രണ്ടായിരത്തിനാല് ഒക്ടോബർ പതിനെട്ടാം തീയതി ഞങ്ങളുടെ കോളേജ് മാഗസീൻ വർക്കിന്റെ ഭാഗമായി ഫാറൂഖ് കോളേജിലെ പ്രൊഫസ്സറായിരുന്ന കാരശ്ശേരി മാഷിനെ ഇന്റർവ്യൂ ചെയ്യാനാണ് യൂണിയൻ എഡിറ്ററും എന്റെ സഹപാഠിയും അതിലുപരി എംഎസ്എഫ്ഫിനു സ്റ്റഡി ക്ലാസ്സുകളൊക്കെയെടുക്കുന്ന ഒരു രാഷ്ട്രീയ ബുദ്ധിജീവിയും ജുമാന്ജി അഥവാ കൊച്ചുണ്ടാപ്പി എന്ന പേരിൽ അറിയപ്പെട്ടിരുന്ന എളമ്പിലാവിൽ സുഫൈദ് എന്നേയും കൂട്ടി കാലത്ത് റെയിൽവേ സ്റ്റേഷിനിലെത്തിയത്. സുഫൈദിനു നോമ്പായതിനാലും വൈകിട്ട് അവന്റെ വീട്ടിലെ നോമ്പ് തുറയ്ക്ക് ഞാനും ഒരു ക്ഷണിക്കപ്പെട്ട അതിഥിയായതിനാൽ ഒരു മോറൽ സപ്പോർട്ടിന് ഞാനും നോമ്പെടുത്തിരുന്നു.
തമ്മിൽ കാണുമ്പോൾ എന്നോട് അൽപസ്വല്പം നമ്പൂതിരി ഭാഷയിൽ സംസാരിക്കാറുള്ള ബബീഷ് അന്നെന്നെ വടകര റെയിൽവേ സ്റ്റേഷിനിൽ വെച്ച് കണ്ടപ്പൊ പതിവ് പോലെ , "ഹൈ തിരുമേനി എങ്ങോട്ടാണാവൊ ഇത്ര കാലത്ത് ഭാണ്ടക്കെട്ടുമായി? കാലത്ത് എന്തായിരുന്നു ഭോജനത്തിന്? "
"നോമിനിന്നു നോമ്പാണ് പഹയാ. സൂര്യാസ്തമനസമയം സന്ധ്യാദീപവും കൊളുത്തി പള്ളീലെ ബാങ്കും കഴിഞ്ഞ് കാരക്കയും ഭോജിച്ച് നോമ്പ് മുറിക്കാതെ നോം ജലപാനം ചെയ്യില്ല ന്റെ ബബീഷ് നമ്പൂതിരീ "
ഒരു ചിരിയോടെ ബബീഷും ഞാനും സുഫൈദും രാവിലെ അഞ്ചേമുക്കാലിനു വരാനിരിക്കുന്ന കണ്ണൂർ ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ്സും കാത്ത് പുലർക്കാലക്കത്തിയുമടിച്ചിരുന്നു.
തീയതി ഇത്ര കൃത്യമായി ഓർക്കാൻ ഒരു കാരണമുണ്ട്. തീവണ്ടി ഏകദേശം പയ്യോളി എത്തിക്കാണും, വാതിലിന്റെ അരികിൽ കാറ്റുകൊണ്ട് പ്രകൃതിരമണീയതയൊക്കെ ആസ്വദിച്ച് വൈകിട്ട് നോമ്പ്തുറയ്ക്ക് കിട്ടാൻ പോകുന്ന വിഭവങ്ങളേയും സ്വപ്നം കണ്ട് നിൽകുകയായിരുന്ന എന്റടുത്തേയ്കു കുതിച്ചെത്തിയ സുഫൈദ് "എടാ, വീരപ്പൻ ചത്തെഡാ …"
"ങേ ... ചത്തൂന്നൊ?"
"ഐ മീൻ കൊന്നെടാ ….. ബെടിബെച്ചു കൊന്നു. പേപ്പറിലുണ്ട്. പസ്റ്റ് പേജിൽ"
ഏതോ യാത്രക്കാരന്റെ കയ്യിൽ നിന്നും പത്രം കടം വാങ്ങി ഫസ്റ്റ് പേജ് കാണിച്ചുതന്നു. സംഭവം ശെരിയാണ്. ബന്ദിപ്പൂർ കാടുകളെ കിടുകിടാ വിറപ്പിച്ച - പോലീസുകാരടക്കം ഇരുന്നൂറോളം പേരെ വോട്ടർ പട്ടികയിൽ നിന്നും പേരെടുത്ത് കളയിപ്പിച്ച - പീഢനവീരന്മാരായ ആനപ്പാപ്പാന്മാർക്ക് വിട്ടുകൊടുക്കാതെ ഇരുന്നൂറ്റിയമ്പതിൽ പരം കൊലകൊമ്പന്മാരെ സ്വന്തം കൈയ്യാൽ ബലികഴിപ്പിച്ച - തന്റെ കുടുംബത്തിനു ഒരു നേരത്തെ അന്നത്തിനു വേണ്ടി വെറും തുച്ഛമായ ഇരുപത്തിയാറ് ലക്ഷത്തിൽപരം ഡോളർ വിലവരുന്ന ആനക്കൊമ്പും രണ്ട് കോടി ഇരുപത്തിരണ്ട് ലക്ഷത്തിൽപരം ഡോളർ വിലവരുന്ന ചന്ദനവും കടത്തിയ വീരശൂരപരാക്രമിയുമായ വീരപ്പൻ വെടിയുണ്ട കൊണ്ട് സൈഡ് തകർന്ന തലയുമായി മാതൃഭൂമിയുടെ ഫ്രണ്ട് പേജിൽ നിറഞ്ഞുകവിഞ്ഞു ഉറങ്ങിക്കിടക്കുന്നു.
