്ച്)യെ തിരിച്ചേൽപ്പിക്കാൻ ലങ്ങ്‌  ലമേരിക്കയിൽ നിന്നും വന്ന ആ മനശ്ശാസ്ത്രജ്ഞൻ സണ്ണിക്കുട്ടൻ  ലാരാണെന്നറിയാമോ ? ലവനാണ് ചന്ദ്രൻ  - വയനടാൻ കാടുകളുടെ പൊന്നോമന പുത്രൻ, നെടുംബിലാശ്ശേരി ചന്ദ്രൻ!

വണ്‍ ഫൈൻ സണ്ടേ ആഫ്റ്റർനൂണ്‍, ഉച്ചയൂണൊക്കെ കഴിഞ്ഞ്  എല്ലാവരും ഒരു ചെറിയ മയക്കത്തിന് മെല്ലെ ഡോർമെട്രിയിലേക്കു വലിഞ്ഞു. രാവിലെ കളിച്ച പോലീസും കള്ളന്റെയും ക്ഷീണവും, ഉച്ചച്ചൂടിന്റെ ഉഷ്മളതയിൽ ധ്രുതതാളത്തിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദവും, തുറന്നിട്ട ജനവാതിലുകലിൽകൂടി അംബിളിക്കുന്നിനെ തഴുകി ഒഴുകിയെത്തുന്ന പടിഞ്ഞാറൻ കാറ്റും, മനോജ് സാറിന്റെ മേൽനോട്ടത്തിൽ നിശബ്ദദപൂണ്ട അന്തരീക്ഷവുമെല്ലാം  ആസ്ബെറ്റോസ് ഷീറ്റി നടിയിൽ കിടക്കുന്ന നൂറോളം കുരുത്തംകെട്ട പിള്ളേരെ നിദ്രയിലാഴ്ത്തി. പോലീസും കള്ളനും കളിക്കുന്നേരത്തു ജെനറേറ്റർ റൂമിലെ നട്ടും ബോൾട്ടും എണ്ണാൻ  പോയതുകൊണ്ട്  ചന്ദ്രേട്ടന് മാത്രം  ക്ഷീണമുണ്ടായിരുന്നില്ല. സോ, ചന്ദ്രേട്ടനുറങ്ങിയതുമില്ല.  രോമാഞ്ചാണെങ്കിൽ ആസ് യൂ ഷ്വൽ, അണ്ടി പോയ അണ്ണാനെപ്പോലെ വാച്ചും നോക്കിയിരിപ്പായിരുന്നു .

"എടാ രോമാഞ്ചേ…"

"എന്താ ചന്ദ്രാ …."

"ഞമ്മളെ താമരശ്ശേരി ചൊരയില്ലേ? അതും കയറി ബത്തേരിയെത്തുമ്പോ ആടെയൊരു വാച്ചുകടയിണ്ട്. ഞങ്ങളെ നാട്ടിലെ ഒരു കുമാരൻ നടത്തുന്ന ഒരുഗ്രൻ പീടിക. ബയനാട്ടിലെ എല്ലാരും ബാച്ച് നന്നാക്കാൻ ആടെയാ പോലും കൊടുക്ക്വ .... ഞാൻ കയിഞ്ഞ ബെക്കേഷന് മുപ്പരുടെ അടുത്ത് ഒരു രണ്ടുമാസക്കാലം ഉണ്ടായിനു …. ഈ റിപ്പെയറു പണിയൊക്കെ പടിക്കാൻ... വേണേങ്കിൽ ഇന്റെ ബാച്ച് ഞാൻ റിപ്പെയറു ചെയ്തു നോക്കാം"

