ഇതിപ്പോ ഒരു സ്ഥിരം ഏർപ്പാടായിട്ടുണ്ട്.
കണ്ണിൽ ചോരയായില്ലാത്ത ഒരു ചായക്കടക്കാരനായി പരിണമിച്ചു കൊണ്ടിരിക്കുകയാണോ നമ്മുടെ കുമാരേട്ടൻ എന്ന് നാട്ടുകാർക്ക് ഇതിനോടാകം തോന്നിത്തുടങ്ങിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല. രാവിലേയും ഉച്ചയ്ക്കും വൈകിട്ടും എന്ന് വേണ്ട, ചായക്കടയിൽ കയറുന്ന സ്ഥിരം കസ്റ്റമേഴ്‌സിനെ വെറുപ്പിക്കുന്ന ഈ പരിപാടി തുടങ്ങിയിട്ട് കുറച്ചുനാളായി.
നടയ്ക്കലെ ഗോവിന്ദനാശാരിയായിരുന്നു കുമാരേട്ടൻറെ ആദ്യ ഇര. ഭോജനാസക്തി തലയ്ക്ക് പിടിച്ച് പ്രാതലിനും ഊണിനുമിടയിൽ കിട്ടിയ ഒരു ചെറിയ ഗ്യാപ്പിൽ ആശാരി ചായക്കടയിൽ കയറുകയും ലൈറ്റായിട്ട് ഒരു പൊടിച്ചായയും, ഒരു നാല് അരിപ്പത്തിരിയും കൂടെ കൂട്ടാനായി ഗ്രീൻ പീസ് കറിയും ഓർഡർ ചെയ്യുകയും ചില്ല് പെട്ടിയുടെ സൈഡിലിരുന്ന മാതൃഭൂമി പേപ്പറെടുത്ത് പടിഞ്ഞാറ് വശത്തെ ബെഞ്ചിൽ പോയി ഇരുന്ന് സ്ഥിരം ചെയ്യാറുള്ളത് പോലെ നേരെ എട്ടാമത്തെ പേജിൽ നിന്ന് തന്നെ വായന തുടങ്ങുകയും ചെയ്തു. നിമിഷങ്ങൾക്കകം പൊടിച്ചായ വന്നു , രണ്ട് സിപ്പെടുത്തപ്പോഴേക്കും അരിപ്പത്തിരിയും ഗ്രീൻ പീസ് കറിയും വന്നു. പത്രത്തോടൊപ്പം ചായ ഗ്ലാസ്സും മേശപ്പുറത്തുവെച്ച് അരിപ്പത്തിരിക്ക് മുകളിലൂടെ കറിയൊഴിച്ച് ഉളിപ്പിടിച്ച് തഴമ്പിച്ച മുരിങ്ങാക്കഷ്ണം പോലുള്ള വിരലുകൾ കൊണ്ട് പത്തിരി ഞെവിടി കറിയും കൂട്ടി കുഴച്ച് ആദ്യത്തെ ബാച്ച് അണ്ണാക്കിലേക്ക് ട്രാൻഫർ ചെയ്യുന്നതിന് തൊട്ട് മുൻപ് നാല് ദിക്കും കിടുങ്ങുമാറാകും വിധം ഒരശരീരി കേട്ടു നമ്മുടെ ഗോവിന്ദനാശാരി "ഗോവിന്ദാ, പറ്റ് നാപ്പതുറുപ്പ്യ കഴിഞ്ഞിക്കിണ്ടെ, മറക്കണ്ട…"
പണ്ടാരോ പറഞ്ഞത് പോലെ ആ ഫ്ലോ അങ്ങട് പോയി.
"ബാക്കി പറ്റിൻറെ കണക്ക് ഒന്നുകിൽ കഴിക്കുന്നതിൻറെ മുൻപോ അല്ലെങ്കിൽ പിൻപോ പറഞ്ഞൂടായിരുന്നോ ഈ കൊശവൻ കുമാരന്? കഴിക്കുന്നതിൻറെ ഇടയിൽ തന്നെ പറ്റി(ച്ചതി)ൻറെ കണക്ക് പറഞ്ഞ് വെറുപ്പിക്കണമായിരുന്നോ?" എന്ന് ആത്മഗതം ചെയ്യുകയും ഉള്ളിൽ നിന്നും പുറത്തേക്ക് ചാടിയ ആ വിഷമവും ഗ്രീൻ പീസ് കറിയും കൂട്ടിച്ചേർത്ത് അരിപ്പത്തിരിയോടൊപ്പം വെട്ടിവിഴുങ്ങുകയും തരക്കേടില്ലാത്ത ഒരസംതൃപ്തി മുഖത്ത് ഫിറ്റ് ചെയ്യുകയും മുഖത്ത് ഫിറ്റ് ചെയ്ത ആ അസംതൃപ്തി കുമാരൻ ശെരിക്കും നോട്ടീസ് ചെയ്യാൻ വേണ്ടി കൈ കഴുകുമ്പോൾ ഒരു മാതിരി ഒറാങ് ഊട്ടാനേ പോലെ വികൃത ശബ്ദമുണ്ടാക്കി കാർക്കിച്ച് തുപ്പുകയും ചെയ്തു. ഗോവിന്ദനാശാരിയുടെ കാർക്കിച്ച് തുപ്പലിന്റെ പരിണാമഫലമായി ചായയിലും കടിയിലും കോൺസൺട്രേറ്റ് ചെയ്തുകൊണ്ടിരുന്ന സകല കസ്റ്റമേഴ്സിൻ്റെയും ആ ഫ്ലോ എങ്ങോ പോയി.