അവധിയായിരുന്ന ഇന്ന് വീട്ടിലിരുന്നെങ്കിൽ നാരായണൻകുട്ടിയുടെ തയ്യൽകടയിൽ നിന്നും ജിജേഷിന്റേയും, നക്കോന്തന്റേയും ബാക്കി വിശിഷ്ടാവശിഷ്ടങ്ങളുടേയും വായിൽ നിന്നും വീരപ്പകഥകളും വീരപ്പകത്തികളും കേൾക്കാമായിരുന്നു. ഇനിയിപ്പോ വൈകിട്ടോ നാളെയോ ചെന്നാൽ ഇന്നത്തെ കത്തികളുടെ ഹൈലൈറ്റ്സ് കേൾക്കാം എന്നൊക്കെ മനസ്സിൽ ആലോചിച്ച് ഞാൻ വീണ്ടും പ്രകൃതിരമണീയതയിലേക്കലിഞ്ഞു.
അങ്ങനെ വീരപ്പന്റെ വീരകൃത്യങ്ങളും ചർച്ച ചെയ്തു ഫറോക്കിൽ ചെന്ന് പോയ കാര്യം സാധിച്ച് ഇന്റർവ്യൂ ചെയ്ത ആ മഹത് വ്യക്തിയുടെ കയ്യിൽ നിന്നും സമ്മാനമായി കിട്ടിയ ചില പുസ്തകങ്ങളും കയ്യിലേന്തി ഞങ്ങൾ ഉച്ചയായപ്പോഴേക്കും തിരിച്ചു കോയിക്കോട്ടെത്തി.
ഒരു ബാക്ക്പാക്ക് ഉണ്ടായിരുന്നതിനാൽ ഞാൻ എനിക്ക് കിട്ടിയ പുസ്തകങ്ങൾ അതിൽ വെച്ചു. പുസ്തകങ്ങൾ കയ്യിലേന്തി നടന്നവശനായ സുഫൈദ് മിഠായിത്തെരുവിലെത്തിയപ്പോഴേക്കും "ഇനി ബയ്യ, പുസ്തകങ്ങൾ ഇടാൻ ഒരു കവറെങ്ങാനും കിട്ട്വോന്ന് നോക്കീറ്റ് ബരാം" എന്ന് പറഞ്ഞ് മുന്നിലുണ്ടായിരുന്ന ഒരു കടയിൽ കയറി.
അഞ്ചുപത്തുമിനിറ്റായിട്ടും സഞ്ചി വാങ്ങാൻ പോയ സുഫൈദിനെ കാണാഞ്ഞിട്ട് അവൻ വല്ല ഷോപ്പിങ്ങിലും ആയിരിക്കുമെന്നും വിശന്ന് പൊരിഞ്ഞ് ഈ പൊരിവെയിലത്ത് നിൽകണ്ടല്ലൊ എന്നും കരുതി ഞാനും അതേ കടയിലേക്ക് കയറി.
സ്ത്രീകൾ മാത്രം ജോലിചെയ്യുന്ന ഒരു ലേഡീസ് ഫാഷൻ ആക്സസ്സറീസ് കടയായിരുന്നു അത്. ഞാൻ അകത്തു കയറിയപ്പോ കണ്ടത് തരുണീർമണികളായ ഒരഞ്ചാറു പെണ്‍കുട്ടികൾ കൂട്ടച്ചിരിയോ ചിരി. നടുവിൽ ഒരു വളിച്ച ചിരിയും മുഖത്ത് ഫിറ്റ് ചെയ്ത് ശശിയായി സുഫൈദും.
കാര്യമറിഞ്ഞ എനിക്കും ചിരിയടക്കാനായില്ല. നാദാപുരം ഭാഷാ ശൈലിക്ക് ഉടമസ്ഥനായ സുഫൈദ് ആ കുട്ടിയോട് "ഒരു ഉറ തര്വോ?" എന്ന് ചോദിച്ചത്രെ!
വളരെ നാണിച്ച് മുഖം താഴ്ത്തി അവൾ തിരിച്ചു ചോദിച്ചു "കോഹിനൂർ വേണോ?, മൂഡ്സ് വേണോ? സാധാരണ എല്ലാവരും ഇത് മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങുന്നതുകൊണ്ട് ഇവിടെ അധികം സ്റ്റോക്കില്ല."
"അള്ളോ! അതല്ല! ഈ പുസ്തകം ബെക്കാനൊരു ഒറയാ മാണ്ട്യേത്….. ഐ മീൻ സഞ്ചി!"
No comments:
Post a Comment