Saturday, September 22, 2012

ഞണ്ടു തെറി

മനുഷ്യ ശരീരത്തിലെ ഡിഎൻഎ ഘടകങ്ങളായ  ഇരുപത്തിമൂന്നു ജോടി ക്രോമൊസോമുകളും ഡീകോട് ചെയ്ത്, അതിൽ ഒന്നും രണ്ടും മൂന്നും ജീനുകൾ കുരുത്തക്കേടിന്റേയും നാലും അഞ്ചും ജീനുകൾ ഊഡായിപ്പിന്റേതുമാണ് കിട്ടുന്നതെങ്കിൽ അതിൽ യാതോരു സംശയവും വേണ്ട, ആ ഡിഎൻഎ നമ്മുടെ എംടി എന്നറിയപ്പെടുന്ന എന്റെ ബംഗ്ലൂർ സഹമുറിയൻമാരിൽ മൂന്നാമനായ  എംടി വിനീത് നമ്പ്യാരുടേത് തന്നെയായിരിക്കും.

ഇങ്ങനൊരു ജനിതിക ഘടകം ഉള്ളതുകൊണ്ട് മാത്രമാണ് ബംഗ്ലൂർ എൻടിടിഎഫ്ഫിൽ മൂന്നാം വർഷ വിദ്യാർഥിയായ എംടിയെ തന്റെ സഹപാഠിയും സുഹൃത്തുമായ റിജേഷിനോടൊപ്പം തലശ്ശേരി എൻടിടിഎഫ്ഫിലേക്ക് ഡീപ്രൊമോഷനോടുകൂടി ട്രാൻസ്ഫർ ചെയ്തതത്രെ! 

നന്നാവാൻ തീരുമാനിച്ച കുഞ്ഞാട് പിന്നീട് പഠിത്തത്തിൽ ശ്രദ്ധ ചെലുത്തുകയും പഠിത്തമൊഴിഞ്ഞ സന്ദർഭങ്ങളിൽ ക്രിക്കറ്റ്, ഫുട്ബോൾ എന്നീ കായികവിനോദങ്ങളിൽ മാത്രം ഏർപ്പെടുകയും ചെയ്തു. അല്പം ലോങ് സൈറ്റെഡ്‌നെസ്സ് (ദീർഖവീക്ഷണം) കൂടുതലുള്ളതിനാൽ പഠിത്തം കഴിഞ്ഞു ജോലി ചെയ്തുതുടങ്ങുതിനോടൊപ്പം ഒരു കുടുംബജീവിതം കൂടെ  കെട്ടിപ്പൊക്കണമെന്ന മോഹം മനസ്സിലുദിച്ചതിന്റെ ഭാഗമായി എംടിക്ക്  സുന്ദരിയും സുശീലയും വിനീതയും തന്റെ സഹപാഠിയുമായ ജോജ്നയോട് അനുരാഗം തോന്നുകയും അതൊരു പ്രേമലേഖനത്തിൽ കലാശിക്കുകയും ചെയ്തു.

പക്ഷേ പ്രേമലേഖനം കിട്ടിയപാതി കിട്ടാത്തപാതി വായിച്ചുപോലും നോക്കാതെ  ജോജ്ന ആ കത്ത് ചുരുട്ടിക്കൂട്ടി എംടിയുടെ മുഖത്തെറിഞ്ഞ് " ഗെറ്റ് ലോസ്റ്റ്‌, യൂ ബ്ലഡീ ഫൂൾ " എന്ന് പറയുകയും പോരാത്തതിന് ആ സീൻ ഒന്നുകൂടെ  സംഭവബഹുലമാക്കുവാൻ പരീക്ഷാ റിസൾട്ട് വരുമ്പോൾ കരയാന്‍ വേണ്ടി  കരുതി വച്ചിരുന്ന പുത്തൻ സ്റ്റോക്കില്‍ നിന്ന് നല്ലത്‌ നോക്കി ഒരു മൂന്ന് നാലു ഐറ്റം എടുത്ത്‌ ആവശ്യത്തിന്‌   കണ്ണീരും മിക്സ് ചെയ്ത്  വൃത്തിയായിട്ട്  ഒരലക്കലക്കുകയും ചെയ്തത്രെ!

ജോജ്നയുടെ ഈ അപ്രതീക്ഷിതമായ പൊട്ടിത്തെറിയുടെ ആഖാതത്തിൽ എംടിയുടെ ഹൃദയം ബിജുവേട്ടന്റെ ബേക്കറിയിലെ ജ്യൂസ് മെഷീനിലിട്ട മുസംബി പോലെ ചിന്നഭിന്നമായി. ചില ഓഞ്ഞ സാഹപാഠികളുടെ  സഹതാപവും മറ്റു ചിലരുടെ അപഹാസവും എംടിയെ കൊണ്ടെത്തിച്ചത് റിജേഷിന്റെ റൂമിലെ അടുക്കളയിലേക്കായിരുന്നു. മുകളിലത്തെ ഷെൽഫിൽ പഞ്ചാരട്ടിന്നിന്റെ പുറകിൽ ഒളിപ്പിച്ചുവെച്ച ട്രിപ്പിൾ എക്സ് റമ്മ് ഒറ്റവലിക്കു കുടിച്ച് സ്വല്പം അച്ചാറും നക്കി ജോജ്നയുടെ ഓർമ്മകൾ അയവിറക്കി എംടി മെല്ലെ ഉറക്കത്തിലേക്കാണ്ടു.  അന്നുമുതൽ റിജേഷിന്റെ അടുക്കളയും പഞ്ചാരട്ടിന്നും എംടിക്ക് ഒരു പതിവ് പരിപാടിയായി.


*     *     *     *     *      

വർഷങ്ങൾക്കു ശേഷം മൈക്രോലാൻഡി ൽ ജോലികിട്ടി ബംഗ്ലൂരിലേക്ക് ചേക്കേറിയ എംടി ബംഗ്ലൂർ ജീവിതവുമായി പൊരുത്തപ്പെട്ടു വരുന്നതിനിടയിലാണറിഞ്ഞത്  ജോജ്നയ്ക്ക്  ഇൻഫോസിസിൽ ജോലി കിട്ടിയെന്നും  ഹൈദെരാബാദിലേക്കു ട്രാൻസ്ഫറായെന്നും. ജോലി കിട്ടിയ വകയിൽ കണ്‍ഗ്രാജുലേറ്റ് ചെയ്യാനും ട്രാൻസ്ഫറായ വകയിൽ ഗുഡ് ബൈ പറയാനും എംടി ജോജ്നയെ ഫോണിൽ വിളിച്ചു. വിധിയുടെ വിളയാട്ടമെന്നു പറയട്ടെ ആ ഫോൺ  കോളിൽ ജോജ്ന വീണു.

അവിടുന്നങ്ങോട്ട്‌ എംടി യുടെ ലൈഫ് കളർഫുളായിരുന്നു. ജോജ്നയുമായി ഫോണിളുള്ള സല്ലാപവും, സഹമുറിയന്മാരുമായിട്ടു ആഴ്ചയിൽ ഒരിക്കലുള്ള പാർട്ടിയും, ഷോപ്പിങ്ങും, ചുറ്റിക്കറക്കവും, സിനിമകാണലും, ക്രിക്കറ്റുകളിയുമൊക്കെയായി അടിച്ചുപൊളിക്കുന്ന സമ്പൽസമൃദ്ധമായ കാലം. ആയിടയിലാണു മൈക്രോലാൻഡിന്റെ പത്താം വാർഷികഘോഷം നടത്താൻ കമ്പനി തീരുമാനിച്ചത്. പരിപാടികൾ നടക്കുന്നതാകട്ടെ  ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള മണിപ്പാൽ കൗണ്ടി റിസോർട്ടിലും. ഫ്രീയായ് ഫൂഡ്ഡും ഡ്രിങ്ക്സും ഉള്ളതിനാൽ എംടിയുടേയും റിജേഷിന്റേയും ക്ഷണം സ്വീകരിച്ച് ഞങ്ങൾ (ജിജേഷ്, ജിത്തു, ശങ്കരൻ, സിഗേഷ്, സജേഷ്, ഞാൻ) പോകാൻ തീരുമാനിച്ചു.

ഞങ്ങളവിടെ എത്തുമ്പോൾ എംടി നല്ല ഫോമിലായിരുന്നു. കുറച്ചു നേരം ഞങ്ങൾകും കമ്പനി തന്ന് എംടി മെല്ലെ കൊളീഗ്സിന്റെ ഇടയിൽ അപ്രത്യക്ഷനായി. ജിജേഷും ജിത്തുവും ഞാനും ഞങ്ങളുടെ സ്ഥിരം ഹോബിയായ പക്ഷിനിരീക്ഷണത്തിൽ ലയിച്ചിരുന്നു. അപ്പോഴേക്കും സജേഷും ശങ്കരനും സിഗേഷും വയനാടൻ കഥകൾ പങ്കുവെയ്കാൻ തുടങ്ങിയിരുന്നു.

സ്വല്പനേരം കഴിഞ്ഞപ്പോൾ ഒരു സൈഡിൽ നിന്നൊരു ബളഹം. സ്ഥിരം വെള്ളമടി പ്രശ്നമെന്തെങ്കിലുമായിരിക്കുമെന്നു ഞങ്ങൾ അങ്ങൊട്ട് ശ്രദ്ധിച്ചില്ല. പക്ഷേ സംഭവം ഒരു പത്തുമിനിറ്റ് നീണ്ടുനിൽക്കുകയും ബഹളത്തിൻറെ അന്തർധാരയിലെവിടെയോ മലയാളവും ഇംഗ്ളീഷും കന്നടയും ശ്രവിക്കുകയും ചെയ്തതോടെ എന്തോ പന്തികേട് തോന്നി ഞങ്ങളങ്ങോട്ട് ചെന്നു. ചെന്നപ്പോ കാണുന്നത് ഒരു സെക്യൂരിറ്റി ഗാർഡ് എംടിയെ കൈകൾ കൊണ്ട് ധൃതരാഷ്ട്രാലിങ്കനം ചെയ്തു കന്നടയിൽ എന്തോ പറയുകയും അയാളുടെ ശക്തമായ കൈകളിൽ നിന്നും കുതറിമാറാൻ  ശ്രമിച്ചുകൊണ്ട് അയാൾകും ഞങ്ങൾകും മനസ്സിലാകാത്ത ഒരുതരം മലയാളം കലർന്ന കന്നടയിൽ എന്തോ പുലമ്പിക്കൊണ്ട് കയ്യിലൊരു ഫോർക്കുമായി എംടി കുതറാൻ ശ്രമിക്കുകയും ഇതിനിടയിൽ പ്രശ്നം എന്തെന്നറിയാനും അത് തീർകാനും ശ്രമിച്ചുകൊണ്ട് ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും കന്നടയിലും മാറി മാറി ഡയലോഗ് കാച്ചിക്കൊണ്ടിരുന്ന  റിജേഷിനേയുമായിരുന്നു.   ഞങ്ങൾ അടുത്തെത്തുമ്പോഴെക്കും ഒരു മുന്നൂറ് സോറി പറഞ്ഞ് റിജേഷ് എംടിയെ സ്വതന്ത്രനാക്കിയിരുന്നു.

കാര്യമന്വേഷിച്ചപ്പോൾ സെക്യുരിറ്റി ഗാർഡ് കന്നടയിൽ പറഞ്ഞതിന്റെ തർജമ ഇങ്ങനെ " ഈ സാറ്  കയ്യിലുള്ള ഫോർക്കുമായി അക്വേറിയത്തിലെ  ഞണ്ടിനെ കുത്തിക്കൊല്ലാൻ നോക്കുന്നു. ഞാൻ സമയത്ത് പിടിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ ആ പാവം ജീവി ചത്തുപോയേനെ."

അമ്പരപ്പ് മാത്രം നിറഞ്ഞു നിന്ന ഞങ്ങൾ എംടിയെ മെല്ലെ റിസോർട്ടിന്റെ മറ്റൊരു വശത്തേക്ക് കൊണ്ടുപോയി. രോഷാകുലനായി നിന്നിരുന്ന എംടിയോട്  പിന്നേയും കാര്യമെന്തെന്ന് ആരാഞ്ഞു. ചോദിച്ചുതീർന്നില്ല, എംടി പിന്നേയും ആ ഫോർക്കും  പൊക്കിപ്പിടിച്ച് "കുത്തിക്കൊല്ലുമെടാ നായീന്റെ മോനേ " എന്ന് പറഞ്ഞുകൊണ്ട് ആ സെക്യുരിറ്റി ഗാർഡിനെ ലക്ഷ്യമാക്കി കുതിച്ചു. പുറകെ ഓടിയ റിജേഷ് ഒരു കണക്കിന് എംടിയോടൊപ്പമെത്തുകയും   തന്റെ കാരിരുമ്പിന്റെ ശക്തിയുള്ള ഈട്ടി കൊണ്ട് കടഞ്ഞെടുത്തത് പോലുള്ള കരങ്ങളാൽ എംടിയെ ബന്ധനസ്ഥനാക്കുകയും   വാതിലിനടുത്തേക്ക് ഒരുവിധത്തിൽ ഡിസ്പ്ലേസ് ചെയ്യുകയും ചെയ്തു.

പിന്നെ അമാന്തിച്ചില്ല. കാര്യങ്ങൾ വഷളാകുന്നതിനു മുന്നേ ഞങ്ങൾ എംടിയേയും കൊണ്ട് പുറത്തിറങ്ങി വീട് ലക്ഷ്യമാക്കി നടന്നു.

പോകും വഴി ജിജേഷ് എംടിയോട്  "എടാ എംടീ, ആക്ച്വലി എന്താണു പ്രശ്നം?"

"ആ നായിന്റെ മോൻ എന്നെ ഒരു കാര്യവുമില്ലാതെ മിഡിൽ ഫിംഗർ പൊക്കിക്കാണിച്ചു. കൊല്ലണ്ടേ അവനെ?"

"ആര്? ആ സെക്യുരിറ്റി ഗാർഡോ?"

" അല്ലെഡാ…  ആ അക്വേറിയത്തിലെ  ഞണ്ട് "

കാട്ടുകോഴിക്കെന്തു സംക്രാന്തി എന്ന് ചോദിച്ചത് പോലെ ഞണ്ടിനെന്ത് മിഡിൽ ഫിംഗർ?  വീടെത്തും വരെ ആരും ഒന്നും ഉരിയാടിയില്ല. പഞ്ചാരട്ടിന്നിന് പിന്നിൽ ഒളിപ്പിച്ചുവെച്ച റമ്മും മോന്തി ഞങ്ങൾ ഉറക്കത്തിലേക്ക് ഡൈവ് ചെയ്തു വീണു.


വാൽ : പിറ്റേന്നു കാലത്തു ജോജ്നയുടെ മിസ്സ്ഡ് കോൾ കേട്ട് ഉറക്കമുണർന്ന എംടി ഞങ്ങളുടെ ബെഡ്റൂമിൽ വന്ന് ശങ്കരനെ വിളിച്ചുണർത്തിയിട്ടൊരു ചോദ്യം, "ഡാ ശങ്കരാ… ഇന്നലെ എപ്പാഡാ  തിരിച്ച് വന്നേ ?"


Tuesday, April 12, 2011

ശങ്കരനും തെങ്ങും

ശങ്കരൻ പണ്ടത്തെപ്പോലെ തെങ്ങുമ്മത്തന്നെ!

ഒരു ശരാശരി മലയാളിയുടെ ദൈനംദിന ഗോസ്സിപ്പിങ്ങിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു സാധനമാണ് മേല്പറഞ്ഞ ശങ്കരനും തെങ്ങും. ഒരുപക്ഷേ ഇതെടുത്തു പ്രയോഗിക്കാത്ത മലയാളികൾ ചുരുക്കവുമായിരിക്കും.

