Monday, September 13, 2021

നല്ലവനായ ദിവാകരേട്ടൻ

പുതുച്ചാലിലെ ദിവാകരേട്ടൻ നല്ലവനായിരുന്നു. എനിക്കറിയാം. എനിക്ക് മാത്രമല്ല ഞങ്ങളുടെ നാട്ടുകാർക്ക് മൊത്തം അറിയാം. ദിവാകരേട്ടൻറെ നന്മ ഏറ്ററിഞ്ഞവരിൽ ഭൂരിഭാഗവും മേമുണ്ട ഹൈ സ്‌കൂളിലും, കീഴൽ യൂപീ സ്‌കൂളിലും  കാലാകാലങ്ങളായി പഠിച്ചുവന്നിരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ മാതാപിതാക്കളായിരുന്നു. 

അക്കാലത്തെ  വിദ്യാർത്ഥികൾക്ക്  വഴിതെറ്റിപ്പോയവൻ അല്ലെങ്കിൽ വഴിതെറ്റിപ്പോയവൾ എന്ന ടൈറ്റിൽ ചാർത്തിക്കിട്ടാനുള്ള പ്രധാന കാരണങ്ങൾ , ആരാൻറെ പറമ്പത്തെ മാങ്ങയ്ക് കല്ലെറിയുക, തേങ്ങ, കശുവണ്ടി എന്നിവ മോഷ്ടിക്കുക, തല്ലുണ്ടാക്കുക, തെറി വിളിക്കുക, പ്രേമലേഖനം കൈമാറുക, ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് നടക്കുക, സല്ലപിക്കുക, കമന്റടിക്കുക, സ്‌കൂൾ വിട്ട് വരുന്ന വഴി തോട്ടിൽ നിന്നും  മീൻപിടിക്കുക എന്നിവയും കുറച്ച് കൂടി സീരിയസ് ക്രൈംസ് ആയ ക്ലാസ് കട്ട് ചെയ്ത് സിനിമയ്‌ക്കോ കലുങ്കിലിരിക്കാനോ കളിക്കാനോ കറങ്ങാനോ പോവുക, മുറിബീഡി, ബീഡി, സിഗററ്  വലിക്കുക, പാൻപരാഗ്, ചീനി കൈനി  പോലുള്ള ഐറ്റംസ് ഉപയോഗിക്കുക, ലാസ്റ്റ് ബട്ട് നോട്ട് ദി  ലീസ്റ്റ് മദ്യപിക്കുക എന്നിവയൊക്കെയുമായിരുന്നു. കോ-കരിക്കുലർ ഐറ്റംസ് ഏതുമായിക്കൊള്ളട്ടെ, അത്  മുറതെറ്റാതെ അവരവരുടെ വീട്ടിലറിയിക്കാൻ മുൻപന്തിയിൽ ദിവാകരേട്ടനുണ്ടാവും.

ആയുർവേദം അല്ലെങ്കിൽ സിദ്ധവൈദ്യം പോലുള്ള ഏതോ നാട്ടുമരുന്നുകമ്പനിയുടെ കണ്ണൂർ - കോഴിക്കോട് ഏരിയാ ഡിസ്ട്രിബ്യുട്ടറായിരുന്നു നമ്മുടെ ദിവാകരേട്ടൻ. എല്ലാ ദിവസവും കാലത്ത് ആറുമണിക്ക് തന്നെ തൻറെ തുകൽ സഞ്ചിയുമായി വടകര റെയിവേ സ്റ്റേഷനിലെത്തുകയും അവിടുന്ന് ഇട ദിവസങ്ങളിൽ കണ്ണൂരേക്കും മറ്റ് ദിവസങ്ങളിൽ കോഴിക്കോട്ടേക്കും വണ്ടി കയറി തൻറെ ഡിസ്ട്രിബ്യുഷൻ ജോലി ഭംഗിയായി നിർവഹിച്ച് മൂന്ന് മണിയാകുമ്പോഴേക്കും തിരിച്ച്‌ നാട്ടിലെത്തി ഡോർ ടു ഡോർ മരുന്ന് വിൽപ്പനയുമായി നടന്നിരുന്ന കാലം. കോഴിക്കോട്ടേക്ക് പോകുന്ന ദിവസം സെയിൽസ് ഐറ്റംസ് അവിടെ നിന്ന് കളക്ട് ചെയ്ത് തിരിച്ച് വെങ്ങാലി, ചേമഞ്ചേരി, കൊയിലാണ്ടി, തിക്കോടി, പയ്യോളി വഴി വടകരയിൽ എത്തുകയും, കണ്ണൂരേക്ക്  പോകുന്ന ദിവസം അതേപോലെ എടപ്പാട്, മുഴപ്പിലങ്ങാട്, ധർമ്മടം, തലശ്ശേരി, മാഹി വഴി വടകരയിൽ എത്തുകയും ചെയ്യും. വൈകുന്നേരം സ്‌കൂൾ വിടുന്ന സമയത്ത് ഓൺ-റോഡിൽ സെയിൽസുമായി ബന്ധപ്പെട്ട് ടിയാൻ കറങ്ങിനടക്കുന്ന സമയമാണ് പുള്ളിയുടെ ഒബ്‌സർവേഷൻ ഹവർ. വഴിയിൽ കാണുന്ന സകല പിള്ളേരുടെ മൂവ്‌മെൻറ്സും  ഡയലോഗ്സും ഒപ്പിയെടുത്ത് പ്രോസസ്സ് ചെയ്ത് പല ഇൻസിഡെന്റ്സുമായി കോറിലേറ്റ് ചെയ്ത് കിട്ടുന്ന ഔട്ട്പുട്ട് പ്രശ്നവശാൽ ഗുരുതരമാണെങ്കിലോ അഥവാ സംശയാസ്പദകമായി ആരെയെങ്കിലും വഴിയരികിൽ കണ്ടാലോ ഉടൻ തന്നെ ആ വിവരം വേണ്ടപ്പെട്ടവരുടെ അടുത്തെത്തിക്കാതെ ദിവാകരേട്ടന് ഉറക്കം വരില്ല.

മക്കൾ വഴിതെറ്റിപ്പോകുമോ എന്ന് ഭയന്നിരുന്ന അഥവാ മക്കൾ വഴിതെറ്റിപ്പോയതറിയാതെ "മൈ കിഡ് ഈസ് ഓസം" എന്നാശ്വസിച്ചിരുന്ന ഇന്നാട്ടിലെ സകല മാതാപിതാക്കളുടെയും കണ്ണിലുണ്ണിയായി മാറുകയും മക്കൾ വഴിതെറ്റിപ്പോയത് നാലാളറിയുന്നത് ഒരു നാണക്കേടായി കണക്കാക്കിയിരുന്ന മറ്റ് ചില മാതാപിതാക്കളുടെ കണ്ണിലെ കരടായി മാറുകയുമായിരുന്നു നാട്ടിലെ നല്ലവനായ ഉണ്ണി ശ്രീ ദിവാകരൻ പുതുച്ചാലിൽ. നാട്ടിലെ ചുറുചുറുക്കുള്ള മുട്ടേന്നു വിരിയാത്ത ഗജപോക്കിരികളുടെ നിർഭാഗ്യമെന്നോണം, അവരെവിടെ പരിപാടി അവതരിപ്പിച്ചാലും കുമ്പിടിയെ പോലെ അവിടെ അവതരിക്കും നമ്മുടെ സാക്ഷാൽ  ദിവാകരൻ പുതുച്ചാലിൽ. വള്ളിപുള്ളി വിടാതെ നടന്ന സംഭവമെല്ലാം, എത്തിക്കേണ്ടവരുടെ അടുത്തെത്തിച്ച്, കുഞ്ഞുങ്ങൾ വഴിതെറ്റിപ്പോകാതിരിക്കാൻ ചില പോംവഴികൾ സജെസ്റ് ചെയ്യുകയും വേണ്ടി വന്നാൽ മേൽപ്പറഞ്ഞ മുട്ടേന്നു വിരിയാത്ത ഗജപോക്കിരികളെ അവരുടെ രക്ഷിതാക്കൾ കേൾക്കാതെ ഒന്നുപദേശിക്കാനും ദിവാകരേട്ടന്  മടിയില്ല. എസ്പെഷ്യലി മദ്യപാനവുമായി ബന്ധപ്പെട്ട വഴിതെറ്റലാണെങ്കിൽ ദിവാകരേട്ടൻ ഡെഫിനിറ്റ്‌ലി ഉപദേശിച്ചിരിക്കും.

മാങ്ങയെറിഞ്ഞും ക്രിക്കറ്റും ഫുട്ബോളും കളിച്ചും സിപ്പപ്പ് നുണഞ്ഞും ജീവിതം എൻജോയ് ചെയ്ത് നടന്നിരുന്ന പുതുക്കുടി ഗംഗാധരേട്ടൻറെ മകൻ മജീഷും, കുറുങ്ങാടൻ വീട്ടിൽ ജനാർദ്ദനേട്ടൻറെ മകൻ ജിജേഷും, ചിങ്ങാറമ്പത്ത് കുഞ്ഞീഷ്ണേട്ടൻറെ മകൻ മഹേഷും, കാവുപ്പനത്തിലെ രാജേട്ടൻറെ മക്കളായ വിജിയും സജിയും എന്ന്  വേണ്ട ഞാനുൾപ്പെടുന്ന സകലമാന ബോയ്സിൻറെയും ദുർസ്വപ്നമായിരുന്നു മേൽപ്പറഞ്ഞ ടിയാൻ. അപ്പൊ നിങ്ങൾ വിചാരിക്കും ആൺപിള്ളേർ മാത്രമേ ദിവാകരൻറെ ഇരകളാവാറുള്ളോയെന്ന്? ചല്ലിവയൽ കള്ളുഷാപ്പിൻറെ ചുമരിൽ "ബസുലേഷ്  +  വിജിഷ" എന്ന് ചിരട്ടക്കരി മുഖാന്തരം തെളിഞ്ഞതിൻറെ പിറ്റേന്ന് വൈകുന്നേരം പുനയ്ക്കൽ വിജയേട്ടനും ഭാര്യ ഉഷയും വാടകയ്ക്ക് താമസിച്ചിരുന്ന സൂപ്പർമാർക്കറ്റിന് പുറകിലുള്ള ഓടിട്ട വീട്ടിൽ ഇടിയോട് കൂടിയ മഴ പെയ്തതെന്നും അതിനുപിന്നാലെ നിലവിളി വിത്ത് സിനിമാറ്റിക് ഡാൻസ് അരങ്ങേറിയെന്നുമാണ് പരക്കെയുള്ള അഭ്യൂഹം. ഈ "വിജയൻ + ഉഷ"യുടെ ബൈപ്രോഡക്റ്റ്സ്  ആണെല്ലോ വിജിഷയും വിജീഷും. അങ്ങനെ ആ വിജിഷയായിരുന്നു ദിവാകരേട്ടൻറെ ആദ്യത്തെ ഫീമെയിൽ ഇര. പിന്നീടവിടുന്നങ്ങോട്ട് എത്രയയെത്ര പ്രേമങ്ങളാണ് ദിവാകരേട്ടൻറെ ഇടപെടൽ കാരണം തവിടുപൊടിയായത്?

യുവമിഥുനങ്ങളുടെ പ്രാക്ക് കാരണമായിരിക്കണം അല്ലെങ്കിൽ പിന്നെ നല്ലവനായ ദിവാകരേട്ടന് ഈ ഗതി വരുമോ? ലോകനാർക്കാവ് - മേമുണ്ട നിവാസികൾ ഞെട്ടിക്കുന്ന ആ വാർത്ത കേട്ടിട്ടായിരുന്നു  അന്ന് മദ്ധ്യാഹ്നത്തിൽ നിന്നും സായാഹ്നത്തിലേക്ക് കാലെടുത്ത് വെച്ചത്. ആരാദ്യം പറഞ്ഞു ആരാദ്യം കേട്ടു എന്നൊന്നും ഇവിടെ പ്രസക്തമല്ല. വാർത്ത മട്ടും താൻ മുഖ്യം. കണ്ണൂരിൽ നിന്നും ജോലി കഴിഞ്ഞു വരും വഴി വടകര പുതിയ ബസ് സ്റ്റാൻഡിൽ മേമുണ്ട വഴി തീക്കുനിയിലേക്ക്‌ പോകാൻ നിർത്തിട്ടിരുന്ന  ബസ്സിൻറെ സ്റ്റെപ്പിൽ വലതുകാലെടുത്തു വെച്ച് ക്യാപ്റ്റൻ മാർവെലിനെ പോലെ നിന്നിരുന്ന നമ്മുടെ ദിവാകരേട്ടനെ  അതേ പോസിൽ തന്നെ പൊക്കിയെടുത്ത് ജീപ്പിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊണ്ട്പോയത്രേ നാല് പോലീസുകാർ. 