ക്യാഷിലിരുന്നിരുന്ന കുമാരനേയും സപ്പ്ളൈ ചെയ്തുകൊണ്ടിരുന്ന സതീശനെയും മാറി മാറി നോക്കിക്കൊണ്ട് "ഇതും കൂടി പറ്റിലെഴുതിക്കോ" എന്നും പറഞ്ഞുകൊണ്ട് ഗോവിന്ദനാശാരി ആയഞ്ചേരി ലക്ഷ്യമാക്കി നടന്നകന്നു. ആക്ച്വലി പറ്റ് കണക്ക് പറഞ്ഞതിനല്ല ഗോവിന്ദനാശാരി ചൊടിച്ചത് മറിച്ച് മറ്റുള്ളവർ കേൾക്കെപ്പറഞ്ഞു എന്നതിനാലാണ്.
എനിവേയ്സ്, കുമാരേട്ടൻ ഇത് ഒരു സ്ഥിരം പരിപാടിയാക്കി മാറ്റി. "വെടിവഴിപാടാകുമ്പോ സാധാരണ വിളിച്ചു പറയാറാ പതിവ്" എന്ന് പറഞ്ഞകണക്ക് കാണുമ്പോ കാണുമ്പോ പറ്റ് ബാലൻസ് ഉച്ചത്തിൽ വിളിച്ചു പറയുന്നത് കുമാരേട്ടൻറെ ചായക്കടയിലെ ഒരു കീഴ്വഴക്കമായി മാറുകയായിരുന്നു. മറ്റുള്ളവർ കേൾക്കെ ഉച്ചത്തിൽ വിളിച്ചു പറയുന്ന ഈ കീഴ്വഴക്കം പക്ഷെ ഇന്നാട്ടിലെ ജനങ്ങളെ കുറച്ചൊന്നുമല്ല വലച്ചത്. പ്രത്യേകിച്ച് മാസക്കൂലിക്ക് ജോലി ചെയ്യുന്ന ഒരു വലിയ ജനവിഭാഗം കുമാരേട്ടൻറെ ചായക്കടയിലെ സ്ഥിരം പറ്റ് കസ്റ്റമേഴ്‌സായിരുന്നു. ഇതിനോടകം തന്നെ പലർക്കും തോർത്ത് മുണ്ട് തലയിലൂടിടാതെ ചായക്കടയ്ക്ക് മുന്നിലൂടെയുള്ള വിഹാരം അസാധ്യമാവുകയും ആരുമില്ലാത്ത നേരം നോക്കി ചായകുടിക്കാൻ വരേണ്ടി വരും എന്ന ഗതികേടിലായി മാറുകയായിരുന്നു .
'വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല', 'കണ്ടകശനി കൊണ്ടേ പോകൂ', 'ഇടിവെട്ടേറ്റവൻറെ തല മൊട്ടയടിച്ചപ്പോ കല്ല് മഴ പെയ്തു', 'പാപി ചെല്ലുന്നിടം പാതാളം', എന്നിങ്ങനെ പല പല പഴം ചൊല്ലുകളിൽ ഏതുവേണമെങ്കിലും എടുത്തോളിൻ, കാരണം ഇവയെല്ലാം ഇവിടുന്നങ്ങോട്ടുള്ള കുമാരേട്ടൻറെ ലൈഫിൽ അപ്ലിക്കബിളായിരിക്കും.
ഒരു ഫൈൻ മണ്ടേ മോർണിംഗ്, സൂര്യേട്ടനൊക്കെ ഉണർന്ന് പല്ലുതേക്കുന്നതിന് മുൻപ് ഏകദേശം ഒരു നാല് നാലര മണിക്ക് ദോശമാവുൾപ്പടെ കച്ചവടത്തിനുള്ള റോ മെറ്റീരിയൽസുമായി വന്ന് ചായക്കട തുറന്ന കുമാരേട്ടൻറെ അലർച്ചയോട് കൂടിയ ദീനരോദനം കേട്ടാണ് ഇന്നാട്ടുകാർ ഉറക്കമുണർന്നത് അല്ലാതെ സ്ഥിരം ഉണരാറുള്ളത് പോലെ തെക്കേതിലെ തങ്കമ്മ വളർത്തുന്ന പൂവന്മാരുടെ കൂവൽ കേട്ടിട്ടോ അമ്പലംവിഴുങ്ങി അഥവാ മനയ്ക്കലെ മുരുകാനന്ദൻ അഞ്ചരയ്ക്ക് വെക്കാറുള്ള 'കൗസല്യാ സുപ്രതാ' കേട്ടിട്ടോ അല്ല.