കാജാ ബീഡിയോട് ഉപമിക്കാവുന്ന ശരീരവും, പെയിന്റർ മണിയുടെ ജപ്പാന്‍ ബ്ലാക്കുമുക്കിയ എഴുപത്തഞ്ച് ശതമാനം നാരു പോയ ബ്രഷു  പോലുള്ള താടിയും കരിമ്പൻ കമ്പിളിപ്പുതപ്പിന്റെ പോലത്തെ കള്ളികളുള്ള ഷർട്ടും മൈദപ്പശയിൽ ഉള്ളിച്ചാക്ക് മുക്കിയപോലുള്ള ഒരു ജീന്സും പാണ്ടിലോറിയിടിച്ച മാരുതിക്കാറ് കണക്കെ രണ്ട് ഷൂസും പിന്നെ നെഞ്ചത്തൊരു ഐബീഎമ്മിന്റെ ഐഡന്റിറ്റി കാർഡും  - ഇതാണു ബംഗ്ലൂരിലെ നമ്മുടെ സഹമുറിയൻമാരിലൊരുവൻ  സാക്ഷാൽ ശങ്കരൻ. തിങ്കൾ മുതൽ വെള്ളി വരെ കാലത്തും വൈകിട്ടും രാത്രിയും മുട്ടപപ്സും ചായയും മാത്രം ഭോജനം. ശനിയും ഞായറും നാലുനേരം ബീഫും കൂട്ടി റമ്മും. നെഞ്ചത്തൊട്ടിച്ചേക്കണ  ഐഡന്റിറ്റി കാർഡിൽ പേര് ശങ്കരൻ എന്നാണെങ്കിലും ടിയാൻ സ്വയം വിശേഷിപ്പിക്കുന്നത് ശങ്കർദാസ്‌ എന്നാണ്. ഐബീഎമ്മിലെ കുറച്ചു ബംഗാളികളും പഞ്ചാബികളുമല്ലാതെ വേറാരും ആപ്പേരു വിളിക്കാറുമില്ലത്രെ.

എവിടെയെങ്കിലും എന്തെങ്കിലും കണ്ടാൽ പിന്നെ ആ കാഴ്ച തീരും വരെ അവിടെയങ്ങു നിന്നോളും - അതാണു ശങ്കരന്റെ വീക്നസ്. അടി, കുത്ത്, കൊല, വഴക്ക്, തെറിവിളി, മദ്യപിച്ചുള്ള പ്രകടനം, ജാഥ, രാഷ്ട്രീയ സംഖർഷം, വാഹനാപകടം, തെരുവുനാടകം, തെരുവുപ്രസംഗം, കടയുത്‌ഘാടനം, കോലം കത്തിക്കൽ, കരിംകൊടി കാട്ടൽ, സൈക്കിൾ യജ്ഞം, ഖരാവൊ, ഉത്സവം, പള്ളിപ്പെരുന്നാൾ എന്നുവേണ്ട വഴിയിലുള്ള വിശേഷങ്ങൾ എന്തുമായിക്കൊള്ളട്ടെ, കലണ്ടർ മനോരമ തന്നെ - ഛെ! സോറി  - അത് കാണാൻ ശങ്കരൻ ഉണ്ടാവും അഥവാ അത് ശ്രദ്ധിക്കാതെ സ്വന്തം പണി നോക്കി പോകാൻ ശങ്കരനെക്കൊണ്ട് സാധിക്കില്ല.

തൊണ്ണൂറുകളുടെ ആദ്യപകുതിയിലെ ഏതോ ഒരു  കർകിടകപ്പുലരിയിൽ    ഇരുപത്തഞ്ച് പൈസയുടെ സിപ്പപ്പും വലിച്ചുനുണഞ്ഞ്  സ്കൂളിൽ പോകും വഴി ബീഡിരാജപ്പനും തെക്കേടത്തെ ശാന്തമ്മേടത്തിയും എന്തോ കാര്യത്തിനു കവലയിൽ  നിന്നും തെറികൾ കൊണ്ട്  ടെന്നീസ് കളിക്കുന്നത്  കണ്ടുനിന്നത് കൊണ്ട്  രണ്ടാം പീര്യട് തുടങ്ങിയതിന് ശേഷം  ക്ലാസ്സിലെത്തുകയും  അതിന്റെ പരിണാമഫലമായി  രമണിട്ടീച്ചറുടെ കയ്യിൽനിന്നും  നിന്നും കിട്ടിയ  'ഗെറ്റ് ഔട്ട്‌' സന്തോഷത്തോടെ മേടിച്ച് വീണ്ടും ബീഡിരാജപ്പൻ Vs ശാന്തമ്മ ടെന്നീസ് കളിയുടെ രണ്ടാം പകുതി കാണാൻ കവലയിലേക്കോടിയ ആ കുട്ടിട്രൗസറുകാരൻ ശങ്കരനെ കൂർകഞ്ചേരി  ഗവ. എൽ പി സ്കൂളിലെ  പ്രിൻസിപ്പൽ കരുണാകരൻ മാഷ്‌ വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ഓർക്കുന്നു.

കാലം ചെല്ലുന്തോറും ശങ്കരനോടൊപ്പം ശങ്കരന്റെ ഈ ത്വരയും വളർന്നു. ചുരുക്കിപ്പറഞ്ഞാൽ ശങ്കരൻ ഇപ്പോഴും  തെങ്ങുമ്മത്തന്നെ! ഒരിക്കൽ ഞങ്ങളുടെ ഒരു മുൻസഹമുറിയനും ജോലികിട്ടി മദിരാശിയിലേക്ക് കുടിയേറിപ്പാർതവനുമായ കമ്പി വിപിൻ ഞങ്ങളോടൊപ്പം വീകെന്റ്റ് ചിലവഴിക്കാൻ(വെള്ളമടിക്കാൻ) വരുന്നത് പ്രമാണിച്ച് ശങ്കരനും ഉടപ്പിറന്ന സുഹൃത്ത് സഫീറും ഹൊസ്‌റോഡു മാർകറ്റിൽ കോഴിഫ്രൈയ്ക്കുള്ള സാധനസാമഗ്രികൾ വാങ്ങാൻ ചെന്നു. അവിടെയെത്തിയപ്പോൾ കണ്ടതോ?, മാനാഞ്ചിറ മൈദാനത്തു അറ്റമില്ലാത്തെ ആൾകൂട്ടം(കട: സീദീ ഹാജി) കണക്കെ വൻപിച്ച  ജനാവലി. പോരാത്തതിനു ചുറ്റുഭാഗത്തു നിന്നും വാൻ ജനപ്രവാഹവും. അറിയാവുന്ന കന്നഡയിൽ ഇരുവരും കാര്യം തിരക്കി.

 ഹൊസ്‌റോഡിലെ ഒരു കടയിൽ ഒരു ചില്ലറ മോഷണം നടന്നത്ത്രെ - ആരോ പവർകട്ടില്ലാത്ത നേരം നോക്കി പുറത്ത് വെച്ചിരുന്ന ഒരു ജെനറേറ്റർ അടിച്ചുമാറ്റി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് രണ്ടു ട്രാന്സ്ജെന്ഡേഴ്സിനെ തലേ ദിവസം അറസ്റ്റു ചെയ്തു. അറസ്റ്റിൽ പ്രതിഷേദിച്ചു ഒരു മുന്നൂറോളം പേർ  ഹൊസ്‌റോഡിൽ എത്തി സംഘടിക്കുകയും ഈ സംഭവം അക്രമാസക്തമാകാതിരിക്കാൻ സ്ഥലത്തെത്തിയ പോലീസുകാരെ  തെറിയഭിഷേകവും ചെയ്യാൻ തുടങ്ങിയതോടെ സംഗതി ആഗോളപ്രശ്നമായി മാറി.

ശങ്കരനും സഫീറിനും സുഖമായി പലചരക്കു കടയിൽ ചെന്ന് സാധനങ്ങൾ മേടിച്ചു തിരിച്ച് പോരാമായിരുന്നു. പക്ഷേ ശങ്കരന്റെ ഉള്ളിൽ  ഉറങ്ങിക്കിടന്നിരുന്ന ആ വൃത്തികെട്ട ത്വരജീവി ഇരുവരേയും ആൾക്കൂട്ടത്തിനിടയിലൂടെ പോലീസ്ബസ്സിന്റെ സൈഡിലെത്തിച്ചു. തെറിയഭിഷേകം കൊണ്ട് ചീഞ്ഞുനാറി  മനംനൊന്ത ബാംഗ്ലൂർ പോലീസ് ഏറുകൊണ്ട കടന്നൽകൂട്ടത്തെ പോലെ  തിരിച്ചാക്രമിച്ചു. പിന്നവിടെ നടന്നത് സംഭവബഹുലമായ ലാത്തിചാർജ് മാമാങ്കമായിരുന്നു. തലങ്ങുംവിലങ്ങും ലാത്തി വീശി പോലീസുകാരും അടിയിൽനിന്നൊഴിഞ്ഞുമാറി തെറിവിളിച്ചു കൊണ്ടോടുന്ന പ്രതിഷേധക്കാരും. ചുറ്റും കൂടിനിന്ന ജനങ്ങൾ മെല്ലെ പുറകോട്ട് വലിഞ്ഞത് ലാത്തിചാർജ് ആസ്വാദനത്തിനിടെ ശങ്കരനും സഫീറും ശ്രദ്ധിച്ചില്ല. ഇതൊക്കെ കാണാനുള്ള ഭാഗ്യം പ്രദാനം ചെയ്ത കമ്പി വിപിനിന് മനസ്സിൽ  ഒരായിരം അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ശങ്കരനും സഫീറും   ഒരുചെറു മന്ദഹാസത്തോടെ ടോം ആൻഡ്‌ ജെറിയിലെ ടോം പൂച്ചയും അളിയൻ പൂച്ചയേയും പോലെ പൂരപ്പറമ്പിലെ  പോലീസ് ബസ്സും ചാരി പമ്മി പമ്മി നിന്നു.

ഹൊവ്വെവർ, ഓർക്കാപ്പുറത്തായിരുന്നു അത് സംഭവിച്ചത്.  അവിടുന്നിങ്ങോട്ടുള്ള ശങ്കരന്റെ  ജീവിതത്തിൽ നടുക്കത്തിന്റെ ഓർമ്മകൾ മാത്രം സമ്മാനിച്ച ആ നിമിഷം - എവിടുന്നെന്നില്ലാതെ ട്രാന്സ്ജെന്ഡേഴ്സിലൊരെണ്ണം ശങ്കരന്റെ മുന്നിൽ  പ്രത്യക്ഷപ്പെട്ടു. അത് അവനാണോ അതോ അവളാണോ എന്ന് ചിന്തിക്കാൻ പോലും സമയം കിട്ടുന്നതിനു മുൻപ് "ഒയെ സാലേ, ക്യാ ദേഖ്നേ ഖടെ രഹേ ഹോ ഡാഷേ, ഡാഷ് കേ  ഡാഷേ?" എന്ന ചോദ്യവും  വയറും മുന്നോട്ടുന്തി ഉടുത്തിരുന്ന മഞ്ഞ സാരി പൊക്കിക്കാണിക്കലും ഒന്നിച്ചായിരുന്നു.

പൂർവികർ ചെയ്ത ഏതെങ്കിലും പുണ്യപ്രവൃത്തി മൂലമാകാം, എങ്ങോട്ടോ നോക്കി നിന്ന  സഫീർ സംഭവം  കണ്ടില്ല, പക്ഷേ പറഞ്ഞ തെറി വള്ളിപുള്ളി വിടാതെ  കേട്ടത്രെ.

ഷോക്കടിച്ചു വീണ കാക്കയെപ്പോലെയായി ശങ്കരൻ. ഭാവഭേദങ്ങളൊന്നുമില്ലാതെ വിളറിവെളുത്ത മുഖത്തോടുകൂടിയ ശങ്കരനെ സഫീർ വീട്ടിലെത്തിച്ചു. ചോദിച്ചവരോടൊക്കെ ഒരേ ഉത്തരം - എന്തോ കണ്ട് പേടിച്ചതാ.

രാത്രി വെള്ളമടിപ്പാർട്ടിയിൽ പലതവണ കൂട്ടച്ചിരിക്കു വകയുണ്ടാക്കിയെങ്കിലും ശങ്കരന്റെ ഞെട്ടലിനു ശമനമുണ്ടായില്ല. ഷോക്കടിച്ച മുഖവുമായി റിജേഷിന്റെ ടെറസ്സിൽ ഇരുട്ടിന്റെ ഏകാന്തതയിലേക്ക് കണ്ണും നട്ടിരുന്ന ശങ്കരനോട് എം ടി വിനീത് , " എടാ ശങ്കരാ, നീ ശെരിക്കും വല്ലതും കണ്ടാ ? " വീണ്ടും കൂട്ടച്ചിരി.

വാൽകഷ്ണം : ഹോസ്റോഡിൻറെ പരിസരത്തുള്ള മലയാളികളുടെ ഇടയിൽ ഇപ്പോഴും ഒരു പഴംചൊല്ല് നിലനില്കുന്നു - " മാർക്കറ്റിൽ പോകുന്നതൊക്കെ കൊള്ളം പക്ഷെ ശങ്കരനെപ്പോലെ വല്ലോടത്തും നോക്കിനില്കാതെ പെട്ടന്ന് വന്നോളണം "





Thursday, October 8, 2009

ഒരു കുട്ടിക്കഥ

" ചേട്ടാ, ചേട്ടന് ലൈനുണ്ടോ? "

തെക്കേക്കോലായിലെ തിണ്ണയിലിരുന്ന് മുറ്റത്തു പരതിനടക്കുന്ന കോഴിക്കുഞ്ഞുങ്ങളേയും നോക്കി ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്ന എന്റെ ഉച്ചിയിൽ ചായകയറി ഞാനൊന്നു ചുമച്ചു.

തെക്കുംകര  അരവിന്ദാക്ഷൻ പിള്ള എന്നറിയപ്പെടുന്ന അല്ലെങ്കിൽ അരവിന്ദമാമൻ എന്ന് ഞാൻ വിളിക്കുന്ന എന്റെ മൂത്ത അമ്മാവന്റെ മുട്ടയിൽനിന്നും വിരിയാത്ത നാലാം ക്ലാസ്സിൽ പഠിക്കുന്ന പുത്രൻ ശ്രീമാൻ ഗോകുൽ  അരവിന്ദാക്ഷൻ പിള്ളയുടെ വകയായിരുന്നു ആ ചോദ്യം.

നവരസങ്ങൾക്കു പുറമേ ഞാൻ സ്വന്തമായി വാർത്തെടുത്ത എന്റെ നാലാമത്തെ രസം(രസം നമ്പർ 13) ഞാൻ മുഖത്തുചാലിച്ച് അവനെ ഒന്ന് നോക്കി. അവന്റെ ചോദ്യത്തെ സപ്പോർട്ട്   ചെയ്യാൻ ദേ ഒരുപറ്റം കുട്ടിപ്പിശാച്ചുക്കൾ ചോദ്യചിഹ്നം(?) മുഖത്തു ഫിറ്റ്‌ ചെയ്തു എന്നെത്തന്നെ തുറിച്ചു നോക്കിനില്കുന്നു.(ബൈ ദ വേ, ഈ കസിന്സ് എന്ന് പറയുന്ന സാധനം ദൈവം സഹായിച്ച്  ഒരു പത്തുപതിനാറെണ്ണം ഉണ്ടെനിക്ക്)

ചോദ്യത്തിന്റെ പ്രസക്തി എനിക്ക് ശരിക്കങ്ങട് കത്തിയില്ല. ഇനിയിപ്പോ പ്രീതി നായരുടെ പുറകേ നടക്കുന്ന വിവരമെങ്ങാനും ഇവരരിഞ്ഞൊ? അതിനു വഴിയില്ല, കാരണം, അവൾക്കു തന്നെ അറിയില്ല ഞാൻ അവളുടെ പിന്നാലെ നടക്കുന്നത്. പിന്നെയാ ഒരു പത്തെണ്ണൂറു കിലോമീറ്റർ തെക്കുള്ള ഈ പീക്കിരി പിള്ളേർ.