നല്ലവനായ ദിവാകരേട്ടനെ ലോക്കപ്പിൽ നിന്നും പുറത്തിറക്കാൻ നാട്ടിലെ രണ്ട് മൂന്ന് പ്രമാണിമാരും രാഷ്ട്രീയ പ്രവർത്തകരും സന്ധ്യയാവുമ്പോഴേക്കും വടകര പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും രണ്ടെണ്ണം കൊണ്ടതിൻറെ ക്ഷീണം മുഖത്തുകാണിക്കാതെ പുഞ്ചിരി തൂകി ലോക്കപ്പിനകത്ത് നിന്നും പാല് കണ്ട പൂച്ചയെ പോലെ ഏന്തി വലിഞ്ഞ് നോക്കിനിന്ന ദിവാകരേട്ടനെ ചൂണ്ടികാണിച്ച് "സർ, ഞങ്ങള് ദിവാകരൻറെ നാട്ടുകാരാ, ഓൻ തെറ്റെന്തെങ്കിലും ചെയ്തിക്കിണ്ടെങ്കിൽ അത് തെളിയുന്നതിന് മുമ്പ് ഇങ്ങനെ തല്ലാണ്ടായിരുന്നു" എന്ന് പറഞ്ഞ മീത്തലെ ചന്ദ്രനോട് കുഞ്ഞൻ എസ് ഐ പറഞ്ഞത് 

"ജോലിയാണെന്നും പറഞ്ഞ് ആഴ്ചയിൽ മൂന്ന് ദിവസം കണ്ണൂരേക്ക് പോവുകയും, അവിടുന്ന് തിരിച്ച് വരുമ്പോ മാഹീന്ന് കുറഞ്ഞ പൈസയ്ക്ക് വാങ്ങുന്ന മദ്യം അളവിൽ കൂടുതൽ ഇങ്ങോട്ട് കടത്തുകയും പ്രായപൂർത്തിയാകാത്ത സ്‌കൂൾ കുട്ടികൾക്ക്  മറിച്ച് വിൽക്കുകയും ചെയ്യുന്ന ഈ മഹാനെ  പിന്നെ ഞങ്ങൾ ഉമ്മ കൊടുത്ത് ഇവിടെ സൽക്കരിച്ചിരുത്താം"  എന്നായിരുന്നത്രെ!


Saturday, July 10, 2021

പറ്റ്(ച്ച) ബുക്ക്

ഇതിപ്പോ ഒരു സ്ഥിരം ഏർപ്പാടായിട്ടുണ്ട്.

കണ്ണിൽ ചോരയായില്ലാത്ത ഒരു ചായക്കടക്കാരനായി പരിണമിച്ചു കൊണ്ടിരിക്കുകയാണോ നമ്മുടെ കുമാരേട്ടൻ എന്ന് നാട്ടുകാർക്ക് ഇതിനോടാകം തോന്നിത്തുടങ്ങിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല. രാവിലേയും ഉച്ചയ്ക്കും വൈകിട്ടും എന്ന് വേണ്ട, ചായക്കടയിൽ കയറുന്ന സ്ഥിരം  കസ്റ്റമേഴ്‌സിനെ വെറുപ്പിക്കുന്ന ഈ  പരിപാടി തുടങ്ങിയിട്ട് കുറച്ചുനാളായി.

നടയ്ക്കലെ ഗോവിന്ദനാശാരിയായിരുന്നു കുമാരേട്ടൻറെ ആദ്യ ഇര. ഭോജനാസക്തി തലയ്ക്ക് പിടിച്ച് പ്രാതലിനും ഊണിനുമിടയിൽ കിട്ടിയ ഒരു ചെറിയ ഗ്യാപ്പിൽ ആശാരി ചായക്കടയിൽ കയറുകയും ലൈറ്റായിട്ട് ഒരു പൊടിച്ചായയും, ഒരു നാല് അരിപ്പത്തിരിയും കൂടെ കൂട്ടാനായി ഗ്രീൻ പീസ് കറിയും ഓർഡർ ചെയ്യുകയും  ചില്ല് പെട്ടിയുടെ സൈഡിലിരുന്ന മാതൃഭൂമി പേപ്പറെടുത്ത് പടിഞ്ഞാറ് വശത്തെ ബെഞ്ചിൽ പോയി ഇരുന്ന്  സ്ഥിരം ചെയ്യാറുള്ളത് പോലെ നേരെ എട്ടാമത്തെ പേജിൽ നിന്ന് തന്നെ വായന തുടങ്ങുകയും ചെയ്തു. നിമിഷങ്ങൾക്കകം പൊടിച്ചായ വന്നു , രണ്ട് സിപ്പെടുത്തപ്പോഴേക്കും അരിപ്പത്തിരിയും ഗ്രീൻ പീസ് കറിയും വന്നു.  പത്രത്തോടൊപ്പം ചായ ഗ്ലാസ്സും മേശപ്പുറത്തുവെച്ച്  അരിപ്പത്തിരിക്ക് മുകളിലൂടെ കറിയൊഴിച്ച് ഉളിപ്പിടിച്ച് തഴമ്പിച്ച മുരിങ്ങാക്കഷ്ണം പോലുള്ള വിരലുകൾ കൊണ്ട് പത്തിരി ഞെവിടി  കറിയും കൂട്ടി കുഴച്ച് ആദ്യത്തെ ബാച്ച് അണ്ണാക്കിലേക്ക് ട്രാൻഫർ ചെയ്യുന്നതിന് തൊട്ട് മുൻപ്  നാല് ദിക്കും കിടുങ്ങുമാറാകും വിധം ഒരശരീരി കേട്ടു നമ്മുടെ ഗോവിന്ദനാശാരി "ഗോവിന്ദാ, പറ്റ് നാപ്പതുറുപ്പ്യ കഴിഞ്ഞിക്കിണ്ടെ, മറക്കണ്ട…"

പണ്ടാരോ പറഞ്ഞത് പോലെ ആ ഫ്ലോ അങ്ങട് പോയി. 

"ബാക്കി പറ്റിൻറെ കണക്ക് ഒന്നുകിൽ കഴിക്കുന്നതിൻറെ മുൻപോ അല്ലെങ്കിൽ പിൻപോ പറഞ്ഞൂടായിരുന്നോ ഈ കൊശവൻ കുമാരന്? കഴിക്കുന്നതിൻറെ ഇടയിൽ തന്നെ പറ്റി(ച്ചതി)ൻറെ കണക്ക് പറഞ്ഞ് വെറുപ്പിക്കണമായിരുന്നോ?" എന്ന് ആത്മഗതം ചെയ്യുകയും ഉള്ളിൽ നിന്നും പുറത്തേക്ക് ചാടിയ ആ വിഷമവും ഗ്രീൻ പീസ് കറിയും കൂട്ടിച്ചേർത്ത് അരിപ്പത്തിരിയോടൊപ്പം   വെട്ടിവിഴുങ്ങുകയും തരക്കേടില്ലാത്ത ഒരസംതൃപ്തി മുഖത്ത് ഫിറ്റ് ചെയ്യുകയും മുഖത്ത് ഫിറ്റ് ചെയ്ത ആ അസംതൃപ്തി കുമാരൻ ശെരിക്കും നോട്ടീസ് ചെയ്യാൻ വേണ്ടി കൈ കഴുകുമ്പോൾ ഒരു മാതിരി ഒറാങ് ഊട്ടാനേ പോലെ വികൃത ശബ്ദമുണ്ടാക്കി കാർക്കിച്ച് തുപ്പുകയും ചെയ്തു. ഗോവിന്ദനാശാരിയുടെ കാർക്കിച്ച് തുപ്പലിന്റെ പരിണാമഫലമായി ചായയിലും കടിയിലും കോൺസൺട്രേറ്റ് ചെയ്തുകൊണ്ടിരുന്ന സകല കസ്റ്റമേഴ്സിൻ്റെയും ആ ഫ്ലോ എങ്ങോ  പോയി.

ക്യാഷിലിരുന്നിരുന്ന കുമാരനേയും  സപ്പ്ളൈ  ചെയ്തുകൊണ്ടിരുന്ന സതീശനെയും മാറി മാറി നോക്കിക്കൊണ്ട് "ഇതും കൂടി പറ്റിലെഴുതിക്കോ" എന്നും പറഞ്ഞുകൊണ്ട് ഗോവിന്ദനാശാരി ആയഞ്ചേരി ലക്ഷ്യമാക്കി നടന്നകന്നു. ആക്ച്വലി പറ്റ് കണക്ക് പറഞ്ഞതിനല്ല ഗോവിന്ദനാശാരി ചൊടിച്ചത് മറിച്ച് മറ്റുള്ളവർ കേൾക്കെപ്പറഞ്ഞു എന്നതിനാലാണ്.

എനിവേയ്സ്, കുമാരേട്ടൻ ഇത്  ഒരു സ്ഥിരം പരിപാടിയാക്കി മാറ്റി. "വെടിവഴിപാടാകുമ്പോ സാധാരണ വിളിച്ചു പറയാറാ പതിവ്" എന്ന് പറഞ്ഞകണക്ക് കാണുമ്പോ കാണുമ്പോ പറ്റ് ബാലൻസ് ഉച്ചത്തിൽ വിളിച്ചു പറയുന്നത് കുമാരേട്ടൻറെ ചായക്കടയിലെ ഒരു കീഴ്വഴക്കമായി  മാറുകയായിരുന്നു. മറ്റുള്ളവർ കേൾക്കെ ഉച്ചത്തിൽ വിളിച്ചു പറയുന്ന  ഈ കീഴ്വഴക്കം പക്ഷെ ഇന്നാട്ടിലെ ജനങ്ങളെ കുറച്ചൊന്നുമല്ല വലച്ചത്.  പ്രത്യേകിച്ച് മാസക്കൂലിക്ക് ജോലി ചെയ്യുന്ന ഒരു വലിയ ജനവിഭാഗം കുമാരേട്ടൻറെ ചായക്കടയിലെ സ്ഥിരം പറ്റ് കസ്റ്റമേഴ്‌സായിരുന്നു.  ഇതിനോടകം തന്നെ പലർക്കും തോർത്ത് മുണ്ട് തലയിലൂടിടാതെ ചായക്കടയ്ക്ക് മുന്നിലൂടെയുള്ള വിഹാരം അസാധ്യമാവുകയും ആരുമില്ലാത്ത നേരം നോക്കി ചായകുടിക്കാൻ വരേണ്ടി വരും  എന്ന ഗതികേടിലായി മാറുകയായിരുന്നു . 

'വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല', 'കണ്ടകശനി കൊണ്ടേ പോകൂ', 'ഇടിവെട്ടേറ്റവൻറെ തല മൊട്ടയടിച്ചപ്പോ കല്ല് മഴ പെയ്തു', 'പാപി ചെല്ലുന്നിടം പാതാളം', എന്നിങ്ങനെ പല പല പഴം ചൊല്ലുകളിൽ ഏതുവേണമെങ്കിലും എടുത്തോളിൻ, കാരണം ഇവയെല്ലാം ഇവിടുന്നങ്ങോട്ടുള്ള കുമാരേട്ടൻറെ ലൈഫിൽ അപ്ലിക്കബിളായിരിക്കും.