ഒരു നിമിഷം ചിന്തയിലാണ്ടു രോമാഞ്ച്.  ചന്ദ്രൻ പറഞ്ഞതിലും കാര്യമില്ലാതില്ല. എല്ലാദിവസവും കാലത്ത് അഞ്ചരയ്ക്ക്  ജനറേറ്റർ ഓണ്‍ ചെയ്യുന്നത്  ചന്ദ്രൻ. എല്ലാദിവസവും രാത്രി പതിനൊന്നു മണിക്കു  ജനറേറ്റർ ഓഫ്  ചെയ്യുന്നതും  ചന്ദ്രൻ. ഹോസ്റ്റലിലും സ്‌കൂളിലും അടിച്ചുപോയ ബൾബുകൾ മാറ്റുന്നതും ചന്ദ്രൻ, ഫ്യുസായ ട്യൂബ്ലൈറ്റ് മാറ്റുന്നതും ചന്ദ്രൻ, ഫാൻ കേടായാൽ ആദ്യം വിളിക്കുന്നതും ചന്ദ്രനെത്തന്നെ. നൂറുനൂറ്റിപ്പത്തു ചെക്കന്മാരുള്ള ഹോസ്റ്റലിൽ എന്തുകൊണ്ട്   പ്രിൻസിപ്പലും രവീന്ദ്രൻ സാറും ഈ അവകാശം ചന്ദ്രനു  മാത്രം തീറെഴുതിക്കൊടുത്തൂ? മേയ് ബീ ചന്ദ്രന് വാച്ചു റിപ്പെയറുചെയ്യാൻ പറ്റുമായിരിക്കും. മാത്രമല്ല! ചന്ദ്രൻ ബടായിയടിക്കാറില്ല. സൊ, വാച്ചുകടയുടെ കഥയും സത്യമായിരിക്കാം.

"എന്നാലും, അത് ശെരിയകുമോ?"

"ഒരു ഗ്യരണ്ടിയുമില്ല, ചെയ്തു നോക്കാം. ഇനിക്ക്  മാണേങ്കി മതി "

മനസ്സില്ലാമനസ്സോടെ രോമാഞ്ച് തന്റെ വാച്ച് ചന്ദ്രന് കൊടുത്തു. ചന്ദ്രൻ മെല്ലെ കട്ടിലിൽ നിന്നിറങ്ങി മനോജ്‌ സാറിന്റെ ഉറക്കത്തിന്റെ ആഴമളന്നു ഇപ്പോഴൊന്നും എഴുന്നേല്കില്ലെന്നു ഉറപ്പുവരുത്തി തിരികെ കട്ടിലിൽ കയറിയിരുന്നു. സൈഡിലുള്ള ബാഗിൽ നിന്നും  ഒരു ന്യൂസ്പേപ്പർ കട്ടിലിൽ വിരിച്ച്, രോമാഞ്ചിന്റെ വാച്ചെടുത്ത്‌ അതിൽ വെച്ചു. തലയണയുടെ അടിയിൽ ഒളിപ്പിച്ചുവെച്ച ഒരു ചെറിയ പെൻസിൽ ബോക്സ്‌ എടുത്തു തുറന്നു. അതിനകത്തു പല സയിസിലുള്ള തുരുമ്പിച്ച കുറേ സ്ക്രൂഡ്രൈവറുകൾ. പറ്റിയ ഒരെണ്ണം തിരഞ്ഞെടുത്ത് ചന്ദ്രൻ തന്റെ കർത്തവ്യനിർവാഹകണം ആരംഭിച്ചു.

************************************************

സമയം നാലുമണിയോടടുക്കുന്നു. ചായക്കുള്ള സമയമായി. ഇപ്പോചെന്നില്ലെങ്കിൽ ശ്യാമളചേച്ചിയുടെ സ്‌പെഷ്യൽ പഴംപൊരിയും  അഞ്ച്  മണിയാകുമ്പോഴേക്കും കുളിച്ചുറെഡിയായി ലൈബ്രറിയിലെത്തിയില്ലെങ്കിൽ - ദൂരദർശനിലെ സിനിമയും മിസ്സാകും എന്ന നഗ്നസത്യം മനസ്സിലാക്കിയ ചന്ദ്രൻ  നെറ്റിയിലൂടോഴുകിവന്ന വിയർപ്പുതുടച്ച്  ചുറ്റും കൂടിനിന്നവരെ നോക്കിയൊരു നെടുവിർപ്പുമിട്ടു  അതീവ ജാഗ്രതയോടെ  ഊരിവെച്ച  എല്ലാ പാർട്സും  അതിന്റെതായ സ്ഥാനത്തുവെച്ച്, സ്ക്രൂകൾ ഓരോന്നായി തിരിചിടാൻ തുടങ്ങി. ഹവ്വെവർ, വാച്ചിൽനിന്നൂരിയ അഞ്ചാറു സാധനങ്ങൾ(രണ്ടുമൂന്ന് സ്ക്രൂ, ഒന്നുരണ്ട് പ്ലാസ്ടിക് കഷ്ണങ്ങൾ, ചിപ്പുകൾ ഇത്യാദി) ന്യൂസ്പേപ്പറിൽ അങ്ങിങ്ങായി ബാക്കികിടന്നു.