ഒന്നും ഉരിയാടുന്നതിനു മുൻപ് തന്നെ ചുറ്റുമുള്ള ലട്കാസ് ആൻഡ്‌ ലട്കീസ് സംഭവം പ്രസന്റ് ചെയ്തു. നാല് ഡിയിൽ പഠിക്കുന്ന മേൽ പറഞ്ഞ ചെക്കന് അതേ സ്കൂളിൽ ഒന്ന് ബിയിലുള്ള വീണയുമായി പ്രേമമാണത്ത്രെ. ഈ കാര്യം പ്ലസ് ടൂവിൽ  പഠിക്കുന്നവനും സ്കൂളിലെ ഏക സെൽ ഫോണ്‍ ഉടമസ്ഥനുമായ അവളുടെ സഹോദരനോട് ഒരു കാരണവരുടെ സ്ഥാനത്തുനിന്ന് ഞാൻ കാര്യം അവതരിപ്പിച്ച് സമ്മതം വാങ്ങികൊടുക്കണം പോലും.

വീണ്ടും ഉരിയാടാൻ പറ്റുന്നതിനു മുൻപ് കുഞ്ഞമ്മ വന്ന് പിള്ളേരെല്ലാവരെയും കൂട്ടി  കശുവണ്ടി പെറുക്കാൻ തൊടിയിലേക്ക്‌ പോയി.

കാലം പോയൊരു പോക്കേ? മുത്തശ്ശികഥകളും മായാവിയും ഡിങ്കനും കപീഷും തീപ്പെട്ടിചിത്രശേഖരണങ്ങളുമൊക്കെ മറന്ന് മലയാളിയുടെ ബാല്യം ഇന്ന് ഗേൾഫ്രെണ്ട്സിന്റേയും ഫ്രഞ്ച്മുത്തങ്ങളുടേയും സെൽഫോണിന്റേയും  സൈബർമാമാങ്കങ്ങളുടേയും  ലോകത്തേയ്ക്ക് ചേക്കേറിയിരിക്കുന്നു.

എന്റെ ശ്രദ്ധ വീണ്ടും ചായകുടിയിലേക്കും കോഴിക്കുഞ്ഞുങ്ങളിലേക്കും പ്രീതി നായരുടെ ഓർമകളിലേക്കും വഴുതി വീണു.

Tuesday, February 19, 2008

അലാറം

രാത്രി അസമയത്തെഴുന്നേറ്റ്‌ മൂത്രമൊഴിക്കാനോ അല്ലെങ്കിൽ തൂറാനോ വേണമെങ്കില്‍ വെറുതെ നടക്കാനോ അതുമല്ലെകിൽ ഫുഡ്ബാളു കളിക്കാനോ   പോകാം. പക്ഷേ ഒച്ചയുണ്ടാക്കാനോ ലൈറ്റിടാനോ പാടില്ല. ഇതായിരുന്നു വിദ്യാപ്രകാശ്‌ പുബ്ലിക്ക്‌ സ്കൂളില്‍ ഞാന്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ പൊതുവേ നിലനിന്നിരുന്ന നിയമങ്ങളിൽ പ്രധാനം.

അറിയാതെയെങ്ങാനും ഒച്ചയുണ്ടാക്കിപ്പോയാൽ ശരിക്കും പെടാപ്പാടുപെടും. ബംഗാളിയായ  സുജിത്‌ ബൗമിക്കോ ആസാമിയായ ഗൗതം ഖാരയോ അതുമല്ല മലയാളിയായ നോബിൻ ഭാസ്കരാനോ ഉറക്കമുണര്‍ന്നെന്നാല്‍ അവരോരുടെ മാതൃഭാഷയിൽ നല്ല പുളിച്ച തെറിയുറപ്പാണ്. ഇനി അഥവാ രാത്രി ലൈറ്റിടുക്കയാണെങ്കിൽ  സ്വിച്ച്‌ ബോര്‍ഡിന്റെ അപ്പുറവും ഇപ്പുറവും കിടക്കുന്ന നന്ദുവിന്റേയും ബിദേശിന്റേയും തൊഴിയഭിഷേകം. കിട്ടിയാല്‍ പിന്നെ പറഞ്ഞിട്ട്‌ കാര്യമില്ല. കര്‍ണന്‍ ഗുരുക്കളടുത്ത്‌ പൊയി ഉഴിച്ചില്‍ നടത്തണം, കിഴി വെക്കണം ചികിത്‌സയൊക്കെക്കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോഴേക്കും ക്ലാസു കുറേ മിസ്സാകും. അതുകൊണ്ടാരും ഇതുമാതിരിയുള്ള സാഹസത്തിനു മുതിരാതെ നേരം വെളുക്കും വരെ മൂത്രം പിടിച്ചിരിക്കും അല്ലെങ്കില്‍ ഒച്ചയുണ്ടാക്കാതെ അതീവ്ര ജാഗ്രതയോടെ  കാര്യം സാധിച്ചു വരും.

ഇനി ഇതു രണ്ടുമല്ല വാര്‍ഡന്‍ കം ലൈബ്രറേറിയന്‍ തോമസ് സാറോ  അസിസ്റ്റന്റ്‌ വാര്‍ഡന്‍ കം ഹിസ്റ്ററി അധ്യാപകന്‍ ജോണ്‍ സാറോ ഉറക്കം ഞെട്ടിയാല്‍ പിന്നെ നോ അതര്‍ ഓപ്ഷന്‍, കിട്ടുന്നത്‌ ചൂടോടെ മേടിച്ച്‌ ചന്തിയും തടവി കിടന്നുറങ്ങണം. അതല്ല പണ്ട്‌ വേളം സന്ദീപ്‌ "തോമസ്‌ സാര്‍ ഞാന്‍ സന്ദീപല്ല നന്ദുവാണ്‌" എന്നെങ്ങാനും പറഞ്ഞാല്‍ തീര്‍ന്നു, എള്ളുണ്ടയിൽ മ്യാരകമായ ബോംബ് ഒളിപ്പിച്ചുവെച്ചു പാകിസ്താന്‍ പട്ടാളക്യാമ്പിലേക്ക്‌ വില്‍ക്കാന്‍ പോയ വിപിന്‍ വേണുവിന്റെ കേണേലമ്മാവന്റെ ഗതിയാകും (കട: വിപിന്‍ വേണു, ഒരു പഴയകാല കത്തി ).

പേടിയുള്ളവര്‍ക്കും പേടിപ്പിയ്ക്കുന്നവര്‍ക്കും പുറമേ കലക്കവെള്ളത്തില്‍ മീന്‍ പിടിത്തം സ്വഭാവമാക്കിയ വേളം സന്ദീപിനെ പോലുള്ള ചിലര്‍ രാത്രി, നടക്കുന്ന വഴിയില്‍ ബക്കറ്റ്‌ വെയ്ക്കുക, വഴിയ്ക്ക്‌ കുറുകേ നൂലു കെട്ടുക എന്ന സൂത്രങ്ങളൊപ്പിച്ചുവെച്ച്‌ കലാപരിപാടികളാസ്വദിക്കാറുമുണ്ട്‌ . ഇത്തരം ചിട്ടകള്‍കിടയില്‍ ഞങ്ങളെല്ലാവരും ഒരു വിധം പാടു പെട്ടു ജീവിച്ചു പോന്നു.

അങ്ങിനെയൊരിക്കല്‍ ഒരു പരീക്ഷക്കാലത്ത്‌ എന്റെ സീനിയര്‍ ഷിബിന്‍ പി.വി. തന്റെ മുന്‍ പരീക്ഷകളുടെ പ്രോഗ്രസ്‌ കാർഡിലുള്ള ഒറ്റസന്ഖ്യകൾ എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ പതിനൊന്നിൽ താഴെയുള്ള ഒരിരട്ട സംഖ്യ കിട്ടുകയും അതിൽ മനം നൊന്ത് ആ പ്രോഗ്രസ്സ് കാർഡ്    കയ്യില്‍ ചുരുട്ടിപ്പിടിച്ച്‌ ഏവരേയും ഞെട്ടിച്ചുകൊണ്ട്  വരുന്ന തിങ്കളാഴ്ച്ച മുതല്‍ താൻ എല്ലാ ദിവസവും  രാവിലെ നാലുമണിക്കെഴുന്നേല്‍ക്കുമെന്നും ക്ലാസ്സില്‍ ഫസ്റ്റ്‌ മേടിക്കാന്‍ കഠിനപ്രയത്നം ചെയ്യുമെന്നും പ്രതിജ്‌ഞ്ഞയെടുത്തു. പലരും "നോം ഇതെത്രെ കണ്ടിരിക്ക്‌ണൂ?", "ഓന്തോടിയാല്‍ എവിടെവരെയോടും?, വേലിവരെ" എന്നൊക്കെ  പറഞ്ഞ്‌ പുച്‌ഛിയ്ക്കുകയാണുണ്ടായത്‌. പക്ഷേ ഇതുകൊണ്ടൊന്നും ഷിബിന്‍ പിന്‍തിരിഞ്ഞില്ല - അതൊരൊടുക്കത്തെ പ്രതിജ്ഞയായിരുന്നു. 

ഞായറാഴ്‌ച്ച ഉച്ച  ഒരു മൂന്ന്‌ മൂന്നര മണികഴിഞ്ഞ്‌ കപ്പയും മീനും കൂട്ടി ഡിന്നര്‍ കഴിക്കന്‍ അറബിക്കടലിലേയ്ക്ക്‌ പരക്കമ്പായുന്ന മിസ്റ്റര്‍ സണ്ണിച്ചനേയും നോക്കി, ക്യാമ്പസ്സിന്റെ ഒത്ത നടുക്ക് നില്‍കുന്ന പാലമരത്തിന്റെ നിഴല്‍ " ഞാന്‍ വളരുകയല്ലെ, മമ്മീ " എന്നു പറഞ്ഞ്‌ കിഴക്കോട്ടോടുന്ന നേരത്ത്‌, അതിന്റെ ചുവട്ടിലിരുന്ന്‌ ഞാനും അസ്‌നാസും ക്യാന്റീനില്‍ നിന്നും പഴം പൊരിയും പാല്‍പൊടിയും എങ്ങനെ ആരും കാണതെ നന്ദുവിന്റെ പെട്ടിയിലേയ്ക്ക്‌ മാറ്റാം എന്നതിനെ പറ്റി കൂലംകഷമായി ചര്‍ച്ച ചെയ്യുന്നതിനിടയില്‍, എവിടെനിന്നോ ഒരു ടൈംപീസും ഒപ്പിച്ചുകൊണ്ട്‌ ഷിബിന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു (വടകര ക്രിഷ്ണ വാച്ചസില്‍ നിന്നും അടിച്ചുമാറ്റിയയതാണെന്ന അഭ്യൂഹം ഇന്നും നിലനില്‍ക്കുന്നു). " ഹാ ഹാ ഹാ ഗോപാലാ! നാളെ മുതൽ ഞാൻ നാലുമണിക്കെഴുന്നേൽക്കും!"

അന്നു രാത്രി അറ്റ്‌ എറൗണ്ട്‌ പത്തുമണിക്ക്‌, കാലത്ത്‌ നാലിന്‌ അലാറം വെച്ചുകൊണ്ട്‌ ഷിബിന്‍ സുഖനിദ്രയിലേക്ക്‌ ട്രിപ്പിള്‍ ഡൈവ്‌ ചെയ്തു.

ഹവ്വെവര്‍, കാലത്ത്‌ നാലുമണിക്ക്‌ അലാറം കേട്ടുകൊണ്ടല്ല മറിച്ച്‌ ഗൗതമിന്റെ വായില്‍ നിന്നും പുളിച്ച തെറി കേട്ടുകൊണ്ടാണ്‌ ഷിബിന്‍ ചാടിയെഴുന്നേറ്റത്‌ "സാലാ ബദ്മാശ്‌ കബൂത്തർ … ഓഫ്‌ കരോ തേരാ വോ രോനേ വാലാ ചീസ്‌ "

തൊട്ടപ്പുറത്ത്‌ കട്ടിലില്‍ ബിദേശ്‌ ഒരു മൂളലോട്‌ കൂടി തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്‌ കണ്ടതും ഷിബിന്റെ നെഞ്ചിടിപ്പ്‌ കൂടി. ഇനി വൈകിയാല്‍ കാല്‍പെരുമാറ്റം ഉറപ്പിക്കാം. സമയം കളയാതെ ടിയാൻ  തലയാണയുടെ അടിയില്‍ നിന്നും അലാറം കൈയ്യിലെടുത്തു. ഹവ്വെവര്‍, ഇടിവെട്ടേറ്റവന്റെ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തെന്നു പറഞ്ഞകണക്കായി ഷിബിന്റെ അവസ്ഥ. ആ ഞെട്ടിപ്പിക്കുന്ന സത്യത്തിന്റെ തീക്ഷ്ണതയിൽ ഷിബിനിന്റെ മൂത്രസഞ്ചിയുടെ വാള്വ്വ് വരെ തുറന്നുപോയി. അലാറം ഓഫ്‌ ചെയ്യാനുള്ള ബട്ടണ്‍ കണാനില്ല. കണ്ണുതിരുമ്മി ഞൊടിയിടയില്‍ ടൈം പീസ്‌ മുഴുവന്‍ പരതി. നോ വേ, ഓഫ് ബട്ടണ്‍ മാത്രം കാണാനില്ല. " ഇനി ഇതുണ്ടാക്കിയ കമ്പനി അലാറം ഓഫ്‌ ചെയ്യുന്ന ബട്ടണ്‍ ഫിറ്റ്‌ ചെയ്യാന്‍ മറന്നു കാണുമോ? "

ചിന്തിയ്ക്കാന്‍ പോലും സമയമില്ല. തെറിയുടെ സോര്‍സിപ്പോള്‍ നാലഞ്ചെണ്ണമായി. ലൈറ്റിട്ടപ്പോള്‍ ഷിബിന്‌ ഒരുകാര്യം ഉറപ്പായി - കണ്ട്ണ്ടകശനി കൊണ്ടേ പോകൂ - കറണ്ടില്ല. ഡോര്‍മെട്രിയുടെ അങ്ങേത്തലയ്ക്കല്‍ നിന്നും ജോണ്‍ സാറിന്റെ "സയലന്‍സ്‌ " കൂടെ കേട്ടപ്പോള്‍ ഷിബിന്റെ പാതി ജീവന്‍ പമ്പ അതിര്‍ത്തിയിലേക്ക്‌ ബ്രിട്ടീഷ്‌ എയര്‍വേസിന്റെ ബോയിംഗ്‌ 747 ഫ്ലൈറ്റ്‌ പിടിച്ച്‌ വിട്ടു.

കണ്ണു ചിമ്മുന്ന നേരംക്കൊണ്ട്‌ ഷിബിന്‍ അലാറവുമായി ലഗ്ഗേജ്‌ വെയ്ക്കുന്ന ക്യാബിനിലേക്ക്‌ പറപറന്നു. അലാറത്തിന്റെ ഫ്രീക്വന്‍സി മെല്ലെ മെല്ലെ കുറഞ്ഞു വന്നു. ജോണ്‍ സാര്‍ ക്രിയേറ്റ്‌ ചെയ്ത നിശബ്ദതയില്‍ ഞങ്ങള്‍ ഗ്രാജ്വലി മയക്കത്തിലേയ്ക്ക്‌ വഴുതി വീണു.