ഒരു ഫൈൻ മണ്ടേ മോർണിംഗ്, സൂര്യേട്ടനൊക്കെ ഉണർന്ന് പല്ലുതേക്കുന്നതിന് മുൻപ് ഏകദേശം ഒരു നാല് നാലര മണിക്ക് ദോശമാവുൾപ്പടെ കച്ചവടത്തിനുള്ള റോ മെറ്റീരിയൽസുമായി വന്ന് ചായക്കട തുറന്ന കുമാരേട്ടൻറെ അലർച്ചയോട് കൂടിയ ദീനരോദനം കേട്ടാണ് ഇന്നാട്ടുകാർ ഉറക്കമുണർന്നത് അല്ലാതെ സ്ഥിരം ഉണരാറുള്ളത് പോലെ തെക്കേതിലെ തങ്കമ്മ വളർത്തുന്ന പൂവന്മാരുടെ കൂവൽ കേട്ടിട്ടോ അമ്പലംവിഴുങ്ങി അഥവാ   മനയ്ക്കലെ മുരുകാനന്ദൻ അഞ്ചരയ്ക്ക് വെക്കാറുള്ള 'കൗസല്യാ സുപ്രതാ' കേട്ടിട്ടോ അല്ല.

കുമാരേട്ടൻറെ ദീനരോദനത്തിന് പിന്നിലുള്ള ആ സാഡ് വാർത്ത കാട്ടുതീ പോലെ പടർന്നു. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു ( മൂക്കത്ത് മാത്രമല്ല, പാലോടത്തും വെച്ചു). ചിലർ കുമാരേട്ടൻറെ അവസ്ഥയോർത്ത് സങ്കടപ്പെട്ടു. മറ്റുചിലർ ആനന്ദനൃത്തമാടി.              

കുമാരേട്ടൻറെ ലൈഫ് ലോങ്ങ് അസറ്റായ ആ പറ്റ് ബുക്ക് ഏതോ കണ്ണിൽ ചോരയില്ലാത്ത റോബർട്ട് അഥവാ കള്ളൻ രാത്രിയ്ക്ക് രായ്മാനം  അടിച്ചുമാറ്റിയിരിക്കുന്നു എന്നതായിരുന്നു ആ വൻ വാർത്ത. ഐറണി എന്താണെന്ന് വെച്ചാൽ ചായക്കട കുത്തിത്തുറന്നവൻ പറ്റ് ബുക്ക് മാത്രമേ എടുത്തുള്ളൂ. മേശവലിപ്പിലിരുന്ന ചില്ലറയും, പുരാവസ്തു കണക്കെ ചില്ല് പെട്ടിയിലിരുന്ന ഉള്ളിവടയും ബോണ്ടയും രതീഷും, അടുക്കളയിൽ പുളിപ്പിക്കാൻ വെച്ച വെള്ളേപ്പത്തിൻറെ മാവുമൊക്കെ ഒരു കോട്ടവും തട്ടാതെ സുരക്ഷിതമായി വെച്ചോടത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

പറ്റ് ബാലൻസ് എത്രയാണെന്ന് അറിയാവുന്ന ചിലർ കുമാരേട്ടൻറെ അവസ്ഥകണ്ട് പെട്ടന്ന് തന്നെ അക്കൗണ്ട് ക്ലോസ് ചെയ്തു. മറ്റു ചിലർ ഒരു ഏകദേശ കണക്ക് വെച്ച് സുമാറൊരു സംഖ്യ കുമാരേട്ടന് ഡൊണേറ്റ് ചെയ്തു. ബട്ട് ഭൂരിപക്ഷം വരുന്ന പറ്റ് കസ്റ്റമേഴ്‌സും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിൽ ചില്ലിക്കാശ് കൊടുക്കാതെ വീണ്ടും പറ്റി(ച്ച്‌)ക്കൊണ്ടേയിരുന്നു.

കാലങ്ങൾ കടന്ന് പോയി. കഠിനശ്രമവും പ്രയത്നവും നിത്യവും അഭ്യസിച്ച് കുമാരേട്ടൻ തൻറെ കിട്ടാകടത്തിൽ നിന്നും കരകയറി എന്ന് മാത്രമല്ല, അദ്ദേഹം ചായക്കടയോടൊപ്പം അഭിവൃദ്ധിയിലേക്ക്  നയിക്കപ്പെടുകയും ചെയ്തു. പറ്റ് ബുക്ക് മോഷണം ചെയ്യപ്പെട്ട സംഭവം ഒരു ഓർക്കാൻ ഇഷ്ടമില്ലാത്ത ഒരനുഭവമായി മനസ്സിലിപ്പോഴുമുണ്ടെകിലും കുമാരേട്ടനെ ഏറ്റവുവുമധികം വേദനിപ്പിച്ച വിഷയം മറ്റൊന്നായിരുന്നു 

സംശയത്തിൻറെ നിഴലിൽ മോഷണം ചെയ്തവരുടെ ലിസ്റ്റിലുണ്ടായിരുന്നവരുൾപ്പടെ ചില സാഡിസ്റ്റുകൾ ചായക്കടയിൽ വന്നു പോകുമ്പോഴൊക്കെ കുമാരേട്ടനോട് പറയാറുള്ള സ്ഥിരം ഡയലോഗായിരുന്നു ആ വേദനയയ്ക് പിന്നിലുള്ള കാരണം  

"എന്താണ് കുമാരേട്ടാ ഇത്? മ്മക്ക് പറ്റ് ബാലൻസ് ക്‌ളോസ് ചെയ്യണ്ടേ? . അതെത്രയാന്ന് പറഞ്ഞാൽ ഇപ്പൊ തന്നെ റൊക്കം കാശ് തരാം. ഇങ്ങനേമുണ്ടോ  കിട്ടാനുള്ള പൈസയോട് ബഹുമാനമില്ലാത്ത പഹയന്മാര്?" 


Wednesday, December 23, 2020

സൂപ്പി

അങ്ങനെ ഒരു വേനലവധി കഴിഞ്ഞ് പതിവ് പോലെ ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറന്നു. പുത്തൻ ബാഗും കുടയും യൂണിഫോമും ഷൂസുമൊക്കെയായി ഞങ്ങൾ ആവേശത്തോടെ വീണ്ടും ആ സ്കൂൾ ഗ്രൗണ്ടിൽ കാലുകുത്തി. അച്ഛൻ ഗൾഫിൽ നിന്നും പീപ്പിയുള്ള കുട കൊടുത്തയച്ചതിനാൽ വിപിൻ വേണു കുറച്ച് എക്സ്ട്രാ ആവേശം കയ്യിൽ കരുതിയിരുന്നു, ഹവ്വെവർ അതിനേക്കാൾ ആവേശഭരിതനായിട്ടായിരുന്നു ജിജേഷ് പി പി വന്നെത്തിയത്. കാരണം വേനലവധി പുള്ളി ചിലവഴിച്ചത് സ്വന്തം ബ്രദേഴ്സിനൊപ്പം അങ്ങ് ദുഫായിലായിരുന്നു. ബട്ട് ദുഫായ് കഥകൾ ഖാണ്ഡം ഖാണ്ഡമായി ചുരുളഴിക്കാൻ മുട്ടിനിന്നിരുന്ന ജിജേഷിന് ഒരവസരത്തിനായി ലഞ്ചവർ വരെ കാത്തുനിൽക്കേണ്ടിവരികയും ആ യജ്ഞത്തിൽ അവൻ്റെ മുന്നിൽ വളരെ യാദൃശ്ചികമായി പെട്ടുപോയ ഇരകളാവുകയുമായിരുന്നു ആന്ന് വിപിൻ വേണുവും ഞാനും.

പുതിയ ചട്ടമ്പികളെ പരിചയപ്പെടലും പഴയ ചട്ടമ്പികളോടൊപ്പം പരിചയം പുതുക്കലുമായി കേശവൻ വളരെ ബിസിയായിരുന്നു.  കമറുദ്ദീനും ദീപുവും അഭിജിത്തും അനസും സംതിങ് ഗൂഡാലോചനയിൽ മുഴുകിയിരിക്കുകയായിരുന്നു. ഇങ്ങൊരു മൂലയിൽ ഒന്നനങ്ങാൻ പോലും പറ്റാതെ ജോൺ ഹോനായിയുടെ പിടിയിലകപ്പെട്ട മഹാദേവനേയും അപ്പുക്കുട്ടനേയും പോലെ വിപിനും ഞാനും ജിജേഷിന്റെ കഥകളാൽ ബന്ധനസ്ഥനായിരിക്കേണ്ടി വന്നു എന്നതാണ് പരമമായ സത്യം..

കഥകൾ പലത് കഴിഞ്ഞു. ബെല്ലടിച്ചു. സുധർമ്മട്ടീച്ചർ വന്നു, ഹിന്ദി ക്ലാസ് കഴിഞ്ഞു. വീണ്ടും ബെല്ലടിച്ചു. ബോസ് സാറ്  വന്നു, മോറൽ സയൻസ് ക്‌ളാസ് കഴിഞ്ഞു. വീണ്ടും ബെല്ലടിച്ചു. അതിനിടയിൽ ജിജുവിന്റെ ഒരു മൂന്നാല് ഗൾഫ് കഥകളും കൂടി കഴിഞ്ഞു. വിനോദ് സാറ് വന്നു, കണക്ക് ക്‌ളാസ് നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ഗ്യാപ്പ് കിട്ടിയപ്പോ ജിജു വിപിനിനോട് 

"എടാ വിപിനേ, ഇഞ്ഞി എപ്പെങ്കിലും സൂപ്പി കഴിച്ചിക്കോ?"

"സൂപ്പിയോ? അതെന്ത്ന്നാ സാധനം?"

"എടാ, അതൊരു കുടിക്കുന്ന സാധനാ. രസം പോലത്തെ ഒരു സാധനാ. പക്ഷേ ഗ്ലാസിൽ കുടിക്കാൻ പറ്റൂല. സ്പൂണോണ്ട് കോരി കുടിക്കണം. ഭയങ്കര ടേസ്റ്റാ. ഗൾഫില് ഈ ചൈനീസ് ഹോട്ടലിലൊക്കെ കിട്ടും. മ്മള് വെയ്റ്ററോട് സൂപ്പി വേണംന്ന് പറഞ്ഞാ ഓര് ചോയിക്കും ചിക്കൻ വേണോ, മട്ടൻ വേണോ, വെജ്ജ് വേണോന്ന്. ഞാൻ ചിക്കാനാ പറഞ്ഞെ. അപ്പൊ മ്മക്ക് ഓരൊരു പിഞ്ഞാണത്തില് സൂപ്പി കൊണ്ടോന്നു തരും. അത് സ്പൂണോണ്ട് കോരി കുടിച്ച് കയ്യുംബ്ലേക്കും വയറ് നെറയും. സൂപ്പിയിണ്ടെ പിന്നെ പൊറോട്ടയും ചിക്കനോന്നും വേണ്ട മോനേ."

പിന്നങ്ങോട്ട് സൂപ്പിയുടെ ടേസ്‌റ്റും ഗുണഗണങ്ങളും കഥകളുമൊക്കെയായിരുന്നു. മൊത്തം ഒരു സൂപ്പിമയം. ജിജുവിന്റെ ബിൽഡപ്പിൽ സൂപ്പിയോട് ആകൃഷ്ടനായ വിപിൻ ഇത് നമ്മുടെ വടകരയിൽ എവിടെ കിട്ടുമെന്നായി.

"ഞാൻ സൂപ്പി കഴിച്ച സ്ഥലം ഒരു ചെറിയ ഹോട്ടലാ. ആടെ ഐസ്ക്രീമൊക്കെ കിട്ടും. ചിലപ്പോ ഐസ്ക്രീം പാർലറിലുണ്ടാവും. വല്ല്യ ഹോട്ടലിലൊക്കെ കിട്ടാൻ സാധ്യത കൊറവാ. ബ്ലൂ ഡയമണ്ടിലൊന്നും കിട്ടുംന്ന് തോന്നുന്നില്ല."