ഒരു വളിഞ്ഞ ചിരിയോടെ രോമാഞ്ചിനെ നോക്കി ചന്ദ്രൻ  - " ഇപ്പാണ്  സംഗതി പിടികിട്ടിയത്. ഇതൊന്നും ആവശ്യമില്ലാത്ത സാധനങ്ങളാണ്.  ഇത്രയും സാധനങ്ങൾ ഈന്റുള്ളിൽ  അനാവിശ്യമായി കാസിയോ കമ്പനി ഫിറ്റ്‌ ചെയ്തതാണ് കൊയപ്പം. ഇതൊന്നുമില്ലെങ്കിൽ വാച്ച്  അടിപൊളിയായിറ്റ് ഓടും" എന്ന് പറഞ്ഞ്  ആ സാധനങ്ങൾ പേപ്പറോടുകൂടി ചുരുട്ടിവലിച്ചൊരൊറ്റയേറ്. വാച്ച് ഓണ്‍ ചെയ്തു നോക്കുക പോലും ചെയ്യാതെ രോമാഞ്ചിന്റെ കയ്യിൽ  വെച്ച് കൊടുത്തിട്ടു ചന്ദ്രൻ  ക്യാന്റീനും ലക്ഷ്യമാക്കി ഒറ്റ നടത്തം.

വിദ്യാപ്രകാശ്‌ പബ്ലിക്‌ സ്കൂളിന്റെ ക്യാമ്പസിൽ ഇന്നും  ആ  വാച്ചിന്റെ ആത്മാവ് അലഞ്ഞുതിരിഞ്ഞു നടക്കുന്നു  - ആത്മശാന്തിക്കായി!


Friday, March 22, 2013

ചീഫ് ഷെഫ്



ഊടായിപ്പിന്റെ "വി" വെച്ചുള്ള പര്യായമാണു വിപിൻ.

ഓർകാട്ടേരി പുന്നോർത്ത് വീട്ടിൽ വേണ്വേട്ടന്റെ പൊന്നിന്റെ മനസുള്ള പുത്രൻ, അഥവാ  തള്ളന്താനത്തെ തള്ളിയിടാൻ കെൽപ്പുള്ള തള്ള് രാജാവ്, അഥവാ ഞാൻ മുമ്പ് പോസ്റ്റിയ "സിനിമാനടൻ"ലെ കഥാനായകൻ, ഇനിയൊരു അഥവാ കൂടി ഫിറ്റ്‌ ചെയ്തു പറഞ്ഞാൽ  ഞങ്ങൾ വിദ്യാപ്രകാശ്‌ പബ്ലിക്ക്‌ സ്കൂള്‍ രണ്ടായിരാമാണ്ട് ബാച്ച് വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായ നമ്മുടെ സ്വന്തം വിപിൻ വേണു.

കൊല്ലവർഷം 1179,   മനസ്സിനെ കോരിത്തരിപ്പിച്ചു കോരിച്ചൊരിയുന്ന മഴയുള്ള ഒരു കർകിടകമാസം, ലതായതു എ.ഡി. 2004 റെയ്നീ സീസണ്‍ -  വിപിനും റിനീഷും ചിത്രദുർഗയിൽ ശ്രീ ശ്രീ ശ്രീ ജഗദ്ഗുരു മല്ലികാര്‍ജുന മുരുകരാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജിയിൽ ഓട്ടോമൊബെയില്‍ എഞ്ചിനിയറിങ്ങിനു  പഠിക്കുന്ന കാലം. ഒന്നാം വർഷം കഴിഞ്ഞാൽ ഹോസ്റ്റലിൽ നില്കുന്നത് ആണായിപ്പിറന്ന മങ്കന്മാർക്ക് ചേർന്നതല്ല എന്ന വസ്തുത നിലനിൽക്കേ, വിപിനും റിനീഷും പിന്നെ വേറെ രണ്ടു പഹയന്മാരും കൂടി പറ്റിയ ഒരു വീട് കണ്ടുപിടിച്ച് അങ്ങോട്ട് താമസമാരംഭിച്ചു.