ആറു മണിക്ക്‌ തോമാസ് സാറിന്റെ സ്ഥിരം  "ഗെറ്റപ്പ്‌ ബോയ്സ്‌, ഗെറ്റപ്പ്‌" കേട്ടാണ്‌ ഞങ്ങള്‍ ഉറക്കത്തില്‍ നിന്നും ക്രാഷ്‌ ലാന്‍ഡ്‌ ചെയ്തത്‌. കട്ടിലില്‍ നിന്നും ആദ്യം തറയിലിറങ്ങിയത്‌ സുന്ദരനാണ്‌. ഒരു ചീറ്റപ്പുലി  സ്റ്റെയിലില്‍ നീണ്ടുഞെളിഞ്ഞ്‌ ബോണ്‍സായ് മരം കണക്കെ അഞ്ചടി മൂന്നിഞ്ച് ഉയരവും   നല്ലോണം മെലിഞ്ഞ് ശോഷിച്ച തന്റെ ശരീരം കൊണ്ട്  സുന്ദരൻ  ഫറോക്കിലെ ഓട് കമ്പനിയിൽ നിന്നും പുറത്തുവരുന്ന പോലെ  നാല് ദിക്കും കിടുങ്ങുമാറാകും വിധം ശബ്ദവിസ്ഫോടനത്തോടെ  ഒരു കോട്ടുവായിട്ടു. പതിയെ ടൂത്ത്ബ്രഷ്ഷെടുക്കാനായി ക്യാബിനിലേക്ക്‌ നീങ്ങി. ക്യാബിനില്‍ നിന്നും "എന്റമ്മേ…., ഷിബിന്‍" എന്ന സുന്ദരന്റെ ദയനീയതയും ഭയവും മിക്സ് ചെയ്ത അലര്‍ച്ച കേട്ട പാതി കേള്‍കാത്ത പാതി അങ്ങോട്ടോടിയ ഞങ്ങൾ കണ്ട കാഴ്ച്ച വളരേ പരിതാപകരമായിരുന്നു.

എംആർഎ ബേക്കറിയിലെ ചിക്കൻ റോൾ പോലെ ചുരുട്ടിവെച്ച കിടക്കയില്‍ രണ്ടു കാലും രണ്ട് കൈയും ഇരുവശത്തേയ്ക്ക്‌ സ്ട്രെച്ച്‌ ചെയ്തിരുന്ന്‌ ഷിബിന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. കെടഞ്ഞോത്തെ അനി പണ്ട്‌ വെള്ളമടിച്ച്‌ വെളിവുകെട്ട്‌ കനാലിന്റെ വക്കത്തിരുന്നുറങ്ങിയ അതേ പോസ്‌ - പുവര്‍ ബോയ്‌. സുന്ദരന്‍ മെല്ലെ ഷിബിനെ തട്ടിയുണര്‍ത്തി. വായില്‍നിന്നൂര്‍ന്നിറങ്ങിയ ഉമിനീര്‍ വലിച്ചിറക്കി ഒരു മൂളലോടെ ഷിബിന്‍ എഴുന്നേറ്റു. ചുറ്റും കൂടി നില്‍കുന്ന വന്‍പിച്ച ജനാവലിയെ കണ്ടതും ടി യാൻ ചാടിയെഴുന്നേറ്റ്‌ ഒരു പരുങ്ങലോടെ മെല്ലെ ബക്കറ്റും മഗ്ഗുമെടുത്ത്‌ കുളിക്കാനെന്നോണം ബാത്ത്‌റൂം ലക്ഷ്യമാക്കി നടന്നകന്നു.

എന്തോ പന്തികേട്‌ തോന്നിയ ഞങ്ങള്‍ മെല്ലെ ആ ചുരുട്ടിവെച്ച കിടക്ക നിവര്‍ത്തി നോക്കി. അതിനകത്ത്‌ ഒരു ചെറിയ സൂട്ട്കേസ്‌ പൊതിഞ്ഞുവെച്ചിരിക്കുന്നു. സൂട്ട്കേസ്‌ തുറന്നു നോക്കിയ ഞങ്ങളെ അമ്പരിപ്പിച്ചുകൊണ്ട്‌ ദേ, അതിനകത്തിരിക്കുന്നൂ 'പിപിപിപീ' എന്നു പൊട്ടിച്ചിരിച്ചുകൊണ്ട്‌ ഷിബിന്റെ അലാറം!

Friday, August 24, 2007

ബാലന്‍ പിടിച്ച പുലി(പൂച്ച)വാല്‌

വരുത്താനായ കണ്ടന്‍ പൂച്ചയുമായുള്ള പ്രേമനൈരാശ്യമാണത്രെ കിങ്ങിണിപ്പൂച്ച കിണറ്റില്‍ ചാടി ആത്മഹത്യാശ്രമം നടത്താന്‍ കാരണം. സംഭവം നടന്നത്‌ 2005 ജൂണ്‍ പത്താം തീയതി, സമയം വൈകിട്ട്‌ ഒരഞ്ചുമണിയ്ക്ക്‌. തന്റെ പ്രാണനാഥനായ കണ്ടനേയും കാത്ത്‌ ചാറ്റല്‍ മഴയത്ത്‌ തണുപ്പും സഹിച്ച്‌ വടക്കേടത്ത്‌ ബാലന്റെ വീട്ടുമുറ്റത്ത്‌ നില്‍കുകയായിരുന്നു കിങ്ങിണിപ്പൂച്ച. കണ്ടേട്ടനേയും കാത്ത്‌ ഈ നില്‍പ്പ്‌ തുടങ്ങിയിട്ട്‌ ഏകദേശം ഒരാഴ്ച്ചയാകാറായി.

"കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചയ്ക്ക്‌ മീന്‍ക്കാരന്‍ ഖാദര്‍ക്കാന്റെ പിന്നാലെ പോയ പോക്കാണ്‌ ഇതുവരെ തിരിച്ചെത്തിയില്ല. ഇനിവല്ല അപകടവും സംഭവിച്ചു കാണുമൊ? എന്റെ കാവിലമ്മേ.. കാത്തോളണേ........"

തന്റെ ഉടപ്പിറന്നോള്‍ നങ്ങേലിപ്പൂച്ച മീത്തലെ കണ്ണേട്ടന്റെ വീട്ടില്‍ നിന്നും ലഞ്ചിന്‌ ഫിഷ്‌ കറി മീല്‍സും കഴിച്ച്‌ തിരിച്ച്‌ പോകും വഴിയാണ്‌ ചാറ്റല്‍മഴയത്ത്‌ പ്രാണനാഥനെ കാത്തുനില്‍കുന്ന കിങ്ങിണിപ്പുച്ചയെ കണ്ടത്‌. ഏതോ ഒരു  പ്രമുഖ  മഞ്ഞപ്പത്രത്തിന്റെ ലോകല്‍ സെൻസേഷണൽ റിപ്പോര്‍ട്ടര്‍ കൂടിയായ നങ്ങേലി കിങ്ങിണിപ്പുച്ചയെ കണ്ടപ്പോള്‍ കണക്കിനങ്ങു തേച്ചു:

"എന്താടീ, ഇന്റെ കണ്ടേട്ടനെ ഒരാഴ്ചയായല്ലോ കണ്ടിട്ട്... ചന്ദ്രേട്ടന്റെ പൊരേലെ മണിക്കുട്ടിപ്പൂച്ചേനേം കാണ്വാനില്ലാന്ന് കേട്ടിക്കല്ലോ. ഇനിയിപ്പോ ഓര് രണ്ടാളും കൂടി ഒളിച്ചോടി പോയോളീ?"

കഴിഞ്ഞ മൂന്ന് വർഷം മുടങ്ങാതെ അഞ്ചും ആറും വീതം   കണ്ടേട്ടന്റെ ചോരയിലുണ്ടായതുങ്ങളെ പെറ്റിട്ട കിങ്ങിണി,   ഞെട്ടിക്കുന്ന ഈ വാര്‍ത്ത കേട്ട്‌ ഹൃദയം പൊട്ടി മുന്നും പിന്നും നോക്കാതെ ബാലേട്ടന്റെ കിണറ്റിലേയ്കെടുത്തു ചാടുകയായിരുന്നതത്രെ!

ഡിന്നറിന്‌ ഫോര്‍ കോഴ്‌സ്‌ മീല്‍ റെഡിയാക്കുന്നതിന്റെ തിരക്കിനിടലാണ്‌ ബാലേട്ടന്റെ പ്രിയ പത്നി നാരായണിയേട്‌ത്തി അസാധാരണമായ "ബ്ലും" ശബ്ദം കേട്ടത്‌. വീണത്‌ തേങ്ങയാണെന്നു കരുതി കിണറ്റിലേയ്കെത്തിനോക്കിയ നാരായണിയേട്‌ത്തി കണ്ടത്‌ ഇയാന്‍ തോര്‍പിനെ പോലെ നീന്തിത്തിമിര്‍ക്കുന്ന കിങ്ങിണിപ്പൂച്ചയെയാണ്‌ .

കിണറ്റിലേയ്ക്ക്‌ നോക്കി "പുവര്‍ ക്യാറ്റ്‌" എന്നു പറയുകയല്ലാതെ പൂച്ചയെ രക്ഷിക്കാനുള്ള വഴി നാരായണിയേട്‌ത്തി ചിന്തിയ്ക്കാന്‍ തുനിഞ്ഞില്ല. മനോരമ ആഴ്ചപ്പതിപ്പിലെ പാചകവിധിയില്‍ മിസിസ്സ്‌ കെ എം മാത്യു എഴുതിയ കരിമീന്‍ മോളി മത്തികൊണ്ട്‌ പരീക്ഷിക്കുന്നതിനിടെ പൂച്ചയെ രക്ഷിക്കാനെവിടെ സമയം? അവസാനം മത്തി മോളി വായില്‍ വെക്കാന്‍ പറ്റാത്ത പരുവമായപ്പോഴാണ്‌ പൂച്ച കിണറ്റിലാണെന്നുള്ള ബോധമുണ്ടായത്‌.

ബാലേട്ടന്‍ വീട്ടിലെത്താറായില്ല. ഫോണ്‍ ചെയ്യാമെന്നു വെച്ചാല്‍ പുള്ളിക്കാരന്റെ കയ്യില്‍ മൊബൈലുമില്ല. കാശില്ലാഞ്ഞിട്ടല്ല - അംബാനി മാമന്‍ അഞ്ഞൂറു രൂപയ്ക്ക്‌ മൊബൈല്‍ കൊടുത്തപ്പോള്‍ പോലും പുള്ളി വാങ്ങീല്ല - സാള്‍ട്ട്‌ മാങ്ങോ ട്രീയില്‍ സാള്‍ട്ടില്ലെന്നു പറയുമ്പോലെ വീട്ടിലും പറമ്പിലും  റേയ്ഞ്ചില്ല. കാശുകൊടുത്ത്‌ മേടിച്ചിട്ടെന്തു കാര്യം? 

ഒരു ബാര്‍ബറാണെന്നുള്ള അഹങ്കാരമില്ലാത്തത് കൊണ്ടും ആ റ്റൈറ്റില്‍ തന്റെ ഡിഗ്നിറ്റിയെ ബാധിക്കും എന്ന തോന്നലുകൊണ്ടുമാകാം ലോകനാർക്കാവിൽ നിന്നും സ്വല്പം അകലെ സ്വന്തം നാട്ടുകാർക്ക് കൈയും കണ്ണുമെത്താത്ത യേതോരു പട്ടിക്കാട്ടിൽ ഒരു കട തുടങ്ങി ബാലേട്ടൻ ഡെയ്‌ലി പോയിവരും. പണിക്ക് പോകുന്നതും വരുന്നതും നാട്ടുകാരൊട്ട് കാണാറുമില്ല. നാരായണിയേട്‌ത്തിയാണെങ്കിൽ ഒരു എക്സ്ട്രാ ഫൈനാൻഷ്യൽ സപ്പോർട്ടിന്   വല്ലപ്പോഴും മണ്ണു ചുമക്കാനും കൃഷിപ്പണിക്കും പോവുകയും ചെയ്യും.

എനിവേയ്‌സ്, നാരായണിയേട്‌ത്തി തൊട്ടടുത്ത വീട്ടിലെ കുമാരേട്ടനോട് പൂച്ച കിണറ്റിൽ വീണ കാര്യം പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ കുമാരേട്ടന്‍ അധികം ചിന്തിക്കാന്‍ നിക്കാതെ കിണറ്റിലിറങ്ങി പൂച്ചയെ ഒരുകണക്കിന്‌ കരയ്ക്കെത്തിച്ചു.

കിങ്ങിണിപ്പൂച്ച കുറച്ചു നേരം റേഞ്ചുകിട്ടാതെ മൂക്കും ചീറ്റി നടന്നെങ്കിലും, മത്തിമോളിയുടെ സ്മെല്ലു പിടിച്ച്‌ പിന്നാമ്പുറത്തേക്ക്‌ വലിഞ്ഞു. ഈ കിങ്ങിണിപ്പൂച്ച കാരണമാണത്രെ സ്ഥലത്തെ ഷിറ്റായിരുന്ന നോര്‍ത്തേടത്ത്‌ ബാലന്‍ അതായത്‌ വടക്കേടത്ത്‌ ബാലന്‍ ഹിറ്റായി മാറിയത്‌. ബാലേട്ടന്‍ വീട്ടില്‍ വന്നുകയറിയയുടന്‍ തന്നെ നടന്ന സംഭവം വള്ളിപുള്ളി വിടാതെ പറയുകയും പൂച്ചയെ കരയ്ക്കെത്തിക്കാന്‍ താനെടുത്ത അതിപ്രഗല്‍ഭമായ തീരുമാനത്തില്‍ സന്തോഷവാനായി തനിക്ക്‌ പോക്കറ്റ്‌ മണി തരുമെന്ന പ്രതീക്ഷയില്‍ ബാലേട്ടന്റെ മുഖത്തു നോക്കിയിരുന്ന നാരായണിയേട്‌ത്തി അപ്രതീക്ഷിതമായി മുഖത്ത്‌ കിട്ടിയ പെടയിലും പുറകേ വന്ന തെറിയിലും മനം നൊന്ത്‌ പൊട്ടിപ്പൊട്ടിക്കരഞ്ഞു. നാട്ടുകാരുടെ മുന്നില്‍ വച്ച്‌ തന്റെ കിണറ്റിലിറങ്ങി പൂച്ചയെ രക്ഷിച്ച്‌ കുമാരന്‍ സ്റ്റാറായതിന്റെ അമര്‍ഷമാണ്‌ ഇപ്പോള്‍ കിട്ടിയ പെടയെന്നു പാവം നാരായണിയേട്‌ത്തിക്ക്‌ മനസ്സിലായില്ല .

രാത്രി മത്തി മോളി കൂട്ടി കഞ്ഞി കുടിയ്കവെ ബാലന്‍ ആത്മഗദം ചെയ്തു
"പൂച്ച ഇനിയും കിണറ്റില്‍ ചാടും. അന്ന്‌ നാട്ടുക്കാര്‍ക്ക്‌ ഞാനാരാണെന്നു കാണിച്ചു കൊടുക്കാം."

