നാല് വയസ്സ് തികയുന്നതിനു മുൻപ് തന്നെ അടുക്കളയിൽ തുറന്നു വെച്ചിരിക്കുന്ന പഞ്ചാരട്ടിൻ ലക്ഷ്യമാക്കിയാണ് ഉറുമ്പുകൾ വരുന്നതെന്ന് കണ്ടുപിടിച്ചപ്പോൾ അമ്മയും, മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ നമ്പൂതിരിമാരെ ഉണക്കിപ്പൊടിച്ചുണ്ടാക്കി മാർകറ്റിലിറക്കുന്ന സാധനമാണ് നമ്പൂതിരിപ്പൊടിയെന്ന് കണ്ടുപിടിച്ചപ്പോൾ ശ്രീധരൻ മാഷും പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ നീതുവിന്റെ കാണാതായ കോമ്പസ്സ് സക്കീറിന്റെ ഇൻസ്റ്റ്രുമെന്റ് ബോക്സിൽ നിന്നും കണ്ടൂപിടിച്ചപ്പോൾ പരവതാനി രാജേഷും കോളേജിൽ പഠിക്കുമ്പോൾ ഒടിയനു തടി വെക്കാത്തത് വയറ്റിലുള്ള കൊക്കോ പുഴു കാരണമാണെന്ന് കണ്ടുപിടിച്ചപ്പൊ മണ്ണുവും ഒരേ സ്വരത്തിൽ പറഞ്ഞത് "എടാ ജുബിത്തേ നീ ഒരു ശാസ്ത്രജ്ഞൻ ആകുമെടഡാ …" എന്നായിരുന്നു. എന്തും കണ്ടുപിടിക്കാനുള്ള ജന്മനാ ഉള്ള ഒരു ത്വരയും അതിനു വേണ്ടി എത്ര സമയം ചിലവഴിക്കാനുള്ള മടിയില്ലായ്മയും ജുബിത്തിനെ തന്റെ സുഹ്രുത്തുക്കളുടെ ഇടയിലെ ശാസ്ത്രജ്ഞനാക്കി മാറ്റി.
കോളേജ് പഠന കാലത്ത് തന്റെ സുഹൃത്തും അത്യാവിശ്യത്തിലധികം തടിയുള്ള ശരീരത്തിനുടമാകൂടിയായ അരുണ്‍ ജേക്കബ് തന്നെ അലട്ടുന്ന ഒരു പ്രശ്ന പരിഹാരത്തിനായി ജുബിത്തിനെ സമീപിച്ചു - "പെട്ടന്ന് തടി കുറയ്കണം. അതും നാട്ടിൽ വെക്കേഷനിനു പോകുന്ന ഒരാഴ്ച്ച കൊണ്ട്."
ഒന്ന് ചിന്തിക്കുകപോലും ചെയ്യാതെ തന്നെ ഒരു പ്രൊഫഷണൽ ഡയറ്റീഷ്യനെന്നോണം ജുബിത്ത് പോംവഴി നിർദേശിച്ചു , "നല്ലോണം പഴുത്ത ചക്ക തിന്നാൽ മതി" എന്നിട്ട് ചക്ക കൊണ്ട് തടി കുറക്കാനുള്ള രീതിയും ഒരു കടലാസിൽ കുറിച്ചുകൊടുത്തത്രെ.
"ചക്കയിൽ ഷുഗറില്ലേ, അതു കഴിച്ചാൽ തടി കൂടുകയല്ലേ ഉള്ളൂ?"
