ചൊട്ടയിലെ ശീലം ചുടല വരെ എന്നാണെല്ലോ! ഇപ്പറഞ്ഞ ശീലം നല്ലതല്ലെങ്കിൽ ചൊട്ട മുതൽ ചുടല വരെ പണികിട്ടിക്കൊണ്ടേയിരിക്കും. ചിലർ അങ്ങനെയാണ് - ജന്മനാ സിദ്ധിച്ച ചില ശീലങ്ങളോ വീക്നസ്സോ കാരണം ചെറുതും വലുതുമായി പണികൾ ആജീവനാന്തം കിട്ടിക്കൊണ്ടേയിരിക്കും.
കുഞ്ഞ്യേരിയിലെ കമ്മൾടെ രണ്ടാമത്തെ സന്തതി വിജയന് ഇതുപോലെ ഒരു വീക്നെസ്സുണ്ട് - പരിചയക്കാരെ വഴിയിൽ കണ്ടാൽ തടഞ്ഞുനിർത്തി കുശാലാന്വേഷണം നടത്തുക. ലോകനാർകാവമ്പലത്തിൽ നിന്നും ചല്ലിവയലിൽ നിന്നും മേമുണ്ടയിൽ നിന്നുമൊക്കെ വീട്ടിലെത്താനുള്ള റോഡുകൾ ടാറിടാത്തതിനാലും അധികം ട്രാഫിക്കില്ലാത്തതിനാലും ആ വഴി പോകുന്ന യാത്രക്കാരിൽ മിക്കവരും പരിച്ചയക്കാരായതിനാലും വഴിയിൽ വെച്ച് ഏതെങ്കിലും വാഹനം വരുന്നത് കണ്ടാൽ റോഡിലേക്ക് കയറി നിന്ന് ആ വാഹനം തടഞ്ഞുവെച്ച് അതിലുള്ളവരോട് എന്തെങ്കിലും കുശലാന്വേഷണം നടത്താതെ പുള്ളിക്ക് ഒരു സ്വസ്ഥതയുമില്ലാ! വഴിയാത്രക്കാർക്ക് ഇതൊരു ബുദ്ധിമുട്ടാണെങ്കിലും ഇതിന്റെ പേരിൽ കമ്മളെ പലചരക്കുപീടികയിൽ നിന്നും സാധനം വാങ്ങുമ്പോൾ എക്സ്പയറി കഴിഞ്ഞതും ചീഞ്ഞ മുട്ടയും കിട്ടണ്ടല്ലോ എന്ന് കരുതി ആരും മറുത്തൊന്നും പറയാറില്ലെന്നുമാത്രം .
വടകര പഴയ ബസ് സ്റ്റാന്റിനു സമീപം നാഷണൽ ഹോട്ടലിനു പുറകിലുള്ള ഏടുവഴി അറിയപ്പെടുന്നത് വടകരയിലെ സലാലാ എന്നാണ് . ചെറുകച്ചവടക്കാർ നടത്തുന്ന അങ്ങാടിപ്പീടികകളുടെ ഇടയിലൂടെ നീണ്ടുനിവർന്ന്കിടക്കുന്ന പത്തടി വീതിയുള്ള ഈ ചെറിയ കുടുസുവഴിയുടെ ഇരുവശത്തും മൈലുകൾക്കപ്പുറം വരെ മണമെത്തുന്ന നല്ല ജാസ്മിൻ പെർഫ്യൂമടിച്ച് അലക്കിത്തേച്ച മുണ്ടും ഷർട്ടുമിട്ട് കുട്ടപ്പന്മാരായി വരിവരിയായി നിരനിരയായി നില്കുന്ന തൊഴിൽരഹിതരായ അനേകം മധ്യവയസ്കരെ കാണാം . സത്യത്തിൽ ഇവർ തൊഴിൽരഹിതരല്ല, മറിച്ച് കേരള സർകാരിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഡ്യൂട്ടീ ഫ്രീ കുടിൽ വ്യവസായ പദ്ധതിയുടെ ഭാഗമായി "സഞ്ചരിക്കുന്ന ഡ്യൂട്ടീ ഫ്രീ ഷോപ്പ്" എന്ന ആശയം കണ്ടെത്തി സ്വയം തൊഴിൽ ചെയ്തദ്ധ്വാനിക്കുന്ന വിയർപ്പിന്റെ അസുഖമുള്ള ഒരുപറ്റം ചുള്ളൻ മധ്യവയസ്കരാണ്. നാട്ടിൽ വരുന്ന പ്രവാസികളുടെ കയ്യിൽ നിന്നും ഫോറിൻ സാധനങ്ങളും കറൻസികളുംയും വിലകുറച്ച് വാങ്ങുകയും ആവശ്യക്കാർക്ക് വിലകൂട്ടി വിൽക്കുകയും ചെയ്യുന്ന അധ്വാനശീലം തീണ്ടുതൊടാത്ത പാവപ്പെട്ട ഒരു ചെറിയ ജനവിഭാഗം. ഫോറിൻ പെർഫ്യൂമുകൾ, ക്രീമുകൾ, ടോയ്സ്, തുണിത്തരങ്ങൾ, അത്യാധുനിക ഇലക്ട്രോണിക് ഗാഡ്ജറ്റ്സ് എന്നുവേണ്ട ഗൾഫിൽ നിന്നും കേരളത്തിലേക്ക് എത്തിക്കാൻ പറ്റുന്ന എന്ത് സാധനവും ഇവരുടെ കയ്യിൽ സ്റ്റോക്ക്ക്ക്ഡ് ആണ്. പണ്ട് ഫസ്റ് നൈറ്റിലിടാൻ ഒരു ഫോറിൻ ഷഡ്‌ഡി അന്വേഷിച്ചുപോയ പാക്കയിലെ സുകുമാരനോട് ഇപ്പൊ കൊണ്ടോരാം എന്ന് പറഞ്ഞ് തൊട്ടടുത്ത പീടികയിലൂടെ പിന്നാംപാറത്ത് പോയി ഇട്ടോണ്ടിരുന്ന ഷഡ്ജം ഊരിക്കൊടുത്ത ഒരു പഹയന്റെ കഥ വടകര അങ്ങാടിയിൽ പാണൻ പാടി നടന്ന അനേകായിരം കഥകളിൽ വെറും ഒരെണ്ണം മാത്രം. ഇത്രയും ആത്മാർഥതയുള്ള ഒരു മാപ്പിളയെ ഈ ഭൂമിമലയാളത്തിൽ മഷിയിട്ടുനോക്കിയാൽ കാണുമോ?