കുമാരേട്ടൻറെ ദീനരോദനത്തിന് പിന്നിലുള്ള ആ സാഡ് വാർത്ത കാട്ടുതീ പോലെ പടർന്നു. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു ( മൂക്കത്ത് മാത്രമല്ല, പാലോടത്തും വെച്ചു). ചിലർ കുമാരേട്ടൻറെ അവസ്ഥയോർത്ത് സങ്കടപ്പെട്ടു. മറ്റുചിലർ ആനന്ദനൃത്തമാടി.
കുമാരേട്ടൻറെ ലൈഫ് ലോങ്ങ് അസറ്റായ ആ പറ്റ് ബുക്ക് ഏതോ കണ്ണിൽ ചോരയില്ലാത്ത റോബർട്ട് അഥവാ കള്ളൻ രാത്രിയ്ക്ക് രായ്മാനം അടിച്ചുമാറ്റിയിരിക്കുന്നു എന്നതായിരുന്നു ആ വൻ വാർത്ത. ഐറണി എന്താണെന്ന് വെച്ചാൽ ചായക്കട കുത്തിത്തുറന്നവൻ പറ്റ് ബുക്ക് മാത്രമേ എടുത്തുള്ളൂ. മേശവലിപ്പിലിരുന്ന ചില്ലറയും, പുരാവസ്തു കണക്കെ ചില്ല് പെട്ടിയിലിരുന്ന ഉള്ളിവടയും ബോണ്ടയും രതീഷും, അടുക്കളയിൽ പുളിപ്പിക്കാൻ വെച്ച വെള്ളേപ്പത്തിൻറെ മാവുമൊക്കെ ഒരു കോട്ടവും തട്ടാതെ സുരക്ഷിതമായി വെച്ചോടത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു.
പറ്റ് ബാലൻസ് എത്രയാണെന്ന് അറിയാവുന്ന ചിലർ കുമാരേട്ടൻറെ അവസ്ഥകണ്ട് പെട്ടന്ന് തന്നെ അക്കൗണ്ട് ക്ലോസ് ചെയ്തു. മറ്റു ചിലർ ഒരു ഏകദേശ കണക്ക് വെച്ച് സുമാറൊരു സംഖ്യ കുമാരേട്ടന് ഡൊണേറ്റ് ചെയ്തു. ബട്ട് ഭൂരിപക്ഷം വരുന്ന പറ്റ് കസ്റ്റമേഴ്‌സും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിൽ ചില്ലിക്കാശ് കൊടുക്കാതെ വീണ്ടും പറ്റി(ച്ച്)ക്കൊണ്ടേയിരുന്നു.
കാലങ്ങൾ കടന്ന് പോയി. കഠിനശ്രമവും പ്രയത്നവും നിത്യവും അഭ്യസിച്ച് കുമാരേട്ടൻ തൻറെ കിട്ടാകടത്തിൽ നിന്നും കരകയറി എന്ന് മാത്രമല്ല, അദ്ദേഹം ചായക്കടയോടൊപ്പം അഭിവൃദ്ധിയിലേക്ക് നയിക്കപ്പെടുകയും ചെയ്തു. പറ്റ് ബുക്ക് മോഷണം ചെയ്യപ്പെട്ട സംഭവം ഒരു ഓർക്കാൻ ഇഷ്ടമില്ലാത്ത ഒരനുഭവമായി മനസ്സിലിപ്പോഴുമുണ്ടെകിലും കുമാരേട്ടനെ ഏറ്റവുവുമധികം വേദനിപ്പിച്ച വിഷയം മറ്റൊന്നായിരുന്നു
സംശയത്തിൻറെ നിഴലിൽ മോഷണം ചെയ്തവരുടെ ലിസ്റ്റിലുണ്ടായിരുന്നവരുൾപ്പടെ ചില സാഡിസ്റ്റുകൾ ചായക്കടയിൽ വന്നു പോകുമ്പോഴൊക്കെ കുമാരേട്ടനോട് പറയാറുള്ള സ്ഥിരം ഡയലോഗായിരുന്നു ആ വേദനയയ്ക് പിന്നിലുള്ള കാരണം
"എന്താണ് കുമാരേട്ടാ ഇത്? മ്മക്ക് പറ്റ് ബാലൻസ് ക്‌ളോസ് ചെയ്യണ്ടേ? . അതെത്രയാന്ന് പറഞ്ഞാൽ ഇപ്പൊ തന്നെ റൊക്കം കാശ് തരാം. ഇങ്ങനേമുണ്ടോ കിട്ടാനുള്ള പൈസയോട് ബഹുമാനമില്ലാത്ത പഹയന്മാര്?"
No comments:
Post a Comment