"ആദ്യം വിവരമുള്ളവർ പറയുന്നതനുസരിക്കാൻ പഠിക്ക്. നോ മോർ ക്വസ്റ്റ്യൻസ്"
ജുബിത്തിന്റെ വാക്കും കേട്ട് നാട്ടിലെത്തിയ താരം കാലത്തും ഉച്ചയ്കും വൈകിട്ടും വയറു നിറയെ പഴംചക്ക തിന്നുകയും അതിന് പുറമേ അന്നാഹാരം ത്യജിച്ച് ചക്കപ്പുഴുക്കും ചക്കതോരനും ചക്കയടയും ചക്കവരട്ടിയതും ചക്കവറുത്തതും കഴിക്കുകയും ചെയ്തതിന്റെ പാർശ്വഫലമായി പണ്ടേതോ ഒരു കർക്കിടകമാസത്തിൽ വയറ് വൃത്തിയാക്കാൻ മുക്കാൽ ലിറ്റർ ആവണക്കെണ്ണ സേവിച്ച വിശ്വം കുരിക്കളെപ്പോലെ ഒന്നിന് പോകുമ്പോൾ അതിനേക്കാൾ സ്പീഡിൽ പുറകിലൂടെ രണ്ട് പോവുകയും ചക്കയുൾപടെ കഴിച്ച മൊത്തം സാധനങ്ങളേയും ആമാശയം ചക്കപ്പായസമാക്കി പുറത്തേക്ക് വിടുകയും ചെയ്തതിന്റെ ഭാഗമായി മൂന്നു ദിവസം വീട്ടിലും രണ്ടു ദിവസം ആശുപത്രിയിലും വളരെ ബിസിയായി ചിലവഴിച്ച് ഒറ്റയടിക്കു പന്ത്രണ്ട് കിലോ കുറഞ്ഞ് ചുള്ളിക്കമ്പ് പോലെയായി.
ഒരാഴ്ചത്തെ അവധി കഴിഞ്ഞു കോളേജിലെത്തിയ അരുണ്‍ ജേക്കബിനെ വരവേറ്റത് പെണ്‍പിള്ളേരുടെ വക "ചുള്ളനായീണ്ട് ട്ടാ", "അടിപൊളി, ഇതെങ്ങനെ സാധിച്ചു?" എന്നൊക്കെയുള്ള ഒരു മാതിരി ആക്കിയ കമന്റുകളായിരുന്നത്രെ. അതിന് നന്ദി സൂചകമായിട്ടും തന്റെ ഈ ഗ്രഹിണി പിടിച്ച കോലത്തിനുത്തരവാദിയായത് കൊണ്ടും അരുണിന് ജുബിത്തിനെ തല്ലിക്കൊല്ലണമെന്നുണ്ടായിരുന്നു പക്ഷെ ക്ഷീണം കാരണം കൈയും കാലും അനക്കാൻ പറ്റാത്തതുകൊണ്ട് അന്നവൻ ജുബിത്തിനെ താത്കാലികമായി വെറുതെ വിടുകയായിരുന്നു.
** ** ** ** **
രണ്ടായിരത്തിയെട്ടിലെ ഒരു തണുത്ത ഡിസംബർ മാസ സായാഹ്നം - തിരക്കിട്ട് എതോ റിപ്പോർട്ട് തയാറാക്കുന്നതിനിടയിലാണ് ഒടിയന്റെ ഫോണ്‍ വന്നത്
"എടാ നീ ഒരു ചായ കുടിക്കനിറങ്ങുന്നോ? പുഷ്പനും മണ്ണുവും കമ്പിയും ജുബിത്തും സനൂപുമുണ്ട് "
"ഒരു പത്തുമിനിറ്റ്, ഞാനിതായെത്തി! "
ഒടിയനും പുഷ്പനും മണ്ണുവും കമ്പിയും ജുബിത്തും സനൂപും ഞാനുമൊക്കെ ഒരേ ബാച്ചിൽ ജോലിക്ക് കയറിയതാണ്. ട്രെയ്നിംഗ് ഒക്കെ കഴിഞ്ഞ് ഞങ്ങൾ പല പല പ്രോജക്റ്റിലായി മാറിയതുകൊണ്ടും പല ഷിഫ്റ്റിലായതുകൊണ്ടും അക്കാലത്ത് ഒരുമിച്ചു കാണുന്നത് തന്നെ അപൂർവമാണ്.