പക്ഷേ നിങ്ങളാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. വിപിനിൻറെ സൈഡിൽ ഇക്കഥകളൊക്കെ കേട്ട് സൂപ്പിയോട് ആരാധന മൂത്ത് വായിൽ ഒരു കപ്പലോടിക്കാനുള്ള വെള്ളവുമായി എങ്ങനെയെങ്കിലും സൂപ്പിയൊന്നു ട്രൈ ചെയ്യണം എന്ന് ശപഥം ചെയ്ത് ഒരു വികാരജീവിയിരിക്കുന്നുണ്ടായിരുന്നു. അത് മറ്റാരുമല്ല സൂർത്തുക്കളെ ഈ പാവം ഞ്യാനായിരുന്നു … ഞ്യാൻ. 

ആൻഡ് ദാറ്റ് ഈസ് ഹൌ ഇറ്റ് സ്റ്റാർട്ടഡ്  - ഓപ്പറേഷൻ സൂപ്പി 

ഓപ്പറേഷൻ സൂപ്പിയെന്ന എൻ്റെ ആ യജ്‌ഞം പൂവണിയാൻ പല ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. പക്ഷേ റൈറ്റ് തിങ്ങ്സ് ഹാപ്പൻ ഓൺ ദി റൈറ്റ് ഡേ അറ്റ് ദി റൈറ്റ് ടൈം എന്നാണല്ലോ ഭഗവാൻ കൃഷ്ണൻ പണ്ട് അർജ്ജുനനോട് ഗീതോപദേശത്തോലോ സാരോപദേശത്തിലോ മറ്റോ…. ങ്ഹാ വാട്ടെവർ, ഏതോരുപദേശത്തിൽ പറഞ്ഞത്. ഒരത്യാവിശ്യ ഘട്ടത്തിൽ എനിക്ക് എന്റെ ഇളയമ്മയോടൊപ്പം വടകര ടൗൺ വരെ പോകേണ്ടി വന്നു. ഐസ്ക്രീം എന്ന എൻ്റെ ആവശ്യം എളേമ്മയ്ക്ക് ഒരാനാവിശ്യമായി തോന്നാത്തത് കൊണ്ട്  ഓപ്പറേഷൻ സൂപ്പി  അന്ന്  പ്രാവർത്തികമാക്കാൻ ഞാൻ തീരുമാനിച്ചു.

ടൗണിൽ നിന്നും തിരിക്കുന്നതിന് മുന്നോടിയായി ഞങ്ങൾ വടകര നാഷണൽ ഹോട്ടലിന് പുറകുവശത്ത് അന്ന് സ്ഥിതി ചെയ്തിരുന്ന എയ്ഞ്ചൽ അക്വേറിയം ആൻഡ്  ഐസ്ക്രീം പാർലറിൽ കയറി. പക്ഷേ സൂപ്പി ഓഡർ ചെയ്യാൻ എനിക്കൊരു മടി, ഒരു ചെറിയ ഭയം, ഐ മീൻ ഈ സഭാ കമ്പം പോലൊരു സാധനം എന്നെ അതിൽ നിന്നും വീണ്ടും വീണ്ടും  പിന്തിരിപ്പിച്ചുകൊണ്ടേയിരുന്നു. 

ഹവ്വെവർ ബില്ല് കൊടുക്കാൻ നേരം ഞാൻ സകല ധൈര്യവും സംഭരിച്ച് കാഷിലിരുന്ന സുമുഖനായ ചേട്ടനോട് ചോദിച്ചു

"സൂപ്പിയുണ്ടോ ചേട്ടാ"

ഒരു ചെറു പുഞ്ചിരിയും ആശ്ചര്യവും മുഖത്ത് ഫിറ്റ്  ചെയ്ത്  പുള്ളി എന്നോട് "ഉണ്ടല്ലോ… "  എന്നിട്ട് അകത്തേക്ക് നോക്കി "സൂപ്പീ, എടാ സൂപ്പീ …." ഒരു രണ്ട് സെക്കൻഡ് കഴിഞ്ഞ് വീണ്ടും എന്നെ നോക്കിയിട്ട് "ഇപ്പൊ ഇവിടെ ഇണ്ടായിരുന്നു. സിഗരറ്റ് വലിക്കാൻ പുറത്ത് പോയതായിരിക്കും. സൂപ്പിയെ അറിയ്യോ?"

വീണ്ടും സകലതും ചോർന്ന് പോയ ഞാൻ "അതല്ല ചേട്ടാ, ഈ കുടിക്കുന്ന സൂപ്പി കിട്ട്വോ ഇവിടെ?"

"സൂപ്പാണോ ഉദ്ദേശിച്ചത്? അതിവിടെയില്ല. ചിലപ്പോ ബ്ലൂ ഡയമണ്ടിൽ കിട്ടുമായിരിക്കും" 

അങ്ങനെ ജീവിതത്തിലാദ്യമായി പരിചയമില്ലാത്ത ഒരാളുടെ മുന്നിൽ നാണംകെട്ടു. പരിചയമുള്ളവരുടെ മുൻപിൽ പലതവണ നാണംകെട്ടിട്ടുണ്ടെങ്കിലും ഇതൊരു വല്ലാത്ത വൃത്തികെട്ട ഫീലിങ്ങായിപ്പോയി. ബൈ ദ ബൈ അധികം നാണം കെടാൻ എന്നെ വിട്ടുനൽകാതെ എളേമ്മ എന്നെ ലോകനാർക്കാവിലേക്ക് വലിച്ചിഴച്ച് കൊണ്ടോയി.

മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം തിരക്കേറിയ ജീവിതത്തിനിടയിൽ സൂപ്പ് കുടിക്കാൻ അവസരം കിട്ടുമ്പോഴൊക്കെ മനസ്സിലേക്കോടിയെത്തുന്ന നൊസ്റ്റാൾജിക്ക് എലെമെന്റ്സാണ് ജിജേഷും വിപിനും നാലാം ക്‌ളാസും ഓപ്പറേഷൻ സൂപ്പിയും. പലകുറി പല സുഹൃത്തുക്കളോട് ഈക്കഥ ഓൾറെഡി പറഞ്ഞു കഴിഞ്ഞിരിക്കുന്നു. എനിവേയ്സ്, ഓപ്പറേഷൻ സൂപ്പിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഈ സന്ദർഭത്തിൽ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു.          

 

Friday, July 24, 2020

മലവേടൻ

"എന്നും നന്മകൾ" എന്ന സത്യൻ അന്തിക്കാട് സിനിമയിലെ ഇന്നസെന്റ് അവതരിപ്പിച്ച തോറ്റ എംഎൽഎ എന്ന കഥാപാത്രത്തെപ്പോലെ ഒരു തോറ്റ പഞ്ചായത്ത് മെമ്പറായിരുന്നു എന്റെ അമ്മ, അതും വെറും നാല് വോട്ടിന് തോറ്റ പഞ്ചായത്ത് മെമ്പർ.

ബാലറ്റെണ്ണിയന്ന്  വൈകുന്നേരം തന്നെ വടകരയുടെ വലതുപക്ഷ വീരനായകൻ ചിങ്ങാറമ്പത്ത് രാധാകൃഷ്ണേട്ടനും ബോയ്സും സംഘടിപ്പിച്ച ജാഥ വിത്ത് കിട്ടിയ വോട്ടിന് സിന്ദാബാദ് വിളി ഒരു വൻ വിജയമാക്കാൻ തോറ്റ ഗ്രാമ  പഞ്ചായത്ത് മെമ്പറിന്റെ മകനായ ഞാനും തോറ്റ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പൊന്നറത്ത് ബാലകൃഷ്ണൻ മാഷിന്റെ മകനായ ലാലുവും മനസ്സില്ലാമനസ്സോടെ  അതിൻ്റെ ഭാഗമാകാമെന്നേറ്റു. തോറ്റ പഞ്ചായത്ത് മെമ്പറിന്റെ മകൻ എന്ന നിലയ്ക്ക്  അത്രയെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ മോശമല്ലേ?

മേമുണ്ട പ്രദേശത്തെ സകലലോക വലതുപക്ഷ അനുഭാവികളേയും മജീഷ്  ഞൊടിയിടകൊണ്ട് സംഘടിപ്പിക്കാമെന്നേറ്റു. എല്ലാവരും വൈകിട്ടൊരു ആറുമണിക്ക് മേമുണ്ട മഠം ക്ഷേത്രത്തിനു മുന്നിൽ ഒത്തുകൂടാമെന്നും അവിടുന്ന് ജാഥയായി മേമുണ്ട പള്ളിവരേയും പിന്നവിടുന്ന് വലത്തോട്ട് തിരിഞ്ഞ് കോഴിപ്പീടികയ്‌ക്ക്‌ മുന്നിലൂടെ മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളുവരേയും അവിടുന്ന് എബവ്‌ ടേൺ ചെയ്ത്  വന്ന അതേവഴി തിരിച്ച്  നടന്ന് മേമുണ്ട മഠം ക്ഷേത്രത്തിലെത്തി പിരിയാം എന്ന രാധാകൃഷ്ണേട്ടന്റെ മാസ്റ്റർ പ്ലാൻ പ്രകാരം ഞങ്ങൾ ആവേശഭരിതരായി മുന്നോട്ട് നീങ്ങി.

ഒടുക്കം ഞങ്ങളൊരു പതിനഞ്ചും മൂന്നും പതിനേഴു പേരും കൂടി മേൽപ്പറഞ്ഞ പ്ലാൻ പ്രകാരം മേമുണ്ട മഠം ക്ഷേത്രത്തിനു മുന്നിൽ കൃത്യം ആറ് മണിക്ക് ഒത്തുകൂടുകയും കൂടുതൽ പേർക്ക് വേണ്ടി ഒരരമണിക്കൂറുകൂടി കാത്തുനിൽക്കാമായിരുന്നെങ്കിലും ആരും വരില്ലെന്ന് നല്ല ഉറപ്പുള്ളതുകൊണ്ട് ഞങ്ങൾ ജാഥ ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ ഏതൊരു ജാഥ പോലെയും വളരെ സമാധാനപരമായിട്ടായിരുന്നു ഞങ്ങളുടെ ജാഥയുടേയും തുടക്കം. രാധാകൃഷ്ണേട്ടൻ പ്ലാൻ ചെയ്ത പോലെ ഞങ്ങൾ "ഇങ്ങനെയൊക്കെ ചെയ്യാമോ?" "നമ്മള് നാളേം കാണണ്ടേ?" "കിട്ടിയവോട്ടിന് സിന്ദാബാദ്" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ  ഒന്നിന് പുറകേ ഒന്നായി വിളിച്ചുകൊണ്ട് മേമുണ്ട പള്ളിവരേയും പിന്നവിടുന്ന് വലത്തോട്ട് തിരിഞ്ഞ് കോഴിപ്പീടികയ്‌ക്ക്‌ മുന്നിലൂടെ മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളുവരേയും ചെന്നെത്തി. 

സ്കൂളിന്റവിടന്ന് എബവ്‌ ടേൺ ചെയ്ത് തിരിച്ചുവരുന്ന വഴി കവലയിലെ ചായപ്പീടികയിൽ ചില തഴക്കം ചെന്ന കമ്മ്യുണിസ്റ്റുകാരേയും വളർന്നു വരുന്ന ചില ചീള് സഘാക്കളേയും കണ്ടപ്പോ ആരോഗ്യധ്യഢവാൻമാരായ പതിനാറുപേർ കൂടെയുണ്ടെന്ന ഓവർകോൺഫിഡൻസിൽ രാധാകൃഷ്ണേട്ടൻ ആവേശം കൊള്ളുകയും മുദ്രാവാക്യം ഒന്ന് മാറ്റിപ്പിടിച്ച് പുട്ടിന്  തേങ്ങാപ്പീരയെന്ന പോലെ  "ഞെട്ടിപ്പോയ് ഞെട്ടിപ്പോയ്…. ജോക്കറുമുഖ്യൻ  ഞെട്ടിപ്പോയ്" എന്നും കൂടെ കൂട്ടി വിളിച്ചു. സഖാവ് നായനാർ മുഖ്യമന്ത്രിയായിരിക്കുന്ന കാലമായിരുന്നത്. ഓരോ വിളി കഴിയുമ്പോഴും രാധാകൃഷ്ണേട്ടന്റേയും മറ്റ് പതിനഞ്ച് പേരുടേയും പിച്ച് കൂടുന്നതിനനുസരിച്ച് ജാഥ കഴിഞ്ഞ് കിട്ടുന്ന പഴംപൊരിയുടെ എണ്ണം കുറഞ്ഞുപോകേണ്ടെന്ന് കരുതി ഞാനും എന്റെ പിച്ച് കൂട്ടിക്കൊണ്ടേയിരുന്നു.