കണിയാന്‍ കണാരന്‍ പോലും ഇത്രയും കറക്റ്റായിട്ട്‌ കാര്യങ്ങള്‍ പറഞ്ഞുകാണില്ല . പിറ്റേന്ന്‌ രാവിലെ പല്ലുതേച്ച്‌ ഈര്‍കില്‍കൊണ്ട്‌ നാക്കുവടിയ്ക്കുന്നതിനിടെ ഒരു "ബ്ലും" ശബ്ദം കേട്ട്‌ കിണറ്റിലേയ്കെത്തിനോക്കിയ ബാലേട്ടന്റെ മുഖം ലോകനാര്‍ക്കാവുത്സവത്തിനു വഴിയോരത്ത്‌ കെട്ടിവെച്ച റ്റ്യുബ്‌ലൈറ്റ്‌ പോലെ വെട്ടിത്തിളങ്ങി. കൈകാല്‍ കുഴഞ്ഞ കിങ്ങിണിപ്പൂച്ച വെള്ളത്തില്‍ മുങ്ങിത്താണ്‌ വായിട്ടലയ്ക്കുന്നു " സേവ്‌ മി ബാലേട്ടാ..... സേവ്‌ മീ...... "

ചായയ്ക്ക്‌ പാലടുപ്പത്തു വെച്ച് വെള്ളം കോരാന്‍ നാരായണിയേട്‌ത്തി കിണറ്റിങ്കരയിലെത്തിയപ്പോള്‍ തൊട്ടിയും കയറും കണാനില്ല. ഒന്നുകൂടെ ചുറ്റും നോക്കിയപ്പോള്‍ കയറിന്റെ ഒരറ്റം കിണറിനോട്‌ ചേര്‍ന്നു കിടക്കുന്ന തെങ്ങിനോട്‌ കെട്ടിയിട്ടിരിയ്ക്കുന്നു. മറ്റേയറ്റം കിണറ്റിലേയ്ക്ക്‌ വീണു കിടക്കുന്നത്‌ കണ്ട്‌ കിണറ്റിലേയ്ക്ക്‌ നോക്കാനൊരുങ്ങുമ്പോള്‍ കിണറ്റില്‍ നിന്ന്‌ ബാലെട്ടന്റെ വോയിസ് 

"നാരായണീ, ഇഞ്ഞി കൂടേന്ന്‌ ആ പുതീയ കൊട്ടയിങ്ങെട്‌ത്തോ…. "

കാര്യമെന്താണെന്നറിയാതെ അമാന്തിച്ചു നിന്ന നാരായണിയേട്‌ത്തിയോട്‌ ബാലേട്ടനലറി:

"ഇനിക്കെന്താണേ  ചെവി കേട്ടൂടേ?"

കേട്ട പാതി കേള്‍ക്കാത്ത പാതി തലേന്ന്‌ കവിളത്ത്‌ കിട്ടിയതിന്റെ പാടും തടവിക്കൊണ്ട്‌ നാരായണിയേട്‌ത്തി കൊട്ടയെടുത്ത്‌ കയറിന്റെ അറ്റത്ത്‌ കെട്ടി കിണറ്റിലേയ്കിട്ടു കൊടുത്തു.

അങ്ങനെ അധികം വൈകാതെ കൊട്ടയോടൊപ്പം പൂച്ച കരയ്കെത്തി. പക്ഷെ സമയം കുറേ വൈകിയിട്ടും ബാലേട്ടൻ  കരയ്ക്കെത്തിയില്ല.

നാരായണിയേട്‌ത്തി റ്റെന്‍ഷനടിച്ചു തുടങ്ങി. രണ്ട്‌ രണ്ടര മണിക്കൂറ്‌ മുമ്പ്‌ കിണറ്റിലിറങ്ങിയ ബാലേട്ടന്‍ കരയ്ക്ക്‌ കയറുന്നില്ല.

" ബാലേട്ടാ ഇങ്ങള്‌ കാരുന്നില്ലേ ? "

"ഒരു ചെറിയ പണിയിണ്ട്‌. ഇഞ്ഞി ഗിരീന്റെ പൊരക്ക്‌ പോയിറ്റ്‌ റീജിത്തിന്റട്‌ത്ത്‌ ഈട്‌ത്തം ബരെ ഒന്ന്‌ ബരാന്‍ പറ. ഓനാടെ ഇന്ന് ഓട് മാറ്റിവെക്കുന്ന പണിയിലാ.."

എന്തോ പന്തികേടുണ്ടെന്ന്‌ മനസ്സിലാക്കിയ നാരായണിയേട്‌ത്തി സമയം കളയാതെ ഗിരിയേട്ടന്റെ വീട്ടിലേയ്ക്കോടി. ഓടിളക്കി മാറ്റിവെയ്ക്കുന്ന പണിത്തിരക്കിലായിരുന്ന റീജിത്ത്‌. ബാലേട്ടന്‍ വിളിയ്ക്കുന്നെന്ന്‌ കേട്ടപ്പോള്‍ പണികഴിഞ്ഞ്‌ വരാമെന്നു പറഞ്ഞു. തിരിച്ചുചെന്ന്‌ മെസ്സേജ്‌ കൊടുത്ത നാരായണിയേട്‌ത്തിക്ക്‌ ബാലേട്ടന്റെ വായില്‍ നിന്നും കണക്കിന്‌ കിട്ടി.

" !#$%^&*<>? ഇഞ്ഞി റീജിത്തിനോട്‌ അത്യാവിശ്യമാണെന്ന്‌ പറ. ഓന്‍ ബരും"

നാരായണിയേട്‌ത്തി പിന്നേയും വന്നു വിളിച്ചപ്പോള്‍ റീജിത്തിന്‌ സംശയമായി. കാര്യങ്ങളുടെ കിടപ്പ്‌ മനസ്സിലാക്കിയ റീജിത്ത്‌ പണി നിറുത്തിവെച്ച്‌ രണ്ട്മൂന്നാളേയും കൂട്ടി ബാലേട്ടന്റെ വീട്‌ വെച്ചുപിടിച്ചു. ക്ഷണനേരം കൊണ്ട്‌ സംഭവം നാട്ടില്‍ പാട്ടായി.

'പൂച്ചയെ  രക്ഷിക്കാൻ കിണറ്റിലിറങ്ങി ഹീറോയാകാന്‍ ശ്രമിച്ച നോര്‍ത്തേടത്ത്‌ ബാലന്‍ കരയ്ക്ക്‌ കയറാന്‍ വയ്യാതെ തണുത്ത്‌ മരവിച്ച്‌ സീറോയായി കിണറ്റിലിരുന്ന് വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണത്രെ!'

മീനവിയൽ, ബാലേട്ടന്റെ വീട്‌ നാട്ടുകാരെ കൊണ്ട്‌ പൊതിഞ്ഞു.

അങ്ങനെ കുമാരേട്ടനും, റീജിത്തും നാട്ടുകാരും ചേര്‍ന്നുത്സാഹിച്ച്‌ ഒരു കസേര കയറില്‍ കെട്ടിത്താഴ്ത്തി ബാലേട്ടനെ ഒരു വിധം കരയ്ക്കെത്തിച്ചു.

രാത്രി ഒരു പത്ത്‌ പത്തര വരെ വിസിറ്റേറ്‌സ്‌ കാരണം ബാലേട്ടന്‍ വളരെ ബിസിയായിരുന്നു. എല്ലാവരും പോയ്ക്കഴിഞ്ഞപ്പോള്‍ ദേഷ്യവും സങ്കടവും മാനക്കേടും സഹിക്കവയ്യാതെ നാരായണിയേട്‌ത്തി പൊട്ടിത്തെറിച്ചു

"ഇങ്ങക്ക്‌ ബല്ല കാര്യവുമുണ്ടായിനോ  മനുഷ്യാ  ബെറുതെ നടന്ന പൂച്ചയെ പിടിച്ച്‌ കിണറ്റിലിടാന്‍ ?"

വാല്‍1 : പൂച്ച കിണറ്റില്‍ വീണതാണോ അതോ ബാലേട്ടന്‍ സ്റ്റാറാവാന്‍ പൂച്ചയെ കിണറ്റിലേയ്കിട്ടതാണോ എന്ന്‌ നാരായണിയേട്‌ത്തിക്ക്‌ ഇന്നും നിശ്ചയമില്ല .

വാല്‍2 : അക്കാലത്ത് ലോകനാര്‍ക്കാവ്‌ വാസികളും മേമുണ്ടവാസികളും ബാലനെ കണ്ടാലുടൻ  സ്ഥിരമായി ഒരു മൂളിപ്പാട്ടു പാടാറുണ്ടായിരുന്നത്രെ, "വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനേ…യ് . സത്യത്തിലാരും തിരിച്ചറിഞ്ഞീലാ….."

Monday, July 9, 2007

മാരത്തോണ്‍

കശുമാങ്ങയുടെ അടിയില്‍ കശുവണ്ടി പറ്റിപ്പിടിചിരിക്കുന്നതു പോലെ  ചിലർക്ക്‌ ജന്മനാ ചില  പിടിവാശികളും കൂടെയുണ്ടാവും. ആല്ലെങ്കില്‍പിന്നെ ബസ്‌ സമരമുള്ള ദിവസം തന്നെ വടകരവാസിയും എന്റെ സഹമുറിയനുമായ ജിത്തുവിന്‌ ബാംഗ്ലൂരിൽ നിന്ന് നാട്ടില്‍ പോകന്‍ തോന്നുമോ?

കക്കൂസില്‍ പോകുന്നതു പോലെ ഇടയ്കിടെ നാട്ടില്‍ പോകുന്ന സ്വഭാവമുള്ള ജിത്തുവിന്‌ ഓരോ നാട്ടില്‍ പോക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാനകാത യാത്രകളായിരുന്നു. അതേപ്പറ്റിയോര്‍ത്ത്‌ ദുഃഖത്തിലാഴുമ്പോഴായിരിക്കും അടുത്ത നാട്ടില്‍ പോക്ക്‌. അങ്ങനെയൊരിക്കല്‍ നാട്ടിലെത്തി തിരിച്ചു വരാതെ വടകരയില്‍ പുതുതായ്പണിത വീട്ടില്‍ മടിപിടിച്ചിരിക്കുമ്പോൾ   തന്റെ മാനേജര്‍ക്ക്‌ ഒരു  ലീവ് ലെറ്റർ ഈമെയിലായി അയച്ചു - തന്റെ അച്ചാച്ചനും അമ്മമ്മയും ഒരു ബന്ധുവീട്ടില്‍ ബൈക്കില്‍ പോകവേ ആക്സിഡെന്റില്‍ പെട്ട്‌ അത്യാസന്ന നിലയില്‍ വടകര ഗവ: ആസ്പത്രിയില്‍ കിടക്കുകയാണെന്ന്‌. മാത്രമല്ല  അച്ചാച്ചന്‍ എന്തൂസിയാസത്തോടെ അണിഞ്ഞൊരുങ്ങി റെഡി ഫോര്‍ ഫയറിനായി കാത്തുനില്‍ക്കുകയാണത്രെ.

ഈമെയിലയച്ചത്‌ ജിത്തുവയിരുന്നെങ്കിലും, അതിനു പിന്നിലുള്ള മാസ്റ്റര്‍ ബ്രെയിന്‍ ജിത്തുവിന്റെ കസിനും, എന്റെ സുഹ്രുത്തും, അ'പാര' ബുദ്ധിശാലിയുമായ ജിജേഷിന്റേതായിരുന്നു.

മാസത്തില്‍ ഒമ്പതു തവണ ബാംഗ്ലൂരില്‍ നിന്നും വടകരയിലേയ്ക്ക്‌ മുങ്ങുന്ന ജിത്തു മൊത്തം എത്ര മണിക്കൂര്‍ ജോലി ചെയ്തെന്നു നോട്ട്‌ ചെയ്ത്‌ ഫൈനല്‍ ശമ്പളം കണക്ക്‌കൂട്ടിയെഴുതാന്‍ തന്നെ പത്ത്‌ ദിവസം പിടിക്കും. അതിനിടയിലാന്‌ ഇങ്ങനൊരു ഈ-മെയില്‍. മാനേജര്‍ തിരിച്ചൊരു മെയിലയച്ചു

" യൂ ആര്‍ ഫയേറ്‌ഡ്‌ ".

ആങ്ങനെ ആ ജോലിയും പോയിക്കിട്ടി. ബാംഗ്ലൂരില്‍ ജോലി കിട്ടിയില്ലെങ്കില്‍ ലോകത്തെവിടെയും ജോലികിട്ടില്ലാ എന്നാണെല്ലോ പ്രമാണം. അതുകൊണ്ട്‌ ജിത്തുവ്ന്‌ ഇപ്പോഴും എപ്പോഴും ജോലികിട്ടിക്കൊണ്ടേയിരിക്കുന്നു.

2005 ഡിസമ്പര്‍ പതിനാറിന്‌ ബംഗ്ലൂരിലെത്തിയ ജിത്തുവിന്റെ നാട്ടില്‍ പോക്ക്‌ 2006 ഫെബ്രുവരി ഇരുപത്തെട്ടയപ്പോഴേയ്ക്കും എട്ടായി. അങ്ങനെയിരിക്കെയാണ്‌ ബസ്‌ സമരമുള്ള ദിവസം നാട്ടില്‍ പോകാന്‍ ജിത്തു ബാഗുമെടുത്തിറങ്ങിയത്‌. ഞാനും അസ്നാസും കരഞ്ഞുപറഞ്ഞൂ

"ജിത്തൂ ജിത്തൂ പോവല്ലേ,

അയ്യോ ജിത്തൂ പോവല്ലേ ! "

- കേട്ടില്ല. രാവിലെ ആറുമണിയുടെ തലശ്ശേരി ബസ്സ്‌ തന്നെ പിടിചു.

മെജസ്റ്റിക്‌ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും രണ്ടു പായ്ക്കറ്റ്‌ ഗുഡ്‌ ഡേ ബിസ്ക്കറ്റും അരലിറ്റര്‍ സ്പ്രൈറ്റും മേടിച്ച്‌ ഫ്രണ്ട്‌ സീറ്റ്‌ തന്നെ പിടിച്ചു. വടകര ബ്ലൂ ഡയമണ്ഡിലെ സ്പെഷ്യല്‍ വിഭവമായ പൊറോട്ടയും ബീഫ്‌ ചില്ലിയേയും, കുമാരേട്ടന്റെ പെട്ടിക്കടയില്‍ നിന്നും പറ്റു പറഞ്ഞു മേടിക്കാന്‍ പോകുന്ന പാല്‍ സര്‍ബത്തിനേയും പറ്റി ചിന്തിച്ച്‌ വായില്‍ വെള്ളമൂറിചുകൊണ്ട്‌ യാത്ര തുടങ്ങി…. എല്ലാ ദിവസവും അതിരാവിലെ പത്തുമണിക്കെഴുന്നേല്‍കൂന്ന ജിത്തു അന്ന്‌ നാലരയ്ക്കെഴുന്നേറ്റതാണ്‌. ഉറക്കത്തിന്റെ കാര്യത്തില്‍ കുംഭകര്‍ണനെപ്പോലും വെല്ലുന്ന ജിത്തു നാലഞ്ച്‌ ബിസ്കറ്റും രണ്ട്‌ സിപ്പ്‌ സ്പ്രയിറ്റും അകത്താക്കി കണ്ട്രോള്‍ വിട്ട്‌ ഉറക്കത്തിലേയ്ക്ക്‌ അടി തെറ്റി വീണു.
….
കുമാരേട്ടന്‍ ഒരു ചെറുപുഞ്ചിരിയോടെ പെണ്ണുകാണാന്‍ വന്ന ചെക്കന്റെ മുന്നില്‍ ചായയുമായി വന്ന പെണ്ണിനെ പോലെ വലതുകയ്യില്‍ പാല്‍സര്‍ബത്തുമായി മുന്നില്‍ നില്‍ക്കുന്നു. പെട്ടെന്നാണതു സംഭവിച്ചത്‌. ഒരു ഞൊടിയിടകൊണ്ട്‌ എല്ലാം ഇളകിമറിഞ്ഞു - "ഹെന്റമ്മേ ഭൂമികുലുക്കം........"