സംഭവം ശുഭം. ഇവിടം കൊണ്ടവസാനിക്കേണ്ടിയിയിരുന്ന ഹോസ്റ്റലിലെ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും പക്ഷേ വിപിനിന്റെ ജിവിതത്തിൽ തുടങ്ങിയതേയുള്ളൂ. താനൊരു തെറ്റില്ലാത്ത കുക്കാണെന്നും, അത്യാവിശ്യം ചിക്കനും ബീഫും മട്ടനുമൊക്കെ കേരളിയ തനിമയോടുകൂടി ഉണ്ടാക്കാനറിയാമെന്നും  സ്കൂളിൽ നിന്നും  ക്യാമ്പിങ്ങിനു പോകുമ്പോൾ ഫുഡ് ഗ്രൂപ്പിന്റെ ലീഡർ താനാണെന്നും അങ്ങനെ തന്റെ മേൽനോട്ടത്തിൽനിന്നും ഉത്ഭവിക്കുന്ന നെയ്ച്ചോറും കോയിക്കറിയും കഴിക്കാൻ വീണ, മീന, സലീന, ജിസ്ന, ശബാന, പ്രസീത, അനുശ്രീ എന്നിവർ ഉൾപെടുന്ന  ശാലീനസുന്ദരിമാരും ക്ലാസിലെ ആണ്‍പിറന്ന ഗജപോക്കിരികളും ക്യൂ നിൽകാറുണ്ടെന്നും ഒരിക്കൽ അച്ഛനും സുഹൃത്തും ഗൾഫിൽ നിന്നും വന്നപ്പോൾ താൻ നയ്മീൻ പൊള്ളിച്ചതുണ്ടാക്കി അവരെ ഞെട്ടിച്ചു കളഞ്ഞെന്നും പിന്നൊരിക്കൽ ഒരു കല്യാണവീട്ടിൽ പോയപ്പോൾ ബിരിയാണിയുടെ മണം പിടിച്ച് അതിൽ ഉപ്പ് പോരെന്നു റിപ്പോർട്ടു ചെയ്ത് അവിടുത്തെ കുക്കായ  ബിരിയാണി മൊയ്തൂക്കാന്റെ കയ്യിൽ  നിന്നും പാരിതോഷികം വാങ്ങിച്ചെന്നുമുള്ള കഥകൾ  ചിത്രദുർഗയിലെ കോളേജുക്യാന്റീനിൽ നിന്ന് കടിച്ചാലും വലിച്ചാലും മുറിയാത്ത പൊറോട്ട നഖം കൊണ്ട് നുള്ളിപ്പെറുക്കിതിന്നുനതിനിടയിൽ വിട്ട മുഖ്യബഡായികളിൽ ചിലതു മാത്രം!

ഇക്കണ്ട കഥകളൊക്കെ കേട്ട് വിപിനിനെ റൂംമേറ്റായി കിട്ടാൻ ചിത്രദുർഗയിലെ മലയാളികളും അല്ലാത്തതുമായ പുരുഷപ്രതാപികൾ  ഒന്നടങ്കം ആഗ്രഹിച്ചതിലും അതിനായി മുട്ടുകുത്തി പ്രാർത്ഥിച്ചതിലും വലിയ തെറ്റൊന്നും കാണാനില്ല. ഹൊവ്വെവർ വിപിണ്‍ വേണു വീണു. ഇനിയിപ്പോ സഹമുറിയൻമാർക്ക് ഭക്ഷണമുണ്ടാക്കികൊടുക്കണം, അതും സ്വാദിഷ്ട്ടമായത്. ഒന്നും രണ്ടും കാരണങ്ങൾ പറഞ്ഞ് കുക്കിങ്ങിൽ നിന്നും തലയൂരാൻ ആവതും ശ്രമിച്ചു - ഒരു രക്ഷയുമില്ല. അങ്ങനെ അവസാനം സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി വരും ദിവസങ്ങളിൽ അടുക്കളസാധനങ്ങളും പാത്രങ്ങളും വാങ്ങാമെന്നും വരുന്ന രണ്ടാംശനിയാഴ്ച്ച നെയ്ച്ചോറും ബീഫ് കറിയുമുണ്ടാക്കാമെന്നേറ്റു. പിന്നിടങ്ങോട്ടുള്ള രാത്രികൾ വിപിനിനു കാളരാത്രികളായിരുന്നു. കണ്ണടച്ചാൽ മനസ്സിൽ നെയ്ച്ചോറും മൂരിയും മാത്രം. ചൂടുവെള്ളം നിറച്ച ബിരിയാണിച്ചെമ്പിൽ മുങ്ങിത്താഴുന്നതും പല്ലു വെച്ചൊരു ചിരവ ഓടിവന്നു തന്നെ കടിക്കുന്നതും  പോലുള്ള ദുർസ്വപ്നങ്ങൾ കണ്ടു ഞെട്ടിയെണീക്കുന്നതും  പതിവായത്രെ.