ഏകദേശം കോഴിപ്പീടിക കഴിഞ്ഞപ്പോഴേക്കും ഒരു മഴയുടെ ഇരമ്പൽ കേൾക്കുകയും, എന്താ ഇപ്പൊ ഇങ്ങനൊരു മഴ എന്ന് ചിന്തിച്ച് പുറകോട്ടു നോക്കിയ മജീഷ് "അയ്യോ ഓടിക്കോ" എന്നും പറഞ്ഞ് സിനിമേലെടുത്ത എൽദോനെപ്പോലെ ഓടുന്നത് കണ്ടിട്ട് ഞാനും ഒന്ന് തിരിഞ്ഞ് നോക്കിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം എനിക്കും പിടികിട്ടിയത്. കേട്ടത് മഴയുടെ ഇരമ്പലല്ല; മറിച്ച് ഇന്ദുചൂഡനെ സപ്പോർട്ട് ചെയ്യാനെത്തിയ നാട്ടുകാരെപ്പോലെ "അടിച്ച്കൊല്ലെടാ ആ ചെറ്റകളേ" എന്നുംപറഞ്ഞ് ഇരമ്പിക്കൊണ്ട് ഓടിയടുക്കുന്ന ഏകദേശം നൂറ്റമ്പതോളം വരുന്ന ഇടതുപക്ഷ അനുഭാവികളായിരുന്നു.

ജെറാർഡ് ബട്ലർ നായകനായ 300 എന്ന സിനിമയിറങ്ങുന്നതിന് മുൻപായിരുന്നു ഈ സംഭവം അരങ്ങേറിയത്. അല്ലെങ്കിൽ കാണാമായിരുന്നു രാധാകൃഷ്ണേട്ടൻ ആൻഡ്  ബോയ്സിന്റെ യുദ്ധമുറകൾ. ഹൗവ്വെവർ ആ സത്യം എനിക്കറിയാമായിരുന്നത് കൊണ്ട് മെജീഷ്യന്റെ പുറകേ.. സോറി മജീഷിന്റെ പുറകെ ഞാനും ഓടി. ഒരു നാനൂറ് മീറ്റർ ഓടിക്കഴിഞ്ഞു ഒന്ന് ശ്വാസമെടുക്കാനായി ഞങ്ങൾ ഒരു ഇടവഴിയിലേക്ക് തിരിഞ്ഞതും അത്രയും നേരം ഞങ്ങളോടൊപ്പം നിന്ന് തൊണ്ടകീറി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന രാധാകൃഷ്ണേട്ടൻ ഓപ്പോസിറ്റ് സൈഡിൽ നിന്നും തിരിച്ച് ഇങ്ങോട്ട് ഓടി വരുന്നു. ഹൌ, വെൻ, വാട്ട് , വേർ, ഞങ്ങളെക്കാൾ മുൻപ് ഇയാളെങ്ങനെ, എന്നാലും ഇതെപ്പോ എന്നൊക്കെ ചിന്തിക്കുന്നതിന് സമയം തരാതെ നന്ദനത്തിലെ കുമ്പിടിയെ പോലെ ഒരു ചിരി മുഖത്ത് ഫിറ്റ് ചെയ്ത് രാധാകൃഷ്ണേട്ടൻ നോളൻ സിനിമ കണ്ട് കിളിപോയപോലെ നിൽക്കുന്ന ഞങ്ങളോട് ഇങ്ങോട്ടൊരു ചോദ്യം "എല്ലാം കഴിഞ്ഞോ മക്കളേ?"  

ഇത്രയും നൈസായി മുങ്ങിയ മറ്റൊരാളെ ഞങ്ങൾ ജീവിതത്തിലിന്നുവരെ കണ്ടുകാണില്ലെന്ന് ചിന്തിച്ചുകൊണ്ട് ഞങ്ങൾ പതിയെ സംഭവസ്ഥലത്തേക്ക് നീങ്ങി. ആംബുലൻസ് വിളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനു മുൻപ് കണക്കെടുപ്പ് നടത്തണം എന്നതായിരുന്നു പ്രധാന ലക്‌ഷ്യം. അപ്പോഴേക്കും അടിക്കാൻ വന്നവർ കൈയ്യിൽ കിട്ടിയവന്മാരെയൊക്കെ തല്ലി റോഡിന് സൈഡിലൂടൊഴുകുന്ന തോട്ടിൽ തള്ളിയിട്ടിട്ട് വീണ്ടും കട്ടൻ ചായയും പരിപ്പുവടയും കഴിക്കാൻ പോയിക്കഴിഞ്ഞിരുന്നു . ഞങ്ങൾ എത്തിയ ഉടനെ കണക്കെടുപ്പും തുടങ്ങി. ആർക്കും സാരമായ പരിക്കുകൾ ഒന്നും ഇല്ലെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ്  ഞെട്ടിക്കുന്ന ആ സത്യം ഞങ്ങൾ മനസ്സിലാക്കുന്നത് - ലാലുവിനെ കാണാനില്ല.  

രാധാകൃഷ്ണേട്ടന്റെ ഉച്ചത്തിലുള്ള "ലാലൂ..."എന്ന വിളി കേൾക്കേണ്ട താമസം നരസിംഹത്തിൽ ലാലേട്ടൻ വെള്ളത്തിൽ നിന്നും പൊങ്ങി വരുന്ന പോലെ  കോഴിപ്പീടികയുടെ പിറകിലൂടൊഴുകുന്ന തോട്ടിൽനിന്നും അടികൊണ്ട് ചെരിഞ്ഞ തോളുമായി ലാലു വെള്ളത്തിൽ നിന്നും ചാടിയെഴുന്നേറ്റു. ഫോർ ദി സേക്ക് ഓഫ് ഐറണി, തലയിൽ മുഴുവൻ പറ്റിപ്പിടിച്ച കോഴിത്തൂവലുകളും കഴുത്തിന് ചുറ്റും ഉടയാഭരണമെന്ന പോലെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന രണ്ട് മൂന്ന് കോഴികുടലുകളുമായി ലാലു കുറ്റിചെടികളിൽ മുറുകെപ്പിടിച്ച് തോട്ടിൽ നിന്നും റോഡിലേക്ക് മെല്ലെ വലിഞ്ഞുകയറി.  

ഈ സംഭവത്തിന് ശേഷമാണത്രെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ലാലു "മലവേടൻ" എന്നപേരിൽ അറിയപ്പെട്ട് തുടങ്ങിയത്. 

Thursday, January 22, 2015

കുശവൻ

വടകരയിൽ നിന്നും ഒരു പത്തുപതിനഞ്ച് കിലോമീറ്റർ കിഴക്ക് കോട്ടപ്പള്ളി എന്ന ഗ്രാമപ്രദേശത്തിനടുത്തെവിടെയോ ആണ് എന്റെ അച്ഛമ്മയുടെ ചൈല്ഡ്ഹുഡ്ഡ് ദോസ്ത് കമലേട്ത്തിയുടെ വാസം. പ്രായത്തിൽ അച്ഛമ്മയേക്കാൾ വളരെ ഇളയതാണെങ്കിലും അവർ തമ്മിൽ എങ്ങനെ ദോസ്താനയായി എന്നെനിക്ക് മാലൂം നഹി. ഒന്നോ രണ്ടോ വർഷത്തിലൊരിക്കൽ മാത്രം  സംഭവിക്കുന്ന കമലേട്ത്തിയുടെ ലോകനാർക്കാവ് ക്ഷേത്രദർശനത്തിന്റെയും നാടുചുറ്റലിന്റേയും ഭാഗമായി എന്റെ വീട്ടിലൊന്നു കയറും, എല്ലാവരോടും കുശലാന്വേഷണം നടത്തും ലൈറ്റായിട്ട് ഒന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, ഫിർ  സ്കൂട്ടാവും. പിന്നെയിതുപോലൊരു കൂടിക്കാഴ്ച്ച  രണ്ട് വർഷം കഴിഞ്ഞ് പ്രതീക്ഷിച്ചാൽ മതി.

പത്രം വായനയും, ടീവി കാണലുമൊക്കെ  കമലേട്ത്തിയുടെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമല്ലാതിരുന്നതിനാൽ പൊതുവിജ്നാനത്തിന്റെ കാര്യത്തിൽ പുള്ളിക്കാരി സ്വല്പം പിന്നോക്കമായിരുന്നു. തൊന്നൂറ്റിയോന്നിലെ മെയ്‌മാസം ഇരുപത്തിരണ്ടാം തീയതി കാലത്ത് ഇതുപോലൊരു ക്ഷേത്രസന്ദർശനവും കഴിഞ്ഞ്   വീട്ടിൽ കയറിവന്ന കമലേട്ത്തി മുറ്റത്ത് താഴേപ്പുളിക്കൂൽ സന്തോഷേട്ടനുമായി കത്തിയടിച്ചുകൊണ്ടിരുന്ന  എന്റെ അച്ഛനോട് 

"എന്താ പ്രഭാകരാ, ഇനിക്കിന്ന്  പണിക്കൊന്നും പോണ്ടേ?"

" ഇന്ന് പൊതു അവധിയല്ലേ?, അതോണ്ട് പോണ്ട"

"ഉയീ, അതെന്തിനാ ഇന്ന് അവധി കൊടുത്തെ?"

 "രാജീവ് ഗാന്ധിയെ തമിഴ് പുലികൾ ബോംബ് വെച്ച് കൊന്നില്ലേ?"

"രാജീവ് ഗാന്ധിയോ? അതാരാ?"

"നമ്മളെ പ്രധാനമന്ത്രി! നിങ്ങളിതേത് ലോകത്താ ജീവിക്കുന്നേ?"

"അപ്പൊ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിൽ തോറ്റൊ?" 

"ഉണ്ണി ജനിച്ച് രണ്ട് മാസം കഴിഞ്ഞപ്പോ ഇന്ദിരാ ഗാന്ധിയെ വെടിവെച്ച് കൊന്നില്ലേ? അത് കഴിഞ്ഞിട്ടല്ലേ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്?"

അച്ഛൻ പറഞ്ഞത് കേട്ടാൽ തോന്നും ഇന്ദിരാഗാന്ധിയുടെ മരണത്തിനുത്തരവാദി ഞാനാണെന്ന്!

"ഉയ്യെന്റെ മുത്തപ്പാ, നല്ലൊരു പെണ്ണുങ്ങളായിനു ഇന്ദിരാ ഗാന്ധി. ഇതൊന്നും ഞാനറിഞ്ഞിക്കില്ലേ ... ഓറെയും കൊന്ന് ഓറെ മോനെയും കൊന്ന്. അയിന് ഇതിപ്പൊ മനിച്ചന്മാരാ കൊന്നേങ്കില് ഓരത്തൂക്കി കൊല്ലായിനു.    നാല് കാലിള്ള പുലികളെല്ലാം ഇക്കാലത്ത് ബോംബുമായിറ്റ് കൊല്ലാൻ നടന്നാൽ മനിച്ചന്മാരെ കാര്യം എന്താവും ശിവ ശിവാ.."

സഞ്ചിയിൽ സ്റ്റോക്ക്‌ ചെയ്തതിൽ നിന്നും  നല്ലത് നോക്കി   ഒരു ദീർഘനിശ്വാസം ഉമ്മറത്ത് വിതറി കമലേട്ത്തി അടുക്കളവാതിലിനെ ലക്ഷ്യമാക്കി നടന്നു.