ഫൂഡ് കോർട്ടിൽ പോയി ചായയും മസാലാചാറ്റും കത്തിയടിയുമൊക്കെ തകൃതിയായ് നടത്തി ഞങ്ങൾ കാമ്പസ്സിന്റെ ഒരു മൂലയിലേക്ക് മെല്ലെ നടന്നു നീങ്ങി. എല്ലാവരും തമ്മിൽ കണ്ടത്തിൽ വലിയ സന്തോഷത്തിലായിരുന്നു. പക്ഷേ ജുബിത്ത് മാത്രം അധികമൊന്നും വർത്താനം പറയാതെ എന്തോ കൂലംകഷമായ ചിന്തയിൽ മുഴികിയിരിക്കുകയായിരുന്നു. കാര്യമെന്തെന്ന് തിരക്കിയപ്പോ "ഏയ്, ഒന്നുമില്ല!" എന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ നല്ലവണ്ണം നിർബന്ധിച്ചു. വല്ല പ്രേമമോ കോപ്പോ ആയിരുന്നെങ്കിൽ ജുബിത്തിനെ വാരിയലക്കാൻ ഒരു വിഷയമായല്ലൊ എന്ന് കരുതിയിരുന്ന ഞങ്ങളോട് ജൂബിത്ത് വളരെ സീരിയസ് ആയി തന്റെ സങ്കീർണമായ പ്രശ്നത്തിനെ ചുരുളുകളഴിച്ചു
"ഞാൻ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ റൂമിലെ ലൈറ്റ് ഓഫാക്കിയിടും. പക്ഷെ എന്നും രാവിലെ അഞ്ച് മണിക്ക് ഞാൻ എഴുന്നേൽകുമ്പോൾ ആ ലൈറ്റ് ഓണായിരിക്കും. സഹമുറിയന്മാർ രണ്ടെണ്ണവും നൈറ്റ് ഷിഫ്റ്റിലായതുകൊണ്ട് അവരല്ല. വേറാരും റൂമില്ലില്ലതാനും. ഇതെങ്ങെനെ സംഭവിക്കുന്നു എന്ന് കണ്ടുപിടിക്കാൻ പറ്റുന്നില്ല. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി മുഴുവൻ ഞാൻ ലൈറ്റ് ഓഫാക്കി ഉണർന്നിരുന്നു, പക്ഷെ അന്ന് ലൈറ്റ് ഓണായില്ല."
ഞങ്ങളുടെ മുഖത്ത് ആശ്ചര്യം. ആദ്യമായിട്ടാണ് ഇങ്ങനൊരു പ്രശ്നത്തിലിടപെടുന്നത്. ഐ മീൻ ഒരദൃശ്യശക്തിയുമായി ഇത്രയും അടുത്തെത്തിയതിന്റെ ഭയവും കൌതുകവും ഒരുമിച്ചു ചേർന്ന ഒരു ഫീലിംഗ്. ഒന്നും പറയാനാകാതെ ജുബിത്തിന്റെ മുഖത്ത് കണ്ണും നട്ടിരുന്ന ഞങ്ങളുടെ സൈലൻസ് ബ്രേക്ക് ചെയ്തത് ഒടിയനാണ്
"എത്രകാലമായി ഇത് തുടങ്ങിയിട്ട്? "
"ഏകദേശം ഒരു മാസമായി. "
"എന്നിട്ട് നീ റൂം മേറ്റ്സിനോട് പറഞ്ഞോ? "
"അവന്മാര് ഒടുക്കത്തെ പേടിത്തൊണ്ടന്മാരാ. അവരോടു പറഞ്ഞാൽ അവന്മാര് റൂം ഒഴിഞ്ഞ് പോകും. പിന്നെ വാടക ഞാൻ ഒറ്റയ്ക്ക് കൊടുക്കേണ്ടി വരും. "
പൊടുന്നനെ മണ്ണുവിന്റെ വക കമെന്റ് "എടാ കേട്ടടത്തോളം ഇതൊരു പ്രശ്നമുള്ള കേസാ. വല്ല ബാധയുമായിരിക്കും. ഞാനെനി നിന്റെ വീടിന്റെ പരിസരത്തു പോലും വരുന്നില്ല. എനിക്ക് പേടിയൊന്നുമുണ്ടായിട്ടല്ല , പക്ഷെ ഇതുപോലുള്ള ശക്തികളെ നമ്മൾ പരീക്ഷിക്കരുത്. ഞങ്ങടെ നാട്ടിൽ ഇതുപോലെ പണ്ടൊരിക്കൽ … "