എനിവേസ്, സംഭവദിവസം രാവിലെ റിനീഷിന്റെ സ്പ്ലെണ്ടറിൽ പതിനഞ്ചു രൂപയ്ക്ക് പെട്രോളുമടിച്ച് പത്തിരിപതു മിനിറ്റ് ദൂരെ ബസവേശ്വര നഗറിലെ ഒരു ഇന്റർനെറ്റ് കഫെയിൽ കയറി ഗൂഗിൾ മുഖാന്തരം കാണാൻ തെറ്റില്ലാത്ത ഒരു കേരളാ ബീഫ് കറിയുടെ റെസിപ്പി ഒരുവിധം തപ്പിപ്പിടിച്ചു ബൈഹാർട്ടാക്കി. തിരിച്ചു വീട്ടിലെത്തിയപ്പൊഴേക്കും ബീഫും, ബസുമതിയരിയും ഒക്കെ മേടിച്ചു കുക്കിനു വേണ്ടി കണ്ണിൽ നെയ്യൊഴിച്ചു വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു   റിനീഷും സഹമുറിയന്മാരും പിന്നെ വേറെ രണ്ടുമൂന്നു സുഹൃത്തുക്കളും.

ഒരു രണ്ടു മണിയോടുകൂടി വിപിൻ ഡിന്നറിനുള്ള പുറപ്പാടാരംഭിച്ചു.  അടുക്കളയിൽ ആരും കയറിപ്പോകരുതെന്നുള്ള വിപിനിന്റെ ശക്തമായ നിർദേശം  മാനിച്ച്  റിനീഷും പിള്ളേരും  കുറച്ചുനേരം റമ്മിയും പന്നിമലത്തുമൊക്കെ കളിച്ച് ക്ഷീണിച്ച് ലാപ്ടോപ്പിൽ കല്യാണരാമൻ കാണാൻതുടങ്ങി.

വിപിൻ ആദ്യം  ബീഫിൽ വെള്ളമൊഴിച്ചു, പിന്നെ  മസാലയിട്ടു, അത് കഴിഞ്ഞ് ഉപ്പിട്ടു, ഉപ്പു കൂടിപ്പോയതിനു കുറച്ചു സവാളയും ഉരുളക്കിഴങ്ങുമിട്ടു, അത് കൂടിപ്പോയതിനു വിണ്ടും മസാലയിട്ടു, വീണ്ടും  വെള്ളമൊഴിച്ചു…..  അങ്ങനെ കുറേനേരത്തെ പയറ്റിനൊടുവിൽ എല്ലാം ഒന്ന് വരുതിക്ക് വന്നെന്നു തോന്നിയപ്പോൾ അതിലേക്ക് കുറേ മല്ലിയിലയും കറിവേപ്പിലയും പൊതിനയിലയും വാരിയിട്ടു. അതുകഴിഞ്ഞു ടിയാൻ തന്റെ സർവ്വേശ്വരനായ തീറ്ററപ്പായിയെ മനസ്സിൽ ധ്യാനിച്ച് നെയ്‌ച്ചോറിന്റെ പണിപ്പുരയിലേക്ക് കടന്നു.  എന്തായാലും സിനിമ കഴിഞ്ഞപ്പോഴേക്കും ഡിന്നർ റെഡിയായി.