*    *    *

രണ്ടായിരത്തിയെട്ടിൽ  ഇതുപോലെ വീട്ടിലെത്തിയ കമലേട്ത്തി അമ്മയ്ക്ക് ഗിഫ്റ്റായി കൊണ്ടുവന്ന സ്വന്തം പറമ്പിലുണ്ടായ രണ്ട് ശീമച്ചക്ക പടിക്കൽ  വെച്ച്   പുട്ടും കടലയും തട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ കിട്ടിയ ഒരു ചെറിയ ഗ്യാപ്പിൽ അടുക്കളയിൽ ചായ ആറ്റിക്കൊണ്ടിരുന്ന എന്റെ അമ്മയോട് എന്നെപ്പറ്റി ചോദിച്ചുവത്രെ!

"ടീച്ചറേ, ഇങ്ങളെ മോൻ ഉണ്ണിയിപ്പൊ ഇബടെയില്ലെ? ഓനെക്കണ്ടിറ്റ് തോനെയായല്ലൊ?"

"അവനിപ്പോ ബാംഗ്ലൂരിലാ.... ഇൻഫോസിസിലാ ജോലി. അതോണ്ട് മാസത്തിലൊരിക്കലേ വരൂ."

കാട്ടുകോഴിക്കെന്ത് സംക്രാന്തി എന്ന് ചോദിച്ചത് പോലെ കമലേട്ത്തിക്കെന്ത് ഇൻഫോസിസ്?

"ഓനാടെയെന്ത്ന്നാ പണി?"

"അവനവിടെ സിസ്റ്റംസ് അനലിസ്റ്റാ... അതായത് കമ്പ്യൂട്ടറിന്റെയൊക്കെ ഒരു മുന്തിയ തരം പണിയാ" ഇതിൽ കൂടുതൽ എക്സ്പ്ളയിൻ   ചെയ്യാനറിയാത്തതുകൊണ്ട് അമ്മയും കൂടുതലൊന്നും പറഞ്ഞില്ല.

കമലേട്ത്തി ചൈനീസ് ഭാഷ കേട്ട കണക്കെ മുഖത്ത് ആശ്ചര്യചിന്ഹം ഫിറ്റ്‌ ചെയ്ത് പുട്ടും കടലയേയും അമ്മയേയും മാറി മാറി നോക്കി. പണ്ട്  നാട്ടിലെവിടെയും ടിവിയില്ലാതിരുന്ന കാലത്ത്  പൊന്നാറത്ത് ബാലകൃഷ്ണൻ മാഷ്‌ പുത്തനൊരു ടിവിയും വീസിയാറും വാങ്ങിച്ചു എന്ന് കേട്ട് ഇതെന്താണ് സാധനം എന്നറിയാൻ വേണ്ടി കാണാൻ പോയ വകയിൽ അവിടെയിരുന്ന് ലാലേട്ടന്റെ 'രാജാവിന്റെ മകൻ' കാണുകയും അതിന്റടുത്താഴ്ച വീണ്ടും 'ഇരുപതാം നൂറ്റാണ്ട്' കണ്ടപ്പൊ  "ഇച്ചെക്കനല്ലേ  കയിഞായിച്ച ബെടിബെച്ചു കൊന്നത് " എന്ന് കരഞ്ഞ് കമന്റ് ചെയ്തയാളാണ് ഇപ്പറഞ്ഞ കമലേട്ത്തി.  

കമലേട്ത്തിയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി ചുറ്റും കണ്ണോടിച്ച  അമ്മയുടെ കണ്ണിൽ പെട്ടത് ഷോകേസിൽ നിരനിരയായി വെച്ച ഇൻഫോസിസിന്റെ പേരു പതിച്ച ടീ പോട്ടുകളും കോഫീ മഗ്ഗുകളുമാണ്. അതിലേക്ക് വിരൽ ചൂണ്ടി അമ്മ കമലേട്ത്തിയോട് പറഞ്ഞു "ആ പാത്രങ്ങളുടെ പേര് കണ്ടില്ലേ, അതാണ്‌ ഉണ്ണി ജോലി ചെയ്യുന്ന കമ്പനി. ഇതൊക്കെ അവനവിടുന്ന് ഗിഫ്റ്റ് കിട്ടിയതാ..."   

എല്ലാം മനസ്സിലായ കണക്കെ ശാന്തതയോടെ കമലേട്ത്തി പ്രാതൽ കഴിച്ച് മെല്ലെ എഴുന്നേറ്റു കൈ കഴുകി. കുറച്ചു നേരം കൂടി കുശലാന്വേഷണമായ നമ: പതിവുപോലെ സ്കൂട്ടായ നമ:

അത്താഴവും കഴിഞ്ഞ് ഇറയത്ത്‌ റസ്റ്റ് ചെയ്യുകയായിരുന്ന ഗോപാലേട്ടനോട്   സഹധർമിണിയായ കമലേട്ത്തി തന്റെ  നാടുകാണൽ വിശേഷങ്ങൾ പങ്കുവെക്കുന്നതിടെ

"ഞാനിന്ന് നമ്മളെ പുളിക്കൂലെ പ്രഭാരൻ നായരെ  പൊരേ കാരീക്കായിനു. ചായയെല്ലം കുടിച്ചപ്പാ ഓറോട് ഞാൻ ഒറെ മോൻ ഉണ്ണീനെപ്പറ്റി   ചൊയിച്ചത്. ഓനെക്കണ്ടിറ്റ് ഇപ്പൊ എത്തിരയായീ?"

" എന്നിറ്റ് ഓനിപ്പൊ ഏടിയാ കമലേ? ഓന് പണിയെല്ലം ശെരിയയിക്കോളീ?" 
  
"ഓനങ്ങ് കർണാടകത്തില് ഏതോ പാത്രങ്ങളെല്ലം ഇണ്ടാക്കുന്ന ഇംഗ്ലീഷ് സായിപ്പിന്റെ കമ്പനീലാ പോലും ജോലി. ആടെയിണ്ടാക്കുന്ന കൊറേ മുന്തിയ തരം ചായപ്പാത്രങ്ങളെല്ലം സമ്മാനായിറ്റ് കൊടുത്തിക്കത്രെ. നല്ല ശമ്പളെല്ലം ഉള്ള കൊശവനാന്നു തോന്ന്ന്ന്."

"ഉയീ, ഓനെ ഇത്രക്കാരം പഠിപ്പിച്ചത്  പാത്രണ്ടാക്കുന്ന കുശവനാവ്വ്വാനാ? ഓരോ കാലക്കേടേ?"   
                       

Wednesday, December 24, 2014

വീക്ക്നസ്സ്

ചൊട്ടയിലെ ശീലം ചുടല വരെ എന്നാണെല്ലോ! ഇപ്പറഞ്ഞ ശീലം നല്ലതല്ലെങ്കിൽ ചൊട്ട മുതൽ ചുടല വരെ പണികിട്ടിക്കൊണ്ടേയിരിക്കും.  ചിലർ  അങ്ങനെയാണ്  -  ജന്മനാ സിദ്ധിച്ച  ചില ശീലങ്ങളോ  വീക്നസ്സോ കാരണം  ചെറുതും വലുതുമായി  പണികൾ ആജീവനാന്തം   കിട്ടിക്കൊണ്ടേയിരിക്കും.

കുഞ്ഞ്യേരിയിലെ  കമ്മൾടെ രണ്ടാമത്തെ സന്തതി വിജയന് ഇതുപോലെ ഒരു വീക്നെസ്സുണ്ട് - പരിചയക്കാരെ വഴിയിൽ കണ്ടാൽ  തടഞ്ഞുനിർത്തി കുശാലാന്വേഷണം നടത്തുക.  ലോകനാർകാവമ്പലത്തിൽ നിന്നും ചല്ലിവയലിൽ  നിന്നും  മേമുണ്ടയിൽ നിന്നുമൊക്കെ വീട്ടിലെത്താനുള്ള റോഡുകൾ   ടാറിടാത്തതിനാലും  അധികം  ട്രാഫിക്കില്ലാത്തതിനാലും  ആ വഴി പോകുന്ന യാത്രക്കാരിൽ  മിക്കവരും പരിച്ചയക്കാരായതിനാലും  വഴിയിൽ  വെച്ച്  ഏതെങ്കിലും വാഹനം വരുന്നത് കണ്ടാൽ  റോഡിലേക്ക്  കയറി  നിന്ന്  ആ  വാഹനം തടഞ്ഞുവെച്ച് അതിലുള്ളവരോട് എന്തെങ്കിലും കുശലാന്വേഷണം നടത്താതെ പുള്ളിക്ക് ഒരു സ്വസ്ഥതയുമില്ലാ! വഴിയാത്രക്കാർക്ക്  ഇതൊരു ബുദ്ധിമുട്ടാണെങ്കിലും ഇതിന്റെ പേരിൽ കമ്മളെ പലചരക്കുപീടികയിൽ നിന്നും സാധനം വാങ്ങുമ്പോൾ എക്സ്പയറി കഴിഞ്ഞതും ചീഞ്ഞ മുട്ടയും  കിട്ടണ്ടല്ലോ എന്ന് കരുതി ആരും മറുത്തൊന്നും പറയാറില്ലെന്നുമാത്രം .

വടകര പഴയ ബസ് സ്റ്റാന്റിനു സമീപം നാഷണൽ ഹോട്ടലിനു പുറകിലുള്ള ഏടുവഴി  അറിയപ്പെടുന്നത്  വടകരയിലെ സലാലാ  എന്നാണ് . ചെറുകച്ചവടക്കാർ നടത്തുന്ന അങ്ങാടിപ്പീടികകളുടെ ഇടയിലൂടെ നീണ്ടുനിവർന്ന്കിടക്കുന്ന പത്തടി വീതിയുള്ള ഈ ചെറിയ കുടുസുവഴിയുടെ ഇരുവശത്തും മൈലുകൾക്കപ്പുറം വരെ മണമെത്തുന്ന നല്ല ജാസ്മിൻ പെർഫ്യൂമടിച്ച് അലക്കിത്തേച്ച മുണ്ടും ഷർട്ടുമിട്ട് കുട്ടപ്പന്മാരായി വരിവരിയായി നിരനിരയായി നില്കുന്ന  തൊഴിൽരഹിതരായ അനേകം മധ്യവയസ്കരെ കാണാം . സത്യത്തിൽ ഇവർ തൊഴിൽരഹിതരല്ല, മറിച്ച്   കേരള സർകാരിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഡ്യൂട്ടീ  ഫ്രീ കുടിൽ വ്യവസായ  പദ്ധതിയുടെ ഭാഗമായി "സഞ്ചരിക്കുന്ന ഡ്യൂട്ടീ  ഫ്രീ ഷോപ്പ്" എന്ന ആശയം കണ്ടെത്തി സ്വയം തൊഴിൽ    ചെയ്തദ്ധ്വാനിക്കുന്ന  വിയർപ്പിന്റെ അസുഖമുള്ള ഒരുപറ്റം ചുള്ളൻ മധ്യവയസ്കരാണ്. നാട്ടിൽ വരുന്ന പ്രവാസികളുടെ കയ്യിൽ നിന്നും ഫോറിൻ സാധനങ്ങളും കറൻസികളുംയും വിലകുറച്ച് വാങ്ങുകയും ആവശ്യക്കാർക്ക്  വിലകൂട്ടി വിൽക്കുകയും ചെയ്യുന്ന അധ്വാനശീലം തീണ്ടുതൊടാത്ത പാവപ്പെട്ട  ഒരു ചെറിയ ജനവിഭാഗം. ഫോറിൻ പെർഫ്യൂമുകൾ, ക്രീമുകൾ, ടോയ്സ്, തുണിത്തരങ്ങൾ, അത്യാധുനിക ഇലക്ട്രോണിക് ഗാഡ്ജറ്റ്സ്  എന്നുവേണ്ട ഗൾഫിൽ നിന്നും കേരളത്തിലേക്ക് എത്തിക്കാൻ പറ്റുന്ന എന്ത് സാധനവും ഇവരുടെ കയ്യിൽ സ്റ്റോക്ക്ക്ക്ഡ് ആണ്. പണ്ട് ഫസ്റ് നൈറ്റിലിടാൻ ഒരു ഫോറിൻ ഷഡ്‌ഡി അന്വേഷിച്ചുപോയ പാക്കയിലെ സുകുമാരനോട്  ഇപ്പൊ കൊണ്ടോരാം എന്ന് പറഞ്ഞ്  തൊട്ടടുത്ത പീടികയിലൂടെ പിന്നാംപാറത്ത് പോയി ഇട്ടോണ്ടിരുന്ന ഷഡ്ജം ഊരിക്കൊടുത്ത ഒരു പഹയന്റെ കഥ വടകര അങ്ങാടിയിൽ പാണൻ പാടി നടന്ന അനേകായിരം കഥകളിൽ വെറും ഒരെണ്ണം മാത്രം. ഇത്രയും ആത്മാർഥതയുള്ള ഒരു മാപ്പിളയെ ഈ ഭൂമിമലയാളത്തിൽ മഷിയിട്ടുനോക്കിയാൽ കാണുമോ? 