'സ്ഥലകാലബോധം വീണ്ടെടുത്തുകൊണ്ട്‌ ജിത്തു ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. കര്‍ണാടക സ്റ്റേറ്റ്‌ ബസ്സ്  ബോർഡർ വിട്ട് കേരളത്തിലേക്ക് കടന്നിരിക്കുന്നു -  ഇത്രയും പ്രതീക്ഷിച്ചില്ല."

കുറച്ചു കഴിഞ്ഞപ്പോള്‍ കുണ്ടും കുഴിയുമൊക്കെ സ്വൽപ്പം കുറഞ്ഞു. ശരീരത്തിന്റെ പല്‍പല ഭാഗങ്ങളില്‍ നിന്നും വേദന തോന്നി തുടങ്ങി. 'തിരുമ്മുകാരന്‍ ഗോപാലേട്ടന്‌ ഇതൊരുപണിയാകുമൊ? ഈ നട്ടാപ്പകല്‌ കര്‍ണാടക സ്റ്റേറ്റ്‌ ബസ്സില്‍ തലശ്ശേരി ചുരമിറങ്ങി വന്ന എന്നെ വേണം തല്ലാന്‍. " എന്നൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ   ബസ്സ്‌ പൊടുന്നനെ  സഡന്‍ ബ്രേക്കിട്ടു.

ഒരു വളിച്ച ചിരിയൊടെ കണ്ഡക്ടര്‍ യാത്രക്കാരോട്‌ അറിയാവുന്ന മലയാളത്തില്‍ പറഞ്ഞു "റോഡ്‌ ബ്ലോക്കയിത്തു. മുമ്പോട്ട്‌ പോകാന്‍ ശരിയാകൂല "

ജിത്തു മെല്ലെ റോഡിലേയ്ക്കിറങ്ങി. സമരക്കാര്‍ കല്ലും മരവുമൊക്കെ ഉപയോഗിച്ച്‌ റോഡ്‌ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. തലയൊന്നു തിരിച്ച്‌ പുറകോട്ട്‌ നോക്കി. പിന്നെ മുന്നോട്ട്‌ നോക്കി. പൂച്ച ഉണക്കമീനും പച്ചമീനും കണ്ടതുപോലൊരു കണ്‍ഫ്‌യൂഷന്‍ - ബാംഗ്ലൂരേയ്ക്ക്‌ നടക്കണോ തലശ്ശേരിയ്ക്ക്‌ നടക്കണോ? ഉത്തരം കിട്ടാത്ത ചോദ്യം.

സമരത്തിന്റന്നു കേരളത്തില്‍ വണ്ടിയോടാനോ? അതും തലശ്ശേരിയില്‍. സമരത്തിന്റെ സ്വന്തം നാട്‌ എന്നാണ്‌ കേരളം ലോകമെമ്പാടും അറിയപ്പെടുന്നതു തന്നെ ഈ പ്രത്യേക സാഹചര്യത്തില്‍ അങ്ങകലെ കാണുന്ന പച്ചപ്പ്‌  ലാല്‍ ഭാഗല്ലേയെന്നു വരെ തോന്നിപ്പോയി. ബസ്സിപ്പോള്‍ ബാംഗ്ലൂരിലേയ്ക്ക് തിരിക്കും. ഈ ബസ്സില്‍ തന്നെയിരുന്നാല്‍ രാത്രിയാകുമ്പോഴേക്കും ബാംഗ്ലൂരെത്താം. ജിത്തു കീശയില്‍ നിന്നും ഒരു രൂപ നാണയമെടുത്തു. അച്ചാണെങ്കില്‍ ബാംഗ്ലൂര്‍, പുള്ളിയാണെങ്കില്‍ തലശ്ശേരി എന്നുറപ്പിച്ച്‌ ടോസ്സ്‌ ചെയ്തു. ടോസ്സ്‌ വീണത്‌ ബാംഗ്ലൂരിന്‌.

ബസ്സില്‍ നിന്നും ഒന്നുരണ്ടു പേര്‍ മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ ബാംഗ്ലൂരിലേയ്ക്ക്ക്ക്‌ പോകാന്‍ റെഡിയായി ബസ്സില്‍ തന്നെയിരുന്നു. ജിത്തു വലങ്കാലെടുത്ത്‌ ബസ്സിന്റെ പടിയില്‍ വെച്ചു.

ബ്ലൂ ഡയമണ്ഡിലെ പൊറോട്ടയും ബീഫ്‌ ചില്ലിയും…

കുമാരേട്ടന്റെ പെട്ടിക്കടയിലേ പാല്‍ സര്‍ബത്ത്…..

ജിത്തു പിന്നെ അമാന്തിച്ചില്ല. പടിയില്‍ വെച്ച കാലെടുത്ത്‌ തിരിച്ചു റോഡിലുറപ്പിച്ചു. രണ്ടും കല്‍പ്പിച്ചൊരു നടത്തമാണ്‌ - ചലോ തലശ്ശേരി.

സ്ഥലമേതാണെന്നറിയില്ല. തലശ്ശേരിയ്ക്കെത്ര ദൂരമുണ്ടെന്നറിയില്ല. മനസ്സില്‍ നിറയെ പൊറോട്ടയും ബീഫ്‌ ചില്ലിയും പാല്‍ സര്‍ബത്തും മാത്രം. ഒരു കാൽമണിക്കൂര്‍ നടന്നപ്പോഴാണ്‌ ജിത്തുവിനൊരു വലിയ സത്യം മനസ്സിലായത്‌ കൂടെയിറങ്ങിയവരുടെ വീടുകളൊക്കെ ആ പരിസരത്തു തന്നെയാണ്‌. അതിലൊരാളോട്‌ ചോദിച്ചു

" ഇവിടുന്ന്‌ തലശ്ശേരിയ്കെത്ത്ര ദൂരമുണ്ടാവും? "

"ദൂരമൊന്നും കൃത്യമായിട്ടറിയില്ല മോനേ. സുമാറൊരഞ്ചാറു മണിക്കൂര്‍ നടന്നാല്‍ തലശ്ശേരിയെത്തും."

വെട്ടിയിട്ട ചക്കപോലെ ദാ നിക്കുന്നു ജിത്തു. ഇടിവെട്ടേറ്റോന്റെ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴപെയ്തു എന്നുപറഞ്ഞതുപോലെയായി. കയ്യിലുണ്ടായിരുന്ന സ്പ്രൈറ്റ്‌ മുഴുവന്‍ വായിലേയ്ക്ക്‌ കമഴ്ത്തി ജിത്തു സമയം കളയാതെ നടത്തം ആരംഭിച്ചു. ഡിന്നറിന്‌ വീട്ടിലെത്തണമെന്നൊരു ചിന്ത മാത്രമേയുണ്ടയിരുന്നുള്ളൂ.

എത്ര നടന്നെന്നൊരു നിശ്ചയവുമില്ല. റോഡരികില്‍ വീടുകളും മനുഷ്യരേയുമോക്കെ കാണാന്‍ തുടങ്ങിയപ്പോള്‍ ചെറിയൊരു സമാധാനം തോന്നിതുടങ്ങി. ഒരൊറ്റ വാഹനം പോലുമോടുന്നില്ല.

നടത്തത്തിന്റെ സ്പീഡ്‌ കുറയുന്നുണ്ടോ എന്നൊരു സംശയം.

ഈശ്വരാ… ഡിന്നര്‍....

സ്പീഡ്‌ താനേ കൂടി.

ജിത്തുവിന്‌ പിന്നൊന്നും ഓര്‍മയില്ല. ഒന്നരയ്ക്ക്‌ നടക്കാന്‍ തുടങ്ങിയതോര്‍മയുണ്ട്‌. വഴിയരികിൽ ഏതോ  ഒരു വീട്ടില്‍ കയറി നിന്നും വെള്ളം കുടിച്ചതോര്‍മയുണ്ട്‌. അഞ്ചുമണിയ്ക്ക്‌ മട്ടന്നൂരെത്തിയതും ഓര്‍മയുണ്ട്‌. വീട്ടിലെത്തി മത്തിക്കറി കൂട്ടി ചോറുണ്ട്‌ കിടന്നുറങ്ങിയതുമോര്‍മയുണ്ട്‌. വേറൊന്നും ജിത്തുവിന്റെ മെമ്മറിയിലില്ല.

മട്ടന്നൂരില്‍ നിന്നണത്രെ തലശ്ശേരിയ്ക്ക്‌ ജീപ്പ്‌ കിട്ടിയത്‌. സാഹചര്യത്തെളിവുകള്‍ വെച്ചു നോക്കുമ്പോള്‍ ജിത്തു ഒരു 35-40 കിലോമീറ്റര്‍ നടന്നിട്ടുണ്ടാവണം. കാലിലെ വേദനയൊക്കെ മാറി എഴുന്നേറ്റ്‌ നടക്കാന്‍ തന്നെ ഒരാഴ്ച വേണ്ടി വന്നു. തുടയില്‍ രൂപപ്പെട്ട മസിലുകള്‍ കണ്ടിട്ട്‌ മിസ്റ്റര്‍ കേരളയ്ക്ക്‌ അപേക്ഷ കൊടുത്താലോ എന്നുവരെ ചിന്തിച്ചു പോയി.

നാട്ടിലെത്തിയതിന്റെ മൂന്നാംനാള്‍ ബെഡ്രൂമില്‍ നിന്നും ബാത്ത്രൂമില്‍ പോകാന്‍ തന്നെ ജിത്തു ഇരുപത്‌ മിനിറ്റെടുത്തത്രെ.

"സൗമ്യ സ്കൂള്‌ ബിട്ട്‌ ബരുന്ന നേരാണേപ്പോലും സമരേള്ള ദിവസം ബീട്ടീന്നിറങ്ങുന്ന പരിപാടിക്കിനി ഞാനില്ലേ "

എന്നാണത്ത്രെ കാലിലാണിയുള്ള മലയിലെ പോക്കര്‍ക്ക നടക്കുന്ന സ്റ്റൈയിലില്‍ ബാത്ത്രൂമിലേയ്ക്ക്‌ നടക്കുമ്പോള്‍ ജിത്തു ജിജേഷിനോട്‌ പറഞ്ഞത്‌

കഴിഞ്ഞ തവണ പറ്റിയതു പോലെ പറ്റാതിരിക്കാന്‍ ജിത്തു മാനേജര്‍ക്കൊരു എസ്‌ എം എസ്‌ അയച്ചു. " ബസ്‌ സമരമായതിനാല്‍ 40 കിലോമീറ്റര്‍ നടക്കേണ്ടി വന്നു. കാലിന്‌ തീരെ സുഖമില്ല. പത്തു ദിവസം അവധി തരണം" എന്നാണ്‌ ഉദ്‌ദേശിച്ചത്‌.

പക്ഷെ അയച്ചത്‌ ഇങ്ങനെയാണ്‌ " In Kerala very big traffic jam. Walked 40 Kms. Leg is not in well. Need 10 days leave ".

വാൽ : ജിത്തിയിപ്പോ ലങ്ങ് ദുഫായിലാണു. ഗളുഫിൽ  നിന്നും ഏറവും കൂടുതൽ തവണ നാട്ടിലേക്ക് പറന്ന വ്യക്തിയേതാണെന്നു 'നിങ്ങൾക്കുമാകാം കൊടീശ്വരനിൽ സുരേഷ് ഗോപി ചോദിച്ചാൽ ഉത്തരം പറയാൻ മറക്കേണ്ട !

Friday, June 22, 2007

അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നതാണ്‌ !

എ.ഡി. 2003 നവമ്പർ മാസത്തിലായിരുന്നു  സ്വാശ്രയ കോളേജുകള്‍ക്ക്‌ കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി കലോത്സത്തില്‍ പങ്കെടുക്കുവാനുള്ള അനുമതി ലഭിച്ചത്‌. കലാബോധം എന്ന മൂന്നക്ഷരത്തെ പറ്റി വിവരമുള്ള അപൂര്‍വം ചിലരില്‍ ഞാനും മെമ്പറായിരുന്നു എന്ന് അഭിമാനപുരസ്സരം വിശ്വസിച്ചിരുന്ന ഞാൻ കോളേജ് ഫൈൻ ആർട്സ് സെക്രട്ടറി എന്ന പൊസിഷനിൽ ഇരുന്നു ധൃതകിതപുളകിതനായി ഞളിയുന്ന സമയത്ത്  കിട്ടിയ ആദ്യത്തെ എട്ടിന്റെ പണി… അതും പാലുംവെള്ളത്തിൽ. 

മുൻപത്തെപ്പോലെയായിരുന്നെങ്കിൽ ഒരു ആർട്സ് ഡേയും കോളേജ് ഡേയും മാത്രം ഒപ്പിച്ചാൽ മതിയായിരുന്നു. അഞ്ജലിയുടെ ഒരു ലളിതഗാനം, ഹംസയുടെയും റാഷിദിന്റേയും പ്രസംഗം, യുനൈസിന്റെ രണ്ടു മാപ്പിളപ്പാട്ട് , ആരിഫാ ആൻഡ്‌ ഗേർള്സിന്റെ  ഒപ്പന, സജിനയുടെ ഒരു കഥാപ്രസംഗം  മദ്രാസ് യൂനിവേർസിറ്റി പ്രീ ഡിഗ്രി പാസ്സ് ഔട്ട് സകീറിന്റെ വക ഒരു വിജയ്‌ അണ്ണൻ സ്റ്റൈൽ ലുങ്കിയുടുത്ത് ടപ്പാങ്കുത്ത്, -   ഒരു  കോളേജ് ഡേ  തകൃതിയാക്കാൻ ഇതൊക്കെ ധാരാളം.    

എന്തായാലും വിവരം നോട്ടീസ്‌ ബോര്‍ഡിലിടുന്നതിനു മുമ്പ്‌ ബി എ ഇംഗ്ലീഷിലെ വിദ്യാർത്ഥിയും കോളേജ് യുണിയൻ പ്രസിഡന്റുമായ  ഹംസ, 'ഗ്രഹിണി പിടിച്ചൊരു പയ്യന്‍ ചക്കക്കൂട്ടാന്‍ കണ്ടതു പോലെ' ഞങ്ങളുടെ ക്ലാസില്‍ ഓടിക്കയറി.

"ഒരു നോട്ടീസുണ്ടേ ….. ഞമ്മളെ കോളേജിന് കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി കലോത്സത്തില്‍ പങ്കെടുക്കുവാനുള്ള അനുമതി കിട്ടീക്കിണ്ട്. പത്തുപൈനഞ്ചു ദിവസം കൂടിയേ ഇള്ളു പരിപാടിക്ക്.  ഞമ്മളെ കോളേജിന്റെ പേര് കേരളനാട്‌ ഒട്ടാകെ മുയങ്ങി കേപ്പിക്കാൻ ഞമ്മക്ക്‌ ഇക്കൊല്ലം ബി സോണിന്‌ ഒരു നാടകം കൊണ്ട്വോണം. താല്‍പര്യള്ളോരെല്ലാം ബൈന്നേരം എന്നെ ബന്നു കണ്ടാ മതി. ഇതൊരു ബൻ ബിജയമാക്കാൻ എന്നാൽ കഴിയുന്നത് പോലെ ഒരുഗ്രൻ സംബിധായകനെ ഞാനേടുന്നെങ്കിലും ഒപ്പിക്കാം. "

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. വൈകുന്നേരം നാലു മണിയായപ്പോള്‍ ബി എ ഇംഗ്ലീഷിനു മുമ്പില്‍ ഒരു വലിയ ക്യൂ. പാമ്പ്‌ ജാഫറും, പുഷ്പന്‍ നിധീഷും, ബാലന്‍ ലിബീഷും, പുട്ടുനൈസും, മുക്രിവളപ്പില്‍ യുനൈസും, ജുമാഞ്ജി സുഫൈദും, ആസിഡ്  ലിനീഷും എന്നു വേണ്ട കോളേജിലെ തൊപ്പിവെയ്ക്കാത്ത രാജാക്കന്മാരെല്ലാം നാടകരംഗത്ത് ഒരു കൈ നോക്കാനും യൂനിവേഴ്സിറ്റി കലോത്സവത്തിൽ പയറ്റിത്തെളിഞ്ഞാൽ സീരിയൽ സിനിമാ രംഗത്ത് നിന്നും വന്നേക്കാവുന്ന ഓഫറുകളും സ്വപ്നം കണ്ട് അഹപൊഹയാ എന്നോണം അണിനിരന്നു.  