ലഞ്ച് കഴിക്കാതെ നെയ്ച്ചോറും ബീഫും സ്വപ്നം കണ്ട് വയറ് പഞ്ചറായ  ഓരോരുത്തരും അടുക്കളയിൽ വന്നു ഭക്ഷണം രുചിച്ചു നോക്കാൻ തുടങ്ങി. നെയ്ചോറിൽ ഉപ്പില്ല. പക്ഷെ ആ കുറവ് നികത്താൻ വിപിൻ   ഒരു രണ്ടര  ടിന്നോളം നെയ്യ് ചേർത്തിട്ടുണ്ട്. ബീഫ്കറിയും കൂടി ടേസ്റ്റ് ചെയ്ത് ഉഗ്രൻ എന്നമട്ടിൽ എല്ലാവരും ഒന്ന് തലയാട്ടി. സംതൃപ്തിയുടെ അലകൾ വിപിനിനെ രോമാഞ്ചകഞ്ചുകനാക്കി. വിപിനൊഴിച്ച് മറ്റെല്ലാവരുടെയും മുഖത്ത് കളിയാടിക്കൊണ്ടിരിക്കുകയായിരുന്നത് വിശപ്പെന്ന ആഗോളഭാവം മാത്രം . ലഞ്ച് കഴിക്കാത്തതുകൊണ്ട് വയറ്റിനകത്തുള്ള കൊക്കോപുഴുക്കൾ അലമുറയിട്ടു കുത്തിനോവിക്കാൻ തുടങ്ങിയപ്പോൾ   സാലടിനു തൈര് വാങ്ങാൻ വേണ്ടി വിപിനിനെ റിനീഷ് ദിനേശണ്ണന്റെ കടയിലേക്ക് പറഞ്ഞുവിട്ടു.

വിപിൻ പോയ ആ ഗ്യാപ്പിൽ  റിനീഷിന്റെ മേൽനോട്ടത്തിൽ എല്ലാവരുംകൂടി ഞൊടിയിടയിൽ ആ ബീഫ്  കറി  പച്ചവെള്ളത്തിൽ നല്ലവണ്ണം കഴുകിവൃത്തിയാക്കി വിണ്ടും കറിവെച്ചപ്പോഴാണ് ഒന്ന് കഴിക്കാൻ പാകമായതത്രെ.

വാൽ 1: ബീഫ് കറിയുടെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു തന്ന ലോനപ്പേട്ടനെ മനസ്സിൽ ധ്യാനിച്ച് റിനീഷ് നെയ്ചോറിന്റെ ഖബറിടത്തിൽ ഒരു പിടി ബീഫ്  കഷണങ്ങൾ വാരിയിട്ട്  നടന്നകന്നു, ഇന്നും തീരാത്ത പ്രവാസം. സബരോ കീ സിന്ദഗീ ജോ കഭീ നഹീം ഖതം ഹോ ജാത്തീ ഹേം. അന്നു  മുതൽ റിനീഷിനു നെയ്ചോറ്  അലർജിയായിരുന്നത്രെ !

വാൽ 2: തലേന്നത്തെ ആരും തൊടാതെ വെച്ച ആ നെയ്ക്കഞ്ഞി  കാടിവെള്ളത്തിൽ മിക്സ് ചെയ്തത് ആർത്തിയോടെ കഴിച്ച അടുത്ത വീട്ടിലെ രാഘവേന്ദ്ര ദൊഡ്ഡണ്ണയുടെ കാള, ബീഫിനു പോലും പറ്റാത്ത അവസ്ഥയിൽ വയറിളക്കം വന്നു ഇഹലോകവാസം വെടിഞ്ഞ കഥ ചിത്രദുർഗയിലെ പുൽക്കൊടികൾക്കു പോലും മനഃപ്പാഠമാണ്.

വാൽ  3: ഒരിക്കൽ ചായയുണ്ടാക്കാൻ അടുക്കളയിൽ  കയറിയ വിപിൻ പ്രെഷർ കുക്കറും  കയ്യിലേന്തി  അടുക്കളവാതിലിൽ നിന്നും പുറത്തേക്ക് തലയിട്ട് റിനിഷിനോട് ചോദിച്ചത്രെ , " എടാ, ചായക്കെത്ര വിസിലാ " ? 

കടപ്പാട് - റിനീഷ്, ഏതോ ഗുദാമിലെ ഓട്ടോമൊബൈൽ ഇഞ്ചിനീര്.


-കടത്തനാടൻ
March 22, 2013