"നിങ്ങടെ നാട്ടിൽ പണ്ടൊരിക്കൽ ഒലക്കേടെ മൂട്!" മണ്ണു പറയുന്നതിനിടയിൽ സനൂപ് ഇടപെട്ടു, "ഒരുത്തനിന്നു രാത്രി ആ റൂമിലേക്ക് തന്നെ കയറിപ്പോണ്ടതാ. അപ്പോഴാ അവന്റെയൊരു ഓലക്കേലെ കഥ. നിന്റെ ബ്രേക്ക് റ്റൈം കഴിയാറായില്ലെ. വൈകിയാ നിന്റെ മാനേജറിന്റെ വായീന്ന് തെറികേൾക്കും. പിന്നെ നാളെ മുതൽ അതാവും കഥ! "
അങ്ങനെ ഓരോരുത്തരായി അവരവരുടെ ഓഫീസിലേക്ക് വലിഞ്ഞു. എല്ലാവരുടേയും മനസ്സിൽ ജുബിത്തിന്റെ വാക്കുകളിൽ പൊതിഞ്ഞ പ്രശ്നം തന്നെയായിരുന്നു. അവൻ പറയുന്നത് സത്യമാണെങ്കിൽ ഭയപ്പെടുത്തുന്ന ഒരുത്തരമായിരിക്കും ഇതിന്റെ ഒടുവിൽ എന്ന് എല്ലാവരും വിശ്വസിച്ചു . പേടിയില്ല എന്ന് പുറത്ത് കാണിക്കുന്നുണ്ടെകിലും ജുബിത്തിന് നല്ല ഉൾഭയമുണ്ടായിരുന്നു. മണ്ണുവിന്റെ കാര്യം പിന്നെ പറയണ്ട - ഒടുക്കത്തെ പേടിയും പോരാത്തതിനു ഓരോ കഥകൾ പറഞ്ഞ് ബാക്കിയുള്ളവരെക്കൂടി പേടിപ്പിക്കാനുള്ള ശ്രമവും.
എനിവേയ്സ് അന്ന് മുതൽ എല്ലാ ദിവസവും ഞങ്ങൾ ജുബിത്തിനെ വിളിച്ച് കാര്യമന്വേഷിക്കാൻ തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോ പുതിയൊരു ഡെവലപ്മെന്റ് - കാലത്ത് ആറുമണിക്ക് ശേഷം എഴുന്നേൽകുന്ന ദിവസങ്ങളിൽ ലൈറ്റ് ഓണാവാറില്ല. ഇനിയിപ്പോ ഒരു പക്ഷെ ലൈറ്റ് ഓണാക്കുന്ന അദൃശ്യശക്തി പിന്നീട് ഒരാറു മാണിയോടടുക്കുമ്പോ ലൈറ്റ് ഓഫാക്കുന്നതാണെങ്കിലോ എന്ന് പോലും ഞങ്ങൾ വിശ്വസിച്ചു തുടങ്ങി. പലയിടത്തുനിന്നും വിശ്വസനീയമായ ബാധക്കഥകൾ കേട്ടുതഴമ്പിച്ചതിനാൽ ഇതും അതുപോലൊരെണ്ണമാണെന്ന് വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങളുടെ മനസ്സിൽ ഭയത്തിന്റെ നിഴലുകൾ സാൽസാഡാൻസ് കളിച്ചുതുടങ്ങിയിരുന്നു . ഇന്ന് ജുബിത്തിന്റെ വീട്ടിൽ നടക്കുന്നത് നാളെ ഞങ്ങളിലൊരളുടെ വീട്ടിലും സംഭവിച്ചുകൂടെന്നില്ല. ജുബിത്ത് ഉറങ്ങിക്കിടക്കുമ്പോൾ ലൈറ്റ് ഇടുന്നത് ഒരു സ്ത്രീയുടെ ആത്മാവായിരിക്കുമെന്നും ജുബിത്തിന്റെ ശരീര സൌന്ദര്യം കണ്ടാസ്വദിക്കാനായിരിക്കും ഉറങ്ങുമ്പോൾ ലൈറ്റ് ഇടുന്നതെന്നുമാണ് കമ്പിയുടെ ഇന്റർപ്രറ്റേഷൻ. കമ്പിപ്പുസ്തകങ്ങൾ വായിച്ചുതഴമ്പിച്ച കമ്പിയുടെ വായിൽ നിന്നും ഇതുപോലൊരെണ്ണം കേട്ടില്ലെങ്കിലേ അത്ഭുതമുള്ളു.