മാഹിയിലെ  കോൾഡ് ലീലാ വൈൻ ഷോപ്പിൽ മുപ്പത് രൂപയുടെ ഘടോൽകചൻ എന്ന ചാത്തൻ സാധനം റിലീസായന്നത്തെ പോലുള്ള ഒരു തിക്കും തിരക്കും സ്വന്തം ക്ലാസിന് മുന്നിൽ കണ്ടപ്പോ ഹംസയോന്ന് അമാന്തിച്ചെങ്കിലും ക്ഷണിച്ചുപോയില്ലേ എന്ന ഒറ്റക്കാരണത്താൽ വന്നവരുടെ പേര്‌ ഓരോന്നയി ഒരു പേപ്പറില്‍ എഴുതിയെടുത്തു. പിറ്റേന്ന് മുതൽ പണി നടന്നുകൊണ്ടിരിക്കുന്ന ബിൽഡിങ്ങിന്റെ പുതിയഭാഗത്ത് ഓരോരുത്തരേയായി കാസ്റ്റിംഗ് കോളിന് വിളിക്കാം എന്നുറപ്പു നൽകി വീട്ടിൽ പറഞ്ഞയച്ചു.

ഹവ്വെവർ, പിറ്റേന്ന്‌ ഹംസ പെരിങ്ങത്തൂരില്‍ നിന്നും വരുമ്പോള്‍ കരടിനെയ്യ് വിൽക്കുന്ന ലാടൻ ഒരു പ്രൂഫിന് വേണ്ടി കഞ്ഞിവെള്ളം കുടിക്കാത്ത ഒരു കരടിയെ കൊണ്ടുനടക്കുന്ന പോലെ എല്ലാവരേയും കാണിച്ചു വിശ്വസിപ്പിക്കാൻ ഒരു നാടകസംവിധായകനെ കൂടെ കൊണ്ടുവന്ന് അധ്യാപകർക്കും വിദ്യാർഥികൾക്കും പരിചയപ്പെടുത്തിക്കൊടുത്തു     - "ഇത് ഷാജി ഫ്രം പെരിങ്ങത്തൂർ... ബളരെ ബുദ്ധിമുട്ടീറ്റാണ് ഈറ്റാലൊരു  സാധനത്തിനെ ഞമ്മളൊപ്പിച്ചെടുത്തത്. ഞമ്മളുടെ ഉള്ളിലുള്ള എല്ലാ കയിവുകളേയും മുയുമനായി പുറത്തെടുക്കാൻ ഷാജിക്ക് കൈയ്യും. "
 
ഷാജി ലിസ്റ്റിലുള്ള എല്ലാവരേയും വിളിചുവരുത്തി ഒരു സ്ക്രീനിംഗ്‌ ടെസ്റ്റ്‌ നടത്തി. എല്ലാവരും കഴിവിന്റെ പരമാവധി ഉപയോഗിച്ചാണ്‌ സ്കീനിംഗ്‌ ടെസ്റ്റില്‍ പങ്കെടുത്തത്‌. പലരും പലതും അഭിനയിച്ചു കാണിച്ചു. ബാലനാണെങ്കില്‍ പൂച്ചേം കാക്കേമാണ്‌ അവതരിപ്പിച്ചത്‌. അത്‌ മിമിക്രിയായിരുന്നോ  മോണോ ആക്റ്റായിരുന്നോ എന്ന്‌ പുള്ളിക്ക്‌ നാളിതുവരേയും പിടികിട്ടിയിട്ടില്ല. ഹംസ കുഷ്ഠരോഗിയേയും പുഷ്പൻ ധൃഥരാഷ്ട്രാലിംഗനവും ജാഫർ  തന്റെ  സ്ഥിരം ഐറ്റം കൊച്ചിൻ ഹനീഫയേയും  അനുകരിച്ചു കാണിച്ചു.       

മുക്രിവളപ്പില്‍ മുട്ടു വിറയ്ക്കുന്നതു കൊണ്ടു പുറത്താവുകയും ബാല നടന്‌ റോളില്ലാത്തതു കൊണ്ട്‌ ബാലന്‌ നാടോടിനൃത്തം കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വരികയും കോല്‍ക്കളിയില്‍ കൂടുതല്‍ ശ്രദ്ധ തിരിക്കേണ്ടി വന്നതിനാല്‍ പുട്ടുനൈസിന്‌ നാടകരംഗത്തു നിന്നും വിട വാങ്ങേണ്ടിയും  വന്നു. നാട്ടിലെ അമ്പലത്തിൽ ഉത്സവമായതുകൊണ്ടു ഉജ്ജ്വലും പിൻവലിഞ്ഞു.

പന്ത്രണ്ട്‌ പേരെ സെലക്റ്റ്‌ ചെയ്ത ഷാജിയ്ക്ക്‌ നാല്‌ ദിവസം വേണ്ടി വന്നു  അറുപത്തിനാല്‌ പേജുള്ള സ്ക്രിപ്റ്റ്‌ തയ്യാറാക്കാന്‍. അഞ്ചാം ദിവസം കാലത്ത്‌ പന്ത്രണ്ടു പേരേയും കഥ പറയാൻ ക്ലാസ്സിൽ നിന്നിറക്കി കെമിസ്ട്രി ലാബിൽ കൊണ്ടുപോയി. എല്ലാവരും അങ്ങിങ്ങായി ഇരിപ്പുറച്ചു. എങ്ങും നിശബ്ദത. ഷാജി മെല്ലെ എഴുന്നേറ്റു നിന്ന് രാജ്യസ്നേഹം മൂത്ത് വികാരഭരിതനായി വിറയലാർന്ന കരങ്ങൾ ആകാശത്തേയ്ക്കുയർത്തി,

 "നാടകത്തിന്റെ പേര്‌...….."  എന്നിട്ടൊരലർച്ചയോടെ… " ഉത്തം സിംഗ്‌...….!"

"ജാലിയന്‍ വാലാ ബാഗ്‌ ദുരന്തത്തിനുത്തരവാദിയായ ജനറല്‍ ഡയറിനെ ഇംഗ്ലണ്ടില്‍ ചെന്നു വെടിവെച്ചു കൊന്ന മഹാനായ ഇന്ത്യാക്കാരന്‍.....", പ്രാണവേദനയോട്‌ കൂടെ ഒറ്റശ്വാസത്തിൽ ഷാജി കാറി.

ഒരു പത്തു നിമിഷത്തെ നിശബ്ദത.

ഷാജി : "എങ്ങനെയുണ്ട് ?"

എലാവരും ആവേശഭരിതരായി. അങ്ങനെ ഉദ്ധം സിംഗിന്റെ പ്രാക്ടീസിന് ഷാജി തിരികൊളുത്തി 
 
"സ്റ്റാര്‍ട്ട്‌ … ആക്ഷന്‍ … കട്ട്‌"

യൂനിവേഴ്സിറ്റി കലോത്സവത്തിനുള്ള കൗണ്ട്‌ ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു.

10...…9...…8...….7...…6...….5...

നാടകം അരങ്ങേറുന്നതിന്‌ 5 നാള്‍ ബാക്കി നില്‍ക്കെ തന്റെ അഭിനയമികവിൽ വിശ്വാസം നഷ്ട്ടപ്പെട്ട  ലിനീഷ്‌ റിഹേഴ്സലിനിടയില്‍  "ഇതു കൊളമാവുമെന്നാ തോന്നുന്നത്‌. ഞാനില്ല. ഇങ്ങളെല്ലാരും കൂടി എന്താന്നിച്ചാലങ്ങാക്കിയൂട്‌." എന്ന ഡയലോഗും കാച്ചി  ഷാജിയും ഹംസയുമടക്കം എല്ലാവരുടേയും നടകമോഹങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട്  ആമ തോടിനുള്ളിലേയ്ക്ക്‌ വലിയുന്നത്‌ പോലെ മുങ്ങി. ലിനീഷിനെ പിന്നെ കുറച്ച് നാളത്തേക്ക് പരിസരത്ത്‌ കണ്ടവരാരുമില്ല.
 
പിന്നെ പതിവുപോലെ എല്ലായിപ്പോഴും ശശിയാവാൻ ഞാനുള്ളത് കൊണ്ട് ഹംസയ്ക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. സംഭവത്തിന്റെ കിടപ്പ്‌ ഹംസ വിശദമായി പറഞ്ഞുതന്നു.

"ഞാനിപ്പൊ എന്തു ചെയ്യണം? "

"ഇഞ്ഞിയൊന്ന് ട്രൈ ചെയ്യ്‌. നാലാള്‍ക്ക്‌ ചെയ്യാന്‍ പറ്റിയ ഒരു നാടകം ഷാജീന്റെ കൈയ്യിലുണ്ട്‌. ഇഞ്ഞി ഒരു മൂന്നാളേം കുടി സംഘടിപ്പിച്ച്‌ എങ്ങനേങ്കിലും ഒന്നുശരിയാക്ക്‌. ഇതെന്റെ പ്രെസ്റ്റീജിന്റെ പ്രശ്നാ "

ഹംസയോടൊപ്പം ഞാന്‍ നേരെ ആളൊഴിഞ്ഞ ഒരു  ക്ലാസ്മുറിയില്‍ ഇരിക്കുകയായിരുന്ന ഷാജിയുടടുത്തേയ്ക്ക്‌ വച്ച്  പിടിച്ചു. ഞൊടിയിടയിൽ ഹംസ  പുഷ്പനേയും, സകീറിനേയും പിന്നെ നായികയായി ജെന്നിയേയും കാസ്റ്റ് ചെയ്തു. ഷാജി കുറച്ച്  നേരം ചിന്താകുലനായതിനു ശേഷം ഒരു പ്രിയദര്‍ശന്‍ ആങ്കിളില്‍ കഥ പറഞ്ഞു തന്നു.

"നാടകത്തിന്റെ പേര്‌ …. ജെന്നി!

ജഡ്ജ്‌മന്റ്‌ ഓഫ്‌ പാരീസ്‌ ഒന്നു മോഡിഫൈ ചെയ്ത്‌ ഒരു കോളേജ്‌ അന്തരീക്ഷത്തിലേയ്ക്ക്‌ മാറ്റി. ജെന്നിയെന്ന നാടക നടിയുടെ ഹൃദയം കവരാൻ  മാര്‍ട്ടിന്‍, ജിക്ക്‌സണ്‍ എന്ന രണ്ട്‌ നടന്മാർ തീവ്രശ്രമത്തിലാണ് - മൂന്നു പേരും ഒരേ  കോളേജിലെ  സ്റ്റുഡന്റ്സ്‌. രണ്ട് പേരും ജെന്നിയോട് പ്രണയാഭ്യർത്ഥന നടത്തുന്നൂ. ഇവരിൽ ഏറ്റവും കഴിവുള്ള നടനെ  ജെന്നി വിവാഹം കഴിക്കാം എന്ന് തീരുമാനിക്കുന്നു. അഭിനയത്തിൽ മാർട്ടിൻ കസറുന്നു. മാർട്ടിന്നെ കവച്ചുവെക്കാനുള്ള വഴിയാലോചിച്ച് ജിക്ക്സണ്‍ നാലാമത്തെ കഥാപാത്രമായ  ആരാച്ചാരെ കണ്ടുമുട്ടുന്നു. ആരാച്ചാർക്ക് വേണ്ടി അദ്ദേഹമായി വേഷം മാറി  ആത്മകഥ പറയാൻ ചെല്ലുന്ന  ജിക്ക്സണ്‍ പൊതുജനത്തിന്റെ മദ്ധ്യേ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കണം. പക്ഷേ ആരാച്ചാർ ഒറിജിനൽ വിഷം നല്കുന്നു, ജിക്ക്സണ്‍ വടിയാകുന്നു."
 
വണ്ടർഫുൾ സ്റ്റോറി.  
 
ആദ്യത്തെ സീന്‍ മാര്‍ട്ടിനായ ഞാനും ജിക്ക്സണായ പുഷ്പനും തമ്മില്‍ വാള്‍പയറ്റാണ്. അതു പ്രാക്റ്റീസ്‌ ചെയ്യാന്‍ ഇൻസ്ട്രക്ഷൻ തന്നതിന് ശേഷം ഷാജി സ്ക്രിപ്റ്റ് എഴുതാൻ വേണ്ടി തന്റെ വീട്ടിലെ കഞ്ചാവ് പുകപടലങ്ങൾക്കുള്ളിലേക്ക് അപ്രത്യക്ഷനായി.
 
ഞാനും പുഷ്പനും അന്തിയോളം വാള്‍പയറ്റ്‌ പ്രാക്റ്റീസ്‌ ചെയ്യാന്‍ തുടങ്ങി. കടത്തനാടിന്റെ മണ്ണില്‍ ജനിച്ച എന്നെ ഒരു വലിയ അഭ്യാസിയാക്കണമെന്ന്‌ എന്റെ അച്ഛന്റെ ഒരാഗ്രഹമായിരുന്നു. അതിന്റെ ഭാഗമായാണ്‌ എന്നെ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴേ കളരിയില്‍ ചേര്‍ത്തത്‌. വേണ്ടായിരുന്നു എന്ന്‌ പിന്നീട്‌ അച്ഛന്‌ പലവട്ടം തോന്നിയിരുന്നെങ്കിലും അതുകൊണ്ട്‌ ആകെ ഒരുപകാരമുണ്ടയത്‌ വാള്‍പയറ്റ്‌ പ്രാക്റ്റീസ്‌ ചെയ്തപ്പൊഴാണ്‌ . ജീവിതത്തിലാദ്യമായാണ്‌ പഠിച്ച വിദ്യകൊണ്ട്‌ ഒരുപകാരമുണ്ടാവുന്നത്‌ .

കോടഞ്ചേരിയില്‍ വെച്ചായിരുന്നു കലോത്സവം. നാടകം അരങ്ങേറുന്നതിന്റന്ന് രാവിലേ തന്നെ ഞങ്ങൾ കോളേജില്‍ അണിനിരന്നു. കോടഞ്ചേരിയിലേയ്ക്ക്‌ പോകാന്‍ കോളേജ്‌ പടിയിറങ്ങുമ്പോഴാണ്‌ ഷാജിക്ക് വിട്ടുപോയ ഭാഗം പൂരിപ്പിക്കാനുള്ള ഓർമ്മ കിട്ടിബോധിച്ചത്.