എനിവേയ്സ് ഇവരുടെ കൂട്ടത്തിലെ  ഒരു നാടൻ ഷെയ്ക്കായിരുന്നു നമ്മുടെ വിജയേട്ടൻ - ഷെയ്ക്ക് അൽ ബിൻ കുഞ്ഞ്യേരി വിജയൻ കമ്മൾ.

ഒരിക്കൽ കച്ചോടമൊക്കെ കഴിഞ്ഞ്  ചല്ലിവയലിൽ  നിന്നും വീട്ടിലേക്കുള്ള അരി, പരിപ്പ്, പച്ചക്കറികൾ,  മത്സ്യം ഇത്യാദി  സാധനങ്ങളും  വാങ്ങി അമ്പത് പൈസയുടെ മൂന്ന്നാല് പ്ലാസ്റ്റിക് സഞ്ചികളിൽ കുത്തിനിറച്ച് ഇരുകൈകളിലും തൂക്കി ക്ഷീണിതനായി ആടിയാടി  വരുന്ന വഴിക്കാണ് അങ്ങ് ദൂരെ നിന്നും ചിങ്ങാറമ്പത്തെ ഗംഗാധരേട്ടന്റെ ഇളയ പുത്രൻ ഷിജു അവനേക്കാൾ  വലിയൊരു ഹെർകുലിസ് സൈക്കിളിൽ ഏന്തിനിന്ന്  ആഞ്ഞു ചവിട്ടി വരുന്നത് കണ്ടത്. ഷിജുവാണെന്ന്  തിരിച്ചറിഞ്ഞതും വിജയേട്ടൻ  റോഡിലേക്ക് കയറി നിന്നതും ഒരുമിച്ചായിരുന്നു. 

"വിജയേട്ടാ, മാറിക്കോ, സൈക്കിളിന്  ബ്രേക്കില്ലാ ….", ദൂരെ നിന്നും ഷിജു പറ്റാവുന്നത്ര  ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 

"ഇഞ്ഞി അങ്ങനെയെന്നെ പറ്റിക്കെണ്ടടാ. വണ്ടി നിർത്ത്, ഒരു കാര്യം പറയാനിണ്ട്"

ഷിജു സൈക്കിളിനെ  റോഡിന്റെ വലതുവശത്തേക്ക് സ്റ്റീർ ചെയ്തു. അതിനനുസരിച്ച് വിജയേട്ടനും ആ വശത്തേക്ക്  നീങ്ങി. അപ്പൊ ഷിജു ഇടതുഭാഗത്തേക്ക് നീങ്ങി, ഒപ്പം വിജയേട്ടനും. ഒരു മുപ്പതുവാര അകലെയെത്തിയപ്പോ  "വിജയേട്ടാ , ഇങ്ങള് കളിക്കല്ലേ!", എന്ന് പരിഭ്രാന്തിയോടെ പറഞ്ഞുകൊണ്ട്   ഷിജു  സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു.  വിജയേട്ടനും വിട്ടുകൊടുത്തില്ല. മൈക്കൾ ജാക്സണ്‍ മൂണ്‍വോക്ക് ചെയ്യുന്നത് പോലെ വിജയേട്ടനും റോഡിന്റെ കുറുകനെ അങ്ങോട്ടും ഇങ്ങോട്ടും ഷിഫ്റ്റ്‌ ചെയ്ത്കൊണ്ടിരുന്നു   

അവസാനം  ആംഗ്രീ  ബേർഡ്സിലെ പക്ഷി കണക്കെ ഷിജുവും സൈക്കിളും വിജയേട്ടനിൽ പോയി പതിച്ചു. വീട്ടിൽ വന്നൊരതിഥിയെ സൽകരിക്കാൻ ബേക്കറിയിയിലേക്ക് ധൃതിയിൽ പോവുകയായിരുന്ന ഷിജു    വീണോടത്തു നിന്നും ഞൊടിയിടയിൽ സൈക്കിളുമെടുത്ത് പൊടിപാറ്റിച്ചു കൊണ്ട്   അപ്രത്യക്ഷനായി .

ടാറിടാത്ത റോഡിനുനടുവിൽ   ചിതറിക്കിടക്കുന്ന പരിപ്പിന്റേയും കയമയരിയുടേയുമിടയിൽ  പത്ത് മത്തിക്കുഞ്ഞുങ്ങളോടൊപ്പമിരുന്ന് വിജയേട്ടൻ  അങ്ങ് വിദൂരതയിലേക്ക്  മാഞ്ഞുപോകുന്ന ഷിജുവിനേയും  നോക്കി ഒരു നെടുവീർപ്പോടെ ആത്മഗതം ചെയ്തു … "വേണ്ടീരുന്നില്ല!" 


Monday, December 22, 2014

കുറുപ്പാൾടെ കുളം

വടക്കൻ മലബാറിലെ മുൻ തലമുറയിലെ ഈഴവർ "എടോ" എന്ന പദത്തിനു ബദലായി ഉപയോഗിച്ചിരുന്ന പദമാണ്‌ "ഓളി". ഉദാഹരണത്തിന് "എന്താ ഓളീ, ഇഞ്ഞീന്ന് പണിക്ക് പോന്നില്ലേ?", "ആ ചെക്കനേതാ ഓളീ?" എന്നിങ്ങനെ. ഇന്നും ഈ പ്രയോഗം പലരും ഉപയോഗിച്ചുവരുന്നു. നോട്ട് ദിസ്  പോയിന്റ് - അവസാനം കഥ മുഴുവൻ വായിച്ചതിന് ശേഷം മനസ്സിലായില്ല എന്ന് പരാതി പറയരുത്.

മുപ്രത്തെ കുറുപ്പാൾക്ക് ഒരു കിടിലൻ കുളമുണ്ട്. വീടിന്റെ മുൻവശത്ത് അദ്ദേഹത്തിന്റെ കാരണവർ ചെത്തി മിനുക്കിയ നല്ല മുന്തിയ ഇനം ചെങ്കല്ല് കൊണ്ട് ചുറ്റി കെട്ടിപ്പോക്കിയ അത്യാവിശ്യം വിസ്തീർണമുള്ള ഒരു സ്വയമ്പൻ കുളം.  ചളിയും പായലും പൂപ്പലുമൊക്കെ കമ്മിയായയതുകോണ്ട് എപ്പോഴും വെട്ടിത്തിളങ്ങുന്ന വെള്ളമുള്ള അടിപൊളി  കുളം. കാണുന്നവർക്കൊക്കെ ഇറങ്ങിക്കുളിക്കാനൊരു ത്വരയുണ്ടാകുന്ന എ വണ്ടർഫുൾ   കുളം എന്നിങ്ങനെ പോകുന്നു കുറുപ്പാൾടെ കുളത്തിന്റെ വിശേഷണങ്ങൾ. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് കന്നട ഭടന്മാർ നോട്ടമിട്ടു വെച്ചിരുന്നതാണ് ഈ കുളത്തെ. കുളം കട്ടോണ്ട് പോകാൻ അന്നും ഇന്നും റ്റെക്നോളജി ഇല്ലാത്തത്കൊണ്ട് ഇപ്പോഴും കുറുപ്പാൾടെ പിൻഗാമികൾക്ക് കുളിക്കാൻ ഒരു കുളം നിലനിൽകുന്നു.

അയിത്ത സമ്പ്രദായം നിലനിൽക്കുന്ന കാലമല്ലായിരുന്നിട്ടും   തന്റെ കുടുംബാംഗങ്ങൾക്കും  ചുറ്റുവട്ടത്തുള്ള ചില കുറുപ്പന്മാർക്കുമല്ലാതെ മറ്റാർക്കും  ഈ  കുളത്തിൽ നോ എൻട്രി.  ഒന്നാമത് ഈ കുളം പേർസണൽ പ്രോപ്പർട്ടി,  അതിനു പുറമെ  കണ്ടവന്മാരൊക്കെ കുളിച്ച് ഈ കുളം കുളമാക്കണ്ട എന്ന ശക്തമായ ആഗ്രഹവും കാരണം കുറുപ്പാൾ കുളത്തിൽ കുളിക്കാനുള്ള  സ്വാതന്ത്രം ആർക്കും കൊടുത്തില്ല.

കുറുപ്പാൾടെ പറമ്പിൽ കാലാകാലങ്ങളായി കെളയ്ക്കലും  തടമെടുക്കലുമുൾപടെ  കൃഷി സംബന്ധിതമായ എല്ലാ പണികളും ചെയ്തു വരുന്ന വിശ്വസ്ഥനായ കൂലിപ്പണിക്കാരനായിരുന്നു അരിമീത്തലെ  ചാത്തുണ്ണ്യേട്ടൻ. അപ്പറമ്പിൽ പണിയെടുക്കാൻ തുടങ്ങിയ കാലം തൊട്ടേ ചാത്തുണ്ണ്യേട്ടന്റെ മനസ്സിൽ കയറിക്കൂടിയതാണ് കുറുപ്പാൾടെ കുളത്തിൽ ഒന്ന് വിശാലമായി മുങ്ങിക്കുളിക്കണമെന്നുള്ള കലശമായ ആഗ്രഹം. കുളി പോയിട്ട് ആ കുളത്തിലെ വെള്ളം തൊടാൻ പോലും കിട്ടിയില്ല ചാത്തുണ്ണ്യേട്ടന്, കാരണം തരം കിട്ടിയാൽ ചാത്തുണ്ണ്യേട്ടൻ കുളത്തിളിറങ്ങും എന്നറിയാവുന്ന കുറുപ്പാൾ തന്നെ പണി കഴിഞ്ഞ് കൈയും കാലും മുഖവും കഴുകാനുമൊക്കെയുള്ള വെള്ളം , മുന്നേകൂട്ടി കിണറ്റിൽ നിന്നും കോരി ബക്കറ്റിലാക്കി ഉമ്മറത്ത് വെയ്ക്കും.      കഠിനഹൃദയനായ കുറുപ്പാളോട് ഇക്കാര്യം സൂചിപ്പിക്കാനുള്ള മടി കാരണവും ഇനി അഥവാ സൂചിപ്പിച്ചാൽ തന്നെ തന്റെ പണി പോകുമോ എന്ന ഭയം കാരണവും ചാത്തുണ്ണ്യേട്ടൻ തന്റെ ഈ ആഗ്രഹം വർഷങ്ങളോളം മനസ്സിന്റെ നെല്ലിപ്പലകയിൽ ഫ്രേം ചെയ്ത് വെച്ചു.