ഹൌസ് ഓണറെ അറിയിച്ച് ഒരു ഗണപതി ഹോമം നടത്താൻ മണ്ണു നിർദേശിച്ചു, എന്നിട്ട് ഫലമുണ്ടായില്ലെങ്കിൽ വല്ല മാന്ത്രികനേയും കൊണ്ടുവന്ന് ചുട്ടകോഴിയെ പറപ്പിക്കുകയോ മറ്റോ ചെയ്യാമെന്നായി. കാര്യങ്ങൾ കൈവിട്ടുപോകാതിരികാൻ പോംവഴികൾ ചർച്ച ചെയ്യുന്നത് തകൃതിയായി എല്ലാദിവസവും വീഴ്ച്ചയില്ലാതെ ഗ്രൂപ്പ് ചാറ്റിലൂടേയും കോണ്ഫറന്സ് കോൾ മുഖേനെയും നടന്നു പോകുന്നതിനിടയിൽ ഒരു ദിവസം ജുബിത്തിന്റെ വക ടെക്സ്റ്റ് മെസ്സേജ്, "യുറേക്കാ …. യുറേക്കാ…. കണ്ടുപിടിച്ചേ …. പ്രോബ്ലം സോൾവ്ഡ് "
കാര്യങ്ങൾ വിശദമായി അറിയാൻ ഫോണ്‍ ചെയ്തെങ്കിലും ജുബിത്ത് വളരെ ബിസിയായിരുന്നു. അതിനാൽ വൈകിട്ട് ജുബിത്തിന്റെ ഷിഫ്റ്റ് തീരാൻ വേണ്ടി ഞങ്ങൾ അവന്റെ ഓഫീസിനു പുറത്തെ കാഫിറ്റീരിയയിൽ കാത്തിരുന്നു. നൂറ്റിയിരുപത് വാട്ടിന്റെ ബൾബ് കണക്കെ വെട്ടിത്തിളങ്ങുന്ന ചിരിയോടു കൂടി ജുബിത്ത് വന്നതും എല്ലാവരും ഒരേസ്വരത്തിൽ അവനുനേരെ ചാടി, " എടാ പറയെടാ… എന്താണ് മച്ചാ സംഭവം? "
കാഫിറ്റീരിയയിൽ സ്ഥാപിച്ചിട്ടുള്ള കമ്പനി വക കോഫി മഷീനിൽ നിന്നും ഓസിനു കിട്ടുന്ന കാപ്പിച്ചീനൊ പ്ലാസ്റ്റിക്ക് സ്ട്രോ കൊണ്ട് നല്ലോണം ഇളക്കി ഒരു സിപ്പെടുത്തിട്ട് ഞങ്ങളെ നോക്കി ഒരു വളിച്ച ചിരിയോടെ ജുബിത്ത് "അത് പിന്നേ …. എന്റെ അലാറം സെൽ ഫോണിൽ സെറ്റ് ചെയ്തേക്കുന്നത് നാലേ അമ്പത്തിയഞ്ചിനാണ്. അലാറം അടിച്ചാലുടൻ അത് അഞ്ച് മിനിറ്റ് സ്നൂസ് ചെയ്ത് അഞ്ച് മണിക്കെഴുന്നേൽക്കുമെന്ന് ഉറപ്പാക്കാൻ വേണ്ടി ഉറക്കപ്പിച്ചിൽ ഞാൻ തന്നെ കട്ടിലിന്റെ സൈഡിലുള്ള ടു വേ സ്വിച്ച് ഓണ്‍ ചെയ്യുന്നതാണ്. അതുപക്ഷേ എഴുന്നേൽക്കുമ്പോഴേക്കും ഞാൻ മറന്നുപോകും"
സഹതാപത്തിന്റെ അലകൾ കൊണ്ട് പുളകിതമായ അഞ്ചും അഞ്ചും പത്ത് കണ്ണുകളുടെ ദൃഷ്ടി ജുബിത്തിനുമേൽ പതിഞ്ഞു, കൂട്ടത്തിൽ പുഷ്പന്റെ ബലിഷ്ടമായ കരങ്ങൾ ഒരു ഇടിവെട്ട് പഞ്ചോടെ ജുബിത്തിന്റെ നെഞ്ചത്തും.
No comments:
Post a Comment