"അയ്യൊ, നാടകത്തിന്‌ ബാക്ക്‌ഗ്രൗന്‍ഡ്‌ മ്യുസിക്കില്ല. ഞാനാക്കാര്യം മറന്നു പോയി "

ഉപ്പുമാവിന്‌ ഉപ്പിടാന്‍ മറന്നു പോയി എന്നു പറഞ്ഞതുപോലെയായി സംഗതി. അല്ലെങ്കില്‍ തന്നെ മനുഷ്യന്‌ റ്റെന്‍ഷനടിച്ചിട്ട്‌ നിവര്‍ത്തിയില്ല; പുറത്തു കാണിക്കുന്നില്ലെന്നു മാത്രം. അതിനിടയിലാണ്‌ ബാക്ക്‌ഗ്രൗന്‍ഡ്‌ മ്യുസിക്കെന്ന പുലിവാല്‌. വടകരയെത്തിയപ്പൊ അടക്കാത്തെരുവിലുള്ള  ഒരു കാസറ്റുകടയിൽ കയറി.  ബാക്ക്‌ഗ്രൗന്‍ഡായി എന്തു മ്യുസിക്കിടും എന്നു ചിന്തിക്കവെ ഷാജി അടുത്തിടെ കണ്ട ഇംഗ്ലീഷ്‌ സിനിമകള്‍ മനസിലൂടെ ഒന്ന്‌ പ്ലേബാക്ക്‌ ചെയ്യുകയും, അങ്ങനെ  ഗ്ലാഡിയേറ്ററിന്റെ ക്ലൈമാക്സ്‌ മ്യുസിക്‌ ഒരു കാസെറ്റില്‍ റെകോര്‍ഡ്‌ ചെയ്ത്‌ നേരെ തെക്കോട്ട്‌ വിട്ടു -  കോടഞ്ചേരി.

ബസ്സിലിരിക്കുമ്പോള്‍ ഭയങ്കര റ്റെന്‍ഷെനായിരുന്നു. ബസ്സ്‌ കൊയിലാണ്ടി എത്തിയപ്പോഴേക്കും ഉള്ള റ്റെന്‍ഷെനെല്ലാം ഉരുണ്ടുകൂടി വയറിനകത്തേയ്ക്കു കടന്നു. നാടകാവശ്യങ്ങള്‍ക്കായി ഷോപ്പിങ്ങുണ്ടെന്നു പറഞ്ഞ്‌ എല്ലാവരേയും കോടഞ്ചേരി ബസ്സില്‍ കയറ്റി വിട്ടിട്ട്‌ ഞാനും ഷാജിയും കൊയിലാണ്ടി ബസ്സ്‌സ്റ്റാന്റില്‍ തന്നെ നിന്നു. വയറിനകത്ത്‌ അപ്പോള്‍ ഒരു നാലാം പാനിപത്ത്‌ യുദ്ധം നടക്കുന്നു. എതു നിമിഷവും എന്തും സംഭവിക്കാം.ഒന്നുകില്‍ അക്ബര്‍ ജയിക്കും അല്ലെങ്കില്‍ ജോര്‍ജ്ജ്‌ ബുഷ്‌ അക്ബറിനെ കിഡ്നാപ്പ്‌ ചെയ്യും. ഇതൊന്നുമല്ലെങ്കില്‍ ഹിറ്റ്ലര്‍ രാജിവെയ്ക്കും. ചിന്തിയ്ക്കാന്‍ സമയമുണ്ടായിരുന്നില്ല. കൊയിലാണ്ടി ബസ്സ്‌സ്റ്റാന്റിലെ പ്രീ പെയിഡ്‌ കക്കൂസില്‍ അഭയം പ്രാപിക്കേണ്ടി വന്നു. ആധികം സമയം വേണ്ടി വന്നില്ല. ഒന്നിനേക്കാൾ സ്പീഡിൽ രണ്ട് പോകുമ്പോൾ സെകൻഡുകൾ കൊണ്ട് പരിപാടി തീർത്തു?  കക്കൂസിന്റെ മാനേജിംഗ്‌ ഡയറക്റ്റര്‍ക്ക്‌ റെന്റല്‍ ഫീസായി രണ്ട്‌ രൂപയും ടിപ്പായി അമ്പത്‌ പൈസയും കൊടുത്ത്‌ മുന്നില്‍ കണ്ട ചായക്കടയില്‍ കയറി ഓരോ സുലൈമാനിയുമടിച്ച്‌ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

വൈകിട്ട്‌ അഞ്ച്‌ മണിയയപ്പോഴേയ്ക്കും നെഞ്ചത്തൊട്ടിയ്ക്കേണ്ട നമ്പറ്‌ കിട്ടി- അമ്പത്തിയാറ്‌. അതായത്‌ തട്ടേക്കേറുമ്പോഴേക്കും രാത്രി ഒന്നരയാകും. ഒരഞ്ചരയ്ക്ക്‌ നാടകത്തിന്റെ മര്‍മ്മപ്രധാനമായ പോയിന്റ്സുകള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കവേ  ഞാന്‍ ചോദിച്ചു

" വാളെവിടെ "

ഷാജി വാ പൊളിച്ചു

"സ്ക്രിപ്റ്റെഴുതുമ്പോള്‍ വെള്ളമടിച്ചു വെച്ച വാളിന്റെ കാര്യമല്ല ചോദിച്ചത്‌ . ഫസ്റ്റ്‌ സീന്‍ വാള്‍പയറ്റാണ്‌ അതിനുള്ള വാളെവിടെ ?"

ഷാജി അമാന്തിച്ചില്ല. പുള്ളി എഴുന്നേറ്റ്‌ നിന്ന്‌ " ഫോളോ മീ " എന്ന ഡയലോഗും കാച്ചി നേരെ ഗ്രൗണ്ടിന് മറുവശത്തേക്ക്    നടന്നു. കോടഞ്ചേരി ഗവ കോലേജിനടുത്തുള്ള കാട്ടുപ്രദേശത്തു നിന്നും മൂന്നടി നീളമുള്ള രണ്ട്‌ ഉണക്ക വടിയൊപ്പിച്ചുകൊണ്ട്‌ ഷാജി യുദ്ധം ജയിച്ച നെപോളിയൻ രാജാവിനെ പോലെ ഞങ്ങളെ നോക്കി വളിച്ച ചിരി ചിരിച്ചു.
 
"നാടകത്തിന്റെ സ്ക്രിപ്റ്റ്‌ മാറ്റിയിരിക്കുന്നു. വാള്‍പ്പയറ്റിനു പകരം വടിപ്പയറ്റ്‌ -ബ്രസീലിയന്‍ സ്റ്റെയില്‍. "
 

* * *

ക്‌റ്‌ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍...….." അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നതാണ്‌! "

സ്റ്റേജ്‌ കുലുങ്ങുന്നുണ്ടോ എന്നൊരു സംശയം. അല്ല അതു തെറ്റാണെന്നും മറിച്ച് ഞാനാണ്‌ വിറയ്ക്കുന്നത്‌ എന്ന സത്യം മനസ്സിലാക്കാന്‍ അധികം നേരമെടുത്തില്ല. അപ്പോള്‍ പുഷ്പനും സകീറും ജെന്നിയുമൊ? അവരും വിറയ്ക്കുന്നുണ്ടായിരിക്കാം.

ക്‌റ്‌ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍...…..

തുണിപൊക്കി !

മുമ്പിലിരിക്കുന്ന ജനങ്ങളെ കണ്ടപ്പോള്‍ ഞനൊന്നു ഞെട്ടിയെങ്കിലും ധൈര്യം സംഭരിച്ച്‌ ഞാനും പുഷ്പനും വാള്(‍വടി)പ്പയറ്റിന്റെ പോസില്‍ അനങ്ങാതെ നിന്നു. റാം ജി റാവു  സ്പീക്കിങ്ങിലെ ഇന്നസെന്റിനെപ്പോലെ ഷാജി എന്തൊ ഇണ്ട്രൊഡക്ഷന്‍ ഡയലോഗ്‌ പറഞ്ഞു.

പറഞ്ഞു തീര്‍ന്നതിനു പിന്നാലെ പാറപ്പുറത്ത്‌ ചിരട്ടയുരയ്ക്കുന്ന മാതിരി അതിഭയാനകമായ ഒരു  സൌണ്ട് കോടഞ്ചേരിപ്രദേശത്തെ കുലുക്കിമറിച്ചു‌ - ഹംസ ബാക്ക്‌ഗ്രൗന്‍ഡ്‌ മ്യുസിക് ഓണ്‍ ചെയ്തതായിരുന്നു. അടുത്ത സെകന്റില്‍ തന്നെ അതോഫാക്കുകയും ചെയ്തു. കാസറ്റ് കടക്കാരൻറെ പിതാവിനെ സ്മരിച്ച നിമിഷങ്ങൾ. പിന്നീട്‌ മനസ്സിലായി അത്‌ കാസറ്റിന്റെ കുഴപ്പമല്ല മറിച്ച്‌ ഷാജിയുടെ പ്ലേയറിന്റെ തലയിലെ  പൂപ്പലായിരുന്നു കാരണമെന്ന്‌.

ബാക്ക്‌ഗ്രൗന്‍ഡ്‌ മ്യുസിക്കില്ലാത്ത നാടകം മാങ്ങയിടാത്ത മാംഗോ ഷെയിക്ക്‌ പോലെ കാണികള്‍ ആസ്വദിച്ചു. പല രംഗങ്ങളിലും  ഞാൻ ഒരു ബഞ്ചിനുമുകളിൽ ചാടിക്കയറി ചടുലതയോടെ ഡയലോഗുകൾ പറയണം. പക്ഷേ ഒരു ബ്യൂട്ടിക്ക്‌ വേണ്ടി ഷാജി ആ ബഞ്ച്   ഒരു നേര്‍ത്ത പിങ്ക് തുണിയിട്ടുമൂടിയതിനാൽ  അതില്‍ ചാടിക്കയറുമ്പോള്‍ ഒന്നുരണ്ടുവട്ടം ഞാന്‍ തെന്നി വീഴാനോങ്ങി. കാണികളിൽ പലരും  വിളിച്ചുപറഞ്ഞു " ഇപ്പൊ വീണേനേ!.."

കാണികളെ വിരള്‍ ചൂണ്ടി സംസാരിക്കുന്നതിനിടയില്‍ സക്കീറിന്റെ കൈ വിറയ്കുന്നത്‌ കണ്ടു. നാടകശേഷം അവന്‍ പറഞത് അത്‌ ഭാവാഭിനയമായിരുന്നെന്നാണ്. ആവോ ആര്‍ക്കറിയാം?

അടുത്തത്‌ ഞാന്‍ ഒറ്റയ്ക്ക്‌ അഞ്ചു മിനിറ്റ്‌ നീളുന്ന ഒരു ഡയലോഗ്‌ അവതരിപ്പിക്കണം. അതിന്റെ അവസാനം കൈകള്‍ രണ്ടും മേപ്പോട്ടുയര്‍ത്തി ദൈവത്തെ വിളിചു കരയുന്ന രംഗമണ്‌. പ്രസ്തുത രംഗം അവസാനിക്കാറായപോള്‍ കാണികളിലൊരു കശ്മലന്‍(അവനെങ്ങനതു കണ്ടെന്നറിഞ്ഞുകൂടാ) എഴുന്നേറ്റ്‌ നിന്നു സര്‍വശക്തിയുമെടുത്ത്‌ വിളിച്ചുപറഞ്ഞു
 
" മാര്‍ട്ടിനേ….. സിപ്പിടെടാ …."
 
ഉറക്കം തൂങ്ങിയിരിക്കുന്ന ജഡ്ജിമാര്‍ ഉണര്‍ന്ന്‌ ഉഷാറായി. പത്തുപതിനായിരം പേരടങ്ങുന്ന കാണികള്‍ എന്നെ നോക്കി ആര്‍ത്തുചിരിക്കുന്നു. ഞാന്‍ എങ്ങനേയൊക്കയോ ഡയലോഗ്‌ പറഞ്ഞുതീര്‍ത്തിട്ട്‌ കര്‍ട്ടന്നു പിന്നില്‍ ചെന്നു നോക്കിയപ്പോള്‍ സംഗതി ശരിയാണ്‌.
 
'ശ്ശൊ നാണക്കേടായി. ഞാനെനിയെങ്ങനെ പുറത്തിറങ്ങി നടക്കും? ഈശ്വരാ, എന്റെ ചാരിത്ര്യം? …'
 
ഞാന്‍ സ്റ്റേജിൽ നിന്നും വിടപറയുമ്പോൾ ഒരു കത്തുന്ന തീപ്പന്തവുമായി കാണികളെ കോരിത്തരിപ്പിക്കാൻ സ്റ്റേജിലേക്ക് കയറി അടുത്ത അഞ്ചുമിനിറ്റ് ഡയലോഗ് പറയേണ്ട   പുഷ്പന്‍ ദാ നില്‍കുന്നു എന്റെ മുമ്പില്‍.
 
'ങേ!,  ഇവനിതുവരെ പോയില്ലേ?'

നോക്കുമ്പോള്‍ ഷാജിയും ഹംസയുമിരുന്ന്‌ പന്തം കത്തിക്കാനുള്ള തത്രപ്പാടിലാണ്‌. ബട്ട്‌ പുള്ളിക്കാരന്‍ കത്തുകയില്ലെന്ന പിടിവാശിക്കരനായിപ്പോയി. സ്റ്റേജിലാണെങ്കില്‍ ആരുമില്ല. കാണികളുടെ പരിഹാസം കലർന്ന ബഹളം കൂടിയപ്പോൾ നിവര്‍ത്തിയില്ലാതെ പുഷ്പന്‍ മനസ്സില്ലാമനസ്സോടെ ചന്ദനത്തിരിയില്‍ നിന്നും പുകപോകുന്നതുപോലുള്ള കത്താത്ത പന്തവുമായി കാണികളുടെ മുന്നിലേയ്ക്ക്‌ ഡയലോഗുമായി  
 
"ദൈവമേ..., ഈ കത്തുന്ന തീപ്പന്തം സാക്ഷിനിര്‍ത്തി ഞാന്‍ സത്യം ചെയ്യുന്നൂ…. "

അങ്ങനെ ഒരു കണക്കിനു നാടകം തീര്‍ത്തു. ഗ്രൗണ്ടിനുപുറത്തുള്ള പെട്ടിക്കടയില്‍ നിന്നും രാത്രി മൂന്നു മണിയ്ക്ക്‌ ഞങ്ങൾ  ഓംപ്ലെറ്റും ചായയും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ചായക്കടക്കാരന്‍ വാസുവേട്ടന്റെ വക ലാസ്റ്റ്‌ ഡയലോഗ്‌

" മോനെ മാര്‍ട്ടിനേ, നീയ്യാ സിപ്പിതുവരെയിട്ടില്ലേ ?"


വാല്‍ 1 : ഒരു ദിവസംകൂടി എനിക്കവിടെ തങ്ങേണ്ടി വന്നു. പിറ്റേന്നു വീട്ടിലെത്തി പത്രമെടുത്ത്  നോക്കിയപ്പോൾ കലോത്സവ വിശേഷങ്ങള്‍ നാലാം പേജില്‍. കറുത്ത ഷര്‍ട്ടും നീല ജീന്‍സും ധരിച്‌ തലയില്‍ തോര്‍ത്തുമിട്ടിരിക്കുന്ന ഒരാളെ ഞാന്‍ ഒരു ഫോട്ടോയില്‍ കണ്ടു. അത്‌ ഞാന്‍ തന്നെയയിരുന്നെന്ന്‌ തിരിച്ചറിഞ്ഞത്‌ വളരെ പെട്ടെന്നയിരുന്നു.
 
വാല്‍ 2: ഹംസ ആഗ്രഹിച്ചത് പോലെയല്ലെങ്കിലും ഞമ്മളെ കോളേജിന്റെ പേര് കേരളനാട്‌ ഒട്ടാകെ മുയങ്ങി കേപ്പിക്കാൻ ഞമ്മക്ക്‌ കയിഞ്ഞു.