എനിവേയ്സ് ഇവരുടെ കൂട്ടത്തിലെ ഒരു നാടൻ ഷെയ്ക്കായിരുന്നു നമ്മുടെ വിജയേട്ടൻ - ഷെയ്ക്ക് അൽ ബിൻ കുഞ്ഞ്യേരി വിജയൻ കമ്മൾ.
ഒരിക്കൽ കച്ചോടമൊക്കെ കഴിഞ്ഞ് ചല്ലിവയലിൽ നിന്നും വീട്ടിലേക്കുള്ള അരി, പരിപ്പ്, പച്ചക്കറികൾ, മത്സ്യം ഇത്യാദി സാധനങ്ങളും വാങ്ങി അമ്പത് പൈസയുടെ മൂന്ന്നാല് പ്ലാസ്റ്റിക് സഞ്ചികളിൽ കുത്തിനിറച്ച് ഇരുകൈകളിലും തൂക്കി ക്ഷീണിതനായി ആടിയാടി വരുന്ന വഴിക്കാണ് അങ്ങ് ദൂരെ നിന്നും ചിങ്ങാറമ്പത്തെ ഗംഗാധരേട്ടന്റെ ഇളയ പുത്രൻ ഷിജു അവനേക്കാൾ വലിയൊരു ഹെർകുലിസ് സൈക്കിളിൽ ഏന്തിനിന്ന് ആഞ്ഞു ചവിട്ടി വരുന്നത് കണ്ടത്. ഷിജുവാണെന്ന് തിരിച്ചറിഞ്ഞതും വിജയേട്ടൻ റോഡിലേക്ക് കയറി നിന്നതും ഒരുമിച്ചായിരുന്നു.
"വിജയേട്ടാ, മാറിക്കോ, സൈക്കിളിന് ബ്രേക്കില്ലാ ….", ദൂരെ നിന്നും ഷിജു പറ്റാവുന്നത്ര ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
"ഇഞ്ഞി അങ്ങനെയെന്നെ പറ്റിക്കെണ്ടടാ. വണ്ടി നിർത്ത്, ഒരു കാര്യം പറയാനിണ്ട്"
ഷിജു സൈക്കിളിനെ റോഡിന്റെ വലതുവശത്തേക്ക് സ്റ്റീർ ചെയ്തു. അതിനനുസരിച്ച് വിജയേട്ടനും ആ വശത്തേക്ക് നീങ്ങി. അപ്പൊ ഷിജു ഇടതുഭാഗത്തേക്ക് നീങ്ങി, ഒപ്പം വിജയേട്ടനും. ഒരു മുപ്പതുവാര അകലെയെത്തിയപ്പോ "വിജയേട്ടാ , ഇങ്ങള് കളിക്കല്ലേ!", എന്ന് പരിഭ്രാന്തിയോടെ പറഞ്ഞുകൊണ്ട് ഷിജു സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു. വിജയേട്ടനും വിട്ടുകൊടുത്തില്ല. മൈക്കൾ ജാക്സണ്‍ മൂണ്‍വോക്ക് ചെയ്യുന്നത് പോലെ വിജയേട്ടനും റോഡിന്റെ കുറുകനെ അങ്ങോട്ടും ഇങ്ങോട്ടും ഷിഫ്റ്റ് ചെയ്ത്കൊണ്ടിരുന്നു
അവസാനം ആംഗ്രീ ബേർഡ്സിലെ പക്ഷി കണക്കെ ഷിജുവും സൈക്കിളും വിജയേട്ടനിൽ പോയി പതിച്ചു. വീട്ടിൽ വന്നൊരതിഥിയെ സൽകരിക്കാൻ ബേക്കറിയിയിലേക്ക് ധൃതിയിൽ പോവുകയായിരുന്ന ഷിജു വീണോടത്തു നിന്നും ഞൊടിയിടയിൽ സൈക്കിളുമെടുത്ത് പൊടിപാറ്റിച്ചു കൊണ്ട് അപ്രത്യക്ഷനായി .
ടാറിടാത്ത റോഡിനുനടുവിൽ ചിതറിക്കിടക്കുന്ന പരിപ്പിന്റേയും കയമയരിയുടേയുമിടയിൽ പത്ത് മത്തിക്കുഞ്ഞുങ്ങളോടൊപ്പമിരുന്ന് വിജയേട്ടൻ അങ്ങ് വിദൂരതയിലേക്ക് മാഞ്ഞുപോകുന്ന ഷിജുവിനേയും നോക്കി ഒരു നെടുവീർപ്പോടെ ആത്മഗതം ചെയ്തു … "വേണ്ടീരുന്നില്ല!"