അക്കാലത്ത് സോഷ്യൽ മീഡിയാ നെറ്റ് വർക്കിങ്ങും വാട്സാപ്പ് സർവീസും ഏറ്റവും   സുലഭമായി ലഭിച്ചിരുന്നത് കേളപ്പേട്ടന്റെ ചായക്കടയിലായിരുന്നത്രെ. പേരെടുത്ത ഒരു ഫിസിക്കൽ ചാറ്റ്റൂം തന്നെയായിരുന്നു ഓലമേഞ്ഞ, ചാണകം മെഴുകിയ  ആ എഴുന്നൂറ് സ്ക്വയർ ഫീറ്റ്‌ കെട്ടിടം. കേളപ്പേട്ടന്റെ ഈ ചായക്കടയും ചല്ലിവയലിലെ കള്ളുഷാപ്പുമായിരുന്നു നമ്മുടെ കഥാനായകാൻ ചാത്തുണ്ണ്യേട്ടനുൾപടെ ഇന്നാട്ടിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിൽ ഒരു വലിയ പങ്ക് ജോലികഴിഞ്ഞുള്ള സായാഹ്നങ്ങളിൽ സോഷ്യലൈസ് ചെയ്യാൻ ചേക്കേറുന്ന മെയിൻ സ്പോട്ടുകൾ. അങ്ങനെയൊരിക്കൽ കസ്റ്റമേർസൊന്നും  ഇല്ലാതിരുന്ന ഒരു കർകിടകമാസദിനത്തിലെ   നല്ല ചന്നം പിന്നം മഴപെയ്യുന്ന ഉച്ചസമയത്ത്  മൂക്കുമുട്ടെ ഉപ്പുമാവും കടലക്കറിയും തട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ചാത്തുണ്ണ്യേട്ടൻ കേളപ്പേട്ടന്റെ മുൻപിൽ ഹനുമാൻ ശ്രീരാമന് നെഞ്ചു പിളർന്ന്  കാണിച്ചത് പോലെ തന്റെ ഹൃദയത്തിൽ ആണിയടിച്ച് വെച്ചിരുന്ന ചിരകാലാഭിലാഷം നെഞ്ച് പിളർത്തി കാണിച്ചുകൊടുത്തു.

"ന്റെ ചാത്തുണ്യേ, ഇത്രേ ഇള്ളു കാര്യം? ഇഞ്ഞി പോലർച്ചെ കുറുപ്പാളെണീക്കുന്നതിനു  മുന്നെ കോളത്തിലിറങ്ങി കുളിച്ചോളീ"

"ഉയീ... ഓറെങ്ങാനും ഒച്ച കേട്ട് ബന്നാലോ?"

"അല്ലോളീ ... അയിന് ഇരുട്ടത്ത് കുറുപ്പാൾക്ക് ആളാരന്ന് തിരിയ്യ്വല്ലെടോ. ആളാരാന്ന് തിരിഞ്ഞാലല്ലെ കൊയപ്പള്ളൂ? ഇനിയിപ്പോ ഓറ് ആരാന്ന് ചോയിച്ചാത്തന്നെ ഇഞ്ഞി 'ഞാനാ കുറുപ്പാളാ..' എന്നങ്ങ് പറഞ്ഞാപ്പോരെ? അങ്ങട്ടേലെയെങ്ങാനും ഏതെങ്കിലും കുറുപ്പാന്ന് ബിചാരിച്ചോളും. ഇതെല്ലം ഞാൻ പറഞ്ഞുതരണോ ചാത്തുണ്ണ്യേ? ഒന്നുല്ലേകിലും ഇഞ്ഞി നാലാം ക്ലാസ്സ് പാസായതല്ലേ?"

ഒരു വാഴയിലയും തലയ്ക്ക് മുകളിൽ പിടിച്ച് ചാറ്റൽ മഴയത്ത് വീട്ടിലേക്ക് പോകും വഴി ചാത്തുണ്ണ്യേട്ടന്റെ മനസ്സിൽ കേളപ്പേട്ടന്റെ വാക്കുകളായിരുന്നു. സംഭവം ഒരു നല്ല ഐഡിയ തന്നെ. നേരം വെളുക്കന്നതിനു മുൻപ് തന്നെ  കുറുപ്പാളുടെ പറമ്പിലെത്തുക, കുറുപ്പാളെഴുന്നേൽക്കുന്നതിനു മുൻപ് കുളത്തിലിറങ്ങി നല്ലോണം ഒന്ന് മുങ്ങിക്കുളിക്കുക, പറ്റിയാലൊരു നാല് വാര അങ്ങോട്ടുമിങ്ങോട്ടും നീന്തുക, കരയ്ക്ക് കയറുക, തോർത്തുക, ആരും കാണാതെ സ്ഥലം വിടുക, കേളപ്പേട്ടന്റെ കടയിൽ പോയി ഉഷാറായി ഒരുകുറ്റി പുട്ടും മുട്ടക്കറിയും തട്ടുക, എട്ടു മണിയാകുമ്പോൾ ആസ് യൂഷ്വൽ കുറുപ്പാൾടെ പറമ്പിൽ പണിക്കു വേണ്ടി ഹാജരാവുക. ഇനിയിപ്പോ കുറുപ്പാളെങ്ങാനും നേരത്തെയെണീറ്റ് കണ്ടെന്നിരിക്കട്ടേ, താൻ കുറുപ്പാണെന്നു പറയുക. വല്ലപ്പോഴും ആ ഏരിയയിലെ ചില നായന്മാരും കുറുപ്പന്മാരും കുളിക്കാൻ വരാറുള്ളതുകൊണ്ട് അവരാരെങ്കിലുമായിരിക്കുമെന്നു കരുതിക്കൊള്ളും. " വാവ്!......വാട്ട് എ  വണ്ടർഫുൾ ഐഡിയ" ചാത്തുണ്ണ്യേട്ടന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.

പ്ലാനിംഗ് ഒക്കെ കഴിഞ്ഞ് പറ്റിയൊരു ദിവസത്തിനായുള്ള ചാത്തുണ്ണ്യേട്ടന്റെ കാത്തിരിപ്പ് കർകടവും കഴിഞ്ഞ് ചിങ്ങത്തിലേക്ക് നീങ്ങി. അങ്ങനേയിരിക്കെ ഓണത്തിനോടടുത്ത്  ഒരു ദിവസം ഹമാരാ കുറുപ്പാൾ കുടുംബസമേതം കൊയിലാണ്ടിയിൽ ഒരു കല്യാണത്തിന് പോയി തിരിച്ചു വരും വഴിയാണ്  ചല്ലിവയലിലെ കള്ള്ഷാപ്പിൽ നിന്നും തലയിൽ തോർത്ത്‌മുണ്ട് ചുറ്റി പമ്മി പമ്മി വരുന്ന ചാത്തുണ്ണ്യേട്ടൻ മുന്നിൽ വന്നുചാടിയത്,

"എന്താ ചാത്തുണ്ണീ തലേല്  തോർത്ത്‌മുണ്ട് ചുറ്റി കള്ളുഷാപ്പിന്റെ ബൈയ്യേപ്പർത്ത്   കൂടെ ഒളിച്ച് നടക്കുന്നത്? ഇതൊക്കെ ബലിച്ചുബാരി മോന്തീറ്റാണോ രാവിലെ പണിക്ക് ബരുന്നത്.?"

"അത് കുറുപ്പാളേ… മ്മളെ കുനീലെ സുഗതന് ഒരു നാലപ്തുറുപ്പ്യ ബായ്പ്പം കൊടുത്തിക്കായിനു. ഓനത് ഞമ്മക്ക് തിരിച്ച് തരാണ്ട് ഇങ്ങനെ മുങ്ങി നടക്ക്വാൻ തൊടങ്ങീറ്റ് രണ്ട് മാസായി. ഓനാടെ ഇണ്ടോന്ന് നോക്ക്വാൻ പോയതാ. ഇങ്ങള് ബിചാരിക്കുംപോലെ  ഞമ്മള് കള്ളൊന്നും കുടിച്ചിക്കില്ലേ..", വയറ്റിൽ നിന്നും പുറത്തേക്കെടുത്തു ചാടിയ നല്ല പുളിച്ച കള്ളിന്റെ മണമുള്ള സ്വയമ്പൻ ഏമ്പക്കം ചുണ്ടുകൾ കോണ്ട് ശക്തമായി വായടച്ചു പിടിച്ച് തുള്ളിപോലും പുറത്തു പോകാതെ അകത്തേക്കു തന്നെ തിരിച്ച് വിഴുങ്ങി ചാത്തുണ്ണ്യേട്ടൻ ഒരു കണക്കിന് പറഞ്ഞൊപ്പിച്ചു.
         
ചാത്തുണ്ണ്യേട്ടനും കുറുപ്പാൾടെ കൂടെ വീടുവരെ കൂടി. കുറുപ്പാൾടെ നാലുകട്ട ബാറ്ററിയിട്ട ടോർച്ചിനോടൊപ്പം  ചാത്തുണ്ണ്യേട്ടന്റെ ഓലച്ചൂട്ടും കൂടിയായപ്പോ കുറുപ്പും കുടുംബവും പെട്ടെന്ന് തന്നെ വീടു പിടിച്ചു.    രാത്രി വളരെ വൈകിയതിനാൽ  കുറുപ്പ് രാവിലെ എഴുന്നേൽക്കാനും വൈകും എന്ന് നിശ്ചയമുള്ളത്കൊണ്ട് പിറ്റേന്ന് കാലത്ത് തന്റെ ആഗ്രഹം സഫലീകരിക്കാൻ ചാത്തുണ്ണ്യേട്ടൻ - അല്ല, ചാത്തുണ്ണ്യേട്ടന്റെ വയറ്റിൽനിന്നും മസിലുപെരുപ്പിച്ചുകൊണ്ടിരുന്ന തെങ്ങിൻ കള്ള് ചാത്തുണ്ണ്യേട്ടനെ കൊണ്ട് തീരുമാനിപ്പിച്ചു .

എനിവേയ്സ് കാലത്തഞ്ചുമണിക്ക് മുന്പ് തന്നെ ചാത്തുണ്ണ്യേട്ടൻ കുളക്കടവിലെത്തി. പ്ലാൻ ചെയ്ത പോലെ  ആരും എഴുന്നേറ്റിട്ടില്ലെന്ന് ഉറപ്പുവരുത്തി. തലേക്കെട്ടിയ തോർത്തും ഉടുത്തിരുന്ന കള്ളിലുങ്കിയും ചോക്കലേറ്റ് കളറുള്ള വെള്ളക്കോണകവും കല്പടവിലഴിച്ചു വെച്ച് വെള്ളത്തിലേക്കെടുത്ത് ചാടി. ഒരു കുളക്കോഴിയെപ്പോലെ പത്ത് മിനിറ്റിനുള്ളിൽ മതിയാവോളം നീന്തിത്തിമിർത്ത് കടവിലേക്ക് കയറി തോർത്തുന്നതിനിടയിൽ  മുറ്റത്തൊരനക്കം കേട്ട് ഏന്തി നോക്കിയപ്പോ ഉമ്മറത്ത് കെട്ടിത്തൂക്കിയ നാല്പത് വാട്ട് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ  കണ്ട കാഴ്ചയിൽ  ചാത്തുണ്ണ്യേട്ടന്റെ ചിപ്പ്സെറ്റ് അടിച്ചുപോയി. ഒരു കുട്ടിത്തോർത്തുമുടുത്ത് നമ്മുടെ കുറുപ്പാൾ ഈർകിൽ കൊണ്ട് നാക്ക് വടിക്കുന്നു. ഒരു നിമിഷം താനാരാണെന്നും എവിടെയാണെന്നും മറന്നു പോയ ചാത്തുണ്ണ്യേട്ടൻ ധൈര്യം സംഭരിച്ച് കോണകവും കൈലിയും ഞൊടിയിടയിൽ ചുറ്റിക്കെട്ടി തോർത്ത്‌ കോണ്ട് തല മൂടി  മെല്ലെ സ്കൂട്ടാവുന്നതിനിടെ ഉമ്മറത്ത് നിന്നും കുറുപ്പാൾടെ വക നീട്ടിയൊരു ചോദ്യം 

"ആരോടോ കുളക്കടവിൽ ?"

"ഞാനാ ഓളീ കുറുപ്പാളാ ...."

പണ്ട് കുറുപ്പാൾടെ സഹധർമിണി സരസ്വതിയമ്മ  നടുവേദന വന്ന് കിടപ്പിലായപ്പൊ പരിചരിക്കാനും ഭക്ഷണം പാകം ചെയ്യാനും  ചാത്തുണ്ണ്യ്യേട്ടന്റെ ഭാര്യ ജാനുവേടത്തി മുൻകൈയ്യെടുത്തു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചാത്തുണ്ണ്യേട്ടന്റെ പണി പോയില്ല!